ശബ്ദമാധുര്യം കൊണ്ട് മായാലോകം തീർക്കുന്ന ഗായിക – എസ് ജാനകി. അന്യഭാഷാ ഗായികയാണെങ്കിൽ കൂടി ആലാപനത്തിന്റെ ഈ മാസ്മരികതയ്ക്ക് മലയാളിയുടെ മനസ്സിൽ ഒരു പകരക്കാരിയില്ല. പൊന്നും തേനും ചാലിച്ച ആ ശബ്ദത്തിന്റെ തുഷാരസ്പർശം പേറാത്ത ഒരു മലയാളിയുമില്ല എന്നുതന്നെ പറയാം. നീണ്ട പതിനൊന്നു വർഷത്തെ പരിശ്രമം കൊണ്ട് അഭിലാഷ് പുതുക്കാട് എന്ന എഴുത്തുകാരൻ ജാനകിയമ്മയുടെ സംഗീത ജീവിതം പുസ്തകമാക്കി. ‘എസ് ജാനകി – ആലാപനത്തിലെ തേനും വയമ്പും’ എന്ന പേരിലിറങ്ങിയ പുസ്തകം രണ്ടു ഭാഗങ്ങളായിട്ടാണ് ഇറക്കിയിരിക്കുന്നത്.
വാണി ജയറാം, പി. സുശീല, പി. മാധുരി, എസ്സ്. ജാനകി തുടങ്ങിയ മലയാള സിനിമാ ഗാനകോകിലങ്ങൾ ഒരുകാലഘട്ടത്തിൽ കാലമേറ്റുപാടുന്ന നിരവധി ഗാനങ്ങൾ കൊണ്ട് നമ്മുടെ മനസ്സിന്റെ മാന്ത്രികച്ചെപ്പു തുറന്നവരാണ്. എന്തുകൊണ്ടാണ് ജാനകിയമ്മയെക്കുറിച്ച് ബുക്ക് എഴുതാമെന്നു തീരുമാനിച്ചത്?
ഞാനെന്റെ കുട്ടിക്കാലം മുതൽ കേട്ടു വളർന്നതാണ് ജാനകിയമ്മയുടെ ശബ്ദം. ഏറ്റവുമധികം കേട്ടിട്ടുള്ളതും അമ്മയുടെ പാട്ടുകളായിരുന്നു. എന്റെ അപ്പയ്ക്കും അമ്മയ്ക്കും ജാനകിയമ്മയുടെ പാട്ടുകൾ ഏറെ പ്രിയം. ‘ശിങ്കാരവേലനെ ദേവാ…’ എന്ന ഗാനം എത്രയോ തവണയാണ് ടേപ് റിക്കോർഡറിൽ കേട്ടിരിക്കുന്നത് ! അപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണത്. ഞങ്ങളുടെ കുടുംബക്ഷേത്രമായ മാരിയമ്മൻകോവിലിൽ അമ്മൻകുടത്തിന് നാദസ്വരമൊക്കെ ഉണ്ടാവും. അവിടെ ശിങ്കാരവേലൻ പാടാൻ അപ്പ റിക്വസ്റ്റ് ചെയ്യുമായിരുന്നു . അമ്മയ്ക്കാണെങ്കിൽ ജാനകിയമ്മയുടെ പാട്ടുകൾ മാത്രമാണിഷ്ടം. ആകാശവാണി തൃശൂർ നിലയത്തിൽ ജാനകിയമ്മയുടെ പാട്ടുകൾ വരുമ്പോൾ അമ്മ ശ്രദ്ധിക്കും. ഞാൻ കുറച്ചുകൂടി വലുതായപ്പോൾ അപ്പയ്ക്കും അമ്മയ്ക്കും കേൾക്കാൻ വേണ്ടി ജാനകിയമ്മയുടെ പാട്ടുകൾ ശേഖരിക്കാൻ തുടങ്ങി. പിന്നീടാണറിയുന്നത് ജാനകിയമ്മ മലയാളിയല്ലെന്നും സംഗീതം പഠിച്ചിട്ടില്ലെന്നുമൊക്കെ. ഒരു അന്യഭാഷാ ഗായിക ( ആന്ധ്രാക്കാരി )യായിട്ടും ഇത്ര മധുരമായി,ഉച്ചാരണ ശുദ്ധിയോടെ എങ്ങനെ പാടുന്നു എന്ന് എനിക്ക് അതിശയമായി. ആസ്വാദനത്തിലുപരി പാട്ടിന്റെ ഹൈറ്റ്സ് അന്വേഷിച്ചു പോവുകയായിരുന്നു ഞാൻ. അത്രയും ഉൽകൃഷ്ടമായിരുന്നു ആ പാട്ടുകൾ.വാണിയമ്മയും സുശീലാമ്മയും മലയാളികളല്ലായിരുന്നിട്ടും ജാനകിയമ്മയുടെ ശബ്ദത്തിലാണ് ഒരു മാതൃത്വവും ആർദ്രതയും സ്നേഹവുമൊക്കെ ഫീൽ ചെയ്തത്.
