രേഖയുടെ നോവൽ പഠനങ്ങൾ – 5 : വയൽനാടിന്റെ വനഗാഥ

ഷീല ടോമിയുടെ ‘വല്ലി ‘ വായന

ജീവിതത്തിന്റെ തീവ്രസഹനങ്ങളെ ആവിഷ്കരിക്കാൻ പര്യാപ്തമായ കുടിയേറ്റജീവിതം എഴുത്തിന് വിഷയമാകുന്നത് മലയാളത്തിലാദ്യമല്ല. എസ്.കെ പൊറ്റക്കാട് വിഷകന്യകയിൽ നട്ടുനനച്ചതാണ് ഷീല ടോമിയുടെ വല്ലിയിൽ പൂത്തു വിടരുന്നത്. വയനാടൻമണ്ണിൽ പിച്ചവെച്ച് മലമ്പാതകളിൽ മനസ്സുവഴുതി ചുരമിറങ്ങിയ തപ്തനിശ്വാസങ്ങളിൽ നിന്ന് അക്ഷരരൂപമെടുത്ത വയനാടിന്റെ കഥയാണ് ഷീല ടോമിയുടെ വല്ലി. കബനിയുടെ തീരത്തുള്ള കുടിയേറ്റ ഗ്രാമത്തിൽ എഴുപതുകളിൽ ജനിച്ച കഥാകാരി കഴിഞ്ഞ ഇരുപത് വർഷമായി പ്രവാസിയാണ്. വല്ലി എന്ന പദത്തിന് ഭൂമിയെന്നും വള്ളിപ്പടർപ്പെന്നുമാണ് അർത്ഥം. ആദിവാസികളുടെ ഇടയിൽ നിലവിലുള്ള കൂലിയെയും വല്ലിയെന്ന് പറയും.

വ്യത്യസ്ത മാനങ്ങളിൽ വായിച്ചെടുക്കാവുന്ന ഒരു നോവലാണ് വല്ലി. സർവ്വചരാചരങ്ങൾക്കും മേലുണ്ടാകുന്ന അധിനിവേശവും ചൂഷണവും പാർശ്വവൽക്കരണവും അതിജീവനവും ഇതിൽ പരാമർശവിധേയമാകുന്നു. ആത്മബന്ധങ്ങളും ആത്മസംഘർഷങ്ങളും ചർച്ച ചെയ്യുന്നു. ഇത് കർഷകന്റെയും കുടിയേറ്റക്കാരന്റെയും കഥയാണ്. ഒരു സ്ത്രീപക്ഷ നോവലാണ് . രാഷ്ട്രീയം കുതറുകയും വിപ്ലവം ചുവക്കുകയും ചെയ്യുന്നുണ്ടിതിൽ. ആഗോളജനത അഭിമുഖീകരിക്കുന്ന കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിപ്രശ്നവും ആദിവാസി ഭൂമിപ്രശ്നവും ചർച്ചചെയ്യുന്നുണ്ട് . ഇരുട്ടി വെളുക്കുമ്പോൾ ലോറി കയറിപ്പോകേണ്ടിവരുന്ന കുന്നുകളുടെ വിങ്ങൽ ഇതിലുണ്ട്. ഹിന്ദുത്വവൽക്കരണത്തിന്റെ ഹിഡൻ അജണ്ട വള്ളിത്തട്ടിൽ മറഞ്ഞിരിക്കാതെ ഇടയ്ക്കിടെ വെളിപ്പെട്ടു പോകുന്നുണ്ട്. ലോകമെമ്പാടുമുള്ള ഗോത്രവർഗ്ഗ പോരാട്ടങ്ങളെ ഇതിൽ കൂട്ടിവായിക്കാനാവും . കസ്തൂരി രംഗനും മാധവ്ഗാഡ്ഗിലും പരിസ്ഥിതിലോലമെന്ന് മുദ്രവയ്ക്കുന്നതിനു മുന്നേ കടന്നാക്രമിക്കപ്പെട്ട വയനാടിന്റെ സൗന്ദര്യവും ദൈന്യവുമാണ് വല്ലി ആവിഷ്കരിക്കുന്നത്. കോർപ്പറേറ്റുകളുടെ കടന്നുകയറ്റത്തിൽ ശ്വാസംമുട്ടി പിടയുന്ന സമകാലജനതയ്ക്ക് ഒരു കീറ്പ്രാണവായു ഈ പച്ചപ്പിൽ നിന്ന് കിട്ടാതിരിക്കില്ല.

കുടിയേറുന്ന ജീവിതങ്ങൾക്കും കുടിയിറക്കപ്പെടുന്ന പ്രകൃതിക്കും തുല്യ അവകാശത്തോടെ വല്ലിയിൽ ഇടം പതിച്ചു നൽകിയിരിക്കുന്നു. പുസ്തകം സമർപ്പിച്ചിരിക്കുന്നത് തീപിടിച്ച കാടിനും ശബ്ദമില്ലാത്ത മനുഷ്യർക്കും ലിപിയില്ലാത്ത ഭാഷയ്ക്കുമാണ്. കാടിവിടെ ഒരു രൂപകം കൂടിയാവുന്നു. പൊള്ളലേൽക്കുന്നത് വായനക്കാരന്റെ മനസ്സിനാണ്. പ്രതികരണശേഷിയില്ലാതെ നിസ്സഹായരായിപ്പോയ ആദിമ ജനതയുടെ വിധേയത്വത്തിനാണ്. ലിഖിതരൂപമോ ശബ്ദമോ ഇല്ലാതെ പോകുന്നവരുടെ സ്വത്വബോധത്തിനാണ്.

ലണ്ടനിലേക്കുള്ള യാത്രാമധ്യേ ടെസ നൽകിയ സൂസന്നയുടെ ഡയറിക്കുറിപ്പുകളാണ് എഴുത്തുകാരി ആത്മാവിൽ എഴുതിത്തുടച്ചുകൊണ്ടിരുന്ന സ്വന്തം ദേശത്തിന്റെ കഥയെ അക്ഷരങ്ങളിലേക്ക് ആവാഹിച്ചത്. സൂസന്നയുടെ കുറിപ്പുകളിലൂടെയും നാട്ടിലുള്ള മുത്തച്ഛനും ടെസയും എഴുതിയ കത്തുകളിലൂടെയും ഇമെയിലുകളിലൂടെയും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വയനാടൻ ജീവിതത്തിന്റെ നിഗൂഢതകളിലേക്ക് എഴുത്തുകാരി വായനക്കാരെ നയിക്കുന്നു. 37 അധ്യായങ്ങളിൽ പടരുന്ന വയനാടൻ ജീവിതം 2018 ആഗസ്ത് 17 പ്രളയദിനത്തിലെ ഉണ്ണിയച്ചിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അവസാനിക്കുന്നു. മനുഷ്യന്റെ ആർത്തിക്കും ചൂഷണത്തിനും മേലുള്ള പ്രകൃതിയുടെ വല്ലിയേക്കുറിച്ചാണ് ആ പോസ്റ്റ്.

