താങ്ക്സ്, ഗോ റ്റു യുവർ ക്ലാസസ്
മണ്ണിലുറച്ചു നിന്നിരുന്ന കഥാപാത്രങ്ങളിലൂടെയാണ് മോഹൻലാൽ സൂപ്പർ താരപദവിയിലേക്കുയർന്നത്. വെള്ളിത്തിരയിൽ കാണുന്നത് തന്റെ തന്നെ ജീവിതമല്ലേ എന്ന് കാണികൾ അതിശയിക്കുന്നതു പോലെയുള്ള കഥാപാത്രങ്ങളാണ് മോഹൻലാലിന്റെ അഭിനയ ജീവിതത്തിന് വർണ്ണപ്പകിട്ട് നൽകിയത്. 1990 ൽ പ്രദർശനത്തിനെത്തിയ ഏയ് ഓട്ടോ യിലെ സുധി അത്തരമൊരു കഥാപാത്രമാണ്. വേണുനാഗവള്ളി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചത് മണിയൻപിള്ള രാജുവാണ്. പാവപ്പെട്ട നായകനും പണക്കാരിയായ നായികയും തമ്മിലുള്ള പ്രണയം, സംഘർഷം, അവസാനം വിവാഹം തുടങ്ങിയ സ്ഥിരം ചേരുവകളാണ് പ്രമേയമെങ്കിലും ഓട്ടോത്തൊഴിലാളികളുടെ ജീവിതത്തിന്റെ നേർപകർപ്പായിരുന്നു സിനിമ.
ഒരു ഓട്ടോയുടെ ഫെയർ മീറ്ററിൽ നിന്നാരംഭിക്കുന്ന സിനിമ, പല വിധത്തിലുള്ള അവഹേളനങ്ങൾ നേരിടേണ്ടി വരുന്ന ഓട്ടോ തൊഴിലാളികളുടെ ജീവിതത്തെ പച്ചയായി തന്നെ ചിത്രീകരിക്കുന്നു. റോഡുകളുടെ ശോചനീയാവസ്ഥ, മൂന്ന് ചക്രത്തിലാ ഉരുളുന്നത് എന്ന് പരിഹസിക്കുന്ന മറ്റു വാഹനയുടമകൾ, പിശുക്ക് കാണിക്കുന്ന യാത്രക്കാർ, വാഹനപരിശോധനയുടെ പേരിൽ ഓട്ടോക്കാരെ പിഴിയുന്ന ഉദ്യോഗസ്ഥർ തുടങ്ങി ഓട്ടോത്തൊഴിലാളികളുടെ ജീവിതത്തിന്റെ ഒരു നേർപകർപ്പായി സിനിമ മാറുന്നുണ്ട്.
കുടുകുടുശകടം ഓട്ടോ എന്ന പാട്ടും പാടി ജനമധ്യത്തിലിറങ്ങുന്ന ഈ കഥാപാത്രത്തിന്റെ നിഷ്കളങ്കതയും ജാള്യവും അനാഥത്വവും ഏറ്റവും ഭംഗിയായി മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നു. സുന്ദരി എന്ന ഓട്ടോ തന്നെ തന്റെ ജീവിതവും കുടുംബവുമായി കരുതുന്ന സുധി നീതിമാനും ഓട്ടോത്തൊഴിലാളികൾക്കിടയിൽ ഐക്യം ഉറപ്പുവരുത്താൻ ശ്രമിക്കുന്നയാളുമാണ്. ‘ഈ പൈലറ്റുമാരൊന്നും ശരിയല്ല. നമ്മളും അവന്മാരും ചെയ്യുന്ന പണിയൊക്കെ ഒന്നു തന്നെ. പക്ഷേ അവന്മാർക്ക് കൊറേ ഇംഗ്ലീഷറിയാം. അവർക്ക് തൊപ്പീം കൽസറായീം കിന്നരിയും നമുക്ക് വെറും കാക്കി.’ ഇംഗ്ലീഷ് കേൾക്കുന്നതേ അലർജിയായ സുധി ഇത് പറഞ്ഞുനിർത്തുമ്പോൾ കിട്ടിയ കയ്യടി ഇന്നും നിലച്ചിട്ടില്ല. ഓട്ടോയാത്രക്കായി കോഴിക്കോട് നഗരത്തിൽ തയ്യാറാക്കുന്ന ആപ്പിനു വേണ്ടി സിനിമയിറങ്ങി മുപ്പതു കൊല്ലത്തിനു ശേഷം ‘ഏയ് ഓട്ടോ’ എന്ന പേരിടുന്നത് കാലത്തിന് മാറ്റാൻ സാധിക്കാത്ത ചിത്രത്തിന്റെ ജനകീയത വ്യക്തമാക്കുന്നുണ്ട്.
മോഹൻലാലിന് മികച്ചനടനുള്ള സംസ്ഥാന പുരസ്കാരം ആദ്യമായി നേടിക്കൊടുത്ത കഥാപാത്രമാണ് ടി.പി. ബാലഗോപാലൻ എം.എ. അക്കാലത്തെ പ്രതിസന്ധികളായ തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവ ഹാസ്യത്തിന്റെ മേമ്പൊടി ചാർത്തി മികവുറ്റ, തനതു ശൈലിയിൽ ശ്രീനിവാസൻ സത്യൻ അന്തിക്കാട് എന്നിവർ ചേർന്ന് അണിയിച്ചൊരുക്കിയ ടി.പി. ബാലഗോപാലൻ എക്കാലത്തും പ്രസക്തിയുള്ള ഒരു കഥാപാത്രമാണ്. സ്വന്തമായൊരു വീടും കുടുംബവും അനിയത്തിയുടെ വിവാഹവുമെല്ലാം സ്വപ്നം കണ്ട് നടക്കുന്ന അഭ്യസ്തവിദ്യനായ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവാണ് ബാലഗോപാലൻ.
മാസാവസാനമാകുമ്പോൾ മണി പേഴ്സ് എന്ന പേര് നിലനിർത്താൻ വേണ്ടി മാത്രം പേഴ്സിൽ ഒരു രൂപാ നാണയം കൊണ്ടു നടക്കുന്നയാൾ. നിമിഷ നേരം കൊണ്ട് നിങ്ങളുടെ ചുമരൊരു പൂങ്കാവനമാക്കും എന്ന പരസ്യവാചകവുമായി ഫാൽക്കൺ പ്രോഡക്ട്സ് വിൽക്കാൻ നടക്കുന്ന ബാലഗോപാലൻ ചെന്നുചാടുന്ന അബദ്ധങ്ങൾ ചില്ലറയൊന്നുമല്ല. പ്രോഡക്ട്സ് മാർക്കറ്റിങ്ങിനു വേണ്ടി വീടുകളിൽ ചെല്ലുന്നവരെ മോഷ്ടാക്കളായി സങ്കല്പിക്കുന്ന പരിഷ്കൃത സമൂഹത്തിന്റെ നിലപാടുകളെ പരിഹാസരൂപേണ വരച്ചിടുകയും ഇത്തരം തൊഴിലാളികളുടെ ജീവിത യാഥാർഥ്യങ്ങളിലേക്ക് എത്തി നോക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ടി പി ബാലഗോപാലൻ.
‘ശക്തിസ്വരൂപന്മാരെ ദൈവങ്ങളേ എംഎക്കാരനായ എനിക്ക് 800 രൂപ മാസശമ്പളം കിട്ടണ ജോലിയേ നിങ്ങളെനിക്ക് തന്നുള്ളൂ. പരാതിയുണ്ട്. തത്കാലം ഞാനത് പ്രകടിപ്പിക്കുന്നില്ല’ എന്ന ആമുഖത്തോടെ ലോട്ടറി കിട്ടാൻ പ്രാർത്ഥിക്കുന്ന ബാലഗോപാലന്റെ സിനിമയിലെ ആദ്യ ഡയലോഗ് നമുക്കൊരിക്കലും മറക്കാനാവുമോ? ഏത് തരം കഥാപാത്രങ്ങളെയും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന ലാൽ മാജിക് ഏറ്റവും വിസ്മയകരമാകുന്നത് അമാനുഷികതകളില്ലാത്ത ഇത്തരം കഥാപാത്രങ്ങളിലൂടെയാണ്.