ജ്ഞാനസ്നാനം
ഏറ്റവും സുന്ദരമായ കാടേതാണ് ? ആ ചോദ്യം ഒരുപാട് പേർ എത്ര തവണയാണ് ചോദിച്ചിട്ടുള്ളത് ! ഓരോ വനയാത്രയിലും ഞാൻ സ്വയം ചോദിച്ച ആദ്യ ചോദ്യങ്ങളിലൊന്നും അതാണ് !!
ഇരവികുളത്തെ മലമടക്കുകൾക്ക് നേർക്ക് നടക്കുമ്പോൾ, ഈറൻ പച്ചപ്പട്ടണിഞ്ഞ് ലാസ്യഭാവത്തിൽ ഇളവെയിൽ കായുന്ന ഏതോ അപ്സരസിൻ്റെ അഭൗമവും മാംസനിബദ്ധവുമായ ത്രസിപ്പിക്കുന്ന നിമ്നോന്നതങ്ങളും ലാവണ്യ വളവുകളുമാണ് കാഴ്ചയിലാകെ വന്നു നിറഞ്ഞിരുന്നത്. വടുവിനെപ്പോലും വിടനാക്കുന്ന പ്രകൃതിയുടെ വിപ്രലംഭ ശൃംഗാരം ! അവിടെ വാത്സ്യായനൻ്റെ പോസ്ച്ചറുകൾ പഠിക്കുന്ന ചോലമരങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞുകയറി ഊർന്നുതൂങ്ങിയ മരപ്പായലുകൾ പെയ്യുന്ന മഞ്ഞിൻ കണങ്ങൾ ഉടലിൽ ഏറ്റുവാങ്ങി ഇരിക്കുമ്പോഴും അതിൻ്റെ തണുപ്പ് ശ്വാസനാളത്തെയും ഉയിരിനെയും മതിവരാത്ത ദീർഘചുംബനം കൊണ്ട് വീർപ്പുമുട്ടിക്കുമ്പോഴും, സംഗമമൂർശ്ചയിലെന്നപോലെ നിലവിളിക്കാൻ തോന്നിയിട്ടുണ്ട്, ഇതാണ് സമാനതകളില്ലാത്ത വനാനുഭവമെന്ന് !
കുമളിയിൽ, വള്ളക്കടവിനപ്പുറം സത്രത്തിൽ നിന്നും ഉപ്പുപാറയിലേക്കുള്ള പരമ്പരാഗത കാനനപാതയിലൂടെ അതിരാവിലെ, താഴ്ന്നു പറക്കുന്ന മേഘക്കീറുകൾക്കിടയിലൂടെ നടക്കുമ്പോൾ, മൂടൽമഞ്ഞിൻ്റെ മൂടുപടത്തിനപ്പുറം ഇടക്ക് മുഖം കാണിക്കുന്ന പുൽമേടുകളുടെ മൊഞ്ച് ഒളിമിന്നും. നോക്കെത്താ ദൂരത്തോളമുള്ള കയറ്റിറക്കങ്ങളിൽ തിങ്ങിനിറഞ്ഞ് ഇരുമുടിയെടുത്ത അയ്യപ്പഭക്തരെപ്പോലെ, മഞ്ഞുതുള്ളിയെ ചുമന്നുതളർന്ന പുൽനാമ്പുകൾ കിഴക്കുനിന്നുള്ള ദിവ്യജ്യോതിസ് തെളിയാൻ പ്രാർത്ഥനയോടെ കാത്തുനിൽക്കും. അവിടെ ദൂരങ്ങളിൽ പച്ചക്കടൽത്തിരകളിൽ ഒഴുകിനീങ്ങുന്ന ഞാവൽപ്പഴങ്ങൾ പോലെ ആനക്കൂട്ടങ്ങളുടെയും കാട്ടുപോത്തിൻ പറ്റങ്ങളുടെയും ധാരാളിത്തം പയ്യെ ചലിക്കുമ്പോൾ ഇതല്ലേ വന്യസൗന്ദര്യത്തിൻ്റെ ഉത്തുംഗം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് !
പമ്പയിൽ കരിമലക്കുതാഴെ ഒളിയമ്പുഴയിൽ, അട്ടകൾ പുളയ്ക്കുന്ന കറുത്തമണ്ണിൽ ആകാശം തൊടുമാറു നിൽക്കുന്ന വൻമരങ്ങളുടെ മറവുപറ്റി നിന്നാണത്രേ ശ്രീരാമൻ ബാലിയെ ഒളിയമ്പ് എയ്തുവീഴ്ത്തിയത്. മഹാസത്യങ്ങളെ മറയ്ക്കാൻ പാങ്ങുള്ള ആ വനവൃക്ഷങ്ങൾ കാണുമ്പോൾ ഇതല്ലേ ആരണ്യകാണ്ഡത്തിലെ സുന്ദരകാണ്ഡം എന്ന് ചിന്തിച്ചിട്ടുണ്ട് !
ബോണക്കാടുനിന്നും അഗസ്ത്യാർ കൂടത്തിലേക്കുള്ള കാട്ടുനടവഴി മുറിച്ചൊഴുകുന്ന കാട്ടാറുകളിൽ മുങ്ങി നിവരുമ്പോൾ, വയനാടൻ കാടുകളിൽ വയലുകൾക്കപ്പുറം കെട്ടിപ്പുണർന്നും കലഹിച്ചുമുള്ള പന്നിക്കരടികളുടെ പ്രണയം കണ്ടിരിക്കുമ്പോൾ, പറമ്പിക്കുളത്തെ തേക്ക് മരങ്ങൾക്കിടയിൽ പാറിവീണ ഉണങ്ങിയ തേക്കിലകൾ പറപ്പിച്ച് മാനിനു പിന്നാലെ വെള്ളിടിപോലെ പായുന്ന കടുവയെ കാണുമ്പോഴൊക്കെ കാടിൻ്റെ മനോഹാരിത ഇതാണ്, ഇതാണ് എന്ന് എന്നിലെ ചഞ്ചനായ മനുഷ്യൻ കുറച്ചുനേരത്തേക്കെങ്കിലും വാദിക്കുന്നുണ്ടായിരുന്നു !
അപ്പോഴും, പഞ്ചേന്ദ്രിങ്ങളിൽ നിന്നും അധികമൊന്നും ഉള്ളിലേക്ക് കടക്കാത്ത ആ കാടഴകുകളെ, ശ്രീകോവിലിനുള്ളിലെ മൂർത്തി എന്നപോലെ ഒരാൾ എൻ്റെ ഉള്ളിലിരുന്ന് നോക്കിക്കാണുന്നുണ്ടായിരുന്നു. എൻ്റെ വന ആസ്വാദനബോധത്തിൻ്റെ ഗർഭഗൃഹത്തിൽ ഇരുപ്പുറപ്പിച്ച ആ അഖണ്ഡ ശിലാബിംബത്തെ ഒന്നു സ്പർശിക്കാൻപോലും മറ്റൊരു ചപല വനദർശന സുഖത്തിനും കഴിഞ്ഞിട്ടില്ല. പുഴയോരക്കാടുകളായിരുന്നു ആ വിസ്മയ വിഗ്രഹം !!
Riparian forests എന്നാണ് പുഴയോര വനങ്ങളെ വിളിക്കുക. നദീബന്ധമുള്ള വൃക്ഷങ്ങളുടെയും സസ്യജനുസ്സുകളുടെയും വീതികുറഞ്ഞ ഒരു നീളൻ ബൽറ്റായി അവ പുഴയോരങ്ങൾക്ക് അതിരിട്ടുനിൽക്കും. പുഴയും കരയും തമ്മിലുള്ള ജൈവീക കൊടുക്കൽ വാങ്ങലിൻ്റെ ഇടനിലക്കാരാണവ. നിത്യഹരിത സ്വഭാവമുള്ള അവ നീർപക്ഷികളുടെ പ്രിയപ്പെട്ട വിശ്രമഇടങ്ങളും കുടിവെള്ളം തേടിവരുന്ന വന്യജീവികളുടെ അഭയകേന്ദ്രവുമാണ്. വെള്ളപ്പൊക്കത്തെ ചെറുക്കാൻ ത്രാണിയുള്ള, പുഴയിലൂടെ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളാണ് ഇവയിൽ നല്ലപങ്കും. സഹജീവന മാതൃക സൃഷ്ടിക്കുന്ന പുഴയോര വൃക്ഷങ്ങളിൽ പലതിൻ്റെയും ഇലയും പൂവും പഴവുമൊക്കെ മത്സ്യങ്ങളുടെ പ്രിയ വിഭവങ്ങളുമായിരിക്കും. പുഴയുടെ കാരുണ്യത്തിൻ്റെ മൂർത്തരൂപങ്ങളായി തണൽവിരിച്ച്, പുഴയിലൂടെ ഒഴുകിയെത്തുന്ന തണുന്ന കാറ്റിൻ്റെ ഉന്മേഷത്തിൽ കാട്ടാറിൻ്റെ കണ്ണാടിയിൽ സ്വന്തം ഉടലഴകുനോക്കി രസിക്കുന്ന ആ പച്ചപ്പിൻ്റെ യൗവ്വനം എന്നെ വല്ലാതെ കീഴടക്കിയിട്ടുണ്ട് !
ഒരു പക്ഷേ, ചെറുപ്പത്തിലെ കുട്ടനാടൻ ജീവിതമായിരിക്കാം പുഴയോരവനങ്ങളുമായി എൻ്റെ ആലോചനകളെയും ആസ്വാദന പരതയേയും ആത്മനിർവൃതിയേയും ഇത്രകണ്ട് ചേർത്തു കെട്ടിയത്. ജലാധിവാസിയായ ഒരു ബാല്യം എനിക്കുണ്ടായിരുന്നു എന്നത് മുൻ അധ്യായങ്ങളിലും പറഞ്ഞിരുന്നല്ലോ. ഓരോ കുട്ടനാടൻ കുഞ്ഞിൻ്റെയും ബാല്യം അങ്ങനെയായിരുന്ന ഒരു കാലം ഒരുപാട് പിന്നിലൊന്നുമല്ല. എന്നിട്ടും ഇന്ന് അവിടെ നീന്തറിയാത്ത കുട്ടികളും യുവാക്കളും പുഴയിൽ മുങ്ങിമരിക്കുന്നത് തുടർക്കഥയാണ്. പുഴയിലെ നീന്തലിൻ്റെ ദൃഢ പേശികളിൽനിന്നും കുളിമുറിയിലെ കിതപ്പിലേക്ക് ശാരീരിക ആരോഗ്യം അന്നാട്ടിൽ കൂപ്പുകുത്തിയിരിക്കുന്നു.
മുമ്പൊക്കെ, മുട്ടിലെ നീന്തൽ അവസാനിക്കുമ്പോഴേ കുട്ടനാടൻ കുഞ്ഞുങ്ങൾ വെള്ളത്തിൽ നീന്താൻ പഠിച്ചുതുടങ്ങും. പകലിൻ്റെ നല്ലപങ്കും അമ്മയും ചേച്ചിമാരും ആറ്റുകടവിലായിരിക്കും. പല്ലുതേപ്പ്, കുളി, തുണിയും പാത്രങ്ങളും കഴുകൽ ചൂണ്ടയിടീലും മീൻവെട്ടലും… അങ്ങനെയങ്ങനെ. ഇടത്തരം വള്ളങ്ങളിൽ പച്ചക്കറികളും മീനും എന്നും വീട്ടുകടവിലെത്തും. ഒഴുകുന്ന ചിന്തിക്കടകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കടവിലടുക്കും. സോപ്പ്, ചീപ്പ്, കണ്ണാടി, കൺമഷി, കുപ്പിവളകൾ, അലുമിനിയം പാത്രങ്ങൾ, തവികൾ… അവർക്ക് പണം നൽകണമെന്നില്ല. കോഴിമുട്ടയോ താറാവിൻ മുട്ടയോ കൊടുത്താലും മതി. കുട്ടികളുടെ കളികൾ പലതും കുളിക്കൊപ്പമായിരുന്നു. ഗ്രാമ ജീവിതത്തിൻ്റെ പ്രവാഹിനിയായി പുഴ കലങ്ങിയും തെളിഞ്ഞും ഒഴുകിക്കൊണ്ടിരുന്നു.
പുഴയുടെ ഇരുകരകളിലും നിറയെ ആർത്തുവളരുന്ന ആറ്റുപൊന്തകൾ ആയിരുന്നു. മഞ്ഞമുളയും ആറ്റുപരുത്തിയും കൈതകൂട്ടവും ഞാങ്കണയുമെല്ലാം ഓരോ കടവിനും ജൈവമറതീർത്ത് നിറഞ്ഞുനിന്നിരുന്നു. ആ പച്ച മറവിൻ്റെ സുരക്ഷയിൽ ഓരോ കുട്ടനാടൻ പെണ്ണും മത്സ്യകന്യകളെപ്പോലെ നീന്തിത്തുടിച്ച് ജലക്രീഡയിൽ മുഴുകുമ്പോൾ പുഴയോരപ്പൊന്തകൾക്ക് കുപ്പിവളകളുടെ ചിരിയും ചന്ദ്രികസോപ്പിൻ്റെ മണവും കൈവരും. ആ പച്ചക്കാടുകൾക്ക് അപ്പുറം നിന്നാണ് വെള്ളിയാഴ്ചകളിൽ കാറ്റിൻ്റെ നതോന്നതക്കൊത്ത് കവിതകൾ ഒഴുകിവന്നിരുന്നത്. വളവര ( തടിയും തകരവും കൊണ്ട് നിർമിച്ച റ മാതൃകയിലുള്ള വള്ളത്തിൻ്റെ മേൽക്കൂരയാണ് വളവര) വെച്ച ഒരു കുഞ്ഞു ചുരുളൻവള്ളം അങ്ങുദൂരെനിന്നും അപ്പോൾ പ്രത്യക്ഷപ്പെടും. അത് ഓമനക്കുട്ടൻ്റെ പുസ്തക വഞ്ചിയാണ് ! ഉള്ളൂരും ആശാനും ചങ്ങമ്പുഴയുമൊക്കെ അയാളുടെ പാട്ടിലൂടെ പുഴനീന്തിവന്ന് ഞങ്ങളെ കവിതകളിൽ കുളിപ്പിക്കും !!
തുഴയുന്നതിനിടയിൽ കവിതചൊല്ലൽ നിർത്തി “പുസ്തക പഞ്ചാംഗോം… ” എന്നയാൾ നീട്ടിവിളിക്കും. കാതിൽ ചുവന്ന കടുക്കനിട്ട ആ വൃദ്ധൻ തുഴയുന്ന പിച്ചളക്കെട്ടുള്ള ചെറുവള്ളം സാവധാനം കടവിലടുക്കും. അവിടെ മുട്ടോളം വെള്ളത്തിൽ ഇറങ്ങിനിന്ന് അയാൾ വളവരക്കുള്ളിൽനിന്നും ഒരോരോ പുസ്തകങ്ങൾ പുറത്തെടുക്കും. സ്ത്രീകളിടെ ക്ലോസപ്പ് മുഖചിത്രമുള്ള നളിനിയും ലീലയും മഗ്ദലനമറിയവും രമണനുമൊക്കെ ആളുകൾ, ഉടുമുണ്ടിലും മാറത്തിട്ട വെള്ള തോർത്തിലും കൈകൾതുടച്ച് വാങ്ങി മറിച്ചുനോക്കും. അവർ ഓരോ പുസ്തകം തുറക്കുമ്പോഴും അതിലെ കവിതകൾ ഓമനക്കുട്ടൻ ഈണത്തിൽ നീട്ടിച്ചൊല്ലും. എഞ്ചുടിയും പഞ്ചാംഗവും സന്ധ്യനാമവും മുതൽ രാമായണവും മഹാഭാരതവും വരെയുള്ള പുസ്തകങ്ങൾ വളവരക്കുള്ളിൽ മറഞ്ഞു നിന്ന് അക്ഷരലാവണ്യത്തിൻ്റെ കുപ്പിവള കിലുക്കും. ആ പ്രലോഭനങ്ങൾക്ക് ചന്ദ്രിക സോപ്പിൻ്റെ മണത്തിൻ്റെ കുറവേ ഉണ്ടായിരുന്നുള്ളൂ ! പുഴ, അക്ഷരങ്ങളുടെയും അറിവിൻ്റെയും സ്നാനഘട്ടമായി മാറുന്ന ദിവസങ്ങളാണത് !!
