
ഇന്നലെ കിനാവിൽ മനസ്സിലാകെ പൊടിപറത്തിക്കൊണ്ട് കൊർപ്പാളു ധൃതിയിൽ എവിടേക്കോ ഓടിമറഞ്ഞു. അവളുടെ സാരിഞൊറികൾ കാലിൽത്തട്ടിയുണ്ടായ പടപടയൊച്ചയിൽ ഞാനുണർന്നു. ചുറ്റിനും പുകയിലയുടെ ഗന്ധം പരന്നിട്ടുള്ളതായി എനിക്കുതോന്നി. ഏതാണ്ട് ഇരുപത്തേഴുവർഷങ്ങളാവുന്നു, അവളെ ഞാനോർക്കുകയൊ മറക്കുകയോ ചെയ്തിട്ടില്ല
കാസർകോട് മുള്ളേരിയയിലെ സംസ്കൃത അധ്യാപകപരിശീലനകേന്ദ്രത്തിൽ ഒരു വർഷത്തെ കോഴ്സിന് ചേർന്ന ആ പഴയ കാലം. ബദിയഡുക്കയിലായിരുന്നു താമസം. വെട്ടുകല്ലുകൾകൊണ്ട് പണിത ചോന്ന നിറമുള്ള വീട്. ആഴത്തിൽ ഇളകിക്കൊണ്ടിരിക്കുന്ന വെള്ളമുള്ള കിണറുകൾ. നല്ലൊന്നാന്തരം ചൂട് . ബ്രഹ്മിയിലകൾ പടർന്നുകിടക്കുന്ന കശുമാവിൻതോട്ടങ്ങൾ. സാധുക്കളായ ഭട്ടുകളും കൊറഗരുമൊക്കെ താമസിക്കുന്ന ചുറ്റുപാട്. കന്നഡ കൊളുത്തിയിട്ട മലയാളമാണ് എല്ലാരും സംസാരിക്കുക. വീടിനുമുന്നിൽ പരന്നുമലർന്നുകിടക്കുന്ന ഒരു മൈതാനമാണ്. അതിന്റെ ചെരുവോരത്ത് വരിവരിയായി ഓാലമേഞ്ഞ നാലഞ്ച് കുടിലുകളുണ്ട്. അതിലൊന്ന് കൊർപ്പാളുവിന്റെതാണ്.
കറുത്തവളാണ് കൊർപ്പാളു. മുടിയിൽ കനകാംബരങ്ങൾ കൊരുത്ത മാലചൂടി, കൈകളിൽ പലനിറക്കുപ്പിവളകളിട്ട്, കാലുകളിൽ ഉറക്കെക്കിലുങ്ങും കൊലുസ്സുമായി കൊർപ്പാളു. അവളുടെ മുൻവരിപ്പല്ലുകൾ വല്ലാതെ പൊന്തി ചുണ്ടുകൾക്കുവെളിയിൽ നിൽക്കയാൽ അവളെപ്പോഴും ചിരിച്ച മുഖമുള്ളവളായി. ഞങ്ങൾ ഏഴുപെൺകുട്ടികൾ താമസിക്കുന്ന വീട്ടിൽ വട്ടക്കണ്ണുകളിൽ മഷിതേച്ച് വലിയ പൊട്ടിട്ട് ഇറുകിയ ബ്ളൗസും കടുംനിറ സാരിയുമായി കൊർപ്പാളു പതിവായെത്തും.
