തീയാളുന്നു,ധരയ്ക്കു ജീവകണികാ
ബന്ധങ്ങൾ വിച്ഛിന്നമായ്-
ത്തീരുന്നൂ,ഗഗനാന്തഗംഗയിലുയിർ
ക്കൊണ്ടാവുനീർക്കൊണ്ടലേ
ഹാ!നാടും നഗരങ്ങളും കതിരണി
പ്പാടങ്ങളും ചാരമായ്-
മാറുംമു,മ്പനവദ്യതീർത്ഥമധുരം
പെയ്താവു ജാതാദരം!
മീനത്തീക്കനലിൽപ്പൊരിഞ്ഞതൊടിയും
തോട്ടങ്ങളും താഴ്വര-
ക്കാവുംപൂത്തുതളിർക്കുവാ,നമൃതിനായ്
പ്രാർത്ഥിച്ചു ഞാൻ നിൽക്കവേ
ചാര,ത്താരിവൾ?മിന്നലോട്ടുവളയി
ട്ടോമൽക്കരിങ്കൂന്തലാൽ-
പ്പാതിപ്പൂവുടൽമൂടിവന്നു വിരവിൽത്തൂകുന്നു പൂന്തേന്മഴ…?
(വൃത്തം: ശാർദ്ദൂലവിക്രീഡിതം)