കാട്ടുപോത്തൊരെണ്ണം കുറുമ്പുകാട്ടി വഴി തെറ്റിയോടി നാട്ടിലെത്തി! നാട്ടുകാർ നാട്ടുപോത്തുകളെപ്പോലും കണ്ട കാലം മറന്നതുകാരണം കാട്ടുപോത്തിനെ പെട്ടെന്നു കണ്ടിട്ട് പിടികിട്ടിയില്ല! പാൻ്റിട്ട പോത്ത് എന്നു ചിന്തിച്ചിരുന്ന നാട്ടുകാർ പെട്ടെന്നാണ്, ഇത് അതാണല്ലോ എന്ന ബോധത്തിൽ ‘അയ്യോ കാട്ടുപോത്ത്’ എന്നു പറഞ്ഞ് ഉണർന്നത്. അതോടെ രംഗം കൊഴുത്തു. കാട്ടുപോത്തിന് സ്വന്തം തെറ്റു മനസ്സിലായി! കുരുത്തക്കേടിന് തല്ലു കിട്ടണം. കാട്ടുപോത്തിനെ തല്ലിയിട്ടു കാര്യമില്ലല്ലോ. അതിനാൽ മയക്കുവെടിവെച്ചു പിടികൂടി കാട്ടിലേക്കു പറഞ്ഞുവിട്ടു. കാട്ടിലേക്കുള്ള യാത്രയിൽ പാതിബോധത്തിൽ കാട്ടുപോത്ത് ‘മിയ കുൽപ, മിയ കുൽപ, മിയ മാക്സിമം കുൽപ’ എന്നുപറഞ്ഞു കരഞ്ഞുവെന്നാണിപ്പോൾ കരക്കമ്പികൾ!!
അതെന്തുമാകട്ടെ, കാര്യങ്ങൾ അല്പം ഗുരുതരമാണ്. പണ്ട് മയിൽ എന്ന പക്ഷി ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിലും മൃഗശാലയിലും ബാലരമയിലും പൂമ്പാറ്റയിലും മാത്രമാണ് പീലി വിടർത്തിയാടിയിരുന്നതെങ്കിൽ ഇപ്പോൾ അവ ജനവാസമേഖലകളിൽ വലിയ പൂവൻകോഴിയെപ്പോലെ മുറ്റത്തുകൂടി കൊത്തിപ്പെറുക്കി കുണുകുണാന്ന് നടന്നുപോകുന്നത് നിത്യക്കാഴ്ചയാണ്. ഇനി കാട്ടുപന്നിയൊക്കെ കാട്ടിലല്ലേ എന്നെങ്ങാനും ആരേലും ചോദിച്ചു പോയാൽ, മുറ്റത്തു തഴച്ചു വളർന്നു നിൽക്കുന്ന മരച്ചീനിച്ചുവടു പത്തെണ്ണം കുത്തിയെറിഞ്ഞു നമ്മുടെ മുന്നിൽ കിരാതനൃത്തമാടും അതേ കാട്ടുപന്നി. ഇനി, എഴുന്നെള്ളിപ്പിനും പൂരങ്ങൾക്കും മാറ്റുകൂട്ടിയിരുന്ന ആന, കൊമ്പുള്ളത് ഇല്ലാത്തത് എന്നിങ്ങനെ തരാതരം പോലെ വീട്ടുമുറ്റത്തു കൂടി ഈവനിങ് വാക്ക് നടത്തുന്നത് സ്ഥിരം പരിപാടിയാണ്. അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, പടയപ്പ, പി ടി 7 എന്നിങ്ങനെയുള്ള കൊമ്പന്മാർ കാട് വേണ്ട, നാടു മതി എന്ന തീരുമാനം എടുത്ത കാലവും തുടർന്നു നടന്ന പുകിലുകളും മാധ്യമങ്ങൾ മറന്നാലും മലയാളികളും അരിക്കൊമ്പനും പിന്നെ അരിക്കൊമ്പനെ നാടുകടത്തിയതിൻ്റെ പേരിൽ ഇപ്പോഴും സെക്രട്ടേറിയേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന തീവ്രപരിസ്ഥിതിക്കാരും എന്തായാലും മറക്കില്ല.
അപ്പോൾ കടുവ, മ്ലാവ്, പുള്ളിപ്പുലി…. അങ്ങനെ കാട്ടിൽ സ്വസ്ഥമായിക്കഴിയേണ്ട മൃഗങ്ങളെല്ലാം എന്താവും ഇതിങ്ങനെ മനുഷ്യൻ്റെ നെഞ്ചത്തോട്ട് വന്നുകേറുന്നത്?
ചിന്തിക്കണം അക്കാര്യം.
മയിലുകൾ നാട്ടിലിറങ്ങുന്നുവെങ്കിൽ അവിടം ഊഷരമാകാൻ പോകുകയാണ് എന്നാണ് ചില ഗവേഷകർ പറയുന്നത്. മയിലുകൾ കാണാൻ സുന്ദരന്മാർ ആണെങ്കിലും പച്ചമുളകോ കുരുമുളകോ എന്നില്ല ആശാന്മാർ എന്തും കൊത്തിത്തിനും ഉറപ്പാണ്. അതായത് വീട്ടുവളപ്പിലെ ഇത്തിരി വീട്ടുകൃഷി അപ്പാടെ അപ്രത്യക്ഷമാക്കും ഇവർ. പിന്നെ കാട്ടുപന്നിയുടെ കാര്യം പറയേണ്ടതില്ല. കൃഷിയുടെ കാര്യം പോട്ടെ, നേരം ഏതുമാകട്ടെ, ഇരുചക്രയാത്രികർക്കും കാട്ടുപന്നി മാരകമായ ആക്രമണകാരിയാണ്. കാട്ടുപന്നിയുടെ പൊടുന്നനെയുള്ള ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർ അനേകമാണ്. കാട്ടിൽ സ്വതേ കാണപ്പെടുന്ന ഫലവർഗ വൃക്ഷങ്ങൾ കാട്ടുമൃഗങ്ങളുടെ അന്നദാതാവാണ്. എന്നാൽ നമ്മുടെ കാടുകൾ കൈയേറ്റം ചെയ്യപ്പെടുകയും, പ്ലാൻ്റേഷൻ കോർപ്പറേഷൻ യൂക്കാലിപ്റ്റസ് ഉൾപ്പെടെയുള്ള മരത്തോട്ടങ്ങൾ വെച്ചുപിടിപ്പിക്കുകയും, അതിനിടയിൽ പലവിധ അധിനിവേശ സസ്യങ്ങൾ നമ്മുടെ കാടുകൾ കീഴടക്കുകയും ചെയ്തതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പ്ലാവ്, ആഞ്ഞിലി തുടങ്ങിയവ കാട്ടിൽ സ്വാഭാവികമായി വളരുന്നവയാണ്. ചക്കയാകട്ടെ ഒട്ടുമിക്ക മൃഗങ്ങൾക്കും ഇഷ്ടഭോജ്യവുമാണ്. എന്നാൽ മഞ്ഞക്കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങൾ സ്വഭാവികമായ പരിസ്ഥിതിസംതുലനം നഷ്ടമാക്കിക്കൊണ്ടാണ് പടർന്നു വളർന്നത്. അതോടെ മൃഗങ്ങൾ പട്ടിണിയിലായി. മാത്രവുമല്ല മനുഷ്യരോട് ഇടപഴകാൻ തുടങ്ങിയതോടെ റേഷൻകട പൊളിച്ചാൽ എളുപ്പത്തിൽ ഗോതമ്പും അരിയുമൊക്കെ ശാപ്പിടാമെന്ന് ആനകൾ മനസ്സിലാക്കി. അപ്പോൾ മനുഷ്യരോട് കൂടുതൽ അടുത്താൽ ഭക്ഷണം അനായാസം ലഭിക്കുമെന്ന ചിന്ത മൃഗങ്ങളിലും രൂപം കൊണ്ടു. കൂടാതെ മാറുന്ന കാലാവസ്ഥയും, വറ്റുന്ന ജലസ്രോതസ്സുകളും സൃഷ്ടിക്കുന്ന പ്രതിസന്ധികളും ചെറുതല്ല.
ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയോര കർഷക കുടുംബങ്ങളെയാണ്. ഒരു ഭാഗത്ത് കാട്ടുമൃഗങ്ങൾ, മറുഭാഗത്ത് മലയിടിച്ചിൽ, വരൾച്ച തുടങ്ങിയ രൂക്ഷത കൂട്ടുന്ന പ്രശ്നങ്ങൾ അവരുടെ കുടുംബം തന്നെ തകർക്കുന്നു. വീട്ടിനു മുന്നിൽ നിൽക്കുന്നവരെ പാഞ്ഞുവന്നു ചവിട്ടിക്കൊല്ലുന്ന ആനകളും, സർവവും നശിപ്പിക്കുന്ന മറ്റു മൃഗങ്ങളും കന്നുകാലികൾക്കു ഭീഷണിയായ കടുവകളും എന്തൊക്കെ സംഭവിക്കുമ്പോഴും നാമമാത്ര നഷ്ടപരിഹാരം നൽകി ഒഴിയുന്ന സർക്കാർ സംവിധാനങ്ങളും ഒക്കെ മലയോര കർഷകരുടെ പ്രതിസന്ധി വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
മലയോര മേഖല ഇന്നു നമുക്ക് പ്രകൃതിയുടെ മുഗ്ദ്ധത നിറഞ്ഞു നിൽക്കുന്ന ഇടങ്ങളല്ല, മറിച്ച് പ്രകൃതി എപ്പോൾ വേണമെങ്കിലും രൗദ്രത പുറത്തെടുക്കാൻ ഒരുങ്ങി നിൽക്കുന്ന അസ്ഥിര ഭൂപ്രകൃതിയും കൂടിയാണ്. മരങ്ങൾ വെട്ടിമുറിക്കപ്പെട്ട മണ്ണിൽ, മണ്ണുമാഫിയകളും ക്വോറി ഉടമകളും റിസോർട്ടുടമകളും ഒക്കെച്ചേർന്നൊരു അവിശുദ്ധ കൂട്ടുകെട്ട് പ്രകൃതിയിൽ അതിൻ്റെ സ്ഥായീഭാവത്തിനെതിരായി സ്വാർത്ഥതയോടെ പ്രവർത്തിച്ചുതുടങ്ങിയതോടെ പ്രകൃതിയും അതിൻ്റെ ഭാവം മാറ്റി. അതോടെ അവിടത്തെ മണ്ണറിഞ്ഞു ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതവും തുലാസിലായി.
അഞ്ചു ദിവസത്തെ ജോലി കഴിഞ്ഞ് രണ്ടു ദിവസം ‘ചിൽ’ ചെയ്യാൻ കാട്ടിലേക്കു കയറുന്ന യുവത്വം, ഇന്നൊരു പുതുമയല്ല. നല്ലൊരു സ്വിമ്മിങ് പൂളും സ്വകാര്യത ഹനിക്കപ്പെടാത്തവിധമുള്ള മുറികളും അതിലെ അത്യാവശ്യ സൗകര്യങ്ങളും ഒറ്റനോട്ടത്തിൽ ഒരു ഗൃഹാതുരത്വം വഴിയുന്ന നിർമിതിയും, നല്ല നാടൻ രുചിയുള്ള ഭക്ഷണവും ഒക്കെയുണ്ടെങ്കിൽ പിന്നെ വീക്കെൻഡ് ആഘോഷമാക്കാം എന്നാണ് പൊതുമട്ട്. അൽപം കോടയും കുളിരും കൂടി ആയാൽ സംഗതി കളറായി. എന്നാൽ കുത്തനെയുള്ള മലഞ്ചരിവ് അരിഞ്ഞുണ്ടാക്കുന്ന കോൺക്രീറ്റ് നിർമിതികൾ, ഒപ്പം പൂളുകളും ചേരുമ്പോൾ ആ ഇടത്തൊരു ജലബോംബിനാണ് അവർ അറിയാതെ രൂപം നൽകുന്നത്. ഇത് എപ്പോഴാകും ഒരു വെള്ളപ്പാച്ചിലിനും അതുവഴി വലിയ മണ്ണിടിച്ചിലുകൾക്കും കാരണമാകുക എന്നു പറയാനാകില്ല. ഒരു ദുരന്തത്തിൽ നിന്നും അവർ അകലെയല്ല എന്നുമാത്രം പറയാം.
ഏതായാലും കാട്ടുമൃഗങ്ങൾ വൻതോതിൽ നാട്ടിലേക്ക് ഇറങ്ങി വരുന്നത് അത്ര നിസ്സാരമായി കാണേണ്ടതില്ല. അതൊരു സൂചനയാണ്. കാട്ടിൽ കാര്യങ്ങൾ അത്ര ഭദ്രമല്ല എന്ന ഈ സൂചന മനുഷ്യർക്കു നേരെയാണ് ഉയരുന്നത്. അത് തിരിച്ചറിയാൻ വനംവകുപ്പിനും ഹൈറേഞ്ച് മുഴുവൻ കച്ചവടമാക്കാം എന്നു കരുതുന്നവർക്കും അവർക്ക് ഒത്താശ ചെയ്യുന്നവർക്കും കഴിയണം. ഇല്ലെങ്കിൽ നാം അനിവാര്യമായ ദുരന്തത്തെയാവും വിളിച്ചു വരുത്തുക.
(ഈ കുറിപ്പ് എഴുതിക്കഴിഞ്ഞപ്പോഴാണ് വയനാട് ദുരന്തവാർത്തകൾ എത്തിയത്. അവിടെ ജീവൻ നഷ്ടപ്പെട്ട സഹജീവികൾക്ക് ആദരാഞ്ജലി.)