പോലീസ് ഡയറി -13 : ശ്രാവണ ബൽ ഗോള

ഡക്കാൻ പീഠഭൂമിയുടെ എണ്ണിയാലൊടുങ്ങാത്ത പാറക്കെട്ടുകളും കറുത്ത മൺകൂനകളും പിന്നിട്ട് പോലീസ് വാൻ ഓടിക്കൊണ്ടിരുന്നു. കറുത്ത റിബ്ബൺ പോലെ നിവർന്നു കിടക്കുന്ന ടാർ റോഡിന്റെ വശങ്ങളിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന നുറുങ്ങ് കൃഷിയിടങ്ങൾ. മാറ്റങ്ങളില്ലാത്ത നിതാന്തമായ കാഴ്ച! വരണ്ട കാറ്റടിച്ച് ഞങ്ങളുടെ മുഖങ്ങൾ വിണ്ടു കീറുന്നതു പോലെ തോന്നി.

മൈസൂരിൽ നിന്ന് 120 കി.മീ. അകലെയുള്ള ചെന്നരായ പട്ടണത്തിൽ വിറ്റഴിച്ച സ്വർണ്ണ മുതൽ വീണ്ടെടുത്ത് പ്രതികളുമായി മടങ്ങുകയായിരുന്നു ഞങ്ങൾ .
മുത്താറി മെതിച്ചുകൊണ്ടിരുന്ന മുറ്റത്തു കൂടി പ്രതികൾ ചൂണ്ടിക്കാണിച്ച പിൻ ഗേറ്റിലൂടെ ഒരു ഗുണ്ടാ സംഘത്തിൻ്റെ നടുവിലേക്ക് വണ്ടി ഓടിച്ചു കേറ്റിയപ്പോൾ സേട്ടു പ്രാതൽ കഴിക്കുന്നതേയുണ്ടായിരുന്നുള്ളു.

ആ കുറുക്കൻ കണ്ണൂകളിലെ ഞെട്ടൽ ഒരു ചിരി കൊണ്ട് മായ്ച്ചു കളഞ്ഞ് അയാൾ പറഞ്ഞു: ശരി. എത്രയാണ് നിങ്ങളുടെ സ്വർണ്ണമെന്ന് പറഞ്ഞോളു – തന്നേയ്ക്കാം.

നൂറ്റിഅറുപതു ഗ്രാം. കൂടുതലുമില്ല. കുറവുമില്ല. ദ്വിഭാഷി അശോക് കുമാർ പറഞ്ഞു.

കുശിനിയുടെ പിന്നിൽ കിടന്ന ഒരു ഭീമൻ ഉണ്ടിയൽ തുറന്ന് അയാൾ ഒരു സ്വർണ്ണബാർ പുറത്തെടുത്തു. ഉണ്ടിയലിന്റെ മുകളിൽ വെച്ചു തന്നെ വെട്ടിമുറിച്ച് ഒരു കഷണം ത്രാസ്സിലേക്കിട്ടു തൂക്കം ശരിയാക്കി കടലാസ്സിൽ പൊതിഞ്ഞ് അശോകിന്റെ കയ്യിലേക്ക് കൊടുത്ത് പ്രശ്നം തീർന്നല്ലോ എന്ന ഭാവത്തിൽ ഞങ്ങളെ നോക്കി ! തെറിച്ചു പോയ വെട്ടുതരികൾ അയാൾ ഗൗനിച്ചതുപോലുമില്ല.

ഇനിയെന്റെ മകനെ വിട്ടു തന്നു കൂടെ? അയാൾ ചോദിച്ചു. വിടാം. പക്ഷെ നിങ്ങളും കൂടി വണ്ടിയിൽ കേറണം, ഇൻസ്പെക്ടർ പറഞ്ഞു. ആ നീക്കം തടഞ്ഞു കൊണ്ട് വണ്ടിയുടെ മുമ്പിലേക്ക് കേറി നിന്ന ഗുണ്ടകളെ ഒരാംഗ്യം കൊണ്ട് ദൂരേയ്ക്ക് മാറ്റി സേട്ടു വണ്ടിയിൽ കയറിയിരുന്നു.

മല്ലിച്ചപ്പും ഗോമൂത്രവും മണക്കുന്ന വഴികളിലൂടെ വണ്ടി തിരിച്ചോടി. ആളൊഴിഞ്ഞ ഒരു കടത്തിണ്ണയിൽ പിടിച്ചു വെച്ചിരിക്കുകയായിരുന്നു മകനെ.
ഒരു നിഷേധി. അച്ഛൻ്റെ മകൻ തന്നെ!

