മോഹനം കവിതായനം -18 : സർഗ്ഗ വസന്തം.

ഒന്ന്

കാട്ടാറിൻ തിരയിൽ,ത്തുടുത്തപുലരിപ്പെണ്ണൊന്നുമുങ്ങിക്കുളി –
ച്ചീർക്കിൽച്ചെങ്കരയുള്ളവെൺപുടവയും ചുറ്റി പ്രസാദത്തൊടും
പൂക്കാലങ്ങളറിഞ്ഞു നൽകിയ മഹാ സൗഗന്ധികച്ചാറുമായ്
വാൽക്കണ്ണാടിയിൽനോക്കി നിസ്തുലരസം നില്ക്കുന്നുശില്പോപമം!

രണ്ട്

ഈറൻമണ്ണിലുയിർത്തൊരിപ്രണയ ദാഹങ്ങൾക്കു തീർത്ഥത്തിനാ-
യീരാവും മെനയുന്നു കാമനയൊടുങ്ങീടാത്തതണ്ണീർക്കുടം
ഞാനെൻസർഗ്ഗവസന്തവല്ലരികളെക്കെട്ടിപ്പുണർന്നുത്സുകം
തേനുണ്ണാൻ തുനിയുന്നു, കല്പവനിയിൽത്തത്തുന്നുപൂത്തുമ്പികൾ !

വൃത്തം: ശാർദ്ദൂലവിക്രീഡിതം.

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.