ഹാലോ പ്രഭാവം

ആരെക്കൊണ്ട് പറ്റും…?

സതീഷേ എനിക്കിപ്പോ അറിയണം. എത്ര പോലീസുകാരൊണ്ടിവിടെ. ആരെക്കൊണ്ടും പറ്റില്ലെന്നു പറഞ്ഞാൽ.. എസ് ഐ ഗംഗാധരൻ എ എസ് ഐ സതീഷിനോട് കയർത്തു.

സാറെ അവന്മാരൊക്കെ മുണ്ടും ഷർട്ടും കേറ്റിട്ടാ വീട്ടിന്നു തന്നെ വന്നേക്കണേ.

എന്നാ സതീഷ് ആയിക്കോ. തനിക്കാകുമ്പോ അതിണങ്ങും. സതീഷിന്റെ പൊക്കിൾ ഭാഗത്ത് ചെറുതായി എത്തിനോക്കുന്ന വെള്ള അടിക്കുപ്പായത്തെ നോക്കി എസ് ഐ പറഞ്ഞു.

എന്റെ സാറെ.. ബാഗില് ഭാര്യ വാങ്ങി തന്ന മുണ്ടും ഷർട്ടുമാ ഇരിക്കുന്നെ. അതിട്ട ഒരു ഫോട്ടോ പോലുമില്ലേൽ എനിക്കങ്ങോട്ട് കേറാനൊക്കത്തില്ല.

താൻ കേറണ്ട. ഇവിടെ കെടന്നോ. എനിക്ക് കാര്യം നടക്കണം അത്രേ ഒള്ളൂ. സതീഷ് ചെല്ല്.

ചെറിയ നീരസത്തോടെ സതീഷ് തന്റെ കസേരയിൽ വന്നിരുന്നു.

എന്താ സാറെ.. ഓണമായിട്ടും കോളാണോ രാവിലെ. റൈട്ടർ സൂരജ് കാര്യം തിരക്കി.

എന്റെ പൊന്നു സൂരജ് സാറെ പുള്ളി ഇപ്പൊ പറയുവാ മാവേലി ഞാനാകണന്നു. നിങ്ങളൊക്കെ വീട്ടിന്നു തന്നെ ഒരുങ്ങി വന്നു നമ്മക്കിട്ട് പണി തന്നല്ലോ. സതീഷ് സൂരജിന്റെ മെറൂൺ ഷർട്ടിൽ തിളങ്ങി നിൽക്കുന്ന കഥകളിത്തലയെ നോക്കി പറഞ്ഞു.

അത് സാറേ ഇതിട്ട് ഒരു ഫോട്ടോ എടുക്കണന്ന്‌ വൈഫ്‌ പറഞ്ഞപ്പോ…

ഒ.. അപ്പൊ തന്റെ ഫോട്ടോ എടുപ്പൊക്കെ കഴിഞ്ഞോ. എന്നാ താനായിക്കോ..

സാറേ അതെന്നാ വർത്താനാ പറയണേ.. എന്നെക്കൊണ്ടെങ്ങും പറ്റൂല്ല. ഇത്രോം ഒരുങ്ങിക്കെട്ടി വന്നിട്ട്. സാറും ആകാൻ നിക്കണ്ട . നമുക്കെന്തേലും വഴി കാണാം

എന്നാ താനെന്തെങ്കിലും പെട്ടന്നൊണ്ടാക്ക്.

നിക്ക് സാറേ ഞാനൊന്നാലോചിക്കട്ടെ. സൂരജ് തന്റെ കഷണ്ടിത്തലയിൽ കൈവിരൽകൊണ്ട് ചെറുതായൊന്നു കോറി.

പോലീസുകാരെ മാറ്റി നിർത്തി അവിടെ നിയമസഹായം തേടി വന്നവരെയും, പ്രതികളകാൻ സാധ്യതയുള്ളവരെയുമാണ് സൂരജിന്റെ അകക്കണ്ണ് തിരഞ്ഞത്. അതിൽ കൂമ്പ വീർത്തവരെ പ്രത്യേകം നോക്കി.

സാറേ….

പെട്ടെന്നുണ്ടായ ഒരു കണ്ടെത്തലിൽ നിന്നാകണം സൂരജ് നീട്ടി വിളിച്ചു.

ഒച്ച ഇഷ്ടമല്ലാത്ത ആളാണ് സതീഷ്. അത് പോലീസായാലും പ്രതിയായാലും. പക്ഷെ സാഹചര്യ സമ്മർദ്ദം ആ ഒച്ചയ്ക്ക് ഒരാകാംഷയുടെ രൂപം നൽകി.