എനിക്കൊരു വക്കീലുണ്ട്. നമുക്കിനിയും കാണേണ്ടി വരും. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ സേട്ടു പറഞ്ഞു. പിന്നെ ഒരു നിമിഷം പോലും കളഞ്ഞില്ല. തെരുവുകളുടെ പെരുച്ചാഴി മാളങ്ങൾ താണ്ടി സേട്ടുവിന്റെ കെണിയിൽ വീഴാതെ പുറത്തേയ്ക്ക്. സേട്ടുവിന്റെ മൂക്കിന്റെ മുമ്പിൽ പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനിൽ പതിവുപോലെ പ്രഭാത ഡ്യുട്ടികൾ ആരംഭിക്കുന്നതേയുള്ളു. അവർ ഒന്നുമറിഞ്ഞിട്ടില്ല !

മുമ്പിൽ കണ്ട വഴികളിലൂടെയെല്ലാം ഡ്രൈവർ വണ്ടിചാടിച്ചു കൊണ്ടുപോയി. പെട്ടെന്ന് അശോക് ഒരു നാഴികക്കല്ലിലേക്ക് നോക്കി പറഞ്ഞു. നിർത്ത് നിർത്ത്. നമുക്ക് വഴി തെറ്റി. ഇത് ശ്രാവണ ബൽഗോളക്കുള്ള റൂട്ടാണ്. എങ്കിൽ അങ്ങോട്ട് തന്നെ പോട്ടെ , ഒട്ടും സംശയിക്കാതെ ഇൻസ്പെക്ടർ പറഞ്ഞു.
ഗോമധേശ്വരനെ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ കാണണമെന്ന് മലബാറിലേയ്ക്ക് പോസ്റ്റിംഗ് കിട്ടുമ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാണ്.

അങ്ങനെ രണ്ട് കളവു പ്രതികളും സ്വർണ്ണത്തൊണ്ടി മുതലുമായി ഞങ്ങളുടെ നീല വാൻ കർണ്ണാടകയുടെ ഹാസ്സൻ ജില്ലയിലേയ്ക്ക് കടന്നു. ബാഹുബലിയെ ദൂരെ നിന്നേ കാണാം. വിന്ധ്യ ഗിരിയുടെ മുകളിൽ ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൽ പ്രതിമ തലയുയർത്തി നിൽക്കുകയാണ്. 58 അടി പൊക്കമുള്ള അതിന്റെ കാൽവിരലിന്റെ വലിപ്പം പോലുമില്ല നമുക്ക് !

സൂക്ഷിക്കണം സാറന്മാരെ, പ്രതികൾ പറഞ്ഞു കൊണ്ടിരുന്നു. സേട്ടുവിന്റെ ആൾക്കാർ നമ്മളെ വഴിയിലിട്ട് പിടിക്കും. നമ്മുടെ വണ്ടി മൈസുറിലേക്ക് പോയിട്ടില്ലെന്ന് അവർക്കറിയാം, പയ്യന്മാർ പറഞ്ഞു. എല്ലാ ചെക്ക് പോസ്റ്റിലും അവർക്ക് ആൾക്കാരുണ്ട് സാറെ. നമ്മളെ വഴിയിൽ വെച്ച് പിടിക്കും!
അങ്ങനെ കടുത്ത ആശങ്കകളോടെ വണ്ടി തിരികെ മൈസൂരിലേക്ക് ! ശ്രാവണ ബൽ ഗോളയിൽ ചെലവഴിച്ച സായാഹ്നവും അവിടെ കണ്ടതും കേട്ടതും വായിച്ചറിഞ്ഞതുമായ എല്ലാം മനസ്സിൻ്റെ നിലവറയിലേയ്ക്ക് തള്ളിവിട്ട് ഞങ്ങൾ ഒരേറ്റു മുട്ടലിൻ്റെ ബന്തബസ്ത് സ്കീം തയ്യാറാക്കാൻ തുടങ്ങി !

വിജനമായ വഴികൾ. ആർക്കും മിണ്ടാട്ടമില്ല.

മൗനം അസഹ്യമായപ്പോൾ അശോക് പറഞ്ഞു: കേട്ടോ സർ, നമ്മുടെ ഈ ഡ്രൈവർ സദു പണ്ട് നന്നായി വെളുത്തിട്ടായിരുന്നു. പോലീസിൽ ചേരാൻ വരുമ്പോൾ അടി വാരത്തു വെച്ച് കട്ടൻ കാപ്പി കുടിച്ചതാണ്. ആളങ്ങ് കറുത്തു പോയി. സൺ ഫിലിം ഒട്ടിച്ചതു പോലെ….

ഇൻസ്പെക്ടർ മാത്രം ചിരിച്ചില്ല

ഒരാളെ അങ്ങനെ ഇൻസൾട്ട് ചെയ്യരുത് അസേ. അതും സബോർഡിനേറ്റിനെ – എല്ലാവരും നിങ്ങളെപ്പോലെ സുന്ദരന്മാരായിരിക്കുമോ? കുടവയറനായ അദ്ദേഹം ചോദിച്ചു.

അശോകിന്റെ നാട് അങ്ങ് ഗോകർണ്ണത്തിനടുത്താണ്.കന്നടയും കൊങ്ങിണിയും നന്നായി കൊത്തും..

ഏയ് സദു ഇയാൾക്ക് വെഷമമായോ? ഇൻസ്പെക്ടർ ചോദിച്ചു
ഇല്ല സാറെ. അശോകൻ സാറ് എന്തു പറഞ്ഞാലും എനിക്കിഷ്ടാണ് , ഡ്രൈവർ പറഞ്ഞു.
സാറേ ഇവൻ നേരത്തെ അശോകന്റെ സ്റ്റേഷനിലായിരുന്നു, അതാണിത്ര അടുപ്പം , നമ്പ്യാർ പറഞ്ഞു.

എടോ സദാനന്ദാ തന്റെ മീശ കാണുമ്പോൾ എന്റെ പ്രൊബേഷൻ കാലം ഓർമ്മ വരുന്നു, ഇൻസ്പെക്ടർ പറഞ്ഞു.

അല്ലെങ്കിലും ആരാണ് സാറേ ഇന്നത്തെ കാലത്ത് കൊമ്പൻ മീശ വയ്ക്കുക , അശോകൻ ചോദിച്ചു. ആരുപറഞ്ഞു ഹേ കൊമ്പൻ മീശ വെയ്ക്കില്ലെന്ന് , തമിൾ നാട് പോലീസ് മുഴുവൻ കൊമ്പൻ മീശയാ….

പഴയ ഒരോർമ്മയിൽ അദ്ദേഹം പറഞ്ഞു, തുടങ്ങി.

ഞാൻ കൊഴിഞ്ഞമ്പാറ സബ് ഇൻസ്പെക്ടറായിരുന്നു. ഈ കൊഴിഞ്ഞമ്പാറ വേലന്താവളം എന്നൊക്കെ പറഞ്ഞാൽ എന്താ കഥ! മുഴുവൻ കരിന്തമിഴാ !
അവന്മാരുടെ പരിപാടി എന്താണെന്നോ? കോഴിപ്പോര് ! കണ്ടാൽ കുചേലനേക്കാൾ കഷ്ടമാണ്. പക്ഷെ കീശയിൽ കിടക്കുന്നത് ലക്ഷങ്ങളാ. കൃഷി എന്താണെന്നോ? നെലക്കടല ! നോക്കുന്നിടത്തല്ലാം കടലക്കൃഷി ! അങ്ങനെയിരിക്കുമ്പഴാ ഒരു പാണ്ടി എന്റെയടുത്ത് ഒരു പരാതിയും കൊണ്ട് വരുന്നത്. ഗൗഡറുടെ തമിൾ നാട് വില്ലേജിലെ എന്തോ കേസുകെട്ടാണ്. പെറ്റിഷൻ അവിടെ കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞു. സ്ഥലം തമിൾ നാട്ടിലാണല്ലോ.

