
മുളങ്കാടുകളെ തഴുകി വടക്കുദിക്കിൽ നിന്നെത്തിയ കാറ്റ് കുളിരുകൊണ്ടുവന്നു. കാരക്കുന്നിനു മുകളിൽ തെളിഞ്ഞ ആകാശം വളരെ വേഗം കറുത്തിരുണ്ടു. തമ്പി മുറ്റത്തെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്നു.
‘കാടിറങ്ങുന്ന കാരക്കുന്നുകാർ…’
പത്രത്തിന്റെ തലക്കെട്ടിനു താഴെ കാരക്കുന്നിലെ ഒഴിഞ്ഞുപോകുന്ന വീടുകളുടെ ചിത്രമുണ്ടായിരുന്നു.
കാരക്കുന്നിലെ അങ്കണവാടി ടീച്ചർ ജെസ്സിയുടെ കൈയിൽനിന്നാണ് അയാൾ പത്രം വാങ്ങിയത്. ടീച്ചർ വീട്ടിലേക്കു പോകുന്നതിനുമുമ്പ് പത്രം തിരികെ ഏൽപ്പിക്കണം.
തമ്പി എഴുന്നേറ്റ് കസേരയെടുത്ത് വീടിന്റെ ഉമ്മറക്കോലായിലേക്ക് വെച്ചു. പഴയൊരു ചുവന്ന പ്ലാസ്റ്റിക് കസേരയായിരുന്നു അത്. പുതിയൊരു കസേര വാങ്ങാനുള്ള പണം കൈയിലില്ല. പെൻഷനായി കിട്ടുന്ന തുക വീട്ടുകാര്യങ്ങൾക്കുപോലും തികയുന്നില്ല. ഇനി പണം കിട്ടണമെങ്കിൽ പറമ്പിലെ കുരുമുളക്, അടയ്ക്ക എന്നിവയുടെ വിളവെടുപ്പ് സമയമാകണം.
കുരുമുളകുവള്ളികളിൽ ചെറിയ കായ്കൾ പിടിച്ചുതുടങ്ങിയതേയുള്ളൂ. കമുകിന്റെ കാര്യവും അങ്ങനെതന്നെ.
തമ്പി തൊടിയിലേക്ക് നോക്കി. കുരുമുളകും കമുകും വാഴയും നിറഞ്ഞുനിൽക്കുന്ന തോട്ടം ഒരേക്കറോളമുണ്ട്. വർഷങ്ങളായി ചോര നീരാക്കി പണിയെടുത്ത് പരിപാലിച്ചുപോരുന്നവയെല്ലാം കൈയൊഴിയുകയാണ്. ഇത്തവണ പറമ്പിൽ വിളവെടുക്കാനാവില്ല. അരയേക്കറുള്ള വയലിൽ നെല്ല് കൊയ്തതിനുശേഷം അടുത്ത കൃഷിക്ക് ഒരുക്കങ്ങൾ നടത്തിയിട്ടുമില്ല.
കുറച്ചുദിവസത്തിനുള്ളിൽ ഈ പുരയിടവും വയലേലകളും കാട്ടുമൃഗങ്ങൾക്ക് അവകാശപ്പെട്ടതാകും. പാട്ടകൊട്ടിയോ പടക്കം പൊട്ടിച്ചോ അവയെ തുരത്താൻ ഇനി കാരക്കുന്ന് നിവാസികളാരും ഇവിടെയുണ്ടാകില്ല.
“അച്ഛാ…” അകത്തുനിന്നുള്ള അജിതയുടെ വിളി കേട്ട് തമ്പി തിരിഞ്ഞുനോക്കി.
“എന്താ മോളേ?”
അജിത ചൂടുകാപ്പിയും തേങ്ങയും പഞ്ചസാരയും ചേർത്തുനനച്ച അവലുമായി ഉമ്മറത്തേക്ക് വന്നു.
