ഓർമ്മയിലൊരു പൂമ്പാറ്റക്കാലം

നിറങ്ങളുടെ ലോകമാണ് ബാല്യമെങ്കിൽ അവിടെ മഴവില്ലിന്റെ സ്ഥാനമായിരുന്നു ‘പൂമ്പാറ്റ’ എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിന്. രണ്ടാഴ്ച കൂടുമ്പോൾ കൈകളിലെത്തിയിരുന്ന ആ മായികലോകത്തിന് വേണ്ടി കാത്തിരിക്കാത്ത ഒരു കുട്ടിക്കാലംപോലും അന്നുണ്ടായിരുന്നില്ല. അറുപതുകളുടെ തുടക്കത്തിലാരംഭിച്ച് തൊണ്ണൂറുകളോടെ അവസാനിച്ച ആ സുന്ദരകാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബാലമാസിക എന്ന പേര് നേടിയെടുക്കാൻ പൂമ്പാറ്റയ്ക്കായി. 1964 ൽ തുടങ്ങി എങ്കിലും 1978 ൽ പൈക്കോ ഗ്രൂപ്പ് ഉടമസ്ഥാവകാശം ഏറ്റെടുത്ത് കഴിഞ്ഞാണ് പൂമ്പാറ്റയുടെ വിജയകരമായ പ്രയാണം തുടങ്ങിയത്. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ആദ്യ ബാലപ്രസിദ്ധീകരണം എന്ന സ്ഥാനം എന്നും പൂമ്പാറ്റയ്ക്ക് അവകാശപ്പെട്ടതാണ്. അന്ന് പൂമ്പാറ്റയുടെ വായനക്കാരായിരുന്നവർ ഇന്ന് അവരുടെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ വർണച്ചിറകുകൾ വീശി കൈകളിലെത്തിയിരുന്ന ‘പൂമ്പാറ്റ’യുടെ ഓർമ്മകൾ ഒരു നൊസ്റ്റാൾജിയയായി അവരിൽ നിറയുന്നുണ്ടാവും. പൂമ്പാറ്റയുടെ എഡിറ്ററും കേരള സാഹിത്യ അക്കാദമിയുടെ മുൻ സെക്രട്ടറിയുമായിരുന്ന ശ്രീ ആർ. ഗോപാലകൃഷ്ണൻ നമുക്ക് വേണ്ടി ആ പൂമ്പാറ്റക്കാലം ഓർത്തെടുക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെപറ്റിയും. വരൂ, അൽപനേരം നമുക്ക് വീണ്ടും കുട്ടികളാകാം. നമ്മുടെ ബാല്യകാലത്തിനു കഥകൾ സമ്മാനിച്ച , നിറങ്ങളിറ്റിച്ച ‘പൂമ്പാറ്റ’ എന്ന ബാലമാസികയുടെ അത്ഭുതകഥകൾ കേട്ട് മടങ്ങി വരാം.

1964 ൽ ആണല്ലോ പൂമ്പാറ്റ ആരംഭിച്ചത്. ആരായിരുന്നു സ്ഥാപകൻ?

പി. എ. വാര്യർ ആണ് പൂമ്പാറ്റ സ്ഥാപിച്ചത്. ആ കാലഘട്ടം മറക്കാൻ പറ്റില്ല. പൂമ്പാറ്റ അച്ചടിക്കാൻ സ്വന്തമായി പ്രസ്സ് തുടങ്ങിയ ആളാണ് അദ്ദേഹം. മികച്ച ട്രാൻസിലേറ്ററും സാഹിത്യകാരനും പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ ‘ചവിട്ടിക്കുഴച്ച മണ്ണ്’ എന്ന നാടകം പ്രസിദ്ധമാണ്. അത് ‘അമ്മു ‘ എന്ന പേരിൽ സിനിമയായിട്ടുണ്ട്.

പൈക്കോ (Pai & Co) പൂമ്പാറ്റ ഏറ്റെടുക്കാനിടയായ സാഹചര്യം പറയാമോ ?

പി.ഏ. വാര്യരിൽ നിന്ന് ‘പൂമ്പാറ്റ’യുടെ പ്രസിദ്ധീകരണഅവകാശം പി. മധു (മാധവൻനായർ) വാങ്ങി. പി. മധുവിന്റെ സിതാര പബ്ലിക്കേഷനുവേണ്ടി ‘പൂമ്പാറ്റ’ 1973 ജൂൺ മുതൽ എറണാകുളത്ത് നിന്നും പ്രസിദ്ധീകരണമാരംഭിച്ചു. വളരെ കുറഞ്ഞ കാലഘട്ടം മാത്രമാണ് മധുവിന്റെ ഉടമസ്ഥതയിൽ ‘പൂമ്പാറ്റ’ പ്രസിദ്ധീകരിക്കപ്പെട്ടത്. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം 1978 ൽ പൈക്കോ പൂമ്പാറ്റ ഏറ്റെടുത്തു.

പൈക്കോ സ്ഥാപകനായ എസ്. വാസുദേവ പൈ ആലപ്പുഴയിലാണ് ജനിച്ചത്. പൈ ആൻഡ് കമ്പനി എന്നൊരു ചെറിയ ബുക്ക് സ്റ്റാൾ ആലപ്പുഴയിൽ തുടങ്ങി. പിന്നീട് പ്രസ്സും പബ്ലിക്കേഷൻസും തുടങ്ങി. പൈക്കോയ്ക്ക് അന്ന് ഓഫ്സെറ്റ് പ്രസ് ഉണ്ട്. സിത്താര പബ്ലിക്കേഷൻസ് തൊഴിൽ പ്രശ്നങ്ങൾ കൊണ്ട് നിർത്തിയപ്പോഴാണ് 1978ൽ പൂമ്പാറ്റയുടെ പ്രസാധനം പൈകോ ഏറ്റെടുത്തത്. ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയാൽ അതിന്റെ വിൽപ്പന വളരെ പ്രധാനമാണ്. പത്രമായാലും ചിൽഡ്രൻസ് മാഗസിൻ ആയാലും മാർക്കറ്റിംഗ് സാധ്യതകൾ പഠിക്കേണ്ടതുണ്ട്. മാർക്കറ്റ് ചെയ്യണമെങ്കിൽ കണ്ടന്റ് നന്നായിരിക്കണം. പൈക്കോയുടെ നേട്ടം അവരത് നന്നായി മാർക്കറ്റ് ചെയ്തു എന്നുള്ളതാണ്.

അന്നത്തെ പൂമ്പാറ്റയുടെ ഉള്ളടക്കം എന്തൊക്കെയായിരുന്നു ?

