ലാലു ലീല

അക്കരെ നിന്നൊരു ലാലേട്ടൻ…..

ഒത്തിരി ആരാധനയോടെയും ഇത്തിരി അസൂയയോടെയുമാണ് നമ്മളിൽ പലരും പ്രവാസികളെ കണ്ടിരുന്നത്. നാട്ടിലവർ കെട്ടിപ്പൊക്കിയുയർത്തിയ വലിയ വീടും ,കാറും, അവരുടെ കൂളിങ് ഗ്ലാസും ഫോറിൻസിഗററ്റും സ്പ്രേയുമൊക്കെ അറബിപ്പൊന്ന് കുഴിച്ചെടുത്തു കൊണ്ടു വന്നതാണെന്നൊക്കെ അടക്കം പറഞ്ഞ് ആനന്ദനിർവൃതിയടയുന്നവരുമുണ്ട്. പ്രവാസ ജീവിതത്തിന്റെ കഷ്ടപ്പാടുകളെക്കുറിച്ച് സഹതപിച്ചിരുന്ന നമ്മൾ, കോവിഡ് വ്യാപനത്തോടെ പ്രവാസികളോടുള്ള മനോഭാവം അപലപനീയമായ മറ്റൊരു തലത്തിലേക്കു മാറ്റിയിരിക്കുന്നു. പ്രവാസിയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഏറ്റവും സത്യസന്ധമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ള വരവേല്പിലെ മുരളീധരനും മാമ്പഴക്കാലത്തിലെ പുരമനയിൽചന്ദ്രനുമാണ് ലാലുലീലയിലെ ഇന്നത്തെ അതിഥികൾ.

ശ്രീനിവാസൻ ,സത്യൻ അന്തിക്കാട് ,മോഹൻലാൽ കൂട്ടുകെട്ടിൽ രൂപപ്പെട്ട ഏറ്റവും ശ്രദ്ധേയമായ സിനിമകളിലൊന്നാണ് വരവേല്പ്.1989 ലെ വിഷുറിലീസായിരുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.
ഏഴുവർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചുവരുന്ന മുരളിയെന്ന മുരളീധരനാണ് കേന്ദ്രകഥാപാത്രം. കുടുംബം രക്ഷപ്പെടുത്തിയത് മുരളിയുടെ ഏഴുവർഷത്തെ കഷ്ടപ്പാടാണെന്ന് എല്ലായ്പ്പോഴും ആവർത്തിച്ചിരുന്ന സഹോദരൻമാർ രാജകീയമായ സ്വീകരണമാണ് മുരളിക്കൊരുക്കുന്നത്. ചായകൊടുക്കാൻ ചേട്ടത്തിമാരുടെ മത്സരം . പ്രഭാതഭക്ഷണത്തിന്നു ശേഷമാണ് താനിനി തിരിച്ചുപോകുന്നില്ല എന്ന് മുരളി വീട്ടുകാരെ അറിയിക്കുന്നത്.തുടർന്ന് അയാൾ കുടുംബത്തിന് അസ്വീകാര്യനാകുന്നു.

കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്തിന്റെ ഭൂരിഭാഗവും കുടുംബത്തിന് നൽകിയ മുരളിയെ വീണ്ടും ചൂഷണം ചെയ്യാൻ സഹോദരന്മാർ മത്സരിക്കുന്നതിനിടയിലാണ്, ഗൾഫ് ജീവിതത്തിന്റെസമ്പാദ്യമായ അവസാനത്തുട്ടുകളും ചേർത്ത് വെച്ച് മുരളിയൊരു ബസ് സർവീസ് തുടങ്ങുന്നത്. “ഏഴുവർഷത്തെ വിദേശവാസത്തിന് ശേഷം മുരളിയിതാ സ്വദേശത്തേക്ക് മടങ്ങിവന്നിരിക്കുന്നു ” എന്നാണ് സിനിമയിൽ മുരളിയുടെ ആദ്യ ഡയലോഗ്. എന്നാൽ സിനിമയുടെ ക്ലൈമാക്സിൽ മുരളി മടങ്ങിപ്പോകുകയാണ്. ഡ്രൈവറുടെ അനാസ്ഥയും, കണ്ടക്ടർ നടത്തുന്ന മോഷണവും, വെഹിക്കിൾ ഇൻസ്പെക്ടറുടെ കുതന്ത്രങ്ങളും, രാഷ്ട്രീയക്കാരുടെ ഇടപെടലുകളും, സഹോദരൻമാരുടെ ചതിയും ചേർന്ന് അറബിനാട്ടിലേക്ക് തിരികെ പോകുകയാണ്.
അടിസ്ഥാനപരമായി താനൊരു തൊഴിലാളിയാണെന്ന് വിശ്വസിച്ചിരുന്ന, ആരോഗ്യവും അധ്വാനിക്കാൻ തയ്യാറുമുള്ള മനസ്സുമുണ്ടെങ്കിൽ ആർക്കും തോല്പിക്കാനാവില്ലെന്ന് വിശ്വസിക്കുന്ന മുരളിയെ സ്വന്തക്കാരും ബന്ധുക്കളുമെല്ലാം ചേർന്ന് വിദേശത്തേക്ക് തന്നെ പറഞ്ഞുവിടുന്നു.

പതിനഞ്ചുവർഷങ്ങൾക്ക് ശേഷമാണ് പുരമനയിൽ ചന്ദ്രൻ എന്ന മറ്റൊരു പ്രവാസിമലയാളി മോഹൻലാൽ കഥാപാത്രമുണ്ടാകുന്നത്. ടി.എ.ഷാഹിദ് രചിച്ച് , ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലം എന്ന സിനിമ, അച്ഛന്റെ മരണശേഷം കടങ്ങൾ വീട്ടുവാനായി അബുദാബിയിൽ ജോലി ചെയ്യുന്ന പുരമനയിൽ ചന്ദ്രന്റേതാണ്. തന്റെ അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ ഒരു കരയ്ക്കടുപ്പിക്കുന്നതിനിടയിൽ സ്വന്തം ജീവിതം ചന്ദ്രൻ മറന്നു പോയി. കല്യാണം പോലും കഴിക്കാതെ സഹോദരങ്ങളെ സ്നേഹം കൊണ്ട് ചന്ദ്രൻ ചേർത്തു പിടിക്കുന്നു.അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് ചന്ദ്രനെ അബുദാബിയിൽ നിന്നും നാട്ടിലെത്തിക്കുന്നു. കല്യാണം നടത്തുക എന്നതായിരുന്നു സഹോദരങ്ങളുടെ ഉദ്ദേശം.പക്ഷേ പ്രായം കൂടിയതുകാരണം ചന്ദ്രന് കല്യാണം നടക്കാതെ വരുന്നു. കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം തന്നെ മറന്ന പുരമനയിൽ ചന്ദ്രനെ വീടും നാടും സ്നേഹിക്കുകയും പിന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന കഥയാണ് മാമ്പഴക്കാലം .പ്രവാസികൾക്കനുഭവിക്കേണ്ടിവരുന്ന ഒരു വിധം എല്ലാ ദുരിതങ്ങളും കുടുംബം എന്ന അവരുടെ ഹൃദയസ്പന്ദനത്തെയും ഏറ്റവും ഹൃദ്യമായി കൈകാര്യം ചെയ്യുന്ന മോഹൻലാൽ മാജിക് തന്നെയാണ് ഈ കഥാപാത്രങ്ങളെയും നമ്മുടെ നെഞ്ചോട് ചേർത്തുവെക്കുന്നത്.

സംസ്കാരിക പരിണാമത്തിന്റെ ദൃശ്യാവിഷ്കാരം മലയാള ചലച്ചിത്രത്തിൽ എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. കോളജ് അധ്യാപിക, എഴുത്തുകാരി.