“പത്രത്തിൽ വാർത്ത നമ്മുടെ വനഗ്രാമത്തെക്കുറിച്ചാണോ?”
“അതെ.”
“എന്താ എഴുതിയിരിക്കുന്നത്?”
“നമ്മൾ ഒഴിഞ്ഞുപോകുന്നതിനെക്കുറിച്ച്.”
അജിത കുറച്ചുനേരം പത്രത്തിലേക്കു നോക്കി.
“ഇത്രയും കാലം ഇവിടെ താമസിച്ചിട്ട്… ഇപ്പോൾ ഇവിടുന്ന് പോകാൻ വിഷമമുണ്ട്.”
അജിത പറഞ്ഞതിൽ കാര്യമുണ്ടെങ്കിലും തമ്പിയുടെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു. അതേക്കുറിച്ച് മകളോട് പറയണമെന്ന് അയാൾക്ക് തോന്നി.
“സർക്കാർ നൽകുന്ന പുനരധിവാസ സഹായത്തുകകൊണ്ട് മണ്ണൂർക്കരയിൽ വാങ്ങുന്ന അരയേക്കർ സ്ഥലത്തിന്റെ പണം കൈമാറണം. പിന്നെ പുതിയ വീട് നിർമിക്കാനുള്ള ഒരുക്കങ്ങൾ നടത്തണം. അതിനുശേഷം വേണം നിന്റെ കല്യാണം…”
“എന്റെ കാര്യമോർത്ത് അച്ഛൻ വിഷമിക്കണ്ട,” അച്ഛന്റെ മുഖത്തെ ഗൗരവം കണ്ട് അവൾ കൂട്ടിച്ചേർത്തു.
തമ്പി അവളെ നോക്കി.
“നിന്റെ കാര്യം ആലോചിക്കാതിരിക്കാൻ പറ്റുമോ മോളേ?”
അജിത അതിന് മറുപടി പറഞ്ഞില്ല.
മൂത്ത മകൻ രാജീവൻ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം വനഗ്രാമങ്ങൾക്കു പുറത്തുള്ള മൂലവയലിലാണ് താമസിക്കുന്നത്. ഭാര്യ രോഹിണിക്ക് അവകാശമായി കിട്ടിയ പതിനഞ്ച് സെന്റ് ഭൂമിയും അവിടെയൊരു ചെറിയ വീടുമുണ്ട്. പറമ്പിൽ പണിയെടുത്തും ഇടയ്ക്ക് കൂലിപ്പണി ചെയ്തുമാണ് രാജീവൻ കുടുംബം നോക്കുന്നത്. രോഹിണി തൊഴിലുറപ്പ് പണിക്കു പോകുന്നതുകൊണ്ട് കുട്ടികളെ നോക്കാനായി കുറച്ചുനാളുകളായി തമ്പി ഭാര്യ സുമിത്രയെ മകന്റെ കൂടെ നിർത്തിയിരിക്കുകയാണ്. സർക്കാർ സഹായം കിട്ടുമ്പോൾ രാജീവനും കുറച്ചു പണം നൽകണം.
മഴ പെയ്തൊഴിഞ്ഞുപോയി. നേരിയ വെയിൽ വനപ്രദേശങ്ങൾക്കു മേലെ തെളിഞ്ഞു. ചതുപ്പുനിലങ്ങളിൽ കാട്ടുകോഴികൾ കരയുന്നുണ്ട്. കൈതക്കൂട്ടങ്ങളിലെ ഒളിയിടങ്ങളിൽ മയങ്ങുന്ന കാട്ടുപന്നികളുടെ ചൂരാണ് പുരയിടത്തിനു നേർക്കു വീശുന്ന പടിഞ്ഞാറൻ കാറ്റിനുണ്ടായിരുന്നത്.
ദൂരെ നിബിഡവനങ്ങൾ നിറഞ്ഞ ഭാഗത്തുനിന്ന് കാട്ടുമൃഗത്തിന്റെ അലർച്ച കേട്ടു.