അച്ഛനമ്മമാരെപ്പറ്റി പറയാമോ? ജാനകിയമ്മയുടെ അന്യഭാഷാ ഗാനങ്ങൾ അവർ ആസ്വദിച്ചിരുന്നോ?
അമ്മയ്ക്കും അപ്പക്കും ജാനകിയമ്മയുടെ സ്വരം പെട്ടെന്ന് തിരിച്ചറിയാം.റേഡിയോയിൽ പാട്ടൊഴുകി വരുമ്പോൾ അവർ ഒരുമിച്ചു പറയും എസ്.ജാനകി എന്ന്. അമ്മയ്ക്ക് ബാബുരാജ്, ദക്ഷിണാമൂർത്തി, എ.ടി ഉമ്മർ എന്നിവരുടെ സംഗീതമാണ് പ്രിയമെങ്കിൽ അപ്പാവുക്ക് തമിഴ് ഗാനങ്ങളോടാണ് ഇഷ്ടം. ലോറി ഡ്രൈവർ ആയിരുന്ന അപ്പ തമിഴ്നാട്ടിൽ പോയി വരുമ്പോൾ എസ്.ജാനകിയുടെ ചില കാസറ്റുകളുമായി വരും. അന്നുവരെ പുതുക്കാട് കേൾക്കാത്ത പാട്ടുകളായിരിക്കും അവ.
സംഗീതം പഠിച്ചിട്ടുണ്ടോ? റേഡിയോയുമായി കുട്ടിക്കാലത്ത് നല്ല ബന്ധമായിരുന്നു അല്ലേ?
സ്കൂൾ പഠനകാലത്ത് എന്റെ സംഗീത വളർച്ചയ്ക്ക് ഏറെ സഹായകമായത് ആകാശവാണി തൃശ്ശൂർ നിലയമാണ്. വീട്ടിൽ ദിവസത്തിന്റെ പകുതിയിലേറെയും റേഡിയോ (ഒറ്റ സ്പീക്കർ ഉള്ള സാനിയോ ) പാടിയിരുന്നു. രാവിലെ സുപ്രഭാതം മുതൽ രാത്രി രഞ്ജിനിയോ കഥകളിപ്പദങ്ങൾ വരെയോ അത് അവിടെ പ്രവർത്തിച്ചു കൊണ്ടേയിരിക്കും. വീട്ടിൽ നിന്നും റേഷൻ കടയിലേക്ക് നടന്നു പോകുമ്പോൾപോലും റേഡിയോയിലെ ഒരു പരിപാടിയും നഷ്ടപ്പെടാറില്ല. കാരണം, പോകുംവഴിയെല്ലാം ഓരോ വീട്ടിൽ നിന്നും റേഡിയോയുടെ ഉച്ചത്തിലുള്ള ശബ്ദം കേൾക്കാം. സത്യം പറഞ്ഞാൽ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും റേഡിയോയുടെ ശബ്ദത്തിനൊപ്പമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് പാട്ട് പഠിക്കണമെന്ന് തോന്നിയത്. ഒരാഗ്രഹത്തിനും എതിരു നിൽക്കാറില്ല എന്റെ മാതാപിതാക്കൾ. അങ്ങനെ കുട്ടിക്കാലത്ത് പാലാഴി ശ്രീകൃഷ്ണാശ്രമത്തിൽ മണി ടീച്ചറുടെ ശിക്ഷണത്തിൽ കർണാടക സംഗീതം പഠിച്ചു. സംഗീത പഠനം മുന്നോട്ടുളള യാത്രയിൽ എനിക്കു വളരെയധികം പ്രയോജനം ചെയ്തു.
ജാനകിയമ്മയെക്കുറിച്ച് ഇത്രയും ബൃഹത്തായ ഒരു ബുക്കെഴുതാനാവശ്യമായ വിവര ശേഖരണം എങ്ങനെയായിരുന്നു? എന്തെങ്കിലുമൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായോ?
ബുദ്ധിമുട്ടായിരുന്നു, വിവരങ്ങളൊക്കെ കിട്ടാൻ. ജാനകിയമ്മയെപ്പറ്റിയുള്ള അറിവുകളൊന്നും സപ്ലിമെന്റുകളിലും മറ്റും വളരെയേറെയൊന്നും ഉണ്ടായിരുന്നില്ല. ഒന്നോ രണ്ടോ മാത്രം. അവ വീണ്ടും വീണ്ടും വായിച്ചു. 11 വർഷം ഞാൻ ഇതിനു വേണ്ടി മാറ്റിവെച്ചു. ഞാൻ അതിനു പിന്നാലെയായിയിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഇത്രയും വർഷങ്ങൾ എങ്ങനെ പോയിയെന്ന് അറിയില്ല. ഓരോ സംഭവങ്ങളും ഓരോ ഓർമ്മകൾ തന്നെ. പല സംഗീത സംവിധായകരെയും ഗാനരചയിതാക്കളെയും പോയി കാണുക, അവരോടൊപ്പം സമയം പങ്കിടുക, അമ്മയുടെ പാട്ട് കേൾപ്പിക്കുക, അവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുക തുടങ്ങി… വളരെ നാളത്തെ പരിശ്രമഫലമാണിത്. ജോൺസൺ മാഷ്, ദക്ഷിണാമൂർത്തി സ്വാമി, പൂവച്ചൽ ഖാദർ, ശാരദ, എസ്.പി.ബി, ലതികടീച്ചർ, അർജ്ജുനൻ മാഷ്, ചിത്രചേച്ചി തുടങ്ങി ഒരുപാട് പേരെ കാണാനും പരിചയപ്പെടാനും സഹായിക്കുകയും വഴിയൊരുക്കുകയും ചെയ്തത് ജാനകിയമ്മ തന്നെയാണ്.എന്നാൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടുതാനും. ചില പാട്ടുകാരെ സമീപിച്ചപ്പോൾ പിന്നീട് പറയാമെന്നൊക്കെ പറഞ്ഞ് വർഷങ്ങൾ പിന്നാലെ നടത്തിച്ചു. മറ്റുചിലർ ഒന്നും തന്നില്ല എന്നുതന്നെ പറയാം.
ജാനകിയമ്മയെ ആദ്യമായി കണ്ട ദിവസം ഓർമ്മിക്കാമോ ?
ജാനകിയമ്മയെ ആദ്യമായി കണ്ട ദിവസം ‘വീട്ടിലെ നമ്പർ തരൂ’ എന്ന് പറഞ്ഞു. കൊടുത്ത നമ്പറിലേക്ക് ജാനകിയമ്മ വിളിച്ചു. എന്റെ അമ്മയാണ് ഫോൺ എടുത്തത്. ‘ഞാൻ ജാനകി സംസാരിക്കുന്നു’ എന്നൊക്കെ പറഞ്ഞെങ്കിലും അമ്മയ്ക്കത് വിശ്വാസമായില്ല. ആരോ പറ്റിക്കാൻ വേണ്ടി ചെയ്യുന്നതാണെന്നായിരുന്നു അമ്മയുടെ വിചാരം. പിന്നീട് ഫോൺ എനിക്ക് കൈമാറിയപ്പോഴാണ് അമ്മയ്ക്ക് വിശ്വാസമായത്. അന്ന് ജാനകിയമ്മയോടൊപ്പം നിന്ന് ഫോട്ടോയൊക്കെ എടുത്തു വീട്ടിലേക്ക് പോന്നു. പിന്നീട് ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ പറഞ്ഞു ജാനകിയമ്മ വിളിച്ചിരുന്നു , നമ്പർ തന്നിട്ടുണ്ട്,അമ്മയെ തിരിച്ചു വിളിക്കണം എന്നൊക്കെ. പിന്നീട് അതൊരു ബന്ധമായി വളരുകയായിരുന്നു. എനിക്ക് തോന്നുമ്പോഴൊക്കെ ഞാൻ ജാനകിയമ്മയെ വിളിക്കും. അമ്മയ്ക്ക് സൗകര്യം ആണോ എന്നൊന്നും ഞാൻ നോക്കാറില്ല. എത്ര തിരക്കാണെങ്കിലും എടുക്കും. എന്റെ അമ്മയെ വിളിക്കുന്നത് പോലെ തന്നെ. അതാണ് ഭാഗ്യം.
നാട്ടിൽ വരുമ്പോൾ ജാനകിയമ്മയെ കാണാൻ പോകാറുണ്ടോ?
തീർച്ചയായും. എല്ലാവർഷവും നാട്ടിൽ പോകുമ്പോൾ ജാനകിയമ്മയെ കാണാൻ പോകും. അമ്മയോടൊപ്പം താമസിക്കും. അമ്മയുടെ കൂടെ അമ്പലങ്ങളിലൊക്കെ പോകും. അതൊക്കെ വലിയ അനുഭവങ്ങളാണ്. എന്റെ ബർത്ത്ഡേക്കും കല്യാണത്തിനും ഒക്കെ ജാനകിയമ്മ എന്റെ വീട്ടിലേക്ക് വന്നിട്ടുണ്ട്.
വിവാഹത്തിന് ജാനകിയമ്മ വന്നത് മറക്കാൻ പറ്റാത്ത അനുഭവമായിരിക്കുമല്ലോ?
