മോഹനം കവിതായനം -17 :പാർവതീ പരമേശ്വരം

ഒന്ന്

പൂവും പൂമ്പൊടിയും പരന്നപുളിനം; ശ്രീഗംഗ തന്നക്കരെ –
സ്സായം ബന്ധുര മംഗളാരതിയുഴിഞ്ഞീടും പ്രഭാവിസ്മയം,
കുന്നിൻ കുഞ്ഞൊരു കാമമാലിക കണക്കങ്കത്തി,ലിമ്പത്തില-
“ക്കണ്ണഞ്ചും “തെളിയുന്ന കണ്ടൊരു ഹരസ്മേരം
സ്മരിക്കട്ടെ ഞാൻ!

രണ്ട്

ചൂടാ, നിന്ദുകലാവതംസ, മുടലിൽച്ചൂടുള്ള ചാരം, വിഷ-
ച്ചൂടാറ്റാ ,നമരാപഗാപരിമള സ്നിഗ്ദ്ധാംബു ധാരാരസം
കൂടെക്കൂടെ ഹിമാദ്രികന്യയരുളും ബിംബാധര സ്പർശനം
പാടാം നിൻ ചരിതം ഭവാപഹമഹം വ്യാഘ്രാലയാധീശ്വര!

വൃത്തം: ശാർദ്ദൂലവിക്രീഡിതം.

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.