കാട് കാതിൽ പറഞ്ഞത് – 17

മാർഗഴിക്കാറ്റ്

ധനുമാസം ആയാൽ ശബരിമലക്കാടുകൾ മകരജ്യോതി കാണാൻ ഒരുങ്ങിത്തുടങ്ങും. തമിഴ് കലണ്ടർ പ്രകാരം മാർഗഴി മാസമാണിത്. അവരുടെ വിശ്വാസപ്രകാരം ഭൗതിക കാര്യങ്ങൾക്ക് അവധി നൽകുകയും ആധ്യാത്മികതയിലേക്ക് മനുഷ്യൻ്റെ ശ്രദ്ധ എത്തേണ്ടതുമായ കാലം. സത്യത്തിൽ കാട് അതിൻ്റെ മുഴവൻ ജൈവിക ഊർജ്ജവും പ്രജനനത്തിനായി ഉപയോഗിക്കുന്ന കാലമാണിത്. പൂവിരിയാൻ നോമ്പെടുക്കുന്ന വൻമരങ്ങളും ചെറുചെടികളും. കാടിൻ്റെ ഊർജവാഹിനികൾ ഒക്കെയും പരാഗണത്തിൻ്റെ പ്രതീക്ഷകളിലേക്കും വിഹ്വലതകളിലേക്കും ഗർഭാലസ്യത്തിൻ്റെ ആത്മീയതയിലേക്കും ചേക്കേറുന്ന കാലം.

അപ്പോൾ അലസമായി കൈകൾ നീട്ടിവീശി കാട്ടിലൂടെ തലയുയർത്തിപ്പിടിച്ച് നടക്കുന്നത് എന്ത് രസമാണെന്നോ ? നമ്മുടെ പുറകിലേക്ക് വീശിയെറിയുന്ന കൈവെള്ളയിൽ വളർന്നുതുടങ്ങിയ വൃശ്ചികക്കുളിര് വന്ന് വെറുതേ ഇക്കിളിയിട്ടുകൊണ്ടിരിക്കും. കാട്ടുചോലവക്കിലെ പടർന്ന നീർമരുതുകളിൽ ഒന്നിലിരുന്ന് കൃഷ്ണപ്പരുന്ത് ഒളികണ്ണിട്ട് ആമാടപ്പെട്ടി തിരയുന്നത് നമുക്ക് കാണാതിരിക്കാനാകില്ല. കേഴമാനുകൾ പെരിയ സ്വാമിയെപ്പോലെ വല്ലപ്പോഴും മാത്രം ഉറക്കെ ഒന്നുശരണംവിളിക്കും. ശലഭ ദിഗംബരന്മാർ പൂവിൻ്റെ കേസരങ്ങൾ ചാർത്തിക്കൊടുത്ത തങ്കഭസ്മവുമണിഞ്ഞ് ഏതൊക്കെയോ മന്ത്രങ്ങളും ജപിച്ച് പരാഗതന്തുക്കളുടെ ഗർഭഗൃഹങ്ങളന്വേഷിച്ച് തിടുക്കത്തിൽ പോകുന്നതുകാണാം. അവക്ക്നേരേ തുടുത്ത ദളങ്ങൾ വിടർത്തിക്കാട്ടി, അവിടവിടെ പതുങ്ങി നിൽക്കുന്ന കാട്ടുപൂവുകൾ, ദേവദാസിമാരേപ്പോലെ പോരുന്നോ എന്ന് അംഗവിക്ഷേപം നടത്തും. പൂക്കളുടെ ആ യാചന ചിലപ്പോൾ ആ വടു സ്വീകരിച്ചെന്നിരിക്കും. എന്നാലും ബീജസംയോഗത്തിൻ്റെ ആ പർണ്ണശാലകളിൽ കയറിയിറങ്ങുമ്പോഴും അനാസക്തിയുടെ നിർമ്മമത ആനന്ദഭിക്ഷുവിലെന്നപോലെ ശലഭച്ചിറകുകളെ ഊർജസമ്പൂർണ്ണമാക്കും.

കാമമോഹിതരായ കരിവണ്ടുകളും തേൻ കുരുവികളും ശലഭങ്ങളുടെ നിഷ്കാമ കർമ്മത്തെ പരിഹസിച്ച് മൂളുകയും ചിലക്കുകയുമൊക്കെ ചെയ്യുമ്പോൾ കാട് ഒരു സാന്ദ്രമായ പ്രണയ സിംഫണിയിലേക്ക് കുടിയേറും. അപ്പോഴും, മാർഗഴി മാസമാണ്; മനസ്സ് മാംസനിബദ്ധമാകരുത് എന്ന വൃതശുദ്ധി ശലഭങ്ങളെ ചൂഴ്ന്നു നിൽക്കുംപോലെ നമുക്ക് തോന്നും. അതോ ഉദരനിമിത്ത വേഷക്കാരായ തനി പൂച്ച സന്യാസിമാരാണോ ഇവറ്റകൾ ? ആർക്കറിയാം !

