‘എഴുതുക’ എന്ന് പറഞ്ഞാൽ പുതിയതായി ഒന്ന് സൃഷ്ടിക്കുക എന്നാണർത്ഥം. അതുകൊണ്ടാവും ആധുനിക എഴുത്തുകാരൻ നിർമ്മാണവേളയിൽ യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നില്ല. കഥാവസ്തു എന്ന നിലയിൽ അതിനെ തന്റെ രചനയിൽ നിന്ന് ഒഴിവാക്കാനും അയാൾക്ക് കഴിയില്ല. യാഥാർഥ്യത്തിന്റെ പരിചിതഭാവം എടുത്തുകളഞ്ഞുകൊണ്ടാണ് സൃഷ്ടിയുടെ വേളയിൽ ഈ പ്രതിസന്ധിയെ സമകാലിക എഴുത്തുകാരൻ മറികടക്കുന്നത്. അതിനായി അയാൾ സകല ലാവണ്യനിയമങ്ങളെയും ഒരു പരിഗണനയുമില്ലാതെ ധിക്കരിക്കുന്നു. ചിതറിയ കാഴ്ചകളും കെട്ടുപിണഞ്ഞ കഥാഘടനയും കൊണ്ട് സ്വന്തം പരിമിതികളെ മറികടക്കുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ജീവിതാഖ്യാനത്തിന് കെട്ടുകാഴ്ചകളൊന്നും അനിവാര്യമല്ലെന്ന് ബെന്യാമിൻ പ്രഖ്യാപിക്കുന്നു. അതിന് ജീവിതത്തിന്റെ ചൂടും ചൂരും ഉപ്പും ചവർപ്പും ആവിഷ്കരിക്കാൻ അനുയോജ്യമായ ഒരു ഭാഷ മാത്രം സ്വന്തമായുണ്ടായാൽ മതിയെന്ന് ആടുജീവിതത്തിൽ തെളിയിച്ചത് ബെന്യാമിൻ മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങളിലും തുടരുന്നു.
അതിഗഹനമായ ബൗദ്ധികവ്യാപാരങ്ങൾക്കൊന്നും ഇടവരുത്തുന്നില്ല . റീഡബിലിറ്റി ഒരു രചനയുടെ പ്രധാന ഗുണങ്ങളിൽ ഒന്നാകുമ്പോൾ വെറുതെ ഉരുട്ടിക്കളിച്ചു വിയർക്കാതെ ആസ്വദിക്കാനാവുന്നു.
കഥയിലെ ദേശചരിത്രം
“മാന്തളിർ-വയറപ്പുഴക്ക് വടക്ക് എം.സി റോഡിനു പടിഞ്ഞാറ് മൂലപ്പാടത്തിനു തെക്ക് പുന്തല അമ്മച്ചി ബീമാളുമ്മയുടെ ജാതി ജാറത്തിന് കിഴക്കുകിടക്കുന്ന ഒരു ചെറിയ മധ്യതിരുവിതാംകൂർ ഭൂവിഭാഗം” എന്നുപറഞ്ഞാണ് നോവലിന്റെ ആമുഖത്തിൽ ദേശത്തെ കഥാകാരൻ പരിചയപ്പെടുത്തുന്നത്.
ജീവിതത്തിനും കഥയ്ക്കുമിടയിലെ അതിർവരമ്പ് നിർണയിക്കാനറിയാത്ത ഒരു ഭ്രമാത്മകമനസ്സ് സൃഷ്ടിച്ചെടുത്ത കഥയുടെ ആവിഷ്കാരമെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അറുപതെഴുപത് കാലഘട്ടത്തിൽ മധ്യതിരുവിതാംകൂർ ഗ്രാമങ്ങളിലെ സകലബാല്യങ്ങൾക്കും പ്രത്യേകിച്ച് ആൺകുട്ടികൾക്ക് സ്വന്തമായിരുന്ന മണവും രുചിയും തെറിയും പൊറിയുമാണ് മാന്തളിരിൽ മുഴങ്ങുന്നത്. ചിലർക്കതിന് എള്ളിൻമണവും വേറെചിലർക്ക് നെല്ലിന്റെ അരവും പിന്നെ ചിലർക്ക് ശർക്കരപ്പാനിയുടെ മധുരവുമാണെന്ന വ്യത്യാസമേയുള്ളൂ.
മതവും രാഷ്ട്രീയവും മാന്തളിരിലെ ജീവവായുവാണ്. വര്ഷങ്ങളായി തുടർന്നുവരുന്ന സഭാവഴക്കുകളിൽ മുന്നിൽ നിൽക്കുന്നെന്ന് കുപ്രസിദ്ധി നേടിയയിടം. സഭയും പാർട്ടിയും വിട്ടൊരു കളിയും അവിടത്തെ നസ്രാണിമാർക്കില്ല. മാന്തളിർപ്പള്ളിയെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുത്തിരിക്കുന്ന ഒരുപിടി മനുഷ്യരുടെ പ്രണയവും വിരഹവും പ്രതീക്ഷയും നിരാശയും വാശിയും വിദ്വേഷവും കലഹവും വിശ്വാസവുമൊക്കെയാണ് കഥയെ സജീവമായി നിർത്തുന്നത്. ജീവിതത്തിൽ പള്ളിയുടേയും പാർട്ടിയുടേയും സാന്ദ്രത കൂടുമ്പോൾ ദൈനംദിനം ഉയരുന്ന ജീവിതസംഘർഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മൂശയിലിട്ട് ബന്യാമിൻ സ്ഫുടംചെയ്തെടുക്കുന്നു. ജീവിതത്തെ ഒരു വലിയ ഫലിതമായി വ്യാഖ്യാനിക്കുന്നു.
വായനക്കാർക്ക് പുതുമകൾ സമ്മാനിക്കാനാഗ്രഹിക്കുന്ന ഫിക്ഷനെഴുത്തുകാരൻ പുതിയപുതിയ ഭൂമികകൾ തേടിപ്പോവുകയാണ് ചെയ്യേണ്ടതെന്ന ബോധ്യം കഥാകാരനുണ്ട്. എന്നാൽ ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണിവർഷങ്ങൾ ‘എന്ന നോവലിലെ കഥാപാത്രങ്ങൾക്കും കഥാഭൂമികയ്ക്കും ഇനിയും ചില പുതിയ കഥകൾ കൂടി പറയാനുണ്ടെന്ന തിരിച്ചറിവാണത്രേ ഈ നോവലിന്റെ പിറവിക്ക് കാരണം. എപ്പോഴും തന്നോടൊപ്പമുള്ള ചിതറിയ ഓർമ്മകളെ ക്രമബദ്ധമായോ ക്രമരഹിതമായോ അടുക്കുക എന്നതായിരുന്നു ആദ്യപടി. കഥയായി പിറക്കുമോയെന്ന് യാതൊരു ഉറപ്പുമില്ലാതിരുന്നിട്ടും ഡയറിയിൽ പകർത്തിയ ഓർമ്മകളാണ് നസ്രാണിവർഷങ്ങളിൽ നിന്നും കമ്മ്യൂണിസ്റ്റ് വർഷങ്ങളിലേക്ക് കഥാകാരനെ എത്തിച്ചത്.
