നൂറ് സിംഹാസനങ്ങൾ ജയമോഹൻ
സാമൂഹികസാഹചര്യങ്ങൾക്കിരയാവുന്ന മനുഷ്യജീവിതം സാഹിത്യത്തിനെന്നും ഇഷ്ടവിഷയമാണ്. അത്തരം സാമൂഹികാവസ്ഥകളെ മാറ്റിമറിക്കാൻ സാഹിത്യം കാരണമായിട്ടുമുണ്ട് . ‘ അയാൾ ‘ എന്ന മധ്യമപുരുഷനായും ‘ഞാൻ’ എന്ന ഉത്തമപുരുഷനായും പ്രത്യക്ഷപ്പെട്ടുകൊണ്ട് എഴുത്തുകാർ തുടരുന്ന
നിരന്തരശ്രമങ്ങളെ കൂടുതൽ ഫലപ്രദമായി ആവിഷ്കരിച്ചിട്ടുള്ളത് നോവലുകളാണ്. ബൃഹത്തായ ഒരു സാമൂഹികജീവിതപരിസരത്തെ അനുഭവതീക്ഷ്ണത ഒട്ടും കുറയാതെ ആവിഷ്കരിക്കാൻ കഴിയുന്നത് നോവലുകൾക്കാണ് എന്നതാവാം അതിന് കാരണം. സാമൂഹികവൈരുധ്യങ്ങൾക്കിരയായി ജീവിക്കേണ്ടിവരുന്ന മനുഷ്യരിൽ സ്വയമറിയാതെ രൂപപ്പെടുന്ന ഒരു ആന്തരികവൈരുധ്യമുണ്ട്. ഇത് സൃഷ്ടിക്കുന്ന സംഘർഷം ഉപരിതലസ്പർശിയായി പറഞ്ഞുപോകാൻ കഴിയില്ല.ഒരു കാലത്തിവിടെ അരങ്ങു വാണിരുന്ന അസമത്വത്തിൻ്റെയും അനീതിയുടെയും അസ്വാതന്ത്ര്യത്തിൻ്റെയും അടിത്തറ നവോത്ഥാനപ്രസ്ഥാനങ്ങളുടെ സ്വാധീനത്താൽ മറികടക്കാനായി എന്ന് കരുതുന്നവരാണ് നമ്മൾ. പന്തിഭോജനവും വില്ലുവണ്ടിയാത്രയും ക്ഷേത്രപ്രവേശനവിളംബരവും ഇരുപതാംനൂറ്റാണ്ടിൽ ഇവിടെ സംഭവിച്ചു. തുടർന്ന് വിദ്യാഭ്യാസവും ആരോഗ്യരക്ഷയും സാർവ്വത്രികമായി .തുല്യതയും മനുഷ്യാന്തസ്സുമാണ് ഉൽകൃഷ്ട മൂല്യങ്ങളെന്ന തിരിച്ചറിവ് കുറെയൊക്കെ കേരളത്തിൻ്റെ സമൂഹമനസാക്ഷി ഏറ്റെടുത്തു. തുല്യത എന്ന ആശയത്തിൻ്റെ മഹാവിളംബരവും മനുഷ്യാന്തസ്സിനോടുള്ള അഗാധമായ പരിഗണനയും സാഹിത്യം ഉദ്ഘോഷിച്ചു. എന്നിട്ടും മനുഷ്യനെന്ന പേരിൽ മൃഗതുല്യരായി ജീവിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന മഹാസത്യം ഓർമ്മിപ്പിക്കുന്ന നോവലാണ് ജയമോഹൻ്റെ ‘നൂറ് സിംഹാസനങ്ങൾ.’
നായാടികൾക്കിടയിൽ നിന്ന് പഠിച്ച് സിവിൽസർവീസ് നേടിയ ധർമപാലൻ എന്ന ഐ.എ.എസ് ഓഫീസറുടെ സംഘർഷങ്ങളുടെ കഥയാണിത്. സമകാലഫിക്ഷനെഴുത്തിൻ്റെ തന്ത്രങ്ങളൊന്നും പ്രയോഗിക്കാതെ തന്നെ ഇന്ത്യയുടെ സാമൂഹികശരീരത്തിലെ പഴുത്തളിഞ്ഞു ചലമൊഴുകുന്ന വ്രണങ്ങൾ വരികൾക്കിടയിലിരുന്ന് ചീഞ്ഞുനാറുന്നുണ്ട് .
ധർമപാലൻ്റെ അമ്മ മരണാസന്നയായി ഭിക്ഷക്കാർക്കുള്ള ആശുപത്രിക്കെട്ടിടത്തിൽ കിടക്കുന്ന വിവരം ഓഫീസിൽ വന്നറിയിക്കുന്ന കുഞ്ഞൻനായരിലാണ് നോവൽ ആരംഭിക്കുന്നത്. അറിഞ്ഞ വിവരമനുസരിച്ച് അമ്മയെ കാണാൻ കഴുതച്ചന്തയിലുള്ള ഇടിഞ്ഞുപൊളിഞ്ഞ ഷെഡ്ഡിലെത്തുന്ന ധർമ്മപാലൻ്റെ ഓർമ്മകളിലൂടെ നോവൽ തുടരുന്നു. ഔദ്യോഗിക ജീവിതത്തിലും കുടുംബ ജീവിതത്തിലും അയാൾക്കനുഭവിക്കേണ്ടിവന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൻ്റെയും വരേണ്യമേധാവിത്വത്തിൻ്റെയും സ്വാഭാവികാവിഷ്കരണമായി നോവൽ മാറുന്നു. കീഴാളജീവിതത്തിൽ നിന്ന് ഒരു വ്യക്തി ഏത് ഉന്നതപദവിയിലെത്തിയാലും അയാളിലെ കീഴാളത്തത്തെ നിരന്തരം പരിഹസിക്കുന്ന വരേണ്യമനോഭാവം ചില ഔദ്യോഗികയിടങ്ങളിൽ ഇന്നും പ്രകടമാണ്. ‘അർഹമായ ആദരവ് നൽകാതിരിക്കുകയും ഉത്തരവുകൾ മതിക്കപ്പെടാതെ പോകുകയും നിരന്തരം പരിഹസിക്കപ്പെടുകയും ചെയ്യുന്നയിടങ്ങളിലാണ് ധർമ്മപാലൻ്റെ ഔദ്യോഗികജീവിതം . ഐഎഎസ് ഓഫീസറായി ആദ്യം ജോയിൻ ചെയ്യാൻ ചെല്ലുന്ന അവസരത്തിൽ അയാൾ കണ്ട സിംഹാസനസമാനമായ കസേര ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തുന്ന സമയത്ത് അയാൾക്ക് ലഭ്യമാകുന്നില്ല. അടിമ മനോഭാവത്തിലേക്ക് അയാളെ കൂടുതൽ ചവിട്ടിത്താഴ്ത്തുന്നത് കീഴുദ്യോഗസ്ഥരുടെ പെരുമാറ്റങ്ങളാണ്.പുണ്ണും ചെള്ളും പിടിച്ച് നായകൾക്കൊപ്പം കഴിയുന്ന മനുഷ്യരെയാണ് ഇടിഞ്ഞുപൊളിഞ്ഞ ആ കെട്ടിടത്തിൽ ധർമപാലൻ കാണുന്നത്.
മുനിസിപ്പൽ ചവറ്റുപറമ്പിലേക്ക് ചവറു കൊണ്ട് തട്ടുന്നത് മാതിരി കൂട്ടിയിട്ടിരിക്കുന്ന മനുഷ്യജന്മങ്ങൾ. മനുഷ്യരെന്ന് പേരിൽ മാത്രം വിളിക്കുന്ന കുറെ ജീവികളുടെ തീർത്തും മൃഗതുല്യമായ ജീവിതസാഹചര്യങ്ങൾ . ചികിത്സിക്കാനെത്തിയിരിക്കുന്ന ഡോക്ടറുമായുള്ള സംസാരത്തിനിടയിൽ താനും എസ്.സി സംവരണത്തിൽ വന്നതാണെന്ന് അയാൾ വെളിപ്പെടുത്തുന്നുണ്ട് . തോട്ടിഡോക്ടറും സിവിൽ സർവീസിലെ തോട്ടിയും കൂടി സർവീസനുഭവങ്ങൾ പങ്കുവെക്കുമ്പോൾ നവോത്ഥാനത്തിൻ്റെ വീമ്പുപറയുന്ന മലയാളിക്ക് തൊലിപ്പുറത്തു മാത്രമാണ് മാറ്റമുണ്ടായതെന്ന് വായനക്കാരൻ തിരിച്ചറിയും. മനസ്സിപ്പോഴും ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കുഴിയേക്കാൾ ആഴമുള്ളതാണെന്നും അതിൽ ജോയിമാർ നിരന്തരം മുങ്ങിച്ചാവുന്നുണ്ടെന്നും നമുക്ക് മനസ്സിലാകും .
ചോറു തേടി പ്രജാനന്ദസ്വാമിയുടെ ആശ്രമത്തിലെത്തുന്നിടത്ത് നിന്നാണ് നായാടിയായ ധർമ്മപാലൻ്റെ ജീവിതം ട്രാക്ക് മാറി ഓടുന്നത്. വെള്ളം കണ്ട് മടിച്ചു നിന്നിടത്തു നിന്ന് കുളിപ്പിച്ച് ദേഹമാസകലം മരുന്നിട്ട് തീപ്പെട്ടു നീറി “കാപ്പയ്ക്ക് ചോറ് വേണമേ…. ചോറേ ” എന്ന് നിലവിളിച്ച് തൂശനിലയിലെ ചോറിൻ്റെ മലകളും മണൽപ്പരപ്പും വെള്ളപ്പൊക്കവും കടലും കീഴടക്കി. ഇനിയും ചോറുണ്ടാൽ ഇലവങ്കായ മാതിരി പൊട്ടി ചോറ് പഞ്ഞിയായി പുറത്തേക്ക് വരുന്ന അവസ്ഥവരെയെത്തി. ചോറ് വായിൽ വയ്ക്കുമ്പോ സാധാരണ കേൾക്കുന്ന തെറി കേൾക്കാതെ, തല്ലുകളിൽ നിന്ന് ഒഴിഞ്ഞു മാറാതെ ചോറുണ്ണാൻ പഠിച്ചു. പ്രാർത്ഥനായോഗങ്ങളിൽ ദൈവദശകം ചൊല്ലി. തമ്പുരാൻ കളസവും കസേരയും തങ്ങൾക്കുള്ളതല്ലെന്ന് വിശ്വസിച്ച് നായാടിത്തത്തിൽ മാത്രം രമിച്ചു പോയ അമ്മയിൽ നിന്നും രക്ഷനേടാൻ പാലക്കാട് ഹോസ്റ്റലിലേക്ക് മാറി. പിന്നീട് വിശപ്പ് പഠിത്തത്തിലായി. നായാടിയിൽ നിന്നും ഒരു ഐ.എ. എസ് കാരൻ ജനിച്ചു. “ഒന്നുമറിയാത്ത കാട്ടുമൃഗമാണ് നിൻ്റെ അമ്മ. എന്ത് വന്നാലും അവളെ കൈവിടരുത് ” എന്ന പ്രജാനന്ദൻ്റെ വാക്കുകൾ ധർമപാലനെ ജീവിതത്തിലുടനീളം പിന്തുടരുന്നു. ചില വാക്കുകൾ അങ്ങനെയാണ് “ഒരിക്കൽ പെയ്താൽ മതി ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ” എന്ന് പി.ആർ രതീഷ് പറഞ്ഞത് വാക്കുകളുടെ കാര്യത്തിലും ശരിയാണെന്ന് തോന്നുന്നു.
സിവിൽസർവീസ് അഭിമുഖത്തിന് ചെന്നപ്പോൾ ധർമപാലന് ആദ്യം നേരിടേണ്ടിവന്ന ചോദ്യം ജാതിയെപ്പറ്റി ആയിരുന്നു. “നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. അവരെ കണ്ടാൽത്തന്നെ അയിത്തമാണ്. നേർക്കുനേരെ കണ്ടാൽ ബഹളമുണ്ടാക്കി ആളെ കൂട്ടി ചുറ്റിവളഞ്ഞു കല്ലെടുത്തെറിഞ്ഞു കൊല്ലും. പകൽ മുഴുവൻ കാടിൻ്റെയുള്ളിൽ ചെടികളുടെ ഇടയ്ക്ക് കുഴി തോണ്ടി പന്നികളെ പോലെ ഒളിച്ചിരിക്കും. രാത്രി പുറത്തിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിച്ചു തിന്നും ” ഇങ്ങനെ അഭിമുഖം നടത്തിയ ഓഫീസറോട് നായാടികളെപ്പറ്റി വിശദീകരണം നൽകുന്നുണ്ട് ധർമപാലൻ . ഒരുവശത്ത് നായാടിയും മറുവശത്ത് ന്യായവും വന്നാൽ ഔദ്യോഗികജീവിതത്തിൽ താൻ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യം ധർമപാലൻ്റെ മുന്നിൽ ഇൻ്റർവ്യൂബോർഡ് ഉയർത്തുന്നുണ്ട്. നായാടിക്കൊപ്പമെന്ന് ഉറപ്പിച്ച് പറഞ്ഞിട്ട് രണ്ട് ജീവികൾക്കിടയിൽ സമത്വം ഇല്ലാത്തിടത്തോളം അവർക്കിടയിൽ ധർമാധർമങ്ങളും ന്യായാന്യായങ്ങളും എങ്ങനെ നടപ്പാക്കാനാകും എന്ന മറുചോദ്യമാണ് ധർമപാലൻ ചോദിക്കുന്നത്. ഏറ്റവും അടിസ്ഥാനധർമ്മം സമത്വമാണെന്നും അത് പ്രായോഗികമാകുന്ന സമൂഹത്തിൽ മാത്രമേ ന്യായാന്യായവിചാരണ നടത്തേണ്ട ആവശ്യമുള്ളൂവെന്നും നമുക്കറിയാം. സാമൂഹികസംവരണം ആരുടെയും ഔദാര്യമല്ലെന്നും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സമത്വത്തിലേക്കുള്ള വഴിയാണെന്നും ഇനിയും ബോധ്യമായിട്ടില്ലാത്ത വരേണ്യ മനോഭാവത്തോടുള്ള കലഹമാണ് ഈ നോവൽ.
മനുഷ്യസ്നേഹിയായും പുരോഗമനവാദിയായും തന്നെ മറ്റുള്ളവർ കാണണമെന്ന ലക്ഷ്യത്തിലാണ് ഇൻറർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന ഓരോരുത്തരും ധർമ്മപാലന് നല്ല മാർക്ക് നൽകിയതെന്നും അയാൾ തെരഞ്ഞെടുക്കപ്പെട്ടുവെന്നും അഭിമുഖം നടത്തിയവരിൽ ഒരാളായ സെൻഗുപ്ത അയാളെ അറിയിക്കുന്നുണ്ട്. മറ്റുള്ളവർക്കു മുന്നിൽ നല്ലതാകണം എന്ന ചിന്തയിൽ മാത്രമാണല്ലോ മനുഷ്യൻ അവനിലെ വന്യവും നൈസർഗ്ഗികവുമായ കാമനകൾക്ക് കൂച്ചുവിലങ്ങിട്ട് മാന്യതയുടെ മുഖപടം അണിയുന്നത്. മിണ്ടിയാൽ അല്പത്തമായും മിണ്ടിയില്ലെങ്കിൽ ബലഹീനതയായും കണക്കാക്കപ്പെടുന്ന പ്രതികരണങ്ങളിൽ സ്വസ്ഥത എന്തെന്നറിയാതെ ഉലയുന്ന അവസ്ഥയിലായിരുന്നു ധർമ്മപാലൻ്റെ ഔദ്യോഗികജീവിതം.
ആശുപത്രിയിലെത്തിയ ഐ.എ.എസ് ഓഫീസറോട് കയർക്കുന്ന നായാടിയെ കണ്ട് എന്തെങ്കിലും കേസോ മറ്റോ ആണോ സാറേ എന്ന ഡോക്ടറുടെ ചോദ്യത്തിന് ധർമ്മപാലൻ്റെ കല്ലുപോലായ ചുണ്ടുകൾ വേണ്ടപ്പെട്ട ഒരാളാണ് എന്നാണ് ആദ്യം പ്രതികരിച്ചത് . ധർമ്മപാലനെന്നാണ് പേരെങ്കിലും അത്രയും ധർമ്മം പാലിക്കാനെ മനുഷ്യനായി പിറന്നവർക്ക് സാധിക്കൂ. ധർമ്മപുത്രർ പോലും സമയാനുസൃതം ശബ്ദമുയർത്തിയും താഴ്ത്തിയും പറഞ്ഞ് ജീവിതപ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ട കഥ നമുക്ക് അറിയാവുന്നതാണല്ലോ. പക്ഷേ സ്വന്തം മനസാക്ഷിയോട് കള്ളം പറയാനാവാത്ത ഒരു മനുഷ്യൻ ധർമ്മപാലനിലുണ്ട്. അതുകൊണ്ടാണയാൾ ഇതെൻ്റെ സ്വന്തം അമ്മയാണെന്ന് തുടർന്ന് ഉറക്കെ പറഞ്ഞത് ‘.ഒരിയ്ക്കലും അലിഞ്ഞുചേർന്നൊന്നാകാൻ കഴിയാത്തത്ര സാന്ദ്രതാവ്യത്യാസമുള്ളതാണ് മനുഷ്യമനസ്സിലെ വെളുപ്പും കറുപ്പും. ധർമ്മപാലൻ്റെ ഭാര്യയും അമ്മയും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലുകൾക്ക് കാരണം ആ വ്യത്യാസമാണ്. പ്രണയിച്ച് വിവാഹം കഴിച്ച സിവിൽസർവ്വീസുകാരനായ പുരുഷനൊപ്പം സ്വസ്ഥമായ കുടുംബജീവിതം ആഗ്രഹിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥയായ ഭാര്യയാണ് സുധ. കുടുംബജീവിതത്തിൽ കാലാന്തരത്തിൽ സംഭവിക്കുന്ന ജഡത്വത്തെ പ്രണയം കൊണ്ട് മറികടക്കാൻ ഒരു പരിധി വരെ അവർക്ക് കഴിയുന്നുണ്ട്. പക്ഷേ, മൃഗതുല്യമായ ചേഷ്ടകളോടു കൂടി അവരുടെ ജീവിതത്തിൽ ഇടപെടുകയും അവരുടെ വെളുപ്പിനെ പുച്ഛിക്കുകയും ചെയ്യുന്ന നായാടിയായ അമ്മയെ അവർക്ക് സഹിക്കാനാവുന്നില്ല. നൂറ്റാണ്ടുകളായി രക്തത്തിലടിഞ്ഞു പോയ അപകർഷത അവരെ കാണുമ്പോഴൊക്കെ പല്ലും നഖവും വച്ച് വലിച്ചു കീറുമ്പോൾ തടുക്കാതിരിക്കാൻ സുധയ്ക്കാവുന്നില്ല. മകൻ പ്രേമിനെ കട്ടുകൊണ്ടു പോയി ചേരിപ്പുറത്തെ എച്ചിൽക്കൂനയിൽ നാറിപ്പുഴുത്തതൊക്കെ തീറ്റിച്ചപ്പോഴാണ് സുധയ്ക്ക് നിയന്ത്രിക്കാനാവാതെ വന്നത്. അമ്മ വെളുത്തതോ കറുത്തതോ എന്നത് മാത്രല്ല അവിടെ പ്രശ്നം. അസഹനീയമായ ദുർഗന്ധത്തിൽ മൂക്കു പൊത്തുന്നതും മാലിന്യം മണ്ണിട്ടു മൂടുന്നതും മനുഷ്യസഹജമാണ്. അത് മാത്രമേ സുധ അവിടെ ചെയ്തുള്ളൂ. അപ്പോഴും അമ്മയോട് താൻ ചെയ്യുന്ന അനീതിയോർത്ത് പൊള്ളുന്ന മനസ്സാണ് ധർമ്മപാലൻ്റെത്. ചുരുക്കത്തിൽ സുധയും അമ്മയും ധർമ്മപാലനും നിസ്സഹായരും വ്യവസ്ഥിതിയുടെ ഉല്പന്നങ്ങളുമാണ്. അമ്മയുണ്ടാക്കിയ ചീത്തപ്പേരിൽ നിന്ന് രക്ഷനേടാനുള്ള സുധയുടെ നിർദ്ദേശങ്ങളെ ജീവിതത്തിൻ്റെ പ്രായോഗികപാഠങ്ങളായി കാണാവുന്നതാണ് . പ്രായോഗികതയിൽ വൈകാരികതയ്ക്ക് സ്ഥാനമില്ലാത്തതിനാലാവും അവ ധർമ്മപാലനെ പലപ്പോഴും മുറിപ്പെടുത്തുന്നുണ്ട്. ഒടുവിൽ മരണക്കിടക്കയിലും അവരുടെ ഹൃദയത്തിൻ്റെ വിശപ്പിന് പരിഹാരം കാണാൻ തൻ്റെ അധികാരകസേരകൾക്കു കഴിയുന്നില്ലല്ലോയെന്ന് അയാൾ പച്ഛാത്തപിക്കുന്നു. ഇത്തരം അവസരങ്ങളിലൊക്കെ ഗ്രന്ഥകാരൻ്റെ നിയന്ത്രണത്തിനു കീഴിൽ രേഖീയമായി നടക്കുന്ന ഒരു പ്രക്രിയയായി ആഖ്യാനം തുടരുന്നു.
സമൂഹനിർമ്മിതിയുടെ അവശിഷ്ടം
ഒരാളുടെ ചിന്തയും പ്രവൃത്തിയും തീർത്തും വ്യക്തിപരമാണെങ്കിലും അയാളുടെ കുടുംബവും സമൂഹവുമായി ബന്ധപ്പെട്ട പല തലങ്ങൾ അതിനുണ്ട് . ജാഗ്രത്തായ അവസ്ഥയിൽ ബോധമനസ്സ് നിരന്തരം അഭിമുഖീകരിക്കുന്നതൊക്കെ ഉപബോധമനസ്സിൽ അറിയാതെ പതിയുന്നു. കാലാന്തരത്തിൽ അതൊക്കെ ആ വ്യക്തിയായി രൂപാന്തരപ്പെടുന്നു. ശീലങ്ങളിലൂടെ ആർജ്ജിച്ചെടുക്കുന്ന സ്വഭാവങ്ങൾ ജീനുകളിൽ അടയാളപ്പെടുത്തപ്പെടുകയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തേക്കാമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. .ഒരാളെങ്ങനെയാണോ അങ്ങനെ ആയിത്തീരുന്നതിന് പിന്നിൽ അയാൾ അംഗമായ സമൂഹത്തിന് പങ്കുണ്ട്. മാനസികരോഗവും ആത്മഹത്യയും വ്യക്തിപരമായ അനുഭവങ്ങളാണെങ്കിലും അവരെ അതിലേക്ക് നയിച്ച ഒരു സമൂഹം അവർക്ക് പിന്നിലുണ്ട്. ആർജിതസംസ്കാരമായ ജാതിവ്യവസ്ഥയെ ഉദ്ഘോഷിക്കുന്ന നാടാണ് നമ്മുടേത്. രോഹിത് വെമുലയെപ്പോലെ ആയിരക്കണക്കിന് ആളുകളെ ജാതിയുടെ പേര് പറഞ്ഞ് കൊന്ന നാടാണ് നമ്മുടേത് . ജാതിയുടെ പേരിൽ ലഹളകളും ദുരഭിമാനകൂട്ടക്കൊലകളും ബലാത്സംഗങ്ങളും ഇപ്പോഴും നടക്കുന്ന നാടാണ് നമ്മുടേത്. എഴുത്തുകാരൻ്റെ ജാഗ്രത്തായ മനസ്സ് ഇത്തരത്തിലുള്ള സാമൂഹ്യശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
കീഴാളജീവിതങ്ങൾക്ക് മേൽ വരേണ്യതയുടെ അഹന്ത നൂറ്റാണ്ടുകളായി അടിച്ചേൽപ്പിച്ച അധികാരഭാവംകൊണ്ട് സ്വയം ന്യൂനീകരിച്ചുപോയ മനുഷ്യഭാവങ്ങളാണ് ഈ നോവലിലുള്ളത്. താനെന്താണെന്ന് സ്വയം തിരിച്ചറിയുകയും തനിക്ക് പ്രിയപ്പെട്ടവർ തികച്ചും വിഭിന്നമായി ഓടയിൽ നുരയ്ക്കുന്ന പുഴുക്കളായി ജീവിക്കുകയും ചെയ്യേണ്ടി വരുമ്പോഴുണ്ടാകുന്ന സ്വത്വപ്രതിസന്ധിയാണ് ധർമപാലൻ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ അനുഭവിക്കുന്നത്. തൻ്റെ പദവിയും നിർവഹിക്കുന്ന സാമൂഹികഉത്തരവാദിത്വങ്ങളും കൂടി സൃഷ്ടിച്ചെടുക്കുന്ന അഭിജാതവ്യക്തിത്വത്തെ തള്ളാൻ അയാൾക്ക് കഴിയുന്നില്ല. അതേസമയം തൻ്റെ സിരയിലൊഴുകുന്ന ചോര പിച്ചയെടുത്തുണ്ട ചോറിൽ ഊറിയതാണെന്നും താൻ മറന്നാലും പിച്ചതന്നവർ അതൊരിക്കലും മറക്കില്ലെന്നും അയാൾക്കറിയാം. ഈ രണ്ട് വ്യക്തിത്വങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ അയാൾ നിരന്തരം അനുഭവിക്കുന്നു. നായാടിയായി പിറന്നു വളർന്നവനാണ് താനെന്ന അറിവ് അയാളിൽ അപകർഷതാബോധവും ഉണർത്തുന്നുണ്ട്. അത് ചില സന്ദർഭങ്ങളിൽ മനോരോഗത്തോളം ആകുന്നുമുണ്ട്. തൻ്റെ കുഞ്ഞിനെയെങ്കിലും ആ അധമബോധത്തിൽ നിന്ന് രക്ഷിക്കണമെന്ന് അയാൾ ചിന്തിക്കുന്നുണ്ട്. പഠിത്തം, അറിവ്, പദവി എന്നിവയ്ക്കൊക്കെ അപ്പുറമുള്ള അപകർഷതാബോധമാണ് അയാളുടെ വ്യക്തിത്വത്തിൻ്റെ പ്രഭവകേന്ദ്രം. അതുകൊണ്ടുതന്നെ അയാൾക്കതിൽനിന്ന് മോചനമില്ല. ഇല്ലത്തൂന്നിറങ്ങുകയും ചെയ്തു അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന അവസ്ഥയാണ് പലപ്പോഴും ധർമ്മപാലൻ്റേത്. വിദ്യാഭ്യാസം നേടി പരീക്ഷകൾ ജയിച്ച് അധികാരക്കസേര സ്വന്തമാക്കിയെങ്കിലും അതിലൊന്നമർന്നിരിക്കാൻ സമൂഹം അയാളെ അനുവദിച്ചില്ല. ഒപ്പം അയാളുടെ വ്യക്തിത്വവും അത്തരത്തിലായിരുന്നു. “താനിരിക്കുന്നത് യജമാനന്മാരുടെ കസേരയിലല്ലേ ? അവർ അതിനു പ്രതികാരമായി തന്നെ കൊന്നു കൊണ്ടിരിക്കുകയാണോ?
ആ മാസ്മരവിദ്യയ്ക്ക് വശപ്പെടാത്ത മൃഗം പോലെ അമ്മ ആ സത്യം തിരിച്ചറിയുകയാണോ” ഇത്തരത്തിലുള്ള ചിന്തകൾ അയാളിൽ എന്നും നീറിപ്പുകഞ്ഞു. ഇതെല്ലാം സ്വന്തം അപകർഷബോധം കൊണ്ടുണ്ടാകുന്നവയാണെന്ന് സുധ പറയുന്നുണ്ട്. തന്നെപ്പോലുള്ളവരുടെ ശബ്ദമായും കൈയായും മനസായും ഗവൺമെൻ്റിനുള്ളിൽ പ്രവർത്തിച്ച്, ജീവിച്ചുവന്ന നരകത്തിൽ നിന്ന് തൻ്റെ സമൂഹത്തെ കരകയറ്റേണ്ട വ്യക്തിയാണയാൾ. ധിഷണയും സ്ഥൈര്യവും ഒത്തുചേർന്ന സവിശേഷവ്യക്തിത്വങ്ങൾക്ക് മാത്രമേ അതിന് കഴിയൂ. നിയമജ്ഞനും പണ്ഡിതനും അധകൃതപുനരുദ്ധാരണത്തിൻ്റെ അപ്പോസ്തലനുമായിരുന്ന ബി.ആർ അംബേദ്കറെപ്പോലെ ജാതിയുടെ തൂക്കുകയറിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനുള്ള ആത്മവിശ്വാസം നേടാൻ തൻ്റെ വിദ്യാഭ്യാസം അയാളെ സഹായിച്ചില്ല. തൻ്റെ കൂട്ടർ അനുഭവിക്കുന്ന അവഗണനകളെല്ലാം സാമൂഹികസൃഷ്ടിയുടെ ഉൽപ്പന്നമാണെന്ന് അറിയുമ്പോഴും സ്വന്തം വൈകാരികതയുടെ ഉൾച്ചൂടിൽ ഉരുകിയൊലിക്കാനേ അയാൾക്കാവുന്നുള്ളൂ. പാർശ്വവൽകൃതരുടെ സാമൂഹികപദവിയെ അവമതിപ്പിൽ നിന്ന് രക്ഷിക്കാനായി നാളിതുവരെ നമ്മൾ സ്വീകരിച്ച ഭരണകൂട നടപടികളൊക്കെയും ലക്ഷ്യ വേധികൾ തന്നെയായിരുന്നു . അതിനനുസരിച്ചുള്ള മാറ്റം സമൂഹത്തിൽ പ്രകടവുമാണ് . എന്നാൽ തലമുറകളിലൂടെ കടന്നുവന്ന അരികുവൽക്കരിക്കപ്പെട്ടുപോയ അടിമ ജീവിതങ്ങളുടെ ഉള്ളിലെ അധമബോധം മാറ്റാൻ നിയമങ്ങൾക്ക് കഴിയുന്നില്ല. നിയമങ്ങളെത്ര നടപ്പാക്കിയാലും ആദർശങ്ങളെത്ര പ്രസംഗിച്ചാലും സമൂഹനിർമ്മിതിയുടെ സാക്ഷ്യങ്ങളായ തഴയലുകളും അവഗണനകളും ആധിപത്യ പ്രഘോഷണങ്ങളും ഉച്ചാടനം ചെയ്യാനാവാത്ത ബാധയായി തുടരുകതന്നെ ചെയ്യുന്നു.
ആളുന്ന ജഠരാഗ്നി
നവോത്ഥാനകാലയെഴുത്തിൻ്റെ പ്രധാനപ്രമേയങ്ങളിലൊന്ന് വിശപ്പായിരുന്നു. ദാരിദ്ര്യവും രോഗങ്ങളും കടബാധ്യതയും കലർന്ന കഥകളിലൂടെ പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ അവ ആവിഷ്കരിച്ചു. കോവിലൻ്റെ ‘റ’യും കാരൂരിൻ്റെ ‘ പൊതിച്ചോറും ‘ നന്തനാരുടെ ‘വിശപ്പും ‘വിശപ്പിനെ സാമൂഹികവൽക്കരിച്ച കഥകളാണ്. വിശപ്പും ലൈംഗികതയും അടിസ്ഥാന വികാരങ്ങളാണെന്ന് പറയാറുണ്ടെങ്കിലും വയറിൻ്റെ വിശപ്പിനേക്കാൾ വലിയൊരു വിശപ്പ് വേറെയില്ല എന്നതാണ് സത്യം. വിശന്ന വയറിൻ്റെ നിലവിളിക്കൊപ്പം ഉദ്ദീപിപ്പിക്കപ്പെടുന്ന കാമചിന്തകൾ ഉണ്ടാവാനിടയില്ല. വിശപ്പിൽ അധ്യാപക-വിദ്യാർഥി ഭേദമില്ലെന്ന് കാരൂരിൻ്റെ പൊതിച്ചോറ് എന്ന കഥ കാട്ടിത്തന്നു. വിശപ്പിനെ അതിൻ്റെ സർവ്വതീവ്രതയോടെയും അവതരിപ്പിക്കുന്ന ജയമോഹൻ്റെ ചോറ്റുകണക്ക് എന്ന കഥയിൽ വിശക്കുന്നവനെ ഊട്ടുന്നതിലുള്ള പുണ്യം ഓർമ്മകളിൽ നിറയുന്നുണ്ട്.
ചോറ്റുകണക്കിലെപ്പോലെ നൂറു സിംഹാസനങ്ങളിലും വിശപ്പ് ഒരു തീവ്രാനുഭവമാണ്. ജാതി മാറുന്നതനുസരിച്ച് വിശപ്പിൻ്റെയും രൂപഭാവങ്ങൾ മാറുന്നു. നായാടിയുടെ വിശപ്പ് മറ്റുള്ളവരുടേത് പോലല്ല.ധർമ്മപാലൻ്റെയും നായാടിയായ അമ്മയുടെയും തീറ്റയെ ഈ നോവലിൽ വ്യത്യസ്തസന്ദർഭങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്.ഭക്ഷണം കഴിക്കാൻ കിട്ടുമ്പോഴുള്ള ആ സ്ത്രീയുടെ ഭാവവ്യത്യാസം ആരിലും ബീഭത്സത ഉണർത്തും. ഇലയിട്ടപ്പോൾ ഞെട്ടി നിവർന്ന് , അതിലേക്ക് ചോറ് കുമിച്ചിട്ടപ്പോൾ ഭീതിയോടെ നോക്കി , ധർമ്മപാലൻ്റെ അനുവാദമായി ‘ മ് ‘എന്ന ശബ്ദംകിട്ടിയപ്പോൾ ഉരുളകളായി വാരി വായിലേക്കെറിയുന്നു. ഇടയ്ക്ക് ഇലയോടെ ചോറും കൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നു .
ഊണ് കഴിഞ്ഞതോടെയാണ് അവരൊന്നു ശാന്തയാവുന്നത്. ദാരിദ്ര്യം വലിയൊരു വ്യാധിയാണെന്ന് നമുക്കറിയാം. ഇവിടെ ദാരിദ്ര്യം മാത്രമല്ല വിഷയം . വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദാരിദ്ര്യം ബാധിച്ചിരിക്കുന്നു. അതൊരു സാമൂഹിക ഉല്പന്നമാണ്. “ഒരു മൃഗവും ഇത്ര വൃത്തികേടായി ഭക്ഷണം കഴിക്കില്ല. കാരണം മൃഗം ഒരിക്കലും ഇത്രയും വിശപ്പ് അറിഞ്ഞിട്ടുണ്ടാവില്ല. മൃഗങ്ങൾക്ക് വർത്തമാനകാലത്തിലെ വിശപ്പ് മാത്രമേയുള്ളൂ .” എന്ന് ജയമോഹൻ അതിനെ വിവരിക്കുന്നു. ചോറിവിടെ വിശപ്പടക്കാനുള്ള ഉപാധി എന്നതിലുപരി മനുഷ്യനിലെ പ്രാകൃതവാസനകളുടെ പരിഹാരത്തിനുള്ള പ്രതീകമായി മാറുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തിൻ്റെ പരിഹരിക്കപ്പെടാത്ത വ്യഥകളെ അത് അഭിസംബോധന ചെയ്യുന്നു. പെറ്റൊഴിഞ്ഞ ശേഷവും മക്കളെ തന്നിലേക്ക് എത്ര ചേർത്താലും മതിയാവാത്ത മാതൃദാഹത്തിൻ്റെ പ്രാകൃതരൂപമായി നായകൻ്റെ നായാടിയമ്മ അടയാളപ്പെടുത്തപ്പെടുന്നു.
മനുഷ്യനിലെ മൃഗചേഷ്ടകളെ കഥാകൃത്ത് അവതരിപ്പിക്കുന്നത് യാഥാർത്ഥ്യബോധത്തിനും അപ്പുറത്താണ്. വൃത്തികേടുകളിൽ പുളച്ചു നടക്കാനിഷ്ടപ്പെടുന്ന പന്നിയെപ്പോലെയാണവർ. ധർമ്മപാലൻ്റെ മനസിലവർക്ക് അമ്മപ്പന്നിയുടെ മുഖമാണ്. വൃത്തിയും വെളിച്ചവും അവർക്ക് പൊരുത്തപ്പെടാനാവാത്തയിടങ്ങളാണ്. അത്തരം സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ആ നായാടിസ്ത്രീ കാണിക്കുന്ന പരാക്രമം ഒരു ദൃക്സാക്ഷിവിവരണം പോലെ നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ” അവളിഴഞ്ഞു ,പൂന്തൊട്ടികളുടെ പിന്നിലൊളിച്ചു. ജന്മവാസന പോലെയാണ് ഇലകൾക്ക് നടുവിലേക്ക് ഒളിക്കാനുണ്ടായ സ്വാഭാവിക ചലനം……………” മകനെ അടുത്തു കിട്ടുന്ന നിമിഷങ്ങളിലും അവരുടെ ചേഷ്ടകൾ മൃഗങ്ങളുടേതാണ്. ” മുഖത്തെ പാടുകളിൽ അവളുടെ ചുരുണ്ട നഖങ്ങളുള്ള കൈകൾ പരതി. തല സ്വന്തം മാറിൽ ചേർത്ത് പിൻതലയിൽ കൈ കൊണ്ടവൾ ആഞ്ഞാഞ്ഞടിച്ചു. സുഹൃത്തായ ഒരു വന്യമൃഗം എന്നെ ബാക്കിവയ്ക്കാതെ തിന്നു തീർത്തതു പോലെ ” നായാടികൾ പരസ്പരം അറിയുന്നത് പാടുകളിലും വ്രണങ്ങളിലും കൂടിയാണ്. മക്കളെ കാൽവിരലുകളാൽ തട്ടിയുരുട്ടി നക്കിത്തുടച്ചെടുക്കുന്ന പൂച്ചയേയോ പട്ടിയേയോ പോലെയാണ് ആ അമ്മ മകനിലലിയുന്നത്. അതിൽ മാതൃത്വത്തിൻ്റെ ഏറ്റവും അപരിഷ്കൃതമായ രൂപമാണ് നമുക്ക് കാണാനാവുക. സമൂഹത്തിൻ്റെ രൂപപ്പെടുത്തലുകൾക്ക് വഴങ്ങിവഴങ്ങി ജീവിക്കുന്ന പരിഷ്കൃതജനതയ്ക്കത് അസഹനീയമായി തോന്നുന്നതിൽ അത്ഭുതപ്പെടാനില്ല. മനുഷ്യമൃഗം എന്ന വാക്ക് സാധാരണ ഉപയോഗിക്കുന്നത് മനുഷ്യത്വം അശേഷമില്ലാത്ത മനുഷ്യരെ സൂചിപ്പിക്കാനാണ്. എലിയെപ്പോലെ വളഞ്ഞ നട്ടെല്ലുമായി കണ്ണിൽ ഓളം വെട്ടുന്ന ഭയത്തോടെ , താനെങ്ങനെയെങ്കിലും ഒന്നു ജീവിച്ചുപൊയ്ക്കോട്ടെ എന്ന ഭാവത്തോടെ, പന്നികളെപ്പോലെ മണ്ണ് കുഴിച്ച് അതിലൊളിക്കുന്ന, രാത്രിയുടെ മറവിൽ പുറത്തിറങ്ങി ചത്ത ജീവികളെ ഭക്ഷിക്കുന്ന മനുഷ്യരെ നമ്മൾ എന്ത് പേരിട്ട് വിളിക്കും? സാമൂഹ്യ പ്രസക്തിയില്ലാത്ത ജീവിതങ്ങൾ എവിടെയും അടയാളപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. അടയാളപ്പെടുത്തലുകൾ ആവശ്യമില്ലാത്തിടത്ത് പേരും ഭാഷയുമെന്തിന്?
അമ്മയോടുള്ള സ്നേഹമാണോ ഗുരുവിന് നൽകിയ വാക്കിൻ്റെ വിലയാണോ ജീവിതത്തിലുടനീളം ധർമ്മപാലനിൽ ഭാരമായി തൂങ്ങുന്നത്?.
എത്ര ശ്രമിച്ചാലും മെത്തയിൽ കിടക്കാത്ത അട്ടയേപോലെ അഴുക്കുകൂനകൾ തേടിയിറങ്ങുന്ന അമ്മയെ തള്ളാനും കൊള്ളാനും കഴിയാതെ അയാൾ വിഷമിക്കുന്നു. മധുരയിൽ താമസിക്കുന്ന സമയത്ത് കൊച്ചുമകൻ പ്രേമിനെയും കൊണ്ട് അപ്രത്യക്ഷയായ അമ്മയെ മുക്കാൽ മണിക്കൂറിനുള്ളിൽ പോലീസ് അന്വേഷിച്ചു കണ്ടെത്തുമ്പോഴേക്കും കയ്യിൽ കിട്ടിയ ചീഞ്ഞതൊക്കെഅവർ പ്രേമിനെ തീറ്റിച്ചു കഴിഞ്ഞിരുന്നു. അമ്മയും ഭാര്യയും തീർത്തും വ്യത്യസ്തമായ രണ്ട് വ്യവസ്ഥിതികളുടെ ഏറ്റവും അഗ്രത്ത് ജീവിക്കുകയും രണ്ടിലെവിടെയാണ് താനെന്നറിയാതെ അയാൾ വിഷമിക്കുകയും ചെയ്യുന്നു. കയ്യിൽ കിട്ടിയ ഹോസ് പൈപ്പ് കൊണ്ട് നിലത്തു കിടന്നു പുളയുന്ന അമ്മയെ അടിച്ചോടിച്ച അയാൾ തൻ്റെ മകനോടും മകൻ്റെ അമ്മയോടും ചെയ്യാവുന്ന നീതിയുടെ ഏറ്റവും താഴത്തെ പടിയിൽ സ്വയം പ്രതിഷ്ഠിക്കുന്നു. ആശുപത്രിയിൽ മരണത്തോടു മല്ലിട്ടു കിടക്കുന്ന മകൻ്റെ സമീപ മിരിക്കുമ്പോൾ ഈ വെളുത്തകുട്ടി ആ തീറ്റ കഴിച്ചതിൻ്റെ പേരിൽ ചാവുകയാണെങ്കിൽ ചാവട്ടെ എന്നയാൾ ചിന്തിക്കുന്നു.
മരണാസന്നനായ മകനെക്കുറിച്ച് ഓർക്കുന്ന അടുത്ത നിമിഷം ഒരു തണുത്ത വാൾ വയറ്റിൽ കയറിയിറങ്ങുന്നതായി അയാളറിയുന്നു. ശരിയും തെറ്റും വ്യാഖ്യാനിക്കാനാവാതെ പോകുന്ന ഒരു തരം ധർമ്മസങ്കടം ധർമ്മപാലൻ അനുഭവിക്കുന്നു. തുടർന്ന് ആശ്രമത്തിൽ പ്രവേശിപ്പിക്കപ്പെട്ട അമ്മ അവിടെ നിന്ന് രക്ഷപ്പെട്ടതോടുകൂടി അയാളുടെ ഓഫീസ് ചുമരുകളിലും തെരുവുകളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നു. അമ്മയെ ഭിക്ഷയ്ക്കു വിട്ടിട്ട് അധികാരത്തിൽ സുഖം അനുഭവിക്കുന്ന ക്രൂരനായി അയാൾ വ്യാഖ്യാനിക്കപ്പെടുന്നു. “മലയോടേറ്റുമുട്ടി തകർന്നടിയുന്ന മൺകലം” എന്ന് സ്വയംവിശേഷിപ്പിച്ച കുഞ്ഞാമനെപ്പോലെ അയാളുടെ ജീവിതം പരാജിതൻ്റേതാവുന്നു. ഇവിടെ ചരിത്രത്തിൻ്റെയും വർത്തമാനത്തിൻ്റെയും ധർമ സംഹിതകൾക്ക് ശബ്ദമില്ലാതാവുന്നു. ആ അമ്മയുടെ ഒരിക്കലും ശമിക്കാത്ത വിശപ്പ് മാതൃത്യത്തിൻ്റേത് മാത്രമല്ല ദഹിച്ചു ചേരാത്ത വ്യവസ്ഥിതിയുടേത് കൂടിയാണെന്ന് നാം തിരിച്ചറിയുന്നു.
ജാതിവ്യവസ്ഥ ആർജിത സത്തയാണെങ്കിലും അത് മനുഷ്യവ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഒന്നാണെന്ന് നമുക്കറിയാം. അച്ഛനമ്മമാരും കുടുംബസംവിധാനവും പിന്തുടർന്നുവരുന്ന ജീവിതരീതികളിലും ആചാരക്രമങ്ങളിലുമാണ് ഓരോരുത്തരും സ്വയമറിയാതെ ജനിച്ചുജീവിക്കുന്നത്. ജാതിയ്ക്കതീതരാണെന്ന് പറയുന്നവർ ആ കാഴ്ചപ്പാട് വായനയിലൂടെയും ചിന്തയിലൂടെ യും നേടിയെടുത്തതാണ്. സാമൂഹികോത്പന്നമായ ഇത്തരമൊരു ഘടകത്തെ ഏറ്റവും കാര്യക്ഷമമായും വ്യക്തികേന്ദ്രമായും അനുഭവിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് എഴുത്തിൻ്റെ സിംഹാസനത്തിൽ ഏതെങ്കിലുമൊന്നിലേക്ക് നാമനിർദേശം ചെയ്യപ്പെടാൻ ഈ നോവലിനെ പര്യാപ്തമാക്കുന്നത് .
സമൂഹത്തിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാട്ടാനോ സാമൂഹിക പ്രതിബദ്ധത വർദ്ധിപ്പിക്കാനോ ഒന്നുമുള്ള ലക്ഷ്യം എഴുത്തിൽ പ്രത്യക്ഷമാകുന്നില്ല. കാലത്തോടും ദേശത്തോടും സംവദിക്കുമ്പോൾത്തന്നെ മനുഷ്യമനസ്സിൻ്റെ നാനാതരം ആഴങ്ങളോട് നോവൽ സംവദിക്കുന്നുണ്ട്. ഓരോ കഥാപാത്രത്തിൻ്റെയും പക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾ അവർ ചെയ്യുന്നതിൽ കുറ്റമാരോപിക്കാൻ കഴിയാത്ത വിധത്തിലുള്ള കഥാപാത്രനിർമ്മിതിയാണ് നോവലിസ്റ്റ് നടത്തിയിരിക്കുന്നത്. ഉപരിപ്ലവമായ അവതരണത്തിനപ്പുറം ഓരോ സംഭവവും സന്ദർഭവും വായനക്കാരുടെ മനസ്സിനെ അസ്വസ്ഥമാക്കുകയും വളരെ താൽക്കാലികമായി ആണെങ്കിൽപ്പോലും അവർ കൂടി പങ്കാളിയാവുന്ന സാമൂഹികവ്യവസ്ഥിതിയോട് പ്രതികരണേച്ഛു ആവുകയും ചെയ്യുന്നു. സംവരണം കിട്ടുന്നവരോട് അത് കിട്ടാത്തവർക്കുള്ള അവമതിപ്പിലെ സൂക്ഷ്മരാഷ്ട്രീയത്തെ നോവൽ വിചാരണചെയ്യുന്നു. മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന ദാർശനികവ്യഥകളിലേക്കൊന്നും പോകാതെ ജാത്യാധികാരത്തിൻ്റെ തിന്മകൾ മാത്രം ചർച്ച ചെയ്തു കൊണ്ട് ജീവിതസങ്കീർണതകളെ ആവിഷ്കരിക്കുന്നു .
ബിംബാധിഷ്ഠിതമായ ഭാഷയോ അഖ്യാനത്തിലൂടെ വിഭ്രാന്തികളുടെ മായികവലയം സൃഷ്ടിച്ചെടുക്കുന്ന സമകാലഗിമ്മിക്കുകളോ നോവലിന് അവശ്യം വേണ്ടതെന്ന് കരുതുന്ന ബൃഹത്പരിസരമോ ഈ നോവലിലില്ല. നിലനിൽക്കുന്ന വ്യവസ്ഥിതിയോട് കലഹിക്കുകയാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്തവിധത്തിൽ കഥ പറഞ്ഞുപോകുന്ന ഒരു തന്ത്രമാണ് ഇതിലുള്ളത്. ധർമപാലൻ മാത്രമാണ് നോവലിലെ ആഖ്യാതാവ്. അയാളുടെ അനുഭവ പരിസരങ്ങളിലാണ് മറ്റുള്ള കഥാപാത്രങ്ങൾ ജീവനോടിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ മനുഷ്യസഹജമായ തെന്നിമാറലിലൂടെ ധർമ്മപാലൻ്റെ ചിന്തകൾ ഫ്ലാഷ്ബാക്കടിക്കുന്നുണ്ടെങ്കിലും ഒരു സംഭവം അടുത്തതിലേക്ക് നയിക്കുന്ന അനുക്രമവികാസം നോവലിലുണ്ട്. ആഖ്യാതാവിന് കഥയിലുള്ള നിയന്ത്രണം എവിടെയും നഷ്ടമാകുന്നില്ല. ആഖ്യാനത്തിൻ്റെ പല തലങ്ങളല്ല ഇതിവൃത്തത്തിൻ്റെ തുടർച്ചയാണ് നോവലിൻ്റെ രൂപം നിർണയിക്കുന്നത് .
വൈയക്തികമായ അനുഭവപരിസരത്തിനു സമാന്തരമായ ഒരു സാമൂഹികപരിസരം നിർമ്മിക്കാൻ ജയമോഹൻ്റെ എഴുത്തിനു കഴിയുന്നുണ്ട് . നായാടിജീവിതത്തിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞ കാലവും വർത്തമാനകാലം ആവശ്യപ്പെടുന്ന അഭിജാതജീവിതവും ഇടകലർത്തി ഭൂതവർത്തമാനങ്ങളെ ആഖ്യാനപ്രവാഹത്തിൽ ഇണക്കിച്ചേർക്കുന്നു . നായാടിജീവിതത്തിലെ വിശപ്പും പകപ്പും നായകൻ്റെ ഇന്ദ്രിയാനുഭവങ്ങളായി നോവലിലുടനീളമുണ്ട് .
ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട മലയാള നോവലിൻ്റെ ചരിത്രം ആരംഭിക്കുന്നത് ഇന്ദുലേഖയിലാണല്ലോ. ജാതിയിലധിഷ്ഠിതമായ സാമൂഹികവ്യവസ്ഥയുടെ വിമർശനമായിരുന്നു ആ നോവൽ. അതിനുശേഷം തൊലിപ്പുറത്ത് നടത്തിയ ചികിത്സകളിലൂടെ സമൂഹത്തിൻ്റെ മുഖം ഒരുപാട് മിനുക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും 2015 ൽ ജയമോഹൻ എഴുതുന്ന കാലത്തും വരേണ്യതയുടെ അഹന്തയും അരികുവൽക്കരിക്കപ്പെട്ടവരുടെ അപകർഷതയും മാറ്റമില്ലാതെ തുടരുന്നു. കാലപ്രവാഹത്തിൽ ലോകം ഒഴുകിപ്പോകുമ്പോൾ മാറ്റങ്ങൾ ഇനിയും ഉണ്ടായേക്കാം.കറുപ്പും വെളുപ്പും തമ്മിലുള്ള സാന്ദ്രതാവ്യത്യാസം നിലനിൽക്കുന്നിടത്തോളംകാലം എഴുത്തിൽ അത് പ്രകടമാവുകതന്നെ ചെയ്യും.