വാർദ്ധക്യത്തിലെ മൗനം അപകടമോ?

കഴിഞ്ഞ ദിവസമാണതു കണ്ടത്, വൃദ്ധർ മൗനികളാകുന്നത് അൽഷെമേഴ്സിനെ ക്ഷണിച്ചു വരുത്തുന്ന കാര്യമാണത്രേ!

അതു വായിച്ച് ഞാനല്പം ചിന്തിച്ചു. ഒന്നോർത്താൽ ഞാനും വാർദ്ധക്യത്തിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുന്നു. പലപ്പോഴും ഭാഷണങ്ങൾ ആത്മഭാഷണങ്ങളായി മാറുന്നു. പറയണം എന്നുള്ള പലതും പറയുന്നില്ല. അതിനു കാരണങ്ങൾ പലതാണ്. പറഞ്ഞാൽ ശത്രുതയാവും ഫലം, അപ്പോൾ മിണ്ടാതിരിക്കാമെന്നോ, പറഞ്ഞാലും കാര്യമില്ലെന്ന നിസ്സഹായതയോ, ആരോടു പറയാൻ എന്ന ആത്മനിന്ദയോ കാരണങ്ങളാണ്. എങ്കിലും ആ ലേഖനം പറഞ്ഞ വാക്യം വീണ്ടും മനസ്സിൽ തങ്ങിനിന്നു. മിണ്ടാതിരുന്നാൽ മറവി പിടികൂടുമോ? വെറുതേ ഓർത്തു, നാട്ടിലുള്ള അമ്മമാരെ അച്ഛന്മാരെ. മക്കൾ സമീപത്തില്ലാത്ത, വെറും ഒന്നല്ലെങ്കിൽ രണ്ടുപേർക്കായി കെട്ടി ഉയർത്തിയ മന്ദിരങ്ങളിൽ മാറാല കൂട്ടിയ ചുമരുകളിൽ വാചകങ്ങൾ, അക്ഷരങ്ങൾ കുടുങ്ങിക്കിടപ്പുണ്ട്. മിണ്ടണം, പക്ഷേ ആരോടു മിണ്ടും?

യൗവ്വനത്തിൻ്റെ പളപളപ്പിനിപ്പുറം യാഥാർത്ഥ്യത്തിൻ്റെ മങ്ങിയ നിറം വാർദ്ധക്യത്തിനെ ചുറ്റിമുറുക്കുമ്പോൾ സംസാരിക്കേണ്ടത് വീഡിയോ കോളിലാണ്. എന്തുണ്ട്, വന്നോ, പോയോ, കഴിച്ചോ, മരുന്നു കഴിച്ചോ, ജോലിക്കാരി വന്നോ, വാച്ചർ വന്നോ… ചോദ്യങ്ങൾ അവസാനിക്കുന്നു!

നല്ല ക്ഷീണം ഞാൻ കിടക്കട്ടെ എന്നോ, നേരം വൈകി നാളെ വിളിക്കാമെന്ന സ്ഥിരം മറുപടിയിലോ വിളികൾ ചുരുങ്ങുമ്പോൾ, വാക്കുകൾ അധികപ്പറ്റായി മാറും. ഒരേ ചോദ്യം, ഒരേ ഉത്തരം, ഒരേ ചിന്തകൾ ഇവിടെ വാക്കുകൾക്ക് ഉപയോഗമില്ല, ഓർമകൾക്കും പ്രാധാന്യമില്ല. അപ്പോൾ ക്രമേണ മറവി, ഞണ്ടിൻകാൽ കൊണ്ടെന്നപോലെ ഓർമകളെ അമർത്തിഞെരിക്കും.

കഴിഞ്ഞ ലീവിന് ഒരു സുഹൃത്തിൻ്റെ വീട്ടിൽ ചെന്നു. പുറത്തിറങ്ങിവന്നത് അമ്മയാണ്. കാഴ്ചയിൽ വലിയ ആരോഗ്യപ്രശ്നമൊന്നുമില്ല. സുഹൃത്ത് കുളിക്കുകയാണ്. പത്തു മിനിറ്റ് കാത്തിരിക്കേണ്ടി വരും. അമ്മ മെല്ലെ കഥ പറഞ്ഞുതുടങ്ങി. വീടിൻ്റെ, അവർ വളർന്ന വീടിൻ്റെ, നാടിൻ്റെ കഥകൾ പെയ്യുകയാണ്. കഥയറിയാതെ ആട്ടം കാണുന്നപോലെ എനിക്കറിയാത്ത കൊല്ലയിലെ മോഹനൻ്റെ മകളുടെ കല്യാണവും, നാരായണിച്ചേച്ചിയുടെ ഭർത്താവ് വാസുദേവൻ ചേട്ടൻ്റെ മരണവും ഒക്കെ വിശദമായി അമ്മ എന്നോടു പറഞ്ഞു. തിരിച്ചൊരക്ഷരവും പറയേണ്ടിവന്നില്ല. വെറുതേ മുഖത്തു നോക്കി മൂളിയാൽ മതിയെന്നും അമ്മ പറയുന്നതുകേട്ട് മുഖത്തുനോക്കി ഇരിക്കുക മാത്രമേ വേണ്ടുവെന്നും ഞാൻ മനസ്സിലാക്കി. സുഹൃത്ത് പുറത്തുവന്ന്, ‘അനിലേട്ടാ അമ്മ പറഞ്ഞതൊക്കെ കേട്ട് ബോറടിച്ചോ’ എന്നു ചോദിച്ച്, വാ നമുക്ക് ഒന്നു നടന്നിട്ടു വരാമെന്നു പറഞ്ഞു. ഒട്ടൊരു ആശ്വാസത്തോടെ ഞാൻ എഴുന്നേറ്റപ്പോൾ ആ അമ്മയുടെ മുഖത്തെ പ്രഭ കെട്ടു. പുറത്തേക്കിറങ്ങി നടക്കുമ്പോൾ അവൻ പറഞ്ഞു, ‘ഇതാ പ്രശ്നം അമ്മ നിർത്താതെ സംസാരിക്കും. എത്ര പറഞ്ഞാലും പഴമ്പുരാണം നിർത്തില്ല. അമ്മക്ക് ഓർമക്കുറവുണ്ട്, സോറി അനിലേട്ടാ.’

ഞാൻ, സാരമില്ല വയസ്സായതുകൊണ്ടല്ലേ എന്നുപറഞ്ഞവനെ സമാധാനിപ്പിച്ചു.

ഇതു പിന്നീട് പല തരത്തിൽ പല ഇടത്തു നിന്നു ഞാൻ കേൾക്കാൻ തുടങ്ങി. അപ്പോൾ എന്താവും വാർദ്ധക്യത്തിനു സംഭവിച്ചത്?

എനിക്കു തോന്നുന്നത്, പണ്ട് വയസ്സായാലും പുറത്ത് ഇടപഴകാനും, വീട്ടിനുള്ളിൽപ്പോലും ധാരാളം പേർ ഉണ്ടായിരുന്നു. അണുകുടുംബമായപ്പോൾ ആ സാധ്യത ഇല്ലാതായി. അപ്പോൾ അതിനൊരു മറുസാധ്യത കണ്ടെത്തേണ്ടതുണ്ട്. വാർദ്ധക്യവും അപ്പോഴത്തെ ഏകാന്തതയും ഒരു യാഥാർത്ഥ്യമാണ്. അതിനെ അതിജീവിക്കാൻ ചുറ്റുമുള്ള സാധ്യതകൾ ഉപയോഗിക്കുകയേ വഴിയുള്ളൂ. ഓൾഡ് ഏജ് ഹോമുകൾ ഒരു മോശം കാര്യമല്ല, ഒരുമിച്ച് ഒരേ സാഹചര്യം പേറുന്ന മനുഷ്യർ ഒന്നിച്ചു ജീവിക്കുമ്പോൾ അവർക്കു പരസ്പരം താങ്ങാകാൻ സാധിക്കും. ചെറു യാത്രകൾ ചെയ്ത്, കഥകൾ പറഞ്ഞ് ജീവിതത്തിൻ്റെ നിറം കെടാതെ സൂക്ഷിക്കാം. മക്കൾ വിദേശത്താണെങ്കിൽ അവർ അനുഭവിക്കുന്ന സ്ട്രെസ് മനസ്സിലാക്കി അവരെ അലോസരപ്പെടുത്തുന്നതു കുറയ്ക്കും വിധത്തിൽ ഓൾഡ് ഏജ് ഹോമുകൾ ഉപയോഗപ്പെടുത്താം. പകൽവീടുകൾ, കുട്ടികൾക്കുള്ള ഡേ കെയർ സെൻ്റർ പോലെ വളരെ അത്യാവശ്യമുള്ളതാണ്. ഒന്നും പറയാനില്ല എന്നു പറയുന്നത് ഒരു പ്രതിഷേധമാണെന്നറിയുക. ഓൾഡ് ഏജ് ഹോമുകളും പകൽവീടുകളും ഉള്ള നാട് മികച്ച സാമൂഹികാന്തരീക്ഷത്തിലാണ് രൂപം കൊള്ളാറ്. ഏകാന്തത അനുഭവിക്കുന്ന ചുറ്റുപാടുമുള്ള കുറച്ചു വൃദ്ധരെ പകൽനേരത്ത് ഒന്നിച്ചിരുത്താൻ പറ്റുമോ എന്ന ചോദ്യം സുഹൃത്ത് കേൾക്കാത്ത മട്ടിൽ നടന്നു. ഞാൻ തിരികെ മടങ്ങാനായി ബസ്സ്റ്റോപ്പിലേക്കു നടക്കുമ്പോൾ അവൻ പറഞ്ഞു, ‘അനിലേട്ടാ അതൊന്നും നടപ്പില്ല, എല്ലാം വയസ്സരാണ് ആരേൽക്കും റിസ്ക്… അമ്മ ഇനി എത്രനാൾ?’

ഞാൻ ബസിലിരുന്നു ചിന്തിച്ചതും അതുതന്നെ, എത്രനാൾ നമ്മളീ പ്രശ്നം ഇങ്ങനെ കണ്ണടച്ചിരുട്ടാക്കി മൂടി വയ്ക്കും?

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.