ബീഡിതെറുപ്പാണവൾക്ക് പണി. അടുത്തുവരുമ്പോൾ പുകയിലച്ചൂരടിക്കും. അതുമാറാൻ ബ്ളൗസിനുള്ളിൽ ക്യൂട്ടിക്കൂറാ പൗഡറിടാറുണ്ടെന്ന് അവൾ ഒരിക്കൽ രഹസ്യമായി എന്നോടുപറഞ്ഞു. ഞങ്ങളിൽ എന്നോടൊഴികെ മറ്റാരോടും കൊർപ്പാളു മിണ്ടാറില്ല. അതിൻെറ കാരണവും അവൾതന്നെ നേരിട്ടുപറഞ്ഞാണ് ഞാനറിഞ്ഞത്. അവരൊക്കെ ഫാഷൻ ഉടുപ്പുകളിടുന്ന തെറിച്ച പെണ്ണുങ്ങളാണ്, സുന്ദരിക്കോതകൾ.
എങ്കിലും എന്നോട് സംസാരിക്കാനാണെന്ന ഭാവത്തിൽ വീട്ടിലെത്തുന്ന കൊർപ്പാളുവിൻെറ കണ്ണുകൾ സുന്ദരിക്കോതകളിൽ ചുറ്റിക്കറങ്ങുന്നത് ഞാൻ കാണാറുണ്ട്. കൊർപ്പാളു എപ്പോഴും ഓടുകയാണ് പതിവ്. അവൾ നടക്കാറേയില്ല. ഒരിക്കലവളോട് ഞാൻ ചോദിച്ചു, കൊർപ്പാളു എന്നാൽ എന്താണർത്ഥം? കൊറഗരുടെ ഒരു ദേവിയാണ് കൊർപ്പാളു. അവൾ അഭിമാനത്തോടെ പറഞ്ഞു. അമ്മയും മൂന്നേട്ടൻമാരുമുണ്ട് കൊർപ്പാളുവിന്. ദൈവങ്ങൾ കലഹിച്ചിരിക്കുമ്പോഴാണ് അവരെ സൃഷ്ടിച്ചതെന്ന് അവൾ പറഞ്ഞു. കാരണം അവർ നാലുപേർക്കും മനസ്സിന് സുഖമില്ല. കാണുന്നവരെയൊക്ക തെറിവിളിച്ച് കാലുകൾക്കിടയിൽ തൂങ്ങിക്കിടക്കുന്ന ഗർഭപാത്രം ഇടക്കിടെ തുണിപൊക്കി എല്ലാവരേയും കാണിച്ച് തോളിൽ ചപ്പുചവറുകൾ നിറച്ചൊരു ഭാണ്ഡംതൂക്കി കാർക്കിച്ചുതുപ്പിക്കൊണ്ട് അവളുടെ അമ്മ. വീടിനുമുന്നിൽ പടിഞ്ഞിരുന്ന് കുറുകെയും നെടുകെയും പന്ത്രണ്ട് കോളങ്ങൾ വരച്ച് ഗാഢമായെന്തോ കണക്കുശരിയാക്കുന്ന മൂത്ത ഏട്ടൻ. ഇനിയൊരാൾ മിക്കവാറും അലഞ്ഞുനടപ്പാണ്. ഏറ്റവും ചെറിയവൻ ഇടയ്ക്കിടെ ഉറക്കെക്കരഞ്ഞും വായുടെ രണ്ടറ്റങ്ങളും ചൂണ്ടുവിരലാൽ വലിച്ചകറ്റി ഇടയ്ക്കിടെ ചിരിച്ചും മൈതാനത്തുകൂടെ നടക്കും.
അവൾ, കൊർപ്പാളു നേരത്തയെണീറ്റ് എല്ലാർക്കും വേണ്ട ചോറുവെച്ച് ആറുമണിയോടെ ബീഡിതെരപ്പിന് തയ്യാറായി ടെയ്ലർ ഭാസ്കരേട്ടൻെറ തിണ്ണയിലെത്തും. ഭാസ്കരേട്ടൻെറ മകൾ ശോഭ അപ്പോഴുണർന്നുകാണില്ല. അവളാണ് കൊർപ്പാളുവിൻെറ തെരപ്പുമേറ്റ്. ഒരിക്കൽ കൊർപ്പാളു എന്നോടു രഹസ്യം പറഞ്ഞു. പാതയോരത്ത് ഇരുനിലക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിസിറ്റി ബോർഡിലെ ആണുങ്ങളൊന്നും ശരിയല്ല. അവർ മാത്രമല്ല പലചരക്കുകടക്കാരൻ തിമ്മണ്ണ, മീൻകാരൻ യൂസഫ്, ഹൈസ്കൂളിലെ സുന്ദരൻ മാഷ് ഇവരും ശരിയല്ല. ഇവരൊക്കെ അവളെക്കണ്ടാൽ കണ്ണിമയ്ക്കാതെ നോട്ടമാണ്.
“ഹൗ.. ത്ര പാങ്ങ് ബേണ്ടീര്ന്നില്ലപ്പ” ( പാങ്ങ് എന്നാൽ കാസർകോടൻ മലയാളത്തിൽ ചന്തം). വട്ടക്കണ്ണുകൾ ആകാശത്തേക്കു മിഴിച്ച് ദീർഘശ്വാസത്തോടെ അവളത് പറഞ്ഞപ്പോൾ ഞാൻ മിഴിച്ചിരുന്നുപോയി. അടുത്തുള്ള ലൈബ്രറിയിൽ പുസ്തകം മാറാൻ പോകുമ്പോൾ കൊർപ്പാളു എനിക്ക് കൂട്ടുവരും. ആദ്യമൊക്കെ പുസ്തക അലമാരയിൽ തൊട്ടും പിടിച്ചും നിന്നിരുന്ന അവൾ പിന്നീട് പുറത്തെനിക്ക് കാവൽ നിന്നു. ലൈബ്രേറിയൻ ബഷീറിക്ക അവളെ ഇമവെട്ടാതെ നോക്കുന്നുവത്രേ.. അഞ്ചുപെൺകുട്ടികളുടെ പ്രാരാബ്ധം കേറ്റിവെച്ച തല നെഞ്ചിലേക്ക് തൂക്കിയിട്ട് നിശബ്ദം നടന്നുപോകാറുള്ള ശോഷിച്ച ദേഹമുള്ള ബഷീറിക്ക.
‘ഒപ്പം നടക്കുമ്പോൾ എതിരെ വരുന്ന പുരുഷൻമാരെ കൊർപ്പാളു ക്രുദ്ധിച്ചുനോക്കും. എന്നിട്ട് എന്നോടു പറയും.” നോക്ക്, നീ വെളുത്ത് ചുണ്ണാമ്പ് പോലല്ലേ. ന്ന്ട്ടെന്ത്? ഒരുത്തനെങ്കിലും നിന്നെ നോക്ക്ണ്ടാ.. പെണ്ണ്ങ്ങളായാ വലിയ മൊല വേണം. മോത്ത് നോക്കണേന് മുമ്പ് ആണ്ങ്ങ മേത്താ നോക്ക്വാ. നിനക്കതില്ല..” എൻെറ ജീവിതം പാഴായിക്കഴിഞ്ഞു എന്ന മട്ടിലാണ് അവളത് പറഞ്ഞത്.
അവളെന്നും എന്നെക്കാണാൻ വന്നു. വരുമ്പോൾ ബീഡിമണക്കുന്ന കയ്യിൽ എനിക്കായെന്തെങ്കിലും കരുതി. അരിനെല്ലിക്കയോ പിഞ്ചുവെള്ളരിക്കയോ വറുത്ത പുളിങ്കുരുവോ അങ്ങനെ എന്തെങ്കിലും. വീട്ടുചെലവുകഴിഞ്ഞ് മിച്ചംപിടിച്ച കാശുകൊണ്ട് കൊർപ്പാളു ഒന്നരപ്പവൻെറ ഒരു മാല വാങ്ങി. വട്ടക്കണ്ണുകളിൽ നിറയെ മോഹത്തോടെ അവളെന്നോടു പറഞ്ഞു., “ദെൻെറ മങ്ങലത്തിന്…” പരീക്ഷ കഴിഞ്ഞ് ഓരോരുത്തരായി നാടുകളിലേക്ക് മടങ്ങി. എനിക്കും ബദിയഡുക്കയോട് വിടപറയണം. കൊർപ്പാളുവിനോടും.
