വാക്കുകൾ ചിത്രങ്ങളായി പൂക്കുമ്പോൾ

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു ബസ്സിൽ കുറേ കുട്ടികളും അച്ഛനും. ബേക്കൽ മുതൽ ഓരോ സ്ഥലങ്ങളും കടന്നു പോകുമ്പോൾ അതിന്റെ പ്രാധാന്യം, ചരിത്രം, ജനങ്ങളുടെ ജീവിതരീതി ഇവയൊക്കെ അച്ഛൻ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു. അങ്ങനെ തിരുവനന്തപുരം വരെ ആസ്വദിച്ചൊരു യാത്ര…….!

എന്നാൽ ഇതൊരു പിക്നിക് ആണോ? അല്ലേയല്ല .

എൻ. പി ഹാഫിസ് മുഹമ്മദിന്റെ ‘ ഒരു കുട്ടിപ്പട്ടാളത്തിന്റെ കേരള പര്യടനം’ എന്ന പുസ്തകത്തിന്റെ താളുകൾ മറിക്കുമ്പോൾ കാണുന്ന കാഴ്ചകളാണ്. ഈ കാഴ്ചകൾക്ക് പിന്നിൽ ഒരു ചിത്രകാരന്റെ കരവിരുതും ഭാവനയും പ്രഭാവവും ഉണ്ട്. ആ വർണ്ണങ്ങളിലൂടെയും വരയിലൂടെയും നമുക്ക് പല രാജ്യങ്ങളിൽ കൂടി പറന്നു നടക്കാം. ഓർമ്മയുടെ അയക്കോലിൽ ആ സ്വപ്നരൂപങ്ങളെ കൊരുത്തു വയ്ക്കാം.

ചിത്രകമ്പളത്തിന്റെ സൃഷ്ടിക്കു പിന്നിലെ വിരലിന്റെ മാന്ത്രികതയിലേക്ക്….. ഇത്, സചീന്ദ്രൻ കാറഡുക്ക. സമകാലിക മലയാളം വാരിക, ഗ്രന്ഥാലോകം, യുറീക്കാ, തളിർ എന്നിങ്ങനെ അനവധി പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഇല്ലസ്ട്രേഷൻ കൊടുക്കുകവഴി ശ്രദ്ധേയനായ ശ്രീ സചീന്ദ്രൻ കാറഡുക്കയുടെ വരവഴികളിലേക്ക്.

ചിത്രരചനയിൽ പരിശീലനം എവിടെ നിന്നായിരുന്നു?

കോഴിക്കോട് യൂണിവേഴ്സൽ ആർട്സ് കോളേജിൽ മൂന്നുവർഷത്തെ കോഴ്സ്. പിന്നീട് മദ്രാസ് ചോളമണ്ഡലം ആർട്ടിസ്റ്റ് വില്ലേജിൽ, ആറു വർഷം. നാട്ടിൽ വന്നതിനു ശേഷം അക്കാദമി ക്യാമ്പുകൾ എക്സിബിഷൻ എന്നിങ്ങനെ ചിത്രകലയുമായി ബന്ധപ്പെട്ട വർക്കുകൾ ചെയ്തു.

എങ്ങനെയാണ് ചിത്രകലയിലേക്ക് എത്തിപ്പെട്ടത്?

സ്കൂൾ യുവജനോത്സവങ്ങളിൽ ചിത്രരചനാ മത്സരങ്ങൾക്ക് പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ സമ്മാനമൊന്നും കിട്ടിയിട്ടില്ല. അതിനെപ്പറ്റി വേവലാതിയും ഉണ്ടായില്ല. പത്താംക്ലാസ് കഴിഞ്ഞപ്പോഴാണ് വരയ്ക്കാനുള്ള എന്റെ കഴിവിനെ മുൻനിർത്തി എല്ലാവരും പ്രോത്സാഹിപ്പിച്ചത്. അങ്ങനെ യാദൃശ്ചികമായി കോഴിക്കോട് യൂണിവേഴ്സൽ ആർട്സിൽ എത്തിപ്പെട്ടു.