എന്തായി സാറെ കിട്ടിയോ…?സതീഷ് തിരക്കി.

സാറെ നമ്മടെ ലോക്കപ്പിലൊരുത്തനില്ലേ.

അവനാകുമ്പോ കൊറച്ചു തടിയൊക്കെയൊണ്ട്.

ആര്..? ആ തമിഴനോ…

എന്റെ സൂരജ് സാറെ. പണി വാങ്ങിച്ചു തരുവോ താൻ… മലയാളമെന്നെങ്കിലും അക്ഷരം തെറ്റാതെ പറയാൻ പറ്റണ്ടേ…? പോരാത്തതിന് കറുപ്പും.

എന്റെ പൊന്നു സാറെ. മഹാബലീടെ നെറമെന്താ.

കറുപ്പാ, അസുരനാ പുള്ളി. പിന്നെ അല്ലെ വല്യ പുണ്യാളൻ ആയത്.

ആ എനിക്കറിയില്ല.. എന്തായാലും ഇത്രോം കറുപ്പില്ല. ഏറ്റവും പ്രശ്നം അവന്റെ ഭാഷയാ.

എന്റെ പൊന്നു സാറെ ഈ ടീവിക്കൂടെ അല്ലാണ്ടേതേലും മഹാബലി സംസാരിക്കണ സാറ് കണ്ടിട്ടുണ്ടോ.ശരീര ഭാഷ മതി. പിന്നെക്കുറച്ചു കറുപ്പൊക്കെ നമുക്ക് മേക്കപ്പിൽ കൊറയ്ക്കാം.

ഇപ്പൊ സാർ ചെയ്യേണ്ടത് ആ എസ് ഐ സാറിനെക്കൊണ്ട് സമ്മതിപ്പിക്കുവാ.

വൈകുന്നേരം മാജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ട പ്രതിയാ. എന്റെ പൊന്നു സതീഷേ താൻ പണി വാങ്ങി തരുവോ. മോഷണക്കേസിലെ പ്രതിയാ അവൻ. നമ്മടെ ഓണക്കളിക്കിടയ്ക്ക് അവനെങ്ങാനും ഓടിപ്പോയാ… ആരുത്തരം പറയും?
റിസ്ക് നിങ്ങള് ഏറ്റെടുത്തോണം.. ആ ഒറപ്പുണ്ടേൽ എന്നാന്നു വച്ചാ ആയിക്കോ.

ഗംഗാധരൻ സാർ തറപ്പിച്ചു പറഞ്ഞു.

സതീഷ് എല്ലാത്തിനും തലയാട്ടി.

സതീഷ് സൂരജിനേം കൂട്ടി ലോക്കപ്പിലേക്കു നീങ്ങി.

സൂരജ് ലോക്കപ്പ് തുറന്നു.

ഡാ വേലപ്പാ എണീക്ക്. ഇരുട്ടത്ത് ഒരു മൂലയിൽ നിന്നും പണിപ്പെട്ട് എഴുന്നേറ്റ് വേലപ്പൻ വെളിച്ചത്തേക്ക് നീങ്ങി നിന്നു.

നീല കള്ളിമുണ്ടും കയ്യില്ലാത്ത കരിപ്പപച്ച ബനിയനുമാണ് വേഷം.മുണ്ട് തമിഴ്നാട് രീതിയിൽ മടക്കിക്കുത്തിയിരിക്കുന്നു. രോമമില്ലാത്ത ആ കാൽപ്പാദം മുതൽ ബലിഷ്ടമായ മുകൾഭാഗം വരെയുള്ള ആ കറുത്ത രൂപത്തിലൊരു കിരീടത്തെ സങ്കൽപ്പിക്കാൻ പോലും സതീഷിന് കഴിഞ്ഞില്ല.

സാറെ.. സാറപ്പുറത്തെക്കു ചെല്ല്. എന്നിട്ട് ഏതേലും ഒരു പിസീനെ ഇങ്ങോട്ട് വിട്. ഇവനെ നമുക്കൊന്ന് കുളിപ്പിച്ചെടുക്കണ്ടേ. സൂരജ് പറഞ്ഞു.

ശരി..

ഒരു തൃപ്തിയില്ലായ്‌മ പോലെ സതീഷ് പോയി.

വേലപ്പൻ കുളിച്ചിറങ്ങി.

ഏതുക്ക് സാർ ഇതെല്ലാ? നീതീമന്ദ്രത്തിൽ ഇപ്പവേയ…

ഒന്ന് മിണ്ടാതിരിക്കട അണ്ണാച്ചി. അവന്റെ ഒരു നീതീമന്ദ്രo…

ഇനിയൊള്ള ഒരു മൂന്നാല് മണിക്കൂറിൽ നീയൊരു രാജ…

രാജാവാ…യേത് രാജ സാർ.

അതിവിടെ പണ്ട് ഭരിച്ച രാജാവാ. പേര് മഹാബലി. നിന്റെ നേരെ ഓപ്പോസിറ്റാ. കള്ളവും ചതിയും ഒന്നും പാടില്ലെന്ന പുള്ളീടെ കാലത്തൊണ്ടായിരുന്ന നീതി. മനസ്സിലായോ.
ഡാ… തിരുടൽ ഒന്നും ഇന്ത രാജാക്ക് പുടിക്കാത്.

വേലപ്പൻ തലകുനിച്ചിരുന്നതേയുള്ളൂ.

ചെല്ല് ചെല്ല്. ദേ ഈ വേഷങ്ങളെല്ലാം ഇട്ടു വാ.

സാർ ഇത് തേവയാ സാർ? നാനേ ഒരു പൊറുക്കി പയല്.

ഡാ ഇതൊരവസരമല്ലേ…. മൂന്നു മണിക്കൂറെങ്കി മൂന്ന് മണിക്കൂർ… നീ രാജാവാ.. നിനക്ക് കിട്ടുന്ന പരിഗണന വേറാർക്കും ഒണ്ടാവില്ല. നീ തന്നെ നേരിട്ട് അനുഭവിച്ചു പാറ്.

സൂരജിന്റെ മലയാളം കലർത്തിയ തമിഴിൽ നിന്ന് കൂടുതലൊന്നും മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും താൻ ഈ വേഷം ധരിക്കേണ്ടവനാണെന്നു വേലപ്പന് മനസിലായി.

പതിനഞ്ചിരുപത് മിനിട്ടുകൊണ്ട് വേലപ്പൻ ഒരുങ്ങിയിറങ്ങി.

സൂരജ് ഞെട്ടിപ്പോയി. അമ്പരന്നത് സതീഷും എസ് ഐ ഗംഗാധരനുമായിരുന്നു. യാതൊരു മേക്കപ്പുമില്ലാതെ വേലപ്പൻ ആ വേഷത്തിൽ തിളങ്ങി നിന്നു. അസുരമീശ മുകളിലേക്കുയർന്നിരുന്നു..

മേളക്കാർ സ്റ്റേഷന് പുറത്തണിനിരന്നു. വേലപ്പൻ മുന്നിൽ ഒലക്കുട പിടിച്ചിറങ്ങി. പിന്നാലെ പോലീസുകാരും. ആദ്യമായി ഭൂമിയുടെ തരിപ്പ് അനുഭവിക്കാത്ത വേലപ്പന്റെ കാൽപ്പാദങ്ങൾ ആ കെട്ടുവള്ളം കണക്കുള്ള ഷൂവിൽ ആവിച്ചിരുന്നു.

സ്റ്റേഷന് മുൻപിലെ മേളത്തിനും ആർപ്പോ വിളിക്കും ശേഷം അവർ നിരത്തിലേക്കിറങ്ങി. അവിടെയുള്ള ബസ് സ്റ്റാൻഡ് കറങ്ങി വരാനായിരുന്നു തീരുമാനം.

ദേ അമ്മേ മാവേലി…

നിരത്തിനോരത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും ഒരു കുട്ടിയുടെ ഒച്ച.

ആരും പറഞ്ഞുകൊടുക്കാതെ തന്നെ വേലപ്പൻ തന്റെ കൈകൾ പൊക്കി അവരെ ആശിർവദിച്ചു.

നിരത്തുകളിലെ കാഴ്ചകൾ ഓരോന്നായി മാറി മറിയുന്നതിനൊപ്പം വേലപ്പനും മാറുന്നത് പോലീസുകാർ ശ്രദ്ധിച്ചു. ഒന്നും പറഞ്ഞുകൊടുക്കാതെ തന്നെ അവൻ വേണ്ട കാര്യങ്ങൾ വേണ്ട രീതിയിൽ തന്നെ ചെയ്തു. ബസ് സ്റ്റാൻഡിലേക്ക് കയറാൻ തുടങ്ങിയപ്പോൾ വേലപ്പനൊന്ന് ശങ്കിച്ചു. അവന്റെ കാലുകൾ പിന്നോട്ടാഞ്ഞു. തലേദിവസത്തെ മുറിവുകൾ മനസ്സിൽ നിന്ന് മാഞ്ഞിരുന്നില്ല.