സാധനങ്ങളൊക്കെ ഒതുക്കിവെക്കാൻ അവളും കൂടി. കാലത്ത് പുറപ്പെട്ടിറങ്ങിയ എൻെറ അരക്കെട്ടിലവൾ ചുറ്റിപ്പിടിച്ചു. അതുവരെ കാണാത്ത മട്ടിൽ എന്നെനോക്കി. നെറ്റിയിലേക്ക് വീണുകിടന്ന ഒരു മുടിയിഴ ഒതുക്കിത്തന്നുകൊണ്ടവൾ പറഞ്ഞു.. “ൻെറ മങ്ങലത്തിന് ബരണം.. നിന്നെ ഞാമ്പിളിക്കും, നിന്നമാത്രം. ചെലേരൊക്ക എന്നെ മങ്ങലം കയിക്കാന്ന് പറഞ്ഞീന്. ന്ന്ട്ട് രാത്രീല് ബന്ന് കതകിന് തട്വാ. പായിച്ച് ഞാൻ.. ഒക്കറ്റിനീം. നിനക്ക് അറിയേലാ, ഞങ്ങ നാലാക്കും നാലപ്പൻമാരാണ്.. ഒടുക്കത്തവൻറപ്പൻ റാക്ക്മോന്തി വന്ന് അമ്മേൻറ വയിറ്റില് ചവുട്ട്യപ്പഴാ പാത്രം പൊറത്തേക്ക് കീഞ്ഞത്..”വട്ടക്കണ്ണുകൾ അമർത്തി തുടച്ചുകൊണ്ടവൾ പറഞ്ഞു.
“ഓനൊരിക്ക എൻെറ പായേല് കേറി.. ഓൻറ അരേലെ കുപ്പി തല്ലിപ്പൊട്ടിച്ച് കൊട്ത്ത് ഞാമ്മണ്ടക്ക്.. കൊർപ്പാളു അമ്മേനെ ബിളിക്ക്ണ്ട്.. ഒരാള് ബരാൻ… നല്ല പാങ്ങ്ള്ളോൻ.”.. ഞാനെൻെറ അഡ്രസ് എഴുതിയ കടലാസ് അവൾക്ക് കൊടുത്തു. ബീഡിമണക്കുന്ന കവിളത്ത് ചുണ്ടുചേർത്തു… തൊണ്ടവേദനിക്കയാൽ ഒരക്ഷരം പുറത്തുവന്നില്ല. കരഞ്ഞുകൊണ്ട് കൊർപ്പാളു എന്നെ തള്ളിമാറ്റി. ഞാൻ കൊടുത്ത കടലാസ് ബ്ളൗസിനുള്ളിലേക്ക് താഴ്ത്തിവെച്ച് തിരിഞ്ഞുനോക്കാതെ ഇറങ്ങിയോടി….
സുഖമുള്ള ഒരുപാട് ഓർമ്മകൾ തന്ന ആ നല്ല നാട്ടിൽനിന്നും വണ്ടികയറുമ്പോൾ ഒരു പെരുമഴപോലെ അവളെൻെറയുള്ളിൽ ആർത്തുപെയ്തുകൊണ്ടിരുന്നു…. അവളെ പിന്നെ ഞാൻ മറക്കുകയോ ഓർക്കുകയോ ചെയ്തില്ല.. ഇന്നലെ കിനാവിൽ മനസ്സിലാകെ പൊടിപറത്തിക്കൊണ്ട് കൊർപ്പാളു എന്തിനാവും ഓടിമറഞ്ഞത്….?