പ്രണയവും പകയും പതയുന്നവർ

കാഞ്ഞിരപ്പള്ളിയിലെ പ്രതാപിയായ പിച്ചകശേരിയിൽ പൗലോച്ചന്റെ മകളായ സാറ ഊരും പേരുമില്ലാത്ത തൊമ്മിച്ചനെന്ന വാധ്യാരുടെ കൂടെ ഇറങ്ങിപ്പുറപ്പെടുന്നതോടെയാണ് വല്ലി ചുരം കയറാൻ തുടങ്ങുന്നത്. പ്രണയപരാധീനരായ അവർ തൊമ്മിച്ചന്റെ കൂടെപ്പഠിച്ച പീറ്ററിന്റെ നാടായ വയനാട്ടിലെ കല്ലുവയലിലേക്ക് ആദ്യത്തെ പോസ്റ്റിങ് ചോദിച്ചു വാങ്ങിയത് ജീവിക്കാനാണ്. മാനന്തവാടിയിൽ വണ്ടിയിറങ്ങുന്ന അവരെ കാത്തിരിക്കുന്നത് അഴിക്കുന്തോറും മുറുകുന്ന ജീവിതക്കുരുക്കുകളാണ്. അന്ന് 1970 ഫെബ്രുവരി11. നക്സലൈറ്റ് ആക്രമണവുമായി ബന്ധപ്പെട്ട് പുൽപ്പള്ളികേസിലെ പിടികിട്ടാപ്പുള്ളി വർഗീസിനെ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കാലമാണത്. വർഗീസിന്റെ മുഖച്ഛായ തൊമ്മിച്ചനുണ്ടെന്ന ആരോപണത്തിൽ അവർ സംശയനിഴലിലാവുന്നു. ഒളിയിടംതേടി വയനാട്ടിലെത്തുന്ന തൊമ്മിച്ചനും സാറയും പീറ്ററിന്റെ ആഞ്ഞിലിക്കുന്നേൽ കുടുംബത്തിനു സമീപം മഞ്ചാടിക്കുന്നെന്ന ചെങ്കൽവീട്ടിൽ താമസമാക്കുന്നു .

പണത്തിനും അധികാരത്തിനും മീതെ അഹന്ത പതയുന്ന ഐവാച്ചനും ഭാര്യ അന്നംകുട്ടിയ്ക്കും അവരുടെ മൂന്ന് മക്കൾക്കും കുടുംബത്തിനും ഒപ്പമാണ് കല്ലുവയലിൽ പിന്നീടുള്ള അവരുടെ ജീവിതം . വൻഭൂവുടമകളാലും കൈയേറ്റക്കാരാലും രാഷ്ട്രീയക്കാരാലും ആക്രമിക്കപ്പെട്ട് സ്വത്വം നഷ്ടപ്പെടുന്ന ആദിവാസി ജീവിതവുമായി അത് അലിഞ്ഞുചേർന്നിരിക്കുന്നു. അരിച്ചുമാറ്റാനാവാത്ത ആ രസക്കൂട്ടിന്റെ നിർമ്മാണത്തിലാണ് നോവലിസ്റ്റിന്റെ സർഗ്ഗാത്മകജനിതകഘടന അനുവാചകന് അനുഭവവേദ്യമാകുന്നത്. ജീവിതത്തിലൂടെ മനുഷ്യരെത്തിപ്പെടുന്ന അവസ്ഥാന്തരങ്ങൾ ഏത് ദീർഘദൃഷ്ടിക്കും അപ്പുറമാണ്. ഭൂതാവിഷ്ടനായ ഐവാച്ചൻ ജീവിക്കുന്ന ഭൂതകാലാവശിഷ്ടമായ വർത്തമാനകാലത്തിലൂടെ ജീവിതത്തിന്റെ ഈ അവ്യവസ്ഥിതത്വവും വായനക്കാരനോട് സംവദിക്കുന്നുണ്ട്.

മണ്ണും പെണ്ണും പാട്ടും തുടിയും നഷ്ടമായ മനുഷ്യരുടെ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും അതിജീവനത്തിന്റെയും കഥയായി നോവൽ മാറുന്നു. മനസമ്മതത്തിന്റെ തൊട്ടടുത്ത പ്രഭാതത്തിൽ തന്നെ പീറ്ററിന്റെ കെട്ട് നടത്തിക്കൊടുക്കുന്ന വിപ്ലവകാരിയായ ഫെലിക്സച്ചൻ, ആഞ്ഞിലിക്കുന്നിന്റെ മുറ്റത്തും കല്ലുവയലിലാകെയും വിപ്ലവം നടപ്പാക്കുന്ന തൊമ്മിച്ചനെ മറഞ്ഞിരുന്നു നിയന്ത്രിക്കുന്ന പത്മനാഭൻ, സാറയുടെ ചിരിയും തൊമ്മിച്ചന്റെ കണ്ണുമുള്ള സൂസൻ, ലൂസിയുടേയും പീറ്ററിന്റെയും മക്കളായ ജയിംസും ജോയ് മോനും പിന്നെ കരിന്തണ്ടനും കാളിയും രുക്കുവും ബസവനും അഴകനും പേസിയും ജവരനും കല്യാണിയും ഉമ്മിണിത്താറയും കാടിനൊപ്പം തഴച്ചുവളരുന്നു. വ്യക്തിത്വസവിശേഷതകളുടെ ഇരുട്ടും വെളിച്ചവുമാണ് വല്ലിയിലെ ഓരോ കഥാപാത്രവും. പ്രകൃതിയേയും പെണ്ണിനെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് പീറ്ററും ജയിംസും തൊമ്മിച്ചനും പത്മനാഭനും . അവരിലെ സാമൂഹ്യബോധവും ഏറെക്കുറെ സമാനമാണ്. ഈ വെളിച്ചത്തിന്റെ മറുവശത്തുള്ള ഇരുട്ടാണ് ലൂക്കായും ഐവാച്ചനും. രണ്ടു പക്ഷത്തിലും ചേരാതെ വേറിട്ടു നിൽക്കുന്നത് ശ്യാം മാത്രമാണ്.

