ഒന്ന്.
മഞ്ഞിൻ വെണ്മണിമാല ചാർത്തിയ നിശായാമങ്ങൾ വെണ്ണക്കുടം
വർണ്ണപ്പൂന്തുകിൽ കൊണ്ടു മൂടി
യമുനാതീരത്തു കാത്തീടവേ,
വള്ളിപ്പൂങ്കുടിലിൽ പ്പുണർന്നു ചുടുനിശ്വാസാർദ്രഗന്ധം പകർ-
ന്നല്ലിത്തേന്മൊഴിരാധ കണ്ണനു
നിവേദിക്കുന്നു പുഷ്പാധരം!
(വൃത്തം: ശാർദ്ദൂലവിക്രീഡിതം)
രണ്ട്
ചോളപ്പാടങ്ങൾചുറ്റും നടവഴി, യരികിൽപ്പൂത്ത നീലക്കടമ്പിൻ-
ചാര,ത്തേതോപകൽപ്പൂങ്കനവുക
ളൊഴുകുംവേണുഗാനപ്രവാഹം
പീലിത്തണ്ടൊന്നെടുത്തക്കമല സുരഭിയാംഗോപികാ നാഭിതന്നിൽ
പ്രാണപ്രേമാർദ്ര മാരാണെഴുതുവതു
മഹാനന്ദശൃംഗാരമന്ത്രം?
(വൃത്തം: സ്രഗ്ദ്ധര)