മോഹനം കവിതായനം -5 : വർത്തമാനകാലം.

ഒന്ന്.
കള്ളത്രാസിനു തൂക്കിവിൽക്കുക കിനാ-
ക്കൽക്കണ്ടഖണ്ഡങ്ങളാ-
യുള്ളിന്നുള്ളിലൊളിച്ചുവച്ച മഴവിൽ
ത്തുണ്ടും മയിൽപ്പീലിയും
പിഞ്ഞിക്കീറിയ വാക്കു, നാക്കിനു പുറ
ത്തെത്താതെ ചാവട്ടെ, യീ
നെഞ്ഞിൻ കൂടിലമർന്ന ജീവകണികാ
സ്പന്ദത്തിനന്ത്യം വരെ…

രണ്ട്.
ഗ്രാമശ്യാമവനങ്ങൾ കത്തിയെരിയും
കാലത്തുമിക്കൂരിരുൾ –
ത്തോലുംചുറ്റിയിരുന്നു തത്ത്വമസിയാ
വർത്തിപ്പു രാജർഷിമാർ
രാവിൽപ്പാമരകോമരങ്ങളിടവി
ട്ടാർക്കുന്നു, കൂരമ്പിനാൽ-
പ്പൂവൽത്തൂവലറുന്ന പൂങ്കിളി കര
ഞ്ഞീടുന്ന ദീനസ്വനം…!!

(വൃത്തം: ശാർദ്ദൂലവിക്രീഡിതം)

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.