കുട്ടികൾക്ക് കൂടുതൽ കൗതുകമുണ്ടാക്കുന്നതും ഓമനത്തമുള്ളതുമായ മൃഗങ്ങൾ കുസൃതി കാണിക്കുന്നതും അവര് ശത്രുവിനോട് ജയിക്കുന്നതുമൊക്കെയായിരുന്നു അന്നത്തെ തീം. ഇംഗ്ലീഷിൽ നിന്നും നേരിട്ട് പരിഭാഷപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ‘ജെന്നിം ഗ്സ് കഥകളും’, മുയലിന്റെ കൗശലവുമൊക്കെ അത്തരത്തിലുള്ളവയാണ് . ശിക്കാരി ശംഭു,’കലുലുവിന്റെ കൗശലം’ അതുപോലെതന്നെ മോഹൻദാസിന്റെ ‘കപീഷ്’, ഞാനെഴുതിയ ‘രുക്കുവിന്റെ സാഹസം’എന്നിവയൊക്കെത്തന്നെ കുട്ടികളെ രസിപ്പിച്ചിരുന്നു. ഇത്തരം കഥകൾക്ക് തുടക്കമിട്ടത് പി. എ.വാരിയർ തന്നെയാണ്.

പിന്നീട് ഉള്ളടക്കത്തിന്റെ കാര്യത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടായോ?

കണ്ടന്റിന്റെ സ്പിരിറ്റ് ഒന്നുതന്നെയാണ്. പക്ഷേ പ്രസന്റേഷന്, ചില ഫോർമുലകൾക്ക് വ്യത്യാസം ഉണ്ടായിരുന്നു. തമാശയും, ടങ്ട്വിസ്റ്ററുകളും കുസൃതി ചോദ്യങ്ങളും ഒക്കെ പുതിയതായി ചേർത്തു. ഇവയൊക്കെ കുട്ടികൾക്ക് വളരെ ഇഷ്ടമാണ്. പിന്നെ ശാസ്ത്ര സംബന്ധിയും ചരിത്ര സംബന്ധിയുമായ ചില ഉള്ളടക്കങ്ങൾ ഉണ്ടായിട്ടുണ്ട്.

പൂമ്പാറ്റയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേട്ടിട്ടുള്ള പേരാണ് പൈ എന്നത് . എസ് വി പൈ, അനന്ത പൈ എന്നിവരെപറ്റി ഒന്നു വിശദീകരിക്കാമോ ?

എസ്. വാസുദേവ പൈ എന്ന എസ്. വി. പൈ മലയാളിയാണ്. പൈകോ ഗ്രൂപ്പിന്റെ സ്ഥാപകനും കേരളത്തിൽ ബിസിനസ്സ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. ആലപ്പുഴയിലാണ് അദ്ദേഹം ജനിച്ചത്. 1956ൽ അദ്ദേഹം കൊച്ചിയിൽ പൈ & കമ്പനി (പൈകോ) സ്ഥാപിച്ചു. തുടക്കത്തിൽ പുസ്തകങ്ങളുടെയും മാഗസിനുകളുടെയും കളിപ്പാട്ടങ്ങളുടെയും ഗിഫ്റ്റ് ആർട്ടിക്കിളുകളുടെയും ഷോപ്പയായിരുന്ന പൈകോ ക്രമേണ പുസ്തക പ്രസാധന മേഖലയിലേക്കും ഇറങ്ങി. കേരളത്തിൽ അക്കാലത്തു് മികച്ച അച്ചടിശാലകൾ കുറവായിരുന്നു. എസ്. വി. പൈ, എറണാകുളം ജൂ സ്‌ട്രീറ്റിലെ പൂക്കാരൻ മുക്കിൽ 1960-കളുടെ തുടക്കത്തിൽ ഒരു മികച്ച പ്രസ് സ്ഥാപിച്ചു- ‘പൈക്കോ പ്രസ്’. പൈക്കോ എന്ന പേരിൽ ബ്രാൻഡിംഗ് തുടങ്ങിയത് അപ്പോഴാണ്. പിന്നീട് അവിടെ ഓഫ്സെറ്റ് അച്ചടിയന്ത്രങ്ങളും സ്ഥാപിച്ചു വിപുലീകരിച്ചു.

എസ് . വി. പൈ

പൂമ്പാറ്റയുടെ പ്രസാധനം പൈകോ ഏറ്റെടുത്തത് 1978ലാണ്. ഒരു പൈകോ പ്രസിദ്ധീകരണമായി പൂമ്പാറ്റ ഇറങ്ങിയ നാളുകൾ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ കാലഘട്ടമാണ്. പൈകോയിലൂടെ പൂമ്പാറ്റയും പൂമ്പാറ്റയിലൂടെ പൈകോയും വളർന്നു. ഇന്ത്യയിലെ ഏറ്റുവും പ്രചാരമുള്ള കുട്ടികളുടെ പ്രസിദ്ധീകരണമെന്ന സ്ഥാനം പൂമ്പാറ്റ ഏറെ വർഷങ്ങൾ നിലനിർത്തി. 1982-ൽ ഞാൻ ‘പൂമ്പാറ്റ’യിൽ എഡിറ്റർ ആയി വന്നപ്പോൾ, പൈക്കോ ഗ്രൂപ്പിൽ ഏറ്റവും ലാഭം ഉണ്ടാക്കുന്ന സ്ഥാപനം ‘പൂമ്പാറ്റ’യായിരുന്നു. 1990 നവംബർ 1നാണ് എസ്. വി. പൈ അന്തരിച്ചത്.

അനന്ത പൈയുമായി ഞാൻ പരിചയപ്പെടുന്നത് ‘പൂമ്പാറ്റ’ മാസികയുടെ ആവശ്യങ്ങൾക്കായി ആയിരുന്നു. കത്തുകളിലൂടെയും അപൂർവമായി ഫോണിലൂടെയും തുടച്ചയായി ബന്ധം പുലർത്തി. അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത് ‘പൂമ്പാറ്റ’യിൽ വന്നതിന് ശേഷമാണ്, 1982-ൽ. ‘പൈമാം’ (ഞങ്ങൾ വിളിച്ചിരുന്നത് അങ്ങനെയാണ്) എറണാകുളത്ത് ആദ്യമായി ‘അമർ ചിത്രകഥ ക്വിസ്സ്’ നടത്തുവാൻ വന്നപ്പോഴായിരുന്നു ആ കണ്ടുമുട്ടൽ. അന്ന് അദ്ദേഹത്തിൻ്റെ ഭാര്യ ലളിതാ പൈയും ഒപ്പമുണ്ടായിരുന്നു.

