പാപ്പനും പന്നിയും

കാട്ടുപന്നി വീണ്ടും കാടിറങ്ങി . മണ്ണിലെന്തോ കളഞ്ഞു പോയത് കണ്ടെടുക്കാനെന്ന പോലെ പാമ്പിന്‍പൊത്ത് മൂക്കും വീര്‍പ്പിച്ച് അത് മണത്ത് മണത്ത്  നടന്നുവന്നു. 

നിലാവ് വെളിച്ചം കാണിച്ച വഴികളിലൂടെ ചില കള്ളന്‍മാരും തങ്ങളുടെ കൃത്യനിര്‍വ്വഹണത്തിനായി ഇറങ്ങിയ സമയമായിരുന്നു. മലയിറങ്ങി ജീപ്പ് റോഡിലൂടെ നടന്നു വന്ന ഒരു കള്ളനെ പൊന്തക്കാട്ടിലൊളിച്ചു നിന്ന പന്നി കണ്ടു. 

മേലാകെ എണ്ണയിട്ട് കറുത്ത് തടിച്ച കള്ളനെ കണ്ട് പന്നിക്ക് ചിരിപൊട്ടി. നാട്ടുകാരും പോലീസും കണ്ടുപിടിച്ചാല്‍ കുടവയറുള്ള ഇവനൊക്കെ എങ്ങിനെ ഓടി രക്ഷപ്പെടുമെന്നോര്‍ത്തായിരുന്നു ആ ചിരി.  

ഉയരം കുറഞ്ഞ ശരീരവും വേഗം ഓടി മറയാന്‍ പാകത്തിന് നീളന്‍ വയറും ശരീരവടിവും  ഒപ്പം ആരുടെ മുന്നിലും തല ഉയര്‍ത്താതെ എളിമയൊടെ നില്‍ക്കാനുള്ള സംസ്‌കാരവും മര്യാദയും  പന്നി തൻ്റെ വംശാവലിയെ ഓർത്ത് അഭിമാനിച്ചു ,അഹങ്കരിച്ചു.  പാപ്പന്റെ വാഴത്തോപ്പാണ് പരമമായ ലക്ഷ്യം. ഇന്നത്തെ മണ്ണ് പര്യവേക്ഷണം നടത്താനുള്ള പദ്ധതിയും തന്ത്രവും ആലോചിച്ച് പന്നി നടന്നു. രാവേറെ ചെല്ലും മുമ്പ് പണി തുടങ്ങിയാലെ വെളുക്കുമ്പോഴേക്കും പത്ത് മുപ്പത് വാഴയെങ്കിലും മറിച്ചിടാനാകു. അല്ലെങ്കില്‍ ഒരു നൂറു കപ്പച്ചുവട്.  

രാത്രിയില്‍ കണ്ണിലെണ്ണയുമൊഴിച്ച് പാപ്പന്‍ കോര ഇരിക്കുന്ന പുരയിടത്തിലേക്ക് പോയാല്‍ അവന്റെ ഇരട്ടക്കുഴല്‍ തുപ്പാക്കിയില്‍ നിന്നും തീ ചീറ്റും. രണ്ട് വട്ടം രക്ഷപ്പെട്ടത് മുടിനാരിഴയ്ക്കാണ്. 

പാതിരാക്കോഴി കൂവിക്കഴിഞ്ഞാൽ  കാടും മലയുമിറങ്ങിയുള്ള പണി തുടങ്ങുകയായി… ആരുടേയും കണ്ണില്‍പ്പെടാതെ ഇരതേടാനുള്ള വൈഭവമാണ് പന്നികളുടെ അതിജീവനത്തിൻ്റെ രഹസും. 

ഇരട്ടക്കുഴല്‍ തോക്കുമായി തനിക്ക് നേരെ വെടിവെയ്ക്കാനിരിക്കുന്ന പാപ്പന്‍ കോരയെ കുറിച്ച് ഓര്‍ത്തപ്പോള്‍ തന്നെ പന്നിക്ക് പകകൊണ്ട് അടിമുടി വിറ വന്നു. നല്ല നിലാവത്ത് പോലും തന്റെ കറുത്ത രൂപം കാണാന്‍ കഴിയില്ല. പിന്നെയെങ്ങിനെ ഈ പന്നിക്കൊക്കെ ഉന്നം നോക്കി വെടിവെയ്ക്കാനുള്ള കാഴ്ച ഈ പ്രായത്തിലും കിട്ടുന്നുവെന്നോര്‍ത്ത് പന്നി ആശ്ചര്യപ്പെട്ടു. 

പാപ്പന്റെ കണ്‍വെട്ടത്ത് പെട്ട അന്ന്  രണ്ടു മൂന്നുവട്ടം വെടിയൊച്ച കേട്ടെങ്കിലും  ഉണ്ടകള്‍ ഏതോ വഴിക്കു പാഞ്ഞുപോയി. പടുകിളവനായ പാപ്പന് കുറിക്കുകൊള്ളുന്ന ഉന്നം കൂടി ഉണ്ടായിരുന്നെങ്കില്‍ വാഴയ്ക്ക് കുത്തിയ കുഴിയിലെ മണ്ണിനൊപ്പം താന്‍ അലിഞ്ഞുചേര്‍ന്നേനേ.. വെടികൊണ്ട പന്നി മരണവെപ്രാളത്തോടെ ഓടുന്ന ഓട്ടം… പാപ്പന്റെ ജന്മലക്ഷൃം അതുമാത്രമാണ്. വാഴയും കപ്പയും മാത്രമല്ല, പാപ്പന്റെ കുഴിമാടവും കുത്തിയിളക്കണം , പന്നി തന്റെ മനസ്സില്‍ കുറിച്ചിട്ടു..

പാപ്പന്റെ വംശാവലിയും പന്നികളുമായുള്ള പോരാട്ടത്തിന് ആയിരത്താണ്ടുകളുടെ പഴക്കമുണ്ട്. പക പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്നത് പല തലമുറകളിലൂടെയാണ്. പാപ്പന്റെ അപ്പനും അപ്പാപ്പനും അയാളുടെ അപ്പനുമെല്ലാം പാപ്പന്‍ എന്ന പേര് ആദ്യം ചേര്‍ക്കുന്ന പതിവുള്ളരാണ്. പാപ്പന്‍ പൈലി, പാപ്പന്‍ വറീത്, പാപ്പന്‍ വര്‍ക്കി … അങ്ങിനെ പോകുന്നു അവരുടെ തലമുറ. 

പന്നിക്കും പലതലമുറകളുടെ പാരമ്പര്യമുണ്ട്. അതിജീവന പോരാട്ടത്തിനിടെ കുടുംബ ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെന്ന് മാത്രം. കാടുകയറി വന്നവര്‍ വെട്ടിപ്പിടിച്ച് വിളഭൂമിയാക്കിയതിനെതിരെയുള്ള പോരാട്ടമാണ് തങ്ങളുടേതെന്ന് പന്നി അവകാശവാദമുന്നയിക്കുമ്പോള്‍, നിലനില്‍പ്പിനായുള്ള ശ്രമമാണ് തങ്ങളെന്ന് പാപ്പനും പറയുന്നു. 

നിലാവ് കായാനല്ല, കപ്പയോ വാഴയോ കുത്തിമറിക്കാനാണ് താന്‍ വന്നതെന്ന് പന്നി സ്വയം ഓര്‍മിപ്പിച്ചു. വഴിയില്‍ ഇരുട്ടുവീണ ഇടങ്ങളിലൂടെ പാപ്പന്റെ പുരയിടം ലക്ഷ്യമാക്കിയുള്ള മുന്നേറ്റം. അയാള്‍ മയങ്ങിയിട്ടില്ലെങ്കില്‍ മറ്റേതെങ്കിലും കൃഷിയിടം. മൂടും കൂമ്പും കുത്തിമറിക്കാനുള്ള ആവേശം തേറ്റയുടെ മൂട്ടിലെത്തി മുട്ടിനില്‍ക്കുന്നു..

പതിനെട്ടടവുകളും പയറ്റിക്കഴിഞ്ഞ പാപ്പന്‍ പന്നിയെ പിടിക്കാന്‍ അടുത്ത മാര്‍ഗം തേടുകയായിരുന്നു. വിദേശത്ത് നിന്നും മരുമകന്‍ വന്നപ്പോള്‍ കൊണ്ടുവന്നു തന്ന ചൈനീസ് ലൈറ്റ് പന്നിയെ തുരത്താനുള്ള പരിഹാരമാണ്. ചൈനയിലെ പല പ്രവിശ്യകളിലും ഇത് ഉപയോഗിച്ച കര്‍ഷകര്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടത്രെ. 

പലവിധത്തിലുള്ള ലൈറ്റുകള്‍ തെളിഞ്ഞും മറഞ്ഞും കത്തുമ്പോള്‍ പന്നികള്‍ വിളകള്‍ക്കടുത്തേക്ക് വരാനാകാതെ ഭയന്നോടുമെന്നായിരുന്നു ചൈനീസ് മാധ്യമങ്ങള്‍ എഴുതിയതെന്ന് മരുമകന്‍ പറഞ്ഞു. 

വാഴത്തോപ്പില്‍ ചൈനീസ് ലൈറ്റുകള്‍ വൈകീട്ടോടെ പിടിപ്പിച്ചിരുന്നു. അത്താഴം കഴിഞ്ഞ പാപ്പന്‍ ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ഏറുമാടത്തിലേക്ക് പൂവന്‍പഴം വാറ്റിയതും കോഴിപൊരിച്ചതുമായാണ് അയാള്‍ എത്തിയത്. 

ദുബായി ഡ്യൂട്ടി ഫ്രീയില്‍ നിന്നും വാങ്ങിച്ച ജാക് ഡാനിയലിന്റെ പ്രീമിയം കുപ്പി  മരുമകന്‍ പാപ്പന് നേര്‍ക്ക് നീട്ടി. വാഴപ്പഴ വാറ്റാണ് തനിക്ക് പഥ്യമെന്ന് പാപ്പന്‍ പറഞ്ഞു. പക്ഷേ, അവന്റെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടും കൂടി മിക്‌സ് ചെയ്തുള്ള ഒരു കോക് ടെയില്‍ തയ്യാറായി. 

ചൈനീസ് ലൈറ്റുകള്‍ വാഴത്തോപ്പിലാകെ പലവര്‍ണങ്ങള്‍ വാരിവിതറുന്നത് ഏറുമാടത്തിലിരുന്ന് കോക് ടെയിലിനൊപ്പം പാപ്പന്‍ ആസ്വദിച്ചു. 

നിലാവെട്ടമല്ലാതെ പതിവില്ലാതെ വാഴത്തോപ്പില്‍ വര്‍ണവെളിച്ചം കണ്ട് അമ്പരന്ന പന്നി സ്വയം ചോദിച്ചു- ഇതെന്താണ് വാഴത്തോപ്പ് പൂരമോ.. 

ലൈറ്റുകളുടെ നൃത്തം ദൂരെ മാറിനിന്ന് പന്നിയും ആസ്വദിച്ചു. ലഹരിയുടെ വീര്യത്തിനു മുന്നില്‍ അടിയറവ് പറഞ്ഞ് പാപ്പന്‍ മയങ്ങിയ നേരത്ത്, വാഴത്തോപ്പിലെ ലൈറ്റുകള്‍ക്കൊപ്പം ഡിസ്‌കോ കളിക്കുകയായിരുന്നു പന്നി.

രാവിലെ കാക്കളുടെ നിലവിളികേട്ടുണര്‍ന്ന പാപ്പന്‍ കണ്ടത് പത്തോളം വാഴകളുടെ കൂമ്പിളക്കിയിട്ടിരിക്കുന്നതാണ്.  മുക്കാല്‍ ഭാഗവും കുടിച്ചു തീര്‍ത്ത ജാക് ഡാനിയലിന്റെ കുപ്പിയും പഴവാറ്റിന്റെ കുപ്പിയും ആകാശത്തേക്ക് വലിച്ചെറിഞ്ഞ ശേഷം തന്റെ ഇരട്ടക്കുഴല്‍ തോക്ക് തോളിനോട് ചേര്‍ത്ത് വെച്ച് പാപ്പന്‍ അലറിവിളിച്ച് കാഞ്ചി വലിച്ചു. ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖിന്റെ സ്‌കഡ് മിസൈലും അമേരിക്കയുടെ പാട്രിയറ്റ് മിസൈലും തമ്മില്‍ കൂട്ടിയിടിച്ച് തകര്‍ന്നതു പോലെ രണ്ട് വെടിയുണ്ടകള്‍ പാഞ്ഞുപോയി കുപ്പികളെ ആകാശമദ്ധ്യത്തില്‍ വെച്ച് തകര്‍ത്തുതരിപ്പണമാക്കി. 

തേറ്റകളില്‍ വാഴപ്പിണ്ടിയുടെ തൊലിപ്പറ്റിപ്പിടിച്ചതുമായി എവിടെയോ കിടന്നുറങ്ങുകയായിരുന്ന പന്നി ആ സമയം വലിയവായില്‍ കൂര്‍ക്കം നീട്ടി വലിക്കുന്നുണ്ടായിരുന്നു. 

സംഭവമറിഞ്ഞ മരുമകന്‍ പന്നിയെ തുരത്താനുള്ള വീഡിയോകള്‍ക്കായി യുട്യൂബിലാകെ തിരഞ്ഞു. കര്‍ഷകചങ്ങാതി എന്ന വ്‌ളോഗറിന്റെ ചാനലില്‍ എഴുതിയത് അവന്‍ വായിച്ചു.  പൊളപ്പന്‍ തുണി വിരിക്കു.. പറക്കും പന്നികള്‍.

ഉമിക്കരി കൊണ്ട് പല്ലു തേയ്ക്കുകയാരിന്ന പാപ്പനെ വിളിച്ചു കൊണ്ടുപോയി അവന്‍ വീഡിയോ കാണിച്ചു. വാഴത്തോപ്പിനു ചുറ്റിനുമുള്ള കമ്പിവേലിയില്‍ വെളുത്ത തുണി നീളത്തില്‍ ചുറ്റി മറയ്ക്കുക. രാത്രിയില്‍ പന്നികള്‍ എത്തുമ്പോള്‍ വെളുത്ത തുണിയില്‍ നിന്നുള്ള പ്രതിഫലനം കണ്ട് അവ ഭയന്ന് ഓടും. 

ഒന്നര മില്യണ്‍ വ്യൂസ് ഉള്ള വീഡിയോക്ക് നന്ദി പറഞ്ഞ് മരുമകന്‍ പാപ്പനുമായി എഴുപതു കിലോമീറ്റര്‍ അകലെയുള്ള ഷോപ്പിംഗ് മാളിലെത്തി വെളുത്ത തുണി വാങ്ങി. മൊത്തം 500 മീറ്റര്‍.. 250 മീറ്റര്‍ വീതമുള്ള രണ്ട് റോളുകളുമായി വീട്ടിലേക്ക്. മീറ്ററിന് 295 രൂപയും പിന്നെ ജിഎസ്ടിയും. ആകെ ചെലവ് 165878. ജീപ്പിന്റെ ഡീസല്‍ ചെലവ് 1000,  ഭക്ഷണം 350. ജീപ്പിലിരുന്നു പാപ്പന്‍ കണക്കുകൂട്ടി.  പന്നിവിരുദ്ധ പോരാട്ടത്തിനായി പണം അതിരുവിട്ട് ചെലവഴിക്കുന്നതുമൂലം പ്രതിരോധ ബഡ്ജറ്റ് താളംതെറ്റുകയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. 

പോയ വര്‍ഷം എണ്ണൂറു മൂട് കപ്പ വെച്ചപ്പോള്‍ പന്നിയും അവന്റെ അലവലാതി കൂട്ടവും വന്ന് കപ്പച്ചെടികളെ കശാപ്പ് ചെയ്തു. ചന്തയില്‍ വിറ്റാല്‍ ഒന്നര ലക്ഷത്തിലധികം രൂപ കിട്ടുമായിരുന്നു. മൂടിളക്കി മറിച്ചിട്ട കപ്പച്ചെടികളുടെ ചിത്രവും സഹിതം വിളനാശത്തിന് നഷ്ടപരിഹാരത്തുക ലഭിക്കാന്‍ കൃഷി വകുപ്പിലും പിന്നീട് വനം വകുപ്പിലും ആയിരത്തിലധികം രൂപ ഡീസലുമടിച്ച് നടന്നപ്പോള്‍ ലഭിച്ച തുക മൂടൊന്നിന് രണ്ടര രൂപ വെച്ച് ആയിരത്തിറുന്നൂറും ചില്ലറയും.. അടിമുതല്‍മുടിവരെ പാപ്പന് വിറഞ്ഞുകയറി… ഇനി നിയമവഴി തന്റെ കാട്ടുനീതി. പന്നിക്ക് മരണശിക്ഷയില്‍ കുറഞ്ഞൊന്നും വിധിക്കാനാവില്ല. പിടികിട്ടാപ്പുള്ളിയായി നടക്കുന്ന പന്നിയെ ഓടിച്ച് വിടുന്ന പണിയോട് പാപ്പന് വലിയ താല്‍പര്യമില്ല.. തന്റെ ഇരട്ടക്കുഴലിലെ വെടിയുണ്ടയ്ക്ക് ഇരയാണ് ഒരോ പന്നിജന്‍മവും . അതിനുമുമ്പുള്ള ചില കളിതമാശകളാണ് ഇപ്പോഴുള്ളത്. 

ആറര മണിക്കൂര്‍ പ്രയത്‌നത്തിനു ശേഷം വേലിയാകെ വെളുത്ത തുണികൊണ്ട് തിരശ്ശീല കെട്ടിയ പാപ്പന്‍ പന്നിയെ ഉറക്കെ വെല്ലുവിളിച്ചു. ഉറക്കത്തിന്നിടെ ഏതോ സ്വപ്‌നം കണ്ടിട്ടെന്ന പോലെ ഞെട്ടി എഴുന്നേറ്റ പന്നി പറഞ്ഞു. പാപ്പാ ഇന്നും ഞാന്‍ കാടിറങ്ങും… നിന്റെ വാഴക്കൂമ്പുകള്‍ കുത്തി മറിക്കും..

വൈകീട്ട് മരുമകന്‍ ഏതോ ന്യൂസ് പോര്‍ട്ടലിലെ വാര്‍്ത്ത ഉറക്കെ വായിച്ചു. ഡെന്‍മാര്‍ക്കില്‍ ആകെ ജനസംഖ്യ അറുപതു ലക്ഷം, കാട്ടുപന്നികളുടെ എണ്ണം ഒരു കോടി ഇരുപതു ലക്ഷം . പന്നികളെ കൂട്ട വന്ധ്യംകരണം ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതിക്കെതിരെ കോപന്‍ഹേഗനില്‍ മൃഗസ്‌നേഹികളുടെ കൂറ്റന്‍ പ്രകടനം നടന്നതായും വാര്‍ത്ത. 

പന്നിപ്പനി വന്ന് വര്‍ഷം തോറും ലോകത്ത് മരിക്കുന്നവരുടെ എണ്ണം ആറു ലക്ഷം. മരുമകന്‍ മറ്റൊരു വാര്‍ത്ത വായിച്ചു.  

അമേരിക്കയില്‍ കാട്ടുപന്നികളുടെ ശല്യം മൂലം പ്രതിവര്‍ഷം ഒന്നര ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടം. ലൂസിയാനയില്‍ ഏഴു ലക്ഷം കാട്ടുപന്നികളെന്ന് സെന്‍സസ്. അവിടുത്തെ ഒരു സംരംഭകന്‍ അറവുശാല തുടങ്ങി സോസേജ് വില്‍പന നടത്തി മില്യണറായി.

മലേഷ്യന്‍തീരത്തു നിന്നും ഇന്‍ഡോഷ്യയിലെ ഒരു ദീപിലേക്ക് മൈലുകള്‍ നീന്തിക്കടന്ന് ഒരു കൂട്ടം കാട്ടുപന്നികള്‍ അവിടുത്തെ വിളകള്‍ക്ക് നാശ നഷ്ടം ഉണ്ടാക്കി. 

കാട്ടുപന്നികളുടെ വാര്‍ത്തകള്‍ വായിച്ച് മരുമകന്‍ പാപ്പനെ കേള്‍പ്പിച്ചു. 

ഇന്ന് വെളുത്തവാവാണ്. നല്ല നിലാവില്‍ വെളുത്ത തുണിയില്‍ നിന്ന് വെളിച്ചം പ്രതിഫലിക്കുന്നത് കണ്ട് ഭയന്ന് പന്നി പമ്പകടക്കും. പാപ്പന്‍ ഉറക്കെ ചിരിച്ചു.

പാതിരാക്കോഴി കൂവിയ നേരത്ത് അന്നും പന്നി കാടിറങ്ങി. പൊന്തക്കാടുകള്‍ താണ്ടി, ജീപ്പുറോഡും കടന്ന് പാപ്പന്റെ വാഴത്തോപ്പിലേക്ക്… അവിടെ നിലാവെട്ടത്തില്‍ വെളുത്ത തിരശ്ശീല.. പന്നി കണ്ണുതള്ളി.. ഇതെന്ന് പാപ്പന്‍ നാടകശാല തുടങ്ങിയോ.. തണുത്ത കാറ്റില്‍ പാപ്പന്റെ തിരശ്ശീല ഇളകി.. നിലാവെളിച്ചത്തില്‍ ഏതോമരങ്ങളുടെ ചില്ലകള്‍ തിരശ്ശീലയുടെ മേല്‍ നിഴല്‍ക്കുത്ത് നാടകമാടി.  

വാഴത്തോപ്പിലെ വേലിക്കരികിലെത്തിയ പന്നി തിരശ്ശീല മെല്ലെ പൊക്കി നോക്കി. പാപ്പന്റെ ഇരട്ടക്കുഴലിനായി കണ്ണുകള്‍ പാഞ്ഞു. ഗ്രില്‍ ചിക്കന്‍ ഉണ്ടാക്കുന്ന പാപ്പന്റെ കണ്ണുവെട്ടിച്ച് വാഴകളുടെ മൂടിളക്കി.. 

രാവിലത്തെ നടപ്പിന്നിറങ്ങിയ ദിവാകരന്‍മാഷാണ് പാപ്പനെ ആ വിവരമറിയിച്ചത്. പാപ്പാ.. നിന്റെ പത്തു മുപ്പതു വാഴ പന്നി കുത്തിയിളക്കിയിട്ടിട്ടുണ്ട്. 

ഏറുമാടത്തില്‍ തോക്കിന്റെ പാത്തിയില്‍ തലവെച്ച് കിടന്നുറങ്ങിയ പാപ്പന് അരിശം അണപൊട്ടി. തോക്കെടുത്ത് മുകളിലേക്ക് വെടിവെച്ചു. വാഴക്കൈയില്‍ ഇരുന്ന ഒരു കാക്ക നിലവിളിച്ച് പറന്നകന്നു. 

“കാട്ടുപന്നീടെ മോനേ.. !” എന്നലറിവിളിച്ച് പാപ്പന്‍ മലയടിവാരത്തിലേക്ക് ഓടി..