
അച്ഛന്റെ വാച്ച്
അച്ഛൻ്റെ മരണശേഷം മകൻ വീട്ടിലെ അലമാര തുറന്നു. കുറച്ച് പഴയ പുസ്തകങ്ങൾ, ബാങ്ക് പാസ് ബുക്ക്, ഒരു കണ്ണട, ഒരു പേന, പിന്നെ ഒരു പഴയ വാച്ച്. ഇത്രയും അതിൽ ഭദ്രമായിരുന്നു. അതിൽ ആ വാച്ച് വർഷങ്ങളായി പ്രവർത്തിക്കുന്നില്ലായിരുന്നു.
“ഇത് ഇനി എന്തിനാണ്?” എന്ന് പറഞ്ഞ് ആദ്യം അവൻ അത് കളയാമെന്നു ചിന്തിച്ചു. എന്നിട്ടും ആ വാച്ച് അയാൾ പോക്കറ്റിൽ വെച്ചു.
വഴിമധ്യേ ഒരു പഴയ വാച്ച് റിപ്പയർ കട കണ്ടു. വയസ്സായ ഒരു മനുഷ്യനായിരുന്നു കടയുടമ. മകൻ അച്ഛൻ്റെ വാച്ച് അയാൾക്കു നീട്ടി. അതൊന്നു നന്നാക്കാനാകുമോ എന്ന ചിന്തയോടെ. അയാൾ വാച്ച് കൈയിലെടുത്ത് കുറച്ചുനേരം നിശ്ശബ്ദനായി നോക്കി. പിന്നെ ചോദിച്ചു.
“ഇത് നിങ്ങളുടെ അച്ഛന്റേതാണോ?”
അവൻ അത്ഭുതപ്പെട്ടു.
“എങ്ങനെ മനസ്സിലായി?”
വൃദ്ധൻ ചിരിച്ചു. “വാച്ചുകൾ സംസാരിക്കില്ല… എന്നാൽ അതിൻ്റെ ചില്ലിലെ പോറലുകൾ സംസാരിക്കും.” അല്പം ശ്രമപ്പെട്ട് ആ വാച്ച് തുറന്ന് നോക്കിയ അദ്ദേഹം പറഞ്ഞു,
“ഇത് കേടായതല്ല. വർഷങ്ങളായി ഇത് കീ കൊടുത്തിട്ടില്ല. അല്ലാതെ ഒരു കുഴപ്പവും ഇല്ല വാച്ചിന്.”
ആ വാചകം കേട്ട നിമിഷം മകന്റെ മനസ്സിൽ മറ്റൊരു ചിത്രം തെളിഞ്ഞു.
അച്ഛൻ ജീവനോടെയിരുന്ന അവസാന വർഷങ്ങളിൽ…അവൻ എത്ര പ്രാവശ്യം തിരക്കാണെന്ന് പറഞ്ഞ് ഫോൺ വെച്ചിട്ടുണ്ട്? എത്ര ഞായറാഴ്ചകൾ മാറ്റിവെച്ചിട്ടുണ്ട്? എത്ര ഫോൺ വിളികൾ “പിന്നെ വിളിക്കാം” എന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട്? അവൻ പതുക്കെ വാച്ച് തിരികെ കൈയിലെടുത്തു. അച്ഛനെ ഇനി തിരികെ കൊണ്ടുവരാനാകില്ല.
എന്നാൽ സ്വന്തം മകനെ നഷ്ടപ്പെടാതിരിക്കാൻ അന്നുതന്നെ തീരുമാനിച്ചു. അവൻ വീട്ടിലെത്തി. ആ വൈകുന്നേരം മകൻ ചോദിച്ചു,
“അച്ഛാ… എൻ്റെയൊപ്പം കളിക്കാമോ?”
ഇത്തവണ അയാൾ നാളെയാകട്ടെ എന്നോ സമയമില്ലെന്നോ പറഞ്ഞില്ല…
ശാസ്ത്രം എന്ത് പറയുന്നു?
