രേഖയുടെ നോവൽ പഠനങ്ങൾ – 7 : വിസ്ഫോടനങ്ങളിലേക്കുള്ള കൗണ്ട്ഡൗൺ

കെ ആർ മീരയുടെ ‘ഘാതകൻ’ വായന

സ്ത്രീയനുഭവങ്ങളുടെ നിലപാടുതറയിൽ തുള്ളിയുറഞ്ഞാണ് മീര തുടങ്ങിയത്. സമകാലയിന്ത്യയിൽ ഒരു ശുദ്ധികലശത്തിന് പര്യാപ്തമായ വിധത്തിൽ ഊർജദായകമായി അവരുടെ എഴുത്തിന്ന് മാറിയിരിക്കുന്നു. രതിയുടെ അടിയൊഴുക്കുകളിലൂടെ സ്വന്തം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന നായികമാരെയാണ് ആദ്യകാല കഥകളിൽ അവതരിപ്പിച്ചത്. ആ കഥകളുടെയൊക്കെ സ്ത്രീപക്ഷ വീക്ഷണത്തോട് പൊരുത്തപ്പെടാൻ കഴിയാത്തവർ പോലും ഭാഷയുടെ കൈയടക്കത്തിലും രൂപ ശില്പനിർമ്മാണവൈഭവത്തിലും അനുഭവവേദ്യതയിലും വീണുപോയിരുന്നു .തുടർന്ന് സവിശേഷ പ്രമേയവും പരിചരണരീതികളും പിന്തുടർന്നുകൊണ്ട് സാമാന്യത്തിലധികമായ ബുദ്ധിശക്തിയും ആത്മാഭിമാനവും തന്റേടവുമുള്ള സ്ത്രീകഥാപാത്രങ്ങളെ ആരാച്ചാരിലൂടെ അവർ അവതരിപ്പിച്ചു. മരണം, ആത്‌മഹത്യ, പുണ്യപാപങ്ങൾ, വധശിക്ഷ മുതലായ സനാതനസമസ്യകളെ ആഖ്യാനത്തിന്റെ ഭാഗമാക്കി. ആരാച്ചാർക്കു ശേഷം ഹിംസയെയും മരണത്തെയും കുറിച്ച് എഴുതരുതെന്ന് കരുതിയതാണെന്ന് കഥാകാരി പറയുന്നുണ്ട്. പക്ഷേ ഖബർ, ഘാതകൻ തുടങ്ങിയ രചനകളും അതിന്റെ തന്നെ തുടർച്ചയായിരുന്നു. കോർപ്പറേറ്റധിഷ്ഠിത രാഷ്ട്രീയവും അക്രമാസക്തമായ മതവും ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നാണ് അവർ ഘാതകനിലൂടെ വിളിച്ചു പറയുന്നത്.

സമകാലജീവിതത്തെ സാഹിത്യത്തിലൂടെ പ്രശ്നവൽക്കരിക്കാൻ എഴുത്തുകാർ നടത്തേണ്ട മുന്നൊരുക്കങ്ങൾ വളരെയേറെയാണ്. സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ലോകജീവിതത്തിൽ എഴുത്താളന് സർഗ്ഗശക്തിയും ഉൾക്കാഴ്ചയും മാത്രം മതിയാവില്ല. വായനയും പഠനവും ഗവേഷണവും ബഹുവിഷയബന്ധവും അതിനനിവാര്യമാണ്. ആഗോളീകൃത വൈകൃതങ്ങൾ എഴുത്തിന് വിഷയമാകുന്നത് അപ്പോഴാണ്.

മുറിവേറ്റ കടൽമത്സ്യം ഉപ്പുവെള്ളത്തിൽ നീറിനീന്തി മുറിവുണക്കും പോലെ സമൂഹം നൽകിയ മുറിവുകളിലെ ഉപ്പു പരലുകളായി എഴുത്തു മാറുന്നു. കെ.ആർ.മീരയുടെ ഘാതകനിലൂടെ കടന്നുപോകുമ്പോൾ വായനക്കാരന് നീറുന്നതതുകൊണ്ടാണ്.

563 പേജുകളിലായി അപസർപ്പക സ്വഭാവത്തോടെ അവതരിപ്പിക്കുന്ന ഈ നോവൽ അതിവിശാലവും വ്യത്യസ്തവുമായ മാനങ്ങളിൽ വായിച്ചെടുക്കാവുന്നതാണ്. ഓരോ വരിയിലും അർത്ഥാന്തര സാധ്യതകൾ ഒളിപ്പിച്ചിരിക്കുന്നു. ഭാരതത്തിന്റെ സമകാലിക രാഷ്ട്രീയവ്യവഹാരങ്ങളുടെ ദുർഗന്ധം വമിപ്പിക്കുന്നു. അധികാര വിജ്യംഭനത്തെയും കുലനിർമ്മിതിയുടെ ഇരുതലമൂർച്ചകളേയും വ്യക്തമാക്കുന്നു. ജാതീയതയേയും ആണധികാര മേൽക്കോയ്മയേയും പൊളിച്ചുകാട്ടുന്നു. മാവോയിസവും തീവ്രവാദവും ദേശീയവാദവും ഭരണകൂട ഭീകരതയുമൊക്കെ അക്ഷരങ്ങൾകൊണ്ട് ശാസ്ത്രക്രിയ ചെയ്യപ്പെടുന്നു. ഘാതകന്റെ കത്തിമുനയിൽ നിന്ന് രക്ഷപ്പെടുന്നത് മർദിതരും പീഡിതരും മാത്രം. അവരോട് ചേർന്ന് നിന്ന് അവർക്കായി മീര എഴുതിക്കൊണ്ടിരിക്കുന്നു .