മുമ്പ് മറ്റുള്ളവർക്കായി പുറത്തേക്ക് ചൊരിഞ്ഞിരുന്നതൊക്കെ ഉള്ളിലേക്ക് പിശുക്കിവെച്ചാണ് കാടകങ്ങൾ പ്രജനനത്തിൻ്റെ ഈറ്റല്ലമൊരുക്കാൻ ധനുവിൽ തയ്യാറെടുക്കുക. അതുകൊണ്ടാവാം മാർഗഴിയിൽ ആർഭാടങ്ങൾ വേണ്ട, ഭക്തിമതി എന്ന് പണ്ടുള്ളവർ വിധിച്ചത്. വിവാഹവും വീടുവയ്പും പോലും പാടില്ലത്രേ. ഇവ രണ്ടായാലും പ്രകൃതിയിൽ നിന്ന് ഒരുപാട് വിഭവങ്ങൾ എടുക്കേണ്ടിവരുമല്ലോ. പ്രജനനത്തിൻ്റെ കാലത്ത് അത് വേണ്ട എന്ന്, പ്രകൃതിയുടെ സർഗ്ഗകാലമറിഞ്ഞ് പണ്ടുള്ളവർ തീരുമാനിച്ചു. കാട്ടിൽ തളിരിലമാത്രം കഴിച്ച് ശങ്കരധ്യാനം നടത്തിയ പർവ്വതപുത്രിയുടെ (അപർണ്ണ ) ആഘോഷ രാത്രി ധനുമാസത്തിലെ തിരുവാതിരയായതും അങ്ങനെയൊക്കെയാവാം.

കുട്ടനാട്ടിൽ വേമ്പനാട്ട് കായലിൻ്റെ പരിസരത്ത് പാതിരാമണലിന് ചുറ്റുമുള്ള അരയസമുദായക്കാർ മുമ്പൊക്കെ കാലവർഷകാലത്ത് കായലിൻ്റെ ഒരു പ്രത്യേക മേഖലയിലെ മീൻ പിടിക്കാറില്ലായിരുന്നു പോലും. അവിടെ ഭക്തിപൂർവ്വം അവർ പൂജയും മീനൂട്ടും ഒക്കെ നടത്തിയിരുന്നു. നമ്മുടെ ട്രോളിങ്ങ് നിരരാധനം തുടങ്ങുന്നതിന് നൂറ്റാണ്ടുകൾ മുമ്പ് ആണിതെന്ന് ഓർക്കണം. ഒരു വിശാല മേഖലയിലെങ്കിലും പ്രജനനകാലത്ത് അതിചൂഷണം വേണ്ട എന്ന കാഴ്ചപ്പാട് നമ്മുടെ ഉൾനാടൻ മത്സ്യബന്ധനക്കാർ വച്ചുപുലർത്തി ! ആരാധനയും ഭക്ഷണം കൊടുപ്പുമൊക്കെ അതിൻ്റെ അടുത്ത ചുവടുകളാണ്. ആധുനിക സമൂഹം എന്നെങ്കിലും ഒരിക്കൽ ഏറ്റെടുക്കാനിരിക്കുന്ന പൈതൃക മാതൃകയാണിത്. അന്ന് ട്രോളിങ്ങ് നിരോധനത്തിനൊപ്പം മുട്ടവിരിയുന്ന കുഞ്ഞുമീനുകൾക്കായി മീനൂട്ടും ഉണ്ടാവും !!

കുട്ടനാടൻ മീനുകളുടെ ചക്രവർത്തി ആറ്റുകൊഞ്ചുകളാണ്. കൈക്കുഴയുടെ ചുറ്റുവണ്ണവും 400 ഗ്രാം വരെ ഭാഗവുമുള്ള കൂറ്റൻ കൊഞ്ചുകൾ. വിരൽ വണ്ണവും ഒരടിയോളം നീളവുമുള്ള അവയുടെ പെരുങ്കാലുകൾക്ക് മയിൽകഴുത്തിൻ്റെ നിറമുണ്ടാകും. ആറ്റുകൊഞ്ചുകൾക്ക് പ്രജനനത്തിന് തണ്ണീർമുക്കം ബണ്ടിൻ്റെ പരസരത്തെ ഓരുവെള്ളം (ഉപ്പുരസമുള്ള വെള്ളം ) വേണമത്രേ. വയറിൻ്റെ അടിയിൽ സുതാര്യമായ മുട്ടകളുടെ ഭാണ്ഡവുംചുമന്ന് അവ വേമ്പനാട്ടു കായലോരങ്ങളിലൂടെ പോകുമ്പോൾ മുട്ടയ്ക്ക് ക്ഷതം വരാതിരിക്കാൻ പെരുങ്കാലുകൾ മുന്നിലേക്ക് നീട്ടിത്തൊഴുത് പിടിച്ചിരിക്കും. അതുകണ്ട നമ്മുടെ പൂർവ്വികർ ഒരു കഥയുണ്ടാക്കി. ഇങ്ങനെ തൊഴുതു പിടിച്ച കൈകളുമായി ആറ്റുകൊഞ്ചുകൾ അഷ്ടമിതൊഴാൻ പോവുകയാണ് ! അതിനാൽ അവയെ പിടിക്കരുത് !! വൈക്കത്തപ്പനെ തൊഴാൻ പോകുന്ന മീനുകളെ ആരെങ്കിലും വകവരുത്തുമോ ?