അടിമപ്പണിയും ഭൂമിചൂഷണവും വനനശീകരണവും നക്സലൈറ്റ് പ്രസ്ഥാനവുമൊക്കെ പി .വത്സലയുടെ നെല്ലും കെ .ജെ .ബേബിയുടെ മാവേലിമന്റവും നാരായന്റെ കൊച്ചരേത്തിയും അവതരിപ്പിച്ചതാണ്. കുങ്കനും കൈപ്പാടനും കുഞ്ഞിപ്പെണ്ണും പറഞ്ഞ അവരുടെ കഥയിൽ നിന്ന് വ്യത്യസ്തമായി വല്ലിയിൽ കുടിയേറ്റക്കാരന്റെ ഭാഗത്തു നിന്നാണ് കഥ പറയുന്നത്. ഓരോ പുല്ലിനും അതിന്റെ അവകാശമണ്ണുണ്ടെന്ന് വിശ്വസിക്കുന്ന നോവലിസ്റ്റ് വയനാടൻ പ്രകൃതിയിൽ അലിഞ്ഞു പോയ കുടിയേറ്റക്കാരിയായതാവാം അതിന് കാരണം.

ആദിമസ്മൃതിയുടെ ആവിഷ്കാരം

ഏത് പരുക്കൻ പ്രതലത്തിലും ആർദ്രതയുടെ ഉള്ളുണർത്തുന്നതാണ് വയനാടൻ പ്രകൃതി. അതിന്റെ പച്ചപ്പിൽ ആസകലം മുങ്ങിക്കുളിച്ചു നിൽക്കുകയാണ് വല്ലി. ഇതിലെ ഏറ്റവും പ്രധാന കഥാപാത്രം കാടാണ് . ചെമ്പകം പൂത്ത കാടോരത്തേക്ക് കൈതപൂത്ത തോട്ടുവക്കിലേക്ക് വിപ്ലവം പൂത്ത വയൽ വരമ്പിലേക്ക് വല്ലി നമ്മെ കൂടെക്കൂട്ടുന്നു ചിരിക്കുകയും കരയുകയും പ്രണയിക്കുകയും ചുവക്കുകയും ചെയ്യുന്ന കാട് . കാടിന്റെ തണുപ്പിൽ ലയിച്ചുചേർന്ന് കേൾക്കുന്ന ഗോത്രസംസ്കാരത്തിന്റെ തുടിച്ചന്തം .” ഇലവും വേങ്ങയും ഇരുമുള്ളും കാട്ടുനാരകവും കാട്ടുനെല്ലിയും കാട്ടാലും പരട്ടിയും പുന്നയും പേഴും കമ്പകവും ” എന്നിങ്ങനെ കാട്ടിമ്പങ്ങൾ വല്ലിയിൽ തോരാതെ പെയ്യുന്നു.

കൃഷ്ണരാമവർണ്ണനകളിൽ സ്വയം മറന്ന് ഭഗവദ്നാമ പ്രവാഹത്തിൽ ലയിച്ചു പോകുന്ന എഴുത്തച്ഛനെപ്പോലെ പല ഭാഗത്തും നോവലിസ്റ്റിന് കാടിന്റെ കുളിർമയിൽ സ്വയം നഷ്ടപ്പെടുന്നു. സ്ഥൂലത്തെ സൂക്ഷ്മത്തിലേക്ക് സാന്ദ്രമാക്കുന്ന ബിംബങ്ങൾ ഉപയോഗിച്ച് വായനക്കാരനെ പങ്കാളിയാക്കുന്ന തന്ത്രം ഇത്തരം അവസരങ്ങളിൽ നോവലിസ്റ്റ് ഉപയോഗിക്കുന്നു. മിണ്ടിയും പറഞ്ഞും ഇരപിടിച്ചും ഇണചേർന്നും കളിച്ചും മദിച്ചും നടക്കുന്ന നൂറുനൂറായിരം സൂക്ഷ്മജീവികൾക്ക് സ്വന്തമായ കാട്ടിലേക്ക് മഴുവുമേന്തി ഒളിച്ചും പാത്തും എത്തുന്ന ഇരുകാലികളുടെ കുത്സിത പ്രവൃത്തികളിൽ നിക്ഷിപ്തതാല്പര്യങ്ങളില്ലാത്ത വായനക്കാരൻ ഉത്ക്കണ്ഠാകുലനാകുന്നു.

കാടോളം ആഴവും ഗഹനവുമാണ് പെണ്ണ്. കാടിനെ അറിയുന്ന പോലെ പെണ്ണിനെ അറിയണം. ഇലകൊഴിയും കാലം, തളിരണിയും കാലം , പൂമൂടും കാലം, പിറവിയുടെ കാലം, ഒടുങ്ങലിന്റെ കാലം ഇവയൊക്കെ പെണ്ണിനും കാടിനും ഒരുപോലെ സ്വന്തം . എപ്പോ ചിരിക്കും എപ്പോ കരയും എന്നൊന്നും പറയാനാവാത്ത സാറയുടെ സ്വഭാവം കാടുപോലെയാണെന്ന് തൊമ്മിച്ചൻ പറയുന്നുണ്ട്. ഇത്തരത്തിൽ ഇക്കോഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ വായിച്ചെടുക്കാവുന്ന പല സന്ദർഭങ്ങളും നോവലിലുണ്ട്. മനുഷ്യന്റെ വാസ്തവബോധത്തെ മാറ്റിമറിക്കുന്ന തരത്തിൽ അനുഭവപ്പെടുന്ന സ്ഥലരാശിയുടെ സാന്നിധ്യം ഈ നോവലിൽ പ്രകടമാണ് .
പ്രലോഭനങ്ങളും ചതിക്കുഴികളും ഒരുക്കി കാത്തിരിക്കുന്ന ഒരു കൂട്ടം മനുഷ്യരെയും കാപ്പി പൂക്കുന്ന, തേക്ക് പൂക്കുന്ന, കാട് പൂക്കുന്ന വയനാടൻ പ്രകൃതിയെയും നോവൽ ഒരേ പോലെ പകർത്തുന്നു.

ജീവന്റെ നിലനിൽപ്പിന് ആധാരമായ സ്ത്രീയാണ് കാട് . അതിലെ അക്ഷയഖനികൾ തിരഞ്ഞു ചെല്ലുന്ന വന്തവാസികൾ ഇരയെ എന്ന പോലെയാണ് അവളെ കടിച്ചു കുടയുന്നത്. നിതാന്തവും നിരാമയവും അദൃശ്യവുമായ പ്രക്രിയകളിലൂടെ നിരന്തരം തുടരുന്ന പ്രകൃതിയും മേലാള മേൽക്കോയ്മയ്ക്ക് വഴങ്ങി കൊടുക്കാത്ത പെണ്ണും ഒന്നുതന്നെയാണ്.