മനുഷ്യന്റെ തലച്ചോർ ബന്ധങ്ങളെ വെറും ഓർമ്മകളായി മാത്രം സൂക്ഷിക്കുന്നില്ല. സ്നേഹം, കരുതൽ, ഒരുമിച്ച് ചെലവഴിക്കുന്ന സമയം എന്നിവ സുരക്ഷിതത്വവും വിശ്വാസവും രൂപപ്പെടുത്തുന്ന അനുഭവങ്ങളാണ്.
മനഃശാസ്ത്രത്തിലെ Attachment Theory പ്രകാരം, നല്ല ബന്ധങ്ങൾ നമ്മുടെ വികാരനിയന്ത്രണത്തെയും മാനസിക പ്രതിരോധശേഷിയെയും സ്വാധീനിക്കുന്നു. അതേസമയം, ന്യൂറോപ്ലാസ്റ്റിസിറ്റി ഒരു പ്രതീക്ഷയും നൽകുന്നു. ഇന്ന് മുതൽ കൂടുതൽ ശ്രദ്ധയോടെയും സാന്നിധ്യത്തോടെയും ഒരു ബന്ധം പരിപാലിക്കാൻ തുടങ്ങുമ്പോൾ, അതുമായി ബന്ധപ്പെട്ട പുതിയ അനുഭവങ്ങൾ തലച്ചോറിൽ പുത്തൻ ഓർമ്മപ്പാതകൾ സൃഷ്ടിക്കാൻ സഹായിക്കും. ദിവസത്തിൽ ഒരു മണിക്കൂർ നീണ്ട സംഭാഷണത്തേക്കാൾ, ദിവസവും പത്ത് മിനിറ്റ് മുഴുവൻ ശ്രദ്ധയോടെ കൂടെയിരിക്കുക, അത് കൂടുതൽ ആഴത്തിൽ സ്വാധീനം ചെലുത്തും.
ആത്മീയ ചിന്ത
ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം സമയം തന്നെയാണ്. പണം നഷ്ടപ്പെട്ടാൽ വീണ്ടും സമ്പാദിക്കാം. ആരോഗ്യം കുറഞ്ഞാൽ അതു വീണ്ടെടുക്കാൻ ശ്രമിക്കാം. എന്നാൽ, ഒരാളോടൊപ്പം ചെലവഴിക്കാതെ പോയ ഒരു സായാഹ്നം… അതു തിരികെ കിട്ടില്ല. സ്നേഹം പലപ്പോഴും വലിയ വാക്കുകളിലല്ല, സമയം നൽകുന്നതിലാണതു രൂപപ്പെടുന്നത്.
ഇന്നത്തെ പരിശീലനം
ഇന്ന് നിങ്ങൾ ഏറ്റവും സ്നേഹിക്കുന്ന ഒരാൾക്കായി 15 മിനിറ്റ് മാറ്റിവയ്ക്കുക. അതിനായി, മൊബൈൽ മാറ്റിവെക്കുക. ടെലിവിഷൻ ഓഫ് ചെയ്യുക. അരുത്, അയാളെ ഉപദേശിക്കരുത്, കേൾക്കുക മാത്രം ചെയ്യുക.
ആ പതിനഞ്ച് മിനിറ്റ്… ഒരു പക്ഷേ, ഒരു ജീവിതകാല ഓർമ്മയായി മാറിയേക്കാം.
ചിന്തിക്കാൻ
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളുകൾക്ക്… എന്റെ ജീവിതത്തിൽ ശരിക്കും സമയം കിട്ടുന്നുണ്ടോ?
ഇന്നത്തെ വാക്യം
“ഘടികാരങ്ങൾ സമയം കാണിക്കും. എന്നാൽ സമയം കൊടുക്കുന്നത് മനുഷ്യരാണ്.”









