മോഹനം കവിതായനം -12 എന്റെ സ്വർഗ്ഗം

ഒന്ന്

ചെന്നെല്ലിൻ കതിരുണ്ടു പാറിടു
മിളംപ്രാവിന്റെ പറ്റം, വഴി –
ക്കന്തിച്ചന്തമെഴുന്ന കുങ്കമമലർ
ക്കാവിന്റെ മന്ദസ്മിതം
ചെന്തെങ്ങിൽക്കളിയൂയലിട്ടകുസൃതി
ക്കാറ്റിന്റെ കോലാഹലം
ചിന്തിച്ചാലിതുതന്നെ നാക, മിവിടം
വിട്ടില്ല ഞാനെങ്ങുമേ…..

രണ്ട്

മുറ്റത്തങ്ങു കരിക്കൊടിക്കിടയിലും
തൈമുല്ലതന്മേലെയും
ചിറ്റാടത്തണലത്തുമാർത്തു കളിയാ
ടീടുന്നു പൂത്തുമ്പികൾ
തക്കംനോക്കിയണഞ്ഞകാറ്റു
ലഹരിപ്പറ്റിൽക്കുഴഞ്ഞാടി ഹാ
മുക്കുറ്റിക്കൊരു മുത്തമിട്ടു വയലിൽ
ചുറ്റുന്നു മോഹാന്ധനായ്!

വൃത്തം: ശാർദ്ദൂലവിക്രീഡിതം

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.