അനന്തപൈ എന്ന നാമം ഒരു പക്ഷേ ഇൻഡ്യൻ ചിത്രകഥാ ലോകത്തിന്റെ പര്യായം എന്നു തന്നെ പറയാം. ‘കപീഷി’ന്റെയും ‘ശിക്കാരി ശംഭു’വിന്റെയും സ്രഷ്ടാവ് അദ്ദേഹമാണ്. മംഗലാപുരത്തെ കർക്കലയിൽ വെങ്കടരായയുടെയും സുശീല പൈയുടെയും മകനാണ് അനന്ത് പൈ. ബാലപ്രസിദ്ധീകരണത്തിലും കോമിക്സിലും താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം ആദ്യം മാനവ് എന്ന പേരിൽ കുട്ടികളുടെ ഒരു മാസിക തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് പൈ, ടൈംസ് ഓഫ് ഇന്ത്യയുടെ ‘ബുക്ക്സ് ഡിവിഷ’നിൽ ജൂനിയർ എക്സിക്യൂട്ടീവ് ആയി ജോലി ആരംഭിച്ചു. ‘മാൻ‌ഡ്രേക്ക്’, ‘ദി ഫാന്റം’ തുടങ്ങിയ കോമിക്ക്സ് പരമ്പരകൾ പ്രസിദ്ധീകരിക്കുന്നതിലൂടെ പ്രശസ്തമായ ‘ഇന്ദ്രജൽ കോമിക്സ്’ എന്ന പ്രസിദ്ധീകരണ പരമ്പര ‘ടൈംസ് ഓഫ് ഇന്ത്യ’ ഗ്രൂപ്പ് തുടങ്ങിയപ്പോൾ അദ്ദേഹത്തിനെ അതിന്റെ സുപ്രധാന ചുമതലകളിൽ ഉൾപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ‘ടൈംസ് ഓഫ് ഇന്ത്യ’ പ്രസിദ്ധീകരിച്ച വിദേശ കോമിക്കുകൾ വളരെ പെട്ടന്ന് വിപണി പിടിച്ചടക്കി.

അനന്ത പൈ

കുട്ടികളുടെ ഇടയിൽ അദ്ദേഹം അങ്കിൾ പൈ എന്നാണ് അറിയപ്പെട്ടിരുന്നത്. പുരാണങ്ങളും നാടോടിക്കഥകളും കുട്ടികളെ പഠിപ്പിക്കാന്‍ 1967-ലാണ്‌ പൈ ‘അമര്‍ചിത്രകഥയ്‌ക്ക്‌’ രൂപം നല്‍കുന്നത്‌. കുട്ടികളെ പാരമ്പരാഗത കഥകളും ഭാരതീയ ചരിത്രവും പഠിപ്പിക്കാന്‍ ചിത്രകഥയാണ്‌ നല്ലതെന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം ‘ടൈംസ്‌ ഓഫ്‌ ഇന്ത്യ’യിലെ ജോലി അവസാനിപ്പിച്ച്‌ ‘ഇന്ത്യാ ബുക്ക്‌ ഹൗസി’ന്റെ ജി. എല്‍. മിര്‍ഛന്ദാനിയുമായി ചേർന്ന് അമർ ചിത്രകഥ പ്രസിദ്ധീകരിക്കാൻ തുടങ്ങി. അങ്ങനെ, ഇന്ത്യന്‍ പുരാണങ്ങളും നാടോടിക്കഥകളും ചരിത്രസംഭവകഥകളും കോര്‍ത്തിണക്കി ‘അമർ ചിത്രകഥാ’ പരമ്പരയ്‌ക്ക്‌ തുടക്കമായി. പില്‍ക്കാലത്ത്‌ എല്ലാ ഇന്ത്യന്‍ ചിത്രകഥകളും ‘അമര്‍ചിത്രകഥ’ളെന്നു വിളിക്കപ്പെട്ടതും 400-ല്‍ അധികം അമര്‍ചിത്രകഥകളുടെ 90 ലക്ഷത്തിലധികം കോപ്പികള്‍ വിപണിയില്‍ വിറ്റഴിഞ്ഞതും ചരിത്രമാണ്.

ഓർമ്മചിത്രം : അനന്ത പൈ , എസ്സ് . വി. പൈ , ആർ . ഗോപാലകൃഷ്ണൻ

1970 ലാണ് മുംബൈ ആസ്ഥാനമാക്കി അനന്ത പൈ ‘രംഗ രേഖാ ഫീച്ചേസ്’ എന്ന കോമിക്‌സ് സിൻഡിക്കേറ്റിങ്ങ് സ്ഥാപനം തുടങ്ങിയത് . ‘രംഗ രേഖാ ഫീച്ചേസ്’ ചെയ്തു വന്നിരുന്ന കോമിക്‌സ് സ്ട്രിപ്പിലെ മുഖ്യകഥാപാത്രമായാണ് ‘കപീഷ്’ കാർട്ടൂൺ ലോകത്തേയ്ക്കെത്തുന്നത്. ഇതിൽപ്പെട്ട ആദ്യത്തെ കോമിക്‌സ് പ്രസിദ്ധീകരിച്ചത് 1976-ൽ കാർട്ടൂണിസ്റ്റ് ശങ്കർ സ്ഥാപിച്ച ‘ചിൽഡ്രൻസ് വേൾഡ്’ എന്ന ഇംഗ്ലീഷ് ബാലമാസികയിലാണ്. പിന്നീട് ഇത് ഇന്ത്യയിലെങ്ങുമുള്ള വിവിധ ഭാഷകളിലുള്ള ബാലമാസികകളിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനാരംഭിച്ചു. മലയാളത്തിൽ ഇതിന്റെ പ്രസിദ്ധീകരണ അവകാശം നേടിയ പൈകോ, അവരുടെ ‘പൂമ്പാറ്റ’യിൽ ആദ്യലക്കം മുതൽ പ്രസിദ്ധീകരിക്കാനാരംഭിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ മോഹൻദാസ് ആണ് ഇതിലെ ബഹുഭൂരിപക്ഷം ചിത്രങ്ങളും വരച്ചിട്ടുള്ളത്.

മോഹൻദാസ്

1980-ല്‍ അനന്ത പൈ ‘ടിങ്കിള്‍’ മാസിക കൂടി തുടങ്ങി. രാം വരീക്കറുടെ ‘ശുപ്പാണ്ടിയും’ വസന്ത്‌ ബി ഹാല്‍ബെ, ലൂയിസ്‌ ഫെര്‍ണാന്‍ഡെസ്‌ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ‘ശിക്കാരി ശംഭുവും’ ലൂയിസും പ്രദീപ്‌ സാഥേയും ഒരുമിച്ച ‘കാലിയയു’മൊക്കെ ടിങ്കിളിലൂടെ കഥപറഞ്ഞു. 2011 ഫെബ്രുവരി 24 ന് തന്റെ എൺപത്തിയൊന്നാം വയസ്സിൽ ഹൃദയ സ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.

പൈകോ ക്ലാസിക്സ് തുടങ്ങിയത് എന്നായിരുന്നു?

1985 മാർച്ച് മൂന്നിന് എം. ടി വാസുദേവൻ നായരാണ് പൈക്കോ ക്ലാസിക്സ് ലോഞ്ച് ചെയ്തത്. പൈക്കൊ ക്ലാസിക്സിന്റെ സാംസ്കാരിക പരിപാടിയും പൈക്കോ ക്ലാസിക് പ്രകാശവും അന്ന് നടന്നു. തകഴി, ലളിതാംബിക മാധവിക്കുട്ടി തുടങ്ങിയ പ്രമുഖർ ഉണ്ടായിരുന്നു. ആ വേളയിൽ തകഴിച്ചേട്ടൻ പറഞ്ഞത് ഞാനിന്നും ഓർക്കുന്നു, ‘കമലദാസ് എന്ന മാധവിക്കുട്ടിയെ ഞാൻ ആദ്യമായി കാണുന്നത് ഇന്നാണ്’.

എന്നു മുതൽക്കാണ് താങ്കൾ പൂമ്പാറ്റയുടെ എഡിറ്റർ ആവുന്നത്? എത്രകാലം എഡിറ്ററുടെ ചുമതലയിൽ ഉണ്ടായിരുന്നു ?

1982 ലാണ് ഞാൻ പൂമ്പാറ്റയുടെ എഡിറ്ററായി പൈക്കോയിൽ എത്തുന്നത്. അതിനുമുൻപ് പൂമ്പാറ്റയുടെയും, പൂമ്പാറ്റ അമർചിത്രകഥയുടെയും എഡിറ്റർ എൻ. എം മോഹനൻ ആയിരുന്നു. എനിക്ക് ആദ്യം ലഭിച്ചത് പൈക്കോ ക്ലാസിക്സ്, സിന്ദൂരം എന്നീ പ്രസിദ്ധീകരണങ്ങളുടെ ചുമതലകൾ ആയിരുന്നു. രണ്ടുമാസം കഴിഞ്ഞപ്പോൾ മോഹനൻ മലയാള മനോരമയുടെ ബാലപ്രസിദ്ധീകരണമായ ബാലരമയിൽ ചേർന്നു. ആ സാഹചര്യത്തിലാണ് ഞാൻ പൂമ്പാറ്റയുടെയും അമർചിത്രകഥയുടെയും ചുമതല ഏറ്റെടുക്കുന്നത്.1986 വരെ അത് തുടർന്നു.

അന്ന് പൂമ്പാറ്റയിലുണ്ടായിരുന്ന സഹപ്രവർത്തകർ ആരൊക്കെയായിരുന്നു ?

തികച്ചും ശൂന്യമായ ഒരു അവസ്ഥയിലായിരുന്നു ഞാൻ പൂമ്പാറ്റയുടെ ചാർജെടുത്തത്. പൂമ്പാറ്റയുടെ എഡിറ്റർ ഉൾപ്പെടെയുള്ളവർ മലയാള മനോരമയുടെ ‘ബാലരമ’യിലേക്ക് ചേക്കേറി. സീനിയറായിട്ടുള്ള ഒരു ആർട്ടിസ്റ്റ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ആ ഒരു സാഹചര്യത്തിൽ പരിഭ്രമമായിരുന്നു ആദ്യം. പബ്ലിക്കേഷൻസിന്റെ മത്സരങ്ങളെപ്പറ്റി അന്നത്ര അറിഞ്ഞുകൂടാ. വിപണിയെപ്പറ്റി പരീക്ഷണത്തിലൂടെയേ പഠിക്കാൻ പറ്റു. പക്ഷേ ഒന്നുറപ്പിച്ചു . പൂമ്പാറ്റയുടെ എഡിറ്റർ മാറിയത് കുട്ടികളറിയേണ്ട കാര്യമല്ല. തുടക്കത്തിൽ വലിയ പരിഷ്കാരങ്ങൾക്കൊന്നും പോയില്ല. മുൻപുണ്ടായിരുന്ന സ്റ്റാറ്റസ് നിലനിർത്താനാണ് ശ്രമിച്ചത്. ആദ്യം സബ് എഡിറ്റർമാരെ കണ്ടെത്തി. ഒരാൾ വേണു വാര്യത്താണ്. മറ്റൊരാൾ ഉദയലാൽ. കെ ജി വാസു എന്നൊരു ആർട്ടിസ്റ്റ് ഉണ്ടായിരുന്നു. പൂമ്പാറ്റയിൽ നിന്നും പോരുന്ന കാലത്തു ഷമ്മി ജോൺ,കെ ജി വാസു എന്നിവർ ഉണ്ടായിരുന്നു.

അന്ന് പൂമ്പാറ്റയിൽ എഴുതിയിരുന്ന പ്രശസ്തരായ വ്യക്തികൾ ആരൊക്കെയായിരുന്നു?

കെ. രാധാകൃഷ്ണൻ, കെ. വി രാമനാഥൻ മാഷ്, സിപ്പി പള്ളിപ്പുറം, പി.എ ശങ്കരനാരായണൻ, ലക്ഷ്മി ദേവി എന്നിങ്ങനെ ധാരാളം പേരുണ്ടായിരുന്നു. കെ. രാധാകൃഷ്ണൻ ഞങ്ങൾക്ക് നോവൽ ( ഭൂപതിക്കോട്ട )എഴുതി തന്നിരുന്നു. വീരരസമുള്ള നോവലുകളാണ് അദ്ദേഹം എഴുതിയിരുന്നത്, വളരെ കഴിവുള്ള ആളായിരുന്നു. സിപ്പി പള്ളിപ്പുറവും കഥകളും കവിതകളും എഴുതിയിരുന്നു.

പൂമ്പാറ്റയിലെ സ്ഥിരം പംക്തികൾ അല്ലാതെ മറ്റ് ഉള്ളടക്കങ്ങൾ ശേഖരിച്ചിരുന്നത് എങ്ങനെയാണ്?

ബാലകഥകളും കവിതകളും വായിക്കുമ്പോൾ വളരെ ലളിതമാണെന്നു തോന്നും. പക്ഷേ ഇത് വളരെ ലളിതമായ ഒരു സംഗതിയല്ല. എൺപത് ശതമാനം കണ്ടന്റും എഡിറ്റോറിയൽ ഡെസ്ക് എഴുതി ഉണ്ടാക്കുന്നതാണ്. പിന്നെ പ്രശസ്ത എഴുത്തുകാരുടെ എക്സ്ട്രാക്ടുകൾ കൊടുക്കുമായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങി മലയാളത്തിലെ എഴുത്തുകാരൊക്കെ ഞങ്ങളുമായി നല്ല സൗഹൃദം പുലർത്തിയിരുന്നു.

താങ്കൾ എഡിറ്റോറിയൽ ചുമതലകളിൽ നിന്നു ഒഴിഞ്ഞ ശേഷം പൂമ്പാറ്റയുടെ ഭാവി എങ്ങനെയായിരുന്നു ?

ഞാൻ ‘പൂമ്പാറ്റ’ വിട്ടു അഞ്ചാറ് വർഷം കഴിഞ്ഞപ്പോൾ പൈ സാർ ഹൃദ്രോഗം വന്നു ദീഘകാലം ഓഫീസിൽ നിന്ന് മാറിനിന്നു. അന്ന് ‘പൂമ്പാറ്റ’യുടെ എഡിറ്റോറിയൽ ചുമതലകൾ വഹിച്ചിരുന്നത് കെ. എൽ. മോഹനവർമ്മയായിരുന്നു. പിന്നീട് പൈക്കോ അച്ചടിശാലയിൽ ചില തൊഴിൽ പ്രശ്നങ്ങളും ഉണ്ടായി. ആ സാഹചര്യത്തിൽ പ്രസ്സുകൾ ഓരോന്നായി പൂട്ടാനും അവസാനം ‘പൂമ്പാറ്റ’ നിർത്തുവാനും തീരുമാനിക്കുകയായിരുന്നു. അതുകഴിഞ്ഞു ഏറെ കഴിയും മുമ്പ്, 1990 നവംബർ ഒന്നിന് പൈസാർ അന്തരിച്ചു. മക്കൾ മനോജ്, ദിനേശ്, അജയ് എന്നിവർ മറ്റു പൈക്കോ സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടുപോയി. ഇപ്പോൾ ദിനേശും അജയയും ചേർന്ന് സ്ഥപനം മുന്നോട്ടുകൊണ്ടു പോകുന്നു. ‘പൈക്കോ ക്ലാസിക്’ പോലുള്ള പുസ്തക പരമ്പരകൾ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നു.