“കടുവ ഇണയെ വിളിക്കുന്നതാണ്,” തമ്പി പറഞ്ഞു.
“കാടിന്റെ ഈ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായി. ഇനി അങ്ങോട്ട് പോയാൽ ഇതൊന്നും കേൾക്കാൻ പറ്റില്ലല്ലോ…” അജിത അച്ഛനെ നോക്കി.
തമ്പി മറുപടി പറഞ്ഞില്ല. നിത്യപരിചിതമായ കാടിന്റെ ശബ്ദങ്ങൾ അന്യമാകുന്ന നാളുകൾ അടുത്തുവരികയാണ്.
തമ്പി പത്രവുമായി വലിയ തോടിലെ തടിപ്പാലവും പിന്നിട്ട് അങ്കണവാടി കെട്ടിടത്തിലെത്തുമ്പോഴേക്കും ജെസ്സി ടീച്ചർ വീട്ടിലേക്ക് മടങ്ങിക്കഴിഞ്ഞിരുന്നു. വെയിൽ മങ്ങുന്നത് നോക്കി സമയം നാലരമണിയായിട്ടുണ്ടാകുമെന്ന് അയാൾ കണക്കുകൂട്ടി. പത്രവുമായി അയാൾ വീട്ടിലേക്ക് തിരിച്ചുവന്നു. നാളെ രാവിലെ പത്രം ടീച്ചർക്ക് കൊടുക്കണം. മുളങ്കൂട്ടത്തിൽനിന്ന് മഴത്തുള്ളികൾ വീണ് പത്രം നനഞ്ഞിരുന്നു.
മുറ്റത്ത് അയാൾ വരുന്നത് നോക്കി അജിത നിൽക്കുന്നുണ്ടായിരുന്നു.
“പത്രം നനഞ്ഞോ?”
“കുറച്ച്.”
“ടീച്ചർ വഴക്കുപറയുമോ?”
തമ്പി ചിരിച്ചു.
“ടീച്ചർ വഴക്കുപറഞ്ഞാൽ നമുക്ക് വേറൊരു പത്രം വാങ്ങിക്കൊടുക്കാം.”
അജിതയും ചിരിച്ചു. ആ ചിരി കേട്ടപ്പോൾ തമ്പിയുടെ മനസ്സിലെ ഭാരത്തിന് അൽപ്പം കുറവുണ്ടായി.
അജിത കുളിമുറിയിലെ വലിയ ചെമ്പുകലത്തിൽ പകർന്നുവെച്ച ചൂടുവെള്ളത്തിൽ തമ്പി കുളിച്ചു. മകൾ തനിക്കുവേണ്ടി കഷ്ടപ്പെടുന്നതിൽ അയാൾക്ക് സങ്കടം തോന്നുമായിരുന്നു. തനിക്ക് ഭക്ഷണമുണ്ടാക്കാനും ചെറിയ സഹായങ്ങൾ ചെയ്യാനുമായിട്ടാണ് അജിതയെ സുമിത്ര ഇവിടെ നിർത്തിയിരിക്കുന്നത്. അമ്മയോടൊപ്പം താമസിക്കുന്നതാണ് അവൾക്കിഷ്ടമെന്ന് തമ്പിക്ക് അറിയാമായിരുന്നു.
പല കുടുംബങ്ങളിലെയും സ്ത്രീകളും കുട്ടികളും വനഗ്രാമങ്ങളിൽനിന്ന് ബന്ധുവീടുകളിലേക്ക് താമസം മാറ്റിത്തുടങ്ങിയതോടെ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം ഏറിയിട്ടുണ്ട്. അജിതയെ ഇവിടെ നിർത്തുന്നത് അപകടമാണ്.
രാത്രി ഏഴുമണിക്ക് അജിത വിളമ്പിക്കൊടുത്ത കഞ്ഞിയും പയറുതോരനും തമ്പി സ്വാദോടെ കഴിച്ചു.
“നല്ല രുചിയുണ്ട്.”
