സ്ഥലകാലസമൂഹബദ്ധമായി മാത്രമേ ഏതാഖ്യാനവും രൂപപ്പെടുന്നുള്ളൂ. കഥയും കവിതയും നോവലും സിനിമയും കാലത്തിനനുസരിച്ച് വേഷം മാറുന്നത് അതുകൊണ്ടാണ്. കഥാഗതിയിലും ഇതിവൃത്തത്തിലും ആഖ്യാനത്തിലും മാത്രമല്ല അറിവിൻ്റെ ആദാനപ്രദാന മേഖലകളിലെല്ലാം പുതുമ തേടിയുള്ള അന്വേഷണം തുടരുന്ന എഴുത്തുകാരനാണ് എം. മുകുന്ദൻ. അദ്ദേഹത്തിൻ്റെ ‘നിങ്ങൾ ‘എന്ന നോവൽ വായിക്കേണ്ടത് ഈ കാഴ്ചപ്പാടിലാണ്.
മുൻകാലകൃതികളിൽ പുതുമയുള്ള ഇതിവൃത്തങ്ങളും ആഖ്യാനരീതികളും പരീക്ഷിച്ചു നോക്കിയിട്ടുണ്ട് അദ്ദേഹം. കാലത്തെ അക്ഷരത്തിലൊതുക്കി രചനകളെ സമകാലികമാക്കുന്നതിലും ഏറ്റവും പുതിയപ്രമേയം കണ്ടെത്തുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനാണ്. അതിൻ്റെ അടയാളമായിരുന്നു അദ്ദേഹത്തിൻ്റെ രചനകളെല്ലാം.
ഡൽഹി എന്ന നോവലിലൂടെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിനൊപ്പം സമൂഹബദ്ധനായ മനുഷ്യൻ്റെ ജീവിതം പറയുന്നു. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ ചരിത്രം 1974 ൽ പറഞ്ഞതാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. സാമാന്യവൽക്കരണത്തിലൊതുങ്ങാത്ത സങ്കീർണമായ ജീവിതവ്യഥകളെ ആദിത്യനും രാധയും മറ്റു ചിലരും എന്ന കൃതിയിൽ ആവിഷ്കരിച്ചു. 2000ൽപ്രസിദ്ധീകരിച്ച നൃത്തം എന്ന നോവൽ സാങ്കേതികവിദ്യയുടെ വരവോടെ മാഞ്ഞുപോകുന്ന മനുഷ്യസ്വത്വത്തെയും പുതിയ പുതിയ അധിനിവേശങ്ങൾ കൊണ്ട് കോളനിവൽക്കരിക്കപ്പെടുന്ന മനുഷ്യശരീരത്തേയും കാട്ടിത്തരുന്നു.
നിങ്ങളിലെത്തുമ്പോൾ കാലത്തിനൊപ്പം സഞ്ചരിക്കുന്ന എഴുത്തുകാരൻ്റെ കാലത്തിനു മുന്നേയുള്ള സഞ്ചാരം കൂടിയാകുന്നുണ്ട് നോവൽ. എഴുപത് വയസ്സ് പിന്നിട്ട നിങ്ങൾ സ്വന്തം മരണം പ്രഖ്യാപിക്കാനായി വിളിച്ചു ചേർക്കുന്ന പത്രസമ്മേളനത്തിലാണ് നോവൽ ആരംഭിക്കുന്നത്. ALSഎന്ന രോഗം ബാധിച്ച് പേശികൾ ക്ഷീണിച്ച്, കാലുകൾ തളർന്ന്, കൈകൾക്ക് ചലന ശേഷി നഷ്ടപ്പെട്ട് , മുഖപേശികൾ കോടി, കണ്ണുകൾ തുറക്കാനാവാതെ ശ്വാസംമുട്ടിമരിക്കാൻ പോകുകയാണ് താനെന്ന തിരിച്ചറിവ് കൊണ്ടാണ് സ്വന്തം മരണം അയാൾ സ്വയം പ്രഖ്യാപിക്കുന്നത്. എന്നാൽ മരണപ്രഖ്യാപനത്തിൻ്റെ കാരണം മറച്ചുവെച്ച് നോവലിൻ്റെ അവസാനം വരെ വായനക്കാരനെ ആകാംക്ഷയിൽ നിർത്തുന്നുണ്ട് നോവലിസ്റ്റ്.
ജീവിതത്തിലേക്കൊരു തിരിച്ചു വരവില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ രോഗിയെ അവരനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനായി ദയാവധം നടത്താമെന്നത് നോർവെ പോലെയുള്ള രാജ്യങ്ങളിൽ പ്രാബല്യത്തിലുള്ള നിയമമാണ്. ഇന്ത്യയിൽ അത് നിയമപരമായി അംഗീകരിച്ചിട്ടില്ല. ഇന്ത്യയുടെ ഭരണഘടന ഇന്ത്യക്കാരനായ നോവലെഴുത്തുകാരന് ബാധകമാണെങ്കിലും നോവലിൽ അത് ബാധകമല്ല. എഴുത്തിൽ അവൻ സ്വതന്ത്ര പരമാധികാരമുള്ള റിപ്പബ്ലിക്കാണ്. ആരെയും എങ്ങനെ വേണമെങ്കിലും കൊല്ലാൻ അവനധികാരമുണ്ട്. കൊന്നവനെ ജീവിപ്പിക്കാനും അധികാരമുണ്ട്. സർഗാത്മകതയ്ക്ക് മാത്രം സ്വന്തമായ അതിരില്ലാത്ത സ്വാതന്ത്ര്യത്തെയാണ് എം. മുകുന്ദൻ ഈ നോവലിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
അരുണഷാൻബാഗിൻ്റെ പീഡിത ജീവിതവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിൽ ദയാവധത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. ആരും ജനിച്ചത് അവരവരുടെ ഇഷ്ടത്തിനല്ല. മരിക്കുന്നതും സ്വന്തം ഇഷ്ടമനുസരിച്ചല്ല. ജനനമരണങ്ങൾ അമാനുഷികമായ ഒരു എറ്റേണൽ പവറിന്
വിട്ടുകൊടുത്താണ് നമ്മൾ ജീവിക്കുന്നത്. ജീവിച്ചിരിക്കുന്നത് അത്യന്തം ദുഃസ്സഹവും വേദനാജനകവുമാവുകയും വേദനാരഹിതമായ ജീവിതത്തിലേക്ക് മടങ്ങിവരാനാവില്ലെന്ന് വൈദ്യശാസ്ത്രം ഉറപ്പ് പറയുകയും ചെയ്യുമ്പോൾ സ്വന്തം മരണമെങ്കിലും തീരുമാനിക്കാൻ കഴിയുന്ന വിധത്തിൽ നൈതികതയും മൂല്യ സങ്കല്പങ്ങളും ഭാവിയിന്ത്യയിൽ രൂപപ്പെട്ടെന്നുവരാം. വർത്തമാനത്തിൽ ജീവിച്ചുകൊണ്ട് ഭാവികാല സാധ്യതകളെ വിഭാവനം ചെയ്യാൻ കഴിയുന്നവനാണ് ക്രാന്തദർശിയായ എഴുത്തുകാരൻ. വളർന്നുവരുന്ന സാങ്കേതികതയുടെയും അതിനനുസരിച്ച് രൂപപ്പെടുന്ന മൂല്യബോധത്തിൻ്റെയും കാലത്ത് ദയാവധം ഇന്ത്യയിൽ അംഗീകരിക്കപ്പെടാൻ സാധ്യതയില്ലാതില്ല.