നമുക്കൊരിക്കലും രക്ഷപ്പെടാനാവാത്ത ചില ജീവിത യാഥാർത്ഥ്യങ്ങളോട്, നമ്മിൽ വേരുകളാഴ്ത്തി നമ്മെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന മതസാമൂഹിക അനാചാരങ്ങളോട്, അന്യാധീനപ്പെട്ട പോയേക്കാവുന്ന പൗരത്വ രേഖകളോട്, അസാധുവാക്കുന്ന ജീവിതങ്ങളോട്, വ്യാജമാക്കപ്പെടുന്ന പ്രണയത്തോട് ഒക്കെയാണ് ഘാതകൻ കത്തി ചൂണ്ടുന്നത്.

അധിനിവേശയിന്ത്യയിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഗാന്ധിചിഹ്നം സത്യത്തിന്റെയും മൂല്യത്തിന്റെയും പ്രതീകമായിരുന്നു . കാര്യം കാണാനും രാഷ്ട്രീയലാഭത്തിനും പ്രതിച്ഛായനന്നാക്കാനും വിദ്വേഷത്തിനും എല്ലാം ഇത്രയേറെ ഇരയാക്കപ്പെട്ട മറ്റൊരു ബിംബമില്ല . ഗാന്ധി ചിഹ്നം മുദ്രിതമായ 500 ,1000 രൂപ നോട്ടുകളാണ് 2016 നവംബർ 8 രാത്രിയിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ടത് . നവംബർ 16 പാതിരാത്രി ബാംഗ്ലൂർ നഗരത്തിൽ കഥാഖ്യാതാവായ സത്യ പ്രിയയെന്ന 44 കാരി അജ്ഞാത ഘാതകന്റെ വധശ്രമത്തെ അതിജീവിക്കുന്നു. പോലീസിന്റെ പ്രാഥമികാന്വേഷണം കഴിഞ്ഞ് താൻ ജോലി ചെയ്യുന്ന ഐടി കമ്പനിയിൽ നിന്നും ഒരാഴ്ചത്തെ അവധിയെടുത്ത് സത്യപ്രിയ കേരളത്തിലേക്ക് മടങ്ങുന്നു.

ബസ് യാത്രയ്ക്കിടയിൽ ” എന്നെ മറക്കരുത് മൂന്നാമതൊരു അവസരം കൂടി എല്ലായിപ്പോഴും ഉണ്ടായിരിക്കുമെന്ന്” അജ്ഞാതനായ ഒരാൾ ഒടിയ ഭാഷയിൽ ഫോൺ വിളിക്കുന്നു. മരണത്തെ ഇതിന് മുൻപും മുഖാമുഖം കണ്ടിട്ടുള്ള സത്യപ്രിയ വീട്ടിലെത്തുമ്പോൾ അജ്ഞാതനായ ഘാതകന്റെ കുത്തേറ്റ് വർഷങ്ങളായി ചലനശേഷി നഷ്ടപ്പെട്ടു കഴിയുന്ന അച്ഛൻ ഏതുനിമിഷവും നീയും വധിക്കപ്പെടുമെന്ന് പറയുന്നു. അപ്പോഴത്തെ ഹൃദയവിക്ഷോഭത്തിൽ ചക്രക്കസേരയിൽ നിന്നും നിലത്തുവീണ് അച്ഛൻ മരിക്കുന്നു. സത്യപ്രിയ തന്റെ ഘാതകനെ തേടിയുള്ള അന്വേഷണം ആരംഭിക്കുന്നു. അന്വേഷണത്തിന്റെ വഴികളിൽ സത്യപ്രിയ പുറത്തെടുക്കുന്ന ഓർമ്മകൾക്ക് ചീഞ്ഞുനാറുന്ന ജീവിതത്തിന്റെ ഗന്ധമാണ്. അവിടെ ഓരോ പെണ്ണും അറപ്പോടും വെറുപ്പോടും മൂക്കു പൊത്തും. കത്തിയുമായി തന്നെ പിന്തുടരുന്ന ഘാതകന്റെ കത്തിയേറിനെക്കാളൊക്കെ എത്രയോ മുൻപ് തന്നെ അവൾ കൊല്ലപ്പെട്ടിരുന്നെന്നും ഓരോ പടുമരണത്തിൽ നിന്നും അവൾ ഉയർത്തെഴുന്നേൽക്കുകയായിരുന്നെന്നും നമ്മൾ മനസ്സിലാക്കും. ഇങ്ങനെ പൂർവ്വാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കാൻ കഴിഞ്ഞാൽ മാത്രമേ ഇവിടെ പെണ്ണിന് ജീവിക്കാനാവൂവെന്ന് വായനക്കാരൻ തിരിച്ചറിയും.

ആഖ്യാനതന്ത്രം

തന്റെ വധശ്രമത്തിനു പിന്നിൽ ആര് ? എന്തിന്? എന്നീ ചോദ്യങ്ങൾക്ക് ഒറ്റയ്ക്ക് ഉത്തരം തേടിയിറങ്ങുന്ന സത്യപ്രിയ നടത്തുന്ന അന്വേഷണത്തിന്റെ ആഖ്യാനമാണ് ഘാതകൻ .