കുട്ടികൾക്ക് വേണ്ടി 1500 ഓളം പുസ്തകങ്ങൾക്ക് ചിത്രം വരച്ചിട്ടുണ്ട്. ആദ്യം മലയാള മനോരമയിൽ ആയിരുന്നു. അക്കാലത്ത് ‘കിലുക്കാംപെട്ടി’ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി ഒരു പoക്തിയുണ്ടായിരുന്നു. അവിടെ രണ്ടുവർഷം. പിന്നീട് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ

യൂറിക്കായിൽ

അമ്മയുടെ വീടിന്റെ അടുത്തായിരുന്നു പ്രശസ്ത ചിത്രകാരൻ കെ. പി. വത്സരാജ്. അദ്ദേഹത്തിന്റെ ഫാമിലിയിൽ എല്ലാവരും ആർട്ടിസ്റ്റുകളാണ്. സ്കൂൾ ഓഫ് ബറോഡയിലും ശാന്തിനികേതനിലും ഉണ്ടായിരുന്നവരാണ്. വെക്കേഷൻ സമയത്ത് അവരുടെ വീട്ടിൽ പോയി പെയിന്റിംഗ് ഒക്കെ കാണാറുണ്ട്. അവിടെ ലോകപ്രശസ്ത ചിത്രകാരന്മാരായ പിക്കാസോ, വാൻഗോഗ് എന്നിവരെപ്പറ്റിയുള്ള പുസ്തകങ്ങൾ ഉണ്ടായിരുന്നു.

അന്ന് ഒരു റാഡിക്കൽ ഗ്രൂപ്പ് നിലവിലുണ്ടായിരുന്നു അല്ലേ?

അതെ. വലിയ ഗൗരവമായി പോയ ഒരു പ്രസ്ഥാനമായിരുന്നു അത്. കൃഷ്ണകുമാർ എന്നൊരു ആർട്ടിസ്റ്റായിരുന്നു അതിന് രൂപം കൊടുത്തത്. ‘വില്പനയ്ക്കല്ല ചിത്രം’, ‘ഗാലറികളിൽ അല്ല ചിത്രങ്ങൾ എത്തേണ്ടത്’ എന്നീ വാദങ്ങളായിരുന്നു അവർ മുൻപോട്ടു വെച്ചിരുന്നത്. ചിത്രകലയെ ജനകീയമാക്കാൻ വേണ്ടി ഗ്രാമങ്ങളിൽ പോയി വർക്ക് ചെയ്തിട്ടുണ്ട് അവർ. കോഴിക്കോടാണ് അവരുടെ ആദ്യ പ്രദർശനം ഉണ്ടായിരുന്നത്. അക്കാലത്ത് ഞാൻ കോഴിക്കോട് ഒരു അഡ്വർടൈസിംഗ് കമ്പനിയിൽ വർക്ക് ചെയ്യുകയായിരുന്നു. റാഡിക്കലുമായി എനിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ല.

ചോളമണ്ഡലത്തിലെ അനുഭവങ്ങൾ പറയാമോ?

അന്ന് അവിടെ ആദിമൂലം എന്ന ഒരു ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. കൂടാതെ പി.ഗോപിനാഥ്, ഹരിദാസ്, ഡഗ്ലസ്, എൻ. വി. ദേവൻ, ആർട്ടിസ്റ് നമ്പൂതിരി ഇങ്ങനെയുള്ളവരും. ആർട്ടിസ്റ്റുകൾ അവിടെ താമസിച്ച് വർക്കുകൾ ചെയ്യുകയും എക്സിബിഷൻ നടത്തുകയും വില്പന നടത്തുകയും ചെയ്തിരുന്നു. വളരെ ചെറിയ ചിലവിൽ വർക്ക് ചെയ്യാൻ സാധിക്കും. മറ്റുള്ളവരുടെ വർക്കുകൾ കാണാം അവരുമായി ശില്പ-ചിത്രകലാ സംബന്ധിയായി പല വിഷയങ്ങളും സംസാരിക്കാം അങ്ങനെ ചില പ്രയോജനങ്ങൾ ഉണ്ടായി. കെ.സി.എസ് പണിക്കരുടെ മകനും പ്രശസ്ത ശില്പിയും ചിത്രകാരനുമായിരുന്ന എസ്സ് . നന്ദഗോപാൽ അന്നവിടെയുണ്ടായിരുന്നു. ചിത്രകലയിലുണ്ടായ മാറ്റങ്ങളെപറ്റിയുള്ള ചർച്ചകളൊക്കെ അവിടെ നടന്നു. രസകരമായിരുന്നു അവിടത്തെ ജീവിതം.

എത്ര വർഷമായി ഇല്ലസ്ട്രേഷൻ വർക്കുകൾ ചെയ്യുന്നു?

25 വർഷമായി ചെയ്യുന്നുണ്ട് . കുട്ടികൾക്ക് വേണ്ടി 1500 ഓളം പുസ്തകങ്ങൾക്ക് ചിത്രം വരച്ചിട്ടുണ്ട്. ആദ്യം മലയാള മനോരമയിൽ ആയിരുന്നു. അക്കാലത്ത് ‘കിലുക്കാംപെട്ടി’ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി ഒരു പoക്തിയുണ്ടായിരുന്നു. അവിടെ രണ്ടുവർഷം. പിന്നീട് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യൂറിക്കായിൽ.

വാരികകളിൽ കഥകൾക്കോ കവിതകൾക്കോ ഇല്ലസ്‌ട്രേഷൻ ചെയ്യുമ്പോൾ റഫറൻസ് ആവശ്യമാണോ?

കഥയായാലും കവിതയായാലും അതിന് റഫറൻസ് ഒന്നുമല്ല ആർട്ടിസ്റ്റിന്റെ സർഗാത്മകതയാണ് അത് . കഥയ്ക്കും കവിതയ്ക്കും അപ്പുറം ഒരു ആർട്ടിസ്റ്റിന് അവ സർഗ്ഗാത്മകമായി ചിത്രീകരിക്കാൻ സാധിക്കും.

വാരികകളിൽ കഥകൾക്കും കവിതകൾക്കും ഒപ്പമുള്ള ചിത്രങ്ങൾ വായനക്കാരെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കാറുണ്ടോ?

തീർച്ചയായും സ്വാധീനിക്കും. അടുത്തിടയ്ക്ക് എസ്. ഹരീഷിന്റെ കഥയ്ക്ക് (ചൂണ്ടക്കാരൻ ) വേണ്ടി ഇല്ലസ്‌ട്രേഷൻ ചെയ്തിരുന്നു. കുറെ അധികം കവിതകൾക്ക് ഇല്ലസ്‌ട്രേഷൻ ചെയ്തിട്ടുണ്ട്. കഥയെക്കാളും കവിതയെക്കാളും മികച്ചു നിൽക്കുന്നുണ്ട് ഇല്ലസ്‌ട്രേഷൻ എന്ന് അറിയിച്ചുകൊണ്ട് എഴുത്തുകാരും മറ്റുള്ളവരും ഫോൺ വിളിക്കാറുണ്ട്. കുറേ സമയം ചിത്രത്തിലേക്ക് ശ്രദ്ധിക്കുമ്പോൾ ആയിരിക്കും അതിന്റെ ആശയത്തിന്റെ ആഴം (ഡെപ്ത് ) അവർക്ക് മനസ്സിലാകുന്നത്. മാഗസിനിലേക്ക് വരുന്ന കത്തുകൾ വായിക്കുമ്പോളറിയാം പലതിലും നമ്മളെ പരാമർശിക്കുന്നുണ്ട്. അടുത്തയിടെ ഗ്രന്ഥാലോകത്തിനു വേണ്ടി 28 കവിതകളുടെ ഇല്ലസ്‌ട്രേഷൻ ചെയ്തിട്ടുണ്ടായിരുന്നു. അത് മുഴുവനും ഞാൻ തന്നെയാണ് ചെയ്തത്. ഇല്ലസ്‌ട്രേഷൻ സ്റ്റൈലും കവിതയും ലേ ഔട്ടും കൂടി ഭയങ്കര അഭിപ്രായമായിരുന്നു. കുട്ടികൾക്ക് വേണ്ടി ചെയ്ത ശ്രീ. ഡി.വിനയചന്ദ്രന്റെ ആഫ്രിക്കൻ നാടോടി കഥകളുടെ ഇല്ലസ്ട്രേഷൻ ധാരാളം റഫറൻസോടുകൂടി ചെയ്തതാണ്. ഈ ബുക്കിലെ ഇല്ലസ്‌ട്രേഷൻ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചവരുണ്ട്. ശ്രീ. വിനോയ് തോമസിന്റെ ‘ ഈ കൂട്ടിൽ കോഴിയുണ്ടോ’ എന്ന കഥയ്ക്കും ഇല്ലസ്‌ട്രേഷൻ ചെയ്തിരുന്നു.

ഇക്കാലത്ത് കമ്പ്യൂട്ടർ ഗ്രാഫിക്സ് ഈ രംഗത്തേക്ക് അധികമായി കടന്നുവന്നു. പുതിയ ടെക്നോളജികൾ വളരെയധികം മാറ്റങ്ങൾ ഈ മേഖലയിലും കൊണ്ടുവന്നല്ലോ. ഇത് ചിത്രകാരന് ഒരു വെല്ലുവിളിയാണോ?

കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈനിലൂടെ ഇല്ലസ്‌ട്രേഷൻ ചെയ്യുന്നവരുണ്ട്. അതിനു വേണ്ടിയിട്ടുള്ള ആപ്പുകൾ ഉണ്ട്. നല്ല സ്പീഡിൽ ചെയ്യാൻ സാധിക്കും. ത്രീഡി ഡയമെൻഷനിൽ വർക്ക് ചെയ്യാൻ പറ്റും. കമ്പ്യൂട്ടറിൽ നിന്ന് തന്നെ കളറുകൾ സെലക്ട് ചെയ്യാം . അതും നല്ലതാണ്. വെല്ലുവിളി ആണെന്നൊന്നും പറയാൻ സാധിക്കില്ല. പക്ഷേ ക്രിയാത്മകതയോടുകൂടി കൈകൊണ്ട് പേപ്പറിലേക്ക് ചെയ്യുന്ന വർക്കിൽനിന്ന് അതിനു വ്യത്യാസമുണ്ട്. കൈകൊണ്ട് ചെയ്യുന്ന വർക്കുകൾ വീണ്ടും മാറ്റാൻ പറ്റില്ല. വർക്ക് സർഗ്ഗത്മകം ആയിരിക്കണം, സത്യസന്ധമായിരിക്കണം. ഒരു ചിത്രകാരനെ സംബന്ധിച്ച് അയാൾക്ക് ടാലന്റ് ഉണ്ടെങ്കിൽ അയാളെ തേടി ചിത്രങ്ങൾ വരയ്ക്കാൻ ആളു വരും.

ചിത്രകലാ രംഗത്ത് ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

ലോക ചിത്രകലയിലും ശിൽപ്പകലയിലും സംഗീതത്തിലുമൊക്കെ ഇപ്പോൾ വളരെയധികം മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പുതിയ തരത്തിലുള്ള ചിത്രങ്ങൾ എങ്ങനെയൊക്കെ ചെയ്യാം എന്നുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഗാലറിയിൽ പ്രദർശിപ്പിക്കുന്നത് തന്നെ വ്യത്യസ്തതരം ചിത്രങ്ങളാണ്. ഇൻസ്റ്റലേഷൻ ഉണ്ട്. ബോക്സ്‌ പോലെയുള്ള പെയിന്റിംഗുകൾ മാറ്റിയിട്ടു ഓരോ അകൃതിയിലുള്ള പെയിന്റിംഗുകൾ വരാൻ തുടങ്ങി. സംഗീതവുമായി ബന്ധപ്പെട്ട പെയിന്റിംഗ്സുണ്ട്. ചലിക്കുന്ന പെയിന്റിംഗുകളായി ചിത്രങ്ങൾ ഗാലറിയിൽ വരാൻ തുടങ്ങി. അങ്ങനെ കുറെ മാറ്റങ്ങൾ.

കൊളാഷ് പോലെ മിക്സഡ് ആയി ചെയ്യുന്നുണ്ട്. വേസ്റ്റ് പേപ്പറിൽ, ഇലകളിൽ ഒക്കെ ഇല്ലസ്‌ട്രേഷൻ ചെയ്തിട്ട് അത് സ്കാൻ ചെയ്തു ഉപയോഗിച്ചിട്ടുണ്ട്. കാർഡ്ബോർഡിൽ ഇല്ലസ്ട്രേഷൻ ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ ശൈലിയിൽ അവതരിപ്പിച്ചാൽ ആൾക്കാർക്ക് ബോറടിക്കില്ല. നമുക്ക് ഇല്ലസ്‌ട്രേഷനിൽ പരീക്ഷണങ്ങൾ നടത്താം. വാഴയിലയിൽ ചിത്രങ്ങൾ വരച്ചു സ്കാൻ ചെയ്യാം. ഉണക്കയിലകൾ, പ്ലാവില, മരക്കഷണങ്ങൾ ഇങ്ങനെ വ്യത്യസ്തമായ മീഡിയവും പ്രതലവും ഉപയോഗിച്ച് വർക്ക്‌ ചെയ്യാം.

എക്സിബിഷനുകൾ സംഘടിപ്പിക്കാറുണ്ടോ?

കൊച്ചി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ കഴിഞ്ഞ മാസം ഒരു എക്സിബിഷൻ സംഘടിപ്പിച്ചു.

പെയിന്റിഗ് ചെയ്യാറില്ലേ?

പ്രധാനമായും പെയിന്റിഗും ഇല്ലസ്ട്രേഷനുമാണ് ചെയ്യാറ്. ഇപ്പോൾ പെയിന്റിഗ് ഒന്നും സമയം കിട്ടാറില്ല. സ്കൂളിലെ ക്ലാസ് മുറികളിൽ വാൾപെയിന്റ് ചെയ്യാറുണ്ട്. കുട്ടികൾക്ക് വേണ്ടി ക്യാമ്പുകൾ നടത്താറുണ്ട്.

അവാർഡുകൾ അംഗീകാരങ്ങൾ?

കേരള ലളിതകലാ അക്കാദമി അവാർഡ് കിട്ടിയിട്ടുണ്ട്. ‘ഒരു ജെ സി ബിയുടെ കഥ’ എന്ന ചിത്രപുസ്തകം ചെയ്തതിന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടി.

ശ്രീ ഡി. വിനയചന്ദ്രന്റെ ‘ആഫ്രിക്കൻ നാടോടി കഥകൾ’ക്കു വേണ്ടി ഇല്ലസ്ട്രേഷൻ വളരെ നല്ല രീതിയിൽ ചെയ്യാൻ സാധിച്ചു. ആഫ്രിക്കയിലെ ജനങ്ങൾ, അവരുടെ വസ്ത്രധാരണ രീതി, സ്ത്രീകൾ ഉപയോഗിക്കുന്ന ഡ്രസ്സ്, പുരുഷന്മാരുടെ കുപ്പായങ്ങൾ, ആഫ്രിക്കൻ വീടുകൾ, ജനങ്ങളുടെ ശരീരഭാഷ, ആഫ്രിക്കയുടെ ഭൂപ്രകൃതി, മരങ്ങൾ ഇവയൊക്കെ പഠിക്കാൻ റഫറൻസ് വേണ്ടിവന്നു. ‘ഇരുണ്ട ഭൂഖണ്ഡം’ എന്ന നിലയിൽ കറുപ്പ് ഒരു ബിംബമായി വരണം.

ഇന്ത്യക്ക് പുറത്ത് എക്സിബിഷൻ നടത്തിയിട്ടുണ്ടോ?

അക്കാദമിയുടെ സോളോ എക്സിബിഷൻ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയിട്ടുണ്ട്. ദുബായിൽ കുട്ടികൾക്ക് വേണ്ടി മൂന്നുനാലു മാസം ക്യാമ്പ് നടത്തി. ആശാ ശരത്തിന്റെ കൈരളി ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്നുമാസം കുട്ടികൾക്ക് വേണ്ടി ക്യാമ്പും നടത്തിയിട്ടുണ്ടായിരുന്നു.

പുസ്തകങ്ങൾക്ക് വേണ്ടി ഇല്ലസ്‌ട്രേഷൻ ചെയ്തിട്ടുണ്ടോ?

ശ്രീ ഡി വിനയചന്ദ്രന്റെ ‘ആഫ്രിക്കൻ നാടോടി കഥകൾ’ക്കു വേണ്ടി ഇല്ലസ്ട്രേഷൻ ചെയ്തിട്ടുണ്. പക്ഷേ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കിയ ആ പുസ്തകം പുറത്തിറങ്ങുന്നതിനു മുൻപ് അദ്ദേഹം അന്തരിച്ചു. ഇപ്പോ അതിന്റെ രണ്ടാം പതിപ്പ് ഇറങ്ങി. ഇതു കൂടാതെ എസ്സ്. ആർ ലാലിന്റെ ‘കുഞ്ഞുണ്ണിയുടെ യാത്ര പുസ്തകം’, എൻ.പി ഹാഫിസ് മുഹമ്മദിന്റെ ‘കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം’ നിർമ്മല ജെയിംസിന്റെ ‘ഉക്രേനിയൻ നാടോടിക്കഥകൾ’എന്നീ പുസ്തകങ്ങൾക്ക് വേണ്ടിയും ഇല്ലസ്ട്രേഷൻ ചെയ്തിട്ടുണ്ട്. ഇവയിലൊക്കെ ചിത്രത്തിന് വളരെയേറെ പ്രാധാന്യം കൊടുത്തിരുന്നു.

ചിത്രപുസ്തകങ്ങൾ ചെയ്യുമ്പോഴുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്?

മറ്റുള്ള ഇല്ലസ്ട്രേഷൻ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമാണ് ചിത്രപുസ്തകങ്ങളുടെ വർക്ക്‌. ഇവിടെ കഥയും ചിത്രങ്ങളും മിക്സ് ചെയ്യേണ്ടതുണ്ട്. 90% ചിത്രങ്ങൾക്കാണ് പ്രാധാന്യം. അഞ്ചു വരികളുള്ള ഒരു കഥയ്ക്ക് ഓരോ പേജിലും ചെറിയ ക്യാപ്ഷൻസ് മാത്രമേ ഉണ്ടാവൂ. ഒരു പേജിൽ നിന്നും മറ്റൊരു പേജിലേക്ക് ഒരു സിനിമ പോലെ കഥയൊഴുകിപ്പോകണം. വളരെ പ്രയാസമേറിയ ഒരു ജോലിയാണിത്. ഇരുപത്തഞ്ചോളം ചിത്രപുസ്തകങ്ങൾ ചെയ്തിട്ടുണ്ട്. എന്റെ തന്നെ കഥയും ചിത്രങ്ങളുമായി രണ്ടു പുസ്തകങ്ങൾ. ഒരു ആർട്ടിസ്റ്റ് എപ്പോഴും പുതുമ നിറഞ്ഞ ചിത്രരചനാപാടവം നിലനിർത്തണം.

ചൈനീസ്-റഷ്യൻ- ആഫ്രിക്കൻ നാടോടി കഥകൾക്ക് വേണ്ടി ഇല്ലസ്‌ട്രേഷൻ ചെയ്തിട്ടുണ്ടല്ലോ. ആർട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രയത്നം തന്നെയല്ലേ?

തീർച്ചയായും അതൊരു വെല്ലുവിളി തന്നെയാണ്. ശ്രീ ഡി. വിനയചന്ദ്രന്റെ ‘ആഫ്രിക്കൻ നാടോടി കഥകൾ’ക്കു വേണ്ടി ഇല്ലസ്ട്രേഷൻ വളരെ നല്ല രീതിയിൽ ചെയ്യാൻ സാധിച്ചു. ആഫ്രിക്കയിലെ ജനങ്ങൾ, അവരുടെ വസ്ത്രധാരണ രീതി, സ്ത്രീകൾ ഉപയോഗിക്കുന്ന ഡ്രസ്സ്, പുരുഷന്മാരുടെ കുപ്പായങ്ങൾ, ആഫ്രിക്കൻ വീടുകൾ, ജനങ്ങളുടെ ശരീരഭാഷ, ആഫ്രിക്കയുടെ ഭൂപ്രകൃതി, മരങ്ങൾ ഇവയൊക്കെ പഠിക്കാൻ റഫറൻസ് വേണ്ടിവന്നു. ‘ഇരുണ്ട ഭൂഖണ്ഡം’ എന്ന നിലയിൽ കറുപ്പ് ഒരു ബിംബമായി വരണം. അതുപോലെ ശ്രീ പി. പി രാമചന്ദ്രന്റെ കഥ’ മരക്കുതിര'( കറന്റ് ബുക്ക്സ്) ലോക പ്രശസ്തങ്ങളായ 18 ചൈനീസ് കഥകളാണ്. ബ്ലാക്ക് നിറം ഉപയോഗിച്ച് ചെയ്ത അതിലെ ഇല്ലസ്‌ട്രേഷൻസ് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഓരോ രാജ്യങ്ങളിലെയും സംസ്കാരം, കല ഇവയൊക്കെ പഠിച്ചെങ്കിൽ മാത്രമേ ആ കഥയിലേക്ക് നമുക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കൂ. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി റഷ്യൻ നാടോടി കഥകളുടെ ഇല്ലസ്‌ട്രേഷൻ ചെയ്തു. അവിടുത്തെ തണുത്ത കാലാവസ്ഥയും ഇലകളിൽ മഞ്ഞു വീഴുന്ന കാഴ്ച, അവിടുത്തെ കൊട്ടാരങ്ങൾ, വസ്ത്രാലങ്കാരങ്ങൾ ഇവയൊക്കെ മനസ്സിൽ നിറഞ്ഞു നിൽക്കണം.