പരിസ്ഥിതി രക്ഷയെ വിശ്വാസവുമായി സുന്ദരമായി വിളക്കിച്ചേർക്കുന്ന അത്തരമൊരു ഇടമാണ് പരമ്പരാഗത കാനനപ്പാതയും. അടുതക്കടവ് മുതൽ സന്നിധാനം വരെ 23 കിലോമീറ്റർ നിറഞ്ഞ കാട്ടിലൂടെ നടന്ന് നമുക്ക് ഈ അനുഭവം ആത്മാംശമാക്കാം. തീർത്ഥാടനത്തിന് ധനുമാസത്തിൻ തുറന്നു കൊടുത്ത ശേഷമേ ഭക്തർക്ക് ഇതുവഴി പ്രവേശനമുള്ളൂ.

ഭഗവാൻ്റെ പൂങ്കാവനം എന്നറിയപ്പെടുന്ന പെരിയാർ കടുവാസങ്കേതത്തിലെയും റാന്നി വനം ഡിവിഷനിലെയും കാടുകൾ നവംബർ അഞ്ചോടെ തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങിത്തുടങ്ങും. പങ്കാളിത്ത വനപരിപാലനത്തിൻ്റെ വ്യത്യസ്ത മാതൃകയായ സ്വാമി അയ്യപ്പൻ പൂങ്കാവന പരിരക്ഷണ സമിതിയാണ് (SAPP EDC) ഈ വനവഴിയിലുള്ള സേവന കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നത്. കുടിയേറ്റക്കാരും തദ്ദേശ ഗോത്രജനങ്ങളും ചേർന്ന് നാനൂറോളം പേർ അടങ്ങുന്ന സമിതി ഇവിടെ ചെറുതും വലുതുമായ ഇരുനൂറോളം സേവനകേന്ദ്രങ്ങൾ തുറക്കും. ടോയിലറ്റും വിരി എന്ന കിടപ്പിടങ്ങളും ഭക്ഷണശാലകളും അടങ്ങുന്ന സംവിധാനം. നടവഴിയിൽ നിന്നും കാടിനുളളിലേക്ക് ഒരടിപോലും വയ്ക്കാതെ, കാടിന് ആഴത്തിലുള്ള മുറിവ് ഏല്പിക്കാതെ വനയാത്ര നടത്തുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങുക.

തീർച്ചയായും ആളും ബഹളവും തീയും മലിനജലവുമൊക്കെ കാടിൻ്റെ ധനുമാസ നോമ്പിനെ അലോസരപ്പെടുത്തും. എങ്കിലും ഇന്ന് ഒരു ചുള്ളിക്കമ്പുപോലും വിരി ആവശ്യത്തിനായി മുറിക്കപ്പെടുന്നില്ല. ഗ്യാസ് അടുപ്പല്ലാതെ ഒരു വിറകു കൊള്ളിപോലും ഇക്കാട്ടിൽ പുകയുന്നില്ല. ഒരു മിഠായി കവർപോലും കാട്ടിൽ അവശേഷിക്കാത്ത അരിച്ചു പെറുക്കൽ നടത്തിയാണ് സീസൺ അവസാനിപ്പിച്ച് EDC അംഗങ്ങൾ മടങ്ങാറുള്ളത്. അഷ്ടമി തൊഴാൻപോകുന്ന മീനുകളോടുള്ള വിശ്വാസപരമായ വൈകാരികത ഇവിടെ പങ്കാളിത്ത വനപരിപാലനത്തിൻ്റെ സൂഷ്മാസൂത്രണരേഖാ നയങ്ങളിലേക്ക് ചുവടുമാറ്റം നടത്തുന്നു എന്നുമാത്രം.

വികസന മാനദണ്ഡങ്ങൾക്കും ശാസ്ത്രാവബോധത്തിനും അനുസരിച്ച് അതിവേഗം വിശ്വാസങ്ങളെ കൈവിടുന്ന ജനതയാണ് നാം. വിശ്വാസം സമം അന്ധവിശ്വാസം എന്ന് മിക്കവാറും ആയിക്കഴിഞ്ഞ സാഹചര്യത്തിൽ പുണ്യപൂങ്കാവനം എന്നൊന്നും പറഞ്ഞ് കാടിനുമേലുള്ള തീർത്ഥാടകൻ്റെ കൈകടത്തൽ തടയാനാകില്ല. അവർക്ക് ആവശ്യമുള്ളതത്രയും വനവഴിവക്കിൽ എത്തിച്ച് അധികമായ ഇടപെടൽ കുറക്കുകയേ മാർഗ്ഗമുള്ളൂ. വിശ്വാസങ്ങളുടെ പിന്നിലുള്ള പാരിസ്ഥിതിക ദർശനം അത് പറയേണ്ടവർക്ക് പോലും അറിയില്ല എന്നതും അറിയാമെങ്കിലും അന്ധവിശ്വാസത്തിൻ്റെ കരിമ്പടത്തിൽ അത് മൂടിവയ്ക്കാനാണ് അവർക്ക് താല്പര്യം എന്നതും അങ്ങേയറ്റം ഖേദകരമാണ്. ഈശാവാസ്വോപനിഷത്ത് പറയുംപോലെ മണ്ണിലെ ശാശ്വത സത്യങ്ങളെ സ്വർണ്ണപാത്രങ്ങൾ കൊണ്ട് മൂടിവയ്ക്കാൻ ശ്രമിക്കുകയാണവർ. വെറും സ്വർണ്ണമല്ല, മദ്യം മണക്കുന്ന വിജയ് മല്യയുടെ സ്വർണ്ണം !

ഞാൻ സന്നിധാനം ഫോറസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് പമ്പയിൽ നടന്ന ഒരു സമ്മേളനത്തിൽ വെച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ. പ്രയാർ ഗോപാലകൃഷ്ണൻ പൊന്നമ്പലമേട്ടിൽ അമ്പലം പണിയും എന്ന് പ്രഖ്യാപിച്ചത്. അതുകേട്ട് അവിശ്വാസം കൊണ്ട് മരംപോലെ നിന്നുപോയി. എന്തറിഞ്ഞിട്ടാണ് ഇദ്ദേഹം ഈ സ്ഥാനത്തെത്തിയതും ഇങ്ങനെ വിവരദോഷം വിളവുന്നതും !

പല തവണ പൊന്നമ്പലമേട്ടിൽ പോയിട്ടുള്ള ഒരു വനപാലകനാണ് ഞാൻ. ശബരിമല തീർത്ഥാടന കാലമാകുമ്പോൾ കേരളത്തിലെ പ്രധാന വഴികളിലൊക്കെ പണ്ട് കാൽ നടയായും ഇന്ന് വാഹനങ്ങളിലും ശബരിമലയിലേക്കുള്ള ഒരു നിര രൂപപ്പെടാറുണ്ടല്ലോ. അരിമണി ചുമക്കുന്ന ഉറുമ്പിൻ വരിപോലെ കാനനക്ഷേത്രത്തിലേക്കു പോകുന്ന തത്വമസിയുടെ നെയ്യുറുമ്പുകൾ ! ആ യാത്രയെ നമ്മുടെ സമൂഹത്തിൻ്റെ പൊതു പരിസരത്തുനിന്നും മതവിശ്വാസത്തിൻ്റെ പ്രത്യേക ചുറ്റുപാടിൽ നിന്നും ഏറെമാറി, കാട്ടിൽനിന്നു കാണുമ്പോൾ അതിന് ഒരുപ്രത്യേക ഭംഗി കൈവരുന്നുണ്ട്. അത് ഭക്തി പ്രഹർഷത്തിൻ്റെയോ സീസൺ എന്ന വാണിജ്യ മാമാങ്കത്തിൻ്റെയോ കാലം മാത്രമല്ല. മനുഷ്യൻ അവൻ്റെ ജനിതകത്തിൻ്റെ അടരുകളിൽ പറ്റിപ്പിടിച്ച കാടെന്ന ഉണ്മയെ അചേതനമായി വീണ്ടെടുക്കുന്ന കാലം കൂടിയാണത്. ആ വീണ്ടെടുപ്പിൻ്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്.

കുമളി വള്ളക്കടവിലെയും ആങ്ങമുഴി കൊച്ചാണ്ടിയിലെയും വനംചെക്ക്പോസ്റ്റുകളാണ് ഓർഡിറി സിനിമയിലൂടെ വിഖ്യാതമായ ഗവി റോഡിലേക്കുള്ള പ്രവേശന കവാടം. ഈ രണ്ട് ചെക്ക്പോസ്റ്റുകൾക്കും ഇടയിൽ 130 കിലോമീറ്റർ നിറഞ്ഞ കാട്ടിലൂടെയാണ് ടാർ റോഡ് കടന്നുപോകുന്നത്. ഗവി കാണാൻ സഞ്ചാരികൾ പ്രധാനമായും എത്തുന്നത് ആങ്ങമുഴി വഴിയാണ്. ചെക്ക്പോസ്റ്റ് കടക്കുമ്പോഴേ ഇറ്റക്കാടായി. മൂഴിയാർ ജല വൈദ്യുത നിലയത്തിൽ നിന്നുള്ള കൂറ്റൻ വൈദ്യുത ടവ്വറുകൾക്ക് താഴെ അടിക്കാട് തെളിച്ചിട്ടിരിക്കുന്നതിനാൽ അവിടെ മിക്കവാറും മ്ലാവ്, കാട്ടുപോത്ത്, ആന എന്നിവ ഉണ്ടാകാറുണ്ട്. പിന്നീടണ്ടോട്ടുള്ള നിറഞ്ഞ കാട്ടിലെ വഴി, ഇവിടുത്തെ തീവ്രമഴയും റോഡിലൂടെയും കുറുകെയുമുള്ള നീരൊഴുക്കും കാരണം മിക്കവാറും പൊട്ടിപ്പൊളിഞ്ഞാവും കിടക്കുക. ഈ റോഡിൻ്റെ ഏതാണ്ട് മധ്യഭാഗത്താണ് കൊച്ചുപമ്പ ഫോറസ്റ്റ് സ്റ്റേഷൻ. ഇവിടെ നിന്നും 4.5 കിലോമീറ്റർ മാത്രം അകലെയാണ് ഭൗതികമായി പൊന്നമ്പലമേട്. പക്ഷേ ഭക്തകോടികൾക്ക് അത് അപ്രാപ്യമായ ഏതോ നിഗൂഢ വനമേഖലയാണ് ഇന്നും.
പൊന്നമ്പലമേട്ടിലേക്കുള്ള ചെക്ക് പോസ്റ്റ് കടന്നാൽ ഒരു കിലോമീറ്ററോളം നല്ല കാടുണ്ട്. പിന്നെ അത് തുറന്ന പുൽമേടിന് വഴിമാറും.

പുൽമേട് എന്നത് ഓരോകാടിൻ്റെയും ഈറ്റില്ലമാണ്. ആ കാടിൻ്റെ ജലസമൃദ്ധിയുടെ ഉറവിടങ്ങളായി, സസ്യാഹാരികളുടെ ഇഷ്ട ഭക്ഷണഇടമായി, മാംസാഹാരികളുടെ ഊട്ടുപുരയായി അവ നിലകൊള്ളുന്നു. ഇത് തിരിയാത്ത വിദേശികൾ നമ്മുടെ കാടുകളെ സർവ്വേ ചെയ്ത് രണ്ടു കള്ളികളിലാക്കി. ഒന്ന് മരങ്ങളുള്ള ഇടം-Forest. മറ്റേത് പുൽമേടുകൾ – waste land ! കാട് ഒരു മഹാക്ഷേത്രമാണെങ്കിൽ അതിൻ്റെ ശ്രീകോവിലാണ്, പൊന്നമ്പലമാണ്, പുൽമേടുകൾ എന്നറിയാൻ സായിപ്പിൻ്റെ നാട്ടിൽ ശബരിമല ഇല്ലല്ലോ !!

ഒരു വന ആവാസവ്യവസ്ഥയുടെ മാനിഫെസ്റ്റേഷനാണ് അയ്യപ്പൻ എന്ന് ഈയുള്ളവൻ കരുതുന്നതിൻ്റെ ആദ്യ കാരണം ഈ പുൽമേട്ടിലെ പൊന്നമ്പലമേടാണ്. വനപാലകൻ്റെ ആ നോട്ടം നാട്ടിൽനിന്ന് നാലുവർഷത്തേക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റായെത്തിയ പ്രയാറിന് കിട്ടണമെന്നില്ല.

വന്യജീവി സംരക്ഷണത്തിലെ പ്രധാന ആവാസവ്യവസ്ഥാ വിഭജനമാണ് ബഫറും (Buffer area) കോറും( Core area). കരുതലിൻ്റെയും കൈകാര്യത്തിൻ്റെയും ഒക്കെ മേഖല ബഫറാണ്. അസ്പർശ്യമായി നാം വിട്ടുകളയേണ്ട ഇടമാണ് കോർ മേഖല. കാലഘട്ടത്തിൻ്റെ ആവശ്യത്തിനനുസരിച്ച് അവിടം നവീകരിക്കുവാൻ പ്രകൃതിക്കറിയാം. കോർ മേഖല എന്നതിൻ്റെ വിശ്വാസപരമായ പേരാവില്ലേ യോഗസമാധി എന്നും പൊന്നമ്പലമേട് എന്നുമുള്ളത് ? ഭക്തിയൊക്കെ ശബരിമല വരെമതി, ഇവിടെ വനചൈതന്യത്തിൻ്റെ കോറാണ് അഥവാ മൂലസ്ഥാനമാണ്, ഇവിടം തൊട്ടശുദ്ധമാക്കാതെ മടങ്ങിക്കോ എന്ന ഉപദേശവാക്യത്തിൻ്റെ ഇടം !

പുൽമേട്ടിലൂടെയുള്ള മൂന്നു കിലോമീറ്റർ നടത്തം ഒട്ടും ആയാസകരമല്ല. ഇടതു വശത്തെ താഴ്വരയിലോ അതിനപ്പുറത്തെ മേട്ടിലോ മ്ലാവും കാട്ടുപോത്തുമൊക്കെ മേയുന്നുണ്ടാകും. ഭാഗ്യമുണ്ടെങ്കിൽ മാത്രം കരടികളും കടുവകളും ദർശനം തരും. വാച്ച് ടവ്വർ എത്തിയാൽ വലത്തേക്കുള്ള നടവഴിയിലൂടെ നടക്കണം. ആൾപ്പൊക്കത്തിലുള്ള തെരുവപ്പുല്ലുകൾ വകഞ്ഞുമാറ്റി ഒരു കുഞ്ഞുചോലപ്പച്ചയും നീർച്ചാലും കടന്നാൽ ആഴിത്തറ കാണാം. ജീപ്പു റോഡിൽ നിന്നും ആകെ 500 മീറ്ററേയുള്ളൂ ഇവിടേക്ക്. നമ്മൾ മരകരവിളക്ക് കത്തിക്കുന്ന സ്ഥലത്ത് എത്തിയിരിക്കുന്നു !

പതിനഞ്ചടി സമചതുരത്തിൽ ഒന്നരയടി പൊക്കമുള്ള ഒരു സിമൻ്റ് പ്ലാറ്റ്ഫോം. അതിനോട് ചേർന്ന് ഭരതനാട്യനർത്തകൻ്റെ മുദ്രകാട്ടി നിൽക്കുന്ന ഒരു ചെറു വെടിപ്ലാവ്. അപ്പുറം വലിയ ഗർത്തമാണ്. പെരിയാർ കടുവാസങ്കേതത്തിൻ്റെ വന്യത പച്ചപുതച്ച് നീണ്ടു നിവർന്ന് കിടക്കുകയാണ് താഴെ. മേഘക്കീറുകൾ ചതിച്ചില്ല എങ്കിൽ ദൂരെ കാടിൻ്റെ നടുവിൽ ശബരിമല ക്ഷേത്രസമുച്ചയം കാണാം. ദൂരെ ഇടതുവശം പമ്പയും കക്കിയാറും ചേരുന്ന ത്രിവേണീ സംഗമം. നീലിമലയും അതിനപ്പുറം കരിമലയും പച്ചപ്പുതപ്പിനുള്ളിൽ നിന്നും തലയുയർത്തി നോക്കുന്നുണ്ടാകും. ഇവിടെ നിൽക്കുമ്പോഴൊക്കെ പമ്പയിൽനിന്നും മലകയറി വന്ന കാറ്റിനൊപ്പം ഒരു ചിന്തയേ മനസ്സിനെ തണുപ്പിച്ചിട്ടുള്ളൂ. സ്നേഹത്തിൻ്റെ പാരമ്യം ധൃതരാഷ്ട്രാലിംഗനമല്ല, തൊട്ടശുദ്ധമാക്കരുതെ എന്നതും, ഭക്തിയുടെ പൂർണ്ണത വാരിച്ചൂടലല്ല, മനക്കണ്ണിൽ തെളിയുന്ന ദിവ്യദർശനമാണ് എന്നതും പരിരക്ഷയുടെ നിറവ് കൈകടത്തലല്ല, വിരൽ തൊടാതെ വിടുന്നതാണ് എന്നും ഈ ആഴിത്തറ മാലോകരോട് പറയുന്നുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അത്.

താവളത്തിലെ ഒരു സേവന കേന്ദ്രം

ശബരിമല എന്ന കാനനക്ഷേത്ര പരിസരം ദ്വന്ദ്വങ്ങളുടെ സന്നിധി കൂടിയാണ്. നിഷ്കാമ ഭക്തിയും കഴുത്തറപ്പൻ ഭക്തജനചൂഷണവും അവിടെ കാണാം. നൂറ്റാണ്ടുകൾകൊണ്ട് കാട് കരുതലോടെ വളർത്തിയെടുത്ത മനോഹര വൃക്ഷങ്ങളും എസ്റ്റിമേറ്റിൻ്റെ അക്കപ്പെരുക്കത്തിൽ പനപോലെ വളരുന്ന അങ്ങേയറ്റം വിലക്ഷണമായ കോൺക്രീറ്റ് അശ്ലീലങ്ങളും അവിടെയുണ്ട്. കാടിനെ വെറും മരക്കൂട്ടമായി കണ്ടു പോകുന്നവരും അനാദിയായ പരിണാമത്തിൻ്റെ വിരലടയാളങ്ങളായി പരിഗണിക്കാൻ പഠിക്കുന്നവരും അവിടെയുണ്ട്.

ഈ അവസാനം പറഞ്ഞ ദ്വന്ദ്വത്തിൽ പെടുന്നവരും അത്ഭുതാദരങ്ങളോടെ നടന്നുതീർക്കാൻ കാടുകയറുന്നവരെ വന ചൂഷണത്തിന് അനുവദിക്കാതെ സുസ്ഥിര പരിരക്ഷ നൽകാനുള്ള പഠനത്തിലെ അംഗങ്ങളാണ് ഇവിടെ സേവനകേന്ദ്രം നടത്തുന്ന ഓരോ EDC അംഗങ്ങളും. അവർക്ക് ഈ വനവഴി കാട്ടുതീയും മരംമുറിയും പ്ലാസ്റ്റിക്ക് മാലിന്യവുമില്ലാതെ സംരക്ഷിച്ചേ മതിയാകൂ. മാർഗഴിയുടെ അനാസക്തി കണ്ട്, വിത്തെടുത്ത് കുത്തുന്നത് ഒഴിവാക്കാൻ അവർ പഠിച്ചുകഴിഞ്ഞിരിക്കുന്നു. വിവേകത്തിൻ്റെ ആ അടയാളപ്പെടുത്തലുകൾ കാണാതെ നമുക്ക് പരമ്പരാഗത കാനനപ്പാത കടന്നുപോകാനാകില്ല.

ഇടക്ക് പറഞ്ഞു നിർത്തിയ, ഭഗവാൻ്റെ തിരുവാഭരണപ്പെട്ടി തിരയുന്ന കൃഷ്ണപ്പരുന്തിനെ കണ്ട ശേഷമുള്ള വനയാത്ര നമുക്ക് തുടരാം. അഴുതക്കടവിൽ നിന്നു തുടങ്ങിയ ഈ നടപ്പ് അയ്യപ്പൻ മഹിഷിയെ കൊന്നു എന്നു വിശ്വാസത്തിലുള്ള കല്ലിടാംകുന്ന് വരെ നല്ല കയറ്റമാണ്. നടപ്പ് രാവിലേ ആയതിനാൽ ചരിഞ്ഞു വീഴുന്ന ഇളവെയിൽ ഏതോ ഓലക്കൊട്ടകയിലെ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്ര പ്രൊജക്ഷൻ ഓർമിപ്പിക്കും. ഇഞ്ചപ്പാറയിലെ ആദിവാസിക്ഷേത്രം, ഗോത്ര ജീവിതവും വനസംരക്ഷണവും തമ്മിലുണ്ടായിരുന്ന കാണാക്കെട്ടുപാടുകളെ പറഞ്ഞുതരും. വൻമരങ്ങളിൽ നിന്ന് തലകീഴായി ഇറങ്ങിയെത്തുന്ന മലയണ്ണാന്മാർ ഇവിടെ നമ്മുടെ വരവിൻ്റെ ഉദ്ദേശം അന്വേഷിച്ച് , വാലുമർത്തി ചിലച്ച് ബോധ്യപ്പെട്ട് മടങ്ങും.

ഇനി വഴിയിൽ ഉണങ്ങിയതും അല്ലാത്തതുമായ ആനപ്പിണ്ടം നിരക്കും. ആനച്ചൂര് അസ്സഹനീയമായാൽ മുക്കുഴിയെത്തി എന്നുറപ്പിക്കാം. പണ്ട് വാരിക്കുഴികൾ കുത്തി ആനയെ വീഴ്ത്തിയിരുന്ന കാടാണിത്. ഒന്നാന്തരം ആനത്താരയാണിവിടുള്ളത്. വലിയാനവട്ടവും ചെറിയാനവട്ടവുമാണ് മറ്റ് രണ്ട് ആനത്താരകൾ.

മണ്ഡല മകരവിളക്ക് സീസൺ മനുഷ്യരുടെ മാത്രമല്ല ആനകളുടെയും ശബരിമല യാത്രയുടെ കാലമാണ്. റാന്നി വനം ഡിവിഷനും പെരിയാർ കടുവാസങ്കേതവും അടക്കമുളള വിശാലമായ വനമേഖലകളിൽ നിന്നും ആനകൾ കൂട്ടമായി ഇക്കാലത്ത് കാനനപ്പാതയുടെ വശങ്ങളിലും നിലക്കലിലും ഉരക്കുഴിയിലുമൊക്കെ വന്ന് തമ്പടിക്കും. മനുഷ്യൻ അവശിഷ്ടമായി ഉപേക്ഷിക്കുന്നതിലെ പോഷകസമൃദ്ധി പെറുക്കാനുള്ള വരവാണത്. മനുഷ്യ പ്രേരണ മൂലമുള്ള വന്യജീവികളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പോസിറ്റീവ് ലോക്കൽ മൈഗ്രേഷനാണ് ഇത് എന്ന് ഞാൻ കരുതുന്നു. വലിയ പഠനങ്ങൾക്ക് സാധ്യതയുള്ള വിഷയമാണിത്. ഒരു മനുഷ്യപ്പുഴയുടെ നേർക്ക് കാർമേഘങ്ങൾ പോലെ ഒഴുകിയെത്തുന്ന ആനക്കൂട്ടങ്ങൾ. അതാണ് മാർഗഴി പൂങ്കാവനത്തിന് സമ്മാനിക്കുന്ന നിഗൂഢ സമ്മാനം !

വള്ളിത്തോട്ടിൽ നിറകാടിൻ്റെ നിർമ്മാല്യ ദർശനം കിട്ടും. വെള്ളാരംചെറ്റ എത്തിയോ എന്നറിയാൻ വനമണ്ണിൽ നോക്കി നടന്നാൽ മതി. ഉടഞ്ഞ വെൺശംഖുകണക്കെ വെള്ളാരംകല്ലുകൾ അവിടവിടെ ചിതറിക്കിടക്കുന്നുണ്ടാകും. കരിമലക്കോട്ടയുടെ അടിവാരത്തായതിനാൽ പുതുശ്ശേരിയിലും നിത്യഹരിത വനങ്ങളാണ് ഉള്ളത്.

കരിമല ഗംഭീരമാണ്. ഇവിടെ താഴെ പലതവണ കടുവകളുടെ ഗർജ്ജനം കേട്ടിട്ടുണ്ട്. ശബരിമലയിലെ വെടിവഴിപാടിൻ്റെ ശബ്ദം ഇവിടെ കേൾക്കാം. വലിയാനവട്ടവും ചെറിയാനവട്ടവും തുറന്ന പുൽപ്പരപ്പാണ്. ഇവിടെ വലതുവശം പമ്പയാറ് കാണുമ്പോഴാണ് പങ്കാളിത്ത പരിപാലനം മൂലം കാടിനുണ്ടായ ഗുണം നാം തിരിച്ചറിയുക. മനുഷ്യർ വലിച്ചെറിഞ്ഞ തുണിയും പ്ലാസ്റ്റിക്കും കൊണ്ട് സീസൺ അല്ലാത്തപ്പോഴും പമ്പാനദി നമ്മെ ഭയപ്പെടുത്തും. യഥാർത്ഥത്തിൽ പമ്പ ഇവിടെ വനനദി ആയതിനാൽ കാട്ടിൽ കാട്ടുന്ന ജാഗ്രത EDC കൾ പുഴയെ ഖരമാലിന്യ മുക്തമാക്കാനും സ്വീകരിക്കേണ്ടതാണ്. ദേവസ്വം ബോർഡിൻ്റെ സഹായത്തോടെ ആ ജോലി പങ്കാളിത്ത പ്രവർത്തകർ ഏറ്റെടുത്തില്ലെങ്കിൽ നിങ്ങളുടെ അധ്വാനം പൂർണ്ണ വിജയമായില്ല.

പമ്പ സീവേജ് പ്ലാൻ്റ് എത്തുമ്പോൾ കാടും മനുഷനും വന്യമൃഗങ്ങളും ചേർന്ന് 18 കിലോമീറ്റർ ദൂരത്തിൽ ഒരുക്കിയ ധനുമാസ തിരുവാതിര കണ്ണിൽനിന്ന് മറയും. 18 പടിയുടെ പുണ്യം ഈ 18 കിലോമീറ്ററിൽ നാം പിന്നിട്ടിരിക്കുന്നു !

മാസങ്ങളിൽ ഞാൻ മാർഗഴിയാണ് എന്ന് ഭഗവത് ഗീതയിൽ കൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിസ്വാർത്ഥതയുടെ ആ ഗീതാംശം തന്നെയാണ് കാനനപ്പാതയിലെ മാർഗഴിക്കാറ്റും മന്ത്രിക്കുന്നത്.

കുട്ടനാട്ടിൽ ജനിച്ചു. പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമ. വനം വകുപ്പിൽ ഫീൽഡ് ഓഫീസറായിരുന്നു. 2021 ൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചു. വകുപ്പിൻ്റെ അരണ്യം മാസികയുടെ അസി. എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. നിരവധി ലേഖനങ്ങളും ഡോക്യുമെൻ്ററികളും പത്ര - ദൃശ്യമാധ്യമങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. 'ആരണ്യകം' എന്ന പേരിൽ വനം പരിസ്ഥിതി വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ട്.