“എല്ലാ ദിവസവും ഇതുതന്നെ പറയണം.”
തമ്പി ചിരിച്ചു. ഉമ്മറക്കോലായിൽനിന്ന് ശേഖു ഉറക്കെ കുരച്ചുതുടങ്ങി. നേരം പുലരുവോളം അവനിനി വിശ്രമമില്ല. കരിവീരന്മാർ ഉൾക്കാട്ടിൽനിന്ന് കാരക്കുന്നിലേക്ക് എത്തുന്ന സമയമാണിത്. അയൽവീടുകളിൽ പുരുഷന്മാർ മുറ്റത്ത് കരിയിലകൾ കൂട്ടിയിട്ട് കത്തിച്ച് കൂക്കുവിളിയും പാട്ടകൊട്ടലും തുടങ്ങി.
തമ്പിയും ഭക്ഷണം കഴിഞ്ഞശേഷം മുറ്റത്ത് തീ കത്തിച്ച് ഉച്ചത്തിൽ രണ്ടുതവണ കൂവി. അതിന് മറുകൂവലുണ്ടായി.
“ഇനി എത്ര രാത്രികൾ ഇങ്ങനെ കാവലിരിക്കണം?” അജിത ചോദിച്ചു.
തമ്പി തീയിലെ കനലിലേക്ക് നോക്കി.
“എണ്ണിത്തുടങ്ങിയാൽ കുറവായിരിക്കും മോളേ.”
അജിത അച്ഛനെ നോക്കി ചിരിച്ചു.
വിറകുകൾ കത്തിത്തീർന്ന് കനൽ മൂടിത്തുടങ്ങിയപ്പോൾ അയാൾ മുറ്റത്തുനിന്ന് വീടിനുള്ളിൽ കയറി വാതിലടച്ചു. നിർത്തിവെച്ച കുര ശേഖു ഉമ്മറക്കോലായിൽ വീണ്ടും തുടങ്ങി…
മുറിയിലെ കട്ടിലിൽ തമ്പി കിടന്നു. അടുക്കളയിൽനിന്ന് ഓട്ടുവിളക്കിന്റെ വെളിച്ചത്തിൽ അജിത മുറിയിൽ വന്നുനോക്കുമ്പോൾ തമ്പി ഉറങ്ങിയിരുന്നു. അയാൾക്ക് കുടിക്കാനുള്ള ചൂടുവെള്ളം നിറച്ച തൂക്കുപാത്രം അവൾ കട്ടിലിനു ചുവട്ടിൽ വെച്ചു. രാത്രിയിൽ ഏതെങ്കിലും നേരത്ത് ഉറക്കം ഞെട്ടിയുണരുമ്പോൾ തമ്പി ചൂടാറിയ വെള്ളം എടുത്തുകുടിക്കും.
അടുക്കളയോട് ചേർന്നുള്ള മുറിയിലെ നിലത്ത് അജിത പായ വിരിച്ചു. പൊടുന്നനെ അടുക്കളവാതിൽ ശക്തിയായി കുലുങ്ങി! പാത്രങ്ങൾ താഴെ വീഴുന്ന ശബ്ദം ഉയരുന്നതിനിടയിൽ അവൾ വിളക്കുമായി അച്ഛന്റെ മുറിയിലേക്ക് ഓടി.
തമ്പി ഞെട്ടിയുണർന്നിരുന്നു. അയാൾ ജനൽപ്പാളി പതിയെ തുറന്ന് പുറത്തെ നരച്ച ഇരുട്ടിലേക്ക് നോക്കി. വാഴകൾ വലിച്ചൊടിച്ച് ആനക്കൂട്ടം മുറ്റത്തേക്ക് കയറുകയാണ്. ഉമ്മറക്കോലായിൽ ശേഖുവിന്റെ പേടിനിറഞ്ഞ ഞരക്കം കേട്ടു. അവൻ കുരയ്ക്കാത്തത് ഭാഗ്യമായി അയാൾ കരുതി.
“വിളക്ക് കെടുത്ത്.”
“ആനയാണോ?”
“അതെ… ശബ്ദമുണ്ടാക്കരുത്.”
അജിത വിളക്കൂതി. ആദ്യമായാണ് ആനക്കൂട്ടം വീട്ടുമുറ്റത്ത് കയറുന്നത്. കുറച്ചുനാളുകളായി അച്ഛൻ പതിവായി ചെയ്യുന്ന തീകത്തിക്കലും കൂവലുമല്ലാതെ ആനക്കൂട്ടത്തെ തുരത്തിയോടിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ നടത്താറില്ലെന്ന് അവൾ ഓർത്തു. സ്വയം ഒഴിഞ്ഞുകൊടുക്കുന്ന പറമ്പിലെ വിളകൾ ആനകൾ നശിപ്പിച്ചാൽ ഒന്നും നഷ്ടപ്പെടാനില്ല എന്ന ഭാവമാണ് അച്ഛന്.
അടുക്കളവശത്തെ പച്ചക്കറിത്തടത്തിനരികിൽ വളർന്നിരുന്ന കരിമ്പുകൾ കുട്ടിയാനകൾ തിന്നുകൊണ്ടിരുന്നു. അവയുടെ പിടിവലിയിൽ ശരീരമിടിച്ച് അടുക്കളവാതിലും ഭിത്തിയും കുലുങ്ങുന്നുണ്ടായിരുന്നു. ശബ്ദമുണ്ടാക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് തമ്പിക്ക് തോന്നി.
അയൽവക്കത്തെ പുരകളിൽനിന്ന് പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഭയന്ന് ആനക്കൂട്ടം തൊടിയിൽ ചുറ്റിത്തിരിയുകയാണ്. കൂട്ടമായി നടക്കുന്ന ആനകൾ ഒരിടത്ത് സ്ഥിരമായി തങ്ങാറില്ല. മുൻപിൽ കാണുന്നതെല്ലാം ചവിട്ടിമെതിച്ച് അവ നടന്നുകൊണ്ടിരിക്കും.
മോഴയാനയെയാണ് കാരക്കുന്നിലുള്ളവർക്ക് പേടി. വയറ്റിൽ പുഴുവരിച്ച വ്രണവുമായി വേദന തിന്നു ചുറ്റിത്തിരിയുന്ന മോഴ മൂന്നു പേരെയാണ് ഒരു വർഷത്തിനുള്ളിൽ കൊലപ്പെടുത്തിയത്. ഉൾക്കാടുകളിൽനിന്ന് വരുന്ന കടുവയും പുലിയുമെല്ലാം മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായിട്ട് കാലമേറെയായി.
‘എല്ലാത്തിനും അവസാനം വന്നിരിക്കുന്നു,’ തമ്പി ദീർഘനിശ്വാസത്തോടെ ഓർത്തു. കാലങ്ങളായി മനുഷ്യർ താമസിച്ചുവന്ന കാരക്കുന്ന് വനഗ്രാമം കാടിന് വിട്ടുകൊടുത്ത് സ്വയം ഒഴിഞ്ഞുപോകുന്നതോടെ ആനക്കൂട്ടത്തിന്റെ വികൃതികൾ ഇനി ഒരിക്കലും പേടിക്കേണ്ടിവരില്ല.
കരിവീരന്മാർ പറമ്പിലൂടെ വയലോരത്തേക്ക് നീങ്ങി. ശേഖു കുരച്ചുകൊണ്ട് കുറച്ചുദൂരം അവയെ പിന്തുടർന്നു. മറ്റേതോ മൃഗത്തിന്റെ ചൂര് കിട്ടിയതുകൊണ്ടാവണം അവൻ വാൽ താഴ്ത്തി ഓടിവന്ന് ഉമ്മറക്കോലായിൽ പതുങ്ങി.