എഴുതപ്പെട്ട കാലമാണല്ലോ എഴുത്തിൻ്റെ രാഷ്ട്രീയം നിർണയിക്കുന്നത്. വായിക്കപ്പെടുന്ന കാലത്തോളമുള്ള അതിൻ്റെ പ്രസക്തിയാണല്ലോ കൃതി എത്രത്തോളം കാലത്തെ അതിജീവിച്ചു എന്ന് നിശ്ചയിക്കുന്നത്. അങ്ങനെ ചിന്തിക്കുമ്പോൾ ഭാവികാലത്ത് പുനർനിർണയിക്കപ്പെട്ടേക്കാവുന്ന മാനവികതയുടെ ഒരു വ്യത്യസ്തരാഷ്ട്രീയത്തെയാണ് ഈ നോവൽ വിളംബരം ചെയ്യുന്നത്.
തുടരുന്ന ആഖ്യാന പരീക്ഷണങ്ങൾ
“നിങ്ങളുടെ പേര് ഉണ്ണീഷ്ണൻ എന്നാണ് ” എന്ന് പറഞ്ഞാണ് നോവൽ ആരംഭിക്കുന്നത്.”അച്ഛൻ ആധാരമെഴുത്തുകാരനും മുദ്രക്കടലാസ് വിൽപ്പനക്കാരനുമായ ഗോവിന്ദൻ വെണ്ടർ. ലക്ഷ്മിക്കുട്ടിയമ്മ പ്രസവിച്ച മക്കളിൽ നാലാമത്തെ മകനാണ് സിനിമാക്കൊട്ടക മാനേജരായിരുന്ന നിങ്ങൾ ഉണ്ണീഷ്ണൻ.” ഇങ്ങനെയാണ് കഥ തുടരുന്ന രീതി. ഇവിടെ കഥാപാത്രത്തിൻ്റെ പേരായ ഉണ്ണികൃഷ്ണനെ അപ്രധാനീകരിച്ചുകൊണ്ടാണ് നിങ്ങൾ നിലനിൽക്കുന്നത്. പേര് ഒരാളുടെ സ്വത്വത്തിൻ്റെ അടയാളപ്പെടുത്തലാണ്. പേരിനെ നിരാകരിച്ചുകൊണ്ട് ഒരാഗോള സ്വത്വത്തെ നിങ്ങളെന്ന പദം കൊണ്ട് പ്രതിനിധാനം ചെയ്യാനുള്ള ശ്രമം നോവലിലുണ്ട്.
ഞാൻ എന്ന ഉത്തമപുരുഷനിൽ നിന്നും മാറി നിങ്ങൾ എന്ന മധ്യമപുരുഷനിലൂടെ ഉണ്ണികൃഷ്ണനെന്ന നായകനെ നോവലിൽ അവതരിപ്പിക്കുന്നു. ഉണ്ണീഷ്ണൻ എന്ന് വിളിച്ച് തികച്ചും ഗ്രാമ്യവും വാത്സല്യം തുളുമ്പുന്നതുമായ ഒരു നാട്ടുവഴക്കം അനുഭവിപ്പിക്കുന്നുണ്ട് എഴുത്തുകാരൻ. നിങ്ങളെ നമ്മളായി തോന്നിപ്പിക്കുന്ന തന്ത്രമാണ് നോവലിസ്റ്റ് പ്രയോഗിക്കുന്നതെങ്കിലും ചിലയിടത്തൊക്കെ അത് വിരസമായിത്തീരുന്നുണ്ട്. വായനക്കാരനെയും നായകനെയും ഒരുപോലെ സംബോധന ചെയ്യുന്ന പദമാണ് നിങ്ങൾ. അതുകൊണ്ടുതന്നെ വായനക്കാരൻ ഇടയ്ക്കിടെ കഥാപാത്രം താൻ തന്നെയാണോ എന്ന് സംശയിച്ചു പോകുകയും തന്നിൽനിന്ന് വേറിടാത്ത ഒരസ്തിത്വം അനുഭവിക്കുകയും ചെയ്യും..
70 വയസ്സ് കഴിഞ്ഞ നിങ്ങൾ നവംബർ 14 വെള്ളിയാഴ്ച കുണ്ടച്ചിറയിൽ നിന്ന് ബസ്സ് കയറി ടൗണിൽ വന്നിറങ്ങിയത് അടുത്ത മാസം 16ന് താൻ മരിക്കുമെന്ന് പത്രസമ്മേളനം നടത്താനാണ്. മീൻ കച്ചവടക്കാരനും ചുമട്ടുതൊഴിലാളിയും കമ്പിപ്പണിക്കാരനും ഉൾപ്പെടുന്ന ചെറുജീവിതം നയിക്കുന്നവരോട് സംവദിക്കാൻ സാമൂഹ്യമാധ്യമം മതിയാവില്ല എന്ന ബോധ്യത്തിലാണ് നിങ്ങൾ പത്രത്തിലൂടെ സംസാരിക്കാൻ തീരുമാനിക്കുന്നത്. ഇതിനോട് യോജിക്കാൻ കഴിയില്ല. 2022 ൽ എഴുതിയ നോവലാണ് നിങ്ങൾ. ഏതൊരു സാധാരണക്കാരൻ്റെയും വൈകാരികവൈചാരിക ബോധ്യങ്ങൾ പരമ്പരാഗത മാധ്യമങ്ങളിൽ നിന്നും മാറി സാമൂഹ്യമാധ്യമങ്ങൾക്ക് കീഴ്പ്പെട്ട കാലമാണിത് . ഏതുതരത്തിലുള്ള വാർത്തയും സാധാരണക്കാരൻ ഏറ്റെടുക്കുന്നത് നവമാധ്യമങ്ങളിൽ നിന്നാണ്. അതിൻ്റെ വിശ്വാസ്യതയും സത്യസന്ധതയുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിതെങ്കിലും അവയെ തള്ളിപ്പറഞ്ഞുകൊണ്ട് ഒരു ജീവിതം ഇന്ന് സാധ്യമല്ല . നിങ്ങൾക്ക് വയസ്സ് എഴുപതാണെന്നത് നിഷേധിക്കുന്നില്ല. നിങ്ങളെപ്പോലെ ചിന്തിക്കാൻ കഴിയുന്ന ഒരാൾക്ക് എഴുപതിലും തൊണ്ണൂറിലുമൊന്നും തള്ളിപ്പറയാൻ കഴിയാത്ത വിധം ജനകീയമായിട്ടുണ്ട് നവമാധ്യമങ്ങൾ. പത്രസ്ഥാപനവും പ്രാദേശിക പത്രപ്രവർത്തകരുമൊക്കെ നോവലിന് വിഷയമാകുമ്പോൾ പുതിയ കാലത്തിനനുയോജ്യമായ വേഷവിധാനങ്ങൾ സ്വീകരിക്കുന്നതായിരുന്നു ഉചിതമെന്ന് തോന്നിപ്പോയി. 30 വർഷത്തെ അവധി കഴിഞ്ഞ് നിങ്ങൾ ജീവിതത്തിൽ പ്രവേശിക്കുമ്പോൾ 70 വയസ്സുകാരനെങ്കിലും മനസ്സിൽ യുവത്വം തുളുമ്പുന്നവനായിരുന്നു. ഇനിയൊരു 20 വർഷം കാര്യമായ ആരോഗ്യ പ്രശ്നം ഒന്നുമില്ലാതെ ജീവിക്കാൻ കഴിയുന്നവൻ . നിനച്ചിരിക്കാതെയെത്തിയ അസുഖമാണ് ജീവിതത്തിൻ്റെ ക്ലൈമാക്സ് സൃഷ്ടിക്കുന്നത് . അതിനെ നോവലിൻ്റെ ക്ലൈമാക്സാക്കി മാറ്റി അങ്ങേയറ്റം വൈകാരികമായി അനുഭവിപ്പിക്കാൻ നോവലിസ്റ്റിനു കഴിയുന്നുമുണ്ട് . ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരാൾക്ക് എങ്ങനെയാണ് മരണം നേരത്തെ പ്രവചിക്കാനാവുക എന്ന സന്ദിഗ്ധതയിലാണ് നോവൽ തുടരുന്നത് .
ആപൽക്കരമായ അഭിനിവേശങ്ങൾക്ക് പിന്നാലെ പാഞ്ഞ് ആത്മനാശം വരുന്ന രോഗം നേടിയെടുക്കുന്ന മനുഷ്യനെ നൃത്തത്തിൽ നാം കണ്ടതാണ്. ഇവിടെ നിങ്ങൾ രോഗത്തെ സ്വയം തേടിയതല്ല. ഇത്തരം ന്യൂറോസംബന്ധമായ രോഗങ്ങൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. തന്മാത്രയിലെ മോഹൻലാലിൻ്റെ മേധാക്ഷയമാണ് മലയാളിയെ ഒന്നാകെ ആഴത്തിൽ സ്പർശിച്ച ഒരു രോഗാനുഭവം. പ്രഖ്യാതഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിനെ ബാധിച്ച മോട്ടോർന്യൂറോൺ ഡിസീസ് ശാസ്ത്രലോകം മാത്രമല്ല മനുഷ്യലോകം ഒന്നാകെ ചർച്ച ചെയ്തതാണ്. അത്തരത്തിലുള്ള ഒരു മോട്ടോർ ന്യൂറോൺ രോഗമാണ് അമിയോട്രോഫിക്ക് ലാറ്ററൽ സ്ക്ലിറോസിസ്. ബാധിച്ച് രണ്ടു മുതൽ നാലുവരെ വർഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കാവുന്ന ഈ രോഗമാണ് നിങ്ങൾക്ക് വന്നത്.
രണ്ടാം അധ്യായത്തിൽ വന്നു കയറുന്ന പാറു എന്ന് വിളിക്കുന്ന പാർവ്വതി മനുഷ്യന് പ്രാണവായു എന്നപോലെ ഈ നോവലിൻ്റെ ശ്വാസമാണ്. വളരെ കാഷ്വലായി സംസാരിച്ചുകൊണ്ട് നിങ്ങളിലേക്ക് നൂഴ്ന്നു കയറുന്ന പാറു ഒരാൾ മറ്റൊരാൾക്ക് പ്രിയപ്പെട്ടതാകുന്നതിന് കാരണം തിരയേണ്ടതില്ല എന്ന് ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ ചെറുമകളാകാൻ പ്രായമുള്ളവളാണവൾ. മാർക്കറ്റിങ്ങ് മത്സരത്തിൽ ഒന്നാമതാകാനായി ആഗോളം പത്രത്തിൻ്റെ ട്രെയിനിയായ പാറുവിനെ മുതലാളി കോണോത്ത് പപ്പനെന്ന പുത്തൻപണക്കാരൻ വിട്ടതാണ്. സ്വന്തം മരണം സ്വയം പ്രഖ്യാപിച്ച ഒരാളുടെ ജീവിതനിഗൂഢത മാർക്കറ്റ് ചെയ്യുക എന്നതാണ് ലക്ഷ്യം. കേരളത്തിലെ മാധ്യമരംഗത്ത് അടുത്തകാലത്ത് നടന്ന ഹണിട്രാപ്പിനെ ഓർമ്മിപ്പിക്കുന്ന വിധം അയാൾക്കൊപ്പം കിടന്നിട്ടായാലും വിവരങ്ങൾ അറിഞ്ഞുവരണമെന്ന് പറഞ്ഞാണ് പാറുവിനെ അയയ്ക്കുന്നത്. വികാരവും ബുദ്ധിയും നേരനുപാതത്തിൽ ലയിപ്പിച്ചെടുത്ത ഒരു ഔഷധം പോലെ പാറു നിങ്ങളുടെ ജീവിതത്തിൽ പ്രയോഗിക്കപ്പെടുന്നു. നിങ്ങൾക്കൊപ്പവും ഒറ്റയ്ക്കും ജീവിതത്തിലേക്ക് പടർന്നു കയറി അവൾ ലക്ഷ്യം കണ്ടെത്തുന്നു.
നർമ്മത്തിൽ ചാലിച്ചെടുത്ത് മർമ്മവേധിയായി അസ്ത്രം തൊടുക്കാൻ മിടുക്കനായ എഴുത്തുകാരനെ നോവലിൽ പലയിടത്തും കാണാം.
സഖാവ് പി കൃഷ്ണപിള്ള ലൈബ്രറി ആൻഡ് റീഡിങ് റൂം കണ്ടിട്ട് വായനശാലയാണോ കൊടിശാലയാണോയെന്ന് സംശയം തോന്നുമെന്ന് പറയുന്നിടത്ത് രാഷ്ട്രീയചായ് വ് ഉണ്ടെങ്കിലും നിവർന്നുനിൽക്കാനുള്ള കൊതി വ്യക്തം. തൻ്റെ ശരീരത്തിൽ പാർക്കുന്ന ഹിറ്റ്ലറും മുസ്സോളിനിയുമാണ് എഴുത്തുകാരൻ്റെ ശത്രുക്കളെന്ന് നിങ്ങൾ പറയുന്നുണ്ട്. “അയിറ്റങ്ങളെപുറത്താക്കിയാലെ എഴുതാൻ കഴിയൂ. ഫ്രാങ്കോയും സ്റ്റാലിനും . ഓല് ഒരിക്കലും ചാകില്ല. ചത്താലും എഴുത്തുകാരെ തപ്പി നടക്കും. ഹിറ്റ്ലറും മുസ്സോളിനിയും മനുഷ്യന്മാരല്ല. പ്രതിഭാസങ്ങളാ” ഇങ്ങനെയാണതിൻ്റെ തുടർച്ച. ഫാസിസ്റ്റ് ശക്തികൾ ലോകമെങ്ങും നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾക്ക് നേരെ യുക്തിയുടെ വിരൽ ചൂണ്ടുന്ന എഴുത്തുകാരെ ജീവിക്കാനനുവദിക്കാത്ത സമകാലാവസ്ഥ നാം ഓർക്കുന്നു. തീവ്രഹിന്ദുത്വശക്തികളാൽ വധിക്കപ്പെട്ട നരേന്ദ്ര ദബോൽക്കർ മുതലുള്ള എഴുത്തുകാരെയും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഓർമ്മിപ്പിക്കുന്നു. പഴയ ഭാവുകത്വസമീപനങ്ങളിൽ നിന്ന് കാര്യമായ മാറ്റമൊന്നും കഥപറച്ചിൽ രീതിക്കില്ല. മലയാള മണമുള്ള നാട്ടുഭാഷയുടെ ‘നൊസ്റ്റിൽ ‘പുതഞ്ഞ ഒരു അവതരണ രീതിയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.
നിങ്ങൾ പിടിച്ച പുലിവാല്
ആ പുലി പെട്ടെന്നൊരു ദിവസം പ്രത്യക്ഷപ്പെട്ടതല്ല. ജനനം മുതൽ ശൈശവബാല്യകൗമാര കുതൂഹലങ്ങളിലൂടെ നൂഴ്ന്ന് കടന്ന് യൗവനത്തിൻ്റെ തിണ്ണയിലെത്തിയപ്പോ നിവർന്ന് നിന്ന പുലിയാണത്. തനിക്കൊപ്പമുള്ള പുലിയെ നിങ്ങൾ തിരിച്ചറിയാൻ സിനിമാക്കൊട്ടകയിൽ ജോലിക്കെത്തേണ്ടിവന്നുവെന്ന് മാത്രം. സൂക്ഷിച്ചുനോക്കിയാൽ മഞ്ഞയിലെ കറുത്ത പുള്ളികൾ നമുക്കതിനു മുന്നേ കാണാം. പതുങ്ങിയിരുന്നു മുരളുന്നത് കേൾക്കാം. വാലിൽ നിന്ന് വിട്ട് തന്നെത്തന്നെ സ്വതന്ത്രനാക്കാനോ ഒപ്പം മെരുക്കിക്കൊണ്ടുനടക്കാനോ നിങ്ങൾക്ക് കഴിയുന്നില്ല. പുലി പോകുന്നിടത്തെല്ലാം അതിൻ്റെ വാലും പിടിച്ച് പോകാനല്ലാതെ മറ്റൊന്നും കഴിയാത്ത വിധം പുലിയ്ക്ക് അധീനപ്പെട്ടുപോയ നിങ്ങളെയാണ് നോവലിൻ്റെ അവസാനം വരെ നമ്മൾ കാണുന്നത്. ഓരോരുത്തരിലും അവരവർ അറിഞ്ഞോ അറിയാതെയോ ഒപ്പമുള്ള അപരത്വക്കുറിച്ച് നമ്മളപ്പോൾ ചിന്തിച്ചു പോകും.
കണ്ണു വയ്യാത്ത അച്ഛന് കൂട്ടായി വടകരയിലുള്ള ആശുപത്രിയിലേക്ക് അമ്മ നിങ്ങളെ വിട്ടത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. റെയിൽവേ സ്റ്റേഷനിൽ അച്ഛനെ ഒറ്റയ്ക്കാക്കി വായനശാലയിലേക്ക് മടങ്ങിപ്പോയ നിങ്ങളിലാണ് ആ പുലിയുടെ മുരൾച്ച ആദ്യമായി കേൾക്കുന്നത്. സ്വന്തം ജീവിത പടത്തിലെ വിട്ടുപോയ കുത്തുകൾ പൂരിപ്പിക്കാൻ മറ്റാരെയും അനുവദിക്കാതിരിക്കുക, അത് സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാത്രം പൂരിപ്പിക്കുക, ജ്യേഷ്ഠൻ നൽകിയ ഐഫോൺ 5 മേശവലിപ്പിനുള്ളിൽ ഉപേക്ഷിക്കുക, സ്വന്തം ശരീരത്തിൽ ഒരാഭരണത്തിൻ്റെയും അധിനിവേശം അനുവദിക്കാതിരിക്കുക, സ്വന്തം കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുക, തുടങ്ങിയ കാര്യങ്ങളിൽ കരുത്തുള്ള ഒരപരൻ നിങ്ങളിൽ തെളിഞ്ഞും പതുങ്ങിയും വസിക്കുന്നത് വായനക്കാരന് അനുഭവിക്കാനാവും. രചനാപ്രക്രിയയ്ക്ക് നിരന്തരം തുടിക്കുന്ന മനസ്സുമായി ജീവിക്കേണ്ടിവരുന്ന ഒരു വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ അരാജകത്വത്തിൻ്റെ പുനർ നിർമ്മാണം കൂടിയായി ഈ നോവൽ മാറുന്നത് അവിടെയാണ് .
ചൂരൽപ്പാടിനും വേദനയ്ക്കും നാണക്കേടിനുമൊപ്പം ചിരങ്ങ് പൊട്ടിയൊലിച്ചതായിരുന്നു നിങ്ങളുടെ ബാല്യം. കോഴിയെ പിടിക്കുന്ന കുറുക്കനായി രാമൻകുട്ടി മാസ്റ്റർ വേഷം മാറുന്നതായിരുന്നു നിങ്ങളുടെ ക്ലാസ് റൂമുകൾ . ട്രൗസർ താഴേക്കു താഴ്ത്തി പിൻഭാഗത്ത് ചൂരൽ വന്നു വീഴുമ്പോൾ പുളഞ്ഞ് നിവർന്ന് മറ്റുള്ളവർ കാണുന്ന ‘അത് ‘ നിങ്ങളെ നാണിപ്പിച്ചിട്ടുണ്ട്. തേങ്ങ ചിരകിയിട്ട കഞ്ഞിയിൽ സ്നേഹം ആറ്റിത്തണുപ്പിച്ചതായിരുന്നു കുടുംബം. മൂന്നാൺമക്കൾക്ക് ശേഷം ഒരു പെണ്ണിന് കൊതിച്ച അച്ഛനമ്മമാർക്ക് നാലാമതുണ്ടായ
ആൺസന്താനത്തോടുള്ള അതൃപ്തി ആദ്യമൊക്കെ ഉണ്ടായിരുന്നു. അധ്യാപകരേൽപ്പിച്ച ചില മാനഹാനികൾ നിങ്ങളെ ജീവിതം മുഴുവൻ പിന്തുടരുന്നുണ്ടായിരുന്നു. മിടുക്കനായിരുന്നില്ലെങ്കിലും നിങ്ങൾ പരീക്ഷയിലൊന്നും തോറ്റിരുന്നില്ല .സ്വന്തമായൊരു മുറി ബാല്യംമുതൽ തന്നെ നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ചിന്തയ്ക്ക് തീപിടിക്കുന്നവർക്കൊക്കെ ഉണ്ടാകാവുന്ന ഒരു ആഗ്രഹമാണത്. സ്വതന്ത്രമായി ചിന്തിക്കണമെങ്കിൽ സ്വയം നഗ്നനാകണം. ഉടുത്തുകെട്ടുകൾ അഴിച്ച് കളയണം. ദിഗംബരനാകണം. അപ്പോൾ മറ്റൊരാൾ മുറിയിലുണ്ടാകാൻ പാടില്ലന്നാണ് നിങ്ങൾ ആഗ്രഹിച്ചത്.
വിലക്കുള്ള കാര്യങ്ങൾ ചെയ്യാനും മറച്ചുവെച്ചത് കാണാനുമുള്ള കൗതുകം നിങ്ങളോടൊപ്പം വളർന്നു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാലാം ക്ലാസുകാരിയായ പെങ്ങൾ തലമുടിയിൽ മറച്ചുവെച്ച കാച്ചെണ്ണമണം നിങ്ങൾ പുറത്തെടുക്കാൻ ശ്രമിക്കുന്നു. പത്തുവയസ്സുകാരൻ വാറുണ്ണിയുടെ ട്രൗസർ അഴിച്ചു കാണുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ പങ്കജാക്ഷിയുടെ ഒറ്റമുറി പാർപ്പിടത്തിലെത്തി അവളുടെ മറച്ചുവെച്ചതൊക്കെ കാണണമെന്ന് നിങ്ങളാവശ്യപ്പെടുന്നു. വാട്ടർബെറികോമ്പൗണ്ടിൻ്റെ കുപ്പിയിൽ മറച്ചുവെച്ച അച്ഛൻ്റെ താക്കോൽ നിങ്ങൾ കണ്ടെടുക്കുന്നു. ബന്ധുവീട്ടിൽ കുളിച്ചുകൊണ്ടിരുന്ന മധ്യവയസ്കയെ അടച്ചിട്ട വാതിലിനപ്പുറത്തെന്താണെന്നറിയാനുള്ള ആഗ്രഹത്തിൽ നിങ്ങൾ തുറന്നു കാണുന്നു. ബാല്യകൗമാരങ്ങളിൽ മറച്ചുവെച്ച വസ്തുക്കളോടായിരുന്നു താല്പര്യമെങ്കിൽ യൗവനത്തിലെത്തിയതോടെ മറച്ചുവെച്ച ആശയങ്ങളും വിശ്വാസങ്ങളും നിങ്ങൾ തുറന്നു നോക്കാൻ തുടങ്ങി.
