കൊല്ലാതിരിക്കാൻ പറ്റുമോ? ഇല്ല ല്ലേ.
ഒരിക്കലും പോസറ്റീവായ ഒരുത്തരം കിട്ടില്ലെന്ന് ഉറപ്പുള്ള ചോദ്യം ചോദിക്കുന്നതിലല്ല, ഉത്തരം പറയേണ്ടവരെ പതറിപ്പിക്കുന്നതിലാണ് മിടുക്ക്.
മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് ക്രിസ്മസ് റിലീസായി എത്തിയ ചിത്രം എന്ന സിനിമയിലെ വധ ശിക്ഷക്ക് വിധിക്കപ്പെട്ട കൊലയാളിയാണ് വിഷ്ണു. തടവിൽ നിന്ന് രക്ഷപ്പെടുന്നതും തുടർന്നുള്ള ഒളിവു ജീവിതത്തിൽ പിടിക്കപ്പെടുന്നതുമായ സന്ദർഭത്തിൽ, വിഷ്ണു പോലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുകയാണ്; എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന്. ഈ ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കുന്ന ജീവിതത്തോടുള്ള ആസക്തി അഭിനയിച്ചു പ്രതിഫലിപ്പിക്കുക എന്ന വെല്ലുവിളി മോഹൻലാൽ അതിശയകരമായാണ് അതിജീവിച്ചത്.
‘ജീവിക്കാൻ ഇപ്പോൾ ഒരു മോഹം, അതുകൊണ്ട് ചോദിക്കുവാ… എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ ?’
അതുവരെ പ്രതീക്ഷ നിറഞ്ഞ മുഖത്തോടെ നിന്നിരുന്ന കഥാപാത്രം അതിനെ മറികടന്ന് പുഞ്ചിരിയോടെ ‘ഇല്ല ല്ലേ’ എന്നു പറയുന്നു. തുടർന്ന് ‘സാരല്യ’ എന്ന് പറഞ്ഞ് തല താഴ്ത്തി തിരിഞ്ഞു നടക്കുന്നു. ഒരു മിനിറ്റിൽ താഴെയുള്ള ഈ ഒരു രംഗം മാത്രം മതി അഭിനേതാവെന്ന രീതിയിൽ മോഹൻലാലിന്റെ അസാധ്യസിദ്ധി മനസ്സിലാക്കാൻ. വെള്ളം തുളുമ്പുന്ന ആ കണ്ണിലെ കൃഷ്ണമണികൾ പോലും ചലിക്കുന്നില്ല. പക്ഷേ ചിരിക്കുമ്പോൾ അതിന്റെ തെളിച്ചം കണ്ണുകളിലും കാണാം.
പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിലെ ഏറ്റവും വിജയ പണംവാരിപടങ്ങളിലൊന്നായ ചിത്രം അത്ര ലോജിക്കുള്ള ഒരു സിനിമയൊന്നുമല്ല. പക്ഷേ ‘Film is not the art of scholars’ എന്ന ജർമൻ നവസിനിമകളുടെ ശക്തനായ വക്താവ് വെർണർ ഹെർസോഗ് അഭിപ്രായപ്പെട്ടിട്ടുള്ളത് ശരിവെക്കും പോലെ ‘ആസ്വാദകന്റെ ആഹ്ളാദമായി’ മാറുന്ന കാഴ്ചയാണ് ചിത്രം. ഹാസ്യവും സെന്റിമെന്റ്സും പ്രണയവും നൃത്തവും പാട്ടും മികവുറ്റ അഭിനേതാക്കളും കഥ സന്ദർഭങ്ങളെയും ചേരുംപടി ചേർക്കുന്ന പ്രിയദർശൻ ഇഫക്ടിനേയും മറികടക്കുന്ന മോഹൻലാൽ എന്ന അഭിനേതാവിന്റെ വൺ മാൻഷോ തന്നെയാണ് ചിത്രത്തിന്റെ വിജയ രഹസ്യം .
മലയാള തിരക്കഥാരംഗത്തെ അഗ്രഗണ്യനായ രചയിതാവ് എം ടിയും, മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച സംവിധായകൻ സിബി മലയിലും ചേർന്നൊരുക്കിയ സദയം എന്ന ചിത്രത്തിലെ സത്യനാഥനെ ഓർമയില്ലേ? താനെഴുതിയതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ച മോഹൻലാലിനെ എം.ടി.യും വാനോളം അഭിനന്ദിച്ചിട്ടുണ്ട്. അഭിനേതാക്കൾക്ക് പലപ്പോഴും വെല്ലുവിളിയാകുന്ന തൂലികാക്കരുത്തിന് ഒപ്പം നിൽക്കുന്ന അഭിനയപാടവമാണ് മോഹൻലാലിനെ വ്യതിരിക്തനാക്കുന്നത്.
സിബി മലയിൽ ഒരു ലേഖനത്തിൽ മോഹൻലാലിന്റെ അഭിനയത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്: ‘ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ലാലിന്റെ കണ്ണിൽ പ്രത്യേക തിളക്കം ഉണ്ടായിരുന്നു. ഒരു നനവിന്റെ തിളക്കം. ശരിക്കും ഭ്രാന്തിന്റെ അവസ്ഥയിലൂടെ കടന്നുപോകുന്നവരിൽ കാണാറുള്ള തിളക്കമാണ് ലാലിന്റെ കണ്ണിലും കണ്ടത്.’ ജന്മസിദ്ധിയാണ് മോഹൻലാലിന്റെ അഭിനയമെന്നതിന് ഇതിലും വലിയ ഒരു സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമുണ്ടോ?
ആ രണ്ടു പെൺകുഞ്ഞുങ്ങളെയും കൊന്ന് പുതപ്പെടുത്ത് പുതപ്പിച്ച് ഗിറ്റാർ വായിക്കുന്ന സത്യനാഥൻ, തൂക്കിക്കൊല്ലാൻ പോകുന്ന അന്ന് ക്ലോക്കിന്റെ സൂചികൾ ചലിക്കുന്നതിനനുസരിച്ച് പാദചലനങ്ങൾക്ക് കാതോർക്കുന്ന സത്യനാഥൻ, വധശിക്ഷക്ക് മുമ്പ് നിസ്സംഗതയോടെ സമ്മതപത്രത്തിൽ ഒപ്പിട്ട് കൊടുക്കുന്ന സത്യനാഥൻ, എത്ര തരം പകർന്നാട്ടങ്ങളാണ് ഒരഭിനേതാവെന്ന നിലയിൽ ഇദ്ദേഹം കാഴ്ചവെയ്ക്കുന്നത്.
സത്യനാഥനെന്ന പെയിന്ററുടെ, കാമുകന്റെ, കൊലയാളിയുടെ, അനാഥന്റെ, നിസ്സഹായന്റെ മാനറിസങ്ങളെ അതിസൂക്ഷ്മമായി പകർത്തുവാൻ സാധിച്ച പ്രതിഭ. വധശിക്ഷ നടപ്പാക്കാൻ ഉദ്യോഗസ്ഥർ വരുന്ന സന്ദർഭത്തിൽ നിഴൽ വീണ മുഖത്തെ ഇമയിളക്കം കൊണ്ടു പോലും മോഹൻലാലിന്റെ പകർന്നാട്ടത്തെ സസൂക്ഷ്മം ഒപ്പിയെടുക്കാൻ സിബി മലയിലിന് കഴിഞ്ഞു. തൂക്കിലേറുന്നതിന് മുമ്പ് ചതുരക്കളത്തിൽ നിലയുറപ്പിക്കുന്ന ആ കാലുകളുടെ സാധ്യത പോലും സിബി മലയിൽ ഉപയോഗിച്ചിരിക്കുന്നു. അഭിനയമെന്നത് മനുഷ്യ ശരീരത്തിലെ സർവ്വാംഗങ്ങളുടെയും സമഗ്രതയാണെന്ന് ഉദാഹരിക്കപ്പെടുന്ന രംഗങ്ങൾ.
സിബി മലയിലിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രത്തിലും വധശിക്ഷയ്ക്ക് കാത്തിരിക്കുന്ന കുറ്റവാളിയായി മോഹൻലാൽ രംഗപ്രവേശം ചെയ്യുന്നുണ്ട്. 1998 ൽ പുറത്തിറങ്ങിയ’സമ്മർ ഇൻ ബത് ലഹേം’ എന്ന ചിത്രത്തിൽ ഒരൊറ്റ സീനിൽ മാത്രം പ്രത്യക്ഷപ്പെടുന്ന നിരഞ്ജൻ എന്ന കഥാപാത്രം. മോഹൻലാൽ ഈ സിനിമയിലുണ്ട് എന്ന സത്യം ആസ്വാദകർക്ക് വലിയൊരു ആശ്ചര്യമായിരുന്നു. എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആരാധകർ സ്വീകരിച്ച കഥാപാത്രം. ചെയ്തു പോയതു തെറ്റാണെണ് തിരിച്ചറിഞ്ഞ് ജീവിക്കുന്ന ഈ കഥാപാത്രവും തൂക്കിലേറ്റപ്പെടുന്നു. രഞ്ജിത്തെഴുതിയ സംഭാഷണങ്ങളെ അഭിനയസിദ്ധി കൊണ്ടു മൂർച്ച കൂട്ടുകയാണ് മോഹൻലാൽ ചെയ്തത്.
രക്തത്തിലലിഞ്ഞു പോയ വിശ്വാസ പ്രമാണങ്ങൾ തെറ്റാണെന്നു തിരിച്ചറിഞ്ഞ, ആമിയെ പുതിയ ജീവിതത്തിന്റെ കരുതലിലേക്ക് ചേർത്തുവെയ്ക്കുന്ന, കണ്ണുനീർ നിറഞ്ഞ കണ്ണുകൾ കാഴ്ച മറയ്ക്കുമെന്ന് പേടിച്ച് തിരിഞ്ഞു നോക്കാതെ നടന്നകലുന്ന നിരഞ്ജൻ എന്ന കഥാപാത്രത്തിന്റെ മികവും കൂടി ചേർന്നപ്പോഴാണ് ചിത്രത്തിന് പൂർണതയുണ്ടാകുന്നത്.
വെറും എട്ടു മിനിറ്റുകൾ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ട് ജയറാം, സുരേഷ് ഗോപി, കലാഭവൻ മണി, മഞ്ജു വാര്യർ എന്നിവരടങ്ങുന്ന ഒരു മൾട്ടി സ്റ്റാർ ചിത്രത്തെ മോഹൻലാൽ ചിത്രമാക്കി മാറ്റുന്ന ലാൽ മാജിക്കിന് ഉദാഹരണമാണ് നിരഞ്ജൻ.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ മാനസികാവസ്ഥയെക്കുറിച്ച് നമ്മളൊരിക്കലും ചിന്തിക്കാറില്ല. പൊറുക്കാനാവാത്ത തെറ്റു ചെയ്തവരല്ല, അവരുടെ ക്രൂരതകളാൽ നഷ്ടം സംഭവിച്ചവരെക്കുറിച്ചാണ് നമ്മളെന്നും ആലോചിക്കാറുള്ളത്. പലപ്പോഴും കൊലയാളികൾക്ക് കിട്ടുന്ന ശിക്ഷ പോലും മതിയായില്ല എന്ന തോന്നലാണ് നമുക്കുണ്ടാകാറുള്ളത്. പ്രേക്ഷക പ്രീതി ഒട്ടും ചെന്നെത്താത്ത ഇത്തരം കഥാപാത്രങ്ങളെ രചയിതാവിനെയും സംവിധായകനെയും അതിശയിപ്പിക്കുന്ന രീതിയിൽ സമ്പൂർണ്ണമാക്കുന്ന ലാലിസത്തെ കുറിച്ച് പറയാൻ വാക്കുകൾക്കാണ് ക്ഷാമം.
ലാലു ലീല അടുത്ത ഭാഗത്തിൽ
ഡോക്ടർ ആകേണ്ടിയിരുന്നയാൾ
അമേരിക്കയിലെത്തിയ കഥ