ഒന്ന്
പീലിത്തണ്ടു നിരത്തിമേഞ്ഞൊ രഴകിൻകൂടാരമൊ, ന്നുള്ളിലായ് –
ച്ചേലിൽത്താരകമുത്തുകോർത്ത മൃദുമഞ്ജീരം ചിരിക്കുംസ്വരം
കോലത്തേന്മൊഴിയാൾക്കു കണ്ണെഴുതുവാൻ രാഗാഞ്ജനം നിദ്രതൻ-
നീലച്ചെപ്പിലെടുത്തുനില്പു,രജനീതാരുണ്യലീലാവനം!
രണ്ട്
നീലക്കണ്ണെറിയുന്നു നിദ്ര
കരമോടിക്കുന്നു കൺപോളയിൽ
ശ്യാമശ്രീലമുഖം കുനിച്ചു മൃദുനിശ്വാസങ്ങളർപ്പിക്കയായ്
തൂമഞ്ഞിൻഞൊറിവച്ചപൊൻവിശറിയാൽ വീശുന്നു മന്ദം, മഹാ –
ഹ്ലാദത്തിൽപ്പൊതിയുന്നു ഹാ! മറവിതൻ ലോകത്തിലെത്തുന്നു ഞാൻ.
(വൃത്തം: ശാർദ്ദൂലവിക്രീഡിതം)