അജിത പതുക്കെ ചോദിച്ചു:
“അച്ഛാ… നമ്മൾ പോകുന്നതാണ് നല്ലത്, അല്ലേ?”
തമ്പി അവളെ നോക്കി.
“അതെ മോളേ.”
അടുത്ത ദിവസങ്ങളിൽ കാരക്കുന്നിലെ വീടുകൾ ഓരോന്നായി ഒഴിഞ്ഞുതുടങ്ങി. ആരുടെയും വീട്ടിൽ അധികം സാധനങ്ങൾ ഉണ്ടായിരുന്നില്ല. പഴയ പാത്രങ്ങൾ, കട്ടിലുകൾ, കുട്ടികളുടെ പുസ്തകങ്ങൾ, അലമാരയിൽ കെട്ടിവെച്ചിരുന്ന പഴയ വസ്ത്രങ്ങൾ…
മനുഷ്യജീവിതത്തിന്റെ ചെറിയ അടയാളങ്ങൾ മാത്രം വീടുകളുടെ പടിയിറങ്ങി.
ജെസ്സി ടീച്ചർ എല്ലാവരോടും പറഞ്ഞു:
“ആർക്കെങ്കിലും എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണം കേട്ടോ.”
രമേശൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
“ഇനി സഹായിക്കാനൊന്നും ബാക്കിയില്ല ടീച്ചറെ. വീടിന്റെ ഉരുപ്പടികളൊക്കെ അഴിച്ചെടുത്തുകൊണ്ടുപോയി. ബാക്കിയുള്ള വീടുകളും പറമ്പും കാടിന് വിട്ടുകൊടുത്തല്ലോ.”
തമ്പി അവനെ നോക്കി:
“വീടുകളും പറമ്പുകളും മാത്രമല്ല…”
“പിന്നെ?”
“നമ്മുടെ ഓർമ്മകളും ഇവിടെത്തന്നെ കിടക്കും.”
ആരും ചിരിച്ചില്ല.
കാരക്കുന്ന് നിവാസികൾ ഒഴിഞ്ഞുപോകുന്ന അവസാനദിവസമായിരുന്നു അത്. ചുമട്ടുകാർ സാധനങ്ങളുമായി തടിപ്പാലം കടന്നു. തമ്പി ഒരിക്കൽ കൂടി തന്റെ വീടിനെ നോക്കി. ജീവിതത്തിന്റെ വലിയൊരു ഭാഗം അവിടെയാണ് കഴിഞ്ഞുപോയത്. ആ വീട് പൊളിച്ചെടുക്കാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. മണ്ണൂർക്കരയിൽ പുതിയ വീട് ഉയരുന്നതുവരെ മൂലവയലിൽ മകനോടൊപ്പം താമസിക്കാനാണ് തീരുമാനം.
കാരക്കുന്നിലെ അവസാനത്തെ വീടിന്റെ വാതിലും അടഞ്ഞു.
അയാൾ പതുക്കെ നടന്നു. അജിത പിന്നാലെയുണ്ടായിരുന്നു. അവൾക്കു പുറകെ ശേഖുവും. അവനും പോകാതിരിക്കാനാവില്ലല്ലോ!
അകലെ തേക്കുമരത്തിലിരുന്ന് ഒരു വേഴാമ്പൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. അജിത തിരിഞ്ഞുനോക്കി.
“അത് എന്തിനാണ് ഇങ്ങനെ വിളിക്കുന്നത്?”
തമ്പി കാടിന്റെ ഭാഗത്തേക്ക് നോക്കി പറഞ്ഞു:
“നമ്മൾ പോയെന്ന് കാടിനോട് പറയുന്നതായിരിക്കും…”
അവർ മുന്നോട്ടു നടന്നു. മനുഷ്യരുടെ ശബ്ദമില്ലാത്ത കാരക്കുന്ന് പതുക്കെ കാടിന്റെ ശബ്ദങ്ങളിൽ ലയിച്ചുചേർന്നു.














