ആത്മഹത്യയോ അതോ കൊലപാതകമോ?

കഴിഞ്ഞ ദിവസങ്ങളിൽ ഒരു ആത്മഹത്യ വാർത്ത എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഒരു കുഞ്ഞിന്റെ അമ്മയാണ് ആത്മഹത്യ ചെയ്തത്. ആഹാരം കൊടുത്തുകൊണ്ടിരിക്കേ കൈയിൽ നിന്നും കുഞ്ഞ് വഴുതി അവർ താമസിക്കുന്ന ഫ്ലാറ്റിന്റെ  പാരപ്പെറ്റിൽ വീണു. എതിർ ഭാഗത്തെ വീട്ടുകാർ കുഞ്ഞിനെ കണ്ടു. ഒടുവിൽ ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞിനെ രക്ഷപ്പെടുത്തി.

വളരെ സ്വാഭാവികമായി ഈ വാർത്ത വായിച്ച ഓരോരുത്തരും ആ അമ്മയുടെ അശ്രദ്ധയെ, പിടിപ്പുകേടിനെ വിമർശിച്ചു. എല്ലാം വിമർശിക്കുന്ന സോഷ്യൽ മീഡിയ ആ അമ്മയെ ആഘോഷിച്ചു ദിവസങ്ങളോളം! അവൾക്ക് വിളിപ്പേരുകൾ പലതു ചാർത്തിക്കൊടുത്തു. ഒടുവിൽ അവളും ഭർത്താവും അച്ഛനമ്മമാരും കുഞ്ഞുമായി ചെന്നൈ നഗരം വിട്ട് കാരമടയിലുള്ള അവളുടെ വീട്ടിലേക്കു താമസം മാറേണ്ടി വന്നു. അവിടെയും അവളെ സ്വസ്ഥമായിരിക്കാൻ ആരും അനുവദിച്ചില്ല. ഇന്ന് സോഷ്യൽ മീഡിയയ്ക്ക് നമ്മുടെ ഏറ്റവും വലിയ സ്വകാര്യമുറിയായ ടോയ് ലറ്റിലും പ്രവേശനമുണ്ടല്ലോ! അവൾക്ക് ഭീകരമായ സൈബർ ആക്രമണത്തെ നേരിട്ടു പരിചയമുണ്ടായിരുന്നില്ല. അവൾ രാഷ്ട്രീയക്കാരിയോ സോഷ്യൽ ഇൻഫ്ലുവൻസറോ ആയിരുന്നില്ലല്ലോ. ഒരു വീട്ടമ്മ. അത്ര തന്നെ. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന നേരത്ത് അവൾ ഒരുമുഴം കയറിൽ എല്ലാം അവസാനിപ്പിച്ചു.

കുരുക്ക് കഴുത്തിലിടുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരിക്കാനിടയില്ല, കാരണം അവളിൽ കണ്ണീർ വറ്റിയിരുന്നിരിക്കണം. അവൾ പോയി. ബാക്കിയായത് രക്ഷപ്പെട്ട ആ പെൺകുഞ്ഞും അവളുടെ കുടുംബവുമാണ്. 

ആർക്കാണ് നഷ്ടം?

സമൂഹത്തിനോ?

അതോ ആ കുഞ്ഞിനോ? അതിന്റെ അച്ഛനോ? അവളുടെ അച്ഛനമ്മമാർക്കോ?

നഷ്ടം കുടുംബത്തിനു മാത്രം.

ആത്മഹത്യാ വാർത്തകൾ അവസാനിക്കുന്നത് പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിക്കാണിക്കും പോലെ ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല എന്ന വലിയ ഉദ്ബോധനവുമായാണ്? ആരെയാണ് ബോധിപ്പിക്കുന്നത്? ആൾക്കൂട്ടം വിചാരണ നടത്തിയപ്പോൾ പിടിച്ചു നിൽക്കാനാകാതെ ജീവിതം ഫുൾ സ്റ്റോപ്പ് ഇട്ട അവളെയോ? അതോ ഭാവിയിൽ ആത്മഹത്യ ചെയ്തേയ്ക്കാവുന്നവരേയോ? എന്റെ അറിവിൽ ആത്മഹത്യ ചെയ്യുന്നവർ പൊടുന്നനെ പെട്ടുപോകുന്ന ചക്രവ്യൂഹത്തിൽ നിന്നും പുറത്തു കടക്കാനാകാതെയാണ് ഉയിരു കളയുന്നത്. അവർ യഥാർത്ഥത്തിൽ ദുർബലരാണെന്നു പറയാനാവില്ല.

ചില രാജ്യങ്ങളിൽ സ്ത്രീകളെ വ്യഭിചാരക്കുറ്റത്തിനു് പിടികൂടിയാൽ ആൾക്കൂട്ടം വിചാരണ ചെയ്ത് ഒരു തുറസ്സായ സ്ഥലത്ത് കെട്ടിയിടും, എന്നിട്ട് വലിയ പാറക്കല്ലുകൾ കൊണ്ട് അവളെ എറിയും, ഏറുകൊണ്ട് ശിരസ്സു പിളർന്ന്, നെഞ്ചിൻ കൂട് തകർന്ന് അവൾ മരിച്ചു വീഴും. സീതയെ കാക്കാൻ ഒരു ഭൂമീദേവി പാതാളത്തിൽ നിന്ന് ഉയർന്നു വന്ന് അവളെ സ്വീകരിച്ചു. ഇവിടെ ചോര ചീറ്റി പിടഞ്ഞുവീണു ചത്തവൾക്ക് ഭൂമിയും ഇല്ല പാതാളവുമില്ല. ആരോപണശരങ്ങളും പതിത്വവും പെണ്ണിനുമാത്രം!

ഇപ്പോൾ കാലം പുരോഗമിച്ചപ്പോൾ ചില മാറ്റങ്ങളുണ്ട്. ഇരയ്ക്ക് സാമാന്യമായി ആൺ പെൺ ഭേദമില്ല. ഒരു വാർത്ത മതി. അതു വരെ കിടന്നുറങ്ങിയ വ്യാജ ന്യായാധിപന്മാർ കൊലക്കയറുമായി ഇറങ്ങും, സമൂഹമാധ്യമങ്ങളിൽ വ്യാജപേരിൽ വ്യാജ മുഖത്തോടെ ഇരയെ പച്ചക്ക് കൊല്ലാൻ.

ഇരയുടെ മനസ്സൊന്ന് പതറിയാൽ മാത്രം മതി, ഇര സ്വയം ഒടുങ്ങും.

സത്യത്തിൽ ഇവിടെ ആർക്കാണ് ചികിത്സയും ബോധവത്കരണവും വേണ്ടത്? ഈ അഭിപ്രായചെന്നായ് കൂട്ടത്തിനോ അതോ സംഭവിച്ച പിഴവിൽ അകം വെന്തു നിൽക്കുന്നവർക്കോ?

ഒരാൾക്കെതിരെ വിരൽ ചൂണ്ടാൻ എളുപ്പമാണ്. എന്നാൽ ഒരാളെ ജീവിതത്തിലേക്കു കോരിയിടാൻ അത്ര എളുപ്പമല്ല.

സമൂഹമാധ്യമങ്ങൾ മുഖ്യധാരാമാധ്യമങ്ങൾ മുക്കിക്കളയുന്ന പലതും പുറത്തു കൊണ്ടുവരുന്ന സംവിധാനമാണ്. അതിന്റെ ഗുണവശങ്ങളും ചെറുതല്ല. എന്നാൽ അതേ സമൂഹമാധ്യമങ്ങൾ അതിരുവിട്ടാലോ? അതാണീ ആത്മഹത്യയുടേയും കാതൽ. സമൂഹമാധ്യമങ്ങൾ പറയുന്നത് സമൂഹം ഏറ്റെടുക്കുമ്പോൾ  നിരപരാധികൾ അകാലത്തിൽ പൊലിയുന്നു.

ആത്മഹത്യയിലേക്കു മനുഷ്യരെ തള്ളിവിടുന്ന ഭ്രാന്തൻ സമൂഹം!

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.