
ബുധിനി – സാറാ ജോസഫ്
ഭാവിയെക്കാൾ ഭൂതകാലമാണ് എഴുത്തിനു പ്രിയം. ജീവിതത്തിൻ്റെ അസംസ്കൃത വസ്തുക്കൾ വേണ്ടുവോളമുള്ള അക്ഷയഖനിയാണത്. ചരിത്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഭാഷയുടെയും പിന്നിട്ട കാലമാണത്. മോഹഭംഗത്തിൻ്റെയും നഷ്ട ബോധത്തിൻ്റെയും കഴിഞ്ഞകാലം കൂടിയാണത്. ഭൂതകാലത്തോട് എഴുത്തിനുള്ള പ്രണയം മലയാള നോവലുകളിലൂടെ കടന്നുപോകുമ്പോൾ ഏറെ പ്രകടമാണ്. കാലത്തിൻ്റെ ദാർശനിക സ്വഭാവത്തെയാണ് ആധുനിക മലയാള നോവലുകൾ ആവിഷ്കരിച്ചത്. എന്നാൽ സാമൂഹികസ്വഭാവമുള്ള കാലത്തിൻ്റെ ബാഹ്യാനുഭവത്തെയാണ് സമകാലനോവലുകൾ ആവിഷ്കരിക്കുന്നത്. ഇത്തരത്തിലുള്ള ആവിഷ്കരണത്തിന് ഉത്തമ ഉദാഹരണമാണ് സാറാ ജോസഫിൻ്റെ ‘ബുധിനി ‘.
പലരുടെ ഓർമ്മകളിലൂടെ ആവിഷ്കരിക്കപ്പെടുന്ന അനേകം ജീവിതങ്ങളുടെ പുനരാഖ്യാനമാണ് ഈ നോവൽ. ചരിത്രവും ഭൂമിശാസ്ത്രവും സംസ്കാരവും രാഷ്ട്രീയവും ജാതീയതയും ഇതിൽ ഉൾപ്പെടുന്നു. അര നൂറ്റാണ്ടിനപ്പുറത്തെ തീർത്തും അപരിചിതമായ ഒരു ഗോത്രവർഗ്ഗജീവിതത്തെ പുനരാവിഷ്ക്കരിക്കുന്നു. 1940കളിൽ നിന്ന് 2010കൾ വരെയുള്ള കാലത്തെ സാന്താൾ ജനതയുടെ ജീവിതമാണ് നോവലിൽ ആവിഷ്കരിക്കുന്നത്. Other side of the great Indian temples (മഹാക്ഷേത്രങ്ങളുടെ മറുവശം ) എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന രൂപി മുർമുവും ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സുചിത്രയും വിവരശേഖരണത്തിനായി സമീപിക്കുന്ന ഓരോരുത്തരുടെയും ഓർമകളാണ് നോവലിൻ്റെ ആഖ്യാനപരിസരം.
ബുധിനി മെജാൻ ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞ് കൽക്കത്തയിൽ നിന്ന് ധൻബാദിലേക്കുള്ള യാത്രയിലാണ് അന്വേഷണം ആരംഭിക്കുന്നത്. ഒരു വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ ഓർമ്മപോലും ഒരു സാമൂഹികാനുഭവമായി പരിവർത്തിക്കപ്പെടുന്നതെങ്ങനെയെന്ന് ഈ അന്വേഷണം കാട്ടിത്തരുന്നു. ഇന്ദ്രിയാനുഭവങ്ങളാൽ നിർമ്മിതമായ ഓരോ ഓർമ്മയും കഴിഞ്ഞുപോയ കാലത്തിൻ്റെയും ദേശത്തിൻ്റെയും നിർമ്മിതികളിൽ നിന്ന് അടർത്തിയെടുക്കുന്ന ഭാഗങ്ങളാണ്. ഒരുപാട് ഓർമ്മകളിലൂടെ സഞ്ചരിച്ചു സഞ്ചരിച്ച് അവരൊടുവിൽ ബുധിനിയിൽ എത്തിച്ചേരുന്നു.
അണക്കെട്ടിനേക്കാൾ വിശുദ്ധവും മഹനീയവുമായ ഇടം വേറെയില്ലെന്ന് ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി നെഹ്റു കരുതി. ഖനനങ്ങൾ, അണക്കെട്ടുകൾ, തീവണ്ടിപ്പാതകൾ, കോച്ച് ഫാക്ടറികൾ, ഉരുക്കുശാലകൾ, വളം നിർമ്മാണ ഫാക്ടറികൾ, പെട്രോളിയം ഉല്പാദന കേന്ദ്രങ്ങൾ, ഘനവ്യവസായങ്ങൾ, ഊർജ്ജം, കൃഷി …….. എന്നിങ്ങനെ സ്വതന്ത്രയിന്ത്യ സ്വപ്നം കണ്ട രാജ്യപുരോഗതികൾ ഓരോന്നായി യാഥാർത്ഥ്യമാക്കി. എന്നാൽ അണക്കെട്ടിനെക്കാൾ വിനാശകരമായ ഇടമില്ലെന്ന് കരുതി അണക്കെട്ടുകൾ പൊളിച്ചു കളയുന്നത് സ്വപ്നം കാണുന്നവരായിരുന്നു ജഗദീപ് മുർമു പ്രതിനിധീകരിക്കുന്ന സാന്താൾജനത. അവർ മറ്റുള്ളവരോട് പൊരുത്തപ്പെടാൻ തയ്യാറാവാതെ സ്വന്തമായ ശരി തെറ്റുകളും നീതിന്യായങ്ങളുമായി ജീവിച്ചു. ശാസ്ത്രത്തിൻ്റെ പുരോഗമനോന്മുഖതയും സാന്താൾജനതയുടെ അതിവൈകാരികതയും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കിടയിൽ നടത്തുന്ന നിഷ്പക്ഷാന്വേഷണമാണ് രൂപിയുടെ പഠനം. അണക്കെട്ടുയർന്നതോടെ മുങ്ങിപ്പോയ സാന്താൾ ഗ്രാമങ്ങളിലൂടെ ആ അന്വേഷണം തുടരുന്നു. ഗവേഷണത്തിനായി രൂപി മുർമു ശേഖരിച്ച ഡേറ്റകളെയാണ് സാറാ ജോസഫ് കഥയായി പരിവർത്തിപ്പിക്കുന്നത്. ഒരു പത്രവാർത്ത ഫിക്ഷനായി മാറുന്നതിൻ്റെ പിന്നിലുള്ള രാസമാറ്റം ഈ നോവലിന് പിന്നിലുണ്ട്.
2012 ജൂൺ മാസത്തിൽ ഒരു മുഖ്യദേശീയ ദിനപ്പത്രത്തിലാണ് ബുധിനിയുടെ മരണവാർത്തയെത്തിയത്. ദാരിദ്ര്യവും രോഗവും മൂലം അവശയായ ബുധിനി നീതി കിട്ടാതെ മരിച്ചുവെന്നായിരുന്നു കൂടുതൽ വിവരം. ആ ധാരണയെ റദ്ദുചെയ്തുകൊണ്ട് ബുധിനി ജീവിച്ചിരിക്കുന്നുവെന്ന സന്ദേശം രൂപിയ്ക്ക് കിട്ടി. രൂപിയുടെ ഗവേഷണവിഷയത്തിൽ ബുധിനിയും അവളുടെ ജീവിതത്തിനാധാരമായ ഇടങ്ങളും ഉൾപ്പെടുന്നത് അങ്ങനെയാണ്.