പൂർണ്ണമായും പുരുഷനായ ഒരു പുരുഷനുമില്ല. പൂർണ്ണമായും സ്ത്രീയായ ഒരു സ്ത്രീയുമില്ല. പുരുഷനിലെ സ്ത്രീയുടെയും സ്ത്രീയിലെ പുരുഷൻ്റെയും അളവ് ഓരോരുത്തരിലും വ്യത്യസ്തമാണെന്നു മാത്രം. ചിന്തയുടെയും ഭാവനയുടെയും ബീജങ്ങൾ പലരിലും ഉണ്ടായെന്നുവരാം. അതിനെ ഗർഭംധരിച്ച് പ്രസവിക്കുന്നതിന് പിന്നിലുള്ള സഹനം താങ്ങാൻ കഴിയുന്നവർക്ക് മാത്രമേ സൃഷ്ടി നടത്താൻ കഴിയൂ. ചിന്തകളുടെ ഗർഭഭാരത്താൽ ഓക്കാനിക്കുകയും ഛർദ്ദിക്കുകയും ചെയ്യും. തന്നിൽത്തന്നെ മുഴച്ചു വരുന്നത് കണ്ട് ചിലപ്പോഴൊക്കെ അനുഭൂതികളിൽ സ്വർലോകം പൂകും. ജന്മം നൽകാനാവുന്ന പെണ്മ സ്വന്തമായുള്ള പുരുഷനു മാത്രമേ സർഗ്ഗസൃഷ്ടി നടത്താനാവൂ. അതുകൊണ്ടാവാം സ്ത്രൈണതയും സർഗ്ഗാത്മകതയും വേർപെടുത്താൻ കഴിയാത്ത സയാമീസ് ഇരട്ടകളാണെന്ന് നിങ്ങൾ പറയുന്നത്. നിങ്ങളിലെ സ്ത്രൈണതയാണ് തൻ്റെ സാഹിത്യ ജീവിതത്തിന് കാരണമെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണ്ട്.
ബാലൻ ബാല്യകാലം മുതലേ നിങ്ങളുടെ ഉറ്റ സുഹൃത്താണ്. തനിക്ക് കിട്ടാതെപോയ ഒന്നിനെക്കുറിച്ചും ബാലൻ ചിന്തിക്കാറില്ല. കിട്ടിയ ജീവിതത്തിൽ അയാൾ പൂർണ സംതൃപ്തനാണ്. നിങ്ങളാകട്ടെ സ്വന്തമായില്ലാത്തതിനെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ . അങ്ങേയറ്റം പ്രായോഗിക വാദിയായ ബാലനോടാണ് തീർത്തും പ്രായോഗികനല്ലാത്ത നിങ്ങൾ എനിക്ക് എയ്ത്തുകാരനാവണമെന്ന് ആദ്യം പറയുന്നത്. സാധാരണക്കാരനും ചെറു ജീവിതം നയിക്കുന്നവനുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുമ്പോഴും നിങ്ങളിൽ അസാധാരണമായതെന്തോ ഉണ്ടെന്നബോധം വായനക്കാരിൽ ജനിപ്പിക്കാൻ പര്യാപ്തമായ രീതിയിലാണ് മുകുന്ദൻ്റെ കഥാപാത്രാവതരണം.
കൂട്ടംതെറ്റി മേയുന്നവർ, ആകാശത്തിനു ചുവട്ടിൽ ഒറ്റയായവൻ, ഈ ലോകം അതിലൊരു മനുഷ്യൻ, എന്നിങ്ങനെ തലക്കെട്ടുകളിൽപ്പോലും ഒറ്റപ്പെടലും അന്യഥാബോധവും ആവിഷ്കരിച്ചിട്ടുള്ള എഴുത്തുകാരനാണ് എം മുകുന്ദൻ.നോവലിലെ നിങ്ങളും അന്ത:ക്ഷോഭത്തിൻ്റെയും സ്വത്വസംഘർഷത്തിൻ്റെയും നിസ്സഹായാവസ്ഥകളിൽ നിരന്തരം വീഴുകയും കുതറുകയും ചെയ്യുന്നു .
അടിപ്പടവുകളിലെ വഴുക്കൽ
നോവലിനുള്ളിൽ മറ്റൊരു നോവലെഴുതുന്നത് എം.മുകുന്ദൻ്റെ സ്വഭാവമാണ് . കേശവൻ്റെ വിലാപങ്ങളിൽ നമ്മളത് കണ്ടതാണ്. 1921ലെ മലബാർ കലാപകാലത്തെ ആവിഷ്കരിക്കുന്ന ‘ദിഗംബരനെന്ന’ നിങ്ങളുടെ ആദ്യ നോവലാണ് നിങ്ങൾ എന്ന ഈ നോവലിനുള്ളിലുള്ളത്. വേലിക്കുട്ടിയുടെ സിനിമാക്കൊട്ടകയിൽ മാനേജരായിരിക്കുന്ന സമയത്ത് നോട്ടീസിനെ ചെറുകഥയാക്കിയാണ് എഴുത്തിൽ പിച്ചവെച്ചത്. കൊട്ടകയിലെ ജോലി ഉപേക്ഷിച്ച് എഴുത്തുകാരനാകാൻ ഉറപ്പിച്ച് നിങ്ങൾ ഒടുവിൽ എഴുതിത്തുടങ്ങി. ചെറിയത്ത് ഗ്രാമത്തിലെ കുഞ്ഞച്ചുമേഷ്ടറുടെ ജീവിതമാണ് പ്രമേയം. സമൂഹത്തിൽ പടർന്നു പിടിക്കുന്ന മതവൈരാഗ്യത്തെക്കുറിച്ചുള്ള ചിന്ത മനസ്സിൽ എരിതീയായപ്പോൾ അതിനു ശമനം വരുത്താനായി ഉടുതുണിയില്ലാതെ കുളത്തിലിറങ്ങിയ കുഞ്ഞച്ചുമേഷ്ടറുടെ
നഗ്നത സരോജിനി നാടാകെ പടർത്തി. അത് കാരണം വാധ്യാര് പണി നഷ്ടമായി. ഓട്ടു കമ്പനിയിലും പ്ലൈവുഡ് കമ്പനിയിലും ജോലി തേടിയ കുഞ്ഞച്ചുമേഷ്ടർ ഒടുവിൽ പഠിപ്പിക്കാൻ തിരൂരങ്ങാടിക്ക് പോകുന്നു. അരനൂറ്റാണ്ടു മുൻപ് നടന്ന മലബാർകലാപത്തിലെ ചോരയുടെ മണം അവിടെ അക്ഷരങ്ങളിൽ പടരുന്നു. സത്യവും നൈതികതയും കൂടെയുണ്ടെങ്കിൽ ആരെയും എന്തിനെയും അതിജീവിയ്ക്കാനാകുമെന്ന് കുഞ്ഞച്ചുമേഷ്ടർ തെളിയിക്കുന്നു. ബ്രിട്ടീഷ് പോലീസുകാർക്കോ കലാപകാരികൾക്കോ ഒന്ന് തൊടാൻ പോലും പറ്റാതെ കുഞ്ഞച്ച് മേഷ്ടർ തിരികെ വരുമ്പോൾ നിങ്ങളുടെ ആദ്യനോവലായ ദിഗംബരൻ പൂർണ്ണമാകുന്നു.
ആദ്യ നോവൽ ഏറെ വായിക്കപ്പെടുകയും പത്രത്തിൽ പടം വരികയും ചെയ്തപ്പോഴാണ് ഒരു പ്രഭാതത്തിൽ വീട്ടുമുറ്റത്തൊരു റീത്ത് കണ്ടത് . നീ തിയ്യനാണെങ്കിലും ഹിന്ദുവാണെന്ന ഓർമ്മപ്പെടുത്തലുമായി കത്തുകൾ തുടർന്നു വന്നു. ദിഗംബരൻ ചർച്ചയായി. മൂന്നാം പതിപ്പിറങ്ങി . നിങ്ങൾ രണ്ടാം നോവലിൻ്റെ രചനയിലേക്ക് കടന്നു. അതിലും കഥാപൂരകൻ കുഞ്ഞച്ചുമേഷ്ടർ തന്നെ. പ്രായം 70. രണ്ടു കാലത്ത് രണ്ട് കലാപങ്ങളിൽ ജീവിച്ച കഥാനായകൻ. തലശ്ശേരി കലാപകാലത്തെ മേഷ്ടറുടെ ജീവിതം എഴുതിത്തുടങ്ങിയതോടെ നിങ്ങളുടെ എഴുത്ത് ഭ്രാന്തമാകുന്നു. സ്വന്തം മരണം നിങ്ങൾ മുന്നിൽ കാണുന്നു. ജനലഴികളിൽ കാലൻകോഴികൾ ചിറകടിച്ചു വീഴുന്നു. നായകൾ കുരച്ചും ഓലിയിട്ടും അകമ്പടി സേവിക്കുന്നു. എഴുതാതെ ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ല. എഴുതാൻ കഴിയുന്നുമില്ല എന്ന അവസ്ഥയിലേക്ക് നിങ്ങളെത്തുന്നു. ഒടുവിൽ നിങ്ങൾ ജീവിതത്തിൽ നിന്ന് ദീർഘകാല അവധിയെടുക്കുന്നു. 30 വർഷം കഴിഞ്ഞ് മടങ്ങിയെത്തിയ നിങ്ങൾ സ്വന്തം മരണം സ്വയം പ്രഖ്യാപിച്ച് വീണ്ടും വ്യത്യസ്തനാകുന്നു.
ഒന്നിനെ വിരുദ്ധദിശകളിലേക്ക് വലിക്കുമ്പോൾ അനുഭവപ്പെടുന്ന സംഘർഷം നിങ്ങളിലെപ്പോഴും പ്രകടമായിരുന്നു. ഭയവും ആശങ്കയും പ്രകടിപ്പിച്ചില്ലെങ്കിലും നിങ്ങളുടെ മനസ്സിൻ്റെ അടിപ്പടവുകളിൽ അതുണ്ടായിരുന്നു. മുഴുവൻ പ്രജ്ഞയും ഭാവനയും ഊർജ്ജവും എഴുത്തിനായി മാറ്റിവച്ചതിനാൽ നിങ്ങൾക്ക് രതിജീവിതം ഉണ്ടായിരുന്നില്ലത്രേ. പക്ഷേ കൗമാരകാലം മുതൽ രതികാമനകളിൽ
ആറാടുന്ന ശരീരവും മനസ്സുമായാണ് നിങ്ങൾ ജീവിച്ചതെന്നും പറയുന്നുണ്ട്. നാലപ്പാടൻ്റെ രതിസാമ്രാജ്യത്തിലൂടെയും ഖജുരാഹോശില്പങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളിലൂടെയുമാണ് രത്യഭിവാഞ്ഛ കൗമാരപ്രായത്തിൽ നിങ്ങൾ അടക്കി നിർത്തിയത്. ദൂരെ കൺവെട്ടത്ത് തെളിയുന്ന പെണ്ണിൻ്റെ നിഴലിന് നേരെ പോലും കുതിച്ചു ചെല്ലുന്ന മനസ്സും ശരീരവുമായാണ് വളർന്നതെന്ന് നിങ്ങൾതന്നെ പറയുന്നുണ്ട്. പെങ്ങന്മാർ എന്ന് പകൽവെളിച്ചത്തിൽ കരുതുന്നവർ രാത്രിമൈഥുനത്തിന് കൂട്ടുകാരായിട്ടുണ്ടത്രേ. പക്ഷേ സ്ത്രീപുരുഷരതിയിലൂടെ ആൺശരീരത്തിൻ്റെ സഹജവാസനകളെ ശമിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. എഴുത്തിനെ കല്യാണംകഴിക്കാൻ തീരുമാനിച്ചെന്നും വായനയെ പ്രണയിക്കുകയും കാമിക്കുകയും ചെയ്തെന്നും നിങ്ങൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഷാർലറ്റ് ബ്രോണ്ടി എന്ന എഴുത്തുകാരിയോടുള്ള അഭിനിവേശത്തെക്കുറിച്ച് നോവലിൽ സൂചനയുണ്ട്. നോവലിസ്റ്റിനെയും കഥാനായികയെയും ഇരുവശവും കിടത്തി വായനക്കാരൻ പുലരുവോളം മുഴുകിയ സുദീർഘലീലകൾ ഭൂചലനത്തിൻ്റെ തുടർചലനങ്ങൾ പോലെ അറിഞ്ഞ അനുഭൂതികളായിരുന്നു എന്നു പറയുന്നുണ്ട്. ഇതിൽ നിന്നൊക്കെ സാധാരണ ലൗകികജീവിതം നൽകുന്ന ആനന്ദങ്ങളിൽ വല്ലാതെ കൊതിച്ചിരുന്ന ആളായിരുന്നു നിങ്ങളെന്ന് മനസ്സിലാക്കാം . എന്നാൽ അതിൽ നിന്നൊക്കെ അകന്നു നിൽക്കുകയും അതിനായി കൊതിക്കുന്ന ശരീരത്തെ അമർത്തി വയ്ക്കുകയും ചെയ്തതിൻ്റെ സംഘർഷം കൊണ്ടാവാം
യൗവനം ചിറകടിച്ചു പറന്നു പോയതോടെ നിങ്ങൾ മൗനിയായത് .
ഭാരതീയനായ മുകുന്ദൻ്റെ വ്യക്തിത്വത്തിൽ വിധിവിശ്വാസം വളരെ പ്രബലമായിരുന്നു. അതിലേക്കാണ് ആർജ്ജിതമായ അസ്തിത്വദർശനം കടന്നുകയറുന്നത്. അവ തമ്മിലുള്ള സംഘർഷം മുകുന്ദൻ്റെ ആദ്യകാലനോവലുകൾ മുതൽ പ്രകടമാണ്. എന്നാൽ നിങ്ങളിൽ എത്തുമ്പോൾ ഭാരതീയമായ വിധിവിശ്വാസത്തിൽ നിന്നും മുകുന്ദൻ ഏറെക്കുറെ മോചിതനാവുന്നു. സ്വയം അപരിചിതരും സ്വയമറിയാൻ ശ്രമിച്ച് മറ്റുള്ളവർക്ക് അപരിചിതരുമാവുന്ന മുകുന്ദൻ കഥാപാത്രങ്ങളിൽ ഒരാൾതന്നെയാണ് ‘നിങ്ങൾ. ‘ ഒരുതരം ആന്തരികമൂകത നിങ്ങളിലുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ശക്തമായ നിലപാടുണ്ടെങ്കിലും സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ കഴിവുള്ളവനല്ല അയാൾ. എല്ലാത്തരത്തിലുള്ള പ്രതിബദ്ധതകളും ആശയതലത്തിൽ മാത്രം ഒതുക്കുകയാണ് ചെയ്യുന്നത്. പ്രതികരണം ചിന്തകളിൽ ഒതുക്കുന്ന ഉപരിവർഗ്ഗ ബുദ്ധിജീവി സംസ്കാരത്തിൻ്റെ പ്രതീകമാണ് നിങ്ങൾ .
വഴിമാറിയൊഴുകുന്ന പുഴ
കാലത്തിൻ്റെ മാറ്റം കൊണ്ട് ഒരുപാട് നിറങ്ങളിൽ ലോകത്തെയും ജീവിതത്തെയും കാണാൻ കഴിയുന്നതായി മുകുന്ദൻ്റെ കണ്ണട മാറിയെങ്കിലും എത്ര മാറിയാലും മാറ്റാൻ കഴിയാത്ത ചിലത് മനുഷ്യൻ്റെ അസ്തിത്വത്തിലുണ്ടെന്ന് ഈ നോവൽ ഓർമ്മിപ്പിക്കുന്നു. കൂട്ടംതെറ്റി മേയുന്ന കഥാനായകൻ മറ്റ് നോവലുകളിലെന്നപോലെ നിങ്ങളിലും തുടരുന്നു. സ്വതന്ത്രനായ മനുഷ്യൻ, തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം, പൊതുബോധത്തിൽ നിന്ന് വ്യത്യസ്തമായി രൂപപ്പെടുന്ന നൈതികത, തുടങ്ങിയ വ്യക്തികേന്ദ്രീകൃത പ്രശ്നങ്ങളാണ് ‘നിങ്ങൾ ‘ക്കും ആധാരം. എഴുത്തിനെ പ്രണയിക്കുന്ന ഒരുത്തൻ്റെ മാനസികസംഘർഷങ്ങളായി അവ അവതരിപ്പിച്ചിരിക്കുന്നു. ഒരാളുടെ ഭയങ്ങളെ, ആഗ്രഹങ്ങളെ , പ്രശ്നങ്ങളെ ഒക്കെ വൈയക്തികതയുടെ അടിസ്ഥാനത്തിൽ ആവിഷ്കരിക്കുന്നു. ആന്തരിക വ്യക്തിസത്തയെക്കുറിച്ച് കാര്യമായി ചിന്തിക്കാതെ ജീവിതത്തിൻ്റെ ബാഹ്യസൗന്ദര്യങ്ങളിൽ ഭ്രമിച്ചു കഴിയുന്നവരാണ് സാധാരണ മനുഷ്യർ. മുകുന്ദൻ്റെ കഥാപാത്രങ്ങൾക്ക് ഒരിക്കലും അതിനു കഴിഞ്ഞിരുന്നില്ല. രണ്ട് മഹായുദ്ധങ്ങൾക്ക് ശേഷം ലോകം മുഴുവൻ കടന്നുപോയ സങ്കീർണതകളിൽ നിന്നാണ് മനുഷ്യനിൽ സ്വതേയുള്ള അസ്തിത്വ ദുഃഖം പ്രബലമായതെന്നാണ് പണ്ഡിത മതം. കൃത്രിമബുദ്ധിയുടെയും ക്വാണ്ടം കോസ്മോളജിയുടെയും ഈ കാലത്ത് പ്രപഞ്ചത്തിൻ്റെ നടുനായകത്വം മനുഷ്യനിൽ നിക്ഷിപ്തമാണ് .നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തി നിൽക്കുമ്പോഴും ഉള്ളിലേക്ക് നോക്കുന്നവർക്ക് അസ്തിത്വ ബോധം സമാനമാണെന്ന് ഈ നോവൽ ഓർമിപ്പിക്കുന്നു.
ജീവിതത്തിൽ 30 വർഷത്തെ ദീർഘകാല അവധിയെടുത്ത് ഉണ്ണീഷ്ണൻ എങ്ങോട്ടാണ് പോയത്? പോയതെന്തിന്? അയാൾ എന്താണ് നേടിയത് ? തിര പോലെ ഇളകിമറിഞ്ഞ മനസ്സിൽ അയാൾ സ്വയം കണ്ടുമുട്ടിയോ? അതിനുശേഷം അയാൾക്ക് സ്വയം നിർവചിക്കാൻ കഴിഞ്ഞോ? നിർവചനത്തിന് വഴങ്ങുന്നതല്ല ജീവിതമെന്ന് ഇവിടെ നമ്മൾ തിരിച്ചറിയുന്നു. ഏറ്റവും പരിചിതമെന്ന് തോന്നുമ്പോഴും എത്രത്തോളം അപരിചിതമാണ് ഓരോരുത്തർക്കും അവരവരുടെ ജീവിതമെന്നോർത്ത് ആശങ്കപ്പെടുന്നു. ആരംഭത്തിൽ ഒന്നുമല്ലാത്തതുപോലെ അവസാനത്തിലും മനുഷ്യൻ ഒന്നുമല്ലാതാകുന്നു.
അസ്തിത്വദർശനത്തിൻ്റെ പിതാവായ കിർക്കഗോറിൻ്റെ അഭിപ്രായത്തിൽ വ്യക്തിപരതയാണ് സത്യം. സ്വാതന്ത്ര്യം, ഉത്തരവാദിത്തം, അതിൽനിന്നുണ്ടാകുന്ന സന്ത്രാസം ഇവ മനുഷ്യാസ്തിത്വത്തിൻ്റെ തനിമകളാണ്. പാപബോധവും സന്ത്രാസത്തിന് കാരണമാകുന്നു. പാപത്തെ അഭിമുഖീകരിച്ചു തന്നെവേണം അതിൽ നിന്നും മോചനം നേടാൻ. വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ അതിരുകളില്ലാത്ത ആകാശം സ്വന്തമായുള്ള കാലമാണിത്. എന്നാലും ചിന്തിക്കുന്നവരുടെ ആത്മാവ് മുള്ളുവേലിയിൽ തട്ടി അടരാറുണ്ട്. ഞാൻ ചിന്തിക്കുന്നു അതുകൊണ്ട് ഞാനുണ്ട് എന്ന് പറഞ്ഞത് റെനെ ദെക്കാർത്തെയാണ്. ഉണ്ണീഷ്ണൻ എന്ന നിങ്ങളും ജീവിച്ചത് അങ്ങനെയാണ് . ബാഹ്യസമ്മർദ്ദങ്ങൾ നിങ്ങളെ കാര്യമായി സ്വാധീനിക്കുന്നില്ല. തൻ്റെ സ്വാതന്ത്ര്യത്തിനു മീതെ മറ്റൊരു ശക്തിയുടേയും അരുതുകളെ അയാൾ വകവയ്ക്കുന്നില്ല.
കേന്ദ്രകഥാപാത്രത്തിൻ്റെ പിറവിയിൽ നിന്ന് നോവലാരംഭിക്കുന്നത് മുകുന്ദൻ്റെ രീതിയാണ്. ഡൽഹിയിൽ അരവിന്ദനെ അവതരിപ്പിച്ചത് പോലെ “നിങ്ങളുടെ പേര് ഉണ്ണീഷ്ണൻ, അമ്മ ലക്ഷ്മിക്കുട്ടിഅമ്മ അച്ഛൻ ആധാരമെഴുത്തുകാരനും മുദ്രക്കടലാസ് വിൽപ്പനക്കാരനുമായ ഗോവിന്ദൻ വെണ്ടർ” എന്നുപറഞ്ഞാണ് നിങ്ങൾ തുടങ്ങുന്നത് . മനുഷ്യന് ആദ്യം അസ്തിത്വം ലഭിക്കുകയും പിന്നീട് സത്ത രൂപപ്പെടുകയും ചെയ്യുന്നുവെന്ന് സാർത്ര് പറയുന്നു . ഇത് തന്നെ ഇവിടെയും മുകുന്ദൻ പിന്തുടരുന്നു. നിങ്ങൾ ആരാകണം എന്താകണം എങ്ങനെയാകണം എന്ന് തീരുമാനിക്കുന്നത് അവരവരുടെ തിരഞ്ഞെടുപ്പുകൾ തന്നെ. വിധിയെക്കുറിച്ച് ചിന്തിക്കുന്ന മുൻ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നിങ്ങളത് ചിന്തിക്കുന്നില്ല. എടുത്ത തീരുമാനങ്ങളിലൊന്നും പാപബോധമില്ല. തൻ്റെ വിധി താൻ തന്നെയാണ് രൂപപ്പെടുത്തുന്നതെന്ന ചങ്കുറപ്പുണ്ട് . ഒടുവിൽ സ്വന്തം മരണം സ്വയം തീരുമാനിക്കുന്നതോടെ അതിനു കൂടുതൽ മിഴിവേകുന്നു. നാടോടുമ്പോൾ നടുവേ ഓടാതെ വെട്ടിത്തിരിഞ്ഞ് നടക്കുന്നവനാണ് നിങ്ങൾ. അതിലയാൾ ഒരിക്കൽപോലും പശ്ചാത്തപിക്കുന്നില്ല . സ്വന്തം ഗ്രാമത്തിൽ, സ്വന്തം വീട്ടിൽ സ്നേഹവാത്സല്യങ്ങൾ ആവോളം നുകർന്നാണയാൾ ജീവിക്കുന്നത്. അത്തരം സ്നേഹ ബന്ധങ്ങൾക്കൊന്നും വഴങ്ങാൻ കൂട്ടാക്കാത്ത ഒരു സത്തയാണ് നിങ്ങളിൽ രൂപപ്പെടുന്നത്. ഓരോരുത്തരിലും ഉണ്ടെന്ന് സാർത്ര് പറയുന്ന രണ്ട് സത്തകളുണ്ട് . തദർത്ഥ സത്തയും പരാർത്ഥസത്തയും. നിങ്ങളിൽ തദർത്ഥസത്ത മാത്രമാണ് പ്രകടം. തൻ്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് താൻ നടത്തുന്ന തെരഞ്ഞെടുപ്പുകളിലാണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങളിൽ മരണാഭിമുഖ്യം അല്പം പോലുമില്ല. എന്നുതന്നെയല്ല ജീവിതത്തോട് അടങ്ങാത്ത അഭിനിവേശവുമുണ്ട്. ബന്ധങ്ങളുടെ കെട്ടുപാടുകളൊന്നും നിങ്ങളെ തളർത്തുന്നില്ല. അച്ഛനും അമ്മയും പെങ്ങളും ജ്യേഷ്ഠൻമാരുമുള്ള വീട്ടിൽ ബാല്യംമുതൽ സ്വന്തമായൊരു മുറി ആഗ്രഹിച്ച വ്യക്തിയാണ് നിങ്ങൾ. കുടുംബജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതെന്ന് കരുതി അമ്മ പറയുന്ന പല കാര്യങ്ങളും നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നവയായിരുന്നില്ല. മനുഷൻ ഏകനാണെന്ന സാർത്രിയൻ ചിന്തയാണ് നിങ്ങളിൽ കാണാൻ കഴിയുന്നത്.
രോഗാതുരമായ ബാല്യവും അധ്യാപകരിൽ നിന്നേറ്റുവാങ്ങിയ ചെറിയ അപമാനങ്ങളുമൊക്കെ ശരാശരിക്കാരനായ ഏതൊരു മലയാളിബാലൻ്റെയും അനുഭവങ്ങൾക്കുള്ളിൽ വരുന്നതാണ്. കഠിനമായ മറ്റു ജീവിതാനുഭവങ്ങളൊന്നും ഇല്ലാഞ്ഞിട്ടും തൻ്റെയുള്ളിൽ ഒരു ഏകാന്തതയെ നിങ്ങൾ ഓമനിച്ചു വളർത്തുന്നുണ്ട്. അത് ഒരു എഴുത്തുകാരൻ്റെ സ്വത്വബോധം തന്നെയാണെന്ന് വായനക്കാരൻ തിരിച്ചറിയുന്നു. കാലൻ കോഴിയുടെ ചിറകടിയൊച്ച കേൾക്കുന്ന രണ്ടാം നോവലിൻ്റെ താളുകളിൽ നിങ്ങൾ എഴുത്ത് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. അവിടെ നിങ്ങളുടെ ആത്മീയപ്രതിസന്ധി ഭീകരരൂപമെടുക്കുന്നു. ജീവിതത്തെ മരണം കൊണ്ട് നിഷേധിക്കാനാവാത്ത നിസ്സഹായത കൊണ്ടാവാം നിങ്ങൾ ദീർഘകാലാവധിയിൽ പ്രവേശിക്കുന്നത്.മുകുന്ദൻ്റെ നോവലുകളുടെ പൊതുസ്വഭാവമായ അരാജകത്വം ഇവിടെ പ്രതിരോധമായി വേഷം മാറുന്നു. എഴുത്തിൽ തന്നെ കണ്ടെത്താനോ തനിക്ക് ആശ്വാസം കണ്ടെത്താനോ കഴിയുന്നില്ല എന്നുള്ളിടത്ത് നിങ്ങളുടെ ജീവിതം പരാജയമായിരുന്നു എന്ന് വ്യാഖ്യാനിക്കാൻ കഴിയും. എന്നാൽ ആ പരാജയത്തെ മരണം കൊണ്ട് ജയിക്കുന്ന ഒരു ടെക്നിക്കാണ് മുകുന്ദൻ നോവലിൻ്റെ അവസാനം ഉപയോഗിക്കുന്നത്. വായനയിലെ രാസപ്രവർത്തനത്തിന് ധന ഉൽപ്രേരകമായി പ്രവർത്തിച്ചു കൊണ്ട് നിങ്ങളുടെ മരണം നോവലിൻ്റെ ആസ്വാദനത്തെ സഹായിക്കുന്നു. മുപ്പത് വർഷത്തെ അൺഓദറൈസ്ഡ് ആബ്സൻസിനെതിരെ (അനധികൃത അഭാവത്തിനെതിരെ) ഉയർത്തിയ സകലവാദഗതികളുമുപേക്ഷിച്ച് വായനക്കാരൻ നിങ്ങൾക്ക് സ്വന്തം വായനാലോകത്ത് മാന്യമായ ഇരിപ്പിടം അനുവദിക്കുകയും ചെയ്യുന്നു.