ജീവിതത്തിന്റെ യഥാതഥാവിഷ്കാരം കഥയാവില്ല എന്നതുകൊണ്ടാവും ചരിത്രവും ഭാവനയും അക്ഷരങ്ങൾക്ക് വർണ്ണപ്പകിട്ടേകുന്നു. ദേശകാലങ്ങളെ ക്യാൻവാസിന് അനുയോജ്യമായ അനുപാതത്തിൽ പകർത്തിവച്ചിരിക്കുന്നു. ദിനാചരണങ്ങൾ ഇത്രയും പ്രഹസനമായി തീർന്നിട്ടില്ലാത്ത ആ കാലത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചിരുന്ന മതപരവും ദേശീയവുമായ ഉത്സവങ്ങളും കൗമാരമനസ്സിന്റെ വൈദ്യുതാലിംഗനങ്ങളും നോവലിലുണ്ട്. നിത്യഹരിതവും നിരാഡംബരവുമായിരിക്കുമ്പോൾത്തന്നെ അങ്ങേയറ്റം ചടുലമായ ഒരു ഗ്രാമജീവിതം നോവലിൽ നിറഞ്ഞു നിൽക്കുന്നു.
1964 ജനുവരി മാസം പതിമൂന്നാം തീയതി പന്തളത്തിന് പടിഞ്ഞാറ്ദേശത്ത് മന്നംഷുഗർമിൽ എന്നൊരു പഞ്ചസാര ഫാക്ടറി സ്ഥാപിതമായി. ഇരുവശത്തും വെളുത്തപൂക്കൾ നിറഞ്ഞു നിൽക്കുന്ന ഹരിതസമൃദ്ധമായ കരിമ്പ്പാടങ്ങൾ പന്തളത്തിന്റെ ഒരു കാലഘട്ടത്തെ വരച്ചു വയ്ക്കുന്നു. വേറേ വലിയകാഴ്ചകളൊന്നും സ്വന്തമല്ലാതിരുന്ന ഒരു ബാല്യത്തിന്റെ തീവണ്ടിക്കാഴ്ച്ച മുതൽ പാപം ചെയ്യുന്നവരെ ദൈവം നരകത്തിലെ പള്ളിമുറ്റത്ത് നിക്കറഴിപ്പിച്ചു നിർത്തിക്കോളും എന്ന് വിശ്വസിക്കുന്ന അല്പവും പോറലേൽക്കാത്ത ബാലമനസ്സിന്റെ ആവിഷ്കാരം വരെ നോവലിലുണ്ട്. ഏഷ്യാഡിൽ പങ്കെടുക്കാനായി അപ്പുക്കുട്ടൻ എന്ന ആന തീവണ്ടി കയറിപ്പോകുന്നതും പി.ടി.ഉഷ എന്ന പെൺകൊച്ച് ട്രാക്കിലോടി സ്വർണം വാങ്ങുന്നതും കാണാനായി കെൽട്രോണിന്റെ ടി.വി വാങ്ങിയത് അന്ന് മാന്തളിരിലുള്ളവർ മാത്രമല്ല: കേരളത്തിലുള്ളവർ ഒന്നാകെയാണ്.
നമ്മുടെ രാജ്യത്തെ അന്നത്തെ പ്രധാനമന്ത്രിയെ അവരുടെ അംഗരക്ഷകർ ചുമ്മാ തിരിഞ്ഞുനിന്നു വെടിവെച്ചുകൊല്ലുന്നത് ശ്വാസമടക്കി കണ്ടുനിന്നതുപോലുള്ള ഒരു കാലഘട്ടത്തിന്റെ മരിക്കാത്ത ഓർമ്മകളിൽ പലതും അക്ഷരങ്ങളിൽ നിന്ന് ദീർഘനിശ്വാസമുതിർക്കുന്നുണ്ട് .
നസ്രാണി ജീവിതത്തിലെ നവോത്ഥാനം
ഒന്നായിരുന്ന മലങ്കരനസ്രാണിസഭ കത്തോലിക്കയെന്നും പാത്രിയാർക്കീസെന്നും രണ്ടു വിഭാഗങ്ങളായി പിരിഞ്ഞു നൂറ്റാണ്ടുകളായി നടത്തിവരുന്ന ഗുസ്തിമത്സരത്തിന്റെ മൂർദ്ധന്യകാലത്തെ കഥാകാരൻ നോവലിൽ അവതരിപ്പിക്കുന്നു.
കുഞ്ഞുഞ്ഞ് രണ്ടാമൻ കോംങ്കോ എന്ന രാജ്യത്തെത്തിപ്പെടാനുണ്ടായ രാഷ്ട്രീയ കാരണങ്ങൾ അയാളുടേത് മാത്രമല്ല അന്നത്തെ മൊത്തത്തിലുള്ള യൗവനച്ചുവപ്പിന്റെതാണ്. കോംഗോകാടുകളിൽ വച്ച് സാക്ഷാൽ വിപ്ലവനക്ഷത്രത്തെ മാന്തളിർ കുഞ്ഞുഞ്ഞ് കണ്ടുമുട്ടിയത്രേ. ലോകത്താദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റ്പേപ്പറിലൂടെ അധികാരത്തിൽ വന്നതിൽ സാക്ഷാൽ ചെഗുവേരയ്ക്ക് അഭിമാനബോധമുണ്ടായി പോലും! ആ പ്രബുദ്ധജനതയെ ഒന്ന് നേരിൽകാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ആഫ്രിക്കൻ രാജ്യത്തുനിന്ന് എത്രയുംവേഗം ഇന്ത്യയിലേക്ക് മടങ്ങി കമ്മ്യൂണിസ്റ്റ്പാർട്ടിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരുന്നതിനായി പ്രവർത്തിക്കാൻ അദ്ദേഹം കുഞ്ഞൂഞ്ഞ് രണ്ടാമനെ ആഹ്വാനം ചെയുകയും ചെയ്തുവെന്നത് അവിശ്വാസത്തിലും ഊറി വരുന്ന ചിരിയോടെയല്ലാതെ നിഷ്പക്ഷനായ ആസ്വാദകന് വായിക്കാനാവില്ല.
