രേഖയുടെ നോവൽ പഠനങ്ങൾ – 17 : ആദിമനിഷ്കളങ്കതയിലേക്കുള്ള മടക്കം

വെജിറ്റേറിയൻ : ഹാൻ കാങ്ങ് / വിവർത്തനം : സി വി ബാലകൃഷ്ണൻ

ശ്രദ്ധാപൂർവ്വം ചിട്ടപ്പെടുത്തിയ ജീവിതത്തിന്റെ അടുക്കുകളിൽ നിന്ന് പെട്ടെന്നൊരു ദിനം വഴുതിപ്പോകുന്ന മനുഷ്യർ : അത് യാദൃച്ഛികമായി സംഭവിക്കുന്ന വഴുക്കലല്ല. അതിന്റെ പിന്നിൽ ജീവിതത്തിന്റെ പ്രകടനപരതയ്ക്ക് വഴങ്ങാത്ത ഭ്രമാത്മക മനസ്സിന്റെ സാന്നിധ്യമുണ്ട്. അത്തരം ജീവിതങ്ങളെ കൂടുതൽ സൂക്ഷിച്ചു നോക്കിയാൽ തെന്നാൻ തയ്യാറായി നിൽക്കുന്ന ഒരു മനസ്സ് നമുക്ക് ആദ്യം മുതൽ കാണാനാവും. റിയാലിറ്റിയുടെ ഇരുതലമൂർച്ചകളിൽ മുറിഞ്ഞു നോവുമ്പോഴുള്ള ചെറുത്തുനിൽപ്പുകൾ കാണാനാവും. അടക്കിവെച്ചിരിക്കുന്ന കാമപരതയുടെ കരകവിയലുകളുണ്ടാവും. മനസ്സിന്റെ നിഗൂഢസ്ഥലികളിൽ അവർ സൂക്ഷിക്കുന്ന അനന്യസങ്കൽപ്പങ്ങൾക്ക് അപൂർവതകളുണ്ടാവും. ഇത്തരത്തിലുള്ളതും അടിച്ചമർത്തപ്പെട്ടതുമായ പെൺജീവിതത്തിന്റെ സ്വപ്നസദൃശ്യമായ വിപ്ലവഗാഥയാണ് ഹാൻകാങ്ങിന്റെ വെജിറ്റേറിയൻ.

“മനുഷ്യർ സസ്യങ്ങളായി തീരണമെന്ന് ഞാൻ വിശ്വസിക്കുന്നു” എന്ന ജപ്പാനീസ് കവി യി സാങ്ങിന്റെ കവിതയിലെ പരാമർശമാണ് വെജിറ്റേറിയൻ എന്ന നോവലിന് ആധാരമെന്ന് നോവലിസ്റ്റ് ആമുഖത്തിൽ പറയുന്നുണ്ട്. ഭർത്താവിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും താല്പര്യത്തിനനുസരിച്ച് ജീവിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ അതിന് വിരുദ്ധമായി ഒരു പ്രഭാതത്തിൽ ജീവിച്ചുതുടങ്ങുന്നു.

ഒരു രാവിൽ സ്വപ്നം കണ്ടുണർന്ന യോങ് ഹൈ എന്ന കൊറിയൻ യുവതി സസ്യഭുക്കാകാൻ തീരുമാനിക്കുന്നു. താൻ കണ്ട പച്ചമാംസത്തിന്റെയും കടുംചോരയുടെയും സ്വപ്നത്തിൽ നിന്നാണവൾ അങ്ങനെയൊരു തീരുമാനമെടുത്തത്. അതംഗീകരിക്കാൻ അവളുടെ ഭർത്താവോ കുടുംബമോ സമൂഹമോ തയ്യാറാവുന്നില്ല. പുരുഷാധിപത്യത്തിന്റെ സർവ്വധാർഷ്ട്യത്തോടും കൂടി തന്റെ വായിലേക്ക് ഇറച്ചി തിരുകിക്കയറ്റിയ അച്ഛനോടുള്ള പക അവൾ തീർത്തത് സ്വന്തം കൈത്തണ്ട മുറിച്ചാണ്. ചിട്ടപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്ന ജീവിതത്തിൽ എപ്പോഴും മദ്ധ്യമാർഗത്തിന് പ്രാമുഖ്യം കൊടുക്കുന്ന ആളായിരുന്നു അവരുടെ ഭർത്താവ്. യാതൊരു സവിശേഷതയുമില്ലാത്ത ഒരു സ്ത്രീശരീരമായാണ് അയാൾ ഭാര്യയെ കാണുന്നത്. പലതരത്തിലുള്ള ഭക്ഷണങ്ങളൊരുക്കാനും ഏകപക്ഷീയമായി രതിയിലേർപ്പെടാനും മാത്രമേ അയാൾക്കവളെ വേണ്ടൂ. ഭാര്യയിലെ അനന്യവും അപൂർവവുമായ സങ്കല്പങ്ങളെയൊന്നും തിരിച്ചറിയാൻ അയാൾക്ക് കഴിയുന്നില്ല. അയാൾക്കവൾ തീർത്തും അപരിചിതയാണ്.

വീഡിയോഗ്രാഫറായ സഹോദരീ ഭർത്താവിനെ സംബന്ധിച്ച് അയാളുടെ ലൈംഗികോത്തേജനത്തിനുള്ള ഒരുപാധി മാത്രമാണവർ. വീഡിയോഗ്രഫി എന്ന കലാവിദ്യ ഉപയോഗിച്ച് അയാൾ അവളിലുള്ള ആസക്തി തീർക്കുന്നു. സഹോദരിയായ ഇൻ ഹൈ യാകട്ടെ ജീവിതത്തിന്റെ ആരംഭം മുതൽ തന്നെ യോങ് ഹൈക്ക് രക്ഷകയാണ്. മറ്റുള്ളവർ പെരുമാറ്റവൈകല്യങ്ങളെന്ന് മുദ്രകുത്തുന്ന ചേഷ്ടകൾ കാണിച്ചു തുടങ്ങിയപ്പോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട സഹോദരിയെ അവർ മാത്രം കയ്യൊഴിയുന്നില്ല. ശരീരത്തിൽ നിന്ന് ഇലകൾ വളരുന്നതും കൈകളിൽ നിന്ന് വേരുകൾ പൊട്ടി മണ്ണിലേക്ക് ഇറങ്ങുന്നതും താൻ സ്വയം ഒരു സസ്യമായി മാറുന്നതും യിയോങ് ഹൈ പറയുന്നത് സഹോദരിയോടാണ്. യുക്തിരഹിതമായി ബോധത്തെ ചിത്രീകരിക്കുന്ന സർറിയലിസത്തിന്റെ വിചിത്രമായ ആവിഷ്കാരമാണിവിടെ നാം കാണുന്നത്. സത്യത്തെ മറികടന്ന് അതിസത്യത്തിന്റെ തലത്തിലേക്ക് നോവൽ നമ്മെ കൊണ്ടുപോകുന്നു. ഫിക്ഷൻ സാധ്യമാക്കുന്ന സ്വാതന്ത്ര്യത്തെ പരമാവധി ഉപയോഗിച്ചുകൊണ്ട് കാഫ്കയുടെ മെറ്റമോർഫോസിസ് പോലെ ഒരു രൂപാന്തരത്വം കഥാകാരി പ്രയോഗിക്കുന്നു.

പ്രഭാതത്തിൽ അസ്വസ്ഥമായ ഒരു സ്വപ്നത്തിനിടയിൽ ഉറക്കമുണർന്ന സംസാ താൻ ഒരു വലിയ കീടമായി മാറിയിരിക്കുന്നതാണല്ലോ സ്വപ്നം കണ്ടത്. വീർത്ത വയറും നേർത്ത കാലുകളുമുള്ള സാംസയുടെ വൃത്തികെട്ട രൂപം തുടർന്ന് യാഥാർഥ്യമായി തീരുന്നു. അതുപോലെ തുടർന്നുള്ള നാളുകളിൽ യോങ് ഹൈ സ്വയം മരമായറിയുന്നു. തന്നിൽ വേരുകളും ചില്ലകളും ഇലകളും പൂക്കളും യോങ് ഹൈ കാണുന്നു. പെണ്ണിനെ മരമാക്കിക്കൊണ്ട് പ്രപഞ്ചത്തിലെ സ്ഥായിയായിരുന്ന ചിന്തകളെയാണ് ഹാൻ കാങ് മാറ്റി മറിക്കുന്നത്. ഇതിലൂടെ സമൂഹത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ പതുങ്ങിയിരിക്കുന്ന വിലങ്ങുകളെയും പാരമ്പര്യത്തെയും അവർ പൊട്ടിച്ചെറിയുന്നു.

പ്രായം കൂടിക്കൊണ്ടിരിക്കെ കൂടുതൽ കൂടുതൽ മൗനശീലം കാട്ടിക്കൊണ്ടിരുന്നവളാണ് യോങ് ഹൈയെന്ന് ഇൻ ഹൈ ഓർക്കുന്നുണ്ട്. ചിന്തയെയും വികാരത്തെയും പെരുമാറ്റത്തെയും പരസ്പരം ഘടിപ്പിക്കാൻ കഴിയാതെ യാഥാർത്ഥ്യത്തിൽ നിന്നും വ്യക്തിപരമായ ബന്ധങ്ങളിൽ നിന്നും പിൻവാങ്ങുന്ന തരത്തിലുള്ള ഒരു മാനസികാവസ്ഥ യോങ് ഹൈക്ക് ഉണ്ടായിരുന്നു. ആശുപത്രിയിൽ യോങ് ഹൈ യെ സന്ദർശിക്കാനെത്തുന്ന ഇൻഹൈയോട് അവർ പറയുന്നു….

“ഞാനിപ്പോൾ ഭക്ഷണം കഴിക്കേണ്ട കാര്യമില്ല അതില്ലാതെ എനിക്ക് ജീവിക്കാനാവും എനിക്ക് ആകെക്കൂടി വേണ്ടത് സൂര്യപ്രകാശമാണ് ”

ഇവിടെ തന്റെ ഇന്ദ്രിയാനുഭവങ്ങളെല്ലാം ത്യജിച്ചു കൊണ്ട് സ്വയമൊരു മരമാകുകയാണ് യോങ് ഹൈ ചെയ്യുന്നത്. വെജിറ്റേറിയനാവുകയെന്ന, മറ്റുള്ളവർക്ക് വളരെ ചെറുതെന്ന് തോന്നുന്ന ഒരു തീരുമാനത്തിലൂടെ അതിശക്തവും സാഹസികവുമായ ഒരു സമരമായി യോങ് ഹൈ സ്വന്തം ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നു.

സ്വപ്നങ്ങളിലൂടെ നിർമ്മിക്കപ്പെടുന്ന ഭ്രമാത്മകകാഴ്ചകളെ മാജിക്കൽ റിയലിസത്തിലൂടെ മാർക്കേസ് തന്റെ രചനയുടെ ഭാഗമാക്കി. ഇവിടെ ഹാങ്ങ്കാങ് ചെയ്യുന്നത് അതിൽ നിന്നും വ്യത്യസ്തമാണ്. ഒരു സ്വപ്നത്തിന് ശേഷം വളരെ ശക്തമായ ചില ബോധ്യങ്ങളിലേക്ക് ഒരു സ്ത്രീ എത്തിച്ചേരുകയും അവളെടുക്കുന്ന തീരുമാനങ്ങളും നടപ്പിൽ വരുത്തുന്ന നിലപാടുകളും വായനക്കാരനൊരു സ്വപ്നംപോലെ തോന്നുകയുമാണ് ചെയ്യുന്നത്. ചില സാമൂഹിക അടിച്ചമർത്തലുകൾ വ്യക്തിയുടെ ആന്തരിക ജീവിതത്തിലും പിന്നീട് ബാഹ്യതലത്തിലും ഉണ്ടാക്കുന്ന വിഭ്രാന്തികളെ നോവൽ സൗന്ദര്യാത്മ കമായി ആവിഷ്കരിക്കുന്നു.

അഖ്യാനത്തിലെ കലഹം

സസ്യഭുക്ക്, മംഗോളിയൻ മറുക്, ശിഖമയവൃക്ഷങ്ങൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായാണ് നോവലിന്റെ ആവിഷ്കാരം . മൂന്നുവർഷക്കാലയളവിലുള്ള യോങ് ഹൈയുടെ ജീവിതമാണ് കഥാപരിസരം. ഈ നോവലിന്റെ ആഖ്യാനം രേഖീയപാതയിലുള്ള ഒരു തുടർച്ചയല്ല. മൂന്ന് ആഖ്യാതാക്കളുടെ വീക്ഷണ കോണുകളിൽ നിന്നാണ് നോവലിന്റെ ഇതിവൃത്തം ഒഴുകി ഒന്നാവുന്നത്. ത്രിമാനസ്വഭാവമുള്ള ഈ നോവലിൽ ഒരിടത്തും നായിക നേരിട്ട് സംസാരിക്കുന്നില്ല. ആദ്യം ഭർത്താവിന്റെയും പിന്നീട് സഹോദരീഭർത്താവിന്റെയും മൂന്നാമത് സഹോദരിയുടെയും മനോവ്യാപാരങ്ങളിലൂടെയാണ് യോങ് ഹൈയുടെ ദുരൂഹമനസ്സ് ആവിഷ്കരിക്കപ്പെടുന്നത്. അവരുടെ നിലപാടുകൾ വ്യക്തമാക്കപ്പെടുന്നത്.

ഒരു ശരാശരി പെണ്ണായാണ് അവരെ മറ്റുള്ളവർ തിരിച്ചറിയുന്നത്. കമ്പ്യൂട്ടർ ഗ്രാഫിക്സ് കോളേജിൽ ഇൻസ്ട്രക്ടർ. കോമിക്സിൽ വാക്കുകൾ ചേർക്കാനുള്ള ഉടമ്പടി ഏറ്റെടുത്തവൾ. മിതഭാഷി. വായിച്ചു മാത്രം നേരം കളയുന്നവൾ. ആകെയുണ്ടായിരുന്ന അസാധാരണത്വമായി നോവലിൽ ആദ്യം മുതൽ
ചൂണ്ടിക്കാട്ടുന്നത് ബ്രാ ധരിക്കാൻ അവളിഷ്ടപ്പെട്ടിരുന്നില്ലെന്നത് മാത്രമായിരുന്നു. ഭർത്താവ് നിർബന്ധിച്ചാലും അവരതിന് തയ്യാറാകുന്നില്ല. ബ്രായുടെ ഞെരുക്കം സഹിക്കാനാവില്ല എന്ന എത്രയും സൂക്ഷ്മമായ സംവേദനക്ഷമതയിലൂടെ കഥാകാരി പെണ്ണിന്റെ സ്വാതന്ത്ര്യബോധത്തെയാണ് അവതരിപ്പിക്കുന്നത്. ഓരോ മനുഷ്യനിലുമുള്ളതാണ് കരകവിയലിനുള്ള ഇത്തരം മോഹങ്ങൾ. പുരുഷന്റെ ജീവിതസാഹചര്യങ്ങളിൽ അത്തരം മോഹങ്ങൾ സാക്ഷാൽക്കരിക്കാൻ അവനൊരുപാട് അവസരമുണ്ട്. സമൂഹവും കുടുംബവും സൃഷ്ടിക്കുന്ന അധികാരത്തിന്റെ അദൃശ്യചങ്ങലകളിൽ വീർപ്പുമുട്ടുന്ന പെൺസ്വത്വത്തിന് അതിനവസരമില്ല. ബാല്യത്തിൽ അച്ഛൻ ചെയ്തത് തന്നെയാണ് യൗവനത്തിൽ ഭർത്താവ് ചെയ്യുന്നത്. ബോധമനസ്സ് അംഗീകരിക്കുകയും അനുസരിക്കുകയും അതു വഴി വിധേയപ്പെടുകയും ചെയ്യുമെങ്കിലും ചിന്തിക്കുന്ന പെണ്ണിന്റെ അബോധ തലത്തിന് അതുൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. അത്തരം ചിന്തകൾ യോങ് ഹൈയിൽ അതിരുകൾ ഭേദിച്ചൊഴുകിയപ്പോൾ അവർക്ക് പെണ്ണുടൽ അസഹ്യമായിത്തീർന്നു : സസ്യപ്പെടേണ്ടത് അനിവാര്യമായി.

ഒരു വെളുപ്പിന് നാലുമണിക്ക് ഫ്രിഡ്ജിനു മുന്നിൽ നിശ്ചേഷ്ടയായി നിന്നപ്പോൾ മുതൽ അവളെ സ്വയം നഷ്ടപ്പെട്ടവളായി മറ്റുള്ളവർ കണ്ടുതുടങ്ങി . എന്നാൽ അവളെ സംബന്ധിച്ച് അത് സ്വയം കണ്ടെടുക്കലായിരുന്നു. ശബ്ദമുണ്ടാക്കാതെ അവൾ കലഹിച്ചു തുടങ്ങുകയായിരുന്നു. അവൾ ഉയർത്തിയ കലഹത്തിന്റെ പ്രതിധ്വനി സാധാരണക്കാരന്റെ ശ്രവണപരിധിക്ക് പുറത്തായിരുന്നു. വളരെ ശ്രദ്ധിച്ചു കേട്ടാൽ മാത്രം തിരിച്ചറിയാനാവുന്ന ഈ സ്ത്രീ ശബ്ദമാണ് വെജിറ്റേറിയനെ വ്യത്യസ്തമാക്കുന്നത്. ഒരിടത്തും നായികാകഥാപാത്രം ഒന്നും നേരിട്ട് പറയുന്നില്ല. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ വരയ്ക്കപ്പെടുന്ന ചിത്രമായി മാത്രം പെണ്ണിനെ കാണുന്ന വ്യവസ്ഥിതിയോടുള്ള കലഹമായി അഖ്യാനത്തിലും നോവൽ മാറുന്നതങ്ങനെയാണ്.അവൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുകയും സഹോദരീഭർത്താവിന്റെ ലൈംഗികാസക്തിക്ക് വിധേയപ്പെടുകയും ഒടുവിൽ മാനസികരോഗാശുപത്രിയിൽ തളയ്ക്കപ്പെടുകയും ചെയ്യുന്നു. പുരുഷാധിപത്യവ്യവസ്ഥ പിടിമുറുക്കിയ കൊറിയൻ സമൂഹത്തിൽ സാധാരണയിൽ നിന്നും മാറിച്ചിന്തിക്കുന്ന ഒരു പെണ്ണ് എന്തൊക്കെ അനുഭവിക്കേണ്ടി വരുന്നുവെന്നതിന്റെ തീർത്തും റിയലിസ്റ്റിക്കായ ആവിഷ്കാരം കൂടിയാണിത്.

ദക്ഷിണകൊറിയൻ തലസ്ഥാനമായ സീയൂൾ നഗരത്തിലാണ് യോങ് ഹൈ ജീവിക്കുന്നത്. സാധാരണയിൽ നിന്ന് മാറിച്ചിന്തിക്കാൻ തയ്യാറാകുന്ന പെണ്ണവസ്ഥയ്ക്ക് കാലദേശഭേദങ്ങളില്ലന്ന് നോവൽ ഓർമിപ്പിക്കുന്നു. മറ്റുള്ളവരുടെ നിലപാടുകൾക്കുമേലുള്ള മനുഷ്യന്റെ അസഹിഷ്ണുതയെയും അക്രമത്തെയും കൂടിയാണ് നോവൽ അവതരിപ്പിക്കുന്നത്. സ്വന്തം നിലപാടുകൾക്കുള്ള ആയുധമായി ശരീരത്തെ മാറ്റുന്ന ഉടലിന്റെ രാഷ്ട്രീയം ഈ നോവലിലുണ്ട്. ഒരു ദിനം സസ്യാഹാരിയായി മാറാൻ തീരുമാനിക്കുന്നതോടെ അവർ സ്വന്തം ഐഡന്റിറ്റിയാണ് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. പിന്നീടത് പേർസണൽ ഐഡന്റിറ്റിയിൽ നിന്ന് ജന്റർ ഐഡന്റിറ്റിയിലേക്ക് സംക്രമിക്കുന്നു. ഇവിടെ അവർ പ്രതിരോധിക്കുന്നത് മനുഷ്യവിശപ്പുകളെക്കൂടിയാണ്. മൗണ്ട് ലെ മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവർ സ്കീസോഫ്രീനിയക്ക് ചികിത്സിക്കപ്പെടുന്നു. ക്രമേണ അവർ സസ്യസമാനയായി പെരുമാറുന്നു.

ഒരുതവണ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട് മഴയിൽ നനഞ്ഞ് വനത്തിൽ നിൽക്കുന്നതായി കാണപ്പെടുന്നു. സ്വന്തം മനുഷ്യശരീരം ഉപേക്ഷിച്ച് ഒരു സസ്യമായി രൂപാന്തരപ്പെട്ട് അക്രമത്തോട് പുറംതിരിഞ്ഞു നിൽക്കാനുള്ള നായികയുടെ തീരുമാനം നിലനിൽക്കുന്ന രീതികളെ അട്ടിമറിക്കാനുള്ള ശ്രമമാണ്. അടിച്ചമർത്തലുകളോ സാമൂഹികജീവിതം കല്പിക്കുന്ന പരിവേഷങ്ങളോ ഇല്ലാത്ത ആദിമജീവിതത്തിലേക്ക് മടങ്ങാനുള്ള ത്വരയായും ഇതിനെ വായിക്കാം.ഒരു മാനസികവിഭ്രാന്തിയിൽ പങ്കുകൊള്ളാൻ നമ്മെ എത്രത്തോളം ക്ഷണിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു സാഹിത്യസൃഷ്ടിയുടെ മികവ് കണക്കാക്കുന്നതെങ്കിൽ ഈ നോവലിനെ സംബന്ധിച്ചിടത്തോളം ആ മാനദണ്ഡം ഏറെക്കുറെ പാലിക്കപ്പെടുന്നുണ്ട്. യുക്തിക്ക് നിരക്കാത്ത ഭ്രമാത്മകകൽപ്പനകളിലൂടെ ഉദ്ദേശ്യം വെളിപ്പെടുത്താത്ത സംഭവഗതികൾ ഒരു ദുസ്വപ്നത്തിന്റെ ഇരുണ്ട സ്വഭാവമാണ് നൽകുന്നത്. ഒരു സ്വപ്നത്തിൽ തുടങ്ങി മറ്റൊരു സ്വപ്നം പോലെ നോവൽ അവസാനിക്കുന്നു.

കലയും രതിയും

സ്ത്രീസ്വാതന്ത്ര്യം പോലെ തന്നെ ഈ നോവലിൽ അതിശക്തവും ഗുപ്തവുമായി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു പ്രതിപാദ്യമാണ് ലൈംഗികത. ഒന്നും മറച്ചു വയ്ക്കാനില്ലാത്തതുപോലെയാണ് ഹാൻകാങ് ലൈംഗികത ആവിഷ്കരിക്കുന്നത്. വൈവാഹികജീവിത്തിലെ രതി നോവലിൽ അങ്ങേയറ്റം വരണ്ടതാണ്. എന്നാൽ കലാകാരന്റെ ഭാവനയിലെ രതി യാഥാർഥ്യമാകുമ്പോൾ അത് ഉന്മാദംപൂക്കുന്ന ഒരു താഴ്‌വാരയാകുന്നു.രതിബിംബങ്ങളുടെ ധാരാളിത്തത്തിലൂടെയാണ് ഹാൻകാങ് അതിന്റെ സമൃദ്ധി ആവിഷ്കരിക്കുന്നത്.

“നോക്ക്, ചേച്ചീ,ഞാൻ കൈകൾ നിലത്തു കുത്തി കാലുകൾ വായുവിലുയർത്തി നിലകൊള്ളുകയാണ്. എന്റെ ശരീരത്തിൽ നിന്നും ഇലകൾ വളരുന്നു. കൈകളിൽ നിന്നും വേരുകൾ പൊട്ടുന്നു. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നു. ഞാനെന്റെ കാലുകൾ അകത്തുന്നു. ജനനേന്ദ്രിയ ഭാഗത്ത് പൂക്കൾ വിടരണമെന്ന് മോഹിച്ചാണ് ഞാനവ ആവുന്നത്ര അകത്തുന്നത്”

യിയോങ് ഹൈയുടെ ഈ വാക്കുകൾ ആദ്യം ഒരു കുഞ്ഞിന്റെതുപോലെ നിഷ്കളങ്കമാണ്. അവസാന ഭാഗം അവ്യക്തവും വികലമാക്കപ്പെട്ടതുമായ ഒരു മൃഗസ്വരമാണ്. ഒരിക്കലും പൂക്കൾ വിടരാത്ത ജനനേന്ദ്രിയം രതിമൂർച്ഛയറിയാത്ത ലൈംഗികജീവിതത്തിന്റെ ബാക്കിപത്രമല്ലെങ്കിൽ പിന്നെ എന്താണ്?ചില്ലകളാകമാനം തളിർത്ത് പ്രണയവസന്തം പൂക്കുന്ന താഴ്വരയുമായി ജീവിക്കാനുള്ള അദമ്യമായ ആഗ്രഹമാവണം അവളിങ്ങനെ സാക്ഷാത്കരിക്കുന്നത്. വൈകാരികപാരമ്യത്തിന്റെ സുഖാനുഭൂതി തനിക്ക് മനുഷ്യജന്മത്തിൽ അന്യമാണെന്ന തിരിച്ചറിവല്ലേ അവൾ വൃക്ഷ ജന്മത്തിലേക്ക് മാറാനുള്ള കാരണം.

മനുഷ്യൻ എപ്പോഴും സ്വയം ഭ്രാന്ത്‌ പിടിപ്പിക്കുന്ന ഒരു അന്തർലോകത്തിന് ഉടമയാണ്. തീർത്തും അപരിചിതമായ സ്വത്വം തേടി അവൻ ഉള്ളിന്റെയുള്ളിൽ സ്വയം തിരയുന്നു. വ്യക്തിയിൽ കലാപരമോ സാഹിത്യപരമൊ ആയ അംശത്തിന്റെ സ്വാധീനം കൂടുന്നതിനനുസരിച്ച് ഈ അന്വേഷണം കൂടിക്കൊണ്ടിരിക്കും. ജീവിതത്തിൽ തുടർസാദ്ധ്യതകളില്ലാതാകുമ്പോൾ അവർ അപകടകരമായ ആകർഷണങ്ങളിലേക്കു തിരിയും. ഇൻഹൈയുടെ ഭർത്താവ് ഒരു വീഡിയോ ആർട്ടിസ്റ്റാണ്. ഒരു വയസ്സുള്ള മകന്റെ ചവിട്ടടികളിൽ നിന്ന് പൂക്കൾ വിടരുന്നതായി ആനിമേഷൻ ചെയ്യുന്നതിനെക്കുറിച്ച് അയാൾ ആദ്യകാലത്ത് ചിന്തിക്കുന്നുണ്ട്. കുഞ്ഞ് ഇടറിക്കൊണ്ട് ഓരോ ചുവട് വയ്ക്കുമ്പോഴും ഒരു അതിശയം പോലെ ബഹുവർണ്ണ ചിത്രശലഭങ്ങൾ പറന്നു പൊങ്ങുന്നത് അയാൾ ഭാവനയിൽ കാണുന്നു. വൈകുന്നേരങ്ങളിലോ വാരാന്ത്യങ്ങളിലോ വീട്ടിലേക്ക് വരാതിരിക്കുകയും സ്റ്റുഡിയോയിൽ അടച്ചിരിക്കുകയും ചെയ്യുന്നു. നമ്മുടെ വീട്ടിലൊരു അച്ഛനില്ലേയെന്ന് മകൻ അന്വേഷിക്കുന്നുണ്ട്. ചുരുക്കത്തിൽ വ്യവസ്ഥിതിക്ക് പരുവപ്പെടാത്ത ഒരു വ്യക്തിത്വം അയാളിലുമുണ്ടെന്ന് നോവലിന്റെ രണ്ടാംഭാഗം സാക്ഷ്യപ്പെടുത്തുന്നു.

പുരുഷമനസ്സിന്റെ വിചിത്രമായ രതികാമനകളുടെ ആവിഷ്കാരം ഈ നോവലിലുണ്ട്. ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയിൽ പെണ്ണിനെ ആനയുടെ മസ്തകത്തിൽ ചാരിനിർത്തി ഭോഗിക്കാനാഗ്രഹിക്കുന്ന കുട്ടിയപ്പനെന്ന നായകനെപ്പോലെ രത്യാനന്ദത്തിന്റെ അപൂർവ്വ മേഖലകളെ വീഡിയോഗ്രാഫിയുമായി ചേർത്ത് സ്വപ്നം കാണുന്നവനാണ് യിയോങ് ഹൈയുടെ സഹോദരി ഭർത്താവ്. യിയോങ് ഹൈയുടെ പിൻഭാഗത്തെ മംഗോളിയൻ മറുകിനെക്കുറിച്ച് ഭാര്യയുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കുന്ന അയാളുടെ കാമനകൾക്ക് തീപിടിക്കുന്നു. തന്റെ ഭാവന യാഥാർത്ഥ്യമാക്കാനും രത്യാനന്ദത്തിന്റ ഉയർന്ന സോപാനങ്ങൾ സ്വന്തമാക്കാനുമുള്ള മാധ്യമമായി അയാൾ അവളുടെ ശരീരം ഉപയോഗിക്കുന്നു. വീഡിയോ ആർട്ടിസ്റ്റായ അയാൾ അവളുടെ നഗ്നശരീരത്തിൽ പൂക്കളും ഇലകളും വരച്ചു ചേർക്കുന്നു. സ്വന്തം കലാസൃഷ്ടിക്കുള്ള ക്യാൻവാസായി യിയോങ് ഹൈയുടെ ശരീരം ഉപയോഗിക്കുന്നതോടെ അയാളിലെ രതിചിന്തകൾ അതിന്റെ സാക്ഷാൽക്കാരത്തിനായി വെമ്പുന്നു. പൂക്കളും ഇലകളും നിറഞ്ഞ് കെട്ടുപിണയുന്ന സ്ത്രീപുരുഷ ശരീരങ്ങളുടെ ഇണചേരൽ അയാൾ ഭാവനയിൽ കാണുന്നു. മോഡലായി തിരഞ്ഞെടുത്തയാൾ അതിൽ നിന്നൊഴിയുമ്പോൾ അയാൾ സ്വയം കലാവസ്തുവായി മാറുന്നു.ഇവിടെ ശരീരം കലയ്ക്കോ സൃഷ്ടിക്കോ പ്രണയോന്മാദത്തിനോ ഉള്ള മാധ്യമമാണെന്ന ബോധം നോവൽ ആവിഷ്കരിക്കുന്നു. മനുഷ്യനിലെ രതിഭാവത്തെ ആണല്ലോ ഫ്രോയിഡ് ലിബിഡോ എന്ന് വിളിച്ചത്. അത് എല്ലാ സ്വാഭാവികാവിഷ്കാരങ്ങളുടെയും ഉറവിടമാണെന്ന് തുടർന്ന് വന്നവർ വിശദീകരിച്ചു. ലിബിഡോയെ കീഴടക്കി, സമൂഹത്തിനു ഗുണകരമായ പ്രവൃത്തികളിലേക്ക് തിരിച്ചുവിട്ട് കെട്ടിപ്പടുത്തെടുത്ത സംസ്കാരം ചിലരിൽ ചില സന്ദിഗ്ദ്ധഘട്ടങ്ങളിൽ കൈവിട്ടുപോകുന്നതിന്റെ അടയാളം കൂടിയാണ് നോവൽ.

മനുഷ്യന്റെ ഇണചേരലിൽ അവർ പലപ്പോഴും മൃഗതുല്യരാവാറുണ്ട്. പരസ്പരം തേടുന്ന രണ്ടു ജീവനുകൾ ലാളിച്ചും ഓമനിച്ചും ഒന്നാകാൻ വെമ്പുമ്പോൾ എല്ലാ പരിഷ്കാരത്തെയും മറന്നുകൊണ്ടവർ പ്രകൃതിയിലേക്ക് മടങ്ങാറുണ്ട്. ഉമ്മവെച്ചും മണപ്പിച്ചും നക്കിയും നുണഞ്ഞും കടിച്ചും കെട്ടിപ്പുണർന്നും മതിയാവാതെ രണ്ട് ശരീരങ്ങളെ ഒന്നാക്കാനുള്ള വെമ്പലിലാകും അപ്പോഴവർ. കാട്ടുവള്ളികൾ പോലെ പരസ്പരം പിണയുന്ന നഗ്നശരീരങ്ങൾ പാമ്പുകളുടെ മാറാടൽ പോലെ ആയിത്തീരും. രണ്ടു മനുഷ്യരെന്ന് ചിന്തിക്കുമ്പോഴുണ്ടാകുന്ന അകലത്തെ മറികടക്കാനാവും അയാൾ പൂക്കളും ഇലകളും പൊതിഞ്ഞ് പിണഞ്ഞു ചേരുന്ന പച്ച തായ്ത്തടികളായി ശരീരത്തെ വരച്ചത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന ഒരു സ്ത്രീക്കല്ലാതെ ആർക്കാണ് അത്തരമൊരനുഭവത്തിന്റെ പങ്കാളിത്തത്തിലേക്ക് തന്റെ ശരീരത്തെ ഉയർത്താനാവുക.

അവളൊരു ഒറ്റമരമല്ല

നൂറ്റാണ്ടുകളായി തുടർന്നുവരുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ ഇടപെടലിൽ ജനിച്ചു ജീവിക്കുന്ന പെണ്ണിൽ ഇരബോധത്തിന്റെ വിത്തുകൾ ബാല്യം മുതൽ തന്നെ മുളച്ചുവളരുന്നു. വളരുംതോറും അത് ഭീതിയായും ആത്മപീഡയായും വളർന്ന് പന്തലിക്കുന്നു. അതിന്റെ കൂരിരുട്ടിൽ നിന്ന് സ്വയം പറിച്ചു മാറ്റാനുള്ള ശ്രമം അവളിൽ മാനസിക വിഭ്രാന്തിക്ക് കാരണമാകുന്നു. അതിനെ അതിജീവിക്കാനാവാതെ അവൾ ഭ്രാന്തിന്റെ കാണാക്കയങ്ങളിലേക്ക് പതിച്ചുപോയേക്കാം. അതാണിവിടെ യോങ് ഹൈക്ക് സംഭവിക്കുന്നത്. നമുക്ക് അഹിതമായതോ നമ്മുടെ ചിന്തയുടെ പരിധിക്കുള്ളിൽ വരാത്തതോ ആയ രീതികൾ പിന്തുടരുന്നവരെല്ലാം മാനസിക രോഗികളാണെന്ന് മുദ്രകുത്തുന്നത് സാധാരണയാണ്. മരുമകനോട് ക്ഷമ ചോദിച്ചുകൊണ്ട് മകളുടെ വായിൽ മാംസാഹാരം തള്ളിക്കയറ്റുന്ന അച്ഛനെ സംബന്ധിച്ച് അയാളും അവളുടെ ഭർത്താവും മകളുടെ ഉടമകളാണ് : മകൾ അടിമയും. അവളെന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം അവളെക്കാൾ കൂടുതൽ അവർക്കാണ്. ഈ അടിമ ഉടമ ബന്ധത്തെയാണ് അവൾ തിരസ്കരിക്കുന്നത്. ഒടുവിലവൾ ഭ്രാന്തിന്റെ ഏറ്റവും ഉന്മത്തമായ അവസ്ഥയിലെത്തുന്നു. അപ്പോൾ അവളിലെ സ്ത്രൈണത മരമാകാനും പ്രകൃതിയിലേക്ക് മടങ്ങാനുമാണ് കൊതിക്കുന്നത്. ഇവിടെ പെണ്ണിനെ പ്രകൃതിയോട് ബന്ധിപ്പിക്കുന്നത് നോവലിസ്റ്റിന്റെ ബോധപൂർവ്വമായ ശ്രമമാണ്.

വൃക്ഷജന്മമെന്നത് ഒരുവളുടെ മാത്രമാഗ്രഹമല്ല. യോങ് ഹൈക്കൊപ്പം ആദ്യന്തമുള്ള സഹോദരി ഇൻഹൈയും അവളെപ്പോലെ ഏകാകിനിയും ദുഃഖിതയുമാണ്. വ്യവസ്ഥിതിയിൽ നിന്നും മാറിനടക്കുന്ന സഹോദരിയോട് അവർക്കനുഭാവമുണ്ട്. സഹോദരിയുമൊത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഭർത്താവിനോട് ക്ഷമിക്കാൻ അവർക്കാകുന്നില്ലെങ്കിലും സഹോദരിയോടവർ ക്ഷമിക്കുന്നുണ്ട്. അവളുടെ ഭർത്താവും യോങ് ഹൈയും എല്ലാ അതിരുകളും തകർത്ത് കടന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ മാനസികത്തകർച്ച ഉണ്ടാവുക തനിക്കായിരുന്നേനെയെന്ന് ഇൻഹൈ ചിന്തിക്കുന്നുണ്ട്. യോങ് ഹൈ ഇന്നു ഛർദ്ദിച്ച രക്തം തന്റെ നെഞ്ചിൽ നിന്ന് പൊട്ടിപ്പുറപ്പെടുമായിരുന്നുവെന്ന് അവൾ തിരിച്ചറിയുന്നുണ്ട്. ബോധത്തിനായി മല്ലിടുന്ന യോങ് ഹൈയോട് ആംബുലൻസിലിരുന്നുകൊണ്ട് ഇൻഹൈ പറയുന്നു “എനിക്കും സ്വപ്നങ്ങൾ ഉണ്ടാകാറുണ്ട് കേട്ടോ. സ്വപ്നങ്ങൾ…. അവയിലെക്ക് അലിഞ്ഞുചേരാൻ, അവയെന്നെ കൊണ്ടുപോകാൻ എനിക്ക് സ്വയം സമ്മതിക്കാൻ കഴിയും. പക്ഷേ നമുക്ക് ഏതെങ്കിലുമൊരു ഘട്ടത്തിൽ ഉണരേണ്ടി വരും,….വേണ്ടേ? ” ഇവിടെ വ്യവസ്ഥാനുകൂലമായ ജീവിതത്തെ തള്ളിപ്പറയാൻ വെമ്പുന്ന സ്ത്രീശബ്ദം ഒരാളുടേത് മാത്രമല്ലാതാവുന്നു. അതിസാധാരണത്വത്തിൽ നിന്ന് അസാധാരണത്വത്തിലേക്ക് കുതിക്കാൻ വെമ്പുന്ന ആഗോളപെൺശബ്ദമായി അത് മാറുന്നു .

വിവർത്തനത്തിൽ ചോർന്നതെന്ത്

2024ൽ നോബൽസമ്മാനത്തിനർഹമായ നോവലിനെ അതിന്റെ രചനാ കാലമായ 2007നോട് വളരെ അടുത്തുതന്നെ സി. വി ബാലകൃഷ്ണൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. കൊറിയൻ ഭാഷയിൽ രചിക്കപ്പെട്ട നോവലിന്റെ ഇംഗ്ലീഷ് തർജ്ജമയിൽ നിന്നാണല്ലോ മലയാളതർജ്ജമ ഉണ്ടായത്. “ഞാൻ ചെയ്ത വെജിറ്റേറിയന്റെ ആംഗലപരിഭാഷ കൊറിയൻ മൂലകൃതിയിൽ നിന്ന് പാടെ വ്യത്യസ്തമായ ഒരു പുസ്തകമെന്ന് പറയുന്നത് ഒരർത്ഥത്തിൽ തികച്ചും ശരിയാണ്” എന്ന് പരിഭാഷക ഡെബോറ സ്മിത്ത് പ്രതികരിക്കുന്നുണ്ട്. എന്നാൽ കൊറിയൻ ഭാഷയുടെയും സംസ്കാരത്തിന്റെയും തനത് ഭാവങ്ങളെ ആവിഷ്കരിക്കാൻ ഇംഗ്ലീഷിൽ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഡെബോറ സ്മിത്തിന്റെ ഇംഗ്ലീഷ് വായനക്കാരിൽ പലരും സാക്ഷ്യപ്പെടുത്തുന്നു. ‘ദി വെജിറ്റേറിയൻ’ മൊഴിമാറ്റം ചെയ്യവേ ഞാൻ കണ്ണാടിയിൽ കണ്ടത് എന്നെയായിരുന്നില്ലെന്ന് സി. വി ബാലകൃഷ്ണനും അഭിപ്രായപ്പെടുന്നു.

പക്ഷേ മൂലകൃതിയിലെ പദങ്ങൾക്ക് സമാനമായ മലയാളശൈലിക്കിണങ്ങുന്ന പദങ്ങൾ തേടിപ്പിടിക്കുന്നതിൽ സി.വി പരാജയപ്പെട്ടിരിക്കുന്നുവെന്ന് പറയാതെ വയ്യ. ഒരു തർജ്ജമയാണെന്ന ബോധം നോവലിൽ മുഴച്ചു നിൽക്കുന്നു. സിവി ഇത്രയും അസുന്ദരങ്ങളായ മലയാളപദങ്ങൾ പ്രയോഗിക്കുന്നത് എന്തുകൊണ്ടാവും? ഉപയോഗിച്ചിരിക്കുന്ന മലയാള പദങ്ങളിൽ തട്ടി ആസ്വാദനം അതിന്റെ കോർട്ടിലെത്താതെ തെറിച്ചു പോകുന്നു. വാക്കുകളുടെ അർത്ഥം അവയുണർത്തുന്ന അനുഭൂതികളുടെ നിറവാണ്. അനുഭൂതിപകരാൻ പര്യാപ്തമായ മലയാളപദങ്ങൾ ഇല്ലാഞ്ഞിട്ടല്ല. ബോധപൂർവ്വമാണോയെന്ന് സംശയം തോന്നത്തക്ക രീതിയിൽ വാക്കുകളുടെ തെരഞ്ഞെടുപ്പിൽ സി. വി പരാജയപ്പെട്ടിരിക്കുന്നു. വാക്കുകളും വാക്യഘടനയും ഓരോ ഭാഷയ്ക്കും സവിശേഷമാണെന്നത് വിസ്മരിക്കുന്നില്ല. അത് കൈമാറ്റം ചെയ്യാൻ കഴിയുന്നതുമല്ല. നോവൽ മലയാളത്തിന്റെ അച്ചിലേക്ക് വാർന്നു വീണപ്പോൾ സുന്ദരമായ മലയാളപദങ്ങളുണ്ടായിട്ടും അതുപയോഗിക്കാഞ്ഞതെന്താണെന്ന സംശയമാണ് ബാക്കിയാവുന്നത്. വാക്കും അർത്ഥവും തമ്മിലുള്ള അർദ്ധനാരീശ്വരബന്ധം അറിയാത്തയാളല്ല സി. വി. ആയുസ്സിന്റെ പുസ്തകമെഴുതിയ എഴുത്തുകാരന് അവ തേടുന്ന പൂർണ്ണതയും അറിയാതെ തരമില്ല. എന്നിട്ടും മൊഴിമാറ്റത്തിന്റെ പരാധീനതകൾ പൂർണമായും വ്യക്തമാക്കുന്ന രീതിയിലാണ് നോവൽ തർജ്ജമയിൽ ചില സന്ദർഭങ്ങളിൽ സി. വി ബാലകൃഷ്ണൻ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.

ഒരു നാട്ടിൽ, ആ നാടിന്റെ ഭാഷയിൽ, ആ നാടിന്റെ സംസ്കാരത്തിൽ പിറവികൊണ്ട ഒരു കൃതിയെ മറ്റൊരു ഭാഷയിൽ വായിക്കാനാണ് വിവർത്തനങ്ങൾ ഉണ്ടാകുന്നത്. വിവർത്തനത്തിന് സ്വീകരിച്ചിരിക്കുന്ന മാർഗ്ഗമേതായാലും മൂലകൃതിയിൽ വിവക്ഷിച്ചിരിക്കുന്നതിന് ചോർച്ചയും മങ്ങലും വരാൻ പാടില്ല. ഒരു പാത്രത്തിൽ നിന്നും മറ്റൊന്നിലേക്ക് പകരുമ്പോൾ സാഹിത്യരസം ചോർന്നു പോകാതെ നോക്കാൻ കഴിയണം. അനുയോജ്യമായ ഇംഗ്ലീഷ്പദങ്ങൾ തത്സമമായി മലയാളത്തിൽ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പരിഭാഷകനുണ്ടായിട്ടും മലയാളഭാഷയ്ക്ക് നാണം തോന്നുന്ന തരത്തിലുള്ളതാണ് സി വി യുടെ ചില പ്രയോഗങ്ങൾ.

“അതിനാൽ ഞങ്ങൾക്ക് അവളെ ബന്ധു മുറിയിലാക്കി മന:ക്ഷോഭശമനൗഷധം കൊടുക്കേണ്ടിവന്നു. “

“അവൾ നേഴ്സിനെ മൂന്നാം നിലയിലെ ഉപശാലയിലേക്ക് പിന്തുടരുന്നു”

“സഞ്ചി പൽനിരപ്പൂട്ട് കൊണ്ട് അടയ്ക്കുന്നു “

ഇവിടെയൊക്കെ വളരെ പരിചിതമായ ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ കിട്ടുമായിരുന്ന സൗന്ദര്യം സി വി ഉപേക്ഷിച്ചിരിക്കുന്നു. മലയാളത്തിന്റെ വശ്യസൗന്ദര്യത്തെ പൂർണമായുപേക്ഷിച്ചുകൊണ്ട് സ്നിഗ്ദ്ധതയുടെ കണികപോലുമില്ലാത്ത പരുക്കൻ പദങ്ങൾ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു.

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു