പ്രണയം പറയുന്ന പ്രാണയിടങ്ങൾ

അഭിമുഖം : അസീം ആനന്ദ് / അനിൽ കുമാർ സി.പി

മലയാളത്തിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ‘പ്രാണ’ എന്ന നോവലിന്റെ രചയിതാവ് അസീം ആനന്ദുമായുള്ള അഭിമുഖം.

മാക്സ് ബുക്സ് കോട്ടയം പുറത്തിറക്കിയ ‘പ്രാണ’ എന്ന നോവൽ വളരെ വേഗത്തിലാണ് വായനക്കാർക്കിടയിൽ ശ്രദ്ധയായതും ചർച്ച ചെയ്യപ്പെടുന്നതും. പ്രാണയുടെ ഉൾത്തുടിപ്പുകളറിയാൻ ആഗ്രഹിക്കുന്നു. എഴുത്തിലേക്ക് വന്നത് എപ്പോഴാണ്?

തിരുവനന്തപുരം ജില്ലയിൽ പാലോട് പെരിങ്ങമ്മലയിലാണ് ജനനം. കർഷകനായിരുന്ന ബാപ്പ അത്യാവശ്യം യാത്രാപ്രിയനായിരുന്നു. യാത്രകൾ കഴിഞ്ഞ് വീട്ടിലേക്കു വരുമ്പോൾ അദ്ദേഹം ഒരു പുസ്തകമോ, പോകുന്ന നാട്ടിലെ പ്രത്യേകതരം ചെടികളോ എന്തെങ്കിലും ഒന്ന് വാങ്ങിവരും. ഓടയിൽ നിന്ന്, അയൽക്കാർ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങിയവയൊക്കെ ഉമ്മയും ബാപ്പയും ഒരുമിച്ചിരുന്ന് ഉറക്കെ വായിക്കുന്നത് കേട്ടു വളർന്ന ബാല്യം എനിക്കുണ്ടായിരുന്നു.

ഉമ്മയുടെ ഏക സഹോദരൻ ബഷീർ പൂണെയിൽ സിനിമാറ്റോഗ്രാഫി പഠിക്കാൻ പോയ ആളാണ്. അദ്ദേഹത്തിന്റെ പുസ്തകശേഖരത്തിൽ നിന്നുമാണ് ഞാൻ ഈസോപ്പു കഥകൾ വായിച്ചുതുടങ്ങിയത്. പിന്നെ ഇന്നും ദിവസവും നൂറ് പേജിൽ കുറയാത്ത വായനയുണ്ട്. നിരന്തരമായ വായന തന്നെയാണ് എന്നെ എഴുത്തിലേക്ക് നയിച്ചത്.

കുട്ടിക്കാലം മുതൽ എഴുതിത്തുടങ്ങിയിരുന്നോ?

ഏഴാമത്തെ സന്തതിയായ എന്നെ പ്രൊഫസർ ആക്കാനായിരുന്നു ബാപ്പ ആഗ്രഹിച്ചത്. ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചു. ഇനിയവൻ കുറച്ച് ജീവിതം പഠിക്കട്ടെ എന്നുപറഞ്ഞ് പിന്നീട് മലയാളം മീഡിയത്തിലേക്ക് മാറ്റി. ഇല്ലായ്മയും ദാരിദ്ര്യവും സഹപാഠികളിൽ കണ്ടു. അവർക്കൊപ്പം അവരുടെ കുടിലുകളിൽ പോയി. ഒരു ഉടുപ്പുതന്നെ നിത്യവും വൈകുന്നേരം കഴുകിയിട്ട്, പിറ്റേദിവസവും ഇട്ടുവരുന്ന സുഹൃത്തിനെ ഞാൻ ചേർത്തുപിടിച്ചു. അവൻ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിലെ പൈപ്പുകുറ്റിയിൽ കയറിയിരുന്ന് വായിക്കുന്നത് ഞാൻ കണ്ടു. ഇന്നവൻ വലിയ നിലയിൽ, നല്ല വീടൊക്കെവെച്ചു സന്തോഷമായി കഴിയുന്നതിന്റെ ആഹ്‌ളാദവും എനിക്കുണ്ട്. അവന്റെ ജീവതത്തിൽ നിന്നാണ് ‘വിളക്ക് അണയുന്നില്ല’ എന്ന എന്റെ ആദ്യത്തെ കഥ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയത്.

കൗമാരത്തിൽ എഴുത്തിനെ ഗൗരവമായി കണ്ടിരുന്നോ?

ഒന്നാം വർഷ പ്രീഡിഗ്രി സമയത്ത് ബാപ്പ മരിച്ചു. കോളേജ് മാഗസിനിൽ എഴുതിയ പരുന്ത് എന്ന കഥ ഹിറ്റായി. കോളേജുകാലം കഴിഞ്ഞ്, സൗദി അറേബ്യയിലെ പ്രവാസകാലത്ത് ധാരാളം കഥകൾ എഴുതി. മാധ്യമം, മലയാളം ന്യൂസ്, മുഖരേഖ, മനശാസ്ത്രം തുടങ്ങി വിവിധ ആനുകാലികങ്ങളിൽ എഴുതി. ഫോട്ടോഗ്രാഫർ എന്ന കഥയ്ക്ക് ദമാം നവോദയയുടെ കഥാപുരസ്കാരം ലഭിച്ചു. പിന്നീട് ഒട്ടനവധി പുരസ്ക്കാരങ്ങൾ ലഭിച്ചുവെങ്കിലും അതിലൊന്നും ഒരു കാര്യവുമില്ലെന്നും നന്നായി എഴുതുക എന്നതാണ് പ്രാധാനമെന്നുമുള്ള തിരിച്ചറിവ് ഉണ്ടായി.

ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ?

എന്റെ ഏഴാമത്തെ പുസ്തകമാണ് പ്രാണ എന്ന നോവൽ. തേൻ എന്ന ആദ്യ നോവലും ഉടയ തമ്പുരാന്റെ വിശേഷങ്ങൾ, ഹാജിറയുടെ കുതിരകൾ, ഡെൻഡ്രോബിയം എന്നീ കഥാസമാഹാരങ്ങളും, ന്യൂ ജെൻ വിഷ്വൽസ് എന്ന മൈക്രോ കഥകളുടെ സമാഹാരവും, ഏഴാമന്റെ വികൃതികൾ എന്ന ഓർമ്മക്കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രണയഗതിയും വിശുദ്ധഭൂമിയും എന്ന നോവലെറ്റ് അടുത്ത മാസം പ്രസിദ്ധീകരിക്കും.

പ്രാണ എഴുതുവാൻ ഒരു നീണ്ട യാത്ര നടത്തി എന്നത് സത്യമാണോ?

മാധ്യമപ്രവർത്തനത്തിൽ നിന്ന് വിരമിച്ച് കർഷകനായി ജീവിക്കുന്ന കാലഘട്ടത്തിലാണ് പ്രാണയുടെ വിഷയം എന്നിൽ നാമ്പെടുക്കുന്നത്. കൊറോണക്കാലത്തിനുശേഷം കൃഷി നഷ്ടത്തിലായപ്പോൾ വീണ്ടും പ്രവാസത്തിലേക്ക്. രണ്ടുവർഷം മുൻപാണ് പ്രാണയുടെ എഴുത്താരംഭിച്ചത്. നോവലിന്റെ പശ്ചാത്തലത്തിനാവശ്യമായ ഇടം കണ്ടെത്താൻ കർണാടക, കൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ രസകരമായിരുന്നു.

ഇങ്ങനെ ഒരു ലെസ്ബിയൻ പ്രണയം നോവലിന്റെ വിഷയമാക്കുവാൻ കാരണം?

മിഡിൽ ഈസ്റ്റിലെ ഒരു ഷോപ്പിംഗ് മാളിന്റെ മുൻവശത്തെ പാർക്കിലെ ബഞ്ചിലിരുന്ന് പരസ്പരം ചുംബിക്കുന്ന ലെസ്ബിയൻ പ്രണയികളായ മൊറോക്കക്കാരികളുടെ സ്നേഹം കണ്ടാണ് പ്രാണയുടെ എഴുത്തിന് തുടക്കമിട്ടത്. അവർ പതിമൂന്ന് വർഷമായി പ്രണയത്തിലാണെന്ന് പറഞ്ഞു. LGBTQ എന്ന വിഷയത്തിൽ ധാരാളം പഠനങ്ങൾ നടത്തി. എന്റെ സഹപാഠിയായിരുന്നവൻ തന്റെ തൊട്ടടുത്തിരിക്കുന്നവന് പ്രണയലേഖനമെഴുതിക്കൊണ്ടുവരുന്നതും, അവർ ബെഞ്ചിൽ ഒരുമിച്ചിരിക്കുന്നതും, സ്നേഹം തുളുമ്പുന്ന തീക്ഷ്ണമായ നോട്ടവും കരുതലും പങ്കുവെക്കുന്നതും ഞാൻ കണ്ടിട്ടുള്ളത് ഓർത്തു. ദുബായിലിരുന്നാണ് ആദ്യത്തെ പത്ത് അദ്ധ്യായങ്ങൾ എഴുതിയത്. ബാക്കി ഇരുപത്തഞ്ച് അദ്ധ്യായങ്ങൾ എഴുതിത്തീർത്തത് ബംഗ്ലൂരുവിലും.

നമ്മൾ ഏറ്റവും നവീനമായ ആശയങ്ങളും സ്വാതന്ത്യവും സമത്വവും ഒക്കെ പ്രസംഗിക്കുമ്പോഴും ലിംഗം, ജാതീയത എന്നിവയുടെ വേർതിരിവ് അറിയണമെങ്കിൽ നമ്മൾ അത്തരത്തിലുള്ള ആളുകളുമായി അടുത്തിടപഴകണം. LGBTQ വിഭാഗത്തിൽ, രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ജീർണജീവിതത്തിനിരയാവരുടെ നീണ്ട നിര തന്നെയുണ്ട് ഇന്നും. അവരുടെ ജീവിതത്തെ ചേർത്തുപിടിച്ചുകൊണ്ടാണ് പ്രാണ എഴുതിയത്.

സ്ത്രീകളുടെ മുഴുവൻ മാനറിസങ്ങളും വ്യക്തമായി പ്രാണയിൽ കൊണ്ടുവന്നിട്ടുണ്ട്. ലൈംഗികതയെ അടയാളപ്പെടുത്തുന്ന ഭാഷ മനോഹരമാണ്. അതെങ്ങനെ സാധിച്ചു?

സെക്സ് എന്നാൽ പാപമായും അശ്ലീലമായും കരുതുന്ന ഒരു വലിയ സമൂഹത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. പ്രാണയിൽ സെക്സിന്റെ മനോഹാരിതയെയും ആവശ്യകതയെയുമാണ് നിർവ്വചിച്ചിരിക്കുന്നത്. മലയാളത്തിലെ നോവലുകൾ ഇപ്പോഴും നിർമ്മിത ഗൃഹാതുരഭാഷയിൽ കുടുങ്ങിക്കിടക്കുമ്പോൾ പുതുതലമുറയുടെ പൾസ് അറിഞ്ഞ്, അവർക്കൊപ്പം സഞ്ചരിച്ച്, കാലത്തിന്റെ ചുരുക്കെഴുത്തുകളെ നിർഭയം ചോദ്യം ചെയ്യുകയാണ് പ്രാണയിലെ ഓരോ കഥാപാത്രവും. മലയാളത്തിൽ ലെസ്ബിയൻ പ്രണയത്തെ വരഞ്ഞുകാട്ടിയ നോവലുകൾ അധികമില്ല എന്നാണ് എന്റെ വിശ്വാസം.

നന്മയും സ്നേഹവും പഠിപ്പിക്കേണ്ട മതപുരോഹിതന്മാരിൽ ചിലരെങ്കിലും കുഞ്ഞുമനസ്സുകളിൽ ലൈംഗിക വൈകൃതങ്ങൾ പടരാൻ കാരണക്കാരാവുന്നു എന്ന് നോവലിൽ പറയുന്നുണ്ട്. ആരും തുറന്നുപറയാൻ മടിക്കുന്ന ഒന്ന്. ശരിയല്ലേ?

മതപഠനത്തിലൂടെ മനുഷ്യനെ അന്ധതയിൽ നിന്നും അധാർമ്മികതയിൽ നിന്നും കൈപിടിച്ചു നടത്തേണ്ട പുരോഹിത വർഗ്ഗത്തിൽ പെട്ട ചിലരെങ്കിലും കുഞ്ഞുമനസ്സുകളിൽ ലൈംഗികതയുടെ ഭീതിജനകമായ നോവിന്റെ അന്തരീക്ഷം പടർത്തുന്നത് കെട്ട കാലത്തിന്റെ മറ്റൊരു മുഖത്തെയാണ് കാണിക്കുന്നത്. അവിടെ നിർഭയനായി എഴുത്തുകാരന്റെ സ്വാതന്ത്യം ഞാൻ ഉപയോഗിച്ചിട്ടുണ്ട്.

പ്രാണ വളരെയേറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയുമാണല്ലോ. പ്രാണ എഴുതുമ്പോൾ നോവൽ ഏതു തരം വായനക്കാരെയാണ് ലക്ഷ്യമിട്ടത്?

പ്രാണ വായിക്കേണ്ടത് സ്ത്രീകളും അതിലുപരി പുരുഷന്മാരുമാണ്. ഇന്നത്തെ കൗമാരക്കാരായ വിദ്യാർത്ഥികളാണ്. കുട്ടികളെ മനസ്സിരുത്തി മനസ്സിലാക്കേണ്ട അദ്ധ്യാപകരാണ്. ലെസ്ബിയനും ഗേയും ഹോമോയും ട്രാൻസും ബൈസെക്ഷ്വലും എന്തൊക്കെയെന്ന് മനസ്സിരുത്തി പഠിക്കുന്നവരാണ്. ഒരു കുഞ്ഞിനെ അറിയേണ്ട മാതാവും പിതാവും സുഹൃത്തുമാണ്. അത്തരത്തിൽ പ്രാണ എന്ന നോവൽ പുതിയ കാലഘട്ടത്തിൽ എല്ലാത്തരക്കാരും വായിക്കേണ്ടതും ചർച്ച ചെയ്യേണ്ടതുമാണ്.

പൊതുവേ എഴുതാൻ മടിയുള്ള ആളാണ് അസീം ആനന്ദ് എന്ന് കേട്ടിട്ടുണ്ട്. പ്രാണയുടെ എഴുത്തനുഭവങ്ങൾ പങ്ക് വയ്ക്കാമോ?

വർഷത്തിൽ ഒന്നോ രണ്ടോ കഥകളെഴുതുന്ന, എഴുതുന്നതിനോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു കോക്കസിലും ഇടപെടാൻ ആഗ്രഹിക്കാത്ത, കഥകൾ ഏറ്റവും പ്രിയപ്പെട്ട അഞ്ചോ ആറോ പേർ നന്നായി എന്നു പറയുന്നതോടുകൂടി പ്രസിദ്ധീകരിക്കാൻപോലും അയക്കാൻ മടിച്ചുനിൽക്കുന്ന, ഒതുങ്ങിക്കഴിയുന്ന ആളാണ് ഞാൻ. എനിക്ക് മാക്സ് പബ്ളിക്കേഷൻ നൽകിയ വലിയ കരുത്താണ്, പ്രാണ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ തയ്യാറായി അവർ മുന്നോട്ട് വന്നു എന്നുള്ളത്. ആദ്യദിവസം തന്നെ ഫ്ളിപ്പ് കാർട്ടിൽ ഇരുപതിലധികം കോപ്പികൾ വിറ്റുപോയി എന്നത് വലിയ എഴുത്തുകാരനെന്നൊന്നും ഖ്യാതി നേടാത്ത എനിക്ക് കിട്ടിയ വലിയ അംഗീകാരവും പ്രതീക്ഷയുമാണ്.

പ്രാണ വായിക്കുന്നവരോട് പറയാനുള്ളതെന്താണ് ?

ആയിരം പേരുടെ കൂട്ടത്തെക്കാൾ ഇഷ്ടം സീരിയസായി പ്രാണയെ വായിക്കുന്ന അൻപതു പേരെയാണ്. കഴിയുന്നവർ പ്രാണ വാങ്ങുകയും വായിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ആനന്ദകരമായ വായന നേരുന്നു.

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.