കുട്ടനാട്ടിൽ പുഴതന്ന ആ ജ്ഞാനസ്നാനമാണ് വനനദികളുടെ പുഴയോരക്കാടുകൾ എനിക്ക് ഒരിക്കൽക്കൂടി വച്ചുനീട്ടിയത്. അതിരപ്പിള്ളി തന്നെയായിരുന്നു ആ പ്രലോഭനത്തിൽ മുന്നിൽ നിന്നത്. ചാലക്കുടി – വാൽപ്പാറ റോഡിന് സമാന്തരമായി ഒഴുകുന്ന ചാലക്കുടിപ്പുഴ എപ്പോഴും കവിതചൊല്ലിയാണ് ഒഴുകുന്നത്. ഇവിടുത്തെ സ്നാനഘട്ടങ്ങൾ ഗജഗാമിനികളുടേതല്ല, ആനകളുടേത് തന്നെയാണ് എന്ന മാറ്റംമാത്രം ! അതുകൊണ്ടുതന്നെ കുപ്പിവളകൾ, തുമ്പികൈയ്യിൽ നിന്നുള്ള ശ്വാസഗതിയുടെ ചീറ്റലിനും ചന്ദ്രികസോപ്പിൻ്റെ നറുമണം ആനച്ചൂരിനും വഴിമാറും. മുങ്ങിയും പൊങ്ങിയും നിരന്ന പാറക്കല്ലുകളെ തെളിവെള്ളത്തിൽ ആഴ്ത്തിയും ചേർത്തുപിടിച്ചും ഒഴുകുന്ന പുഴ, ജീവിതത്തിൻ്റെ എല്ലാ അലോസരങ്ങളേയും തഴുകി ശമിപ്പിക്കുന്നുണ്ടായിരുന്നു.
ഇന്ന് ആധുനിക മനശാസ്ത്രം, പ്രകൃതി മനുഷ്യന് സമ്മാനിക്കുന്ന ആ ലാഘവത്തിന് Eco-Psychology എന്നാണ് പറയുക. സമ്മർദ്ദങ്ങളെയും രോഗങ്ങളെയും ചെറുക്കാൻ പ്രകൃതിയും മനുഷ്യൻ്റെ തലച്ചോറും നടത്തുന്ന സംയുക്തനീക്കം കണ്ട് വൈദ്യശാസ്ത്രം ഇന്ന് അമ്പരക്കുന്നുണ്ട്. ഇതറിയും മുമ്പാണ്, അവസരം ലഭിച്ചപ്പോഴൊക്കെ ഒഴുകുന്ന തണുത്ത വെള്ളത്തിൽ കാൽപ്പാദം ഇറക്കിവെച്ച് പുഴയോട് ചേർന്നിരിക്കുവാൻ ഞാൻ ശ്രമിച്ചിട്ടുള്ളത്. അപ്പോൾ കണിയാൻ പരലും പൂവാലിപ്പരലുംമറ്റും കാൽവിരലുകൾക്കിടയിൽ ഇക്കിളിയിടും. പുഴയോരത്തുനിരന്ന ഇരുളിലോ മരോട്ടിയിലോ മറഞ്ഞിരുന്ന പുള്ളിമീൻ കൊത്തിയോ ചക്കിപ്പരുന്തോ തൻ്റെ മീൻപിടുത്ത വിരുത് കുട്ടനാട്ടുകാരനെ കാണിക്കാൻ എന്ന പോലെ പുഴയിലേക്ക് ശരംപോലെ ചാഞ്ഞുവീണ് മീനുമായി പറന്നുയരും. അപ്പോഴെല്ലാം പാറക്കല്ലുകളിൽ ഓളം തല്ലിയൊഴുക്കുന്ന പുഴ താരാട്ടുപോലെ എന്തോ ഒന്ന് മൂളിക്കൊണ്ടിരിക്കും. മക്കളോടുള്ള വാത്സല്യത്തിനപ്പുറം ഈണവും താളവും തൊട്ടുതീണ്ടാത്ത ആ പാട്ടിനെ കുയിലുകളും കാക്കത്തമ്പുരാട്ടികളും പരിഹസിക്കും. പുഴവെള്ളം കോരിക്കുടിച്ചുള്ള ആ ഇരുപ്പ് ഒരിക്കലും മതിയായിട്ടില്ല. 5 – 6 വയസ്സുള്ളപ്പോൾ ഭാരക്കൂടുതൽകൊണ്ട് കൈമോശം വന്ന, അമ്മയുടെ മടിയിലുള്ള ഇരുപ്പിൻ്റെ ഒരു സുഖമുണ്ടായിരുന്നു അതിന് !
ആദ്യമാദ്യം ആ ഇരുപ്പിൽ ഞാനും പുഴയും പുഴയോരക്കാടും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നെപ്പിന്നെ എനിക്കൊപ്പം പലരുമുണ്ടെന്ന് ഞാനറിഞ്ഞു. പുഴയുടെ മക്കളോരോന്നായി കാലത്തിൻ്റെ ഒഴുക്കിനെതിരേ നീന്തി എനിക്കൊപ്പം വന്ന് ഇരുപ്പുറപ്പിച്ചു !
ആദ്യമെത്തിയത് കടത്തുകാരിയുടെ കിടാത്തനായിരുന്നു. ഗംഗയിലെ മീനിൻ്റെ ഉളുമ്പുമുണം മുലപ്പാലിലൂടെ പകർന്നുകിട്ടിയവൻ ! ജന്മദുഃഖങ്ങളുടെ കുത്തൊഴുക്കും ആത്മ സംഘർഷങ്ങളുടെ ചുഴികളും കണ്ട് പൊങ്ങുതടിപോലെ സാകൂതം പുഴയോരത്തിരുന്നവൻ. പരൽ മീനുകളെപ്പോലെ തിളങ്ങുന്ന കണ്ണുകൾ കല്പാന്തങ്ങൾക്കപ്പുറത്തേക്ക് വിടർന്നിരിക്കും. പരന്നൊഴുകുന്ന പാലരുവി പോലത്തെ താടിരോമങ്ങൾക്കിടയിലെ മൂട്ടിപ്പഴം പോലുള്ള ചുണ്ടുകളിലെ പുഞ്ചിരിക്ക് നൂലിട്ടാലെത്താത്ത ആഴമുണ്ടായിരുന്നു ! പുഴയെനോക്കിയിരുന്ന് അദ്ദേഹം മന്ത്രിക്കുന്നത് ഞാൻ കേട്ടു !
”യദി ഹാസ്തി തദന്യത്ര
യന്നേ ഹാസ്തി ന കുത്രചിൽ !! “
ഇതിലുള്ളതേ ലോകത്തെങ്ങുമുള്ളൂ,
ഇതിലില്ലാത്തത് മറ്റെങ്ങുമില്ല !!
പുഴയുടെ മകൻ്റെ ആ സാക്ഷ്യം കേട്ട് ഞാൻ കോരിത്തരിച്ചു. അത് മഹാഭാരതത്തിൻ്റെ മാത്രം ഫലശ്രുതിയാണ് എന്നു തെറ്റിധരിച്ച ലോകത്തെയോർത്ത് ആദ്യമായി ലജ്ജിച്ചു.
പുഴയോരത്തേക്ക് നോക്കുമ്പോൾ അത് സത്യമാണ് എന്നു ബോധ്യപ്പെടുകയായിരുന്നു. മഹാസാധ്വിയും പതിവ്രതയുമായ ഭാര്യയെ ഭർത്താവൊരുത്തൻ നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഉപേക്ഷിക്കും എന്നു മുൻകൂട്ടിക്കണ്ട്, തമസാനദിയുടെ തീരത്ത് പേറ്റുപർണ്ണശാല ഒരുക്കി കാത്തിരുന്ന കാരുണ്യമൂർത്തി, പിച്ചവെക്കുന്ന രണ്ടു കുരുന്നുകളെയും ചേർത്തുപിടിച്ച് പുഴക്കരയിൽ ഉണ്ടായിരുന്നു !
ഒലിവുമരങ്ങൾ തണലിട്ട, ഗോതമ്പും ബാർലിയും വിളയുന്ന വയലുകളിലൂടെ ഒഴുകിയെത്തുന്ന ജോർദ്ദാൻ നദിയിൽ അരയോളം വെള്ളത്തിൽ ഇറങ്ങിനിന്ന് പരിശുദ്ധ പിതാവിൻ്റെ അനുഗ്രഹം തേടുന്ന 30 കാരൻ പുഴമധ്യത്തിൽ ഉണ്ടായിരുന്നു !
പുഴയോര വനങ്ങളിൽ ഒളിഞ്ഞിരുന്ന് ഡെച്ചുകാരെ തുരത്തിയ ആമസോണിയൻ പെണ്ണുങ്ങൾ, ചോരപുരണ്ട അമ്പുകൾ പുഴയിൽ കഴുകുന്നുണ്ടായിരുന്നു. തങ്ങളുടെ പുഴയിലെ വെള്ളപ്പൊക്കത്തിൻ്റെ ഇടവേളകണ്ട് ഒരു വർഷമെന്നത് 365 ദിവസങ്ങളുടെ വട്ടവറുതിയാണെന്ന് പറഞ്ഞ ഗ്രീക്ക് ഗോത്രക്കാർ നൈലിൻ്റെ കരയിലുണ്ടായിരുന്നു. എവൻ നദിയിൽ നിന്ന് കാവ്യഭാവന കോരിത്തന്ന ഷേക്സ്പിയർ മുതൽ പുഴയിൽനിന്ന് കവിത വാരുന്ന എമിലി ഡിക്കൻസൺ വരെ ആരെല്ലാമാണ് പുഴയോരത്തുള്ളത് !!
സബർമതിയുടെ തീരത്തെ ഊന്നുവടിപ്പാടുകൾ മുതൽ ചമ്പൽക്കരയിലെ വെടിമരുന്നും രേതസ്സും മണക്കുന്ന പെൺകുതിരയുടെ കുളമ്പടികൾ വരെ പുഴക്കരയിൽ ഞാൻ തിരിച്ചറിഞ്ഞു !!
പുഴ എൻ്റെ കുട്ടനാടൻ പൈതൃകത്തിൻ്റെ സ്വാധീനമാണ് എന്ന് കരുതിയതിൽ ലജ്ജ തോന്നി. വാൾഡൻ തടാകക്കരയിൽ മരപ്പലകൾ തറച്ച കുടിൽകെട്ടിത്താമസിച്ച് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിൻ്റെ മൂലമന്ത്രം നമുക്ക് പറഞ്ഞുതന്ന ഹെൻട്രി ഡേവിഡ് തോറിനെ മുതൽ വേട്ടയാടാൻ ഓടിത്തളർന്ന മനുഷ്യരാശി പുഴയോരങ്ങളിൽ കൃഷിതുടങ്ങും മുമ്പ് ഓരമരങ്ങളിൽ കെട്ടിയ ആദ്യത്തെ തൊട്ടിലുകൾ വരെ കാണുമ്പോൾ ജ്ഞാനവൃദ്ധൻ പറഞ്ഞത് ശരിയാവുകയായിരുന്നു !
ലോകത്തുള്ളതെല്ലാം പുഴയോരത്തുണ്ട്.
ഇവിടെ ഇല്ലാത്തത് മറ്റെങ്ങും കാണാനാകില്ല !!
മുമ്പൊരു ലേഖനത്തിൽ പറഞ്ഞതു പോലെ, ലോകത്തെ ലക്ഷക്കണക്കായ നദികളിൽ ഒന്നു മാത്രമാണ് ചാലക്കുടിപ്പുഴ. ആഗോള മാനദണ്ഡം വെച്ച് അതിനെ പുഴ എന്നുപോലും വിളിക്കാനായില്ല. അത്രക്ക് ചെറുത്. എന്നിട്ടും, കുന്നിമണിയിൽ കൊമ്പനാനയെ തളയ്ക്കുന്ന വാഴക്കുന്നത്തിൻ്റെ ഇന്ദ്രജാലം പോലെ മത്സ്യ സമൃദ്ധികൊണ്ട് , പുഴയോര വനങ്ങളുടെ ജൈവ വൈവിധ്യംകൊണ്ട്, വേഴാമ്പലുകൾ അടക്കമുള്ള പക്ഷികളുടെ ചിറകടി കൊണ്ട്, നദീബദ്ധമായ ഗോത്ര ജീവിതങ്ങളുടെ അടയാളങ്ങൾ കൊണ്ട് ഈ പുഴ ഒരത്ഭുതമാണ്. കേരളത്തിൽ കാണപ്പെടുന്ന 152 മത്സ്യ ജാതികളിൽ 98 ഉം അതിലുണ്ട്. 27 ഇനം തുമ്പികൾ, 61 തരം പക്ഷികൾ, 319 പുഷ്പിത സസ്യജനുസ്സുകൾ ഒക്കെ ഈ പുഴയോരത്ത് നിരന്നിരിക്കുന്നു. മലയാളി മലിനമാക്കാൻ പോകുന്ന പുഴകൾക്ക് ഇരുപുറവും നിന്ന് അവളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുകയും പൂവും ഇലകളും അർപ്പിക്കുകയും ചെയ്യുന്ന പുഴയോരക്കാടുകളുടെ ശാന്തിമന്ത്രങ്ങൾ നമ്മുടെ നാടിൻ്റെ അന്ത്യകൂദാശ കൂടിയാണ്.
ഒരർത്ഥത്തിൽ നമ്മുടെ പുഴകളെ അറിയുന്നതിൽ തോറ്റുപോയവരാണ് മലയാളികൾ. പശ്ചിമഘട്ടത്തിൽ നിന്ന് അറബിക്കടൽ വരെയുള്ള ഈ കുഞ്ഞ് ഭൂവിഭാഗത്തെ കുറുകെ കോറിവരഞ്ഞ് മുറിച്ചൊഴുകുന്ന 44 നദികൾ ! അവയോരോന്നും ഓരോ ആവാസവ്യസ്ഥയായിരുന്നു. സസ്യങ്ങളേയും ജന്തുക്കളേയും മാത്രമല്ല, കര എന്ന പേരിൽ കേരളക്കരയിലെ മണ്ണും മനുഷ്യരേയും വരെ ഈ പുഴകൾ വീതം വെച്ചെടുത്തു. പുഴ കടക്കുന്നതിനനുസരിച്ച് കുഞ്ഞു മലയാളത്തിൻ്റെ ഡയലക്ടുകൾ മാറിമാറി വന്നു. പുഴ മാറുന്നതിനനുസരിച്ച് പാചകരീതിയും സാംസ്ക്കാരിക സ്വത്വങ്ങളും മാറി. നാല്പതിലേറെ വർണ്ണങ്ങളുള്ള ഒരു മഴവില്ലായി പുഴകൾ മലയാളക്കരയെ അണിയിച്ചൊരുക്കി. പുഴതന്ന ആ വർണ്ണരാജി ഒഴുകിത്തുടങ്ങിയത് ഈ പുഴയോരക്കാടുകളുടെ ഓരത്തു നിന്നായരുന്നു.
പൂക്കൈതയാറ്റിൽ നിന്ന് പിടിച്ച വരാലും കരിമീനുമൊക്കെ മുളകും കുടമ്പുളിയുമിട്ടുകറിവെച്ച് കാത്തമ്മ ( തകഴിയുടെ ഭാര്യ) വിളമ്പുമ്പോൾ കുട്ടനാടിൻ്റെ കഥാകാരൻ സംസാരിച്ചു കൊണ്ടേയിരിക്കും.
“എടാ, നിനക്കറിയാമോ ഈ പുഴയും വെള്ളവും കാട്ടിന്നതേ എൻ്റെ കഥകളിലുള്ളൂ !! ”
ആ ദീർഘ സംഭാഷണങ്ങളിൽ അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ ഓരോരുത്തരായി പുഴ നീന്തി മുന്നിലെത്തി. പ്രിയപ്പെട്ട തകഴിച്ചേട്ടൻ്റെ കഥകളിൽ മാത്രമല്ല, മലയാളിയുടെ ജീവിതത്തിലും പുഴകൾ തന്നതുമാത്രമേയുള്ളൂ എന്ന് തിരിച്ചറിയാൻ എനിക്ക് പുഴയോരവനങ്ങളിലെ ശാന്തിപർവ്വങ്ങൾ വേണ്ടി വന്നു.
പുഴയോരക്കാടുകൾ മലമടക്കുകളിലെ നീർച്ചോലകളുടെ വക്കിൽ ആരംഭിച്ച് കായലോരങ്ങളിലെ കണ്ടൽ വനങ്ങളിൽ അവസാനിക്കുന്ന ഒരു തുടർച്ചയായിരുന്നു. പുഴകെണ്ടുവന്ന ഘനലോഹങ്ങളെയും അമിതമൂലകങ്ങളേയും സ്വീകരിച്ച് അവ പുഴയേ ശുദ്ധീകരിച്ചു. അവ പുഴക്കും കരക്കും ഇടയിൽ ഇരുകരയിലുമുള്ള ഒരു ഹരിത സംരക്ഷണ വേലിയായി നിലകൊണ്ടു. പെരുമഴയിൽ കരമണ്ണ് പുഴയിലേക്ക് കുത്തിയൊഴുകി പോകുന്നതിനെ പുഴയോരക്കാടുകളുടെ വേരുപടലം ചെറുത്തു. വെള്ളപ്പൊക്കത്തിൽ തീരം പുഴയെടുത്തു പോകുന്നതിനെ ചെറുക്കുകയും പുഴകൊണ്ടുവന്ന എക്കൽ മണ്ണും ജൈവാംശവും ഭൂമിയുടെ വളക്കൂറിനായി ശേഖരിച്ചു വയ്ക്കുകയും ചെയ്തു. എണ്ണമറ്റ മത്സ്യ ജാതികളുടേയും നീർനായ്ക്കളുടേയും മുതലകളുടേയും നീർപക്ഷികളുടെയും ആവാസ കേന്ദ്രവും സഞ്ചാരിപ്പറവകളുടെ ഈറ്റില്ലവുമായിരുന്നു ഇവ. പുഴയിലൂടെ ഒഴികിവന്ന തേങ്ങയും കുടമ്പുളിയും ചേർത്ത്, പുഴമീൻച്ച് കറി വെച്ചുകൂട്ടി മലയാളി ഈ രാജ്യത്തെ ഏറ്റവും വലിയ സസ്യേതര ഭക്ഷണ ശീലക്കാരനായി മാറി !
ദിവസത്തിൽ രണ്ടുനേരവും കുളിക്കുന്ന അവനെക്കണ്ട് യൂറോപ്യൻ സഞ്ചാര സാഹിത്യകാരന്മാർ അമ്പരന്നു. ജലദേവതകളെപ്പോലെ പുഴയിൽനീന്താൻ അറിയാവുന്ന മലയാളനാട്ടിലെ ആണും പെണ്ണും അതിന് ഏറ്റവും അനുയോജ്യമായ ഒറ്റമുണ്ടു കൊണ്ട് നാണം മറച്ചു. എപ്പോഴൊക്കെ പുഴ നീന്തേണ്ടതുണ്ടോ അപ്പോഴൊക്കെ നിമിഷാർദ്ധം കൊണ്ട്, ഉടുമുണ്ട് ഉരിഞ്ഞ് തലയിൽ കെട്ടി അവർ ലംബമായിത്തന്നെ പുഴ നീന്തിക്കടന്നു. തങ്ങൾ ജീവിക്കുന്ന ഭൂമി, പുഴ നട്ട മരങ്ങളുടെ ഇടമാണെന്നോ, അഥവാ ആ വളമണ്ണിൽ ഫലവൃക്ഷങ്ങളും മറ്റ് കാർഷിക വിളകളും നട്ട് ഉപജീവനം കഴിക്കാൻ അനുഗ്രഹിക്കപ്പെട്ടവരാണ് തങ്ങളെന്നോ ഉള്ള വിനയത്തിൽ ഇന്ന നാട്ടുകാർ എന്നോ ഇന്ന കരക്കാർ എന്നോ അവർ അഭിമാനപൂർവം സ്വയം പരിചയപ്പെടുത്തി. ഒരു വൻകരയുടെ ഭാഗമായിരിക്കെ ഇത്രകണ്ട് നദീബദ്ധമായ ഒരു സാംസ്ക്കാരിക ജീവിതം ലോകത്ത് മറ്റേതെങ്കിലും ജനതക്ക് ഉണ്ടാകുമോ എന്ന് സംശയമാണ്.
ആ പുഴകൾക്ക് മേൽ നമുക്ക് കൈവെക്കണമെങ്കിൽ ആദ്യം നശിപ്പിക്കപ്പെടേണ്ടത് പുഴയോരക്കാടുകൾ ആയിരുന്നു ! ആ ജോലി കയ്യേറ്റക്കാരും കുടിയേറ്റക്കാരും സർക്കാരും ചേർന്ന് മുക്കാലും ചെയ്തു തീർത്തിരിക്കുന്നു !!
അതിരിപ്പിള്ളി വനങ്ങളിലെ ചാലക്കുടിപ്പുഴയുടെ തീരത്തെന്നപോലെ വനം വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള കുറച്ച് ഇടങ്ങളിൽ മാത്രമായി പുഴയോര വനങ്ങൾ ഒതുങ്ങിയിരിക്കുന്നു. നമ്മുടെ 44 നദികളുടേയും ഇരുകരകളിലുമുള്ള ആറ്റുപുറമ്പോക്കുകളിലെ പുഴയോര വനങ്ങൾ മുക്കാൽ പങ്കും മുറിച്ചുമാറ്റിയത് ഇറിഗേഷൻ വകുപ്പുതന്നെയാണ്. കിഴക്കൻ മലകളിലെ കരിമ്പാറകൾ പൊട്ടിച്ചു കൊണ്ടുവന്ന് അവിടങ്ങളിൽ സർക്കാർവക കരിങ്കൽ ഭിത്തികൾ നിർമ്മിച്ചിരിക്കുന്നു. ആറ്റു പൊന്തകൾ നിന്നിടത്ത് അഴിമതി ആർത്തുവളരുകയാണിന്ന്. പുഴകളേ ശുദ്ധീകരിച്ചിരുന്ന പുഴയോരക്കാടുകളുടെ നാശവും അമിത രാസവള – കീടനാശിനി പ്രയോഗ മേഖലയിൽ നിന്നുള്ള ജലത്തിൻ്റെ ഒഴുക്കും പുഴകളെ കാളിന്ദികളായി മാറ്റിയിരിക്കുന്നു. അങ്ങനെ പുഴകളുടെ താഴ്ന്ന മേഖലകൾ ക്യാൻസർ ഇക്യുബേറ്ററുകളായി മാറിയിരിക്കുന്നു. കോഴിക്കോട്ടും കൊച്ചിയിലും തലസ്ഥാനത്തും ക്യാൻസർ ചികിത്സാ വ്യവസായം പൊടിപൊടിക്കുമ്പോൾ പൊടിപാറിച്ച് അവിടങ്ങളിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങളിൽ നമ്മുടെ രാഷ്ട്രീയ നേതാക്കളും അതിസമ്പന്നരും ചികിത്സക്കായി വിദേശങ്ങളിലേക്ക് പറപറക്കുന്നുമുണ്ട്.
കേരളത്തിലെ പുഴയോര പുറമ്പോക്കുകളെയും അതിലെ സസ്യവിന്യാസത്തെയും വനംവകുപ്പിൻ്റെ നിയന്ത്രണത്തിൻ കീഴിലാക്കാൻ ഭരണകൂടത്തിന് ദീർഘവീക്ഷണം ഉണ്ടായിരുന്നെങ്കിൽ നമ്മുടെ പുഴകളുടെയും പുഴയോരക്കാടുകളുടെയും മനുഷ്യരുടെയും ആരോഗ്യം മറ്റൊന്നാകുമായിരുന്നു എന്നുതോന്നുന്നു. ഇരക്കൊപ്പം നിൽക്കണോ വേട്ടക്കാരനൊപ്പം ചേരണോ എന്ന സന്നിഗ്ദാവസ്ഥ സർക്കാരുകൾക്കും പണക്കൊഴുപ്പിൽ വേരാഴ്ത്തിയ രാഷ്ട്രീയ കക്ഷികൾക്കുമുണ്ട് എന്നതാണ് സത്യം. അങ്ങനെ കാടിനു പുറത്തെ വനത്തുടർച്ചയായിരുന്ന പുഴയോരവനങ്ങൾ സാവധാനം ഹംസഗാനം പാടുകയാണ് .
അതുകൊണ്ടുതന്നെ, പുഴയും പുഴയോരക്കാടുകളും ചേർന്നുള്ള ആ ജുഗൽബന്ദിയുടെ അവസാന രംഗങ്ങൾ ഓരോ മലയാളിയും കണ്ടിരിക്കേണ്ടതാണ്. കീചകൻ്റെ മണിയറയിലേക്ക് പോകുന്ന പാഞ്ചാലിയെ എന്നപോലെ, നമ്മുടെ ഇടയിലേക്ക് വരുന്ന കാട്ടാറിനെ പടുകൂറ്റന്മാരായ ആറ്റുചാമ്പയും ആറ്റുപേഴും വെള്ളപ്പെനും ഇരുളുമൊക്കെ വൈകാരികമായി യാത്രയാക്കുന്നത് അവിടെ കാണാനാകും. അവർക്ക് മുന്നോട്ടു പോകാനോ അവൾക്ക് പോകാതിരിക്കാനോ കഴിയില്ലല്ലോ ! വിവിധ നിറങ്ങളിലുള്ള തുമ്പികൾ പുഴയുടെ മാറിൽ, കുഞ്ഞുങ്ങൾ അമ്മയെ എന്നപോലെ ഉമ്മവെച്ച് വിവശരാകുന്നതും ശലഭങ്ങൾ അവിടവിടെ കൂട്ടമായി പുഴയോരമണ്ണിൽ കുമ്പിട്ടിരുന്ന് പരസ്പരം സമാശ്വസിപ്പിക്കുന്നതുമൊക്കെ കാണാൻ അല്പം ക്ഷമമാത്രമേ നമുക്ക് ആവശ്യമുള്ളൂ. ഇതൊന്നും, ആരെയെങ്കിലും കാട്ടിലേക്ക് ആകർഷിച്ച് പ്രകൃതിസ്നേഹി ആക്കി വനരക്ഷ സാധ്യമാക്കി എന്ന അത്യാഗ്രഹത്തോടെ പറയുന്നതല്ല. അത്തരം വ്യാമോഹമൊന്നും ഈ സത്യാനന്തരകാലത്ത് കരണീയമല്ല. പക്ഷേ ആരോഗ്യമുള്ള ഒരു മനസ്സിൻ്റെയെങ്കിലും ഉടമയായി സ്വയം നവീകരിക്കാൻ ഇത്തരം ഇടങ്ങൾ നമ്മെ സഹായിക്കുമെന്ന് ഹരിത മന:ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ Hellpach ഉം Egon Brunswick ക്കും Kurt Lewin നു മൊക്കെ ആരംഭംകുറിച്ച ആ ഹരിതമഹോയാന സിദ്ധാന്തങ്ങൾ ഇന്ന് മുളങ്കാടുകളെ പിടിച്ചുലയ്ക്കുന്ന പുതുമഴയിലെ പുഴപോലെ മനുഷ്യൻ്റെ ആരോഗ്യ രഹസ്യങ്ങളെ അടിമുടി ചലിപ്പിക്കുന്നുണ്ട്. പ്രകൃതിയോടെ ചേർന്നിരിക്കുക എന്നത്, നല്ല ഭക്ഷണം കഴിക്കുക എന്നതുപോലെ നമ്മുടെ അനിവാര്യതയാണിന്ന്. ആ അറിവിൻ്റെ ആർദ്രതയിൽ നമുക്കും മുങ്ങിനിവരാം.