ഡോക്ടർ ആകേണ്ടിയിരുന്നയാൾ അമേരിക്കയിലെത്തിയ കഥ
ദാസനും വിജയനും അതിജീവിച്ച പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകാത്തവർ അപൂർവ്വമായിരിക്കും. യുവജനങ്ങൾ എക്കാലത്തും നേരിടുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, അവഗണന, അരക്ഷിതാവസ്ഥ എന്നിവയോടൊപ്പം വൈറ്റ് കോളർ ജോബിനു വേണ്ടി കാത്തിരിക്കുന്ന അവരുടെ ദുരഭിമാനവും നിരവധി സ്വപ്നങ്ങളും കൂടെ ചേർന്നതാണ് നാടോടിക്കാറ്റ് എന്ന ചിത്രം. സിദ്ദിഖ് ലാലിന്റെ ആശയത്തിൽ നിന്നാണ് ആ ചിത്രത്തിന്റെ കഥയുണ്ടാകുന്നത്. ദാസനും വിജയനും വേണ്ടി സംഭാഷണങ്ങൾ രചിച്ച ശ്രീനിവാസന്റെ രചനാ ചാതുരി ആ കഥാപാത്രങ്ങൾക്ക് അമരത്വമാണ് നൽകിയത്. ഈ ബുദ്ധി നമുക്കെന്തേ നേരത്തേ തോന്നീല, ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ, ഗഫൂർക്കാ ദോസ്ത് തുടങ്ങി മലയാളി ഇപ്പോഴും ആവർത്തിക്കുന്ന പറച്ചിലുകൾ ഒക്കെ അങ്ങനെയുണ്ടായതാണ്. മലയാളസിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹൻലാൽ ശ്രീനിവാസൻ സത്യൻ അന്തിക്കാട് ത്രയം. ഇവരുടെ സിനിമകളിൽ തന്നെ നമുക്ക് ഏറ്റവുമാദ്യം ഓർമ വരുന്ന കഥാപാത്രങ്ങളായി ദാസനും വിജയനും മാറിയതും അങ്ങനെയാണ്. ജീവിതസ്പർശിയായ ഹാസ്യം എന്നെന്നും നിലനില്ക്കുമെന്നതിന് ഉദാഹരണം കൂടിയാണ് ദാസനും വിജയനും അവരുടെ ജീവിതവും.
സ്വന്തമായി വീടില്ലാത്ത ദാസൻ തന്റെ അമ്മയെ ബന്ധത്തിലൊരാളുടെ വീട്ടിൽ നിർത്തിയിട്ടാണ് ജോലി തേടിയെത്തിരിക്കുന്നത്. ഞാൻ നന്നാവും അമ്മേ എന്ന ശുഭപ്രതീക്ഷയിലാണ് അമ്മയ്ക്കുള്ള കത്ത് പോലും ദാസൻ ചുരുക്കുന്നത്. പ്രൈവറ്റ് സ്ഥാപനത്തിലെ പ്യൂണായിരിക്കുമ്പോഴും സ്വപ്നങ്ങൾക്ക് മാത്രം അയാൾക്കൊരു പഞ്ഞവുമുണ്ടായിരുന്നില്ല. വാടകയ്ക്കു താമസിക്കുന്നതിന്റെ തൊട്ടുമുന്നിലെ വീട്ടിലെ ഏക മകളും ഹൗസ് സർജൻസിക്കാരിയുമായ പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ച് ജീവിതം സുരക്ഷിതമാക്കാമെന്നാണ് ദാസന്റെ ആഗ്രഹം. ഒരു ദിവസം, വഴിയരികിലൂടെ നടന്ന് പോയിരുന്ന അവളിൽ മതിപ്പുണ്ടാക്കാനായി, ചെറുപ്പത്തിൽ ഒരു ഡോക്ടറാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ദാസൻ പറയുന്നു. എന്നിട്ടെന്താ ആകാഞ്ഞത് എന്ന മറുചോദ്യത്തിന് ‘ഈ മനുഷ്യരുടെ തലച്ചോറും ഹൃദയവുമൊക്കെ കീറി മുറിക്കുമ്പോൾ കൈ വിറച്ചാലോന്ന് പേടിച്ചാന്ന്’ പറഞ്ഞ് ദാസൻ മുന്നോട്ടു പോകുന്നു. തുടർന്നവൾക്കൊരു കാർആക്സിഡന്റ് ഉണ്ടാകുന്നതും അവളുടെ മുന്നിൽ ആളു കളിക്കുന്നതിന് വേണ്ടി കാറുകാരനെ ദാസനും വിജയനും കൂടി തല്ലുന്നതിൽ വരെ കാര്യങ്ങൾ എത്തി നിൽക്കുന്നു. തല്ലുകൊണ്ടത് തങ്ങളുടെ മേധാവിയാണെന്ന് അവരറിഞ്ഞിരുന്നില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന മട്ടിൽ അവരുടെ ജോലി നഷ്ടപ്പെടുന്നു.
പല പരിശ്രമങ്ങളുടെയും പരാജയത്തിന് ശേഷം അവർ ഗൾഫിൽ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നു. ഏതു കാലഘട്ടത്തിന്റെയും ഏറ്റവും വലിയ ശാപമായ തൊഴിൽ തട്ടിപ്പിനിരയായി തമിഴ്നാട്ടിലെത്തി ചേരുന്നു. തുടർന്ന് ജീവിക്കാനുള്ള നെട്ടോട്ടമാണ്. അബദ്ധവശാൽ അവരെ സിഐഡികളായി തെറ്റിദ്ധരിക്കുന്ന അനന്തൻ നമ്പ്യാർ എന്ന അധോലോക നായകൻ കൂടി രംഗപ്രവേശം ചെയ്യുന്നതോടെ സിനിമ കളർഫുള്ളാകുകയാണ്. ഒടുവിൽ തമിഴ്നാട് പോലീസിൽ സിഐഡിമാരായി ദാസനും വിജയനും മാറുന്നതോടെ നാടോടിക്കാറ്റ് പൂർണമാകുന്നു.
തുടർന്നാണ് ഈ സിനിമ ചരിത്രത്തിന്റെ ഭാഗമാകുന്നത്. പ്രേക്ഷകർ രണ്ടു കൈയും നീട്ടി സ്വീകരിച്ച ആ സിനിമക്ക് തൊട്ടടുത്ത വർഷം തന്നെ പട്ടണപ്രവേശം എന്ന പേരിൽ രണ്ടാം ഭാഗം ഉണ്ടാകുന്നു. കേസന്വേഷണവുമായി നടക്കുന്ന സിഐഡികൾ രണ്ടു വർഷത്തിനു ശേഷം അമേരിക്കയിലേക്ക് പറക്കുന്ന അക്കരെയക്കരെയക്കരെ എന്ന മൂന്നാം സിനിമയിലേക്ക് കടക്കുന്നു.
മലയാളത്തിലെ പരമ്പര സിനിമകളിൽ മൂന്നാംഭാഗത്തിലെത്തുന്ന ആദ്യ സിനിമയെന്നും നാടോടിക്കാറ്റ് ചരിത്രമാവുന്നു. ആദ്യത്തെ രണ്ടുഭാഗങ്ങളും സത്യൻ അന്തിക്കാടും മൂന്നാമത്തേത് പ്രിയദർശനുമാണ് സംവിധാനം ചെയ്തത്. ഹാസ്യം അഭിനയിച്ചു ഫലിപ്പിക്കാനുള്ള സ്വതസിദ്ധമായ കഴിവ് മോഹൻലാലിന്റെ പ്രത്യേകതയാണ്. അതിനെ രാകിമിനുപ്പിക്കുന്ന സംഭാഷണങ്ങളും തിരക്കഥാഭദ്രതയും സത്യൻ അന്തിക്കാടിന്റെ സംവിധാനമികവും ഒപ്പത്തിനൊപ്പം ചേർന്നു നിൽക്കുന്ന ശ്രീനിവാസന്റെ അഭിനയമികവുമാണ് ദാസനെ ശ്രദ്ധേയനാക്കുന്നത്.
പക്ഷേ നടനെന്ന നിലയിൽ മോഹൻലാലിന്റെ മാറ്റുരയ്ക്കുന്ന പല അഭിനയമുഹൂർത്തങ്ങളും നാടോടിക്കാറ്റിലുണ്ട്. ഒരു ഗതിയുമില്ലാതെ അലഞ്ഞു തിരിയുന്ന ദാസൻ മദ്രാസിൽ വെച്ച് ബാലേട്ടൻ എന്ന പരിചയക്കാരനോട് ജോലി തേടുന്ന ഒരു രംഗമുണ്ട്.
‘ബാലേട്ടാ, വേറൊരാശ്രയോം ഇല്ലാത്തതോണ്ടാ. അച്ഛൻ മരിച്ചേ പിന്നെ സ്ഥിതിയൊക്കെ മോശാ. എന്നെ പഠിപ്പിക്കാൻ വേണ്ടി ഉണ്ടായിരുന്ന കിടപ്പാടം കൂടി അമ്മക്ക് വിൽക്കേണ്ടി വന്നു. എന്നെങ്കിലും ഞാനൊരു കരപറ്റുമെന്ന് അമ്മ വിചാരിച്ചു. അറബിക്കഥകളിലെ രാജാവിനെ പോലെ എന്നെങ്കിലുമൊരിക്കൽ പൊന്നും വാരി ഞാനവിടെ ചെല്ലുമെന്നാ അമ്മയുടെ വിശ്വാസം. വല്യ കാറും ബംഗ്ലാവുമൊന്നും ഞാൻ സ്വപ്നം കണ്ടിട്ടില്ല. ഒരു ചെറിയ ജോലി. വയസ്സായ അമ്മക്ക് കുഴമ്പു പുരട്ടി കുളിക്കാനുള്ള കാശെങ്കിലും എത്തിച്ചു കൊടുക്കണമെന്നുണ്ട്. അത്രയേയുള്ളൂ എന്റെ ആശ.’
ശബ്ദാഭിനയത്തിന്റെ അസാധ്യ സാധ്യതകളെക്കുറിച്ച് പൂർണ്ണ ബോധ്യമുള്ള മോഹൻലാലെന്ന നടനെയാണ് നമ്മളവിടെ കണ്ടുമുട്ടുന്നത്. .
The characters tell their story എന്ന് The Dhejavu chronicles ന്റെ തിരക്കഥാകൃത്തായ മാർട്ടി മെൽവിൽ അഭിപ്രായപ്പെടുന്നത് പോലെ കഥയെ നയിക്കുന്ന കഥാപാത്രങ്ങളായി അല്ലെങ്കിൽ കഥയെ വെല്ലുന്ന കഥാപാത്രങ്ങളായി ദാസനും വിജയനും മാറിക്കഴിഞ്ഞു. സാധാരണക്കാർക്കിടയിൽ നിൽക്കുന്ന, അക്കാലഘട്ടത്തിലെ മാത്രമല്ല ഏതു കാലത്തെയും ഏറ്റവും വലിയ പ്രശ്നങ്ങളെ സൂക്ഷ്മമായി അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ദാസനും വിജയനും.
ലാലു ലീല അടുത്ത ഭാഗത്തിൽ
താങ്ക്സ്, ഗോ റ്റു യുവർ ക്ലാസസ്