ഒന്ന്
ഈടുറ്റുള്ളൊരു കാട്ടുവല്ലരി,യിരുൾ
ക്കൂനയ്ക്കുമേൽപ്പൂത്തുല-
ഞ്ഞാഹാ ! മുഗ്ദ്ധചലൽക്കരങ്ങളിലു
യർ
ത്തീടുന്നു തേൻപാനികൾ
ഈണം വറ്റിയ ശീലുകൾക്കു മുലയൂ
ട്ടുന്നൂ നിലാപ്പൈക്ക, ളീ-
ലാവണ്യത്തിരയിൽക്കുളിച്ചുതൊഴുതെൻ
ചിത്തം തെളിക്കട്ടെ ഞാൻ!
രണ്ട്
ചായംമുക്കിയ താഴ് വരച്ചെരുവിലായ്
ച്ചായും മരച്ചില്ലമേൽ-
ച്ചോരച്ചെങ്കനികൊത്തിടുന്നു മഴവിൽ
പ്പൂവാർന്ന വർണ്ണക്കിളി
ചാരംപൂശിയ മാമലയ്ക്കുമുകളിൽ ച്ചോരുന്നു സായന്തന-
ത്തൂമഞ്ഞിൻ തുണികൊണ്ടു മൂടിയനിലാ
പ്പാലിന്റെ തങ്കക്കുടം!
(വൃത്തം: ശാർദ്ദൂലവിക്രീഡിതം)