പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 48

ആ അമ്മ സദാ മകളെ ഓർത്താണ് ജീവിച്ചത്. എന്നാൽ മകളാകട്ടെ ഏറെ ദൂരെയൊരു നാട്ടിൽ അമ്മയെ പൂർണമായും മറന്നും ഒഴിവാക്കിയും ജീവിക്കുന്നു. ഒരു സംസാരമില്ല, ഒരു സന്ദേശമില്ല, അമ്മയുടെ ഫോൺ വിളികൾക്കു മറുപടിയില്ല, ഒന്നുമില്ല…

അമ്മയുടെ മനസ്സിൽ എപ്പോഴും താൻ ചെയ്ത തെറ്റെന്താണ്? എന്ന ചിന്ത കുരുങ്ങിക്കിടന്നു. മകൾ, സ്വസ്ഥമായി കഴിയുന്നുണ്ട് എന്നവർക്ക് ഉറപ്പുണ്ട്, എന്നാൽ എന്തുകൊണ്ടാണ് ഈ ഒഴിവാക്കൽ എന്നതിനു മാത്രം ഉത്തരം കിട്ടിയില്ല. അവർ ആ മകൾ ജനിച്ചപ്പോൾ മുതലുള്ള കാര്യങ്ങൾ ഓർത്തെടുത്തു. കണ്ണേ കൈയ്യേ എന്നു വളർത്തിയത്, പഠിപ്പിച്ചത്, വിവാഹം കഴിപ്പിച്ചത് അത്രയും വരെ അവർക്കറിയാം… എന്നിട്ടും… ഒടുവിൽ, ഉറക്കമില്ലാതെ ആധികൊണ്ട് ആരോഗ്യം ക്ഷയിക്കുന്നു എന്ന ഘട്ടത്തിൽ അവർ ഒരു മനോരോഗ വിദഗ്ദ്ധനെ കണ്ട് കൗൺസിലിങ് നടത്താൻ നിശ്ചയിച്ചു.

അദ്ദേഹം ഒരു പേപ്പർ നൽകി അവർക്ക്. എന്നിട്ടു പറഞ്ഞു, “എത്ര സമയം വേണമെങ്കിലും എടുക്കാം, നിങ്ങളെ മറന്നുപോയ മകൾക്ക് ഒരു കത്ത് എഴുതൂ.”

അമ്മ എഴുതി. ഓരോ വരിയിലും അവരുടെ കണ്ണീർ പടർത്തിക്കൊണ്ടാണ് ആ എഴുത്ത് പൂർത്തിയായത്. ഡോക്ടർ ആ കത്ത് മാറ്റിവെച്ചു. അടുത്ത സിറ്റിങ്ങിൽ വീണ്ടും ഇതുതന്നെ ആവർത്തിച്ചു. ഇക്കുറി എഴുതുമ്പോൾ കണ്ണീർ പ്രവാഹമില്ല, പകരം ചോദ്യങ്ങളാണ്. അതും അദ്ദേഹം മാറ്റിവെച്ചു. മൂന്നാമത്തെ ആഴ്ച അദ്ദേഹം ശ്രദ്ധിച്ചു, ആ കത്തിൽ സങ്കടമോ ചോദ്യങ്ങളോ അല്ല പകരം സ്നേഹം നിറഞ്ഞു. എന്നാണെങ്കിലും മകൾ ഒന്നു വിളിച്ചാൽ അവൾ തൻ്റെ കുഞ്ഞുമകളാകും എന്ന ഉറപ്പ് അവരിൽ ഉണ്ടായി. ഇപ്പോഴത്തെ സാഹചര്യമാകാം അവളെ മാറ്റിയത്. അവൾ നന്നായി ജീവിക്കുന്നു എന്നതിനാകണം പ്രാധാന്യം എന്നവർ തിരിച്ചറിഞ്ഞു. മകളിൽ എപ്പോൾ മാറ്റം സംഭവിക്കും എന്നത് തനിക്ക് നിശ്ചയിക്കാനാവില്ല. എന്നാൽ സ്വയം ദുഃഖത്തിൽ കഴിയാതിരിക്കുക അവനവൻ്റെ നിശ്ചയമാണ്.

അന്നവർ ഡോക്ടറുടെ മുന്നിൽ സന്തോഷത്തോടെ സംസാരിച്ചു.

ശാസ്ത്രം പറയുന്നത്

വേദനയുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ചിന്തകൾ ആവർത്തിക്കുമ്പോൾ, അതേ വികാരപാതകൾ ശക്തമാകുന്നു. എഴുത്ത്, പ്രാർത്ഥന, തനിക്ക് വിശ്വസിക്കാനാകുന്ന ഒരാളോട് തുറന്നു സംസാരിക്കൽ തുടങ്ങിയ ആരോഗ്യകരമായ മാർഗങ്ങൾ വഴി ആ വികാരങ്ങളെ ക്രമപ്പെടുത്താൻ കഴിയും. പരമപ്രധാനം, മറ്റൊരാളെ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല എന്നതും സ്വന്തം പ്രതികരണം ക്രമേണ മാറ്റിയെടുത്ത് സ്വയം മെച്ചപ്പെടാനാകും എന്നതുമാണ്.

ആത്മീയ പ്രതിഫലനം

സ്നേഹം എല്ലായ്പ്പോഴും തിരികെ ലഭിക്കുന്നതല്ല. സ്നേഹം, കാത്തിരിക്കാൻ പഠിക്കുന്നതുമാണ്.

പരിശീലനം

നിങ്ങളുടെ ഓർമകളിൽ ആവർത്തിച്ചു ചിന്തിക്കുന്ന ആ ഒരാൾ ഉണ്ടോ? പറയാനുള്ളത് നെഞ്ചിൽ അടക്കിവെച്ച്, ഓർത്താൽ അറിയാതെ വിതുമ്പുന്ന ഒരാൾ? ആ വ്യക്തിയോടു പറയാനുള്ളത് ഒരു പേപ്പറിൽ എഴുതിയാലോ, ഒരു കത്തു പോലെ?
ഒരു നിബന്ധന ഉണ്ട്. കുറ്റപ്പെടുത്തൽ ആകരുത് ആ എഴുത്ത്.

“എനിക്ക് വേദനിച്ചത്…” എന്ന വിധത്തിൽ എഴുതാം. കണ്ണുനിറയട്ടെ, നെഞ്ചു വിങ്ങട്ടെ, എഴുതുക…

രണ്ടാം ഘട്ടത്തിൽ എഴുതേണ്ടത്, “എനിക്ക് പറയാൻ കഴിഞ്ഞില്ലാത്തത്…”

അവസാന ഘട്ടത്തിൽ “ഇനി ഈ ബന്ധത്തിൽ നിന്ന് ഞാൻ എന്നെക്കുറിച്ച് പഠിക്കേണ്ടത്…”

ഈ കത്തുകൾ ആർക്കും അയക്കാനല്ല. ലക്ഷ്യം മറ്റൊരാളെ മാറ്റുക അല്ല, സ്വന്തം മനസ്സിനുള്ളിലെ ആരോടും പറയാത്ത വാക്കുകൾക്ക് ഒരു ഇടം നൽകുക എന്നതാണ്.

ഇന്നത്തെ വാക്യം

“എല്ലാ കത്തുകളും അയയ്ക്കാനുള്ളതല്ല; ചിലത് നമ്മുടെ ഹൃദയത്തിലെ ഭാരമിറക്കാനുള്ളതാണ്.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.