ദ്രാവിഡമായ ഒരു പാരിസ്ഥിതിക ലാവണ്യശാസ്ത്രം ഈ നോവലിലുണ്ട്. പ്രകൃതിയുടെ നിറവുള്ള ധന്യതയാണ് കാട്. കാടെന്നാൽ മരവും കടുവയും ശുദ്ധജലവും ശുദ്ധവായുവും മാത്രമല്ലെന്നും അതിന് ശക്തമായ ഒരു സാമൂഹ്യജനകീയ തലമുണ്ടെന്നും നോവൽ വെളിവാക്കുന്നു. ജനിതകഘടനയും ഭൂപ്രകൃതിയും ഒക്കെയാണ് ശരീരഘടനയുടെ പ്രത്യേകതകൾ നിർണയിക്കുന്നത്. കാട് ശരീരമാവുകയും അതൊരു സാംസ്കാരികനിർമ്മിതി കൂടി ആവുകയും ചെയ്യുന്ന കാഴ്ച നോവലിൽ പലയിടത്തും കാണാം. അവന്റെ വരവ് പ്രകൃതിയിൽ നിന്നാണ്. പോക്ക് പ്രകൃതിയിലേക്കാണ്. എല്ലാ ജീവ വസ്തുക്കളും പ്രകൃതിയുടെ തന്നെ അംശങ്ങളാണ്. പ്രകൃതിക്കപ്പുറം വേറൊന്നില്ല. അതുകൊണ്ട് പ്രകൃതിയിൽ നിന്ന് വേറിട്ടൊരു അസ്തിത്വം മനുഷ്യന് സാധ്യമല്ലതന്നെ. സാഹിത്യം എന്ന വാക്കിന് സഹിതമായത് എന്നാണല്ലോ അർത്ഥം. ആ വാക്കിന്റെ സാമൂഹ്യവ്യാപ്തിയെ പൂർണ്ണമായും ഉൾക്കൊള്ളുന്ന നോവലാണ് വല്ലി.

“മനുഷ്യന്റെ അസ്തിത്വത്തിനാധാരമായ ഭൂജലസാന്നിധ്യങ്ങൾ, രൂപകങ്ങൾ ഇവയിലൂടെ ആധുനിക മനുഷ്യജീവിതത്തിന് നേർക്ക് ഒരു കൃതി എത്രമാത്രം നീളുന്നു എന്നന്വേഷിക്കുന്ന രസവിചാരമാണ് പരിസ്ഥിതി സൗന്ദര്യശാസ്ത്രം “. അതിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ മനുഷ്യരുടെ വൈകാരിക പ്രപഞ്ചത്തിനൊപ്പം മൂലപ്രപഞ്ചത്തിന് ലഭിച്ചിരിക്കുന്ന പ്രാമുഖ്യം ഈ നോവലിന്റെ പ്രത്യേകതയാണ് . താൻ ജീവിക്കുന്ന ചുറ്റുപാട് സൃഷ്ടിക്കുന്ന വിസ്മയങ്ങളും വിഭ്രാന്തികളും വിധേയത്വവും മൂലം പ്രകൃത്യാരാധനയുടെ അടിത്തറയിൽ അഭയംതേടിയ ആദിമമനുഷ്യന്റെ തുടർച്ച നോവലിലുണ്ട് . മതങ്ങളുടെ പാപബോധത്തിന്റെ അടിത്തറ ഇത്തരം ആരാധനകളിലില്ല .

ചരിത്രാതീത കാലം മുതൽ മനുഷ്യന് പാടാൻ, നൃത്തമാടാൻ, ചിത്രമെഴുതാൻ, ശിൽപ്പം കൊത്താൻ ഒക്കെ കഴിവുണ്ടായിരുന്നു. അനുഷ്ഠാനങ്ങളിലൂടെയും ആഭിചാരങ്ങളിലൂടെയും മാത്രമാണ് ഇതൊക്കെ വെളിച്ചം കണ്ടിരുന്നത്. ഭൗമചേതനയെ ഉണർത്താനുള്ള അത്തരം മാന്ത്രികവിദ്യകളെല്ലാം കലയുടെ ആദ്യ രൂപങ്ങളായിരുന്നു. ഇത്തരം കലകൾ അതിന്റെ ദ്രാവിഡത്തനിമയോടെ നിലനിൽക്കുന്ന ജീവിതയിടങ്ങൾ നാം നോവലിൽ കാണുന്നു.

Sheela Tomy : Image Courtesy Social Media

ഭാഷയിലെ തുടിപ്പേച്ച്

സാഹചര്യത്തിനനുസരിച്ച് മുറുകിയും അയഞ്ഞും പ്രവഹിക്കുന്ന ഭാഷ സന്ദർഭത്തിനനുയോജ്യമായ ഭാവതീവ്രത അനുവാചകനിൽ സന്നിവേശിപ്പിക്കുന്നു. ഉണ്ണിയച്ചിയുടെയും അഴകന്റേയും ലയനത്തിൽ ഭാഷ രത്യുന്മാദത്തിന്റെ കിലുക്കം കേൾപ്പിക്കുന്നു. പാതിരാത്രി നക്സലൈറ്റിനെ തിരക്കിയിറങ്ങിയ പോലീസുകാരുടെ ഭാഷയ്ക്ക് ജീപ്പിന്റെ ഇരമ്പലും ചടുലതയുമാണുള്ളത് .

വയനാടൻഭാഷയുടെ തിരുശേഷിപ്പുകളാണ് അദ്ധ്യായങ്ങളുടെ തലക്കെട്ടുകളെല്ലാം. പണിയഭാഷയുടെ അർഥം തേടി അടിക്കുറിപ്പുകൾ ആദ്യം വായിക്കേണ്ടി വരുന്നുണ്ടെങ്കിലും അനുവാചകനും അവരിലൊരാളായി മാറുന്നതോടുകൂടി പ്രത്യേകംപൊളിച്ചെടുക്കേണ്ട ആവശ്യം ഇല്ലാതാകുന്നു .