1948- 49 വർഷം ഇന്ത്യയിലെ രാഷ്ട്രനിർമ്മാണപ്രക്രിയയുടെ ഭാഗമായി രൂപം കൊണ്ട പ്രോജക്ടാണ് ദാമോദർവാലി കോർപറേഷൻ(DVC). അവിടെ പതിമൂന്നാം വയസ്സ് മുതൽ കല്ലുടയ്ക്കാൻ ജോലിക്കു പോയവളാണ് ബുധിനി. 1959 ഡിസംബർ ആറിന് ഝാർഖണ്ഡിലെ ദാമോദർ നദിയിൽ പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യാനെത്തിയ നെഹ്റുവിനെ ദാമോദർവാലി കോർപ്പറേഷൻ്റെ നിർദ്ദേശപ്രകാരം ബുധിനി മാലയിട്ട് സ്വീകരിക്കുന്നു. രാജ്യത്തിൻ്റെ ഭരണഘടനയിൽ അപ്പോഴും ഉൾപ്പെടുത്തിയിട്ടില്ലാത്ത സാന്താളി ഭാഷയിൽ ബുധിനി സംസാരിച്ചു. പാഞ്ചേത്ത് ഡാമിൻ്റെ യഥാർത്ഥ ഉദ്ഘാടനകാലത്തെയും ദേശത്തെയും നോവലിൻ്റെ കാലദേശങ്ങളായി കഥാകാരിയിവിടെ പുന: സൃഷ്ടിക്കുന്നു. ഉദ്ഘാടനച്ചടങ്ങിൽ ദികുവിനെ മാലയിട്ടു വരിച്ചത് കാരണം തൻ്റെ ഗോത്രത്തിൽ നിന്നും പുറത്താക്കപ്പെട്ട ബുധിനി അനുഭവിച്ച ‘ബിത് ലാഹ’ എന്ന ഊരുവിലക്ക് ഒരു പ്രത്യേക അനുഭവപരിസരത്തിലൂടെ വായനക്കാരനെ കൊണ്ടുപോകുന്നു. സത്യവും സങ്കല്പവും കൂടിക്കലർന്നതിൻ്റെ അനുപാതം എത്രയെന്ന് അന്വേഷിക്കേണ്ട ആവശ്യം വായനക്കാരനില്ല. ആസ്വാദനത്തിൻ്റെ ആയാസരാഹിത്യത്തിലൂടെ സത്യസങ്കല്പങ്ങൾ കൂടിച്ചേരുന്നതിൻ്റെ മാന്ത്രികത അനുഭവിക്കുക മാത്രമാണ് അയാളുടെ ഉത്തരവാദിത്തം.
ഭാര്യ സോമ്നീതയും അഞ്ചു മക്കളും അടങ്ങുന്നതായിരുന്നു ജഗദീപ് മുർമുവിൻ്റെ കുടുംബം. ജഗദീപ് ഠാകൂറിന്റെ വീട്ടിൽ മുറ്റമടിക്കാനും പശുക്കളെ നോക്കാനും സോമ്നിതയ്ക്ക് കിട്ടിയ അടിമപ്പണിയാണ് അവരുടെ ഉപജീവനം. പശുവിൻ്റെ കഞ്ഞിയിലെ എച്ചിൽ മക്കൾക്കായവൾ കാത്തുവച്ചു. ഇരുമ്പുഖനിയിൽ ജോലി തേടിപ്പോയ മൂത്തമകൻ സുർജിൻ തിരിച്ചുവന്നില്ല. തിരിച്ചുവരാത്ത സുർജിനെ അന്വേഷിക്കാൻ പോയ അനുജന്മാരായ ബർക്കയും കൻഹയും തിരികെയെത്തിയില്ല. അവരെ തിരക്കിയിറങ്ങിയ ജഗദീപ് മുർമുവിന് ഛത്തീസ്ഗഢ് നൽകിയ വ്യസനങ്ങൾ വലുതായിരുന്നു. സുക്മയിലെ രാത്രി ഉറക്കത്തിനിടയിൽ നഷ്ടമായ ഭാര്യ സോമ്നീതയുടെ ശവശരീരം അതിക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നു. എവിടേക്കെന്നറിയാതെയുള്ള അലച്ചിലിനിടയിൽ തീവണ്ടിയിൽ വച്ച് പരിചയപ്പെട്ട സാന്താൾ വംശജനായ സുദർശനൊപ്പം ജഗ്ദീപും അവശേഷിക്കുന്ന രണ്ട് മക്കളും ഝാരിയയിൽ എത്തുന്നു. ഭാരത് കോൾ കമ്പനി ലിമിറ്റഡിൻ്റെ അധീനതയിലുള്ള കൽക്കരിപ്പാടത്ത് ജീവിതം ഖനനം ചെയ്യുന്നു. തീയും പുകയും ചീറ്റിത്തെറിപ്പിച്ചുകൊണ്ട് വലിയൊരു മുഴക്കത്തോടെ നെടുനീളത്തിൽ പിളർന്ന ഭൂമിയുടെ കത്തുന്ന ഉദരത്തിലേക്ക് ഇളയമകൻ ജോലാ അപ്രത്യക്ഷനാകുന്നതിന് ജഗദീപ് മുർമു സാക്ഷ്യം വഹിക്കുന്നു. എന്നിട്ടും ബോംഗകളെ ഉപേക്ഷിച്ച് മരാംഗ് ബുറുവിനെ ഉപേക്ഷിച്ച് ജീസുവിൽ വിശ്വസിക്കാൻ മുർമുവിനാകുന്നില്ല. മക്കളിൽ അവശേഷിക്കുന്ന ജോബോൻ അനാഥാലയത്തിൽ നിന്ന് ഒപ്പം കൂട്ടുന്ന ശാൽനിക്കൊപ്പം ജീവിതം തുടരുന്നു. ആ കുടുംബത്തിൻ്റെ അടുത്ത തലമുറയായാണ് ഗവേഷകരായ രൂപിയും ആനന്ദിയും കഥാഭൂമികയിൽ അവതരിപ്പിക്കപ്പെടുന്നത്. ഗോത്രദുരാചാരങ്ങളുടെ ഉണങ്ങാത്ത മുറിവുതേടി അവർ തുടരുന്ന ഗവേഷണത്തിൻ്റെ ഉല്പന്നമാണ് നോവൽ.
സ്ഥലകാലബോധങ്ങളുടെ പുനർനിർമ്മാണം
ദാമോദർനദിയുടെ പാർശ്വങ്ങളിൽ വസിക്കുന്ന കീഴാളമനുഷ്യരുടെ ജീവിതമാണ് കഥയിലുള്ളത്. ആധുനികതയുടെ കാലത്ത് ആവിഷ്കരിക്കപ്പെട്ട വ്യക്തിപരതയുടെ ആത്മഭാവങ്ങളിൽ നിന്ന് എഴുത്ത് ഏറെക്കുറെ സ്വതന്ത്രമായിക്കഴിഞ്ഞു. സാമൂഹികതയിലേക്ക് എത്താനുള്ള മാർഗ്ഗമായി മാത്രമാണ് ഇന്ന് വ്യക്തിജീവിതം ആവിഷ്കരിക്കപ്പെടുന്നത്. ബുധിനിയുടെ ഏകലോകകഥാഖ്യാനത്തിലൂടെ ഒരു ജനതയുടെ ബഹുലോകപരിസരം നോവൽ ഏറ്റെടുക്കുന്നു. സമൂർത്തമായി നിലനിൽക്കുന്ന ഒരു ദേശവും സമൂഹവും ഈ നോവലിൻ്റെ പശ്ചാത്തലത്തിലുണ്ട്.
നേരിട്ട് ആ സ്ഥലത്തേക്ക് പ്രവേശിക്കുന്ന രീതിയാണ് സാറാ ജോസഫിൻ്റേത്. സ്ഥലത്തിൽനിന്ന് സമൂഹത്തിലേക്കും സമൂഹത്തിൽനിന്ന് വ്യക്തിയിലേക്കുമാണ് ആഖ്യാനം തുടരുന്നത്. അധ്വാന പരിസരങ്ങളും പൊതുസ്ഥലങ്ങളുമായി സ്ഥലത്തിൻ്റെ ഭൗതിക രൂപങ്ങളുടെ അനുഭവത്തെ ആവിഷ്കരിക്കുന്നു. അറിവുപയോഗിച്ച് മനുഷ്യൻ സൃഷ്ടിച്ചെടുക്കുന്ന സ്ഥലത്തിൻ്റെ ഗോചരതലമായി നോവലിലെ ഡി. വി. സി യും ബി .സി .സി യും മാറുന്നു. മാനസികസൃഷ്ടികളുടെ ഭാവനാത്മകതലമായ സാങ്കല്പിക ഭൂഭാഗദൃശ്യങ്ങളും നോവലിൽ ഒത്തുചേരുന്നു. സ്ഥലത്തിൻ്റെ ഈ മൂന്നു തലങ്ങളേയും നോവലിൻ്റെ ആഖ്യാനതലത്തിൽ കരടില്ലാതെ ലയിപ്പിച്ചെടുക്കാൻ നോവലിസ്റ്റിന് കഴിയുന്നു.
പുതിയൊരു സാമൂഹികസൃഷ്ടിയുടെ ഘടന എന്ന നിലയിലാണ് ഡാം നിർമ്മിക്കപ്പെടുന്നത്. സ്ഥലത്തിൻ്റെ ഗോചരപ്രയോഗമായി അതിനെ കണക്കാക്കാം. അധികാരഘടനയുടെ ഭാഗമായ ഡാമിൻ്റെ ഉദ്ഘാടനത്തിൽത്തന്നെ കീഴാളവർഗ്ഗത്തിൻ്റെ പ്രതിനിധിയായ ബുധിനി താനുൾപ്പെടുന്ന സമൂഹത്തിൽ നിന്ന് ബഹിഷ്കൃതയാവുന്നു. പുതിയരീതിയിലുള്ള ഒരു സാമൂഹികഘടന നിർമ്മിക്കപ്പെടുകയും ബുധിനി അതിനെ അതിജീവിക്കുകയും ചെയ്യുന്നതായി പിൽക്കാലചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഇവിടെ രാഷ്ട്രീയ- സാമൂഹ്യശക്തിയെന്ന നിലയിൽ പുതിയൊരു സ്ഥലത്തിൻ്റെ ഉത്പാദനം നോവലിൽ നടക്കുന്നു. ആദ്യം വെള്ളക്കാരുടെ പരിഷ്കാരമെന്ന നിലയിലാണ് അണക്കെട്ടിനെ സാന്താൾ വിഭാഗക്കാർ എതിർക്കുന്നത്. സ്വതന്ത്രയിന്ത്യയിലെ ഒന്നാം പഞ്ചവത്സരപദ്ധതിയിൽ ഉയർന്നുവരുന്ന അണക്കെട്ടുകളെ തുടർന്നെതിർക്കുന്നത് അവരുടെ നിലനിൽപ്പിൻ്റെ ഭാഗമായാണ്. ഇവിടെ വികസനത്തിനും പരിസ്ഥിതിക്കും അനുകൂലമായി വരുന്ന വ്യത്യസ്തതലങ്ങളാണ് ആവിഷ്കരിക്കപ്പെടുന്നത്. ഇത് ദേശമെന്ന ആശയത്തോട് തന്നെ ഉഭയഭാവം സൃഷ്ടിക്കുന്നു. രണ്ടുതരം ശക്തികൾ തമ്മിലുള്ള സംഘർഷമായി സ്വാതന്ത്ര്യാനന്തരയിന്ത്യയിലെ സാന്താൾ ജനതയറിയുന്ന ഉഭയഭാവമാണ് ഫിക്ഷനെ സംഘർഷഭരിതമാക്കുന്നത്.
ശാസ്ത്രം നൽകുന്ന പരിരക്ഷയും സാന്ത്വനവും ഒരു ഭാഗത്തും നിലനിൽക്കുന്ന പരിസ്ഥിതിക്കുമേലുണ്ടാകുന്ന പരിക്കുകൾ മറുഭാഗത്തും സംഘർഷം ഉണ്ടാക്കുന്നു. സ്ഥാപനങ്ങൾ നൽകുന്ന തൊഴിൽ സാധ്യതയും അവിടെ ഉദ്യോഗസ്ഥമേധാവിത്വം സൃഷ്ടിക്കുന്ന അനീതിയും തമ്മിൽ ഈ സംഘർഷം തുടരുന്നു. ഇവിടെ വികസനത്തെ തള്ളിപ്പറയാനാവാത്ത സമീപനം സ്വീകരിക്കുമ്പോൾത്തന്നെ ഗോത്രവർഗവിഭാഗത്തിനൊപ്പം നിൽക്കുകയാണ് എഴുത്തുകാരി ചെയ്യുന്നത്. ഈ നോവലിൽ ആവിഷ്കരിക്കപ്പടുന്ന ഭൂപ്രകൃതിയും സ്ഥലങ്ങളും കഥാപാത്രങ്ങളുടെ ജീവിതത്തിനുള്ള പശ്ചാത്തലമായി മാത്രമല്ല നൽകിയിരിക്കുന്നത്. സർവ്വചരാചരങ്ങളും പ്രപഞ്ചത്തിൻ്റെ ഭാഗമാകുന്ന പോലെ നോവലിൻ്റെ ആന്തരിക സ്ഥലമായി പരാമർശിക്കപ്പെട്ടിരിക്കുന്ന അപരിചിതയിടങ്ങളെ സാഹിതീയസ്ഥലമായി പരിവർത്തിപ്പിക്കുന്ന ഒരു തന്ത്രം എഴുത്തിൽ സാധ്യമാകുന്നുണ്ട്. യഥാർത്ഥ ഭൂഭാഗത്തെ ആധാരമാക്കിയുള്ളതാണ് സാഹിത്യത്തിൽ നിർമ്മിക്കപ്പെടുന്ന ഭൂഭാഗമെങ്കിലും കേവലമായ ഭൂമി ശാസ്ത്രാനുഭവത്തിനപ്പുറത്തേക്ക് ഓരോ സ്ഥലവും വളരുന്നു.
ബംഗാൾ മുതൽ ജാർഖണ്ഡ് വരെ വ്യാപിച്ചുകിടക്കുന്ന ഭൂമിശാസ്ത്ര ഭൂമികയിൽ അക്ഷരങ്ങൾ കൊണ്ടൊരു സാമൂഹിക ഭൂമികയാണ് സാറാ ജോസഫ് നിർമ്മിച്ചിരിക്കുന്നത്. അധ്വാനിക്കുന്നയിടങ്ങളിൽ നിന്നൊക്കെ അന്യവത്കൃതരാകുന്ന മനുഷ്യരാണ് അവിടുള്ളത്. ദാമോദർ നദിയുടെ ഓളങ്ങളിൽ തങ്ങളുടെ പ്രതീക്ഷയും വിശ്വാസവും അർപ്പിച്ച് വയൽനിലങ്ങളിൽ ജീവിതം വിതയ്ക്കുന്നവരാണവർ. റാഞ്ചിയിലെ കൽക്കരിപ്പാടങ്ങളിൽ കരിതുരന്ന് അവർ കരിയായി മാറുന്നു. ദാമോദർവാലി കോർപ്പറേഷൻ്റെയും ഭാരത് കോൾ കമ്പനി ലിമിറ്റഡിൻ്റെയും ഭാഗമായിമാറി ഭാരതത്തിൻ്റെ കാർഷികവ്യവസായ സമ്പദ് വ്യവസ്ഥ പടുത്തുയർത്താൻ കിണഞ്ഞു പരിശ്രമിക്കുന്നു. എങ്കിലും അവർക്ക് സ്വന്തമായ ഇടമില്ല. വർഗ്ഗവർണ വംശീയതയുടെ ഭൂമിശാസ്ത്രത്തിൽ ശൂന്യതയുടെ ഇടമാണ് അവർക്ക് സ്വന്തമായുള്ളതെന്ന് പറയുമ്പോൾ എഴുത്ത് ചവിട്ടി നിൽക്കാൻ മണ്ണില്ലാത്തവർക്ക് ഒപ്പം ചേരുന്നു.
കഥാപാത്രങ്ങളുടെ വൈകാരികാനുഭവങ്ങളും തൃഷ്ണകളും ജാതീയതയുടെ മുന്നിൽ ബലിയർപ്പിക്കപ്പെടുന്നു. ജാതിവത്കൃതമായ ഒരു വ്യവസ്ഥയിൽ പൗരൻ്റെ സ്ഥലം ശൂന്യതയും അവൻറെ വിധി അടിമത്തവുമാവുന്ന നിരവധി സന്ദർഭങ്ങൾ നോവലിലുണ്ട്. കൽക്കരിച്ചൂളകളുടെ ഭൂഭാഗദൃശ്യവും അതിലെരിഞ്ഞുതീരുന്ന മനുഷ്യരും ആധിപത്യത്തിൻ്റെയും അടിമത്തത്തിൻ്റെയും സ്ഥൂലരൂപങ്ങളാണ്. കൊളോണിയൽ ചരിത്രത്തിൽനിന്ന് സ്വാതന്ത്ര്യത്തിലധിഷ്ഠിതമായ ദേശീയതയിലേക്ക് മാറുമ്പോഴും സാന്താൾവർഗത്തിൻ്റെ ജീവിത സാഹചര്യങ്ങൾക്ക് കാര്യമായ മാറ്റമൊന്നും തന്നെ നോവലിലില്ല. സ്വതന്ത്രയിന്ത്യയിലെ ജാതീയമായ ഈ ക്രൂര യാഥാർത്ഥ്യത്തെ പൊളിച്ചു കാണിക്കുന്ന ഇടമായി സ്ഥലത്തെ സാറാജോസഫ് ഉപയോഗപ്പെടുത്തുന്നു.
വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതം ആവിഷ്കരിച്ചുകൊണ്ട് നോവൽ ആഖ്യാനം ചെയ്യുന്നത് അന്നത്തെ ഇന്ത്യയുടെ ഗ്രാമീണമായ പൊതുപരിസരം തന്നെയാണ്. കുഡി, പാഞ്ചേത്ത്, ആസൻസോൾ, റാഞ്ചി, ഝാരിയ എന്നിങ്ങനെ പല സ്ഥലങ്ങൾ നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്. ജാതീയമായ സാമൂഹ്യബന്ധങ്ങളിൽ സ്ഥലങ്ങൾക്ക് വർഗ്ഗപരമായ മാനം കൈവരുന്നു. ഇത് ലിംഗം, ജാതി ,സമുദായം എന്നിവയുമായി ബന്ധപ്പെട്ടാണ് രൂപം കൊള്ളുന്നത്.1950 കളിലെ കേരളചരിത്രം പരിശോധിച്ചാലും ഏറെക്കുറെ ഇതുതന്നെയാണ് അവസ്ഥയെന്ന് കണ്ടെത്താൻ കഴിയും.
ആദിരൂപസങ്കല്പങ്ങളും സാന്താൾ മനസ്സും
പരമ്പരകളായി മനുഷ്യമനസ്സിൽ കുടികൊള്ളുന്ന വിശ്വാസങ്ങളാണ് മിത്തുകൾ. ശത്രുനിഗ്രഹം ചെയ്യുന്ന ആദിരൂപസങ്കല്പങ്ങളെ ആഘോഷമാക്കുന്ന സാമൂഹിക മനസ്സ് ഭാരതത്തിൻ്റെ സ്വന്തമാണ് . പരിഷ്കൃതജനതയുടെ മനസ്സിൽ പോലും ഇത്തരത്തിലുള്ള മിത്തുകൾ അതിമാനുഷരായ വീരേതിഹാസകഥാപാത്രങ്ങളിലൂടെ നിലനിൽക്കാറുണ്ട്. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന പ്രാദേശികതയുമായി ബന്ധപ്പെട്ട മിത്തുകൾക്ക് കഥാഖ്യാനത്തിൽ സവിശേഷപരിഗണന ലഭിക്കുന്നത് സാധാരണയാണ്.
ആവിഷ്കരിക്കപ്പെടുന്നത് കീഴാളജനതയുടെ ജീവിതമാകുമ്പോൾ മിത്തുകളുമായി ഇടകലർന്നു രൂപപ്പെടുന്ന പശ്ചാത്തലം കൂടുതൽ പ്രസക്തമാവുന്നു. മിത്തിൻ്റെയും ഭാവനയുടെയും ഭാഗമായ വിശ്വാസരൂപങ്ങളായി ബോംഗകളുടെ ഒരു ഘോഷയാത്ര തന്നെ നോവലിലുണ്ട്. ജീവിച്ചിരിക്കുന്നവരോടൊപ്പം മരിച്ചവരും ജീവിക്കുന്നുണ്ടെന്ന സങ്കല്പശക്തിയാണ് ബോംഗകൾക്ക് അടിസ്ഥാനം. കൃതിയിൽ എഴുത്തുകാരി നിർമിക്കുന്ന ഭാവനാത്മകമായ ഇത്തരമിടങ്ങൾ ഇന്ത്യൻ സാമൂഹികമനസ്സിൻ്റെ ഒരു പരിഛേദമാണ്. അധികാരവുമായി ബന്ധപ്പെട്ട ബലിഭയം മനുഷ്യനിൽ അന്തർലീനമാണ്. നോവലുകൾക്കത് ഇഷ്ടവിഷയവുമാണ്. പ്രകൃത്യതീതശക്തികളായ ബോംഗകളെ അധികാര കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചവരാണ് സാന്താൾ ജനത. ബോംഗകളും മരാംഗ് ബുറുവും അവരുടെ പ്രതിനിധികളായ മാഞ്ജി, ജോഗ് മാഞ്ജി, ഭൂഹ്റ എന്നിവരും വായനക്കാരിലുളവാക്കുന്ന പീഡാനുഭവം ബലിബോധത്തിൻ്റെ അവസ്ഥാന്തരങ്ങളാണ്. പ്രാകൃതസ്മൃതികളും പാപബോധവും കുഴഞ്ഞുമറിഞ്ഞ ഒരു ജീവിത താഴ്വരയാണ് സാറാ ജോസഫ് ഇതിനായി സൃഷ്ടിക്കുന്നത് .
കാടുകൾ ബോംഗകളുടെയും മലകൾ മരാംഗ് ബുറുവിൻ്റെയും സ്വസ്ഥസ്ഥാനങ്ങളാണ്. മലദേവതയാണ് മരാംഗ്ബുറു. ഏത് കാര്യത്തിലും സാന്താൾ തീരുമാനം മരാംഗ് ബുറുവിൻ്റേതാണ്. ഇരുട്ട് ബോംഗകളുടെ ഇടമാണ്. സാന്താളുകൾ എന്ത് ഭക്ഷിക്കണം ആരോട് എങ്ങനെ ഇണചേരണം എങ്ങനെ വന്ദിക്കണം ആരെ നായാടണം എന്നൊക്കെ തീരുമാനിക്കുന്നത് ബോംഗകളാണ്. കാൽവയ്ക്കുന്ന പാറയ്ക്കടിയിലും വെട്ടിയൊടിക്കുന്ന മരച്ചില്ലയുടെ അറ്റത്തും അരുവിയിൽ നിന്നെടുക്കുന്ന ഒരു കുമ്പിൾ ജലത്തിലും ബോംഗകൾ ഉണ്ടാവാം. വെള്ളക്കാരുടെ അണക്കെട്ട് ഉയർന്നത് ബോംഗകളുടെ കുടിപ്പാർപ്പുകൾ തകർത്തുകൊണ്ടാണ്. ബോംഗകളിൽ വിശ്വസിച്ച്, ശത്രു ബോംഗകളെ ഭയന്ന്, അവരെ പ്രീതിപ്പെടുത്താനായി മൃഗബലി നടത്തി, ബലിയുള്ള ദിവസങ്ങളിൽ ഒരു നേരം ബലിമൃഗത്തിൻ്റെ മാംസം മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തിയ മനുഷ്യരായിരുന്നു സാന്താളുകൾ.
അമ്പും വില്ലും പുല്ലാംകുഴലും കൊട്ടുവാദ്യങ്ങളുമായി ആഴ്ചച്ചന്തയ്ക്ക് പോകുമ്പോഴും ബോംഗകൾ ഒപ്പമുണ്ടാവും. പകൽവെളിച്ചത്തിൽ അദൃശ്യരായവർ രാത്രിയിൽ പൂമാല പോലെ വയൽവരമ്പിലൂടെ നീങ്ങുമത്രേ. നിലാവുള്ള രാത്രികളിൽ അവർ ജാഹേറിനടുത്തു കൂടി പോകുമ്പോൾ സാൽമരത്തിൻ്റെ ഇലകളിൽ നിന്ന് ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾ ബോംഗാ ലോകത്തേക്ക് പറന്നുയരും. മിത്തും യാഥാർത്ഥ്യവും തമ്മിൽ ഇവിടെ വൈരുദ്ധ്യങ്ങളില്ല. ഒന്ന് മറ്റൊന്നിൻ്റെ മറുപുറം എന്നതിനെക്കാൾ രണ്ടും ഒന്നു തന്നെ എന്ന് പറയുന്നതാവും കൂടുതൽ ശരി.
ഗ്രാമത്തിൽ നിന്നും പുറത്താക്കപ്പെടുന്ന ബുധിനിയുടെ ഏകാന്തതയും ഭയവും ആവിഷ്കരിക്കാൻ പ്രതീതിയാഥാർഥ്യത്തിൻ്റെ പല തലങ്ങൾ കൂട്ടുപിടിക്കുമ്പോഴും ബോംഗകൾ കഥാകാരിയ്ക്കൊപ്പമുണ്ട്. മനുഷ്യമനസ്സിൻ്റെ ഇന്നോളമുള്ള മാന്ത്രികാനുഭവങ്ങളിൽ ആദിരൂപവിശ്വാസങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണല്ലോ. വെള്ളത്തിനടിയിൽ ആരോ അവളുടെ കാലിൽ ചുറ്റിപ്പിടിച്ചു വലിക്കുന്നതായി തോന്നുന്നു. ശക്തമായി കുടഞ്ഞപ്പോൾ കാലിൽ നിന്ന് വെള്ളത്തിലേക്ക് തെറിച്ചുവീണത് തലയോളം തന്നെ കണ്ണുകൾക്ക് വലിപ്പമുള്ള ഭയാനകമാംവിധം വെളുത്ത ഒരു ശിശുരൂപമായിരുന്നു. പടുവൃദ്ധൻ്റെ മുഖചുളിവുകളുള്ള ആ രൂപത്തിൽ അവൾ കാണുന്ന സീമാബോംഗാ ഈറ്റുചോരയിൽ നിന്നും ചുടലക്കളം വരെ സാന്താളിനെ പിന്തുടരുന്ന ആദിരൂപത്തിൻ്റെ ആവിഷ്കാരമാണ്.
രതിബിംബത്തിൻ്റെ വന്യത
സ്ഥലത്തിനുള്ളിൽ മറ്റൊരു ഭാവനാസ്ഥലം സൃഷ്ടിക്കാൻ മാന്ത്രികയാഥാർത്ഥ്യത്തെ കൂട്ടുപിടിക്കുന്ന അവസരങ്ങളിൽ കഥാകാരി രതിബിംബങ്ങൾ ഉപയോഗിക്കുന്നുണ്ട്. പുരുഷാധികാരത്തിൻ്റെയും ജാതീയതയുടെയും ബിംബമായി ഉദ്ധൃതമായ പുരുഷലിംഗത്തെ അവതരിപ്പിച്ചുകൊണ്ട് പ്രാകൃത വാസനകളിൽ ഏറ്റവും വന്യവും തീവ്രവും സഹജവുമായ ലൈംഗികതയെ കഥാകാരി ആവിഷ്കരിക്കുന്നു. അധികാരവും പുരുഷലൈംഗികതയും ഒന്നാവുന്നു. ബുധിനിയെ ബിത് ലാഹയിലൂടെ പുറത്താക്കി ഗോത്രശുദ്ധി വരുത്തുന്ന ആചാരങ്ങൾക്കിടയിൽ ഉയർത്തിക്കാട്ടുന്ന സാൽവൃക്ഷത്തിൻ്റെ കൊമ്പ് വന്യമായ രതിബിംബമായി മാറുന്നു. മഹുവച്ചാരായ ലഹരിയിലുള്ള ആഭാസ നൃത്തത്തിൻ്റെ ആവിഷ്കാരത്തിൽ അടക്കിവെച്ചിരിക്കുന്ന ലൈംഗികകാമനകളെ ഒരു സമൂഹം ആചാരങ്ങളിലൂടെ ആഘോഷമാക്കുന്നതെങ്ങനെയെന്ന് കാണാം. കൊട്ടുവാദ്യങ്ങൾ മുറുകി, താളത്തിൻ്റെ ഉച്ചസ്ഥായിയിൽ ഉടുതുണി പറിച്ചെറിഞ്ഞ് പൂർണ്ണ നഗ്നരായവർ കളിക്കളത്തിലേക്ക് എടുത്തുചാടി. നഗ്നത അവരെ കുപിതരും നിയന്ത്രണമില്ലാത്തവരുമാക്കി. അരക്കെട്ടു മുന്നോട്ടു തള്ളി, ലിംഗം കയ്യിലെടുത്ത് അവർ ചെയ്യുന്ന ഉന്മാദനൃത്തം മനുഷ്യൻ്റെ ആദിമ ചോദനയുടെ ആവിഷ്കാരമാണ്. അവിടെ ഭാഷ സർവ്വപരിഷ്കാരങ്ങളും ഉപേക്ഷിച്ച് പ്രാകൃതമാവുന്നു.
ഥക്.. ഥക്…..ഥക്ക്
പണ്ണ് ……. പണ്ണ്…… പണ്ണ്
ഥക് ……. ഥക്….. ഥക് എന്ന
നായാട്ടുതാളത്തിനൊത്ത് ഉറഞ്ഞുതുള്ളി പൂർണനഗ്നരായി വരുന്ന ആൾക്കൂട്ടം മനുഷ്യനഗ്നതയുടെ ഭീകരത വായനക്കാരനിലുണർത്തുന്നു. പ്രാകൃതനൃത്തത്തിൻ്റെ താളക്രമത്തിൽ ലൈംഗികതയെ ലയിപ്പിച്ചെടുത്ത് ആഭിചാരക്രിയയ്ക്ക് അനിവാര്യമായ വിനാശബിംബങ്ങൾ സൃഷ്ടിക്കുന്നുണ്ട് കഥാകാരി. ലൈംഗികപാപവും മൂല്യത്തകർച്ചയും ആരോപിച്ച് തുടങ്ങുന്ന ആഭിചാരം മനുഷ്യനെ ബലിമൃഗത്തിൻ്റെ നിസ്സഹായതയിൽ എത്തിക്കുന്നു.
നായാട്ടുകാരുടെ മുന്നിൽ പ്രാണഭയത്തോടെ പായുന്ന ഒരു മൃഗം എപ്പോഴുമുണ്ട് . നോവലിസ്റ്റിൻ്റെ ആഖ്യാനരീതി ബുധിനിയെ അത്തരത്തിലൊരു ഇരയാക്കി മാറ്റുന്നു. ഉടുതുണിയില്ലാതെ മാഞ്ജി, ജോഗ് മാഞ്ജി, ഭൂഹ്റ എന്നിവർ മുന്നിൽ നടക്കുന്നു. നഗ്നരാണെങ്കിൽ പിന്നെ എല്ലാവരും തുല്യരാണ്. വസ്ത്രവും മറ്റു വേഷംകെട്ടലുകളുമാണല്ലോ മനുഷ്യരെ വ്യത്യസ്തരാക്കുന്നത്. ഇവിടെ വിഷാദമുളവാക്കുന്ന ഒരു രഹസ്യമായി നഗ്നത വായനക്കാരൻ അനുഭവിക്കുന്നു.
രഹസ്യം പരസ്യമാകുമ്പോഴുള്ള അതിൻ്റെ ഭീകരത നിസ്സംഗതയിലാണ് അവസാനിക്കുന്നത്. ബുധിനിയെ ശിക്ഷിക്കാൻ ആൾക്കൂട്ടം കൈയ്യിലേന്തിക്കൊണ്ടുവരുന്ന സാൽമരച്ചില്ലയിൽ ഒരു ഇല നീളത്തിൽ ഉരുണ്ട കുഴൽ പോലെ കൂട്ടി കുത്തിയിരിക്കുന്നു. മറ്റേ ഇല ഇരുവശവും മടക്കികുത്തി നടുക്ക് ചാലുള്ള ഒരു പരന്ന കിണ്ണം പോലെ ആക്കിയിരിക്കുന്നു. ഇവിടെ ലൈംഗികകുറ്റാരോപണത്തിൻ്റെ കൊടിമരമാണ് സാൽമരം. നീണ്ടു പരന്ന ഇല ലിംഗവും കിണ്ണം യോനിയുമാണ് സൂചിപ്പിക്കുന്നത്. ഗോത്രാചാരങ്ങൾ ലംഘിച്ചവളെ ഗ്രാമത്തിനു പുറത്താക്കി ഗ്രാമം ശുദ്ധീകരിക്കുന്നു . തുണിയുരിഞ്ഞ് അഗ്രചർമ്മം പുറകിലേക്ക് നീക്കി പ്രദർശിപ്പിച്ച ഓരോ ലിംഗവും ചടങ്ങുകളുടെ അവസാനമെത്തുമ്പോൾ ഉറയിലേക്ക് പിൻവാങ്ങുന്നു. ഊരിപ്പിടിച്ച വാൾ ഉപയോഗശേഷം ഉറയിലിടുന്ന പ്രതീതിയാണ് ഇത് ജനിപ്പിക്കുന്നത്. ഇവിടെ പുരുഷാധികാരത്തിൻ്റെ ആയുധം ലിംഗമായി മാറുന്നു. ക്രോധത്തിൻ്റെ കൊടിമരങ്ങൾ ഉദ്ധരിച്ചുണർന്ന ആ പ്രാകൃത ലോകത്തു നിന്നും ഇന്നത്തെ പരിഷ്കൃതസമൂഹത്തിലേക്ക് യാത്ര ഒരു പാട് ചെയ്തെങ്കിലും ദൂരം പൂജ്യമാണെന്ന് സമകാലം തെളിയിക്കുന്നു.
പുന: സൃഷ്ടിയ്ക്കുള്ള നിലമൊരുക്കൽ
രാഷ്രനിർമ്മാണത്തിനിടയ്ക്ക് പെട്ടെന്ന് പൊട്ടിപ്പോയ ഒരു മൺകട്ട മാത്രമല്ല ബുധിനി. പെൺകുട്ടികൾ ചെയ്യാൻ പാടില്ലെന്ന് സാന്താൾവംശം കൽപ്പിക്കുന്നതൊക്കെ ചെയ്യുന്നവളായിരുന്നു ബുധിനി. സാൽമരത്തിൻ്റെ കൊമ്പിൽ കയറിയിരിക്കും. ടിരിയോ വായിക്കും. തൻ്റെ പുല്ലാങ്കുഴൽ വായനയിൽ ആടുമാടുകളെ ലയിപ്പിക്കും. സാൽ മരത്തിൽ കയറാനുള്ള ആഗ്രഹം എങ്ങനെ തടയാൻ പറ്റും? പുല്ലാങ്കുഴലാനന്ദം എങ്ങനെ വേണ്ടെന്നു വയ്ക്കും ? മുളങ്കാടുണ്ട്. പുല്ലാങ്കുഴലുണ്ട്. എൻ്റെയുള്ളിൽ സംഗീതവുമുണ്ട്. പിന്നെങ്ങനെ ഞാൻ ടിരിയോ വായിക്കാതിരിക്കും? എന്നവൾ സ്വയം ചോദിച്ചു കൊണ്ടിരുന്നു. നിശബ്ദതയുടെ തടാകമായിരുന്ന അവളുടെ കർബാനഗ്രാമത്തിൽ തൻ്റേതായ ലോകം സൃഷ്ടിച്ച പെണ്ണായിരുന്നു അവൾ. ജനിച്ചു പോയാൽ ജീവിക്കാൻ എല്ലാ ജീവികൾക്കും അവകാശമുണ്ട് എന്നതായിരുന്നു അവളുടെ തത്ത്വശാസ്ത്രം.
ഡി .വി. സി യിൽ ജോലിക്കുപോയ ആദ്യദിവസങ്ങളിൽ കയ്യിൽ പോളപൊന്തി പൊട്ടിയൊലിച്ചു ചുളുചുളാ കുത്തി വേദനിച്ചു. എന്നിട്ടും അവൾ ജോലി തുടർന്നു. നെറുകയിൽ ചുറ്റിക വീഴുന്നതിൻ്റെ തൊട്ടുമുമ്പ് പാറകളുടെ ഹൃദയം പടപടാ മിടിക്കുന്നത് ബുധിനി കേൾക്കുന്നുണ്ട്. മഹുവയുടെ ഇതളുകൾ ചവച്ച് ഉന്മത്തരാകുന്ന യുവതീയുവാക്കളുടെ പ്രലോഭനങ്ങളിൽ നിന്നവൾ അകന്നു നിന്നു. മുന്നോട്ടു നടക്കുമ്പോഴൊക്കെ കാട് ബുധിനിയെ പിന്നോട്ട് വിളിച്ചു. പുതിയ മണങ്ങളും മുരൾച്ചകളും നനവുകളും ബുധിനി കൊതിച്ചു. കാട്ടിൽ പോയാൽ വഴി തെറ്റണം. ഓരോ വഴിതെറ്റലും ഓരോ കാട്ടിലേക്കുള്ള വഴി തുറക്കലാണ്. ഒരു പാമ്പിനെ മാളത്തിൽ ചെന്ന് പിടിക്കാൻ, നേർക്കു വരുന്ന പുലിയുടെ മുന്നിൽ നിന്ന് സമർത്ഥമായി രക്ഷപ്പെടാൻ ഒക്കെ അവൾ കൊതിച്ചു.
ഇത്തരത്തിൽ അസാമാന്യ പ്രതിഭയുള്ള ഒരു പെൺകുട്ടിയായി ബുധിനിയെ അവതരിപ്പിച്ചുകൊണ്ട് സാന്താൾ വംശത്തിൻ്റെ കെട്ടുപാടുകളെ പൊട്ടിക്കാൻ പര്യാപ്തമായ കഥാപാത്രസൃഷ്ടിയാണ് നോവലിൻ്റെ ആദ്യം മുതൽ സാറാ ജോസഫ് ഒരുക്കിയിരിക്കുന്നത്. പെട്ടെന്നൊരു ദിനം അവിചാരിതമായുണ്ടായ ഒരു ജീവിതസന്ദർഭത്തിൽ ഇന്ത്യയുടെ രാഷ്ട്രപുനർനിർമ്മാണ പ്രക്രിയയുടെ ഭാഗമായതല്ല ബുധിനി. അച്ഛനമ്മമാർ തങ്ങളുടെ ലക്ഷ്യപ്രാപ്തിയ്ക്ക് പര്യാപ്തമായ വിധത്തിൽ മക്കളെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നതുപോലെ എഴുത്താളർ പ്രയോഗിക്കുന്ന തന്ത്രമാണത്. അച്ഛനമ്മമാരുടെ ലക്ഷ്യത്തിലേക്ക് മക്കളെത്തുന്നത് വളരെ അപൂർവ്വമാണെന്നതു പോലെ കഥയുടെ പ്രമേയത്തിനും ക്രാഫ്റ്റിനും ജീവിതപരിസരത്തിനും ഇണങ്ങുന്ന വിധത്തിൽ ഒരു കഥാപാത്രത്തിന് ജന്മം നൽകി വളർത്തി ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ എപ്പോഴും സാധിച്ചെന്ന് വരില്ല. എന്നാൽ വിഭാവാനുഭാവ വ്യഭിചാരീഭാവങ്ങളുടെ സംയോഗം സൃഷ്ടിച് ആസ്വാദകനെ രസനിഷ്പത്തിയിലേക്കെത്തിക്കുന്നതു പോലെ വായനക്കാരനെ ആസ്വാദനത്തിൻ്റെ അദ്വിതീയ തലത്തിലേക്കെത്തിക്കാൻ പര്യാപ്തമായ കഥാപരിസരം സൃഷ്ടിക്കാൻ ബുധിനിയിലൂടെ സാറാ ജോസഫിന് സാധിക്കുന്നുണ്ട്.
അതിമാനുഷികമായ ഒരു നിഗൂഢ പരിസരം നോവലിൽ സൃഷ്ടിക്കുന്നത് വളരെ ബോധപൂർവ്വമാണ്. നിറവയറുമായി രാത്രി മൂത്രമൊഴിക്കാനിറങ്ങിയ ലൊഖോൻ്റെ അമ്മ വെന്ത മാംസത്തിൻ്റെ രൂക്ഷമായമണം പടരുന്ന ഇരുട്ടിൽ പൂർണ്ണനഗ്നരായ രണ്ട് സ്ത്രീരൂപങ്ങളെ കാണുന്നു. അരക്കെട്ടിൽ കുറ്റിച്ചൂലുമായി കണ്ട അതിലൊന്ന് രാംധുനിയായിരുന്നുവെന്ന് പറഞ്ഞു കൊണ്ട് സീമാബോംഗെ എന്ന അതിർത്തി ബോംഗെയെ അവതരിപ്പിക്കുന്നു. ആഭിചാരക്രിയകളുടെയും ദുർമന്ത്രവാദത്തിൻ്റെയും സാന്താൾ ലോകത്തേക്ക് വായനക്കാരനവിടെ എൻട്രി പാസ് കിട്ടുന്നു. സദാക്ഷുഭിതരും അസ്വസ്ഥരുമായ സീമാബോംഗ ഉപാസിക്കുന്നവർക്ക് പൈശാചികശക്തി നൽകുമത്രെ. വിധവയായ രാംധുനിയും സാരൊദ ബാസ്ക്കിയും കെട്ടിനിർത്തിയിരുന്ന ആഗ്രഹങ്ങളുടെ കടലിൽ ഒന്നിച്ചു തുഴഞ്ഞതിനെ സീമബോംഗയുടെ ഉപാസനയായാണ് അവതരിപ്പിക്കുന്നത്. ശത്രുബോംഗകൾക്ക് ലൊഖോൻ്റെ കരൾ വേവിച്ച് നിവേദിച്ചെന്നും ആരോപിക്കുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരുടെ ഒന്നാകലിൽ ശരീരവും മനസ്സും പങ്കുവയ്ക്കപ്പെടുമ്പോൾ ലിംഗവ്യത്യാസം പോലും ഉണ്ടാകണമെന്നില്ലെന്ന് ഇന്ന് നമുക്കറിയാം. ഇതിനെയൊക്കെ ദുരാത്മാക്കളുടെ ഇടപെടലായി കാണുന്ന അന്ധവിശ്വാസത്തിൻ്റെ സാന്താൾലോകം , തുടർന്ന് ബുധിനിക്ക് നേരിടേണ്ടി വരുന്ന ബിത്‌ലാഹയിലേക്കുള്ള വായനക്കാരൻ്റെ മനസ്സൊരുക്കൽ കൂടിയാകുന്നു. തുടർന്നുണ്ടാകുന്ന പട്ടിണി മരണങ്ങൾക്കൊക്കെ കാരണം ശത്രുബോംഗകളാണെന്ന് ആരോപിച്ചുകൊണ്ട് തികച്ചും പ്രാകൃതമായ ആക്രമണമാണ് ആ സ്ത്രീകളുടെ നേരേ സാന്താളുകൾ വിധിക്കുന്നത്. വയർ വീർത്ത്, കണ്ണു കുഴിഞ്ഞ്, എല്ലുന്തി, കാലിൽ നീരുകെട്ടിയ കുഞ്ഞുങ്ങളേയും അവരുടെ അമ്മമാരേയും അവതരിപ്പിച്ച് ആ വംശത്തിൻ്റെ സാമൂഹികസാംസ്കാരിക പരിസരത്തെക്കുറിച്ച് വായനക്കാരനിൽ ജാഗ്രത സൃഷ്ടിക്കുന്നു. മുഴുപ്പട്ടിണിയിലും പണിയും കൂലിയും നിഷേധിക്കുന്ന ഇവർ കാലത്ത കാലത്തിനനുസരിച്ച് മാറാത്ത കോലങ്ങളാണെന്ന് മനസ്സിലാക്കുന്നതുകൊണ്ട് ബുധിനിയ്ക്ക് നേരെയുള്ള അവരുടെ വിധിയിൽ വായനക്കാരന് പ്രതിഷേധിച്ചു കൊണ്ട് ഒപ്പം ചേരാൻ അവസരം നൽകുന്നു.
അമ്പും വില്ലും തെറ്റാലിയുമായി ഗ്രാമത്തിൻ്റെ അതിർത്തികളിൽ യുവാക്കൾ കാവൽ നിൽക്കുന്നു. അതിക്രമിച്ചു കടന്നാലുടൻ അമ്പു കൊള്ളുന്ന പത്താഗാഡി മൂവ്മെൻ്റും ദാമോദർനദിയുടെ ആഴങ്ങളിൽ മരിച്ച പ്രിയപ്പെട്ടവർക്ക് തണുപ്പ് തേടുന്ന അസ്ഥിവിസർജനവും ഒരു ജനതയുടെ സാമൂഹിക സാംസ്കാരിക പരിസരത്തേക്കുള്ള പ്രവേശന കവാടമായി ഉപയോഗിക്കുന്നു.
നൈയ്ക – പൂജാരി
മാഞ്ജി -ഗ്രാമമുഖ്യൻ
ദികു- അന്യഗോത്രത്തിലുള്ളയാൾ
ഭാമണ്ഡി -കഞ്ഞി
മാഡി – വറ്റ്
ബുദ്ധി ഹാരം – വൃദ്ധ
ഹസ്സാക്കങ്ങൾ – വിവാഹിതകൾ ധരിക്കുന്ന മൺവളകൾ
ബഹു – മരുമകൾ
ഫൂലി – മൂക്കുത്തി
സസുമാ- അമ്മായിയമ്മ
സിതർ – ബോംഗകളെ കുടിയിരുത്തുന്ന സ്ഥലം എന്നിങ്ങനെ ഒരു സാന്താൾ മലയാളം നിഘണ്ടു അടിക്കുറിപ്പായി നൽകിക്കൊണ്ട് അപരിചിതമായ ഒരു ജീവിതപരിസരത്തെ ഭാഷ കൊണ്ട് പരിചയസീമയ്ക്കുള്ളിലാക്കാനുള്ള ശ്രമവും നോവലിലുണ്ട്.
എഴുത്തിൻ്റെ ആത്മാവും ശരീരവും
കീഴാളവർഗ്ഗത്തിൻ്റെ ജീവിതവും അവരുടെ അസ്തിത്വപ്രശ്നങ്ങളും സാറാജോസഫിൻ്റെ നോവലുകളുടെ പൊതുവിഷയമാണ്. വികസനത്തിൻ്റെ പേരിൽ സ്വന്തമിടങ്ങളിൽ നിന്ന് കുടിയിറക്കപ്പെടുന്നവരുടെ പോരാട്ടമായിരുന്നു ആലാഹയുടെ പെണ്മക്കളിലെ ജീവിതം. കോക്കാഞ്ചിറയെന്ന അനഭിലഷണീയ ചുറ്റുപാടിനെ തൃശ്ശൂരങ്ങാടിയുടെ വെളിയിടമായി അവതരിപ്പിച്ചുകൊണ്ട് എഴുത്തുകാരി അവർക്കൊപ്പം ചേർന്നു. ശരീരം വിൽക്കുന്നവരും കള്ളന്മാരും ചാരായം വാറ്റുകാരും തോട്ടികളും അഭയംതേടിയ കോക്കാഞ്ചിറയെ ഒരു പുണ്യഭൂമിയാക്കി. നഗരവൽക്കരണം കൊണ്ടത് നരകഭൂമിയായി മാറുന്നതും കാട്ടിത്തന്നു.
മാറ്റാത്തിയിലെ ലൂസിയും ആലാഹയുടെ പെൺമക്കളിലെ ആനിയും ഈ നോവലിലെ ബുധിനിയും ഒറ്റപ്പെട്ട തുരുത്തിൽ ജനിച്ച് നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കൊണ്ട് സമൂഹത്തിൽ ജീവിച്ചിരുന്നവരാണ്. ഇരകൾക്കൊപ്പം നിൽക്കുന്നതാണ് എഴുത്തിലെ നൈതികത എന്നുള്ള സാറാജോസഫിൻ്റെ പ്രത്യയശാസ്ത്രം ബുധിനിയിലും പ്രാവർത്തികമാകുന്നു. സമൂഹത്തിൽ ഇരയാക്കപ്പെടുന്നത് പെണ്ണാണെന്നതുകൊണ്ടാണ് അവരുടെ എഴുത്ത് പെണ്ണെഴുത്തായി വിവക്ഷിക്കപ്പെടുന്നത്. സാറാജോസഫിൻ്റെ എഴുത്തിലെ ആത്മാവ് സ്വാതന്ത്ര്യമാണ്. സമകാലത്തിൽ അതിൻ്റെ ശരീരം പെണ്ണായിപ്പോകുന്നത് സ്വാഭാവികവുമാണ്. പുരുഷാധിപത്യപരമായ ആചാരങ്ങളും സാമൂഹികനീതിയും മേൽക്കോയ്മ പുലർത്തുന്ന ഒരു സമൂഹത്തിൽ നിലനില്പിനായി കലഹിക്കുന്ന സ്ത്രീജീവിതം ആവിഷ്കരിക്കുന്നതുകൊണ്ട് ബുധിനി ഒരു സ്ത്രീപക്ഷരചനയാണ്. നിലനിൽപ്പിനായി പൊരുതുന്ന പെണ്ണും മണ്ണും ഒന്നു തന്നെയായതിനാൽ എക്കോഫെമിനിസ്റ്റ് കാഴ്ചപ്പാടിലും ഈ നോവൽ വായിക്കാനാവും. ആദിവാസികളുടെയും ഗോത്രവർഗവിഭാഗങ്ങളുടെയും ദരിദ്രകർഷകരുടെയും ഭൂരഹിതരുടെയും വികസനത്തിൻ്റെ പേരിൽ പുറത്താക്കപ്പെട്ട ഓരോരുത്തരുടേയും നശിപ്പിക്കപ്പെട്ട ഭൂമിയുടെയും പ്രതിനിധിയാണ് ബുധിനി.
“വാദ്യമുണ്ട് ,താളമുണ്ട്
ഗാനമുണ്ട് , നൃത്തമുണ്ട്
നൃത്തഭൂമി മാത്രമില്ല “
എന്ന വാചകത്തിലാണ് ബുധിനി ആരംഭിക്കുന്നത്. ഒരു ഭൂമിയിലും കാലുകുത്തിനിൽക്കാനാവാതെ ഒരു ജന്മം മുഴുവൻ ഓടിക്കൊണ്ടിരുന്ന ഒരുവൾക്കൊപ്പമാണ് നോവൽ സഞ്ചരിക്കുന്നത്. അവൾ കാൽകുത്തി നിൽക്കുന്നതെന്ന് തോന്നുന്ന ഭൂമിയിലെത്തിയാണ് നോവൽ അവസാനിക്കുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു.
“ബുധിനി മാ…. നമ്മുടെ രാജ്യം നിങ്ങളോട് തെറ്റാണ് ചെയ്തത്. അത് തിരുത്താൻ …………..”
“രാജ്യമോ? ഏതാണ് എൻ്റെ രാജ്യം? “
ബുധിനി ചോദിക്കുന്ന ഉത്തരമില്ലാത്ത ഈ ചോദ്യം ബുധിനിയുടേത് മാത്രമല്ല. സ്വന്തമായി രാജ്യമില്ലാത്ത, ദേശമില്ലാത്ത, നാടോ വീടോ കൂടെയില്ലാത്ത, തൊഴിലിടങ്ങളിലും കുടുംബത്തിലും ചൂഷണം ചെയ്യപ്പെടുന്ന അശരണരുടെത് കൂടിയാണ് . ഗോത്രവർഗ ജീവിതത്തിൽ നിന്ന് ഒരു സ്ത്രീയെ രാജ്യത്തിൻ്റെ പ്രഥമസ്ഥാനത്ത് അവരോധിച്ച നാടാണ് ഇന്ത്യ. സാന്താൾവംശജ പ്രഥമപൗരയായ സമകാലയിന്ത്യയുടെ സാമൂഹികരാഷ്ട്രീയരംഗങ്ങളിൽ സകലഊരുവിലക്കുകളും ലംഘിച്ചുകൊണ്ട് ബുധിനിമാർ ഉയർത്തെഴുന്നേറ്റു കൊണ്ടേയിരിക്കുന്നു.
എന്നിട്ടും ചോദ്യങ്ങൾ ഉത്തരമില്ലാതെ തുടരുന്നു. ഇത്തരമൊരു ചോദ്യത്തിൽ നോവൽ അവസാനിപ്പിച്ചു കൊണ്ട് ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് പരിഹാരം തേടൽ സാഹിത്യത്തിൻ്റെ ഉത്തരവാദിത്തമാണെന്ന് നോവൽ പറയാതെ പറയുന്നുണ്ട്.