നാടകീയവും ഉദ്വേഗജനകവുമാണത്. ഇതൊരു കഥയാണെന്ന് ആഖ്യാതാവ് ഇടയ്ക്കിടെ നമ്മളെ ഓർമിപ്പിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ വായനക്കാരന് കഥയുടെയും ആഖ്യാനത്തിന്റെയും രണ്ട് തട്ടിലൂടെ മാറിമാറി സഞ്ചരിക്കേണ്ടി വരുന്നു. വർത്തമാനസംഭവങ്ങളും ഭൂതകാലാനുസ്മരണങ്ങളും കൂട്ടിയിണക്കി മുന്നോട്ടും പിന്നോട്ടും പോകുന്ന സങ്കീർണമായ ഇതിവൃത്തഘടനയാണ് നോവലിനുള്ളത്. നാടകീയതയും ഉൽക്കണ്ഠയും വർധിപ്പിച്ചുകൊണ്ട് പരിണാമഗുപ്തി നിലനിർത്തുന്ന ആഖ്യാനശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. പേരെടുത്തു പറഞ്ഞ് സംബോധന ചെയ്യുന്നില്ലെങ്കിലും വായനക്കാരനോട് നേരിട്ട് സംസാരിക്കുന്ന രീതി നോവലിലുടനീളം ഉണ്ട് . “നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കഷ്ടം! അതിമഹത്തായ ആത്മ വിമുക്തിയുടെ നിമിഷമാണിത് .

” ജീവിച്ചിരിക്കെത്തന്നെ ശരീരവും ആത്മാവും വിഘടിക്കും” എന്ന മുന്നറിയിപ്പ് തന്നുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത് . “ഒരാൾ മരിച്ച മുറിയിലേക്ക് ചെന്നിട്ടുണ്ടോ ? നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന രഹസ്യവുമായി ഒരാത്മാവ് മുറിയിൽ കാത്തിരിക്കുമ്പോൾ, അതും അർദ്ധരാത്രിയിൽ, ഇല്ലെങ്കിൽ വല്ലാത്ത കഷ്ടം” എന്നിങ്ങനെ വായനക്കാരനെ ഒപ്പം കൂട്ടുന്ന തന്ത്രം അതിസമർത്ഥമായി കഥാകാരി പ്രയോഗിക്കുന്നുണ്ട്.

തന്റെ ഘാതകനെ അന്വേഷിച്ചു പോകുന്ന സത്യ പ്രിയ പിതാവിന്റെ അജ്ഞാതമായ ഭൂതകാലത്തെ അനാവരണം ചെയ്യുന്നു. അച്ഛനമ്മമാരുടെ വിജാതീയ വിവാഹം സൃഷ്ടിച്ച ജാതി സ്പർദ്ധയിലേക്കും പ്രേമത്തിന്റെയും പകയുടെയും ഇരുലോകങ്ങളിലേക്കും പടർന്ന് അത് സത്യപ്രിയയുടെ ആത്മാന്വേഷണമായി മാറുന്നു .

സത്യപ്രിയ തന്റെയും മറ്റുള്ളവരുടെയും ഓർമ്മകളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് പരസ്പരബന്ധമില്ലെന്ന് തോന്നിക്കുന്ന വ്യക്തികളേയും സംഭവങ്ങളേയും കൂട്ടിയിണക്കി സ്വന്തം ജീവിതത്തിന്റെയും ഘാതകന്റെയും കഥയെഴുതുന്നത്

സൂചകങ്ങളിലൂടെ കഥ പറയുന്നു

സമകാലികരാഷ്ട്ര വ്യവഹാരത്തിലെ ഒരു നിർണായകസന്ദർഭത്തിലാണ് നോവലിന്റെ തുടക്കം. ഈ സംഭവത്തേയും ആഖ്യാനത്തിലുടനീളം പ്രതിപാദിക്കപ്പെടുന്ന നിരോധിക്കപ്പെട്ട ബാങ്ക്‌നോട്ടിനേയും സൂചകങ്ങളാക്കി അതിസമർഥമായി കഥാകാരി ഉപയോഗിക്കുന്നു . നവംബർ 16 ന് ശേഷം അതായിരുന്നു എന്റെ അവസ്ഥ. അന്നാണ് ഞാൻ നേർക്കുനേർ ആക്രമിക്കപ്പെട്ടത്. പകൽ മുഴുവൻ ഞാൻ ബാങ്കിൽ ക്യൂ നിൽക്കുകയായിരുന്നു. എന്നാണ് നോവലിന്റെ രണ്ടാം ഖണ്ഡിക തുടങ്ങുന്നത്. കടം വാങ്ങലിന്റെയും കൊടുത്തു തീർക്കലിന്റെയും പലിശക്ക് വാങ്ങലിന്റെയും കുടുംബ സ്വത്തും സാധനങ്ങളും വിൽക്കുന്നതിന്റെയും സന്ദർഭങ്ങളിലൊക്കെ അസാധുവാക്കപ്പെടുന്നത് പെൺജീവിതങ്ങളാണ് . അത്തരം അവസ്ഥകളിൽ സമകാലിക ഇന്ത്യ ഒരു പെണ്ണിലുണ്ടാക്കുന്ന കീറലുകളും പോറലുകളും വിൽക്കപ്പെടലും ഉടലുടയ്ക്കലിന്റെ അടയാളങ്ങളും കഥാകാരി നോട്ടിലൂടെ വരച്ചുകാട്ടുന്നു .

സത്യവും മൂല്യവും അപ്രത്യക്ഷമാകുന്ന, അസത്യം അരങ്ങുതകർക്കുന്ന സത്യാനന്തരകാലമെന്നാണ് കഥാകാരി കാലത്തെ വിശേഷിപ്പിക്കുന്നത്. ഇത് സത്യത്തിന്റെയും മൂല്യത്തിന്റെയും ചിഹ്നമായ ഗാന്ധിയെ അങ്കനം ചെയ്ത നോട്ട് നിരോധനത്തിനു ശേഷമുള്ള കാലമാണ്. ഇന്ത്യയിൽ നോട്ട് നിരോധനം പ്രാബല്യത്തിൽ വന്ന 2016 നവംബർ 16 നാണ് റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ പ്രതിനിധിയായി അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയത്. ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിഷ്ണറി 2016ലെ ആ വർഷത്തെ വാക്കായി തിരഞ്ഞെടുത്തത് പോസ്റ്റ് ട്രൂത്ത് എന്ന പദമാണ്. വാസ്തവമെന്ന രീതിയിൽ പ്രചരിക്കപ്പെടുന്ന കല്പിതകഥകൾക്ക് നമ്മൾ നൽകുന്ന സ്ഥാനം യഥാർത്ഥ വസ്തുതകൾക്ക് മുകളിലാവുന്ന കാലമാണിത്. വാസ്തവത്തെ വികാരം കൊണ്ട് ജയിച്ച് അസത്യത്തെ സത്യമായി സ്ഥാപിച്ച് വിജയം നേടുന്ന രാഷ്ട്രീയാവസ്ഥ . ഇത്തരം സത്യങ്ങൾ പൊതുജന വിശ്വാസത്തിൽ സത്യമായി പറഞ്ഞുറപ്പിക്കപ്പെടുകയും ചെയ്യുന്നു. മൂല്യങ്ങൾ നഷ്ടമാവുകയോ അപ്രസക്തമാവുകയോ ചെയ്യുന്നു . പൊതുജനം സ്വയമത് ശരിയെന്ന് വിശ്വസിക്കുന്നു. നമ്മുടെ രാഷ്ട്രീയം മാധ്യമങ്ങൾ നവമാധ്യമങ്ങൾ എന്നിവയെല്ലാം അത്തരം നിക്ഷിപ്ത താൽപര്യങ്ങൾ സത്യമായി അവതരിപ്പിക്കുന്നു. സാമാന്യ ജനങ്ങളുടെ താൽപര്യം പ്രതിനിധാനം ചെയ്യുന്നുവെന്നവകാശപ്പെട്ടുകൊണ്ട് ജനങ്ങളുടെ ഭയമോ മതഭക്തിയോ അമിതാവേശമോ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. ആരാണത് ചെയ്തത് ?എന്താണതിന് കാരണം ? എന്നിങ്ങനെ പല ചോദ്യങ്ങളിലൂടെ കഥ വളരുമ്പോൾ നമ്മളെത്തുന്നത് ഭരണകൂടമെന്ന ഘാതകന്റെ മുന്നിലാണ് .അന്വേഷിക്കുന്നത് സത്യത്തെയാണ് .

കടബാധ്യത കയറി പലിശയ്ക്ക് പണം വാങ്ങിയതിനെപ്പറ്റി സത്യ പ്രിയ പറയുന്നതിങ്ങനെയാണ്. “സാമ്പത്തിക ശാസ്ത്രം രസകരമാണ്. നമ്മൾ വിചാരിക്കുന്ന പോലെ അത് ശാസ്ത്രമോ കണക്കോ ഒന്നുമല്ല. വെറും ധാരണയാണ്. പരസ്പരം ഉള്ളതും ഇല്ലാത്തതുമായ ധാരണ. ഒരു കഥപോലെ . എഴുതുന്നയാളും വായിക്കുന്നയാളും തമ്മിൽ പകരുമ്പോഴാണ് അത് കഥയാകുന്നത്. അതുവരെ അത് ഭാവന മാത്രം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമ്പോളാണ് പണം പണമാവുന്നത്. അല്ലാത്തിടത്തോളം അത് വെറും കടലാസാണ്. എത്ര ആശ്ചര്യം ! തികഞ്ഞ ഐറണിയോടെയുള്ള ഈ ആത്മഭാഷണം പണത്തെയും മൂല്യത്തെയും ചിഹ്നമെന്ന നിലയിലുള്ള അതിന്റെ അർത്ഥ വിനിമയെത്തെയും പറ്റി ചോദ്യങ്ങളുയർത്തുന്നു .

ചങ്ങലക്കണ്ണിപോലെ കൊളുത്തി കിടക്കുന്ന ഒരു കുടുംബത്തിന്റെ കഥ പറഞ്ഞു പോകുന്നതിനിടയിലാണ് പൗരനും പൗരന്റെ അവകാശങ്ങളും റദ്ദു ചെയ്യപ്പെട്ട കറൻസി പോലെ വിലയില്ലാത്തതും കുറ്റകരവുമാണെന്ന് നമ്മൾ തിരിച്ചറിയുന്നത്.

ഘാതകനിലെ സൂക്ഷ്മ രാഷ്ട്രീയം

ഇന്ത്യൻ ജനാധിപത്യത്തെയും പൗരാവകാശത്തെയും കൊല്ലാക്കൊല ചെയ്യുന്ന ഭരണകൂടം തന്നെയാണ് ഘാതകനെന്ന് നോവലിന്റെ രാഷ്ട്രീയ വായനയിൽ നാം തിരിച്ചറിയുന്നു. 1991 ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ പ്രധാനമാണ്. ആഗോളവൽക്കരണത്തിന്റെ ഫലമായി ഇന്ത്യൻ വിപണി പൊതുവിപണിയിലേക്ക് തുറന്നു . ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചു. കോർപ്പറേറ്റുകൾ സർക്കാരിനെക്കാൾ വലുതായി. സ്വകാര്യവല്ക്കരണം ജനസമൂഹത്തിന്റെ സ്വഭാവത്തെയും ജീവിതത്തെയും ആഴത്തിൽ സ്പർശിച്ചു. 2016 നടന്ന നോട്ട് നിരോധനം ഒരു ഫാസിസ്റ്റ് പരീക്ഷണമായിരുന്നു. ഏത് അത്യാചാരത്തിനും ജനം വഴങ്ങുമെന്ന് തെളിയിക്കപ്പെട്ടു . ഒരു വിലയുമില്ലാത്ത കറൻസി നോട്ട് പോലെ പൗരന്റെ ജീവിതം അസാധുവായി. എന്ത് അത്യാചാരം ഇന്ത്യൻ ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ചാലും ചില ലേബലുകളിലാണെങ്കിൽ അത് അംഗീകരിക്കപ്പെടുമെന്ന് തെളിയിക്കപ്പെട്ടു .

എതിരാളിയെ ഇല്ലായ്മ ചെയ്യാനുള്ള എളുപ്പവഴി അവനെ ദരിദ്രനാക്കുകയാണ് എന്ന യുക്തിയാണ് പരീക്ഷിക്കപ്പെട്ടത്. ജനാധിപത്യത്തിന്റെ അടിസ്ഥാനം ജനങ്ങളിൽനിന്ന് പണത്തിലേക്ക് മാറി. തങ്ങളാണ് ശരിയെന്ന് സ്ഥാപിച്ചെടുക്കാന്യം അത് ജനമനസ്സുകളിൽ രൂഢമൂലമാക്കാനും ഈ സത്യാനന്തരകാലത്ത് അനായാസം കഴിയുന്നുണ്ടെന്ന് നോവലിലെ ഓരോ സംഭവവും വെളിപ്പെടുത്തുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്നും ഗോഡ്മാൻമാർ ഉണ്ടായിരുന്നു. നോവലിലെ മഹിപാൽ ഷാ എന്ന കഥാപാത്രം ഒരു കോർപ്പറേറ്റ് ഭീമനാണ്. ഇന്ത്യൻ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയത്തിന്റെ ഫണ്ട് സോഴ്സായി ഷായെ കൃത്യമായി വായനക്കാരിലേക്ക് എത്തിക്കാൻ കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

ഏത് നിമിഷവും മരണത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഘാതകനെപ്പോലെതന്നെ ഘാതകനെ കണ്ടെത്താനെന്ന പേരിൽ സത്യപ്രിയയെ പിന്തുടരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് അനുരൂപ് ഷെട്ടി. സത്യപ്രിയയുടെ അയൽപക്കക്കാരനായി അവതരിപ്പിച്ചിരിക്കുന്ന പരമാർത്ഥ് എന്ന ചെറുപ്പക്കാരൻ വർഗീയചിന്തകൾ അടിച്ചേൽപ്പിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധിയാണ് .

അവർക്ക് ഹിതമല്ലാത്തത് ചെയ്യുന്നവരെയും സംസാരിക്കുന്നവരെയും ദേശദ്രോഹികളായി മുദ്രകുത്തുന്ന പരമാർത്ഥ് എപ്പോഴും നോട്ട് നിരോധനത്തെ ന്യായീകരിക്കുകയും അതിനുശേഷം അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് സമർത്ഥിക്കുകയും ചെയ്യുന്നു. ഹിന്ദുദേശീയതാവാദത്തിന് എതിരു പറയുന്നവരോട് പാകിസ്ഥാനിൽ പോയ്ക്കൂടെ എന്ന പരമാർത്ഥ് ചോദിക്കുമ്പോൾ ഉത്തരേന്ത്യയിൽ മാത്രം ഉയർന്നു കേട്ടിരുന്ന ഫാസിസ്റ്റ്ചിന്തയുടെ ഗോ ഗ്വോ വിളികൾ നമ്മുടെ അയൽപക്കത്ത് നാം കേൾക്കുന്നു. നന്നായി ഷൂസ് ധരിച്ച് ഷർട്ട് ഇൻസർട്ട് ചെയ്ത് കൈ നിറയെ ചരടുകൾ കെട്ടിയ ചെറുപ്പക്കാരൻ വയറിളക്കി ചാണകമിടുന്ന ഗോമാതാവിന്റെ ചാണകം ചവിട്ടി ഒക്കാവുന്നിടത്തൊക്കെ ആ ദുർഗന്ധം എത്തിക്കുമ്പോൾ ഹിന്ദുത്വത്തിന്റെ ജീർണിച്ച വിശ്വാസങ്ങളും ഫാസിസ്റ്റ് അഹന്തകളുമാണ് ഉളുപ്പില്ലാതെ പ്രചരിപ്പിക്കുന്നത് .

ഭരണാധികാരിയെ വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്ന് പുനർനിർവചിക്കുന്ന അവസ്ഥ ഇന്ത്യയിൽ ഉണ്ടല്ലോ . ബ്രിട്ടീഷധിനിവേശക്കാലത്ത് നിർമ്മിച്ചുവെച്ച ആ കെണിയിലാണല്ലോ ഇപ്പോൾ കവിതയെഴുതുന്നവരെയും കാർട്ടൂൺ വരക്കുന്നവരെയും എന്തിനേറെ ശ്വാസം നന്നായി വിടുന്നവരെപോലും കുടുക്കുന്നത്. സീറോ ക്ലിക്കിൽ പകർത്തപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന ഉത്തമ ബോധ്യത്തിൽ പെഗസസ്സിന്റെ ഭരണകൂട ഭീകരതയിൽ ശ്വാസംമുട്ടി പിടയുന്ന അവസ്ഥയിൽ ജീവിക്കുമ്പോഴും നമുക്ക് പ്രതികരിക്കാനാവുന്നില്ല. ഭരണാധികാരിയുടെ സൂക്ഷ്മ ദൃഷ്ടിയിൽ നിന്ന് രക്ഷപ്പെടാൻ ആവുന്നില്ല എന്ന് സത്യയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. വർത്തമാനകാലയിന്ത്യയിലെ ഭരണകൂടഭീകരത എങ്ങനെയാണ് വ്യക്തി ജീവിതത്തിലേക്കുള്ള നുഴഞ്ഞു കയറുന്നതെന്ന് നോവൽ കാണിച്ചുതരുന്നു . ഘാതകനിലെ സൂക്ഷ്മരാഷ്ട്രീയം പറഞ്ഞാൽ അതിന് ഇന്ത്യയുടെ ഭൂപടത്തോളം തന്നെ വലിപ്പമുണ്ടാവും. ഓരോ അധ്യായത്തിലും സംഘി രാഷ്ട്രീയത്തിന് നേരെ കഥാകാരി വീശുന്ന കത്തിമുന കണ്ടെടുക്കാനാവും.

സ്ത്രീയവസ്ഥകളുടെ യഥാതഥ വിവരണം

മുറിവേറ്റ രാഷ്ട്രശരീരമാണ് സ്ത്രീയെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കുന്ന നോവലാണ് ഘാതകൻ . എഴുപതുകളിൽ ജനിച്ച ഒരു സ്ത്രീയുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പരിണാമമാണിത്. അഭ്യസ്തവിദ്യയായ സ്വതന്ത്ര ചിന്താഗതിയുള്ള ഒരു പെണ്ണ് ചുറ്റുപാടുകളുണ്ടാക്കുന്ന വരഞ്ഞുകീറലുകളിൽനിന്നും എങ്ങനെ ഉയർത്തെഴുന്നേൽക്കുന്നുവെന്ന് കാട്ടിത്തരുന്ന നോവലാണിത്. പുരുഷന്റെ കാമവും രതിവൈകൃതങ്ങളും ചവിട്ടിത്തേക്കുന്ന സ്ത്രീ ജീവിതങ്ങളാണ് നോവലിലുടനീളമുള്ളത് .

ആണധികാരങ്ങളുടെ പതിവു ശീലങ്ങൾക്ക് വഴങ്ങി കൊടുക്കേണ്ടിവരുന്ന പെൺജീവിതങ്ങൾക്കായാണല്ലോ മീര എഴുതിക്കൊണ്ടിരിക്കുന്നത്. കഴുത്തിനു പിടിച്ച് ഞെരിച്ചമർത്തി കൊല്ലുന്ന കോഴിയുടെ കൊക്കിൽ നിന്നുയരുന്ന അവസാന ഞരക്കമായി പെൺശബ്ദങ്ങൾ നമുക്കിതിലും കേൾക്കാം. കുടുംബമെന്ന സാമൂഹ്യ സ്ഥാപനമാണല്ലോ ഒട്ടും വെളിച്ചം കടക്കാത്ത ഇരുട്ടറകളായി ഇപ്പോഴും തുടരുന്നത്. കടം വാങ്ങുകയും തിരികെകൊടുക്കാനില്ലാതെ വരികയും പലിശയായി മാറുകയും വിൽക്കപ്പെടുകയും ഒക്കെ ചെയ്യേണ്ടിവരുമ്പോൾ കീറലും പോറലും ഉണ്ടാകുന്നത് പെണ്ണിലാണെന്ന് നോവൽ നമ്മെ അനുഭവിപ്പിക്കുന്നു .

ഓരോ പെണ്ണിലും ഓരോ ആരാച്ചാർ ഉണ്ടാവണമെന്നും ആണഹന്തകളെ കുരുക്കിട്ട് മുറുക്കാൻ അവൾക്ക് ബാല്യം മുതൽ തന്നെ കഴിയണമെന്നും ചേതനയിലൂടെ നേരത്തെ കഥാകാരി പറഞ്ഞുവെച്ചിട്ടുണ്ട്. കച്ചവടതന്ത്രത്തിന്റെ തീക്ഷ്ണ വെളിച്ചത്തിൽ കണ്ണു മഞ്ഞളിക്കുന്ന ലോക സമ്പ്രദായത്തിലും ഇരയാക്കപ്പെടുന്നത് പെണ്ണാണ്. ഇണ ചേരലിലെ ആധിപത്യ ഭാവത്തെയും സ്നേഹത്തോടെ ചേർന്നല്ലാതെ സ്പർശിക്കുന്ന കരങ്ങളെയും തൂക്കിക്കൊല്ലാനായാൽ മാത്രമേ പെണ്ണിന് രക്ഷയുള്ളൂ എന്നും മീര ആരാച്ചാരിൽ പറഞ്ഞു. ആരാച്ചാരിലെ ചേതനയെക്കാൾ ശക്തയാണ് ഘാതകനിലെ സത്യപ്രിയ. സ്ത്രീയുടെ തീർത്തും സ്വകാര്യമായ അനുഭവ ലോകത്തെ സാമൂഹികമനസ്സിന്റെ ചോദനകളോട് ചേർത്തുവച്ച് അതിനെ തച്ചുടച്ചു മുന്നേറുന്ന സ്ത്രീത്വത്തിന്റെ പ്രതിനിധിയാണ് സത്യപ്രിയ. സ്വന്തം ചരിത്രമെഴുതുന്ന കാലത്തെ നിർമ്മിച്ചെടുക്കാൻ അവൾ ശക്തയാണ്.

എന്തിന്റെയൊക്കെയോ മേൽ ഉയർത്തിക്കെട്ടിയ ആണഹന്തകളുടെ കോട്ടകൊത്തളങ്ങൾ ഇത്തരം സ്ഫോടനങ്ങളിൽ മണൽക്കൂമ്പാരമാകണം. സത്യപ്രിയ ഞെരിച്ചുടയ്ക്കുന്ന ആണധികാരം വിങ്ങിപ്പഴുത്ത് ആരുടെയൊക്കെയോ മരണ കാരണമാകുന്നുണ്ട്. കാലാകാലങ്ങളായി സമൂഹം ലാളിച്ചു പോന്നതൊക്കെയാണ് ചേതന കുരുക്കിട്ടുമുറുക്കിയതും സത്യപ്രിയ ഞെരിച്ചുടച്ചതും. ജീവിതം നൽകുന്ന അനുഭവപാഠങ്ങൾ സ്ത്രീയെ എത്രത്തോളം ശക്തമാക്കുന്നെന്ന് മീരയുടെ നോവലുകളിലെ അമ്മമാർ നമുക്ക് കാട്ടിത്തരുന്നുണ്ട്. വിധേയത്വത്തിന്റെ ഭാരം തൂങ്ങുന്ന അമ്മ ജീവിതങ്ങളാണ് പെൺകുട്ടികളെ ഞരങ്ങുന്ന ദീനരോദനങ്ങളാക്കുന്നത്. ഒരു സ്ത്രീ വേദനിക്കുമ്പോൾ ആത്യന്തികമായി അത് പുരുഷനെയും കുടുംബത്തെയും സമൂഹത്തെയും ബാധിക്കുമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. എസ് മുനയുള്ള കത്തി ആഴ്ന്നിറങ്ങി തിരിച്ചൂരുമ്പോഴുള്ള ജീവന്റെ പിടച്ചിൽ ഈ നോവലിൽ ഉടനീളമുണ്ട്. കരുത്തുള്ളവളാണ് സ്ത്രീ എന്ന് ഓരോ തളർച്ചയിലും തകർച്ചയിലും അതിജീവനത്തിലൂടെ സത്യപ്രിയ കാണിച്ചുതരുന്നു. നമ്മുടെ ഓരോ പെൺകുട്ടിയും സത്യ പ്രിയയെ പോലെ കരുത്തുള്ളവരാകണമെങ്കിൽ ഓരോ അമ്മയും വസന്ത ലക്ഷ്മിയെ പോലെ പ്രതികരണശേഷിയും അവരവരോട് പ്രതിബദ്ധതയും ഉള്ളവരാകണം. എങ്കിൽ ഇവിടെ ആത്മഹത്യകളും കൊലപാതകങ്ങളും വർദ്ധിക്കുകയില്ലായിരുന്നു.

ഇത്തരമൊരു അമ്മ കൂടെയുണ്ടെങ്കിൽ ഏതു മകളും സ്വയം വളരും പടരും പന്തലിക്കും. സത്യ പ്രിയ എന്ന ഹ്യുമനിസ്റ്റിന്റെ വേരുകൾ വസന്തലക്ഷ്മിയിൽ തന്നെയാണ്. പണത്തിനു മുന്നിൽ അസാധുവാക്കപ്പെടുന്ന ശരീരത്തിലൂടെ ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള കരുത്ത് സത്യ പ്രിയയ്ക്ക് പകർന്നുനൽകുന്നത് അവളുടെ അമ്മയാണ്. സത്യപ്രിയയെ മാത്രമല്ല അവളുടെ ചിന്തകളെ കൂടി പ്രസവിച്ചത് വസന്തലക്ഷ്മി ആണെന്ന് വായനക്കാരൻ തിരിച്ചറിയുന്നു.

ശിവപ്രസാദ് എന്ന അച്ഛനെ അറിഞ്ഞു വായിക്കുന്ന നിമിഷങ്ങളിൽ ഏതു പെണ്ണിനും ശ്വാസംമുട്ടും . ശിവപ്രസാദിന്റെ കറുത്തയാത്രകളിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന മകളുടെ കണ്ടെത്തലുകളിൽ വായനക്കാരൻ അറപ്പും വെറുപ്പും അനുഭവിക്കും. പപ്പും പൂടയും പറിച്ചെടുത്ത് അയാൾ കൊല്ലാക്കൊല ചെയ്ത പെൺകുട്ടികൾ ഉറക്കം കെടുത്തും . അവരുടെ ഞരക്കങ്ങളിൽ രാത്രികൾ പകലുകളാവും. പ്രായപൂർത്തിയാകാത്ത കുട്ടിയോട് പ്രായപൂർത്തിയായ ആൾക്ക് തോന്നുന്ന ലൈംഗികാസക്തി ആണല്ലോ പീഡോഫിലിയ. വികലമായ ഈ മാനസികാവസ്ഥ ഏറ്റവും മൂർദ്ധന്യത്തിലെത്തിയ വ്യക്തിയായിരുന്നു ശിവപ്രസാദ് . കുട്ടികൾക്ക് സംരക്ഷകരാകേണ്ടവർ തന്നെ അവരെ ക്രൂരപീഡനങ്ങൾക്ക് ഇരയാക്കുന്ന സമൂഹത്തിൽ ചുറ്റുമുള്ള പലരിലും ഇത്തരം ശിവപ്രസാദ് മാർ ഒളിഞ്ഞിരിക്കുന്നുണ്ടാവാം. കുട്ടികളോട് ചെയ്യുന്ന അതിക്രമങ്ങളിൽ യാതൊരു കുറ്റബോധവുമില്ലാത്ത ഇവർ നിയമത്തിനു മുന്നിലെത്തുന്നത് വളരെ അപൂർവമാണ്. ലൈംഗിക വൈകൃതമുള്ള ഒരാൾക്ക് ഇരയായിപോകുന്ന കുട്ടി ജീവിതകാലം മുഴുവൻ അതിൽ ഉരുകിത്തീരേണ്ടതില്ല. പീഡോഫൈലുകളുടെ എണ്ണം നാൾക്കുനാൾ കൂടുന്ന നമ്മുടെ സമൂഹത്തിൽ ഇരയാക്കപ്പെടുന്നവർക്ക് ബോധവൽക്കരണവും മാനസികരോഗികൾക്ക് നിയമ വിധേയത്വവും വളരെ അത്യാവശ്യമാണ് .