ഗ്രേറ്റ് മാൻ ഓഫ് മാന്തളിർ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചെന്നുപറയുന്ന മാന്തളിർ കുഞ്ഞുഞ്ഞ് ഒന്നാമന്റെ കോൺഗ്രസ് വീരഗാഥകളും മാന്തളിർ കുഞ്ഞൂഞ് രണ്ടാമന്റെ അന്ധമായ കമ്മ്യൂണിസ്റ്റ് വിശ്വാസവും നോവലിന്റെ ആദ്യവസാനം ചിരി പടർത്തുന്നതാണ്.
വള്ളികുന്നത്തെ മേനി സമരം, കായംകുളത്തെ നാവികതൊഴിലാളി സമരം, ഭരണിക്കാവിലെ വിദ്യാർത്ഥിസമരം, കായംകുളത്തെ പച്ചത്തൊണ്ട് തൊഴിലാളി സമരം, തഴക്കര കൊയ്ത്ത് സമരം, ശൂരനാട് കലാപം ഇവയൊക്കെ പരാമർശിക്കപ്പെടുമ്പോൾ മാന്തുക കേന്ദ്രമാക്കി നോവലിസ്റ്റ് വരച്ച ഏകകേന്ദ്ര വൃത്തങ്ങളുടെ പരിധി കുളനട അതിർത്തിവിട്ട് മധ്യതിരുവിതാംകൂറാകെയും ചിലപ്പോഴൊക്കെ ചൈന, റഷ്യ, തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലെ കോംഗോയിലേക്കും വ്യാപിക്കുന്നു. വിപ്ലവത്തിന്റെ വഴിയിൽ പൊഴിയുന്ന ശത്രുജീവനുകളെക്കുറിച്ചു മാന്തളിർ കമ്മ്യൂണിസ്റ്റ് മെത്രാൻ സങ്കടപ്പെടുന്നു.
സമൂഹത്തിന്റെ വിജയങ്ങൾ ഏറ്റെടുക്കുന്ന പാർട്ടിക്ക് ഒറ്റപ്പെട്ട മനുഷ്യരുടെ സങ്കടങ്ങൾ പ്രശ്നമല്ലായിരുന്നുവെന്ന് തിരിച്ചറിയുന്നു. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ കമ്മ്യൂണിസത്തിനൊപ്പമാണോ മാതൃരാജ്യത്തിനൊപ്പമാണോ നിൽക്കേണ്ടതെന്ന ആശങ്ക ഒരു കമ്മ്യുണിസ്റ്റ്കാരന് മാത്രം നേരിടേണ്ടി വരുന്ന പ്രതിസന്ധിയാണെന്നറിയുന്നു. ആ കാലഘട്ടത്തിലെ പാർട്ടിയുടെയും സഖാക്കളുടെയും വൈകാരികവൈചാരിക സത്യസന്ധതയെക്കുറിച്ചോർത്ത് നാം അത്ഭുതം കൂറുന്നു. ആദർശങ്ങൾ പ്രായോഗികതലത്തിലേക്കെത്തുമ്പോൾ പ്രഖ്യാപിതലക്ഷ്യങ്ങളുടെ അചുംബിതസൗന്ദര്യത്തിൽ നിന്നും എത്രത്തോളം അകലുന്നുവെന്നതിന് ഇത്തരത്തിലുള്ള ഒട്ടേറെ ഉദാഹരണങ്ങൾ നോവലിലുണ്ട്.
അടിയന്തരാവസ്ഥയും അത് പിൻവലിച്ചതും ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ തോറ്റതും ജയിലിൽ പോയതുമൊക്കെ പന്തളത്തെ ചേരിക്കലുള്ളവരെയെന്നല്ല കേരളത്തിലെ ഓരോ സാധാരണമനുഷ്യനെയും എത്രത്തോളം ബാധിച്ചിരുന്നു എന്ന് ഓരോരുത്തരുടേയും ശരീരഭാഷയും സംഭാഷണവും വരച്ചുകാട്ടുന്നു.
ശ്രീധരനിലൂടെയും കൃഷ്ണൻമാസ്റ്ററിലൂടെയും എസ്.കെ പൊറ്റക്കാട് പറഞ്ഞുവച്ച ‘ഒരു ദേശത്തിന്റെ കഥ ‘വായനാനന്തരം സകലപരിധികളും ലംഘിച്ച് ഓരോവായനക്കാരന്റെതുമായി മാറിയതുപോലെ ഭൂതവർത്തമാനങ്ങളിൽ കണ്ടുകേട്ടറിഞ്ഞതൊക്കെ മാന്തളിരിൽ നമ്മുടേത് കൂടിയാകുന്നു.
കഥപറച്ചിലിന്റെ താളം
നോവലിലെ അഖ്യാതാവ് ചാണ്ടിക്കുഞ്ഞായതുകൊണ്ടുതന്നെ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ പ്രായം ബാല്യത്തിന്റെ കുസൃതിയും കൗമാരത്തിന്റെ തുടിപ്പുമുള്ളതാണ്. പ്രാരംഭയൗവനത്തിന്റെ മധുരവും ചൂടും അതിനുണ്ട്. ചാണ്ടിക്കുഞ്ഞിന്റെ ഇരുപത്കൊല്ലത്തെ വളർച്ചയെ മാന്തളിരിലെ സംഭവബഹുലമായ സാമൂഹികരാഷ്ട്രീയമതപരമായ മാറ്റങ്ങൾക്കൊപ്പം വരച്ചുചേർക്കുകയാണ് കഥാകാരൻ. നോവലിൽ ആദ്യന്തം കാണുന്നത് ഉത്തമപുരുഷാഖ്യാനമാണ്. നോവലിസ്റ്റ് പ്രധാനകഥാപാത്രമായിത്തീരുന്നുവെന്ന് സാരം. തന്റെ കാഴ്ചയും കേൾവിയും സ്പർശവും രുചിയും മണവുമായി സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ആത്മകഥയുടെ സ്വഭാവമുണ്ടെങ്കിലും ജീവിതത്തിന്റെ വ്യാകരണം അതേപടി പിന്തുടരാത്തതിനാൽ ആഖ്യാനചാരുത അനുഭവവേദ്യമാകുന്നു.”എവിടുന്നോ വന്നു കുടിയേറി ഉമ്മായുടെ അഭയാർത്ഥികളായി പാർക്കുന്ന കുറേ പൂച്ചകൾ, അവരെ പേടിച്ച് മച്ചും പുറത്തു സദാ ഓടിനടക്കുന്ന കാക്കത്തൊള്ളായിരം എലികൾ, പുരപ്പുറത്തിരുന്ന് കരഞ്ഞു ബഹളം കൂട്ടുന്ന കുറെയേറെ കാക്കകൾ” എന്ന് പറഞ്ഞത് പോലെയുള്ള ഒരു കഥപറച്ചിൽ രീതിയാണ് കഥാകാരൻ ഇതിൽ പിന്തുടരുന്നത്.
കഥയ്ക്കിടയിൽ ഞാനെന്നും ഞങ്ങളെന്നുമുള്ള സ്വയം വിശേഷണത്തോടെ അവിടവിടെ പ്രത്യക്ഷപ്പെടുന്ന മൂന്നു പേരുണ്ട്. അതിൽ ഒന്നാമൻ ‘ഞാൻ ‘തന്നെയാണ്. കഥയുടെ സ്രഷ്ടാവും സംഹാരകനുമായ ഞാൻ തന്നെ. ത്രിത്വത്തിലെ മറ്റു രണ്ടുപേരിൽ ഒന്നു മോഹനനും മറ്റേത് റൂഹയുമാണ്. മോഹനൻ ആഖ്യാതാവിൽ നിന്ന് പുറപ്പെട്ടുപോന്നവനാണ്. കഥാകാരന്റെ രക്ഷയ്ക്കുവേണ്ടി സ്വയം ബലിയായി തീർന്നവൻ. മൂന്നാമൻ റൂഹ, കഥാകാരനിൽ നിന്ന് പുറപ്പെട്ട് അയാളോടും മോഹനനോടുമൊപ്പം ചരിക്കുന്നവൻ. മരണമില്ലാത്തവൻ. റൂഹ ഈ ഭൂമിയിലേക്ക് ജനിച്ചിട്ടേയില്ലെന്നും എങ്കിലുമെപ്പോഴും ഒപ്പമുണ്ടെന്നും കഥാകാരൻ സമ്മതിക്കുന്നുണ്ട്. ജനനത്തിനും മരണത്തിനും ഉടമസ്ഥൻ താനല്ലാത്തതുകൊണ്ട് തനിക്ക് ഇതിനെക്കുറിച്ചൊന്നും കൃത്യമായി അറിയില്ലെന്നും രഹസ്യത്തിൽ ചിന്തയിലും സ്വപ്നത്തിലുമുള്ള കഥയെ കൊത്തിപ്പെറുക്കിയെടുത്ത് തന്നിലേക്ക് കൊണ്ടുവരുന്നത് റൂഹയാണെന്നും കഥാകാരൻ വിശ്വസിക്കുന്നു. കഥാകാരനിലെ അപരവ്യക്തിത്വമെന്ന് നമുക്ക് റൂഹയെ വായിച്ചെടുക്കാം. അതുകൊണ്ട് കഥയുടെ കർത്തൃത്വം തന്നിൽ നിക്ഷിപ്തമായിരിക്കുമ്പോൾത്തന്നെ മൂന്നുപേരുടേയുമാകുന്നു. എഴുത്തിന്റെ പിന്നിലെ രാസപ്രവർത്തനത്തെ വിശകലനം ചെയ്യാൻ ഇവിടെ വായനക്കാരന് കഴിയുന്നു. സൃഷ്ടിസ്ഥിതിസംഹാരത്തിലെ ത്രിത്വവുമായി ചേർത്ത് വായിക്കാനാവുന്നു
മുഖ്യധാരാക്രൈസ്തവസഭകളുടെ ദൈവ സങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് ത്രിത്വം. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാകുന്ന ക്രിസ്തുമതവിശ്വാസം പോലെ ഞാനും റൂഹയും മോഹനനും കഥയുടെ സൃഷ്ടികർത്താക്കളാകുന്നു. മൂന്നുപേരായിരിക്കുമ്പോൾത്തന്നെ അവർ ഒന്നാവുകയും ചെയ്യുന്നു. മൂവരുടേയും പരസ്പരബന്ധത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാനാകുമെങ്കിലും പൂർണമായ ഗ്രഹണത്തിനതീതമാണത്. എന്ന് കരുതി അതില്ലാതാകുന്നില്ല! ത്രിത്വം എന്നാൽ മൂന്ന് ദൈവങ്ങളെന്നല്ല. ദൈവം ഏകനാണ്. ദൈവത്തിന്റെ ഗുണാതിശയങ്ങൾ ഒരുപോലെയുൾക്കൊണ്ട മൂന്നുപേർ നിത്യതയിലുണ്ട് എന്ന് മാത്രമാണർത്ഥം. പിതാവ് ചെയ്യുന്നതൊക്കെ പുത്രനെന്ന പ്രതിനിധിയിലൂടെയാണ്. പരിശുദ്ധാത്മാവ് അതിനുള്ള മാധ്യമമാകുന്നു. പരിമിതബുദ്ധിക്കു വഴങ്ങാത്ത അപ്രമേയവും അഗോചരവുമായ സൃഷ്ടികർമ്മം തന്നെയാണ് സാഹിത്യരചനയെന്നതുകൊണ്ട് അതിനെ ത്രിത്വവുമായി ലയിപ്പിച്ച് അതീന്ദ്രിയനുഭവമാക്കി ഉയർത്തുവാൻ ഇവിടെ കഥാകാരന് സാധിക്കുന്നുണ്ട്.
ഒരു കാലത്തിന്റെ ചിത്രം ദേശത്തിന്റെ ക്യാൻവാസിൽ വരച്ചു ചേർക്കുമ്പോൾ അവിടുത്തെ ഭാഷയും രാഷ്ട്രീയസാമൂഹിക ജീവിതപരിസരവും കടുത്തവർണത്തിൽ കോറിയിടുന്നത് സ്വഭാവികമാണ്. “അണ്ട്രായറ് കീറിക്കഴിയുമ്പോഴാണ് അണ്ടിയുടെ ഭാരമറിയുക”എന്നിങ്ങനെ പ്രാദേശികഭാഷാസൂക്ഷ്മതകളെയും നാടൻപ്രയോഗങ്ങളെയും സ്വാഭാവികമായി അവതരിപ്പിച്ചുകൊണ്ട് തദ്ദേശീയതയെ അനുഭവാത്മകമാക്കാനും കഥാകൃത്തിനു കഴിയുന്നുണ്ട്.
കാറ്റു പിടിച്ച കുരിശ്
മുട്ടി വന്നാൽ ഒരുകാരണവശാലും തടഞ്ഞുവയ്ക്കപ്പെടാത്ത കീഴ്‌വായുവാണ് തങ്ങളുടെ ജീവരഹസ്യമെന്ന് കരുതുന്ന മാന്തളിർ കുടുംബം. മുറ്റം തൂക്കാൻ വരുന്ന ചോത്തിയും പാത്രം കഴുകാൻ വരുന്ന പൊലകിയും അയ്യം കിളയ്ക്കാൻ വരുന്ന കുറവനും ചാണ്ടിക്കുഞ്ഞിന്റെ വീട്ടിലുണ്ട്. ജന്മംകൊണ്ട് നിർണയിക്കപ്പെടുന്ന തൊഴിലും സാമൂഹ്യക്രമവും ഹൈന്ദവർക്കിടയിൽ മാത്രമല്ല ക്രൈസ്തവരിലും എത്ര രൂഢമൂലമായിരുന്നുവെന്ന് ഇത് കാട്ടിത്തരുന്നു. മാന്തുകയിലെ ഈ പ്രാചീനക്രിസ്ത്യൻ കുടുംബത്തിലേക്കും നസ്രാണിസംസ്കാരത്തിലേക്കുമാണ് പണ്ടിറങ്ങിപ്പോയ കുറച്ച് കമ്മ്യൂണിസ്റ്റ് ജീവിതങ്ങൾ പഞ്ചാബിൽ നിന്ന് കുടിയേറിയത്. ക്രിക്കറ്റും ടാൽക്കം പൌഡറും അവർ പരിചയപ്പെടുത്തി. പെൺപിള്ളേർ മാത്രമല്ല അമ്പിള്ളേരും ജട്ടിയിടണമെന്ന് പഠിപ്പിച്ചു. നൈറ്റിയും സൽവർകമ്മീസും ബ്രയിസ്യറും മാന്തളിർ പെണ്ണുങ്ങളുടെ സ്വപ്നങ്ങളിൽ പോലും അന്നുണ്ടായിരുന്നില്ല .ഇന്ത്യയുടെ ഭൂപടത്തിൽ പഞ്ചാബും ലുധിയാനയും പട്യാലയുമുണ്ടെന്ന് പഠിപ്പിച്ചു. മാന്തളിർമുറ്റത്തെ ചുവന്ന അട്ടയായി മനോരമയ്ക്ക് പകരം ദേശാഭിമാനി വീണു. ഞായറാഴ്ച പള്ളിയിൽ പോകാത്ത നസ്രാണികളെ മാന്തളിരുകാർ ആദ്യമായി കാണുകയായിരുന്നു. ദസ് ക്യാപിറ്റൽ വായിക്കാതെ വൈകിട്ട് ചപ്പാത്തി കിട്ടില്ല എന്ന് പറയുന്ന കേഡർ സ്വഭാവം സ്വന്തം കുടുബത്തിൽ അവർ നടപ്പാക്കി. മാന്തളിരിലെ നവോത്ഥാനം അവിടെ തുടങ്ങുന്നു.
മുറ്റത്ത് വീണ ദേശാഭിമാനി കാർണോർ തോണ്ടി റോഡിലിടാൻ തുടങ്ങിയപ്പോ പോലീസ് പിടിക്കും എന്നുള്ളത് കൊണ്ട് അടുപ്പിലിട്ട് കത്തിക്കാൻ തീരുമാനിക്കുന്നു. കോട്ടയം ബാവയെന്ന് ഇരട്ടപ്പേരുള്ള ഗീവർഗീസച്ചൻ മധ്യസ്ഥനാകുന്നു. കാറൽമാർക്സ് തിരുമേനിയെ ബദലായി ഇറക്കുമെന്ന് ജിജൻ ഭീഷണി മുഴക്കുന്നു. ക്രിസ്തീയസഭകളും കമ്മ്യൂണിസ്റ് പാർട്ടിയും തമ്മിലുള്ള അന്നത്തെ കഞ്ഞീംമുതിരേം കളിയെ നാട്ടുഭാഷയുടെ ഉപ്പും കൂട്ടി നാം കോരിക്കുടിക്കുന്നു.
മലങ്കരസഭയും പാത്രിയാർക്കീസ് കത്തോലിക്കാ പക്ഷങ്ങളും തഴച്ചുവളർന്നു തല്ലുണ്ടാക്കുന്നതിനിടയിൽ യേശുവിനെയും പത്രോസിനെയും തോമാശ്ളീഹായെയും ഗിവറുഗീസ് സഹദായെയും പിന്തള്ളി മാർക്സും ഏഗൽസും ചെഗുവേരയും ടി വി തോമസും ഗൗരിയമ്മയും ബഹുദൂരം മുന്നേറി. വേദപുസ്തകത്തിലെ ഉല്പത്തിക്കഥയെ തള്ളി പരിണാമസിദ്ധാന്തം വന്നു. റഷ്യയിലെ ലെനിനും ചൈനയിലെ മാവോയും ചർച്ച ചെയ്യപ്പെട്ടു. അന്ന് നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ കാലഘട്ടത്തെ മറികടന്ന് കേരളത്തിൽ വിപ്ലവം തായ് വേരിറക്കുന്നതിന്റെ യഥാതഥചിത്രം നോവൽ വരച്ചുകാട്ടുന്നു .
മാന്തളിരിലെമാത്രമല്ല കേരളത്തിലെയൊന്നാകെ കമ്മ്യൂണിസ്റ്റ് ചരിത്രവും അതിന്റെ വർത്തമാനവും നോവലിലുണ്ട്. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിചേരുന്ന ചാണ്ടിക്കുഞ്ഞിന്റെ ചിന്തകളിൽ പ്രത്യയശാസ്ത്രത്തിന്റെ പ്രച്ഛന്നവേഷങ്ങൾക്ക് കൈയടിക്കുന്ന, ഒരു കണ്ണിന് മാത്രം കാഴ്ചയുള്ളവരായിത്തീരുന്ന കക്ഷിരാഷ്ട്രീയക്കാരെ നോവൽ കണക്കിന് ആക്ഷേപിക്കുന്നുമുണ്ട്.
എന്നെ തിരയുന്ന ഞാൻ
അടക്കാനാവാത്ത ആത്മസംഘർഷങ്ങളും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളും കൊണ്ട് ഉള്ളിലെ ഇരുട്ടിൽ അവനവനെ തിരയുന്ന കഥാപാത്രങ്ങൾ ഒരുകാലത്ത് മലയാള നോവലുകളുടെ മുഖമുദ്രയായിരുന്നു. സാമൂഹ്യവും രാഷ്ട്രീയവും വ്യക്തിപരവുമായ ദുരന്തസ്ഥലികളിലാണ് ഇത്തരം കഥാപാത്രങ്ങൾ അധിവസിച്ചിരുന്നത്. ഈ നോവലിലെ ചാണ്ടിക്കുഞ്ഞിനെ സംബന്ധിച്ച് നിലനിൽക്കുന്ന വ്യവസ്ഥിതിയോട് കടുത്ത അസംതൃപ്തിയൊന്നും അയാളിൽ പ്രകടമല്ല. മാറിമറിയുന്ന കുടുംബരാഷ്ട്രീയ സാമൂഹികസാഹചര്യങ്ങളിൽ സ്വന്തമിടം അടയാളപ്പെടുത്താനാവാതെ പോകുന്ന അസംതൃപ്തി മാത്രമാണ് അയാൾക്കുള്ളത്. സുരക്ഷിത വർത്തമാനത്തിൽ ജീവിക്കുമ്പോഴും അതിന്റെ സ്നേഹവാത്സല്യങ്ങൾ നന്നായി ആസ്വദിക്കുമ്പോഴും എല്ലാത്തരത്തിലുള്ള അന്തർമുഖത്വങ്ങളുടെയും നെറ്റിഫക്റ്റായ ഒരു സ്വത്വബോധം ചാണ്ടിക്കുഞ്ഞിലുണ്ട്. സ്വയം ചണ്ണിക്കുഞ്ഞെന്ന് വിശേഷിപ്പിക്കാൻ അയാളെ പ്രേരിപ്പിക്കുന്ന ആത്മവിശ്വാസക്കുറവിന് കാരണമതാണ്.
സാറയിൽ തുടങ്ങിയ പ്രണയം ആൻസിയിലെത്തിയപ്പോഴും ചാണ്ടിക്കുഞ്ഞ് കല്ലുസ്ലേറ്റിൽ നിന്നും ബുക്ക് പേപ്പറിലേക്ക് മാറിയിരുന്നില്ല. താൻ ബഹുമാനിതനായിരിക്കുന്നെന്ന് ചാണ്ടിക്കുഞ്ഞിന് ആദ്യം തോന്നിയത് നാൻസിയുടെ ‘അച്ചാച്ചൻ ‘എന്ന വിളിയിലാണ്. അതും അവളോട് തുറന്നു പറയാതെ നാവിനടിയിൽ കുരുങ്ങിക്കിടന്നതേയുള്ളൂ. നാല് വിഷയത്തിന് തോറ്റ ചാണ്ടിക്കുഞ്ഞിനോട് പൊതുവഴിയിൽ വച്ച് കൈയ്യടിച്ചു പഠിക്കാമെന്ന ഉറപ്പു വാങ്ങുന്ന ആൻസിയുടെ ധൈര്യം പ്രണയത്തിന്റെ കാര്യത്തിൽ ഒരിക്കലും ചാണ്ടിക്കുഞ്ഞിനുണ്ടായില്ല. തന്റെ നിലപാടുകൾ വ്യക്തമാക്കേണ്ടി വരുന്ന പല സന്ദർഭങ്ങളിലും ഈ അപകർഷതാബോധം അയാളെ വേട്ടയാടുന്നുണ്ട്. പത്താംക്ലാസ് കഴിഞ്ഞ് എന്തുചെയ്യാൻ പോകുന്നുവെന്ന വല്യച്ചായന്റെ ചോദ്യത്തിന് ക്രിക്കറ്റ് പഠിച്ച് ഇന്ത്യൻ ടീമിൽ കയറണമെന്നും ഡിപ്ലോമ പഠിച്ച് ഗൾഫിൽ പോകണമെന്നും ചാഞ്ചാടുന്നുണ്ട് ചാണ്ടിക്കുഞ്ഞ്. ഒടുവിൽ കുടുംബത്തിനു മേലുളള പാപഭാരമഴിക്കാൻ അച്ചൻപട്ടം വച്ചു നീട്ടുമ്പോൾ അത് നിഷേധിക്കാനുള്ള ത്രാണിയും ചാണ്ടിക്കുഞ്ഞിനില്ല. വച്ചുനീട്ടിയ ആ പള്ളിക്കുപ്പായത്തിൽത്തന്നെ ചാണ്ടിക്കുഞ്ഞിന് ന്യുമോണിയ പിടിച്ച് ശ്വാസംമുട്ടി. മയക്കത്തിനും ഉണർവിനുമിടയിൽ ആശുപത്രി കട്ടിലിൽ കിടന്നാടിക്കളിച്ചു ചാണ്ടിക്കുഞ്ഞ്. അമർത്തിവെച്ച തന്റെ സ്വത്വബോധത്തിൽ ഉണ്ടായിരുന്നതൊക്കെ മയക്കത്തിനിടയിൽ ഇരമ്പിയാർത്തു.
“കൊളക്കോഴിയെ പിടിക്കാൻ
തോക്കും കൊണ്ടോട്ടം
കൊളക്കോഴി ചറപറ
പെടുത്തും കൊണ്ടോട്ടം “
“കമ്പിളി നാരങ്ങ
കമ്പിളി നാരങ്ങ
ബ്രേസിയറിനുള്ളിൽ
നിറഞ്ഞുനിൽക്കും
കമ്പിളിനാരങ്ങ “
ഉറക്കെച്ചൊല്ലാൻ മടിച്ചതും എന്നാൽ ചാണ്ടിക്കുഞ്ഞിന്റെയുള്ളിൽ ഒട്ടും മായാതെയുണ്ടായിരുന്നതുമായ ഈ വരികൾ താനുറക്കെ ചൊല്ലിപ്പോയെന്ന് ചാണ്ടിക്കുഞ്ഞ് തിരിച്ചറിഞ്ഞത് രാജമ്മ സിസ്റ്റർ അടുത്തെത്തി വഴക്കു പറഞ്ഞപ്പോഴാണ്. പൊതുബോധത്തിന്റെ കനത്തകമ്പളം കൊണ്ട് ഇട്ടുമൂടി വച്ചിരിക്കുന്ന മനുഷ്യകാമനകൾ നോവലിസ്റ്റ് ഇവിടെ തുറന്നുകാട്ടുന്നു.
മോഹനച്ചാച്ചനും ആൻസിക്കും നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ അവരുടെ മുഖമുള്ള മാലാഖമാർ സ്വപ്നത്തിലെത്തി ചാണ്ടിക്കുഞ്ഞിനെ ഓർമ്മിപ്പിക്കുന്നു. ഇടപെടുന്ന ഓരോരുത്തർക്കും ഓരോരോ ജീവിതസന്ദർഭങ്ങളിൽ നൽകിപ്പോകുന്ന വാഗ്ദാനങ്ങൾ സമയാസമയങ്ങളിൽ മാറ്റി മാറ്റി മുഖം മിനുക്കുന്ന പെയിന്റുപോലെയാണ്. ഒടുവിൽ തന്റെ യഥാർത്ഥ മുഖം ഏതാണെന്നറിയാതെ സ്വയം അങ്കലാപ്പിലാവുന്ന സാധാരണമനുഷ്യരുടെ പ്രതിനിധിയായിരുന്നു ചാണ്ടിക്കുഞ്ഞ്. അവരവരുടെ ആത്മാവിന്റെ സ്വരം കേട്ടു ജീവിക്കാനുള്ള തീരുമാനമെടുക്കാൻ കഴിയാതെ പോകുന്ന മനുഷ്യജീവിതത്തിന്റെ നിസ്സഹായാവസ്ഥയെ നോവൽ തുറന്നുകാട്ടുന്നു.
പൗരോഹിത്യവും രാഷ്ട്രീയവുമൊക്കെ ഏറ്റെടുക്കുന്ന പലരും ആത്മാവിന്റെ ഇഷ്ടങ്ങളെ ബലികൊടുത്ത് അധികാരത്തിന് ഉപകരണമാവുകയാണ് ചെയ്യുന്നത്. ഉള്ളിലെ നിലവിളി ശമിപ്പിക്കാൻ വഴികണ്ടെത്തും വരെ തുടർന്നുകൊണ്ടേയിരിക്കുന്ന അന്വേഷണമായി ഇവിടെ ജീവിതം മാറുന്നു. കടലിൽ മാത്രം കിട്ടുന്ന ഒന്നിനെ തേടി പല നദികളിൽ തുടരുന്ന അലച്ചിൽ
അരങ്ങിലെ വേഷവിധാനങ്ങൾ
മാന്തളിർമത്തായി എന്ന വല്യപ്പച്ചനും മാന്തളിർ കുഞ്ഞൂഞ്ഞൊന്നാമനെന്ന കൊച്ചപ്പച്ചനും സഹോദരി ഏലിക്കുട്ടിയുമാണ് നോവലിൽ പരാമർശിക്കപ്പെടുന്ന ആദ്യ തലമുറ. മാന്തളിർകുഞ്ഞൂഞ്ഞു രണ്ടാമൻ എന്ന വല്യച്ചായനും ഭാര്യ മന്ദാകിനിയും മാന്തളിർ ദാനി എന്ന അച്ചാച്ചനും മരിച്ചുപോയ ഭാര്യ ഒന്നാനമ്മിണിയും
നിലവിലുള്ള ഭാര്യ രണ്ടാനമ്മിണിയും മാന്തളിർ ബേബി എന്ന കൊച്ചുപ്പാപ്പനും ഭാര്യയായ ലാലിക്കൊച്ചമ്മയും അവരുടെ സഹോദരി നാരങ്ങ അമ്മായിയുമാണ് അടുത്ത തലമുറ. മൂന്നാം തലമുറയിൽ കോമ്രേഡ് ജിജനുൾപ്പെടുന്ന ഏഴ് കോഴിക്കുഞ്ഞുങ്ങളും മോഹനച്ചാച്ചനും മോളിയും സാലിയും കഴിഞ്ഞാൽ പിന്നെ
കഥ പറയാനായി ജനിച്ചുജീവിച്ചുകൊണ്ടിരിക്കുന്നവനാണ് താനെന്നു തിരിച്ചറിഞ്ഞ ചാണ്ടിക്കുഞ്ഞാണുള്ളത്. സമചിത്തതയുടെ പിടിവിട്ട് ഭ്രാന്തിന്റെ കയത്തിലേക്ക് മുങ്ങിത്താഴാൻ പോയപ്പോൾ മൂക്കിലേക്ക് അരിച്ചെത്തിയ പുസ്തകമണത്തിൽ തന്നെത്തന്നെ വീണ്ടെടുത്തവനാണ് ചാണ്ടിക്കുഞ്ഞ്. മാന്തളിരിൽ നിന്ന് നിലമ്പൂരിലേക്ക് കെട്ടിച്ച ഏലിക്കുട്ടിയമ്മയുടെ ഇളയ സന്തതിയാണ് രായിക്കുട്ടൻ. ഷൂട്ടിങ്ങിനിടയിൽ അപകട മരണം സംഭവിച്ച സിനിമാനടൻ ജയൻ അമേരിക്കയിൽ അജ്ഞാതവാസത്തിലാണെന്നും സിനിമയിലേക്ക് തിരികെക്കൊണ്ടുവരാനായി താൻ നാടുവിടുന്നെന്നും രായിക്കുട്ടൻ പറയുന്നുണ്ട് . തിരുമേനി തിരുമേനിയായി തുടരുന്ന കാലത്തോളം അടിയാന്മാർ അടിയാന്മാർ തന്നെ ആയിരിക്കുമെന്ന് തിരിച്ചറിഞ്ഞ രായിക്കുട്ടൻ ഒരേസമയം ചിരിയും ചിന്തയും ഉണർത്തുന്ന കഥാപാത്രമാണ്.
സ്വന്തം കുടുംബത്തിനകത്തെ ജീവിതത്തെ, അത് അണുകുടുംബമായാലും കൂട്ടുകുടുംബമായാലും ഇത്തിരി അകന്നു നിന്ന് നോക്കിക്കാണാനായാൽ അങ്ങേയറ്റം ആസ്വാദ്യകരമായിരിക്കും. ജീവിതം കൂട്ടുകുടുംബത്തിലാകുമ്പോൾ തട്ട് ഒരിക്കലും ഒഴിഞ്ഞുകിടക്കുന്നില്ല. പല വേഷത്തിലും തരത്തിലുമുള്ള കഥാപാത്രങ്ങളുണ്ടാവും. കൈലിയഴിച്ച് തലയിൽ കെട്ടിയവരും അഴിച്ചിട്ട് ഒതുങ്ങിനിൽക്കുന്നവരും മടക്കിക്കുത്തിയവരും ചിലപ്പോഴൊക്കെ കൈലി തന്നെയില്ലാത്തവരും തട്ടിലെ വർണ്ണവൈവിധ്യത്തിനനുസരിച്ച് വേഷപ്പകർച്ചകളാടുന്ന കാഴ്ച ആനന്ദകരമാണ്! കാഴ്ചകളെയൊക്കെ പരിഹാസത്തിന്റെയും അതിശയോക്തിയുടെയും മേമ്പൊടി ചേർത്തവതരിപ്പിച്ചിരിക്കുന്നതിനാൽ നോവലിൽ ആദ്യന്തമുള്ള സറ്റയർ വായനക്കാരനെ മറഞ്ഞിരുന്നു ചിരിപ്പിക്കുന്നു.
ധിക്കാരത്തിന്റെ ജനിതകം ഉടലിലും ഉയിരിലും പേറുന്ന മാന്തളിർ കുഞ്ഞൂഞ്ഞ് രണ്ടാമന് ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിൽ വരുന്ന മാറ്റം സരസമായി അവതരിപ്പിക്കുമ്പോൾ കടുത്ത കമ്മ്യൂണിസ്റ്റുകാരൻ സംഘിയായി മാറുന്ന യഥാതഥജീവിതം ഓർമയിലെത്തുന്നു. പോക്കറ്റിൽ കിടന്ന അപ്പം പാത്തുമ്മയുടെ ആട് നിക്കറോടുകൂടി കടിച്ചുതിന്നപ്പോൾ ഹാഫ്ട്രൗസറിന്റെ മുൻവശം മുഴുവനുംപോയ അബിയുടെ നിൽപ്പുപോലെ ഓർത്തോർത്തു ചിരിക്കാനാവുന്ന കുറേ ജീവിതങ്ങൾ പുസ്തകത്താളിലുണ്ട്. ഓരോ വായനക്കാരനും ജീവിതത്തിലറിഞ്ഞിട്ടുള്ള അപകർഷതകളൊക്കെ ഇറക്കിവയ്ക്കാൻ കഴിയുന്ന കഥാപാത്രമാണ് നോവലിലെ ‘ചണ്ണിക്കുഞ്ഞ് ‘ .
പൗഡറും ലിപ്സ്റ്റിക്കുമില്ലാത്ത നസ്രാണിസൗന്ദര്യമാണ് അന്നമ്മച്ചി. 20 വർഷം മുൻപ് വീടുവിട്ടുപോയ, ഇതുവരെയും മടങ്ങിവരാത്ത, ഒരിക്കൽ പോലും കത്തെഴുതാത്ത, അച്ഛനമ്മമാർ ജീവിച്ചിരിപ്പുണ്ടോയെന്നന്വേഷിക്കാത്ത, ഒരു രൂപ പോലും മണിയോർഡറയയ്ക്കാത്ത മകൻ തിരിച്ചു വരുന്നതറിഞ്ഞ് സ്വീകരിക്കാൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനൊരുങ്ങുന്ന അന്നമ്മച്ചിയിലാണ് നോവൽ ആരംഭിക്കുന്നത്. ശാക്തീകരണത്തിന്റെ പാഠങ്ങളില്ലാതെതന്നെ ശക്തയാണവർ. സ്വപ്രത്യയസ്ഥര്യമുള്ള നാട്ടുമ്പുറത്തിന്റെ സ്ത്രീശക്തി ചട്ടയും മുണ്ടുമണിഞ്ഞ് നിൽക്കുന്നത് അന്നമ്മച്ചിയിൽ നമുക്ക് കാണാനാവുന്നു. മാന്തളിർ പെണ്ണുങ്ങൾക്ക് അവരുടെ പേരും ജനനവും മരണവും കൊത്തിവച്ച കല്ലറ സ്വന്തമായിവേണമെന്ന് അന്നമ്മച്ചി കല്പ്പിക്കുന്നുണ്ട് .
പ്രണയം ഒരു വ്യക്തിയിലുണർത്തുന്ന സ്വയം തിരിച്ചറിവ് ചണ്ണിക്കുഞ്ഞിനെ ഒരു എനർജിഡ്രിങ്ക് പോലെ ഉന്മേഷഭരിതനാക്കുന്നുണ്ട്. ഉടലും ഉയിരും സംയുക്തമായി ആഹ്വാനം ചെയ്യുന്ന അത്തരം വിപ്ലവങ്ങൾ അറിഞ്ഞിട്ടുള്ളവർക്ക് ആസ്വദനീയമായ രസനീയംശങ്ങൾ നോവലിൽ പലയിടത്തുമുണ്ട്.
ദൈവം മുളക് തിന്നുമോ?
ദൈവം കട്ടിലിൽ കിടന്നുപെടുക്കുമോ?
ദൈവം ദേശാഭിമാനി വായിക്കുവോ?
ദൈവം കാബേജ്തോരൻ കൂട്ടുമോ?
ദൈവം പള്ളിയിൽ നിൽക്കുമ്പോൾ ചുണ്ണാപ്പിയിൽ പിടിക്കുമോ?
ദൈവം അയ്യത്താണോ കക്കൂസിലാണോ തൂറുന്നത്?
ദൈവം കമ്മ്യൂണിസ്റ്റാണോ അതൊ നസ്രാണിയാണോ?
എന്നിങ്ങനെയുള്ള എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങൾ മോഹനന്റെ മനസ്സിൽ അനുനിമിഷം ഉരുവംകൊണ്ടിരുന്നു. “എന്നെങ്കിലും ചെറുക്കന് കാണാൻ ” എന്ന അടിക്കുറിപ്പോടെ മോഹനൻ വരച്ചുചേർത്ത മൂന്നു ചിത്രങ്ങൾ കഥാകാരനെ ഭ്രാന്തിൽ നിന്ന് എഴുത്തിലേക്ക് കൈപിടിച്ചു നടത്തുന്നു. പോളിടെക്നിക്കും ഗൾഫുമല്ല തന്റെ തട്ടകമെന്ന് ചാണ്ടിക്കുഞ്ഞ് തിരിച്ചറിയുന്നു. മാന്തളിരിന്റെ ചരിത്രം സൃഷ്ടിച്ചെടുക്കുകയാണ് തന്റെ നിയോഗമെന്ന് ഉറപ്പിക്കുന്നു. അത് എഴുത്തുകാരൻ അവനെത്തന്നെ തിരിച്ചറിയുന്ന അവസ്ഥയാണ്! സ്വയം ബലിയായിത്തീർന്ന മോഹനനെന്ന മനുഷ്യപുത്രൻ ജനനമരണങ്ങളില്ലാത്ത റൂഹയിലൂടെ വിശ്വാസികളുടെ പിതാവായ അബ്രഹാമിനെ പോലെ ജീവിതത്തിന്റെ മരുപ്പറമ്പുകളിലും കഥകൾ തളിരിടുമെന്ന പ്രതീക്ഷയിൽ യാത്രയാവുന്നു. അവിടെ വച്ച് എഴുത്തുകാരൻ തനിച്ചാവുന്നു. ജീവിതത്തിന്റെ മുൾക്കിരീടം ഏറ്റുവാങ്ങാൻ താൻ സന്നദ്ധനാണെന്ന് അയാൾ പ്രഖ്യാപിക്കുന്നു. എഴുത്തിന്റെ വഴിയേ പൊള്ളിയടരുന്ന മനസ്സുമായി യാത്ര തുടരാൻ ഉറപ്പിക്കുന്നു. ആ ഉൾവിളിയുടെ തുടർച്ചയായി ഇരുപതുകളുടെ സഞ്ചയത്തിലെ അടുത്തയിതൾകൂടി എഴുത്തുകാരൻ വിരിയിച്ചെടുക്കുന്നു. ഇവിടെ എഴുത്ത് ആത്മസാക്ഷാൽക്കാരമോ തന്നിലർപ്പിക്കപ്പെട്ട നിയോഗമോ ജീവിച്ചിരിക്കുന്നതിന്റെ അടയാളമോ ഒക്കെയായിമാറുന്നു.