‘പൂമ്പാറ്റ’യുടെ എഡിറ്റർ ആവുന്നതിനു മുൻപുള്ള താങ്കളെപ്പറ്റി പറയാമോ?

തൊടുപുഴയ്ക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അവിടെത്തന്നെയുള്ള എൻ.എസ്.എസ് ഹൈസ്കൂളിലാണ് പഠിച്ചത്. തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് മാത്തമാറ്റിക്സിൽ ഗ്രാജുവേഷൻ എടുത്തതിനുശേഷം ജേണലിസം പഠിക്കാനായി കോഴിക്കോട്ടേക്ക് പോയി. പക്ഷേ അത് പൂർത്തിയാക്കാൻ സാധിച്ചില്ല. അക്കാലത്ത് പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. പ്രൊഫസർ എം കെ പ്രസാദിനൊപ്പം സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിൽ എളിയ രീതിയിൽ ഞാനും പങ്കാളിയായി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ബുക്ക് പ്രൊഡക്ഷനും മാഗസിൻ എഡിറ്റിങ്ങും ഒക്കെ അനൗപചാരികമായി ചെയ്തിരുന്നു. അതിനുശേഷം ആണ് ഒരു തൊഴിൽ അന്വേഷിക്കണം എന്നൊരു താല്പര്യം വന്നത്. ചിൽഡ്രൻസ് മാഗസിനിൽ കുട്ടികൾക്കുവേണ്ടി എഴുതാൻ ഒരു താല്പര്യം എനിക്കുണ്ടായിരുന്നു. ആദ്യമായി ജോലി കിട്ടുന്നത് പൈക്കോ പൂമ്പാറ്റയിലാണ്.

പൂമ്പാറ്റ വിട്ടതിനു ശേഷം ഏതൊക്കെ മേഖലയിലാണ് പ്രവർത്തിച്ചത് ?

പൂമ്പാറ്റ പബ്ലിക്കേഷൻസിന്റെ ആറു വർഷത്തെ പ്രവർത്തനം കഴിഞ്ഞപ്പോൾ പുതിയ മേഖലകളിലേക്ക് പോകണമെന്ന തോന്നൽ ഉണ്ടായി. കുറച്ചുകൂടി വിപുലമായ പ്രവർത്തനം ആഗ്രഹിച്ചത് കൊണ്ടും ആ സ്ഥാപനത്തിന് അതിനുള്ള ഒരുക്കങ്ങളോ പശ്ചാത്തലമോ ഒന്നും കൈവരാത്തതുകൊണ്ടും പിന്നെ അവിടെനിന്നും റിസൈൻ ചെയ്തു. 1970കളുടെ തുടക്കത്തിൽ എസ് പി സി എസ് (SPCS) പി ടി ഭാസ്കര പണിക്കർ എഡിറ്റർ ആയി മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വിശ്വവിജ്ഞാന കോശം ഇറക്കിയിരുന്നു. 15 വർഷം പിന്നിട്ടപ്പോൾ അത് കുറച്ചുകൂടി വിപുലപ്പെടുത്തി രണ്ടാം പതിപ്പിറക്കി. അങ്ങനെ രണ്ടാം പതിപ്പിനെ ചുമതല എനിക്ക് കിട്ടി ചീഫ് എഡിറ്റർ എസ്സ് . ഗുപ്തൻ നായർ ആയിരുന്നു. എഡിറ്റോറിയൽ ബോർഡിന്റെ ചെയർമാനായി വന്നത് എൻ വി കൃഷ്ണവാര്യരാണ്. അന്ന് അദ്ദേഹം കുങ്കുമത്തിന്റെ ചുമതലയ്ക്ക് ശേഷം മാതൃഭൂമിയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന് സമ്പൂർണ്ണമായ അറിവുണ്ട്. ബുക്ക് പബ്ലിഷിങ്ങും എഡിറ്റിങ്ങും ജേർണലിസത്തിന്റെവ്യത്യസ്തമായ ഒരു മേഖല ആയതുകൊണ്ട് അതിനെക്കുറിച്ച് പഠിക്കേണ്ടി വന്നു. എൻസൈക്ലോപീഡിയ എന്താവണം എന്തായിരിക്കരുത് എന്ന് പഠനം നടത്തിയിട്ടാണ് ഞാൻ വിശ്വവിജ്ഞാന കോശത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി ചാർജ് എടുക്കുന്നത്. അന്ന് പുസ്തക നിർമ്മാണത്തിൽ വന്ന ഒരുപാട് മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതായിട്ടുണ്ടായിരുന്നു. ഡിറ്റിപി എന്ന കമ്പ്യൂട്ടർ സെറ്റപ്പിനു പകരം ഫോട്ടോ ടൈപ്പ് സെറ്റിങ് ആയിരുന്നു. അതിന് അതിന്റേതായ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും ക്ലാരിറ്റി ഉണ്ടായിരുന്നു.

ആർ . ഗോപാലകൃഷ്ണൻ

രണ്ടുതരത്തിലുള്ള വെല്ലുവിളികൾ അന്നുണ്ടായിരുന്നു. ഒന്നാമതായി മലയാളത്തിൽ ലേഖനങ്ങളും നിരൂപണങ്ങളും കൂടുതലുണ്ടായിരുന്നെങ്കിലും വിജ്ഞാന കോശത്തിന്റെ വ്യാകരണം അറിയുന്നവർ അന്ന് മലയാളത്തിൽ കുറവായിരുന്നു. ഒരു സാഹിത്യകാരന്റെ ബയോഡേറ്റ വിജ്ഞാന കോശത്തിൽ വരണമെങ്കിൽ അദ്ദേഹം ഇംപാർഷ്യൽ ആയിരിക്കണം. വ്യക്തിപരമായ നിരീക്ഷണങ്ങൾ പാടില്ല. അതുപോലെ ശാസ്ത്രം വായനക്ഷമമായി എഴുതാൻ കഴിയുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. അത് വെല്ലുവിളികളുടെ നാളുകൾ ആയിരുന്നു. അതെനിക്കു മാത്രമല്ല വിശ്വവിജ്ഞാന കോശം പോലെയുള്ള പുസ്തകങ്ങൾ തയ്യാറാക്കുന്ന എല്ലാവർക്കും ഉള്ള വെല്ലുവിളികൾ ആയിരുന്നു. വിജ്ഞാന കോശം ആദ്യത്തെ പതിപ്പിനെ പത്തു വോളിയം ഉണ്ടായിരുന്നു. രണ്ടാമത്തെ പതിപ്പ് ഡിറ്റിപി സംവിധാനത്തോടുകൂടി, ചിത്രങ്ങൾ ചേർത്ത്, പുതിയ ശീർഷകങ്ങൾ ധാരാളമായി ചേർത്ത്, അപ്ഡേറ്റ് ചെയ്ത് 12 വോളിയങ്ങളോടുകൂടിയാണ് ഇറങ്ങിയത്. എസ് പി സി എസ് വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഒരു കാലമായിരുന്നു അത്. അതുകൊണ്ട് വേണ്ട സമയത്ത് വിൽക്കാനോ അച്ചടിക്കാനോ കഴിഞ്ഞില്ല. ഒരുപാട് നാളുകൾക്ക് ശേഷമാണ് പന്ത്രണ്ടാം പതിപ്പ് പുറത്തുവന്നത്. പക്ഷേ അത് പൂർണ്ണമായിരുന്നു. അതായിരുന്നു എന്റെ രണ്ടാമത്തെ പ്രോജക്ട്.

വീക്ഷണം പത്രത്തിലും കുറച്ചു കാലം പ്രവർത്തിച്ചിരുന്നല്ലോ?

ഫ്രീലാൻസ് എഡിറ്റർ എന്ന നിലയിൽ കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട്. പല പ്രസിദ്ധീകരണങ്ങളിലും എഡിറ്റോറിയൽ കൺസൾട്ടന്റായി പ്രവർത്തിച്ചു അവർക്ക് വേണ്ട ഇൻപുട്ടുകൾ കൊടുത്തു. മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക്കേഷൻസിനു വേണ്ടി അതിന്റെ ഉടമ ശ്രീ വി.ജെ. ജോർജ് കുളങ്ങര ആവശ്യപ്പെട്ടതു പ്രകാരം ചില പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വീക്ഷണം പത്രത്തിന്റെ ഓണററി എഡിറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു. അഡ്മിനിസ്ട്രേറ്റീവ് ജോലികളും എഡിറ്റോറിയൽ ജോലികളും അവിടെ ഉണ്ടായിരുന്നു. കേരളത്തിൽ പഴയ സിലിണ്ടർ റോട്ടറി പ്രസ് എന്നുള്ള സങ്കേതത്തിൽ അച്ചടിച്ചിരുന്ന അവസാനത്തെ പത്രം ആണത്. 1971 ലാണ് അത് ഓഫ്സെറ്റ് അച്ചടിയിലേക്ക് മാറുന്നത്. പുതിയ ടെക്നോളജിയിലേക്കുള്ള സാങ്കേതിക മാറ്റവും പഴയ ജീവനക്കാർക്ക് വേണ്ടുന്ന പരിശീലനവും പ്രധാനമായിരുന്നു.

ചിത്രകലയിൽ താല്പര്യമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

ചിത്രകല തുടക്കം മുതൽ താല്പര്യമുള്ള വിഷയമായിരുന്നു. ചിത്രകാരന്മാരുമായി സൗഹൃദ ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. ചെറുപ്പകാലത്ത് ചിത്രങ്ങൾ വരച്ചിരുന്നു. വീക്ഷണം വാർഷിക പതിപ്പുകൾ ഉൾപ്പെടെ പല മാഗസിനുകളിലും ചിത്രകലാ നിരൂപണങ്ങൾ എഴുതിയിട്ടുണ്ട്.

കേരള ലളിതകലാ അക്കാദമിയുടെ സെക്രട്ടറിയായി ചാർജെടുത്തത് എന്നാണ്?

എന്റെ കരിയർ ഗ്രാഫിൽ നിന്നും വ്യത്യസ്തമായ ഒരു കാര്യമായിരുന്നു അത്. 2003ല്‍ കേരള ലളിതകലാ അക്കാദമിയുടെ സെക്രട്ടറിയായി സാംസ്കാരിക വകുപ്പ് മന്ത്രിഎന്നെ പരിഗണിച്ചു. അതൊരു മുഴുവൻ സമയ ജോലിയായിരുന്നു. മറ്റു സംഘടനകൾ പോലെയല്ല. അവിടെ ഒരു കമ്മിറ്റിയുണ്ട്, ഗവർണിങ് കൗൺസിൽ ഉണ്ട്, സർക്കാർ ഉണ്ട്. ദൈനംദിന കാര്യങ്ങൾ നോക്കുകയും അവിടുത്തെ അസറ്റുകളുടെയും ചെലവുകളുടെയും ഉത്തരവാദിത്വം വഹിക്കുകയും ചെയ്യുന്നത് സെക്രട്ടറിയാണ്. മറ്റു ജോലികൾ ഒന്നും ഏറ്റെടുക്കാൻ സമയം കിട്ടില്ല. അത്രയധികം ഉത്തരവാദിത്വമുള്ള ജോലിയായിരുന്നു. എന്റെ ടേം തീരുന്നതിനുമുമ്പ് 2006 – ൽ ആസ്ഥാനം ഒഴിഞ്ഞു. പിന്നീട് സംസ്കൃത സർവകലാശാലയുടെ പബ്ലിക്കേഷൻസിൽ സീനിയർ പബ്ലിക്കേഷൻ ഓഫീസർ ആയി ചാർജ്ജ് എടുത്തു.

സാഹിത്യ അക്കാദമി കാലഘട്ടം ഒന്നു വിശദീകരിക്കാമോ?

2011ൽ ആണത്. സാഹിത്യ അക്കാദമിയിൽ സെക്രട്ടറിയായി 2016ൽ വിട്ടു. പിന്നീട് ഒരു റിട്ടയേർഡ് ലൈഫ് ആണ്.

അക്കാദമിയുമായി ബന്ധപ്പെട്ട് ഓർമ്മയിലുള്ള നല്ല മുഹൂർത്തങ്ങളും തീരുമാനങ്ങളും എന്തൊക്കെയായിരുന്നു ?

എന്റെ ജീവിതത്തിലെ ഏറ്റവും നല്ലകാലം പൂമ്പാറ്റ എഡിറ്റർ ആയിരുന്നതും സാഹിത്യ അക്കാദമിയിലെ പ്രവർത്തനകാലവും ആയിരുന്നു. സാഹചര്യങ്ങളുടെ മികവുകൊണ്ടും പ്രവർത്തന മികവുകൊണ്ടും തിളക്കമേറിയ കാലമായിരുന്നു അത്. അക്കാദമിയിൽ അവാർഡുകളെ സംബന്ധിച്ച കാര്യങ്ങളൊക്കെ കോൺഫിഡൻഷ്യലാണ്. ചില നല്ല മുഹൂർത്തങ്ങൾ മനസ്സിൽ വേറിട്ട് നിൽക്കുന്നു.

ഒന്ന്, കമലസുരയ്യയുടെ സ്മാരകമാണ്. സ്വന്തം സ്വത്തിന്റെ ഒരു ഭാഗം സാഹിത്യ അക്കാദമിക്ക് സമർപ്പിച്ചിട്ടാണ് കമല സുരയ്യ നിര്യാതയായത്. അതിനുശേഷം ആ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടന്നിരുന്നില്ല. ഒരു സ്മാരകം പണിയണമെന്ന് തീരുമാനം ഉണ്ടായിരുന്നു. ഫണ്ട് പൂർണ്ണമായും ലഭിച്ചിരുന്നില്ല. 2009ൽ അവർ മരിക്കുമ്പോഴും ചെറിയൊരു തുക മാത്രമാണ് ലഭിച്ചത് . അക്കാദമിയുടെ നിലവിലെ സാഹചര്യം എന്താണെങ്കിലും കമലാദാസിന്റെ പൈതൃക സ്വത്തിന്റെ ഒരു ഭാഗം അക്കാദമിയിൽ നിക്ഷിപ്തമായിരിക്കെ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താതിരിക്കരുതെന്ന് ഞാനും എന്റെ സഹപ്രവർത്തകരും തീരുമാനിച്ചു. അന്ന് ശ്രീ. പെരുമ്പടവും ശ്രീധരൻ ആയിരുന്നു പ്രസിഡന്റ്. ഞങ്ങൾ അതിൽ ഏക അഭിപ്രായക്കാരായിരുന്നു. ഒന്നോ രണ്ടോ വർഷത്തെ ഞങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും മറ്റു പ്രവർത്തനങ്ങൾക്കും കിട്ടുന്ന ഫണ്ടിൽ നിന്ന് ഒരു ഭാഗം മിച്ചം പിടിച്ചു ഇതിനുവേണ്ടി ചെലവഴിക്കാനുള്ള തീരുമാനം വിജയിച്ചു. മനോഹരമായ ഒരു മൂന്നു നില കെട്ടിടം പണികഴിപ്പിച്ചു. ചുറ്റുമതിൽ ഉണ്ടാക്കി. സർപ്പക്കാവും കുളവും ആയിരുന്നു പ്രധാനമായി ഉണ്ടായിരുന്നത്. കുളം കെട്ടിയെടുത്ത് മനോഹരമാക്കി. സർപ്പക്കാവിൽ ദൈനംദിന പൂജകൾ നടത്താനുള്ള പരിശ്രമങ്ങൾ ഉണ്ടായി. എന്നാൽ അതിനെ എതിർക്കാനും അനുകൂലിക്കാനും ഒരുപാട് ആളുകൾ ഉണ്ടായി. പിന്നീട് സാമുദായിക സ്പർദ്ധയിലേക്ക് പോകുമെന്നുള്ളതുകൊണ്ട് വർഷത്തിലൊരു ദിവസം വീട്ടുകാർക്ക് അവിടെ പൂജ ചെയ്യാനായി അനുവദിക്കുകയും ചെയ്തു. പുന്നയൂർകുളത്തെ ബന്ധുക്കൾക്ക് അവിടെ വരാനുള്ള അനുവാദം കൊടുത്തു. പിന്നീട് അത് സംരക്ഷിത സ്ഥലമായി സൂക്ഷിക്കുകയും ചെയ്തു. ആ കുടുംബത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരെ സംസ്കരിച്ചിരിക്കുന്നതും അവിടെ തന്നെയാണ്. അവിടെ ഒരു കോൺഫറൻസ് ഹാളും കമലാദാസ് തന്ന- അവർ ഉപയോഗിച്ചിരുന്ന കട്ടിൽ, മേശ, ഫ്രിഡ്ജ് തുടങ്ങിയ വസ്തുക്കളും ഉണ്ട്. അവരുടെ ജീവിതത്തിലെ അനർഘനിമിഷങ്ങൾ (ആൽബം) തന്നത് അവരുടെ അനുജത്തി ഡോക്ടർ സുലോചന നാലപ്പാട് ആണ്. ഫോട്ടോകൾ വലിയ പ്രിന്റ് എടുത്ത് ഭംഗിയായി ഫ്രെയിം ചെയ്തു വച്ചു.

മറ്റൊരു ദീപ്തമായ ഓർമ്മ ഡോക്ടർ സുകുമാർ അഴീക്കോടിന്റെ സ്മാരകമാണ്. അദ്ദേഹത്തിന്റെ വീടും സ്ഥലവും സഹോദരന്റെയും സഹോദരിയുടെയും മക്കൾക്ക് എഴുതിവയ്ക്കുകയും കുറച്ചു സ്വത്തുക്കൾ അദ്ദേഹത്തിന്റെ ഡ്രൈവർക്ക് എഴുതി വയ്ക്കുകയും ചെയ്തിരുന്നു. അത് സാംസ്കാരിക വകുപ്പ് നേരിട്ട് വിലകൊടുത്തു വാങ്ങി സാഹിത്യ അക്കാദമിക്ക് നൽകി. അദ്ദേഹത്തിന്റെ വീടിന്റെ രണ്ടാം നിലയിൽ ചിന്നി ചിതറി കിടക്കുകയായിരുന്നു പുസ്തകങ്ങൾ. അവ ശേഖരിച്ചു. അനേകം റാക്കുകൾ വാങ്ങി, ലൈബ്രറിയിലെ സാങ്കേതിക വൈദഗ്ധ്യം ഉള്ളവരെ കൊണ്ട് അവ ക്ലാസിഫൈ ചെയ്തു വച്ചു. സന്ദർശകർക്ക് സുകുമാർ അഴീക്കോട് ഉണ്ടായിരുന്ന കാലത്തെ പ്രദർശിപ്പിക്കാൻ ശ്രമിച്ചു, വിജയം കണ്ടു. ഞങ്ങൾ ഏറ്റെടുക്കുന്നതിന് മുൻപുള്ള ഗ്യാപ്പിൽ അവയിൽ നിന്നും പലതും നഷ്ടപ്പെട്ടിട്ടുണ്ടാവാം. പക്ഷേ ലഭ്യമായതെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അത് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

മറ്റൊന്ന് അവാർഡും വിവാദങ്ങളും പരിഭവങ്ങളും ആണ്. അവ എല്ലാ കാലങ്ങളിലും ഉണ്ട്. പക്ഷേ ഇവയൊക്കെ നന്നായി നിർവഹിക്കാനായി എന്നൊരു ചാരിതാർത്ഥ്യം ഇപ്പോഴുണ്ട്.

കേരളത്തിൽ കോമിക് സംസ്കാരം തുടങ്ങുന്നത് പൂമ്പാറ്റയിൽ നിന്നാണെന്ന് പറയാം. ഇന്ന് കാണുന്ന മറ്റെല്ലാ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളും പൂമ്പാറ്റയ്ക്കു ശേഷം പിറവിയെടുത്തതാണ് . പൂമ്പാറ്റയിൽ കൂടി വളർന്ന മലയാള ബാലസാഹിത്യം / കോമിക് ഇന്ന് എവിടെയെത്തി നിൽക്കുന്നു ? ഈ കാലഘട്ടം ഒന്ന് വിശദീകരിക്കാമോ ?

തീർച്ചയായും. കോമിക്സ് വായനയുടെ ഒരു ഭാഗം തന്നെയാണ്. കൊച്ചുകുട്ടികൾ കഥ കേൾക്കുന്നത് വളരെ നല്ലതാണ്. വായന എക്കാലത്തും പരിമിതമായ ആൾക്കാരുടെ പാഷനാണ്. മുൻപ് കോമിക്സുകൾ വന്നിട്ടുണ്ടെങ്കിലും അതൊരു പ്രധാന വായന സംസ്കാരമായി വളർത്തിയെടുത്തത് പൂമ്പാറ്റയാണ്. അന്ന് പൂമ്പാറ്റയെ ചെറുതാക്കി കാണിക്കാൻ വേണ്ടി ചിലർ പറഞ്ഞു കോമിക്സ് സംസ്കാരം കുട്ടികൾക്ക് പറ്റില്ല, അത് തെറ്റാണ് എന്ന്. എന്നാൽ ഞാൻ പറയുന്നു വേൾഡ് ക്ലാസിക്സ് കോമിക്സ് ആയി വായിച്ചവർ പിന്നീട് വേൾഡ് ക്ലാസിക് മുഴുവനായി വായിക്കും. ഐ.എ.എസ്, ഐ.എഫ്. എസ് ഉദ്യോഗസ്ഥർ പലരും കുട്ടിക്കാലത്ത് അവരുടെ വായനയെ ഇവ പരിപോഷിപ്പിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് കോമിക്സ് അധികം കൊടുക്കാതിരുന്ന ചില ബാല പ്രസിദ്ധീകരണങ്ങൾ അവയുടെ സർക്കുലേഷൻ കുറഞ്ഞപ്പോൾ പറഞ്ഞുണ്ടാക്കിയതാണിത്. കുട്ടികളെ നല്ല വായനക്കാരാക്കാൻ കോമിക്സിന് വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്.

കാലാകാലങ്ങളിൽ പൂമ്പാറ്റയുടെ പ്രസിദ്ധീകരണ അവകാശം മാറിയിട്ടുള്ളതായി വായിച്ചിട്ടുണ്ട്. എന്തൊക്കെ മാറ്റങ്ങളാണ് ഇത് മൂലം ‘പൂമ്പാറ്റ’യിൽ സംഭവിച്ചിട്ടുള്ളത്?

പ്രസിദ്ധീകരണ അവകാശം മാറിയത് പൂമ്പാറ്റയെ ഒരിക്കലും മോശമായി ബാധിച്ചിട്ടില്ല എന്ന് വേണം പറയാൻ. ലാഭം കുറഞ്ഞപ്പോൾ പ്രസിദ്ധീകരിക്കാനുള്ള താല്പര്യം നഷ്ടപ്പെട്ടു. ഏറ്റെടുക്കുന്ന കമ്പനിയുടെ കണ്ടെന്റും മാർക്കറ്റിംഗും ഒക്കെ മേന്മയുള്ളതായിരിക്കണം. പി എ വാര്യരുടെ കാലത്തും, സിത്താര പബ്ലിക്കേഷൻസിന്റെ കാലത്തും ഉണ്ടായിരുന്നതിനേക്കാൾ പ്രസിദ്ധീകരണ മേന്മ പൈക്കോയുടെ കാലത്തുണ്ടായിരുന്നു എന്നു പറയാതെ വയ്യ. മാർക്കറ്റിംഗ് പ്രശ്നമല്ല കണ്ടന്റിന്റെ പ്രശ്നമാണ് തകർച്ചയുടെ കാരണം എന്ന് പറയാം. കണ്ടന്റും മാർക്കറ്റിംഗും തോളോട് തോൾ ചേർന്നു പോകണം.

കുട്ടികൾക്കുവേണ്ടി എഴുതിയ പുസ്തകങ്ങൾ ഏതൊക്കെയാണ്? ഈയിടെ ബാലകഥകളുടെ പുനരാഖ്യാനം’ ‘കഥാദൂരദർശിനി’ ഇറങ്ങിയല്ലോ.

നാല് ബാലസാഹിത്യ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘കഥാ ദൂരദർശിനി’, ‘മോഡേൺ പഞ്ചതന്ത്രം’, ‘ബാലതേജസ്വികൾ’ ‘അവർക്കും അടവറിയാം’, ‘ മനസ്സിലെ ചന്ദ്രകളഭം’ ( ജീവചരിത്ര പുസ്തകം).

‘പൂമ്പാറ്റ മാഗസിൻ’ എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പ് വളരെ ആക്ടിവ് ആയി കാണാം. അതെപ്പറ്റി എന്താണ് അഭിപ്രായം ?

2017 ലാണ് റോബിൻ ജോർജ്ജ് ‘പൂമ്പാറ്റ മാഗസിൻ’ എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് ആരംഭിക്കുന്നത്. അഞ്ചംഗങ്ങളോടെ ആരംഭിച്ച ഗ്രൂപ്പ് ഇപ്പോൾ 37 ,000 ൽ അധികം അംഗങ്ങളുമായി മുന്നോട്ട് പോകുന്നു. പൂമ്പാറ്റയുടെ പഴയ ലക്കങ്ങളുടെ വിവരങ്ങളും പൂമ്പാറ്റയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ ഓർമ്മകുറിപ്പുകളും അവരെപ്പറ്റിയുള്ള വിവരങ്ങളും അന്നത്തെ പൂമ്പാറ്റയുടെ വായനക്കാരുടെ അനുഭവങ്ങളും ഒക്കെയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത്. ഈ ഡിജിറ്റൽ യുഗത്തിൽ വരും തലമുറയ്ക്ക് വേണ്ടി ഇത്തരം ഒരു ഉദ്യമം തുടങ്ങി വിജയത്തിലെത്തിച്ചത് വളരെ നല്ല കാര്യമാണ്. ഗ്രൂപ്പ് വളരെ സജ്ജീവമായി മുന്നോട്ട് പോകുന്നു. അന്നത്തെ കാലത്തെ അനുഭവങ്ങളും സംഭവങ്ങളുമൊക്കെ ഞാനും ആ ഗ്രൂപ്പിൽ എഴുതാറുണ്ട്.

കുടുംബത്തെപ്പറ്റി പറയാമോ ?

ഹരിപ്പാട് സ്വദേശിനി ഗീതയാണ് ഭാര്യ. 1957ലെ ആദ്യത്തെ കേരള നിയമസഭയിൽ അംഗമായിരുന്ന ചെങ്ങളത്ത് രാമകൃഷ്ണപിള്ളയുടെ ഇളയ മകളാണ് ഗീത. മകൾ ഗൗരിയും മരുമകൻ അശ്വിനും ലണ്ടനിൽ ആയിരുന്നു. ഇപ്പോൾ എറണാകുളത്ത് താമസിക്കുന്നു.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.