ഒന്ന്.
വിണ്മച്ചിൽത്തെളിയുന്നു മംഗള വിളക്കോരായിരം, താഴെയീ-
മണ്മെത്തയ്ക്കു വിരിപ്പിടുന്നു യമുനോപാന്തത്തിലെ പ്പൂവനം
വിൽത്തണ്ടിൻചരടറ്റു മന്മഥനിതാ നിൽക്കുന്നു പൊൽത്തൂണുപോൽ
പുൽത്തണ്ടിന്റെ ഹൃദന്തഗീതമധുരം വെല്ലുന്നു ദിക്കൊക്കെയും.
രണ്ട്.
ഓമൽച്ചുണ്ടുകൾനൊന്തിടാതെ,യിണതൻനെഞ്ചോടുചേർന്ന,ക്കിളി-
പ്പൂവൻ പ്രാണസുഖപ്രസാദമധുരം നേദിക്കുമീ സന്ധ്യയിൽ
ശോണപ്പൂമ്പൊടിപോലെ, നീലരജനീ സീമന്തരേഖാങ്കിത-
ശ്രീമൽക്കുങ്കുമരേണുവീണുചിതറി ച്ചേണാർന്നു കൂടിന്നകം!
(വൃത്തം: ശാർദ്ദൂലവിക്രീഡിതം)