നാലു വയസ്സിൽ ഹോമിൽ പോകുന്നതിന്റെ തലേന്ന് കാഞ്ചിമൂട്ടിലെ ചക്രി ജോസഫിന്റെ വീട് തൊട്ട് പന്തയിലെ സകല വീടുകളും സന്ദർശിച്ചു “മാമീ ഞാൻ ഹോമിപോണേ” ന്ന് പണ്ട് പറഞ്ഞ കുഞ്ഞു ചെക്കൻ ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായ ഒരു കഥാകൃത്താണ്. തിരുവനന്തപുരം ജില്ലയിൽ നെയ്യാർഡാമിനടുത്ത് പന്ത എന്ന കൊച്ചു ഗ്രാമത്തെപ്പറ്റി പറഞ്ഞു തുടങ്ങുമ്പോൾ കെ എസ്. രതീഷ്, ഉള്ള് പൊള്ളുന്ന നൊമ്പരങ്ങൾ എങ്ങനെ കഥകളായി രൂപാന്തരം പ്രാപിച്ചെന്നും ആ മഷിമൂർച്ചകളെ വായനക്കാർ എങ്ങനെ സ്വീകരിച്ചെന്നും വിശദീകരിക്കുന്നു ഈ അഭിമുഖത്തിൽ.
പന്ത എന്ന ഗ്രാമവും ആൾക്കാരും എഴുത്തിൽ വലിയ സ്വാധീനമാണ് അല്ലെ?
ഓരോ എഴുത്തുകാരനെയും വളർത്തുന്നത് അവന്റെ നാടാണ്. സക്കറിയയെ സംബന്ധിച്ച് സക്കറിയയുടെ നാടാണ്. ബഷീറിനെ സംബന്ധിച്ച് ബഷീറിന്റെ നാടാണ്. നാടിനെപ്പറ്റിയുള്ള സങ്കല്പം പല മനുഷ്യർക്കും പലതാണ്. ബഷീറിന് നടക്കുന്നിടം മുഴുവൻ നാടായിരുന്നു. എന്റെ അനുഭവപരിസരം പന്ത പോലെ ഒരു കൊച്ചു ഗ്രാമമാണ്.
ഒരു കഥയുടെ പശ്ചാത്തലം മനസ്സിൽ ഉണ്ടാവുന്നത് (ഒരുക്കുന്നത്) എങ്ങനെയാണ്?
ഇത് വളരെ രസകരമാണ്. ഭൂതകാലത്തിലെപ്പോഴെങ്കിലും എന്നെ തൊട്ട ഒരനുഭവം അല്ലെങ്കിൽ സമാനമായ ഒരു സാഹചര്യം വർത്തമാനകാലത്തിൽ ഉണ്ടാവുകയാണെങ്കിൽ എനിക്ക് കഥജനിക്കും. വളരെ കാലങ്ങൾക്ക് മുൻപ് ഒരു അനാഥബാല്യം ഉണ്ടായിരുന്നു. പട്ടിക്ക് ഭക്ഷണം കൊടുക്കുന്ന ജോലി കുട്ടികളിൽ ഒരാളെ ഏൽപ്പിച്ചിരുന്നു. പലപ്പോഴും ഞാനത് ഏറ്റെടുക്കും . ഇറച്ചിയോ മീനോ ഉള്ള ദിവസം എല്ലാവരും കഴിച്ചു കഴിയുമ്പോൾ മിച്ചം വരുന്ന ഭക്ഷണം പട്ടിക്ക് കൊടുക്കുന്നതിലൊരു പങ്ക് ഞാനും കഴിക്കും. ഇപ്പോൾ എന്റെ വീട്ടിൽ പട്ടിക്കു തീറ്റ കൊടുത്തില്ലെങ്കിൽ ഞാൻ വഴക്കുണ്ടാക്കും. ഈ രണ്ടു സാഹചര്യങ്ങളും കൂടി ചേർന്നു വരുമ്പോൾ എനിക്ക് കഥയുണ്ടാവും. ‘പട്ടിപ്പങ്ക് ‘ എന്ന കഥ ആ ഓർമയിൽ നിന്ന് വന്നതാണ്. വീട്ടിലും സ്കൂളിലെ സഹപ്രവർത്തകർക്കുമൊക്കെ ഈ അവസ്ഥ നന്നായറിയാം. അവരെന്നെ വെറുതെ വിടാറുണ്ട്. ഒറ്റയ്ക്കിരിക്കുമ്പോൾ ബുക്കിൽ കഥാപാത്രങ്ങളുടെ പേരും ഡയലോഗും എഴുതിനോക്കും. നെയ്യാറിലെ വനമേഖലയിൽ ആറ്റിൻകരയിൽ ചൂണ്ടയും മണ്ണിരയുമായി പോയി ഇരിക്കും. മീൻ കിട്ടണമെന്നൊന്നുമില്ല. ഒറ്റക്കിരുന്ന് ഞാൻ ഡയലോഗുകൾ പറയും. ഇവന് ഭ്രാന്തെന്ന് ആരും പറയില്ല. പിന്നീട് ഈ കഥ ഭാര്യയോടും കൂട്ടുകാരോടുമൊക്കെ പറയും. അവരുടെ കണ്ണിൽ വിരിയുന്ന ഭാവങ്ങളും, ചിന്തയും, മറുപടിയും ശ്രദ്ധിക്കും. പിന്നെ എഴുതിത്തുടങ്ങും. ഒരു കഥാതന്തു കിട്ടിയാൽ ചിലപ്പോൾ ഒരു ഒളിച്ചോട്ടമാണ് . കൂട്ടുകാരുടെ വീടുകൾ തേടി പോകും.