സാഹിത്യത്തോടൊപ്പം ചിത്രകലയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് പറയാമോ?

വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇല്ലസ്‌ട്രേഷൻ രംഗത്ത് തന്നെ എത്രയോ മാറ്റങ്ങൾ ഉണ്ടായി. ഒരു കഥ കിട്ടിയാൽ അതിലെ ഏതെങ്കിലും ഒരു പ്രത്യേക മുഹൂർത്തം (situation) ആണ് പണ്ട് ചിത്രീകരിച്ചിരുന്നത്. ഇപ്പോ അത് മാറി. ഇന്ന് ആർട്ടിസ്റ്റിന് വളരെയധികം സ്വാതന്ത്ര്യമുണ്ട്. ഇന്ന് കണ്ടമ്പററി ഇല്ലസ്‌ട്രേഷൻ സാധ്യമാണ്. ചിത്രകാരന് സ്വന്തം സ്റ്റൈലിൽ ചെയ്യാം. കുറെ അധികം ആർട്ടിസ്റ്റുകൾ മുൻപുണ്ടായിരുന്ന രീതികൾ തട്ടിയുടച്ച് പുതിയൊരു സ്റ്റൈലിലേക്ക് ഇല്ലസ്‌ട്രേഷനെ മാറ്റി. ‘ഇന്ത്യ ടുഡേ’യുടെ വിഷു-ഓണ-പുതുവർഷ പതിപ്പുകൾ ഇക്കാര്യത്തിൽ മുൻപന്തിയിലായിരുന്നു. അഭിമന്യു, വത്സരാജ്, മധുസൂദനൻ എന്നിവരൊക്കെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഇല്ലസ്ട്രേഷനുകൾ ചെയ്യാറുണ്ടായിരുന്നത് ശ്രദ്ധേയമാണ്. അതിന്റെ ചുവടുപിടിച്ച്, സർഗാത്മകമായി സാഹിത്യത്തേക്കാൾ മികച്ചു നിന്നിട്ടുള്ള ചില ഇല്ലസ്ട്രേഷനുകളുണ്ടായി. നമ്പൂതിരി, മദനൻ, എസ്സ്. എസ്സ്. നായർ, എൻ.വി.ദേവൻ, ടോം വട്ടക്കുഴി എന്നിവരുടെ സർഗാത്മക ചിത്രങ്ങൾ മുൻനിരയിൽ നിലകൊണ്ടു. സ്ഥിരം കാണുന്നതരം ചിത്രങ്ങളല്ലാതെ ഒരു ‘ന്യൂ മീഡിയ ടൈപ്പി’ലേക്ക് ഇല്ലസ്‌ട്രേഷൻ മാറ്റിമറിക്കപ്പെട്ടു ഇപ്പോൾ.

കാസർകോട് ജില്ലയിലെ കാറഡുക്ക സ്വദേശിയാണ് സചീന്ദ്രൻ കെ. നിരവധി സോളോ എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. 2014ൽ മികച്ച ചിത്ര പുസ്തകത്തിനുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം ലഭിച്ചു. 2018-19 കേരള ലളിതകലാ അക്കാദമി ഓണറബിൾ മെൻഷൻ അവാർഡ്. കുട്ടികൾക്ക് വേണ്ടി രണ്ട് ചിത്രപുസ്തകങ്ങൾ ‘– ഒരു ജെ.സി.ബിയുടെ കഥ’ ( സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ‘അമ്മു എന്ന കടൽ ശാസ്ത്രജ്ഞ’ (NBS). വിജിതയാണ് ഭാര്യ. രണ്ടു കുട്ടികൾ. ജ്യോതിർ ശിവ് , ആരോൺ ശിവ് .

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.