നിരവധി വ്യക്തി സ്വത്വങ്ങളിലൂടെ സ്വയം ഒരു അപസർപ്പകസ്വഭാവം നിലനിർത്തുന്ന പെണ്ണാണ് സത്യ പ്രിയ. 44 ലും അവിവാഹിത. നിറയെ പ്രണയബന്ധങ്ങൾ. പ്രണയത്തിന് പുറത്തും ശാരീരിക ബന്ധങ്ങൾ അനുഭവിക്കേണ്ടിവന്നവൾ . കേരളത്തിൽ തുടങ്ങി ഇന്ത്യയോളം പടരുന്ന ക്യാൻവാസിൽ സ്വന്തം ജീവിതം വരച്ചവൾ . സാമ്പത്തിക അരക്ഷിതത്തിൽപ്പെട്ട് ജീവിതത്തിന്റെ പൽച്ചക്രങ്ങൾക്കിടയിൽ പലപ്പോഴും പിടഞ്ഞുണർന്നവൾ. മറുമുറിവുകൾ തീർത്ത് പ്രതിരോധിക്കാൻ ശേഷിയുള്ളവൾ .

“ഒരിക്കലെങ്കിലും നിങ്ങളെ ഒരു പാമ്പ് വരിഞ്ഞുമുറുക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ കഷ്ടമാണ് കേട്ടോ ” എന്നു പറഞ്ഞുകൊണ്ടാണ് സമീർ സയ്ദ്യമായുള്ള തന്റെ പ്രണയാനുഭൂതികൾ സത്യപ്രിയ ഓർത്തെടുക്കുന്നത് .പാമ്പിന്റെ സീൽക്കാരശബ്ദം മീരയുടെ മിക്ക നോവലുകളിലുമുണ്ടെങ്കിലും പ്രസവിച്ചുകൊണ്ടിരിക്കെ തല ചതഞ്ഞുചത്ത പാമ്പിനെയാണ് ഈ നോവലിൽ അവതരിപ്പിക്കുന്നത്. തല ചതഞ്ഞു ചത്തുകൊണ്ടിരിക്കെ പോലും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ദുഷ്ട ഭൂതകാലത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ബിംബമായി ഈ വിഷപ്പാമ്പിനെ നമുക്ക് വായിച്ചെടുക്കാം. വളരെ പതുക്കെ അണലി വിഷം വ്യാപിക്കാറുള്ളൂ. പക്ഷേ മരണം ഉറപ്പാണ് . ഓരോ രോമകൂപത്തിൽ നിന്നും രക്തം വമിച്ചു കൊണ്ടിരിക്കും.

ആണത്തം ആണുമായി ബന്ധപ്പെട്ടതല്ലെന്നും അത് അധികാരവുമായി ബന്ധപ്പെട്ടതാണെന്ന് മീര പുനർനിർവ്വചിക്കുന്നുണ്ട്. അതിന്റെ അധികാരപ്രമത്തത നേരിടാൻ ഒറ്റ മാർഗമേയുള്ളൂ. അതിനൊരിക്കലും സാധ്യമാകാത്തവിധം ഹിംസാത്മകമായി ഇരിക്കുക. ഗാന്ധിയൻ ദർശനം പ്രദാനം ചെയ്യുന്ന പ്രതിരോധമുറകളാണ് സത്യപ്രിയയിലൂടെ മീര അവലംബമാക്കിയിരിക്കുന്നത്. അതിനനുയോജ്യമായ വിധത്തിൽ ഇരയും അപസർപ്പകയായ വേട്ടക്കാരിയുമായി സത്യ പ്രിയ വേഷം മാറുന്നു . ആഴമേറിയ സാമൂഹ്യ മനശാസ്ത്രസത്യങ്ങൾ സത്യ പ്രിയ കണ്ടെത്തുന്നു. തോൽപ്പിച്ചു മാഞ്ഞുപോയ ജീവിത യാഥാർത്ഥ്യങ്ങളോട് അടിച്ചേൽപ്പിക്കപ്പെടുന്ന സാമ്പത്തിക പ്രത്യയശാസ്ത്രത്തോട് സാമൂഹിക അനാചാരങ്ങളോട് ഭയന്ന്മാത്രം കഴിയാൻ വിധിക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങളോട്, അധികാരം രൂപപ്പെടുത്തുന്ന നീതി ശാസ്ത്രങ്ങളോട് , ഭരണഘടന തന്നെ മാറ്റിയെഴുതുന്ന മതതീവ്രവാദഭരണകൂടത്തോട് ഒക്കെ സത്യപ്രിയ കലഹിച്ചു കൊണ്ടേയിരിക്കുന്നു . ഒപ്പം വായനക്കാരനും .ഒരു വിസ്ഫോടനത്തിനായി അതിനുശേഷമുള്ള ഉയർത്തെഴുന്നേൽപ്പിനായി.

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു