ഒന്ന്
എനിക്കെന്തൊരിഷ്ടം, മുടിക്കുള്ളിൽ മൂടി-
ക്കരൾപ്പൂ മണപ്പിച്ചുറക്കുന്നനിന്നെ,
എനിക്കെന്നുമിഷ്ടം ചിരപ്രേമതീർത്ഥം
ചൊടിക്കുള്ളിലിറ്റിത്തരുന്നോരു നിന്നെ..
രണ്ട്
എനിക്കെന്തൊരിഷ്ടം!നിശാഗന്ധമോലും
മുലക്കണ്ണിലൂറും നിലാവുണ്ടുറങ്ങാൻ
എനിക്കെന്നുമിഷ്ടം, വിരൽത്തുമ്പിനാൽ നിൻ
കവിൾപ്പൂവിലെക്കന്മദത്തെല്ലു നുള്ളാൻ..!
മൂന്ന്
എനിക്കെന്തൊരിഷ്ടം! കരൾച്ചില്ലുചെപ്പിൽ-
ച്ചിരിക്കും മഴത്തുള്ളിമുത്തായ നിന്നെ,
എനിക്കെന്നുമിഷ്ടം, കിളിക്കൊഞ്ചലായെൻ
മനസ്സിന്നുഷസ്സിൽപ്പറക്കുന്ന നിന്നെ!
വൃത്തം: ഭുജംഗപ്രയാതം