ജലരേഖകൾ

പതിവുപോലെ രാവിലെ ജോലിക്കുപോകാനുള്ള തത്രപ്പാടിലായിരുന്നു റഷീദ്. മൊബൈൽ ഫോൺ ബെഡിൽ കിടന്ന്, മുല വായിൽ നിന്ന് വേർപെട്ട കുഞ്ഞിനെപ്പോലെ നിർത്താതെ കരയുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ നാട്ടിൽ നിന്നുള്ള കോളാണെന്ന് മനസ്സിലായതോടെ വേഗം ഫോൺ എടുത്തു. സാധാരണയായി നാട്ടിലെ നമ്പർ ഫോണിൽ തെളിഞ്ഞാൽ പിന്നെ വല്ലാത്തൊരു ബേജാറും നെഞ്ചിടിപ്പുമാണ്. പത്തിരുപത് വർഷമായി പ്രവാസിയായിട്ടും അതിൽ മാത്രം ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല.

ഫോൺ ചെവിയിൽ വെച്ചപ്പോൾ മറുതലയ്ക്ക് ബീവി മുനീറയുടെ ഇടറിയ ശബ്ദം കേട്ട നിമിഷം നെഞ്ചിടിപ്പിന്റെ ഭാരം വീണ്ടും കൂടി. എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു എന്നുറപ്പായി.

“മറ്റേമ്മ”യെ രാവിലെ മുതൽ കാണാനില്ല.

അതു കേട്ട മാത്രയിൽ തന്നെ എന്റെ ഓർമ്മകൾ ചിറക് വിരിച്ച് വർഷങ്ങൾ പുറകിലോട്ട് പറന്നു. “ആമിനക്കുട്ടി” എന്നാണ് പേര് എങ്കിലും, ഞാനും എന്റെ ഓളും അവരെ “മറ്റേമ്മ” എന്നാണ് വിളിച്ചിരുന്നത്. എന്റെ തലവട്ടം കണ്ടധികനാൾ കഴിയുന്നതിന് മുൻപ് തന്നെ എന്റെ സ്വന്തം ഉമ്മ ഈ ദുനിയാവിൽ നിന്ന് വിടപറഞ്ഞിരുന്നു. അന്ന് മുതൽ ഉമ്മയുടെ വീട്ടുകാർക്കൊക്കെയും ഞാൻ ഉമ്മയുടെ കാലനായിത്തീർന്നു. ഉപ്പാടെ ആ പഴയ തറവാട് വീട്ടിൽ, അഗാധമായൊരു ഒറ്റപ്പെടലിൽ ഞാൻ വീർപ്പുമുട്ടുകയായിരുന്നു.

അങ്ങനെയിരിക്കെയാണ്, ഒരു സന്ധ്യാസമയത്ത്, ഉപ്പാന്റെ കൈ പിടിച്ച് മറ്റേമ്മ ഞങ്ങളുടെ വീട്ടുവാതിൽ കടന്നുവന്നത്. അന്ന് എനിക്ക് നാല് വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ വരവോടെ, എന്റെ ഉള്ളിലിരുന്ന ഒറ്റപ്പെടലിന്റെ നീണ്ട നിഴൽ പതിയെ പതിയെ പിൻവാങ്ങാൻ തുടങ്ങി. സ്വന്തം മകൻ അല്ലാഞ്ഞിട്ടും, അവർ എന്നെ അത്രമേൽ സ്‌നേഹിച്ചു; അത് കാണുന്നവരുടെ കണ്ണുകളിൽ പോലും അസൂയയുടെ ഒരു കണിക വിതറുന്ന തരത്തിലായിരുന്നു.

പണ്ടെപ്പോഴോ, ഉപ്പാന്റെ ചങ്ങാതി വലിയ പള്ളിയിലെ മുസല്യാരോട് അടക്കം പറയുന്നത് ഞാൻ ഒരിക്കൽ കേട്ടിട്ടുണ്ട്; മറ്റേമ്മയുടെ ഏക നിർബന്ധം കൊണ്ടാണത്രേ അവർ ഇരുവരും ഇനി ഒരു കുഞ്ഞ് കൂടി വേണ്ടെന്ന് പോലും തീരുമാനിച്ചത്.

ഉപ്പയുടെ പെട്ടെന്നുള്ള മരണം മറ്റേമ്മയിൽ ചില മാറ്റങ്ങൾ പ്രകടമാക്കിയിരുന്നുവെങ്കിലും ഞങ്ങൾ അതിനെ അത്ര കാര്യമായി എടുത്തില്ല. പ്രായത്തിന്റെ ഫലമായിരിക്കുമെന്ന് കരുതി അവഗണിച്ചു. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുൻപ്, മറ്റേമ്മ മുനീറയോട് “എന്റെ പേര് എന്താണ്” എന്ന് ചോദിക്കുന്നത് കേട്ടു. എനിക്കത് വെറുമൊരു സ്വാഭാവികമായ ചോദ്യംപോലെ തോന്നിയില്ല. അതിനാലാണ് മറ്റാരും അറിയാതെ മുനീറയുടെ സുഹൃത്ത് ഡോക്ടർ ഫാത്തിമയെ കാണിച്ചത്.

അപ്പോഴാണ് ആ സത്യം ഞങ്ങൾ അറിഞ്ഞത്; അമ്പത് വയസ്സു മാത്രമുള്ള മറ്റേമ്മ അൽഷിമേഴ്‌സ് എന്ന മറവിരോഗത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു. കഴിഞ്ഞുപോയ വർഷങ്ങളിലെ അവരുടെ സ്മരണകളിൽ പാതിയും ഇതിനോടകം തന്നെ കാലത്തിന്റെ ഇരുട്ടിലേക്കു മാഞ്ഞുപോയിരുന്നു.

തുടരെ തുടരെ മറവിയുടെ കാഠിന്യം കൂടാൻ തുടങ്ങി. ഭക്ഷണം കഴിച്ചതുപോലും ഓർമ്മയില്ലാതെ, ഇടയ്ക്കിടെ വല്ലാതെ വിശക്കുന്നു എന്ന് പറഞ്ഞ് അവർ മുനീറയോട് കെഞ്ചുമായിരുന്നു. “എന്തെങ്കിലും ഭക്ഷണം തരാമോ?” എന്ന അവരുടെ ആവർത്തിച്ചുള്ള ചോദ്യം മുനീറയുടെ ഹൃദയത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വേദന തീർത്തു. അന്നുമുതൽ ഞങ്ങളുടെ വീട്ടിലെ സമാധാനം തന്നെ ഇല്ലാതായി. വീട്ടിൽ മറ്റേമ്മയെ ഒറ്റയ്ക്ക് വിടാൻ പറ്റാത്ത അവസ്ഥയായിരുന്നു. കണ്ണൊന്നുതെറ്റിയാൽ അവർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും. മുനീറയുടെ കണ്ണുകളിലെ ക്ഷീണം മറ്റേമ്മയുടെ മറവിയേക്കാൾ കൂടുതൽ ഞങ്ങളെ ഭയപ്പെടുത്തിത്തുടങ്ങി.

പ്രൈമറി സ്കൂൾ ടീച്ചർ കൂടിയായ മുനീറ, ജോലിക്കുപോലും പോകാതെ കുറെ നാൾ മറ്റേമ്മയെ നോക്കി വീട്ടിൽതന്നെ ഇരുന്നു. പിന്നീട് ജോലിക്കുപോകാൻ തുടങ്ങിയപ്പോൾ അയൽവീട്ടിലെ ഖദീജത്താത്തയെ വിളിച്ചുവരുത്തുമായിരുന്നു. എങ്കിലും മറ്റേമ്മയുടെ കണ്ണുകളിൽ ഒരുതരം ശൂന്യതയും ഭയവും പതിയെ നിറയുന്നതായി എല്ലാവർക്കും തോന്നിത്തുടങ്ങി.

നാട്ടിൽ അവധിക്ക് എത്തിയ ചില ദിവസങ്ങളിൽ എന്നെ കണ്ടാൽ അവരുടെ മുഖം തെളിയും; “മോനേ” എന്ന് വിളിച്ച് തലോടും. ചില ദിവസങ്ങളിൽ ഞാൻ അവരുടെ മുന്നിൽ നിൽക്കുമ്പോഴും ഒരു അതിഥിയെപ്പോലെ നോക്കി അവർ കടന്നുപോകും. എന്റെ കുട്ടിക്കാലം മുഴുവൻ അവരുടെ കൈകളിലായിരുന്നു. ഉമ്മയുടെ മണം പോലും മറന്നുപോയ കാലത്ത് മറ്റേമ്മയുടെ നെഞ്ചാണ് എനിക്ക് ആദ്യത്തെ ആശ്വാസം പകർന്നത്. എന്തെങ്കിലും അസുഖം വന്നാൽ നെഞ്ചോട് ചേർത്ത് കിടത്തിയതും, സ്കൂളിൽ പോകാൻ മടി കാണിച്ചാൽ കഥ പറഞ്ഞ് മനസ്സുമാറ്റിയതും, ഉപ്പ എന്നെ ശാസിക്കുമ്പോൾ ഇടയിൽ കയറി രക്ഷപ്പെടുത്തിയതുമെല്ലാം അവരാണ്.

ഇരുൾ വീണുതുടങ്ങിയ എന്റെ ജീവിതത്തിലേക്ക് നിലാവ് പരത്തിക്കൊണ്ട്, വർഷങ്ങൾക്കു മുൻപൊരു സായാഹ്നത്തിൽ കടന്നുവന്നതാണ് മറ്റേമ്മ. അതിനുശേഷം ഒരിക്കൽപോലും ഞാൻ അവരെ പിരിഞ്ഞിരുന്നിട്ടില്ല. ജോലിയുടെ ഭാഗമായി വിദേശത്തേക്ക് പറന്നുപോയപ്പോൾ, എന്നേക്കാൾ കൂടുതൽ മാനസിക വ്യഥ അനുഭവിച്ചത് മറ്റേമ്മ തന്നെയായിരുന്നു. ദിവസങ്ങളോളം ജലപാനം ചെയ്യാതിരുന്ന അവർ കിണറിന്റെ കരയിൽ ബോധരഹിതയായി വീണപ്പോൾ, അവരെ ആശുപത്രിയിൽ എത്തിച്ചത് അയൽക്കാരായ ഖദീജത്താത്തയും മകനുമാണ്. അവിടെയും അവർ നിസ്സഹകരണ നിലപാട് തുടർന്നു. ശാരീരികവും മാനസികവുമായ നില കൂടുതൽ മോശമാകുമെന്ന ഘട്ടത്തിലെത്തിയ അവരുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു. അവരെ വീണ്ടും ആ പഴയ നിലയിലേക്ക് തിരിച്ചെത്തിക്കാൻ, തുടർച്ചയായ എന്റെ ഫോൺവിളികളും വർത്തമാനങ്ങളും ആവശ്യമായി വന്നു.

അതുകൊണ്ടുതന്നെയാകണം അവരുടെ മറവി മറ്റാരെക്കാളും എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയത്. ഇന്നവർക്ക് എന്റെ പേരുപോലും ഓർമ്മയില്ലാത്തവിധം, വെള്ളത്തിൽ വരച്ച ചിത്രങ്ങൾ പോലെ നിമിഷനേരത്തിനുള്ളിൽ എല്ലാം മാഞ്ഞുപോകുന്നു.

ഞാൻ പ്രവാസത്തിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയ ഒരുനാൾ മറ്റേമ്മ എന്നെ കണ്ട് തിരിച്ചറിയാതെ ചോദിച്ചു: “ആരാ നിങ്ങൾ?”. ആ ചോദ്യം എന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കുന്നതുപോലെ അനുഭവപ്പെട്ടു. സങ്കടം കൊണ്ട് വാക്കുകൾ പുറത്തുവരാതെ തൊണ്ടയിൽ കുടുങ്ങി ഞാൻ അവിടെ കുറച്ചുനേരം നിശ്ചലനായി നിന്നു. പിന്നെ മുനീറയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ എല്ലാം മനസ്സിലായി. അന്നാണ് ഞാൻ ആദ്യമായി തിരിച്ചറിഞ്ഞത്, മറ്റേമ്മയുടെ ഓർമ്മകളുടെ താളുകളിൽ ഞങ്ങളെ കുറിച്ചുള്ള ഓരോ വരിയും മങ്ങിക്കൊണ്ടിരിക്കുകയാണെന്ന്.

അടുത്ത ദിവസങ്ങളിൽ ഞാൻ അവരുടെ പഴയ കഥകൾ അവർക്കുതന്നെ പറഞ്ഞുകൊടുക്കാൻ തുടങ്ങി. ഉപ്പാന്റെ പേര്, വലിയ പള്ളിയിലെ നോമ്പുകാലങ്ങൾ, അവർ ഉണ്ടാക്കിയിരുന്ന കായപ്പഴം വറുത്തത്, കോന്തലയിൽ കെട്ടി എനിക്ക് വേണ്ടി ഒളിപ്പിച്ചുതന്ന മിഠായികൾ… ചിലപ്പോൾ അവർ കേൾക്കും, ചിലപ്പോൾ പുഞ്ചിരിക്കും, ചിലപ്പോൾ ഒന്നും പ്രതികരിക്കില്ല. എങ്കിലും ഓരോ കഥ പറയുമ്പോഴും ഞാൻ തന്നെ വീണ്ടും ഒരു കുട്ടിയായിത്തീർന്നതുപോലെ എനിക്ക് തോന്നി.

ഇന്നത്തെ പോലെത്തന്നെ മുൻപൊരിക്കൽ ഞാൻ നാട്ടിലുണ്ടായിരുന്ന സമയത്ത് മറ്റേമ്മ വീടുവിട്ടിറങ്ങിപ്പോയി. പക്ഷേ അന്ന് പടച്ചോൻ ഞങ്ങളുടെ പ്രാർത്ഥന പെട്ടെന്ന് കേട്ടതുപോലെ, വൈകുന്നേരം മഗ്രിബ് വാങ്ക് കഴിഞ്ഞപ്പോൾ മീൻകാരൻ ബീരാനിക്ക പറഞ്ഞു: “പള്ളിപ്പറമ്പിനോട് ചേർന്ന പഴയ മാവിൻചുവട്ടിൽ മറ്റേമ്മ ഇരിക്കുന്നുണ്ട്”. അത് കേട്ട് ഓടിച്ചെന്നു നോക്കിയപ്പോൾ അവർ നിലത്ത് ഇരിക്കുകയായിരുന്നു. കയ്യിൽ ഉപ്പാന്റെ പഴയ തൊപ്പി. ആരെങ്കിലും എടുത്തുപോകുമോ എന്ന ഭയത്തിൽ അതൊരു കുഞ്ഞ് കളിപ്പാട്ടം എന്നപോലെ ഇടനെഞ്ചോട് ചേർത്തുപിടിച്ചിരുന്നു.

“മറ്റേമ്മ…” ഞാൻ വിളിച്ചതുകേട്ട് അവർ തല സാവധാനം ഉയർത്തി ഒന്ന് നോക്കി. ആ കണ്ണുകൾക്ക് എന്റെ മുഖം വായിച്ചെടുക്കാൻ കഴിയുന്നുണ്ടോ എന്നുപോലും അറിയാത്ത വിധം ശൂന്യമായിരുന്നു അവ. പക്ഷേ പെട്ടെന്നൊരു നിമിഷം അവരുടെ കണ്ണുകളിൽ ഒരു പ്രകാശം തെളിഞ്ഞു.
“മോനേ?”
ആ വിളി ഞാൻ വർഷങ്ങളായി കേൾക്കാൻ കാത്തിരുന്നതുപോലെ തോന്നി. ഞാൻ അവരുടെ മുന്നിൽ മുട്ടുകുത്തിനിന്ന് കൈകൾ പിടിച്ചു. അവർ എന്റെ കൈകൾ പതിയെ തലോടി.

“ഉമ്മ എവിടെയാ മോനെ?” എന്നൊരു ചോദ്യം അവരുടെ ചുണ്ടുകളിൽ നിന്ന് അടർന്നു വീണു. എനിക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല. ഓർമ്മകൾ മാഞ്ഞുപോയ മറ്റേമ്മയുടെ ആ ചോദ്യം കേട്ടപ്പോൾ, സങ്കടം അണപൊട്ടിയ അരുവിപോലെ കണ്ണുനീരായി കവിളിലൂടെ ഒഴുകാൻ തുടങ്ങി. ഞാൻ അവരെ എന്റെ നെഞ്ചോട് ചേർത്തു. ആ നിമിഷം ഞാൻ അത്രമാത്രം മാനസികവ്യഥ അനുഭവിക്കുന്നുണ്ടായിരുന്നു. അല്പനേരം കഴിഞ്ഞ് അവർ വീണ്ടും ശാന്തയായി. എന്നെ അവസാനമായി ഒന്നുകൂടി നോക്കി കണ്ണുകൾ അടച്ചു. പിന്നെ പതിയെ പതിയെ എന്റെ കൈകളിൽ ഉണ്ടായിരുന്ന അവരുടെ പിടി അയഞ്ഞു.

“ഉപ്പ വരും” എന്ന് അവരുടെ ചുണ്ടുകളിൽ നിന്ന് അവസാനമായി വീണ വാക്കുകളിൽ നിന്ന് അവരുടെ ഓർമ്മകൾ ഞങ്ങളെ മുഴുവനായി വിട്ടുപോയിട്ടില്ലെന്ന് എനിക്ക് ബോധ്യമായി. അന്ന് രാത്രി മറ്റേമ്മ ഉറങ്ങിയപ്പോൾ, ബാല്യത്തിൽ അവർ എന്നെ ഉറക്കിയതുപോലെ ഞാൻ അവരുടെ അരികിൽ പറ്റിചേർന്ന് കിടന്നു. ഒരിക്കൽക്കൂടി ആ നെറ്റിയിൽ ചുംബിച്ചു.

ഇന്ന് രാവിലെ വന്ന മുനീറയുടെ ആ ഫോൺകോളിന് ശേഷം ഓഫീസിലേക്കെത്താനുള്ള തത്രപ്പാടിൽ എല്ലാം മറന്നു. മറ്റേമ്മയെ കാണാതായെന്ന വാർത്ത കേട്ടപ്പോൾ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ; അവർ വീണ്ടും വീട്ടിലേക്ക് തിരിച്ചുപോകാനുള്ള വഴി ഓർത്തെടുക്കാനാകാതെ എവിടെയെങ്കിലും ആരുടെയെങ്കിലും കൈ പിടിച്ച് നിൽക്കുന്നുണ്ടാകുമോ എന്ന്.

മറവിയുടെ മൂടൽമഞ്ഞിൽ അവർക്ക് വഴിതെറ്റിയിരിക്കാം; പക്ഷേ അവർ തീർച്ചയായും തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ. എന്റെ ഓർമ്മകളിൽ അവർ ഇന്നും അതേ സ്നേഹമുള്ള “മറ്റേമ്മ” അല്ല, “ഉമ്മ” തന്നെയാണ്. ഇനി ഒരിക്കലും അവർ എന്നെ തിരിച്ചറിയാതിരുന്നാലും മരണം വരെ എനിക്കവരെ തിരിച്ചറിയാൻ കഴിയും. കാരണം രക്തബന്ധത്തേക്കാൾ ശക്തമായ ചില ബന്ധങ്ങളുണ്ടല്ലോ; സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മകളുടെയും ബന്ധങ്ങൾ. മറ്റേമ്മ എനിക്ക് അത്തരമൊരു വികാരമാണ്.

നേരം പാതിര കടന്നിരുന്നു. ഇതിനിടയിൽ ഏതാണ്ട് മുപ്പതിലധികം തവണ ഞാൻ മുനീറയെ വിളിച്ചിരുന്നു. ഓരോ തവണയും അവൾ പറഞ്ഞത് ഒരേ മറുപടിയായിരുന്നു. എല്ലായിടത്തും അന്വേഷിക്കുന്നുണ്ടെന്നും, പോലീസിൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും. “സ്വന്തം പേര് പോലും ഓർമ്മയില്ലാത്ത മറ്റേമ്മ എങ്ങനെയാ ഇക്ക…” ആ വാചകം പൂർണമായി പറഞ്ഞു തീർക്കാൻ കഴിയാതെ, വിതുമ്പിക്കൊണ്ടാണ് അവൾ ഫോൺകാൾ അവസാനിപ്പിച്ചത്.

ഈ രാത്രിയിൽ, മറ്റേമ്മ ഒരു ‘യതീമിനെ’ പോലെ, ഇരുട്ടിൽ ഭയന്ന് വഴിയറിയാതെ നിൽക്കുകയായിരിക്കുമോ എന്ന ചിന്ത എന്റെ ഹൃദയം ചിതറിച്ചു. സമ്മർദ്ദം സഹിക്കാനാകാതെ, ഹൃദയം പൊട്ടിപ്പോകുമോ എന്നുവരെ എനിക്ക് തോന്നി. ഉറക്കം വരാതെ, മുറിക്കകത്ത് ഇരുന്നും നടന്നും ഞാൻ നേരം വെളുപ്പിച്ചു. പെട്ടെന്ന്, തലേദിവസത്തെ പോലെ തന്നെ, ബെഡിന്റെ ഒരറ്റത്ത് കിടന്നിരുന്ന ഫോൺ കരയാൻ തുടങ്ങി. മുനീറയുടെ കോളാണ്. പ്രതീക്ഷയോടെ ഞാൻ അത് എടുത്തു.

“വലിയ പള്ളിയിലെ മുസ്‌ലിയാർ ഇന്ന് സുബഹിക്ക് മരണപ്പെട്ടു”

ഇടിത്തീ പോലെ അവൾ പറഞ്ഞ ആ അതിദുഃഖകരമായ വാർത്ത, എന്റെ ഉള്ളിലെ ദുഃഖത്തിന്റെ തീവ്രത വീണ്ടും കൂട്ടി.

എന്തിനാ, പടച്ചവനേ… തുടരെത്തുടരെ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? അങ്ങയെ ആരാധിക്കാതെയും അനുസരിക്കാതെയും നന്ദി പറയാതെയും ഒരു ദിവസമെങ്കിലും ഈ ചെറിയ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പിന്നെ ഈ ഹൃദയം നുറുങ്ങുന്ന പരീക്ഷണം നീ എനിക്ക് എന്തിനാ തന്നത്, റബ്ബേ? ഇനി എന്നെ പരീക്ഷിക്കല്ലേ, റബ്ബേ.

മുനീറ ഫോൺ കട്ട് ചെയ്ത ഉടനെ കൂടുതൽ ഒന്നും ആലോചിക്കാതെ, നാട്ടിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ എടുത്ത് ലാപ്ടോപ്പ് ഓഫ് ചെയ്തതേ ഉള്ളൂ. അപ്പോഴേക്കും ഫോൺ വീണ്ടും കരയാൻ തുടങ്ങി. മുനീറ തന്നെയാണ് വീണ്ടും വിളിക്കുന്നത്. ആദ്യം അത് എടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായി ഞാൻ. ഇനി എന്താണാവോ എന്ന ചിന്ത…! ഒടുവിൽ ധൈര്യം കൂട്ടി ഫോൺ എടുത്തു. അവളുടെ ശബ്ദത്തിൽ മുൻപത്തേക്കാൾ തിളക്കവും അതിലേറെ സന്തോഷവും ഉണ്ടായിരുന്നു.

“മറ്റേമ്മയെ കണ്ടെത്തി, ഇക്ക.”

എവിടുന്ന് എന്ന എന്റെ ചോദ്യത്തിന് അവൾ പറഞ്ഞത് ഇങ്ങനെയാണ്: പുലർച്ചെ മരണപ്പെട്ട വലിയ പള്ളിയിലെ മുസ്‌ലിയാരുടെ ഖബർ വെട്ടുന്നതിനായി പള്ളിക്കാട്ടിൽ പോയ മൂസ്സാക്കയാണ്, ആരോ ഒരാൾ ഒരു മീസാൻ കല്ല് കെട്ടിപ്പിടിച്ച് കിടക്കുന്നത് കണ്ടത്. അടുത്ത് ചെന്നപ്പോൾ അത് ഒരു സ്ത്രീയാണെന്ന് മനസ്സിലായതോടെ അയാൾ ഒച്ചവെച്ചു. അതോടെ പള്ളിമുറ്റത്തുണ്ടായിരുന്നവർ ഓടിക്കൂടി. ആദ്യം അവർ കരുതിയത് മരണമടഞ്ഞുവെന്നാണ്. പക്ഷേ അബോധാവസ്ഥയിലായിരുന്നു അവർ കൂട്ടത്തിൽ ഉള്ള ഏതോ ഒരാൾ അത് മറ്റേമ്മയാണെന്ന് പെട്ടന്ന് മനസ്സിലാക്കി . വേഗത്തിൽ തന്നെ അവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഞാൻ അങ്ങോട്ട് പോകുകയാണെന്ന് പറഞ്ഞു, ധൃതിയിൽ മുനീറ ഫോൺ കട്ട് ചെയ്തു.

“അൽഹംദുലില്ലാഹ്! കുറച്ചു വൈകിയാലും അങ്ങ് എന്റെ പ്രാർത്ഥന കേട്ടു, അങ്ങയോടു ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു, റബ്ബേ” എന്ന് ഞാൻ ആത്മഗതം ചെയ്തു.

പക്ഷേ, ഓർമ്മയുടെ താളുകൾ മുഴുവനും മാഞ്ഞുപോയ, സ്വന്തം പേര് പോലും ഓർമ്മയിലില്ലാത്ത മറ്റേമ്മ, അത്ര കൃത്യമായി ഉപ്പാന്റെ മയ്യത്ത് അടക്കിയ ഖബറിൽ വെച്ച മീസാൻ കല്ല് വരെ എങ്ങിനെ എത്തി എന്നത്, നാളിത്രയായിട്ടും എനിക്കിപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു.

തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം സ്വദേശി. ഇപ്പോൾ അബുദാബിയിൽ ജോലിചെയ്യുന്നു. പ്രസിദ്ധീകരിച്ച പുസ്തകം ''ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി" (നോവൽ).