ഗൗഡറുടെ കാര്യസ്ഥനും കൂടെയുണ്ട്. രണ്ടും കൊമ്പൻ മീശകൾ! ഗൗഡർ പറഞ്ഞു: ദൊരസ്വാമി , നീങ്കെ ശീഘ്രം കോവൈയ്ക്ക് പോങ്കോ. .
അങ്കെ നാൻ എന്ന പേശ വേണ്ടും ,
കാര്യസ്ഥൻ ചോദിച്ചു. നീ ഒന്നുമേ പേശ വേണ്ടും.
കാര്യസ്ഥന് കാര്യം പിടികിട്ടിയില്ല.
നീ ചുമ്മാ പൈസ അങ്കെ കൊടുത്ത് തിരുമ്പിപ്പോര് .
യാര്ക്ക് കൊടുപ്പേൻ ?എനക്ക് എപ്പടി അവരെ തെരിയും സാമീ? കാര്യസ്ഥന്റെ ന്യായമായ സംശയം.
എട പാപീ നീ കാവൽ തുറൈയ്ക്ക് ഡയറക്ടാ ചെല്ല വേണ്ടും. അങ്കെ തുപ്പാക്കിയേ പോട്ട് കുറ്റി ബീഡി സാപ്പിട്ട് എലുമ്പനെപ്പോലൊരുത്തൻ ഇരിപ്പേൻ.
അവൻ താൻ പീസീ, പക്കത്തിലേ മേസൈ പോട്ട് .
വെറ്റൈ സാപ്പിട്ട് കൊമ്പൻ മീസൈ പിരിച്ച് ഗുണ്ടു മണി പോലൊരുത്തൻ ഇരിപ്പേൻ അവൻ താൻ യേഡ് , യേട്ടുക്ക് കൊടുക്കലാം , പീ സിക്ക് കൊടുക്കമാട്ട തെരിയുമാ ?
ഗൗഡർ നിലക്കടലയുടേയും കോഴിത്തീട്ടത്തിന്റേയും മണമുള്ള ഒരു കെട്ട് നോട്ട് കാര്യസ്ഥന്റെ കീശയിലേയ്ക്ക് തള്ളി അയാളെ പറഞ്ഞയച്ചു.

ആ ചിരിയുടെ ഓളം അടങ്ങും മുമ്പാണ് അതുണ്ടായത്. എക്സ്പ്രസ്സ് പോലെ ഒരു കറുത്ത അമ്പാസഡർ കാർ ഞങ്ങളുടെ തൊട്ടു പിന്നിലെത്തി !!
ആദ്യം ഇടത്തും പിന്നെ വലത്തും മാറി മാറി വന്ന് അവൻ മണം പിടിച്ച് പിൻവാങ്ങി.

സാറേ ഞങ്ങള് പറഞ്ഞില്ലേ ഇത് സേട്ടുന്റെ ആൾക്കാരാണെന്ന്!. പിന്നിൽ നിന്ന് പ്രതികൾ വിളിച്ചു പറഞ്ഞു.
ഇതാ നമ്മുടെ തൊട്ടു പിറകിലുണ്ട്!!
ഞങ്ങൾ അവരെ സൂക്ഷിച്ചു നോക്കി. സാന്റോ ബനിയനും സൈക്കിൾ ചെയിനുമായി ഒരു കാർ നിറയെ ഗുണ്ടകൾ ! തെല്ലിട ആർക്കും ശ്വാസം കിട്ടിയില്ല.
അടുത്ത സെക്കന്റിൽ നിങ്ങൾ മരിക്കുമെന്ന് ആരോ പറഞ്ഞതുപോലെ. അവര് നമ്മളെ പിടിക്കും. പയ്യന്മാർ കയ്യാമമുയർത്തി നിലവിളിച്ചു.

വിലങ്ങ് അഴിച്ചുമാറ്റ്. ഇൻസ്പെക്ടർ നിർദ്ദേശിച്ചു.
പത്തു സെക്കൻഡ് കൊണ്ട് ഹേഡ് നമ്പ്യാർ യൂണിഫോം വലിച്ചു കേറ്റി. ഞാനപ്പഴേ പറഞ്ഞതാണ് റിവോൾവർ എടുക്കണമെന്ന്, സി.ഐ പരിതപിച്ചു.
ഇതു വല്ലതും നമ്മൾ കരുതിയിരുന്നതാണോ?
ഡ്രൈവറും നമ്പ്യാരുമൊഴികെ എല്ലാവരും മഫ്ടിയിലാണ്.
നമ്മുടെ വണ്ടിക്ക് പോലീസ് ബോർഡുണ്ടോ? ആരോ ചോദിച്ചു.
സബ്ബ് ഇൻസ്പെക്ടർ എവിടെ നിന്നോ ഒരു ജാക്കി ലിവർ തപ്പിയെടുത്തു. അതിനൊരു ട്വുബുലർ സ്റ്റെൺ ഗണ്ണിന്റെ സാദൃശ്യമുണ്ടായിരുന്നു.
ഇന്നാടാ പിടിച്ചോ. അയാൾ അത് കാറിന്റെ നേരെ ചൂണ്ടിപ്പിടിച്ചു .

നമ്പ്യാർക്ക് സീറ്റിനടിയിൽ നിന്ന് ഒരു ലാത്തി കിട്ടി. ആ നിമിഷം അതിനൊരു 303 റൈഫിളിൻ്റെ ശൗര്യമുണ്ടെന്ന് അയാൾക്ക് തോന്നിപ്പോയി.
പിന്നീട് നടന്നത് ചാൾട്ടൺ ഹെസ്റ്റണും സ്റ്റീഫൻ ബോയ്ഡും തമ്മിലുള്ള ചാരിയട്ട് റെയിസ് ആയിരുന്നു.

പാതയെ പകുത്തു കൊണ്ട് രണ്ടു വാഹനങ്ങളും ഒപ്പത്തിനൊപ്പം പിടിച്ചു. ഡോറിനിടയിലൂടെ നൂണ്ട് കടന്ന് ഒരുത്തൻ പോലീസ് വാനിന്റെ സൈഡ് ഗ്ലാസ്സിൽ കേറിപ്പിടിച്ചപ്പോൾ സദു വണ്ടി പെട്ടെന്ന് വെട്ടിച്ചു. കാറിന്റെ തുറന്നു പിടിച്ച ഡോറുകൾ പലവട്ടം വാനിന്റെ പള്ളയ്ക്ക് വന്നടിച്ചു. അങ്ങനെ അടുത്തു കെട്ടിയ ഒരവസരം നോക്കി നമ്പ്യാർ തല പുറത്തിട്ട് കാറിന്റെ ചില്ലിൽ ആഞ്ഞടിച്ചു. മുൻ സീറ്റിലിരുന്ന ഒരു തടിയൻ ലാത്തി പിടിച്ചു വാങ്ങി ദൂരേക്കെറിഞ്ഞു !

പെട്ടെന്ന് മറ്റൊരു കാർ മിസ്സൈൽ പോലെ ഇടിച്ചു കയറി വന്നു. അവർ പോലീസ് വണ്ടിയെ കോർണർ ചെയ്യാനുള്ള ശ്രമത്തിലാണ്.
സദാനന്ദാ ഇത് കളി വേറെയാണ് സി.ഐ ആക്രോശിച്ചു. സദാനന്ദൻ ക്രുദ്ധനായി മീശ പിരിച്ചു. അയാൾ പറഞ്ഞു. ഞാനും കളിക്കാൻ റെഡിയാ സാറെ.
അവൻ കാറിലെ ഗുണ്ടകളെ പുച്ഛത്തിൽ നോക്കി.

ഉറി പൂഞ്ച് മേഖലയിലെ സബ് സീറോയിൽ ഇന്ത്യൻ ആർമിയുടെ ത്രിടൺ ട്രക്ക് ഓടിച്ചു നടന്ന ഹവിൽദാർ സദാനന്ദനെ അവർക്കറിഞ്ഞു കൂട. അയാൾ ഡ്രൈവർ സീറ്റിൽ എണീറ്റ് നിന്ന് അഞ്ച് ലിറ്ററിന്റെ ഒരു ജറി ക്യാൻ സർവ്വ ശക്തിയോടും കൂടി കാറിനകത്തേയ്ക്ക് എറിഞ്ഞു !

അതു സൃഷ്ടിച്ച ആഘാതത്തിൽ നിലതെറ്റിയ കാറിന്റെ വാതിലുകൾ വാനിലുരസി തീപ്പൊരി ചിതറി! പിന്നീട് ഞങ്ങൾ ഗതിവേഗ മാർജ്ജിക്കവേ, രണ്ടു കറുത്ത പൊട്ടുകൾ പോലെ അവർ പിന്നിലെവിടേയോ അപ്രത്യക്ഷമായി………

വണ്ടികളുടെ സ്പീഡ് ചെയ്സ് ഏതാണ്ട് 20 കി.മീ. പിടിച്ചു. ഈ ദൂരമത്രയും ഒരു വാഹനം പോലും എതിരെ വന്നില്ല എന്നതാണ് വിചിത്രം.

ചെന്നരായ പട്ടണത്തെ സേട്ടുവിൽ നിന്ന് തുടങ്ങിയ പ്രയാണം ശ്രാവണ ബൽഗോളയും കടന്ന് മൂവന്തിക്ക് മൈസൂർ പൂകും വരെ സംഭവിച്ചതൊന്നും സമയ ക്രമത്തിൽ ഓർക്കാൻ ഞങ്ങൾക്കാർക്കും കഴിയുമെന്ന് തോന്നുന്നില്ല. മരണത്തോട് മത്സരിച്ചു് ഓടിയപ്പോഴൊക്കെ മനസ്സിൽ ശ്രാവണ ബൽഗോളയും ബാഹുബലിയുമായിരുന്നു എന്ന് പിന്നീട് കാണുമ്പോഴൊക്ക എല്ലാവരും സമ്മതിക്കാറുണ്ടായിരുന്നു..

പിറ്റേന്ന് അപരാഹ്നത്തിൽ എച്ച്ഡി കോട്ട കടന്ന് ഞങ്ങൾ സംസ്ഥാന അതിർത്തിയെ സമീപിച്ചു. സ്വന്തം ജില്ലയായ വയനാട് അടുക്കും തോറും കാനന ഭംഗിയുടെ ആഘോഷങ്ങൾ കണ്ടുതുടങ്ങി. ആരണ്യങ്ങളുടെ ഞെളിപിരി കൊള്ളുന്ന വളവുകളിലേക്ക് ഞങ്ങൾ ഒരിക്കൽ ക്കൂടി തിരിച്ചെത്തി
മുളം കാടുകൾക്കരികിൽ കൊച്ചു കൂരകൾ കണ്ടു തുടങ്ങി. മുറ്റത്ത് ഓടിക്കളിക്കുന്ന പൈതങ്ങൾ. വാലാട്ടിക്കൊണ്ട് അവരോടൊപ്പം ഓടുന്ന വളർത്തു നായ്ക്കൾ . മുറ്റത്തെ അടുപ്പിൽ നിന്നുയരുന്ന ചുവന്ന തീജ്വാലയിൽ അമ്മമാർ മുത്താറിയും ചോളവും പാകം ചെയ്യുന്നു.

പിന്നെ ത്രസിപ്പിക്കുന്ന ഒരു കാഴ്ച കൂടി കണ്ടു !! തൊട്ടടുത്ത വയലിറമ്പിലെ കിണറിനരികിൽ ഒരു കാട്ടാന ! ഞങ്ങളുടെ വണ്ടി താനെ നിന്നു പോയി….
ഒരു സ്ത്രീ വെള്ളമെടുക്കുകയാണ്. എന്നിട്ടു വേണം ആനയ്ക്ക് വെള്ളം കുടിക്കാൻ. അവർ ആനയെ കണ്ടോ എന്നത് ഞങ്ങളുടെ മാത്രം വേവലാതിയായി.
അവരുടെ കൂടെയുണ്ടായിരുന്ന പയ്യൻ ആനയുടെ തിരു നെറ്റിക്ക് തന്നെ കൊടുത്തു ഒരേറ് ! ആന തിരിഞ്ഞോടി…

നഗരങ്ങളിൽ ജീവിക്കുന്ന ഞങ്ങൾ മനസ്സിലുണ്ടായിരുന്ന ഒരു പാട് സംശയങ്ങൾ പങ്കു വെയ്ക്കേണ്ടെന്ന് തീരുമാനിച്ചു. നമ്മിൽ നിന്ന് അവരെ വേർതിരിക്കുന്നത് എന്തൊക്കെയാണ്? പ്രതിരോധങ്ങളില്ലാതെ ജീവിക്കാൻ ധൈര്യമില്ലാത്ത ഞാനായിട്ട് അതറിയാൻ ശ്രമിക്കുന്നില്ല. പകരം ആ മൂവന്തി സമ്മാനിച്ച കടും ചായത്തിൽ മുക്കിയ ഈ നിശ്ചല ദൃശ്യം ശ്രാവണ ബൽഗോളയുടെ പശ്ചാത്തലത്തിൽ എല്ലാവർക്കുമായി ചില്ലിട്ട് വെയ്ക്കുന്നു.

വയനാട് സ്വദേശി. കോഴിക്കോട് താമസം . കേരള പോലീസിൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയി റിട്ടയർ ചെയ്തു. കാണാതായ കഥകൾ , ഭൂമദ്ധ്യരേഖയിലെ വീട്, ഐരാവതിയിലെ കല്ലുകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ എല്ലാ ആനുകാലികങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . നവമാധ്യമങ്ങളിലും സജ്ജീവം.