ഭക്ഷണം കഴിക്കാത്ത മൂന്നാല് ദിവസങ്ങൾ. ഇത്രയും ദിവസം തന്റെയും ഭാര്യയുടെയും ഭാഗം മക്കൾക്ക് വീതിച്ചിരുന്നു. അന്നതുമില്ലായിരുന്നു.സ്റ്റാൻഡിലെ ഹോട്ടലിൽ പണിയെടുത്തു കൊടുക്കാം, ഭക്ഷണം മാത്രം മതിയെന്ന് പറഞ്ഞിട്ടും ആട്ടിപ്പായിച്ചു.

ഇവനെ ഒക്കെ എങ്ങനെ വിശ്വസിക്കും? ഹോട്ടൽ മുതലാളീടെ വാക്കുകൾ പൊള്ളിക്കുന്നതായിരുന്നു. മേശയിൽ ഒരുക്കി വച്ചവിഭവങ്ങൾ നോക്കി പുറത്തിരുന്നു. ആരേലും വന്നാൽ, എന്തെങ്കിലും അലിവ് തോന്നിയാൽ..

ആരും വന്നില്ല. മേശയിൽ വിഭവങ്ങൾ മാറി മാറി നിറഞ്ഞുകൊണ്ടിരുന്നു. കഴിച്ചതിനേക്കാൾ കൂടുതൽ ഉപേക്ഷിക്കുന്നവർ. അത് വരെ മനസിലില്ലാത്തത് പെട്ടെന്ന് വന്നു..

കക്കുക.. പുറത്തേക്കിറങ്ങിയ ഒരാളുടെ പേഴ്‌സ് എടുത്ത് ഓടി. പരിചയക്കുറവായിരിക്കാം.ബസ്റ്റാന്റ് വിട്ടോടാൻ കഴിഞ്ഞില്ല. എല്ലാവരും ശരിക്ക് പെരുമാറി.

നിനക്കെന്നാ പറ്റിയെ. നീ ഇന്നലെ കണ്ട ബസ്റ്റാന്റല്ലിത്. അപ്പൊ കണ്ട ആളുകളുമല്ല. ആ ആളുമല്ല നീയും.. സൂരജ് വേലപ്പന്റെ കൈ പിടിച്ചു മുന്നിൽ നിർത്തി.

വേലപ്പൻ കൈയ്യുയർത്തി എല്ലാവരെയും ആശിർവദിച്ചു. ഇന്നലെ കണ്ട എല്ലാ രൂപങ്ങളും അവനെ വണങ്ങി. അപ്പോൾ ഈർഷയോടെ നോക്കിയ ഹോട്ടൽ മുതലാളി പോലും അവനു നേരെ കൈ കൂപ്പി പുഞ്ചിരിച്ചു നിന്നു.

എല്ലാവരും വ്യത്യസ്ത നിറങ്ങളിലുള്ള വേഷങ്ങൾ ധരിച്ചിരുന്നു. വേലപ്പന് പരിചയമുള്ള, അവന്റെ ചേരിയിലുള്ള ചില ആളുകൾക്ക് മാത്രം മാറ്റങ്ങളുണ്ടായിരുന്നില്ല. അവരുടെ വസ്ത്രങ്ങളിൽ അഴുക്ക് നിറഞ്ഞിരുന്നു. അവർ ബസ്സ്റ്റാൻഡിന്റെ ഒരു മൂലയിൽ ഒറ്റപ്പെട്ടിരുന്നു.

നീ എങ്ങോട്ടാ ഈ പോണേ. നമ്മുക്ക് പ്രഥമൻ കൂട്ടി സദ്യ കഴിക്കണ്ടേ… ഈ ഹോട്ടലിലെ ഊണാ പറഞ്ഞേക്കണേ.

അവരുടെ നേർക്കു തിരിഞ്ഞ വേലപ്പനെ റൈട്ടർ സൂരജ് തിരിച്ചു വിളിച്ചു…

വേലപ്പൻ തിരിഞ്ഞു നടന്നു. മേളം മുറുകി. ആശിർവാദങ്ങളുടെയും, ആർപ്പോയുടെയും തിരക്കിനിടയിൽ വേലപ്പൻ സൂരജിനോടു മാത്രമായൊരു കാര്യം തിരക്കി.

സാർ എന്നെ മുഴുസാ പാക്കറുതുക്കു എനക്കൊരു കണ്ണാടി തേവേ സാർ..

അതിനെ ശരിവച്ചപോലെ മേളങ്ങളുടെ ഇടയിൽ സൂരജിന്റെ തല കുലുങ്ങിക്കൊണ്ടിരുന്നു.

എറണാകുളം ജില്ലയിൽ, തൊട്ടൂർ സ്വദേശി. ഒരു സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു