
കണ്ണട
ഒരിടത്ത് എപ്പോഴും എന്തിനെക്കുറിച്ചും പരാതി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു അപ്പുപ്പനുണ്ടായിരുന്നു. ഭക്ഷണം കൊടുത്താൽ രുചിയില്ല, ആരെങ്കിലും വീട്ടിൽ വന്നാൽ അവർ കുഴപ്പക്കാരാണ് എന്നൊക്കെപ്പറയുന്ന അപ്പുപ്പൻ. അങ്ങനേയിരിക്കെ ഒരു ദിവസം അപ്പൂപ്പനെക്കാണാൻ ദൂരെ നിന്നും മകനും കുടുംബവും വന്നു. അപ്പൂപ്പനു കൊടുക്കാൻ പുതിയ ഉടുപ്പും മുണ്ടും ഒക്കെ അവർ വാങ്ങിയിരുന്നു. കൊച്ചുമകൻ അതെടുത്ത് അപ്പൂപ്പൻ്റെ കൈയിൽ കൊടുത്തിട്ട് ഇഷ്ടമായോ എന്നു ചോദിച്ചു.
കുറ്റം കാണാൻ കാത്തിരുന്ന അപ്പുപ്പൻ പറഞ്ഞു, “മുഴുവൻ അഴുക്കുപിടിച്ച മുണ്ടാണോ എനിക്ക് കൊണ്ടുത്തരുന്നത്? എനിക്കു വേണ്ട ഈ പഴയത്.” എന്നിട്ട് അപ്പുപ്പൻ ആ മുണ്ടും ഉടുപ്പും തട്ടി താഴേക്ക് ഇട്ടു.
ഇതു കണ്ട കൊച്ചുമകൻ ഒരു ചിരിയോടെ അപ്പൂപ്പൻ്റെ കണ്ണട കണ്ണിൽ നിന്നും എടുത്തു മാറ്റി വൃത്തിയായി തുടച്ചിട്ട് തിരികെവെച്ചുകൊടുത്തു. എന്നിട്ട് നിലത്തുവീണ മുണ്ടും ഉടുപ്പും വീണ്ടും എടുത്തു കൈയിൽ കൊടുത്തു.
പുത്തൻ മുണ്ട് കണ്ട അപ്പുപ്പന് ലജ്ജ തോന്നി. കൊച്ചുമകൻ ചിരിച്ചു, “അപ്പൂപ്പാ മുണ്ട് ആദ്യം തന്നതു തന്നെ. വൃത്തിയായത് അപ്പൂപ്പൻ്റെ കണ്ണടയാണ്.”
ശാസ്ത്രം എന്ത് പറയുന്നു?
നമ്മുടെ അനുഭവങ്ങളെ വിലയിരുത്തുന്നത് സംഭവങ്ങൾ മാത്രമല്ല. അവയെക്കുറിച്ച് നമ്മുടെ മനസ്സ് സൃഷ്ടിക്കുന്ന അർത്ഥവുമാണ്. മനഃശാസ്ത്രത്തിൽ ഇതിനെ Cognitive Reframing എന്ന് വിളിക്കുന്നു. ഒരു സാഹചര്യം മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ പരിശീലിക്കുമ്പോൾ, അതിനോടുള്ള വികാരപ്രതികരണവും മാറാം.
ആത്മീയ ചിന്ത
ലോകത്തെ മാറ്റാൻ ശ്രമിക്കുന്നതിന് മുമ്പ്… നമുക്കു ചുറ്റുമുള്ളവർ എല്ലാവരും മോശക്കാരും മാറേണ്ടവരും ആണെന്നു ചിന്തിക്കും മുൻപ് നമ്മൾ ലോകത്തെ കാണുന്ന കണ്ണുകൾ ഒന്നു തുടച്ചു വൃത്തിയാക്കേണ്ടതുണ്ടോ? ചിന്തിക്കണേ…
ഇന്നത്തെ പരിശീലനം
ഇന്ന് മനസ്സിനെ വിഷമിപ്പിച്ച ഒരു സംഭവം എഴുതുക. പിന്നെ അതിനെക്കുറിച്ച് മൂന്ന് വ്യത്യസ്ത വിശദീകരണങ്ങൾ എഴുതാൻ ശ്രമിക്കുക. ഒരുപക്ഷേ നമ്മൾ ഇതുവരെ കരുതിയത് മാത്രമായിരിക്കില്ല അതിൻ്റെ സത്യം.
ഇന്നത്തെ വാക്യം
“ചിലപ്പോൾ മാറ്റം ലോകത്തിനല്ല വേണ്ടത്. നമ്മൾ ലോകത്തെ നിർവചിക്കുന്ന രീതിക്കാണ്.”









