മോഹനം കവിതായനം -4 : സ്മൃതികൾ

ഒന്ന്

തോട്ടുകൈതകൾ സുഗന്ധരേണു കന കക്കുടങ്ങളിൽ നിറയ്ക്കവേ
കാറ്റുവന്നു തടവുന്നു, പൂങ്കവിളിൽ
നുള്ളിടുന്നു മൃദുപാണിയാൽ
കൊയ്ത്തു തീർന്നു പവിഴക്കതിർക്കുലക
ളേന്തി, യംബരപഥം കട-
ന്നെത്തിടുന്നു ചെറു ചെമ്മുകിൽക്കിളിക-
ളന്തിപൂത്ത ശിഖരങ്ങളിൽ….!

രണ്ട്
പീലിപെറ്റുപെരുകുന്ന പുസ്തക മി,ടയ്ക്കെഴുത്തുകളരിക്കക –
ത്തോലകൊണ്ടു മെനയുന്ന പന്തിനു സതീർത്ഥ്യർ മല്ലിടുമൊരാരവം
ആലയങ്ങളിലുയർന്നിടുന്ന ഹരിനാമമന്ത്രമിവയൊക്കെയെ-
ക്കാലവും സ്മൃതിപഥത്തിൽ നില്പു പുതുമിന്നലിൻ തരികളെന്നപോൽ ..!

വൃത്തം – കുസുമ മഞ്ജരി

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.