തീർച്ചയായും. അതു വേറിട്ട അനുഭവമായിരുന്നു. എന്റെ വീട് തൃശ്ശൂർ പുതുക്കാട് ആണ്. സംഗീതയാണ് ഭാര്യ. അവരുടെ വീട് കോഴിക്കോടാണ്. കല്യാണക്കുറിയൊക്കെ അടിച്ചു. ആദ്യം തന്നെ അപ്പായും അനിയനും കൂടി ജാനകിയമ്മയ്ക്ക് കുറി കൊടുത്തു. ‘ഞാൻ വരും’ എന്ന് ജാനകിയമ്മ പറഞ്ഞു. കല്യാണത്തിന് നാലഞ്ചു ദിവസം മുൻപാണ് ഞാൻ നാട്ടിലെത്തുന്നത്. കല്യാണക്കാര്യങ്ങളൊക്കെ നാട്ടിൽ അനിയനും അപ്പായും റെഡിയാക്കിയിരുന്നു. അവിടുന്ന് പുറപ്പെടുന്നതിനു മുൻപേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ജാനകിയമ്മയെ ഞാൻ വിളിച്ചു. “നീ സംഗീതാവേ കൂപ്പിടു, എന്നെപ്പറ്റി കവല വേണ്ട: വരും,അപ്പടി ഒരു പ്ലാൻ ഇരിക്ക്” എന്ന് മാത്രം പറഞ്ഞു. കല്യാണത്തിന് തലേ ദിവസവും രാവിലെ ഞാൻ ജാനകിയമ്മയെ വിളിച്ചു. ‘വരാൻ പ്ലാനുണ്ട്,എല്ലാം നല്ല പടിയെ നടക്കട്ടും’ എന്നു പറഞ്ഞു. അമ്മ കല്യാണത്തിന് വരും എന്നെനിക്കുറപ്പായിരുന്നു. നെടുമ്പാശ്ശേരിയിൽ എന്റെ ചിറ്റയുടെ മകന്റെ വണ്ടിയൊക്കെ റെഡിയാക്കി,ഹോട്ടലിൽ റൂമൊക്കെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. വൈകുന്നേരം വീട്ടിൽ ആൾക്കാരൊക്കെ വന്നു തുടങ്ങി. അമ്മയുടെ കോൾ. ‘എങ്കെ ഇരിക്കപ്പാ’? ‘അമ്മ എവിടെ? വന്നില്ലല്ലോ? നാളെ വരുമോ? എന്നൊക്കെ ഞാനും. അപ്പോഴാണ് അമ്മ പറയുന്നത് ‘ഞാൻ വന്നല്ലോ’ എന്ന്. കോഴിക്കോട് ഹോട്ടലിൽ ജാനകിയമ്മ എത്തിയിരുന്നു. റിസപ്ഷൻ ഒക്കെ പുതുക്കാടാണ് അങ്ങോട്ടേക്കല്ലേ അമ്മ വരേണ്ടത് എന്ന് ഞാൻ ചോദിച്ചു. കല്യാണം കാലിക്കറ്റ് താനേ… എനിക്ക് കല്യാണം തന്നെയാണ് മുഖ്യം. റിസപ്ഷനൊന്നുമല്ല’: ജാനകിയമ്മ പറഞ്ഞു. ഏതു ഹോട്ടലിലാണെന്നൊന്നും പറഞ്ഞില്ല. നാളെ രാവിലെ ഞാൻ അവിടേക്ക് വരും എന്ന് മാത്രം പറഞ്ഞു ഫോൺ കട്ട് ചെയ്തു. അന്ന് ‘പത്മ’ അവാർഡ് കിട്ടിയ സമയമായിരുന്നു. ഞങ്ങൾ കല്യാണമണ്ഡപത്തിൽ നിൽക്കുന്ന സമയത്താണ് ജാനകിയമ്മ വന്നത്. അമ്മയുടെ സാന്നിദ്ധ്യത്തിലായിരുന്നു കല്യാണം. അമ്മ സദ്യയൊക്കെ കഴിച്ചു. എല്ലാവരും കൂടി ഫോട്ടോയൊക്കെ എടുത്തു കുടുംബത്തിലെ ഒരാളായി. അനുഗ്രഹങ്ങളൊക്കെ തന്നു.ഗിഫ്റ്റ് തന്നു.
അമ്മ ഫ്ലൈറ്റിൽ ഹൈദരാബാദിൽ നിന്നും ചെന്നൈയിൽ വന്നു, ചെന്നൈയിൽ നിന്നും കോഴിക്കോട് വന്നു,അവിടെ ഒരു ഹോട്ടലിൽ റൂം എടുത്തു , അവിടുന്ന് വണ്ടി പിടിച്ചു, കല്യാണമണ്ഡപത്തിലേക്ക് വന്നു, അതുപോലെ തിരിച്ചുപോയി. ഇതാണ് ജാനകിയമ്മ. ഇതുപോലെ ജീവിതത്തിൽ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട്.
ബുക്കെഴുതാനുള്ള തീരുമാനം ജാനകിയമ്മയെ അറിയിച്ചപ്പോൾ പ്രതികരണം എന്തായിരുന്നു?
‘എന്തിരിക്കുന്നു എന്നെക്കുറിച്ച് എഴുതാൻ’ എന്നാണ് ചോദിച്ചത്. പക്ഷേ ഓരോ പാട്ടിനും പറയാനുണ്ട് ഒരുപാട് കഥകൾ. അതൊക്കെ ഓരോ സംഗീത സംവിധായകരെയും ഗാനരചയിതാക്കളെയും ഒക്കെ പോയി കണ്ട്, അവിടെപ്പോയി പാട്ട് പ്ലേ ചെയ്തു അവർക്ക് പറയാനുള്ള കാര്യങ്ങളൊക്കെ കേൾക്കുമ്പോഴാണ് അമ്മയോടുള്ള നമ്മുടെ സ്നേഹം കൂടി വരുന്നത്.
സാഹിത്യലോകവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ആദ്യമായിട്ടാണ് ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരു പുസ്തകം ഇറങ്ങുന്നത്. ലളിതമായ ഭാഷയിലായിരുന്നു എന്റെ എഴുത്ത്. എന്നെ ഏറ്റവും കൂടുതൽ ഹെൽപ്പ് ചെയ്തത് തമ്പി സാർ, ജോൺസൺ മാഷ്, പൂവച്ചൽ ഖാദർ, ശ്യാംസാർ, ബിച്ചുതിരുമല, അർജുനൻമാഷ് തുടങ്ങിയവരാണ്. എനിക്കുവേണ്ടി അവർ ഒരുപാട് സമയം ചിലവാക്കി. ലോഗോസ് ബുക്സ് ആണ് പ്രസാധകർ. മലയാളത്തിൽ രണ്ടു വോളിയംസാണ് ഇറങ്ങിയത്. ‘എസ് ജാനകി ആലാപനത്തിന്റെ തേനും വയമ്പും’ വോളിയം ഒന്നും, രണ്ടും. പിന്നെ അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ലക്ഷ്മി നന്ദകുമാർ ആണ്. പബ്ലിഷ് ചെയ്തത് പാവാട്രീ (Pavatree) ആയിരുന്നു. ബ്രിട്ടീഷ് ലൈബ്രറിയിൽ ബുക്ക് ലിസ്റ്റഡ് ആയിരുന്നു (ഇംഗ്ലീഷ് വേർഷൻ).
‘എസ്. ജാനകി ആലാപനത്തിന്റെ തേനും വയമ്പും’ എന്ന ബൃഹത്തായ ബുക്ക് പ്രസിദ്ധീകരിക്കാൻ എത്ര സമയമെടുത്തു?
സത്യത്തിൽ ജാനകിയമ്മയെപ്പറ്റിയുള്ള വിവരങ്ങൾ കിട്ടാതെ വന്നപ്പോൾ ആ പാട്ടുകളുടെ പിന്നാലെ നടന്നുനടന്ന് തുടങ്ങിയതാണ്. ഇറങ്ങിത്തിരിച്ചപ്പോൾ ഒരുപാട് വിവരങ്ങൾ ശേഖരിക്കാൻ പറ്റി.11 വർഷത്തെ കറകളഞ്ഞ പരിശ്രമം ഇതിന് പിന്നിലുണ്ടെന്നു അഭിമാനത്തോടെ എനിക്ക് പറയാൻ പറ്റും. ഇപ്പോഴും ഞാൻ ഇതിനു പിന്നാലെ തന്നെയാണ്. കിട്ടുന്ന വിവരങ്ങൾ വച്ച് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. ഇതങ്ങനെ തന്നെ തുടരും.
ബുക്ക് ഇറങ്ങിയതിനു ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ പറ്റി പറയാമോ?
ഈ ബുക്ക് ഇറങ്ങിയതിൽ ഏറ്റവും അധികം സന്തോഷിച്ചിട്ടുള്ളത് എന്റെ അപ്പയും അമ്മയും അനിയനും അനിയത്തിയും ഭാര്യയും ഒക്കെത്തന്നെയാണ്. പുസ്തകത്തിനുള്ള അംഗീകാരവും അവാർഡുകളും കൂടുതൽ ഏറ്റുവാങ്ങിയതും അവർ തന്നെ. അതിൽ അഭിമാനമുണ്ട്. എന്നെ സംബന്ധിച്ച് ആൾക്കാരൊക്കെ തിരിച്ചറിയാൻ തുടങ്ങി. ജാനകിയമ്മയുടെ പാട്ട് ഇഷ്ടപ്പെടുന്നവർ, എന്റെ നാട്ടുകാർ ഒക്കെ വിളിക്കും, മെസ്സേജ് അയക്കും . അതുപോലെതന്നെ റേഡിയോയിൽ ജാനകിയമ്മയുടെ പാട്ട് കേൾക്കുമ്പോൾ പോലും അവർ എനിക്ക് മെസ്സേജിടും. എന്റെ സുഖവിവരങ്ങൾ അന്വേഷിക്കും. ഒരുപാട് നല്ല സൗഹൃദങ്ങൾ എനിക്ക് കിട്ടി.ജാനകിയമ്മ തന്നെ ഉണ്ടാക്കിത്തന്ന സംഗീതരംഗത്തുള്ളവരുമായുള്ള ബന്ധം ഞാനിപ്പോഴും കാത്തുസൂക്ഷിക്കുന്നു. വല്ലപ്പോഴുമൊക്കെ എല്ലാവരെയും വിളിക്കും.
ഈ ബുക്കെഴുതാൻ പ്രതിഭാധനരായ പല സംഗീത പ്രതിഭകളെയും സമീപിക്കേണ്ടി വന്നിട്ടുണ്ടാവാമല്ലോ? അത്തരത്തിൽ ഓർമ്മയിൽ നിന്ന് മാഞ്ഞുപോകാത്ത അനുഭവങ്ങൾ പങ്കുവെക്കാമോ?
ശരിയാണ്. ഈ ബുക്ക് എഴുതുന്ന സമയത്ത് ഒരുപാട് മഹത് വ്യക്തികളെ പരിചയപ്പെടാനുള്ള സാഹചര്യം ജാനകിയമ്മ ഉണ്ടാക്കിത്തന്നിരുന്നു. എനിക്കൊരിക്കലും മറക്കാൻ പറ്റാത്തത് ശ്രീകുമാരൻ തമ്പി സാറിനെ കാണാൻ പോയതാണ്. മുൻപ് നിരവധി തവണ അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. വിളിക്കുമ്പോഴൊക്കെ തിരക്കാണെങ്കിൽക്കൂടിയും കുറച്ചുസമയം എന്നോട് സംസാരിക്കുമായിരുന്നു. നാട്ടിലായിരിക്കുമ്പോൾ ഒരിക്കൽ വിളിച്ചപ്പോൾ ‘വരൂ, കാണാം’ എന്നു പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ കാണുവാനായി ഞാൻ തിരുവനന്തപുരത്ത് പോയി. അദ്ദേഹം പറഞ്ഞ സ്ഥലത്തുതന്നെ ബസ് ഇറങ്ങി. ഫോൺ കട്ട് ചെയ്യാതെ നടന്നുകൊള്ളാൻ പറഞ്ഞു. അങ്ങനെ അദ്ദേഹവുമായി സംസാരിച്ചു നടക്കുന്നതിനിടെ വീടെത്തി. ഗേറ്റ് തുറന്ന് അകത്തേക്ക് കയറാൻ പറഞ്ഞു. തിരിച്ച് അത് ലോക്ക് ചെയ്യാനും ഓർമ്മിപ്പിച്ചു . ഒരു പഴയവീട്. മുറ്റത്ത് അവിടവിടങ്ങളിൽ പുല്ലു വളർന്നു നിൽക്കുന്നു. നാലുപാളി കതകാണ്. മുകളിലത്തെ രണ്ടുപാളികൾ തുറന്നു കിടന്നു. താഴത്തെ പാളി കുറ്റിയിട്ടിട്ടുണ്ട്. കുറ്റിയെടുത്ത് അകത്തു കടക്കാൻ പറഞ്ഞു. നല്ല ഇരുട്ട്. പേടി തോന്നി. നേരെ ഇടതുവശത്തെ കോണിപ്പടി കയറി പോരാൻ പറഞ്ഞു. അപ്പോഴേയ്ക്ക് അദ്ദേഹത്തിന്റെ സംസാരം കേട്ട ദിശയിലേക്ക് ഞാൻ ചെന്നു. അവിടെ വലിയൊരു റൂമിൽ നിറയെ പുസ്തകങ്ങൾ. പുസ്തകങ്ങൾ നിരന്ന വലിയൊരു മേശ. പിന്നിൽ കുറേ ഷെൽഫുകൾ. ചാരു കസേരയിൽ തമ്പി സാർ! ഞാൻ കാൽ തൊട്ടു വന്ദിച്ചു. വീഡിയോയും ഓഡിയോയും എടുക്കാൻ ഞാൻ തയ്യാറാവുന്നു. മൈക്ക് സെറ്റ് ചെയ്തു , ക്യാമറ വെച്ചു. അദ്ദേഹം പറഞ്ഞു തുടങ്ങി: ” സുശീലമ്മയാണ് എന്റെ പ്രിയപ്പെട്ട ഗായിക. ഒരുപാട് പാട്ടുകൾ അവർ പാടി തന്നിട്ടുണ്ട്”. ഇത് കേട്ടപ്പോഴേ ഞാൻ ക്യാമറയും മൈക്കുമൊക്കെ ബാഗിലേക്ക് തിരിച്ചുവച്ചു.
” ഞാൻ പോവാ സാറേ” എന്നു പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. പിന്നിൽ പൊട്ടിച്ചിരി. ജാനകിയമ്മയുടെ ആരാധകൻ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് ഞാൻ ഒന്ന് പരീക്ഷിച്ചതാണ്. നിങ്ങൾക്ക് പരിഭവമൊന്നും പറയാനില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞു. എന്താണ് അറിയേണ്ടത് ചോദിച്ചോളൂ പറഞ്ഞു ഓർമ്മകൾ പങ്കിട്ടു. ‘എന്റെ സഹോദരി തന്നെയാണ് ജാനകിയമ്മ’, അത്രയ്ക്ക് സ്നേഹമാണ് അവരോട്. പിന്നീട് ജാനകിയമ്മയോടൊത്തുള്ള റെക്കോർഡിങ് സിറ്റുവേഷൻസ്, ഒന്നിച്ചിരുന്ന് റെക്കോർഡ് ചെയ്തിട്ടുള്ള പാട്ടുകൾ അങ്ങിനെ പല ഓർമ്മകളും പങ്കിട്ടു.
” തോരാതെ പെയ്യുമീ സ്വരരാഗമഴയിൽ നനയാതെ പോയതാരാണ്” എന്ന എന്റെ ഒരു ആർട്ടിക്കിൾ ആയിടയ്ക്ക് മാധ്യമത്തിൽ വന്നിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ അതിന്റെ ഒരു കോപ്പി ഉണ്ടായിരുന്നു. അതു കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. അങ്ങനെ രണ്ടുമണിക്കൂറോളം സംസാരിച്ചു. അതുപോലെതന്നെയാണ് ഒ.എൻ.വി കുറുപ്പ് സാറും. അദ്ദേഹത്തെയും ഞാൻ ഇടയ്ക്കിടെ വിളിച്ച് ശല്യപ്പെടുത്താറുണ്ടായിരുന്നു. ഒരുതവണ ഇങ്ങോട്ടേക്ക് വന്നപ്പോൾ എനിക്കായി അദ്ദേഹത്തിന്റെ ഒരു പുസ്തകം കരുതിയിരുന്നു. അതൊക്കെ മറക്കാൻ പറ്റാത്ത സംഭവങ്ങളാണ്. അതുപോലെ തന്നെയാണ് ശ്യാം സാർ, വാണി ജയറാം, ചിത്ര ചേച്ചി എന്നിവരുമായുള്ള ബന്ധം. പലരെയും പലതവണ വിളിച്ചിട്ടുള്ളതുകൊണ്ടുതന്നെ ഞാനറിയാതെ ഒരു ബന്ധം അവരുമായി വളർന്നു വന്നിരുന്നു. അങ്ങനെ ജീവിതത്തിൽ ഒരുപാട് നല്ല മുഹൂർത്തങ്ങൾ ഉണ്ടായി.
പുസ്തകവുമായി സഹകരിക്കാത്തവർ ഉണ്ടായോ?
തീർച്ചയായും ഉണ്ട്. പേര് പറയാൻ ആഗ്രഹമില്ല. നിരവധിതവണ – അതായത് അഞ്ചുവർഷമെങ്കിലും ടൈംടേബിൾ വച്ച് ചിലരെ വിളിച്ചിട്ടുണ്ട്. തിരക്കാണെന്ന് പറയും. എന്നാലും ഞാൻ വിളിച്ചു കൊണ്ടേയിരിക്കും. പിന്നെ എനിക്ക് തന്നെ അതു വേണ്ടെന്നു തോന്നി. എന്നാൽ പുസ്തകം ഇറങ്ങി കഴിഞ്ഞ് ‘വളരെ സന്തോഷം….ഞാനും ഈ പുസ്തകത്തിനു വേണ്ടി ഒരുപാട് സഹായിച്ചിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞിരുന്നു.
ബുക്കിന് ലഭിച്ച അംഗീകാരങ്ങൾ? മറ്റ് അവാർഡുകൾ?
ഏറ്റവും വലിയ അംഗീകാരം ജാനകിയമ്മയ്ക്ക് കിട്ടിയ ദേശീയ-സംസ്ഥാന അവാർഡുകളുടെ കൂട്ടത്തിലാണ് ഈ പുസ്തകം അമ്മ സൂക്ഷിച്ചു വെച്ചിട്ടുള്ളത് എന്നതു തന്നെയാണ്. ലോക റെക്കോർഡുൾപ്പടെ നാല് ദേശീയ റെക്കോർഡുകൾ, കാവ്യഭാരതി പുരസ്ക്കാരം , മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള തിക്കുറിശ്ശി അവാർഡ്, താളിയോല സാഹിത്യ പുരസ്കാരം, ഒഴല്ലൂർ പുരസ്കാരം, പ്രവാസി ഭാരതി സാഹിത്യരത്ന അവാർഡ് അങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 2016 ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡിന്റെ അവസാന റൗണ്ടിൽ എത്തിയിരുന്നു എന്നത് വലിയൊരു നേട്ടമായി കാണുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ് അന്ന് അവാർഡ് നഷ്ടമായത്.
ഇത്തരത്തിൽ ഒരു ബുക്ക് വേറെ ഏതെങ്കിലും ഒരു ആർട്ടിസ്റ്റിനെ കുറിച്ച് ഇറങ്ങിയതായി അറിവുണ്ടോ?
എന്ന് ചോദിച്ചാൽ ഈ പാറ്റേണിൽ വേറെ ഒരു ആർട്ടിസ്റ്റിനെ കുറിച്ച് ബുക്ക് ഇറങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്. എന്നിരുന്നാലും പി. എസ് സിയിലും റെയിൽവേ ബോർഡിലും ബാങ്ക് എക്സാമിനേഷനും എന്റെ പുസ്തകത്തെക്കുറിച്ച് ഓപ്ഷനിൽ വന്നു എന്നത് സന്തോഷകരമായ കാര്യമാണ്.
എഴുത്തിലെ പുതിയ പദ്ധതികൾ എന്തൊക്കെയാണ്?
‘എസ് ജാനകി – ആലാപനത്തിലെ തേനും വയമ്പും’ എന്ന ഈ ബുക്കിന്റെ രണ്ടാം പതിപ്പ് ഉടനെ പുറത്തിറങ്ങും. രണ്ടാം പതിപ്പ് എന്റെ സ്വന്തം പ്രസിദ്ധീകരണസ്ഥാപനമായ പാവാട്രീ (Pavatree) ആണ് പ്രസിദ്ധീകരിക്കുന്നത്. ഇത്തവണത്തെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ രണ്ടാം പതിപ്പിന്റെ പ്രകാശനം നടക്കും.
ജീവിതാനുഭവ കഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ചെറുകഥ തയ്യാറാവുന്നുണ്ട്. 20 കഥകളാണ് അതിലുള്ളത്. ‘ആത്മജനുള്ള കഥകൾ’ എന്നാണ് ബുക്കിന്റെ പേര്. എന്റെ ജീവിതത്തിലെ ചില കഥകൾ മകനോട് പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് ഇത് എഴുതിയിരിക്കുന്നത്. ഒരുപാട് പേരെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങൾ അതിലുണ്ട്. എന്നിരുന്നാലും ജനുവരിയിൽ ‘ആത്മജനുള്ള കഥകൾ’ പുറത്തിറങ്ങും.
പതിനേഴ് ഭാഷകളിലായി ഏകദേശം അൻപതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച എസ്. ജാനകി എന്ന ആസ്വാദകരുടെ പ്രിയപ്പെട്ട ജാനകിയമ്മയെപ്പറ്റി നീണ്ട ഒരു തപസ്യയിലൂടെ തയ്യാറാക്കിയ ഈ ഗ്രന്ഥത്തിന് ലഭിച്ച എല്ലാ നേട്ടങ്ങൾക്കുമുപരിയായി അഭിലാഷ് പുതുക്കാട് എന്ന ഈ ചെറുപ്പക്കാരൻ ജാനകിയമ്മയുടെ ഗാനങ്ങൾക്കൊപ്പം ആ സ്നേഹത്തിനും വാൽസല്യത്തിനുമാണ് ഏറെ വില കൽപ്പിക്കുന്നത്. ജാനകിയമ്മയുടെ ഓരോ പാട്ടും അതിലെ ഭാവങ്ങളുമെല്ലാം ഇദ്ദേഹത്തിന് കാണാപാഠമാണ്. ആയിരക്കണക്കിന് ഗാനങ്ങളിൽ കൂടി ഇന്നും തന്റെ ആസ്വാദകർക്ക് ആലാപനത്തിന്റെ അത്ഭുതമായി നിലനിൽക്കുന്ന ജാനകിയമ്മയ്ക്ക് മലയാളം ഡോ.അഭിലാഷ് പുതുക്കാടിലൂടെ നല്കിയ സ്നേഹസമ്മാനമാണ് ഈ ഗ്രന്ഥം. ജാനകിയമ്മയുടെ പാട്ടുകൾക്ക് പിന്നാലെയുള്ള അഭിലാഷിന്റെ യാത്ര അവസാനിക്കുന്നില്ല, ആ വിശേഷങ്ങൾക്കായി ആസ്വാദകരും കാതോർക്കുന്നു.