അനുഭവങ്ങൾ മാത്രമാണോ കഥ എഴുത്തിനു പിന്നിലെ പ്രേരണ?
അല്ല. അനുഭവത്തിന്റെ ചൂരും കൂടി ചേരുമ്പോഴാണ് കഥയ്ക്കൊരു കരുത്തുണ്ടാവുന്നത്. നമ്മുടെ ജീവിതത്തെ തൊടാത്തതെന്തെങ്കിലും എഴുതിയാൽ മനുഷ്യരതുസ്വീകരിക്കില്ല എന്നൊരു തോന്നൽ എനിക്കുണ്ട്. എന്നെ സംബന്ധിച്ച് കരഞ്ഞു പോകാതിരിക്കാനുള്ള സാഹചര്യങ്ങളെ ബോധപൂർവ്വം തരണം ചെയ്യുന്ന വഴിയാണ് കഥ. എന്റെ നിലനിൽപ്പാണത്. സത്യത്തിൽ എന്റെ ഭ്രാന്തുകളുടെ ചികിത്സ മാത്രമാണ് ഞാൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഭ്രാന്തുള്ള മനുഷ്യർ മാത്രമാണ് ഭൂമിയിൽ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുള്ളത് എന്നൊരു തോന്നലിൽ നിന്ന് ഭ്രാന്തൻ വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം.
അല്ല, ഒരു സംശയം… നക്ഷത്രങ്ങൾ ഇരുട്ടിനെ പേടിക്കുമോ?
പിന്നെ… ഇരുട്ട് അത്ര കരുത്തില്ലാത്ത അവസ്ഥയൊന്നുമല്ല. നക്ഷത്രമെന്തു ചെയ്യുമെന്ന് നമുക്ക് നല്ല ബോധ്യമുണ്ട്. ഇരുട്ട് എങ്ങിനെയാണ് നമ്മളിലേക്ക് കടന്നു കയറുക എന്നതിനെക്കുറിച്ച് ചെറിയൊരു ഭയം ഉണ്ട്. ഒരു സാധാരണ നാട്ടുമ്പുറത്തുകാരൻ എഴുതാനിരിക്കുമ്പോൾ അനുഭവിക്കുന്ന വെല്ലുവിളി വളരെ വലുതാണ്. അതുകൊണ്ട് ഇരുട്ടിന്റെ സാധ്യതയെ കുറിച്ച് അറിയുകയും വെളിച്ചത്തിലൂടെ നടക്കുകയും വേണം.
ആദ്യത്തെ കഥയെഴുത്തിനെപ്പറ്റി പറയാമോ?
ഈ ചോദ്യം എന്നെ അസ്വസ്ഥമാക്കുന്നു. നാലാം വയസ്സിൽ ഓർഫനേജിൽ എത്തി. 75 കുട്ടികളുണ്ടവിടെ. എഴുത്തിന്റെ രചനാ തന്ത്രങ്ങളൊക്കെ അന്നേ തുടങ്ങി. നാടിനെക്കുറിച്ച്, അമ്മയെക്കുറിച്ച്, അച്ഛനെക്കുറിച്ചൊക്കെ ഇഷ്ടംപോലെ കഥകൾ മെനഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെ മുൻപിൽ ആളാകാൻ വേണ്ടി പറഞ്ഞ ആ കള്ളക്കഥകളൊക്കെയാണ് എന്റെ ആദ്യ കഥകൾ. അത് ചീങ്കണ്ണികളെപ്പറ്റിയുള്ള കഥകളാണോ, നാട്ടിൽ മ്ലാവ് ഇറങ്ങുന്നതിനെപ്പറ്റി പറഞ്ഞ കഥയാണോ അതോ മുതലയെ പോലീസുകാർ വെടിവെച്ചുകൊന്ന കഥയാണോ… സുഹൃത്തുക്കളുടെ മുൻപിൽ ഞാനൊരു കഥാകൃത്തായിരുന്നു. ഒരു ജോലി കിട്ടിക്കഴിഞ്ഞാണ് കഥകളൊക്കെ അച്ചടിച്ചു കാണണം എന്ന ചിന്ത വന്നത്. കുട്ടികളൊക്കെ പറഞ്ഞു ഇത് നുണയാണെന്ന്. അല്പം ഭാവനയും കൂടി ചേർത്തെഴുതാൻ തുടങ്ങിയപ്പോൾ അതൊക്കെ കഥയായി. അങ്ങനെ നോക്കിയാൽ എന്റെ ആദ്യത്തെ കഥ “മുള്ളലിന്റെ മണം” ആണ്. പണ്ട് ടോയ്ലറ്റിൽ മരിച്ചു കിടന്ന അമ്മയുടെ മണം അന്വേഷിച്ചുകൊണ്ടിരുന്ന ഒരാൾ,തന്റെ കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചപ്പോൾ അതിന്റെ മണം ഇഷ്ട്ടപ്പെട്ടുപോയതിനെക്കുറിച്ചാണ് ആ കഥ. എന്റെ പ്രിയപ്പെട്ട കഥകളിലൊന്നാണിത്. 2017 ൽ’വർണ്ണം’ മാസികയിലും പിന്നീട് പത്രത്തിലും ഇത് അച്ചടിച്ചു വന്നു. ഭയങ്കര സന്തോഷമായിരുന്നു. എന്റെ ആദ്യ കഥാസമാഹാരത്തിലെ ആദ്യത്തെ കഥയും ഇതുതന്നെയാണ്.
സാഹിത്യഭംഗിക്കും അഖ്യാനശൈലിക്കുമൊക്കെ എന്തുമാത്രം പ്രാധാന്യമുണ്ട് കഥയെഴുത്തിൽ?
മലയാളത്തിൽ ആയിരക്കണക്കിന് വരുന്ന എഴുത്തുകാരുടെ ഒരു സാഹിത്യം ഉണ്ട്. മൺമറഞ്ഞുപോയവരും നിലനിൽക്കുന്നവരുമായി ഒരുപാട് മനുഷ്യരുടെ കഥപറച്ചിലുകൾ. ലോക കഥകളൊക്കെത്തന്നെ മലയാളിക്ക് വളരെ സുലഭമായി ഇന്ന് കിട്ടുന്നു. അവരുടെ കഥാതന്തുവിലല്ല, എങ്ങനെ ഏറ്റവും പുതുമയോടെ, സുന്ദരമായി കഥ പറഞ്ഞു എന്നുള്ളതാണ് കാര്യം. കഥ പറച്ചിലിന്റെ സൗന്ദര്യത്തിന് ഞാൻ വളരെയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട്. ‘എനിക്കു നിന്നെ ഇഷ്ടമാണ്’ എന്നത് ഏറ്റവും സുന്ദരമായി പറയുമ്പോഴാണ് കാമുകി എക്സൈറ്റഡ് ആകുന്നത്. വായനക്കാരെ വശീകരിക്കുന്നതിൽ സാഹിത്യ ഭംഗിക്ക് വളരെ പ്രാധാന്യമുണ്ട്. വിചിത്രമായൊരു ഭാവനാ ലോകവും വായനാ സുഖവുമൊക്കെ സൃഷ്ടിക്കാൻ അതിനു കഴിയും.
കഥയിൽ രചനാ പരീക്ഷണങ്ങൾ നടത്താറുണ്ടോ?
ഒരു സാഹിത്യകാരൻ ഭാഷയിലേക്ക് എത്ര വാക്കുകൾ സമ്മാനിച്ചു എന്നത് പ്രസക്തമാകുമ്പോൾ വാക്കിലും രചനാരീതിയിലുമൊക്കെ മാറ്റങ്ങൾ അനിവാര്യമാകുന്നു. “പതിച്ചിപ്പാസഞ്ചർ” എന്നൊരു കഥയിൽ ഒരു ബസ് പലപല സ്റ്റോപ്പുകളിലെത്തുന്നതിനിടയ്ക്ക് കഥ പറയുന്ന ഒരു രീതിയാണ് അവലംബിച്ചത്. ചാറ്റിന്റെ രൂപത്തിൽത്തന്നെ കഥ പറഞ്ഞ രീതിയുണ്ട്. “ശ്മശാനത്തിലെ കണ്ണുകൾ” എന്ന കഥ നാല് സി.സി.ടിവി ക്യാമറകൾ കഥ പറയുന്ന രീതിയിലാണ് എഴുതിയത്.
എല്ലാവരും പോയ വഴിയിലൂടെത്തന്നെ പോകണമെന്നും എല്ലാവരും ഉപയോഗിച്ച വാക്കുകൾ തന്നെ ഉപയോഗിക്കണമെന്നുമില്ലല്ലോ. ബഷീറിനെപ്പോലെ “പുളുങ്കൂസൻ” “ആകാശമിഠായി” എന്നീ സുന്ദരമായ വാക്കുകൾപോലെ ചില വാക്കുകൾ സമ്മാനിക്കണമെന്നുണ്ട്. ‘തോൽക്കാക്കിയം ‘, ‘ശലഭൻ’, ‘വയോഗ്രാനിക്ക്’, ‘ലൈഫ്ബ്രേറിയം’ തുടങ്ങി നിരവധി വാക്കുകൾ പരീക്ഷിച്ചിട്ടുണ്ട്. എന്തുമാത്രം വിജയിച്ചു എന്നറിയില്ല. എന്നാലും ശ്രമിക്കാറുണ്ട്.
മലയാളത്തിൽ വായനക്കാരെ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാരെപ്പറ്റി പറഞ്ഞാൽ ആദ്യം മനസ്സിലെത്തുന്നത് ആരുടെയൊക്കെ പേരായിരിക്കും?
എങ്ങിനെയൊക്കെ ചിന്തിച്ചാലും എന്റെ മനസ്സിൽ ആദ്യമെത്തുക ബഷീറാണ്. പിന്നെ കാരൂര്, അഷിത, സക്കറിയ, പത്മരാജൻ, ഒ.വി വിജയൻ തുടങ്ങിയവർ. എന്നെ സ്വാധീനിച്ചവർ പിന്നെയുമുണ്ട്… ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ജി.ആർ ഇന്ദുഗോപൻ, ആർദ്ര, രാഹുൽ പഴയന്നൂർ, രാഹുൽ മണപ്പാട്ട്, സുഭാഷ് ഒട്ടുമ്പുറം എന്നിവരെയും ഇഷ്ടം.
സോഷ്യൽ മീഡിയ പുതിയ എഴുത്തുകാർക്ക് എത്രമാത്രം ഗുണകരമാണ്?
പാരമ്പര്യമായിട്ടുള്ള പ്രസാധന-എഴുത്ത്- നിരൂപണ സംവിധാനങ്ങളൊക്കെ അട്ടിമറിച്ചു, സോഷ്യൽ മീഡിയ. ഒരു പ്രസാധകൻ എന്റെ കഥ അച്ചടിക്കുന്നില്ലെങ്കിൽ ഞാനത് സോഷ്യൽ മീഡിയയിലിട്ട് ലക്ഷക്കണക്കിന് വായനക്കാരെ നേടിയെടുക്കും എന്നൊരു ധൈര്യം പകർന്നു നൽകിയ ഇടമാണിത്. എന്നെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ ഒരു പരസ്യപ്പലകയാണ്. ഒരു പുതിയ പുസ്തകം വായിച്ചാൽ, പുതിയ കഥ വായിച്ചാൽ, ഇങ്ങനെ ഒന്നുണ്ടെന്നു ലോകത്തോട് വിളിച്ചു പറയാനുള്ള ഒരു ചാനൽ. ഒരു നിരൂപകൻ നിങ്ങളുടെ കഥയെക്കുറിച്ച് മോശമായി ഏതെങ്കിലും ഒരു പത്രത്തിലെഴുതിയാൽ ഒരു മറുപടിയും നിങ്ങൾക്കതിന് കൊടുക്കാനില്ല. എന്നാൽ സോഷ്യൽ മീഡിയ, നിരൂപകനെന്ന കള്ളനാണയത്തെ പൊളിച്ചെഴുതാനുള്ള സാധ്യതകൾ തരുന്നു. സോഷ്യൽ മീഡിയ എന്നെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായ ഒരു ബദൽ രേഖയൊന്നുമല്ല. ‘പ്രതിലിപി’,’മാഗ്സ്റ്റർ’ പോലെയുള്ള ആപ്പുകൾ വായനയെയും എഴുത്തിനെയുമൊക്കെ എത്രവലിയ ആവേഗത്തിലാണ് വലിച്ചു കൊണ്ടു പോകുന്നത്? നമുക്കു മുൻപേ കടന്നു പോയ എഴുത്തുകാർക്ക് ഈയിടത്തിൽ തൃപ്തികരമായി കോംപീറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ട് അവർ സോഷ്യൽ മീഡിയയെക്കുറിച്ച് കുറ്റം പറയുന്നു.
ജീവിതത്തിന്റെ സങ്കീർണതകൾക്ക് കഥ കൊണ്ട് ഒരു പ്രതിരോധം തീർക്കുക.. ഇതിൽ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്ന് സ്വയം ചിന്തിച്ചിട്ടുണ്ടോ?
എന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രസക്തമായ ഒരു വിഷയമാണ്. കഥ എന്നത് എനിക്ക് ഒരുപാട് മനുഷ്യരെ കെട്ടിപ്പിടിക്കാനുള്ള ഒരു വഴിയാണ്. വായനക്കാരിലേക്ക് നുഴഞ്ഞുകയറാനുള്ള ഒരു സാദ്ധ്യതയാണ്. ഭൂതകാലത്തിൽ ഒരുപാട് നോവുകൾ അനുഭവിച്ചവനാണ്- പട്ടിണിയായിട്ടും അവഗണനയായിട്ടും തല്ലായിട്ടും. അതോർക്കുമ്പോൾ കരച്ചിൽ വരും. കരഞ്ഞു പോകാതിരിക്കാനാണ് ഞാൻ കഥകൾ എഴുതുക. മാത്രമല്ല, കഥ എന്നെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യനെ പിടിത്തമാണ്. ഇവിടെ ഇരുന്നു കൊണ്ട് ലോകത്തിന്റെ അങ്ങേ അതിരു വരെയുള്ള മനുഷ്യർക്ക് കൈ കൊടുക്കാനുള്ള അവസരമാണ്. എന്റെയുള്ളിലെ അസ്വസ്ഥതകളെ ഇറക്കിവിടാനും സാന്ത്വനം കിട്ടാനുമുള്ള ഒരു ഉപാധി. സങ്കീർണതകളിൽ നിന്നുള്ള സുന്ദരമായ മോചനമാണ് എന്റെ കഥകൾ. ചാരാനുള്ള ഒരത്താണിയാണ് എനിക്ക് കഥ.
എഴുത്തിൽ മാനവികതയും സാമൂഹിക പരതയുമാണ് വായനക്കാർ ഇന്ന് തേടുന്നത് എന്നു പറയാറുണ്ട്. എന്തായിരിക്കണം ഒരു എഴുത്തുകാരന്റെ സാമൂഹികദൗത്യം? അല്ലെങ്കിൽ അങ്ങനെയൊന്നുണ്ടോ?
ഒരിക്കലുമില്ല. കഥയ്ക്കും, കവിതയ്ക്കും,സാഹിത്യത്തിനും ചിത്രകലയ്ക്കുമൊന്നും ഒരു സാമൂഹ്യ ഉത്തരവാദിത്വമുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. എന്നാൽ അങ്ങനെയുള്ളവയും ഉണ്ട്. ഒരു കഥ വായിച്ചാൽ മനുഷ്യൻ നന്നാവുമെന്ന് പറയാനാവില്ല. സാഹിത്യം സാഹിത്യമായിത്തന്നെ ഇരിക്കണം. എന്റെ കഥയോ കവിതയോ വായിച്ച് ഒരു മനുഷ്യനും നന്നാകണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. ഒരു കഥയും അങ്ങനെ നവീകരണ ലക്ഷ്യത്തോടെ അല്ലെങ്കിൽ ബോധന ഉദ്ദേശ്യത്തോടെ എഴുതിയിട്ടുമില്ല. എന്നാൽ ഒരു കഥ അല്ലെങ്കിൽ കവിത മനസ്സിനെ സംസ്കരിച്ചു എന്ന അനുഭവ സാക്ഷ്യങ്ങളും കേട്ടിട്ടുണ്ട്. കഥയ്ക്കും സാഹിത്യത്തിനും ജീവിതത്തെ പരിവർത്തനപ്പെടുത്താനോ മനുഷ്യനെ നവീകരിക്കാനോ അവനെ ശരിയായ വഴിയിലൂടെ നടത്താനോ ഉള്ള പ്രാപ്തിയുണ്ടോ എന്നെനിക്ക് സംശയമാണ്. മാത്രമല്ല, എന്റെ ജീവിതത്തെ ഇന്നുവരെ കഥയോ സാഹിത്യമോ ഇളക്കിമറിച്ചിട്ടില്ല, അല്ലെങ്കിൽ എനിക്ക് ഒരു പുതിയ ദിശാബോധം നൽകിയിട്ടില്ല. കഥയും സാഹിത്യവുമൊക്കെ കുറേ അനുഭവങ്ങളുടെ ഒരു നേർസാക്ഷ്യമാണ്. ഇതിൽനിന്ന് മനുഷ്യൻ ചിലപ്പോൾ അടുത്ത ഒരു സാഹചര്യത്തിൽ തിരുത്തി പെരുമാറുമായിരിക്കും. വായിക്കാനിരിക്കുന്നതും തിരുത്തലുണ്ടാകുന്നതും അവന്റെ തന്നെ ഉത്തരവാദിത്തബോധമാണ്.
സമകാലികരായ എഴുത്തുകാരുടെ സൃഷ്ടികൾ വായിക്കാറുണ്ടോ?
തീർച്ചയായും. അത്ഭുതപ്പെടുത്തുന്ന ചില എഴുത്തുകാരുണ്ട്. അവരെ അസൂയയോടെ വായിക്കാറുണ്ടെന്നതാണ് സത്യം. ഡി.പി അഭിജിത്ത്, ആർദ്ര, ജിതേഷ് ആസാദ്, രാഹുൽ പഴയന്നൂർ, അമൽരാജ് പാറേമ്മൽ ഇവിടെയൊക്കെ കഥകൾ വായിക്കാറുണ്ട്.
പുതിയ എഴുത്തുകാർക്ക് വളർന്നുവരാൻ പറ്റിയ ഒരു സാമൂഹിക അന്തരീക്ഷം നിലവിലുണ്ടെന്ന് തോന്നുന്നുണ്ടോ?
പുതിയ എഴുത്തുകാർ എന്നാൽ എന്റെ അഭിപ്രായത്തിൽ ഒ.വി വിജയനും, ബഷീറും കാരൂരും ഒക്കെയാണ്. അന്നും ഇന്നും എന്നും പ്രസക്തരാണവർ. അതായത് അവരുടെ എഴുത്ത് എക്കാലവും പുതുമയോടെ നിലനിൽക്കുന്നു, എന്നർത്ഥം.
സമകാലിക എഴുത്തുകാർക്ക് വളർന്നു വരാനുള്ള വളക്കൂറുള്ള മണ്ണാണ് ഇന്ന് നിലവിലുള്ളത്. നിരവധി പതിപ്പുകൾ, സോഷ്യൽ മീഡിയപോലെ സുന്ദരമായ ഓൺലൈൻ പതിപ്പുകൾ, ചർച്ചാവേദികൾ, എല്ലാ കോണുകളിലും സാഹിത്യ കൂട്ടായ്മകൾ, വാട്സ്ആപ്പ് കൂട്ടായ്മകൾ എന്നിങ്ങനെ പഴയതിൽ നിന്നും ഒരുപാട് വ്യത്യസ്തതകളാണിന്ന്. എഴുത്തിന് വളരെ അനുകൂലമായ മണ്ണാണ്. ആ മണ്ണിൽ വേരോടേണ്ട രീതിയെക്കുറിച്ച് എഴുത്തുകാരൻ മനസ്സിലാക്കണം. സോഷ്യൽ മീഡിയയിൽ വരുമ്പോൾ കിട്ടുന്ന ലൈക്കുകളുടേയും ഷെയറുകളുടെയും പെരുക്കങ്ങൾ കണ്ട് വലിയ എഴുത്തുകാരനായി എന്ന തോന്നലുണ്ടായാൽ എഴുത്തു മരിക്കും. എഴുത്തുകാരെ കൊന്നുകളയാറുള്ള കുറേ ആൾക്കാർക്ക് പഴയതുപോലെ ക്ലച്ച് പിടിക്കുന്നുമില്ല. ഇന്ന ജാതിക്കാരനേ എഴുതാവൂ, ഇന്ന മതത്തിൽപ്പെട്ടവനേ എഴുതാവൂ, ഇന്ന രാഷ്ട്രീയത്തിൽപ്പെട്ടവരേ എഴുതാൻ പാടുള്ളൂ എന്നു വാദിക്കുന്ന കേസരികളെ അടിച്ചുടച്ച് മുന്നോട്ടു പോകാൻ പറ്റിയ സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
പുസ്തക പ്രസാധകരും എഴുത്തുകാരും തമ്മിൽ ദൃഢമായ ഒരു ബന്ധം ഇന്നുണ്ടോ?
ഞാനെന്റെ പ്രസാധകരുമായി ഹൃദ്യമായ ഒരു ബന്ധം സ്ഥാപിക്കുന്ന ആളാണ്. കാരണം കേരളത്തിന്റെ ഇങ്ങേക്കോണിൽ പന്ത എന്ന ഈ കുഞ്ഞു ഗ്രാമത്തിൽ പേരോ പാരമ്പര്യങ്ങളോ ഒന്നുമില്ലാത്ത ഒരു രതീഷിന്റെ കഥയെ സ്വതന്ത്രമായി ചിന്തയും, ഡി.സി യും പൂർണ്ണയും, മാതൃഭൂമിയും, എസ്.പി. സി. എസും, യെസ് പ്രസ്സും പോലെയുള്ള പ്രസാധകർ എടുക്കുന്നു, അച്ചടിക്കുന്നു. എന്റെ പുസ്തകം ഏറ്റെടുക്കുമ്പോൾ അവർക്ക് നഷ്ടം വരുത്താതിരിക്കാനുള്ള ധാർമിക ഉത്തരവാദിത്വം എനിക്കുണ്ട്. മാത്രമല്ല ആ പ്ലാറ്റ്ഫോമിൽ എന്റെ പുസ്തകം ഉണ്ടെന്ന് ലോകം മുഴുവനും വിളിച്ചു പറയുകയും വേണം. ഇതുവരെ ആറ് പുസ്തകങ്ങൾ ഇറങ്ങി. രണ്ടാം പതിപ്പിലേക്ക് പോയ ചില പുസ്തകങ്ങൾ ഉണ്ട്. റോയൽറ്റിയും കിട്ടിയിട്ടുണ്ട്. ആദ്യത്തെ ഒരു പുസ്തകം ഒഴികെ മറ്റൊന്നും ഞാൻ പണം കൊടുത്ത് അച്ചടിച്ചിട്ടില്ല എന്നൊരു സന്തോഷം കൂടിയുണ്ട്.
വളരെ കുറഞ്ഞ കാലയളവിനുള്ളിൽ കെ. എസ് രതീഷ് എന്ന എഴുത്തുകാരന് മലയാള ചെറുകഥാ ലോകത്ത് കാലുറപ്പിക്കാൻ പറ്റി. എന്താവാം ഈ വിജയത്തിന് പിന്നിൽ ?
നാലര വയസുമുതൽ മനസ്സിൽ കഥകൾ പിറക്കാൻ തുടങ്ങി . പേപ്പറിൽ എഴുതി അച്ചടിച്ചു വന്നു എന്നല്ല. ഞങ്ങൾ കുട്ടികൾ മാത്രമാവുമ്പോൾ പരസ്പരം കഥകൾ പറയും . പതിപ്പുകളിലേക്ക് കഥകൾ അയച്ചുകൊടുക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളൂ.കഥാലോകത്ത് കാലുറപ്പിച്ചോ എന്ന് എനിക്ക് സംശയമാണ്. മറ്റു പലരുടെയും കഥകൾ കാണുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്.
ഞാൻ സെൽഫ് മാർക്കറ്റിംഗ് സാധ്യതകളെ സുന്ദരമായി ഉപയോഗിച്ചിട്ടുണ്ട്. കാരണം രാഷ്ട്രീയ കോക്കസുകളിലോ പ്രാദേശിക കോക്കസുകളിലോ എനിക്ക് അംഗത്വമില്ല. എനിക്ക് എന്റെ വഴി സ്വയം വെട്ടിയെടുക്കേണ്ടി വന്നു. ‘എന്റെ കഥ വായിക്കൂ’ എന്ന് എല്ലാവരോടും നിരന്തരം പറഞ്ഞു. അവർ വായിച്ചു, ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് പ്രസാധകരും ഇഷ്ടപ്പെട്ടത്. ഹൃദയപൂർവ്വം ഒപ്പം നിൽക്കുന്ന, കോക്കസുകളിലൊന്നും പെടാത്ത സത്യസന്ധരായ വായനക്കാരുണ്ടെനിക്ക്. അവർ നമ്മളെ അംഗീകരിക്കും. പിന്നെ, ഞാൻ തന്നെ പുസ്തകങ്ങൾ ഒപ്പിട്ടു വായനക്കാർക്ക് അയച്ചുകൊടുക്കാറുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ എന്റെ കഥ അവർക്ക് എത്തിച്ചുകൊടുക്കാൻ ഞാനെന്തു റിസ്ക്കും എടുക്കും. എന്റെ കഥയെക്കുറിച്ചുള്ള കുറിപ്പുകൾ പരമാവധി ഷെയർ ചെയ്യും. കിട്ടുന്ന വേദികളും പരമാവധി പ്രയോജനപ്പെടുത്തും.
ഒരെഴുത്തുകാരന്റെ വെല്ലുവിളികൾ എന്തൊക്കെയാണ്?
മരിച്ചുപോയ നിരൂപണമാണ് ഏറ്റവും വലിയ വെല്ലുവിളി. ഏതെങ്കിലും കുട്ടിക്കമ്പനിക്ക് വേണ്ടിയും രാഷ്ട്രീയ താൽപര്യത്തിനുവേണ്ടിയും വ്യക്തി വൈരാഗ്യത്തിനു വേണ്ടിയും എഴുതുന്ന നിരൂപകരും ഉണ്ട്. ഇവർക്ക് എഴുത്തുകാരുടെ പ്രതിഭയെ പുറത്തുകൊണ്ടുവരാനുള്ള കഴിവില്ല. രണ്ടാമത്, സെൽഫ് മാർക്കറ്റിംഗിന്റെ സാധ്യതയെ ഉപയോഗിക്കുക എന്നതാണ്. കാരണം ആയിരക്കണക്കിന് കഥാകൃത്തുക്കളിൽ നിന്നും വായനക്കാരൻ നമ്മെ കണ്ടെത്തണമെന്നത് എഴുത്തുകാരന്റെ ഒരാവശ്യമാണ്. വ്യാജ പ്രസാധകൻമാരാണ് മറ്റൊരു വെല്ലുവിളി. അനുഭവപരിസരങ്ങളുടെ കുറവാണ് മറ്റൊന്ന്.
എഴുത്ത് ഒരു തൊഴിലായി സമൂഹം ഇന്ന് അംഗീകരിക്കുന്നുണ്ടോ?
അങ്ങനെയുള്ളവർ വിരലിലെണ്ണാവുന്നവരെ ഉള്ളൂ. ഞാൻ ഒരു അധ്യാപകനാണ്. അധ്യാപനം കൊണ്ട് തൃപ്തിപ്പെടാത്ത എന്റെ കുറെ ആഗ്രഹങ്ങൾ ഉണ്ട്. ആ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തലാണ് എനിക്കെഴുത്ത്. ഇളവൂർ ശശി, അഖിൽ കെ തുടങ്ങിയവർ തൊഴിലിനോടൊപ്പം എഴുത്തും ഉള്ളവരാണ്.
കഥയെഴുത്തിന് എന്തെങ്കിലും ഫോർമുലകൾ ഉണ്ടോ?
ഒരു ഫോർമുലയുമില്ല. എനിക്കൊരു കണക്കു പുസ്തകമുണ്ട്. എന്നെ സംബന്ധിച്ച്, മറ്റുള്ളവർ പഴുതു കണ്ടെത്താത്ത തരത്തിൽ എഴുതിത്തീർക്കണം കഥ. മാത്രമല്ല, വായിച്ച കഥകളെക്കുറിച്ച് കൃത്യമായ ഒരു ബോധ്യവും വേണം. എല്ലാ ആനുകാലികങ്ങളിൽ നിന്നും കഥകൾ ചികഞ്ഞു കണ്ടുപിടിക്കുകയും ആ കഥയുടെ പ്രത്യേകത, കഥാതന്തു ഡെവലപ് ചെയ്ത രീതി, ആ കഥ ഞാനെഴുതിയാൽ എങ്ങനെയിരിക്കും ഇങ്ങനെയുള്ള എന്റെ വീക്ഷണങ്ങൾ മാത്രം എഴുതി വയ്ക്കുന്ന ഒരു ഡയറി എനിക്കുണ്ട്. എഴുത്തിൽ പലതും വിട്ടു പോകാതിരിക്കാനുള്ള ഒരു ഡയറിയാണത്.
മനുഷ്യൻ എപ്പോഴും മാറ്റങ്ങളെ കുറ്റപ്പെടുത്തുകയും പഴയത് മഹത്തരമെന്നു പ്രഘോഷിക്കുകയും ചെയ്യാറുണ്ട്… ഇക്കാലത്തു കഥയെഴുത്തിൽ വന്ന മാറ്റങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ??
ഒപ്പം എത്താൻ കഴിയാതെ വരുമ്പോൾ മാറ്റങ്ങൾ അപകടങ്ങളാണ് എന്ന് പ്രചരിപ്പിക്കുന്നത് കാലാകാലങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. പുതിയ ചിത്ര സങ്കേതങ്ങൾ, പുതിയ ഭാഷ, രചനാ രീതികൾ, പുതിയ തന്ത്രങ്ങൾ, കഥയുടെ മാർക്കറ്റിംഗ് ടെക്നിക്സ് ഇതൊക്കെ ഉപയോഗിക്കാൻ പ്രാപ്തിയില്ലാത്തവർ കുറ്റം പറയും. കഥകളൊക്കെ സത്യസന്ധരായ വായനക്കാരുടെയുള്ളിൽക്കിടന്നു ചിരപ്രതിഷ്ഠ നേടും. സാധ്യതകളേറെയുണ്ട്, പുതിയ ലോകത്ത്.
ഭാര്യ ബിബിഹ കഥയെഴുത്തിൽ എങ്ങനെയാണ് സപ്പോർട്ട് ചെയ്യുന്നത്?
ഒരു കഥാസമാഹാരം ഇറങ്ങിയാൽ, അതിന്റെ പ്രമോഷന്റെ ഭാഗമായി കവർചിത്രം കൃത്യമായി ബോട്ടിൽ ആർട്ട് ചെയ്യാറുണ്ട്. എന്റെ വായനായിടത്തെ ഏറ്റവും സുന്ദരമാക്കുന്നത് ഭാര്യയാണ്. ‘പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം’ എന്ന കഥ അവളുടെ ഒരു ചോദ്യത്തിൽ നിന്നുണ്ടായതാണ്. അത് സമർപ്പിച്ചതും അവൾക്കാണ്. പ്രകാശനം നിർവഹിച്ചതും ബിബിഹയാണ്, അടുക്കളയിൽ വച്ച്.
ഭാവി സ്വപ്നങ്ങൾ എന്തൊക്കെയാണ്?
എന്റെ കൊച്ചുമകൻ അവന്റെ പാഠപുസ്തകത്തിൽ എന്റെ കഥ പഠിക്കണമെന്നാണ് ആഗ്രഹം. മുടങ്ങാതെ ഞാൻ കഥയെ വീക്ഷിക്കും. കഥയുടെ സാധ്യതകളെപ്പറ്റി ഗവേഷണം ചെയ്യും . എനിക്ക് എത്രമാത്രം മനുഷ്യരുടെ സ്നേഹം കിട്ടുമോ അത്രമാത്രം കഥകൊണ്ട് നേടിയെടുക്കണം എന്നൊരു വാശിയുണ്ട്. നോക്കൂ..നമ്മൾ ജനിച്ചപ്പോഴോ ജീവിച്ചപ്പോഴോ ആരും അറിഞ്ഞിട്ടുണ്ടാവില്ല. മരിച്ചു കഴിഞ്ഞാൽ ഈ കഥയുടെ പേരിൽ മനുഷ്യരെന്നെ ഓർക്കണം. കഥാകൃത്ത് പറഞ്ഞുനിർത്തി.
പാറ്റേൺ ലോക്ക്, കബ്രാളും കാശിനെട്ടും, ബർശല്, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം, കേരളോൽപ്പത്തി, ഞാവൽ ത്വലാക്ക് എന്നിങ്ങനെ ആറു കഥാസമാഹാരങ്ങൾ പുറത്തിറങ്ങി. എല്ലാരും ചൊല്ലണ് (ഭാഷാപോഷിണി), തന്തക്കിണർ (മാധ്യമം), ബ്രണ്ടൻ മക്കൾസ് (ദേശാഭിമാനി) തുടങ്ങി നിരവധി ചെറുകഥകൾ പ്രസിദ്ധീകരിക്കപ്പെട്ടു. പുന്നപ്ര ഫൈനാർട്സ് സൊസൈറ്റി അവാർഡ്, മുഖരേഖ ചെറുകഥാ അവാർഡ്, ശാന്താദേവി പുരസ്കാരം, ആർട്സ് ഗുരുവായൂർ ചെറുകഥ അവാർഡ്, സുപ്രഭാതം ചെറുകഥാ അവാർഡ്, കെ എസ് തളിക്കുളം കവിത സ്പെഷ്യൽ ജൂറി പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം മലയാളം അധ്യാപകനാണ്. ബിബിഹയാണ് ഭാര്യ. ജോയലും ജോനാഥനും മക്കൾ.