വയനാടിനു മാത്രം സ്വന്തമായ ഗോത്രസംസ്കാരത്തോടൊപ്പം പ്രാക്തനഭാഷാപദങ്ങളും നോവലിൽ അവിടവിടെയായുണ്ട് . ‘ചങ്ങാതം’ എന്നത് സംഘകാലത്ത് പ്രയോഗത്തിലുണ്ടായിരുന്ന പദമാണ്. ആയുധ പരിശീലനം നൽകി വളർത്തിയെടുക്കുന്ന കാവലാളുകളാണവർ. മരണശേഷം അവരുടെ പേര് വീരക്കല്ലുകളിൽ രേഖപ്പെടുത്തിയിരുന്നു. വീരക്കല്ലിൽ രേഖപ്പെടുത്താതെ പോയ ചാവേറാണ് ബസവൻ. സന്ദർഭത്തിനനുയോജ്യമാംവിധം നോവലിസ്റ്റ് ധാരാളം ബൈബിൾ വചനങ്ങൾ ഉപയോഗിക്കുന്നുണ്ട്. പണിയരും കുറുമരും ഈരാളി കുറുമരും കൂടിക്കലർന്ന ആദിവാസി വിഭാഗത്തിന്റെ പാട്ടും തുടിയും നോവലിലെമ്പാടുമുണ്ട്.

ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളുടെ ചില സൂചനകൾ മാത്രം തന്നുകൊണ്ട് വായനക്കാരന്റെ ആകാംക്ഷയെ ഉച്ചസ്ഥായിയിൽ എത്തിക്കുന്ന ഒരു തന്ത്രവും ആദ്യ അധ്യായങ്ങളിൽ നോവലിസ്റ്റ് പ്രയോഗിക്കുന്നുണ്ട് .പൂർണ്ണമായി അനാവൃതമാകാത്ത സൗന്ദര്യത്തെ ഓർത്തുള്ള പ്രണയമനസ്സിന്റെ കൗതുകവും ആവേശവും ഇവിടെ നോവലിസ്റ്റ് പ്രയോജനപ്പെടുത്തുന്നു . അതിനനുയോജ്യമായ ഒരു ഭാഷയും വളരെ തന്ത്രപൂർവ്വം അവിടെ പ്രയോഗിക്കുന്നു .

മദഗന്ധം പടരുന്ന ഭാഷയിലാണ് കഥാകാരിപ്രണയത്തെ അവതരിപ്പിക്കുന്നത്. കാട്ടുകള്ളൻമാരെ തുരത്തിയിട്ട് ഒറ്റയ്ക്കിരുന്നു കരയുന്ന ബസവനിലേക്കെത്തുന്ന രുക്കു . ഭൂമി നിറഞ്ഞ് പ്രണയം പെയ്യുന്നതും ചോല അരുവിയാകുന്നതും അരുവി പുഴയാകുന്നതും നാം കാണുന്നു. പ്രണയത്തിൽ മനുഷ്യർ മാത്രമല്ല പ്രകൃതി ഒന്നാകെ തളിർക്കുകയും പൂക്കുകയും ചെയ്യുന്നു. കാട്ടുപൂക്കൾ പൂത്തിറങ്ങുന്ന നോട്ടവുമായി തരപ്പാടിയിലെ വെള്ളച്ചാട്ടത്തിൽ ബസിറങ്ങിയ ശ്യാമിനും സൂസനുമൊപ്പം ഒരു സ്പർശത്തിൽ ഒരു പൂമഴ വായനക്കാരനും നനയുന്നു.

കാമാർത്തിയോടെ ആക്രമിക്കപ്പെട്ടപ്പോഴെല്ലാം പ്രണയം കൊണ്ടു മാത്രം തൊടുന്ന ഒരാൾക്കായുള്ള സമർപ്പണമായിരുന്നു ഉണ്ണിയച്ചിക്ക് ജീവിതം . “നൊടിയിടയിൽ വീശിയടിച്ച മലങ്കാറ്റായി ലക്ഷ്മണരേഖ കടക്കുന്ന അഴകൻ . ഒരു പൂ ഇരു പൂ തൊടുന്നിടമെല്ലാം പൂ . പൂവായ പൂവെല്ലാം ഉമ്മ വച്ച് കാറ്റ് വിതച്ചു. ഓരോ ചുംബനവും പ്രാർത്ഥനയായിരുന്നു. ആദ്യമായി ഒരു ദേവനു മുന്നിൽ ഉണ്ണിയച്ചി സ്വയം മറന്നാടി ” ഇവിടെ ഭാഷയ്ക്ക് സുഗന്ധവും കാൽച്ചിലമ്പിന്റെ നാദവുമുണ്ട്. ഒന്നാം കാലത്തിൽ നിന്ന് കൊട്ടിക്കയറി പതികാലത്തിലൂടെ അഞ്ചാംകാലത്തിലെത്തിയത് ഉണ്ണിയച്ചിയും അഴകനും മാത്രമല്ല, നോവലിലെ ഭാഷയും ഇവിടെ പരമാനന്ദത്തിലാവുന്നു.

ജൈവരാഷ്ട്രീയത്തിന്റെ ബദലുകൾ

മഹാഭാരതത്തിലെ ഭീഷ്മാചാര്യരുടെ തലപ്പൊക്കമുള്ള കഥാപാത്രമാണ് എല്ലാറ്റിനും സാക്ഷിയാവാൻ വിധിക്കപ്പെട്ട തൊമ്മിച്ചൻ . ട്രെയിനിങ് കഴിഞ്ഞുവന്ന് ആബായോടൊപ്പം കൂടി കടപ്പുറത്തെ കുട്ടികളെ പഠിപ്പിക്കാൻ കൊതിച്ചിട്ടും പ്രണയച്ചുവപ്പ് കൈവിട്ടുപോകാനാവാതെ ചുരം കയറിയവൻ. ഇരുളിനെ പ്രകാശമായി പരിവർത്തനം ചെയ്തിരുന്ന സാറ എന്നെന്നേക്കുമായി വിട്ടുപോയി. പീറ്ററിനെ കാടും ജോയ്മോനെ പുഴയും കൊണ്ടുപോയി. ഒറ്റ മകൾ സൂസനും ഒറ്റയ്ക്കാക്കി പോയി. ഉള്ളുപൊള്ളിക്കുന്ന യാഥാർത്ഥ്യങ്ങൾക്കിടയിലും തൊമ്മിച്ചൻ കല്ലുവയലിനായി ജീവിച്ചു. കാടിനെ സ്നേഹിച്ചു പോയ ഒരു കുടിയേറ്റക്കാരന്റെ സംഘർഷങ്ങളും സന്ദിഗ്ധതകളും ഒരായുസ്സ് മുഴുവൻ അനുഭവിച്ചു. ആത്മാർപ്പണവും സത്യസന്ധതയും കൈമുതലാക്കിയിട്ടും ഒടുവിൽ ഇടിഞ്ഞുവീഴുന്ന തമ്പ്രാൻ കുന്നിന് നിശബ്ദം സാക്ഷിയാകുന്നവൻ. കാവലെത്ര നിന്നിട്ടും മറഞ്ഞുപോകുന്ന കാടിന്റെ മരണത്തിന് സാക്ഷിയായവൻ. മതിൽക്കെട്ടിനുള്ളിലെ ആരാധനകൾ മഹാദുരന്തമായി പോകുന്നതുകണ്ട് വിഷമിക്കുന്നവൻ. വ്യക്തിയെ വ്യവസ്ഥയ്ക്ക് പരുവപ്പെടുത്തിയെടുക്കുന്ന മാന്ത്രികത പോലെ തന്നെ വ്യവസ്ഥിതി കൊണ്ട് രൂപപ്പെട്ടുവന്ന ഒരു രാഷ്ട്രീയക്കാരൻ തൊമ്മിച്ചനിലുണ്ട്. കക്ഷി രാഷ്ടീയത്തിനതീതമായ ആ മനുഷ്യപക്ഷ രാഷ്ട്രീയം ജീവിതത്തിലെന്നപോലെ നോവലിലും പലപ്പോഴും ഒറ്റയ്ക്കാകുന്നു. ടെസയും വല്യപ്പച്ചനും തമ്മിൽ നിരന്തരമെഴുതുന്ന കത്തുകളിൽ നിറഞ്ഞു കവിയുന്ന സ്നേഹവാത്സല്യങ്ങളുടെ കുത്തൊഴുക്കുണ്ട്.

ഉള്ളവനും ഇല്ലാത്തവനും തമ്മിലും പ്രകൃതിയും മുതലാളിത്തവും തമ്മിലും ആർത്തിയും ആവശ്യവും തമ്മിലുമുള്ള വൈരുദ്ധ്യത്തെ കുറിച്ച് ചിന്തിച്ചും പ്രവർത്തിച്ചും ഒരായുസ്സ് കഴിക്കുന്ന ആളാണ് പത്മനാഭൻ. ഉറക്കം വരാതെ കിടക്കുമ്പോൾ അയാൾ മണ്ണിന്റെ കരച്ചിൽ കേൾക്കുന്നു. കാടിനെ, പുഴയെ, പൂവിനെ, മരത്തെ ഉള്ളിലേറ്റുന്ന അയാൾ യഥാർത്ഥത്തിൽ ഒരു കാട് തന്നെയാണ്. അവയുടെ താളം അയാളുടെ ജീവതാളമാണ്. എന്തുകൊണ്ടെന്നും എങ്ങനെയെന്നും ചോദ്യങ്ങൾ ചോദിക്കാൻ ഒരു കാലത്ത് കേരളീയരെ പഠിപ്പിച്ചു കൊണ്ടിരുന്ന ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തകനാണയാൾ.

ആദിവാസികളെ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് നയിക്കുമ്പോൾ അവർ അന്യവൽക്കരിക്കപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിനെ അതിജീവിക്കാനായി കെ .ജെ . ബേബി ആരംഭിച്ച ബദൽ വിദ്യാഭ്യാസസംവിധാനമാണ് ‘കനവ് ‘ സ്കൂൾ . അത് നേരിട്ട പരിമിതികളെ അതിലംഘിക്കാൻ പര്യാപ്തമാണ് ഷീലാടോമി അവതരിപ്പിക്കുന്ന തൊമ്മിച്ചന്റെ കാടോരം സ്കൂൾ . അട്ടപ്പാടി സ്വദേശിയായ ആദിവാസി കലാകാരി നഞ്ചിയമ്മയെ കേരള ജനത ഒന്നാകെ നെഞ്ചേറ്റുകയും ചരിത്രത്തിലാദ്യമായി മലയാളത്തിൽ നിന്നും ഇരുള ഭാഷയിലേക്ക് തർജ്ജമ സാധ്യമാവുകയും ചെയ്ത കാലമാണിത്. സ്വന്തം ശീലുകളെ ചുണ്ടിനുള്ളിൽ പൂട്ടിയിട്ടു കൊണ്ട് കാതിലേക്ക് ഇരമ്പിക്കയറിയ അപരിചിത ഭാഷയെ ഭയന്ന ആദിവാസി കുട്ടികളെ ഈ നോവലിൽ അവതരിപ്പിക്കുന്നു. ഉച്ചയ്ക്ക് കിട്ടുന്ന കഞ്ഞിക്ക് വേണ്ടി മാത്രം സ്കൂളിലെത്തുന്ന അന്തർമുഖരായ ആ കുട്ടികൾ സായാഹ്ന വിദ്യാലയത്തിലേക്കെത്തുന്നു. ഞാറ്റുപാട്ടും നാട്ടുവൈദ്യവും കണക്കും സയൻസും അവർ ആസ്വദിച്ചു പഠിക്കുന്നു . ഹാജർ ബുക്കില്ലാത്ത, ഹോംവർക്കും ചൂരലുമില്ലാത്ത , പരീക്ഷകളില്ലാത്ത സ്കൂൾ . പീറ്ററും കൂട്ടുകാരുമാണ് പകൽസമയത്ത് കുട്ടികളോടൊപ്പം. ഗ്രാമവിദ്യാലയത്തിന്റെ പ്രവർത്തി സമയം കഴിഞ്ഞാൽ പത്മനാഭൻ സാറും എത്തുകയായി. ആത്മാവിന്റെ ഭാഷ ആദിവാസികൾക്ക് തിരികെ നൽകാനുള്ള ഈ ശ്രമം കഥയിൽ മാത്രമല്ല ജീവിതത്തിലും പ്രായോഗികം തന്നെ. പക്ഷേ സ്വപനത്തിന്റേയും ഭാവനയുടേയും ലോകത്തുനിന്ന് യാഥാർത്ഥ്യത്തിന്റെ ലോകത്തേക്കെത്തുമ്പോൾ താണ്ടേണ്ട പ്രകാശവർഷങ്ങൾ വായനക്കാരൻ ഓർക്കാതിരിക്കില്ല.!

ബസവന്റേയും കൂട്ടരുടേയും പഴയ സമരരീതികൾ ഉപേക്ഷിച്ച് . കാട്കൈയ്യേറ്റം മാധ്യമ ശ്രദ്ധയിൽ കൊണ്ടുവരുന്ന ബിരുദധാരിയാണ് ജയിംസ്. കൃത്രിമ ബുദ്ധിയുടെ നവകാലത്തും ഉള്ളിൽ ഉറവ വറ്റാത്തവൻ. “ഞങ്ങടെ കാടും ഞങ്ങടെ മണ്ണും തിരികെ വേണം ഞങ്ങക്ക്” എന്ന മുദ്രാവാക്യം ആദിവാസികളിലേക്കെത്തിച്ചയാൾ. ഗോത്രഗ്രാമങ്ങളിലെല്ലാം പുനരധിവാസവിദ്യാഭ്യാസ പാക്കേജ് ആസൂത്രണം ചെയ്തയാൾ. തമ്പ്രാൻ കുന്നിന്റെ ജൈവസന്തുലനം പുനസ്ഥാപിക്കാൻ അഹോരാത്രം . പ്രവർത്തിച്ചയാൾ. പാരമ്പര്യ വൈദ്യത്തിന്റെ പേറ്റന്റ് ഉറപ്പാക്കിയയാൾ.

പ്രത്യയശാസ്ത്ര ശൂന്യതയിൽ പകച്ചു നിന്നു പോകുന്ന പല സന്ദർഭങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും അപ്പോഴൊക്കെ ജൈവ രാഷ്ടീയത്തിന്റെ ബദൽ മാർഗ്ഗത്തിലൂടെ കൃത്രിമ ശ്വാസം പകരുന്നവരാണ് ഈ കഥാപാത്രങ്ങളെല്ലാം.

ശ്യാമപ്രകൃതിയിലെ പുരാവൃത്തങ്ങൾ

ഒരു ദേശത്തിന്റെ സവിശേഷമായ സാമൂഹ്യാവസ്ഥയെ രൂപപ്പെടുത്തുന്നതിൽ പുരാവൃത്തങ്ങൾക്ക് പങ്കുണ്ട് . വയനാടിന്റെ ഭൂപ്രകൃതി പോലെതന്നെ നിഗൂഢതകളാൽ സമ്പന്നമാണ് അവിടെ നിലനിൽക്കുന്ന മിത്തുകളും. നേരും നുണയും ചരിത്രവും ഭാവനയും വിശ്വാസവും അന്ധവിശ്വാസവും വേർതിരിക്കാനാവാതെ കൂടിപ്പിണഞ്ഞു കിടക്കുന്ന രഹസ്യങ്ങളുടെ ഉറവിടമായിരുന്നു കല്ലുവയൽ .

കരിന്തണ്ടനിൽ തുടങ്ങുന്ന വയനാടിന്റെ പുരാവൃത്തസമൃദ്ധി വല്ലിയിലുമുണ്ട്. ആദ്യന്തം നോവലിനെ നയിക്കുന്ന ഒരു മിത്താണ് ഉണ്ണിയച്ചി. ദേവദാസിയിൽ നിന്നും ദേവിയായി മാറുന്നവളാണ് വല്ലിയിലെ ഉണ്ണിയച്ചി . ബ്രാഹ്മണ്യം തീർത്ത അടിമത്തത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്ന പെണ്ണാണവൾ. അടിച്ചമർത്തലിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നവൾ. യഥാർത്ഥത്തിലവൾ വയനാട് തന്നെയാണ് . വന്നെത്തിയവരൊക്കെ സൗന്ദര്യത്തിൽ ഭ്രമിച്ച് അവളെ ദേവദാസിയാക്കാൻ ശ്രമിച്ചു. വന്നവരുടെ ആനന്ദത്തിനായി അവൾ ആടുകയും പാടുകയും ചെയ്തു . അവളുടെ ജൈവവൈവിധ്യകലവറയെ പ്രാപിച്ച മനുഷ്യർ സ്വന്തം സുഖത്തിനു വേണ്ടി മാത്രം അവളെ ഉപയോഗിച്ചു . അവളുടെ ആവശ്യങ്ങളും ആനന്ദങ്ങളും ആരും അന്വേഷിച്ചില്ല. അവളെ അവർ ദാസിയാക്കി മാറ്റി. എന്നാൽ കാളിയിലൂടെയും വനദുർഗയിലൂടെയും അവൾ അവളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ജനിമൃതിയുടെ ചുരങ്ങൾ താണ്ടി പ്രണയസ്പർശത്തിനായി അവൾ അഴകനെ കാത്തു. സൂസന്റെ ഏകാന്തതയിലേക്ക് പ്രാചീനഭാവങ്ങളോടെ അജ്ഞാതഗന്ധങ്ങളോടെ എത്തുന്ന ഉണ്ണിയച്ചി ഓരോ പെണ്ണിലും പ്രണയത്തിൽ മാത്രം ഉണരാൻ തുടിക്കുന്ന രതിഭാവമാണ്. ചതിയിൽ വേടരാജ്യം പിടിച്ചടക്കുന്ന ക്ഷത്രിയന്മാരെയും ക്ഷത്രിയന്മാരെ വാഴിക്കുന്ന ബ്രാഹ്മണ്യത്തെയും ജയിക്കുന്ന ശക്തിയായി അവതരിപ്പിച്ചിരിക്കുന്ന വേടരാജകുമാരിയും വയനാടൻ മണ്ണിൽ അലിഞ്ഞുചേർന്ന വേറൊരു മിത്താണ്.

കലഹത്തിന്റെ പെൺ ശബ്ദങ്ങൾ

ആത്മബോധത്തിന്റെ കനപ്പെട്ട ജീവിതം സ്വന്തമായുള്ളവരാണ് വല്ലിയിലെ സ്ത്രീകഥാപാത്രങ്ങളേറെയും. ഐവാച്ചന്റെ കഴുകൻ കണ്ണുകൾക്ക് അതിരിടാൻ അശക്തയാണെങ്കിലും ലൂക്കായുടെ അഗമ്യഗമനങ്ങളിൽ നിസ്സഹായയാണെങ്കിലും സ്വാഭിമാനമുള്ള ഒരു ഫെമിനിസ്റ്റ് അന്നംകുട്ടിയിലുണ്ട്. ലൂസിയെ കെട്ടി വീട്ടിലെത്തുന്ന പീറ്ററിനോട് ഇഷ്ടമുള്ള പെണ്ണിനോടൊപ്പം നട്ടെല്ലു നിവർത്തി ജീവിക്കാനാണ് ആ അമ്മ പറയുന്നത്.

ദൈവത്തിന്റെ മറവിൽ പാപം ചെയ്യാൻ വയ്യാതെ അന്തസ്സായി ദൈവവിളി ഉപേക്ഷിച്ചു പോന്നവളാണ് ഇസബല്ല . ചെയ്തുകൂട്ടിയ അന്യായങ്ങൾക്കൊക്കെയുള്ള ശിക്ഷ സഹോദരനായ ലൂക്കായ്ക്ക് വാങ്ങിക്കൊടുക്കുന്നതും അവളാണ്. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം എന്ന് ചിന്തിക്കുന്നവൾ. ഒടുവിൽ യുഗങ്ങളുടെ പ്രണയദാഹവുമായി ഇസ പദ്മനാഭനിലെത്തുന്നു.

ഒറ്റയ്ക്ക് നടക്കാൻ ഇഷ്ടപ്പെട്ട സൂസൻ ഉള്ളിലെ സംഘർഷങ്ങളെ അതിവിദഗ്ധമായി മറച്ച് അക്ഷരങ്ങളിൽ തന്നെ തേടിയവളാണ് . ജൈനക്ഷേത്രത്തിലെ നർത്തകി ശില്പം നോക്കിനോക്കിയിരുന്ന് കോളേജ് മാഗസിനിൽ അവളെഴുതിയ കഥയാണ് ഉണ്ണിയച്ചി. അവളുടെ ഏകാന്തതയിലെ കൂട്ടുകാരി. ഇരുണ്ട മാനത്ത് മിസൈലുകളും സ്പേസ്ഷട്ടിലുകളും പറന്നു നടക്കാൻ തുടങ്ങിയ അബുദാബിയിലെ വർത്തമാനകാലത്ത് ജീവിക്കുമ്പോഴും സൂസന്റെ വേരുകൾ കല്ലുവയലിൽ ഈർപ്പം തേടിക്കൊണ്ടിരുന്നു. അവിടെത്തന്നെ തളിർത്തു പൂത്തു കൊണ്ടിരുന്നു. അലിഞ്ഞുചേർന്നൊന്നാകാതെ പോയ രണ്ടു ജീവിതങ്ങളായിരുന്നു ശ്യാമും സൂസനും . പാരീസിലെത്തുമ്പോ പാരീസുകാരനായും ദുബായിൽ തനി ദുബായിക്കാരനായും കല്ലുവയലിന്റെ പച്ചയിൽ മദിച്ചുപുളയ്ക്കുന്ന ഒറ്റയാനാവാനും ശ്യാമിന് കഴിയുമായിരുന്നു. തമ്മിലലിയാത്തത് അരിച്ചു മാറ്റുക എന്ന ജനാധിപത്യപരമായ തീരുമാനത്തിലേക്ക് ശ്യാമും സൂസനുമെത്തുമ്പോൾ ദാമ്പത്യത്തിലെ സമവായത്തിന്റെ പാതയാണ് അന്യമാകുന്നത്.

വന്നെത്തുന്നവരെ ബന്ധിച്ചിടുന്ന കല്ലുവയലിന്റെ അദൃശ്യ ചങ്ങലയിൽ സ്വയമമർന്ന ഇളമുറക്കാരിയാണ് ടെസ. സൂസമമ്മയുടെ പറുദീസ തേടിയെത്തിയവളാണവൾ. കല്ലുവയലിലെ ലതകളും പൂക്കളും ആത്മാവിൽ വസന്തം വിടർത്തിയ ഒരമ്മയുടേയും മകളുടേയും ഭൂതാവിഷ്ടയായ പിന്തുടർച്ചക്കാരി. ഉണ്ണിയച്ചിക്കോവിലിൽ അടുത്ത തവണ വരുമ്പോൾ പോകണമെന്ന് പറഞ്ഞാണ് ഹീത്രുവിലേക്കവൾ ഫ്ലൈറ്റ് കയറുന്നത് . ഏതൊരു പ്രാദേശിക സ്വത്വത്തേയും ആത്മാവിലേറ്റുന്ന കുറെ ജീവിതങ്ങൾ ഏത് കാലത്തും അവശേഷിക്കുമെന്നതിന് ദൃഷ്ടാന്തമാണ് ടെസ.

സാങ്കേതികതയുടെ സാധ്യതയെ സർഗ്ഗാത്മകതയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നോവലിലുണ്ട്. സൈബർ സ്പെയ്സുകളായ ബ്ലോഗ്, ഇമെയിൽ സാമൂഹ്യമാധ്യമമായ ഫെയ്സ്ബുക്ക് എന്നിവ ഉത്തരാധുനിക ജീവിത വ്യവസ്ഥയുടെ ഭാഗമായിത്തീർന്ന വിവരസാങ്കേതികപരിസരങ്ങളാണല്ലോ. സൈബർസ്പേസും സാഹിത്യവുമായുള്ള ബന്ധത്തെക്കുറിച്ച് ഡോക്ടർ പി .കെ . രാജശേഖരൻ അദ്ദേഹത്തിന്റെ’ പുതിയ ഭാവനാകാശങ്ങൾ ‘എന്ന കൃതിയിൽ വിശദീകരിക്കുന്നുണ്ട് . അദ്ദേഹം സൂചിപ്പിക്കുന്ന ഇൻറർനെറ്റും സാമൂഹ്യമാധ്യമങ്ങളും തുറന്നിടുന്ന ഇന്ററാക്ടിവിറ്റിയുടെ നൂതനമേഖലകൾ ഈ നോവലിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു . ഇത് നോവലിന്റെ ഘടനയെ നവ്യമാക്കാൻ സഹായിക്കുന്നു. പുരുഷാധിപത്യനിയമങ്ങളെ ധിക്കരിച്ചുകൊണ്ട് സ്ത്രീക്ക് തീർക്കാനാവുന്ന സൈബർസ്വത്വത്തിന്റെ പ്രതിനിധിയായി നമുക്ക് ടെസയെ വായിക്കാം.

നന്മയുടെ മഹാവനങ്ങൾ അവസാനിക്കുന്നില്ല എന്നതിന് കഥാകൃത്ത് പെണ്ണിനെ ആശ്രയിച്ചത് ബോധപൂർവ്വം തന്നെയാവണം. പ്രകൃതിയ്ക്കും കാട്ടുമക്കൾക്കും നേരേയുള്ള ചൂഷണത്തിന്റെ വ്യത്യസ്ത മുഖങ്ങളെ നേർക്കുനേരെ നിർത്തി വിചാരണ ചെയ്തതിന് ശേഷം പ്രതിരോധത്തിന്റെ പ്രതീക്ഷ പെണ്ണിൽത്തന്നെ അവശേഷിപ്പിക്കുമ്പോൾ പാരിസ്ഥിതിക സ്ത്രീവാദത്തിലൂടെ മാത്രം പ്രാപ്യമാകുന്ന പ്രശാന്തസുന്ദര ലോകം വീണ്ടും പ്രസക്തമാകുന്നു.

റഫറൻസ് :
കെ.സി. നാരായണൻ
പരിസ്ഥിതി സൗന്ദര്യശാസ്ത്രം
സാഹിത്യലോകം
സെപ്തംബർ1995

ഡോ. പി.കെ രാജശേഖരൻ
പുതിയ ഭാവനാകാശങ്ങൾ

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു