മോഹനം കവിതായനം -9 പുഴ

ഒന്ന്

വെളിച്ചംപിറക്കും
കിഴക്കിന്റെമേട്ടിൽ-
ത്തുടുക്കുന്നുമേഘങ്ങ
ളെന്തെന്തുചന്തം
വെളുക്കുമ്പൊ, ളാരാരു
മെത്താത്തദൂരെ –
പ്പുഴയ്ക്കൊത്തുനീന്താൻ
നിലയ്ക്കാത്തമോഹം!’

രണ്ട്.

എഴുത്തിൻ തുരുത്തിൽ –
ക്കളിപ്പന്തൽ കെട്ടി –
ക്കുരുത്തോല തൂക്കി
ക്കളിക്കാം ചിരിക്കാം
മണൽക്കോട്ട തീർക്കാം
കിനാക്കണ്ടിരിക്കാം
പുഴക്കണ്ണിൽ മീന-
ത്തിളക്കങ്ങൾ കാണാം!

മൂന്ന്.
മഴക്കൊണ്ടലിണ്ടൽപ്പെടുത്തുമ്പൊഴും, ഹാ
കനൽച്ചൂടിൽവറ്റിത്തിളയ്ക്കുമ്പൊഴും നീ
കരൾപ്പൂവിലെ പ്രേമഹർഷം നിവേദി
ച്ചെനിക്കല്ലി,നിത്യംപകർന്നേകിടുന്നു!

വൃത്തം: ഭുജംഗപ്രയാതം

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.