കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത . ആർ രാജശ്രീ
പരമ്പരാഗതരൂപഘടനയെ ശിഥിലീകരിച്ച് ഗൂർണിക്കയിൽ പിക്കാസോ വരഞ്ഞിട്ട രൂപങ്ങൾക്ക് ഒരു കാലഘട്ടത്തിന്റെ അരാജകത്വത്തെയും സങ്കീർണതയെയും സംവേദനം ചെയ്യാൻ കഴിഞ്ഞു. നിലനിന്നിരുന്ന രൂപശില്പത്തെ ഉടച്ചുവാർത്ത് സൃഷ്ടിച്ച ക്ഷേത്രഗണിതരൂപങ്ങൾ ആസ്വാദനം കാര്യക്ഷമമാക്കുകയും കാഴ്ചക്കാരന്റെ മാനസികഭാവങ്ങളോട് താദാത്മ്യം പ്രാപിക്കുകയും ചെയ്തു . നാളിതുവരെ നാം പരിചയപ്പെട്ട ആവിഷ്കാരത്തിന്റെ പല തലങ്ങളെ ഉരുക്കിയെടുത്ത് പുതിയ അച്ചിൽ ആർ. രാജശ്രീ “കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത” പറഞ്ഞിരിക്കുന്നു . സാധാരണജീവിതാഖ്യാനം തന്നെയാണ് പ്രമേയമെങ്കിലും പരിചരണത്തിലും അവതരണത്തിലും നോവൽ വ്യത്യസ്തത പുലർത്തുന്നു. കുടുംബജീവിതത്തിൽ സ്ത്രീ അനുഭവിക്കുന്ന ലൈംഗീക അസംതൃപ്തിയുടെ തുറന്നെഴുത്താണ് ഈ നോവൽ. കാലങ്ങളായി പുരുഷാധികാരത്തിന് വിധേയപ്പെട്ട സ്ത്രീഭാവം തുറന്നുപറയാൻ മടിച്ചതൊക്കെ ഈ നോവലിലെ പെണ്ണുങ്ങൾ വിളിച്ചു പറയുന്നു. സാമൂഹിക മാധ്യമത്തിൽ നോവലിന് ലഭിച്ച സ്വീകാര്യത മാറിക്കൊണ്ടിരിക്കുന്ന പൊതുബോധത്തിന് തെളിവാണ്.
അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ട അനേകം സ്ത്രീ പുരുഷന്മാരുടെയും ജീവിതാഖ്യാനമാണിത് . പുരുഷന്റെ ചിന്തയിലും എഴുത്തിലും മാത്രം ഞെരുങ്ങി വെളിപ്പെട്ടിരുന്ന സ്ത്രൈണസത്തയെയും അവളുടെ ലൈംഗികചോദനകളെയുമാണ് മലയാളിക്ക് പരിചയമുള്ളത്. ഈ നോവലിൽ പെണ്ണിനെ കർത്തൃസ്ഥാനത്തുനിർത്തി ഇതൊക്കെ ആവിഷ്കരിക്കുന്നു. ആഖ്യാതാവ് ഇതിലെ പ്രധാന കഥാപാത്രമാണ്. അൻപതുവർഷം മുൻപുള്ള ഗ്രാമീണജീവിതം സമകാലജീവിതമായി ആസ്വദിക്കാനാവുന്നത് അഖ്യാനരീതിയുടെ സവിശേഷതകൊണ്ടാണ്. ആഖ്യാതാവ് ഒരേസമയം കാഴ്ചക്കാരനും കഥാപാത്രവും വിദൂഷകനും വിധികർത്താവും ചിലപ്പോഴൊക്കെ സൂത്രധാരനുമായി മാറുന്നു. ആഖ്യാതാവിന്റെ ഭാവം മാറുന്നതിനനുസരിച്ച് നോവലിലെ ഭാഷയും പല നിറങ്ങളുള്ള കുപ്പായങ്ങളണിയുന്നു. കഥപറച്ചിൽ ദൃക്സാക്ഷിവിവരണം ആകുന്നയിടങ്ങളിൽ എരിവും പുളിയും കൂട്ടുന്നതിന് വായനക്കാരുടെ സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് അഖ്യാതാവ് ചില വിശകലനങ്ങളും വിശദീകരണങ്ങളുമായി രംഗത്തെത്തുന്നു. അവിടെ രാഷ്ട്രീയപ്രത്യയശാസ്ത്ര അബദ്ധങ്ങളും ജനാധിപത്യത്തിലെ ഇരുട്ടു കൊണ്ടടയ്ക്കുന്ന ഓട്ടകളും വിവസ്ത്രമാക്കപ്പെടുന്നു.
ഹിസ് സ്റ്റോറിയിൽനിന്ന് ഹെർ സ്റ്റോറിയായി നോവലിൽ ചരിത്രം രൂപാന്തരപ്പെടുന്നു. ഗതകാലസംഭവങ്ങളുടെ ആവിഷ്കാരം നോവലിസ്റ്റുപേക്ഷിക്കുന്നു. ഓർത്തെടുക്കുന്ന അനുഭവങ്ങളുടെ പുനഃരെഴുത്തായി ആഖ്യാനം മാറുന്നു. പഴങ്കഥയിൽ തുറന്നെഴുത്തിന്റെ കൗതുകം സമം ചേർത്ത് ഭാഷയുടെ കണ്ണൂർരുചിയിൽ ചാലിച്ച് ഒരു പുതിയ രസക്കൂട്ട് നോവലിൽ നിർമിച്ചിരിക്കുന്നു. ജീവിതത്തിൽ വളയമില്ലാതെ ചാടുന്ന കുറെ മനുഷ്യരെ അവതരിപ്പിക്കുന്നു. അതിപരിചയത്താൽ പഴകിയ നോവൽസ്വരൂപങ്ങളെ തിരസ്കരിച്ച് ഫിക്ഷനെ പുനർനിർമ്മിക്കാൻ ആഖ്യാതാവിന് കഴിയുന്നു. ജീവിതത്തിന്റെ ഘടനാപരവും ശില്പപരവുമായ രൂപപദ്ധതിയെക്കുറിച്ച് അത്രയേറെ ആശങ്കപ്പെടേണ്ടതില്ലെന്നും സ്വയം ജീവിക്കാനാകുന്ന നിമിഷങ്ങളിൽ മാത്രമറിയുന്നതാണ് ജീവിതമെന്നും ആഖ്യാനരീതിയുടെ അവ്യവസ്ഥിതത്വം കൊണ്ട് വെളിപ്പെടുത്തുന്നു.
കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതം നോവലിൽ രണ്ട് സമാന്തരരേഖകൾ പോലെയാണ് . അവയുടെ നീളവും വീതിയും ആഴവും പരപ്പും വളവും തിരിവും താരതമ്യം ചെയ്യുന്നതിനൊപ്പം വായനക്കാരൻ തന്നെയും താനറിയുന്ന ജീവിതങ്ങളെയും അവയോട് കൂട്ടിമുട്ടിക്കുന്നു.
സ്വന്തം സ്വാതന്ത്ര്യത്തിന്റെ ആഴമളക്കാനുള്ള തോത് മറ്റൊരാളുടെ മടിക്കുത്തിൽ നിക്ഷേപിക്കാത്ത രണ്ടു പെണ്ണുങ്ങളാണ് കല്യാണിയും ദാക്ഷായണിയും. സ്വാതന്ത്ര്യം അവർക്ക് ആത്മാംശത്തിന്റെ ഭാഗമായിരുന്നു. കൃത്യമായി ഗോളടിക്കുകയും വേണ്ടിവന്നാൽ രണ്ട് സെക്കൻഡിൽ ഗോൾ മടക്കുകയും ചെയ്യുന്ന, തുള്ളിച്ചി എന്ന് സ്വന്തം അമ്മ വിളിക്കുന്ന കല്യാണി. നടക്കാനറിയാതെ ,ഒരു ജീവിതം മുഴുവൻ ഓടിയിട്ടും എവിടെയും തളരാത്തവൾ. കെട്ടെടുക്കലും വാർക്കപ്പണിയും നന്നായി വഴങ്ങുന്ന, ഉഴിഞ്ഞിടലും പരദൂഷണവും പാചകവും അല്പവും വഴങ്ങാത്ത കല്യാണി. സ്നേഹദ്വേഷങ്ങൾക്കും സ്വീകാരനിരാസങ്ങൾക്കും മീതേ പടർന്നു നിൽക്കുന്ന പെണ്ണ്. പാവാട പൊക്കി തുടയിൽ നുള്ളിയ മാഷിനെ “നീ പുയ്ത്തു പോവ്വടാ നായിന്റെ മോനേ “എന്നനുഗ്രഹിച്ചിട്ട് മൂന്നാം ക്ലാസിൽ നിന്നിറങ്ങിയ ദാക്ഷായണി. മോറൽ സപ്പോർട്ടിന് കൂടെയിറങ്ങിയ കല്യാണി. നാടൻലഹരിപതയുന്ന വീഞ്ഞായി ജീവിതത്തെ മോന്തിക്കുടിച്ചു വളർന്ന രണ്ട് പെണ്ണുങ്ങൾ!
കല്യാണിയേച്ചിക്ക് വലിയകോപ്പുകാരൻ നാരായണനാണ് പുരുവൻ . വിഭാവാനുഭാവാവ്യഭിചാരികളെല്ലാം ഒത്തു വന്നിട്ടും രസനിഷ്പത്തിയിലേക്കെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ക്വാളിഫൈയിങ്ങ് റൗണ്ട് പോലും കടക്കാൻ കഴിയാത്ത നനഞ്ഞ വിളക്കിത്തിരിയാണയാൾ. ദാക്ഷായണിക്ക് മദ്രാസിൽ ആണിക്കച്ചവടം നടത്തുന്ന കൊല്ലത്തുകാരനാണ് വരൻ. വിവാഹത്തോടുകൂടി അവളുടെ ശരീരത്തിന്റെയും മനസ്സിന്റെയും കൊടുക്കൽവാങ്ങലുകളുടെ ഓഡിറ്റർ തസ്തികയിൽ അയാൾ സ്വയം ചാർജെടുക്കുന്നു. കല്യാണി പിന്നിട്ട കൊടും വളവുകളിലൊന്നിന്റെ ഓരത്ത് പൂത്തുനിന്ന ചെമ്പരത്തിയാണ് കുഞ്ഞിപ്പെണ്ണ്. പട്ടാളക്കാരനിൽ വിടരാൻ കഴിയാതെ കല്ലിച്ചുപോയെങ്കിലും ചിത്രസേനന്റെ ചോരച്ചുവപ്പേറ്റുവാങ്ങി നാണിച്ചുപോയവളാണവൾ.
സാധാരണ മരണം അർഹിക്കാത്ത വിധം ഒരുസംഘം പെണ്ണുങ്ങൾ ഒന്നിച്ച് ചേയിക്കുട്ടിയിൽ ജീവിക്കുന്നു. പെറ്റവൾക്കുള്ള വേതുവെള്ളം മുറ്റത്ത് വെട്ടിത്തിളയ്ക്കുമ്പോൾ ഒരു കാരണവുമില്ലാതെ കിണറ്റിൽച്ചാടിച്ചത്ത വല്യേച്ചി, ഒരേ സമയം കല്യാണിക്ക് കല്ലും കുളവുമാകുന്ന ലക്ഷ്മണൻ, കല്യാണിയുടെ മകൻ ബിജു, കല്യാണിയേക്കാൾ അവൻ സ്നേഹിക്കുന്ന കൈസുമ്മ എന്നിങ്ങനെ നാട്ടുമ്പുറത്തിന്റെ ചൂരുള്ളവരാണ് എല്ലാവരും .
സ്ത്രീത്വത്തിന് മേൽ വേരുകളാഴ്ത്തി പൊതുബോധത്തിൽ പടർന്നുകയറിയ ആണധികാരത്തിന്റെ അർബുദകോശങ്ങളുടെ പ്രഭവസ്ഥാനം ലൈംഗികതയാണെന്ന് തിരിച്ചറിഞ്ഞു റേഡിയേഷൻ നൽകാനുള്ള ശ്രമമാണ് നോവലിസ്റ്റ് നടത്തുന്നത്. അവർ സൃഷ്ടിച്ച കഥാപാത്രങ്ങൾ അതിജാഗ്രതയോടെ അതിന് ഒപ്പം കൂടുന്നു.
പെണ്ണനുഭവങ്ങൾക്കപ്പുറത്ത് സമകാല ഇന്ത്യയുടെ രാഷ്ട്രീയഭൂപടവും കഥാകാരി നോവലിൽ വരച്ചിടുന്നുണ്ട്.ഇന്ത്യൻ രാഷ്ട്രീയത്തിലെ ആ കറുത്ത ദിവസത്തെ അടയാളപ്പെടുത്താനായി അബൂബക്കറിന്റെ ജീവിതക്കാഴ്ച്ചകളെ ബന്ധിപ്പിക്കുന്നുണ്ട്. ഡിസംബർ 6ന് അയോധ്യയിലെ തർക്ക മന്ദിരം തകർത്ത ദിവസം, ഇന്ത്യൻ മുസ്ലിമിന്റെ മനസ്സിലേക്ക് മണ്ണും കല്ലുമായി ചിതറി വീഴുന്ന ജനാധിപത്യത്തിന്റെ ചീളുകൾ മതേതരത്വബോധമുള്ള ഏത് വായനക്കാരനിലും ചോര ചീന്തുന്നതാണ്. കല്യാണിക്ക് കൗസുമ്മയുടെ വീട്ടിലേക്കുള്ള ദൂരം മാത്രമല്ല ജനാധിപത്യത്തിന് മതേതരത്വത്തിലേക്കുള്ള ദൂരവും അവിടെ അനന്തമാകുന്നു.
പകരംവയ്ക്കലുകളുടെ തമ്പുരാക്കന്മാരാണല്ലോ മനുഷ്യർ. ചേയിക്കുട്ടി -വല്യേച്ചി -മച്ചുനൻ കുഞ്ഞിപ്പെണ്ണ് -പട്ടാളക്കാരൻ -ചിത്രസേനൻ കല്യാണി -നാരായണൻ -ലച്ചുനൻ ദാക്ഷായണി -ആണിക്കാരൻ- രാമചന്ദ്രൻ തുടങ്ങിയവരിലൂടെ കുടുംബബന്ധത്തിന് പുറത്തേക്കുള്ള മനുഷ്യന്റെ തേടലുകളെ അവതരിപ്പിക്കുന്നു. നിലനിൽക്കുന്ന സാമൂഹികക്രമത്തിൽ പൊതുസമ്മതമായ ഏകപങ്കാളിസങ്കല്പത്തെ നോവൽ ഉടച്ചുവാർക്കുന്നു. ചില സമുദായങ്ങളിൽ ഒരു കാലത്ത് അംഗീകൃതമായിരുന്ന ഇത്തരം ബന്ധങ്ങളെ മനുഷ്യമനസ്സിന്റെ കരകവിയലുകളായി ഉൾക്കൊള്ളുന്നു.
ചേയിക്കുട്ടിയോട് നാരായണനെ തേടിനടന്ന വല്യേച്ചിയിൽ നിന്നും കല്യാണിയോട് ലക്ഷ്മണനെ തേടുന്ന ചേയിക്കുട്ടിയിലെത്തുമ്പോൾ ചരിത്രം ആവർത്തിക്കുന്നു. ചേയിക്കുട്ടിയുടെ അനുഭവങ്ങൾ മറ്റൊരു കാലത്ത് കല്യാണിയുടേതാകുന്നു. കഥയൊടുങ്ങാത്ത ആവനാഴിയിൽ നിന്ന് പുറത്തെടുത്തു തൊടുക്കാൻ എറ്റവും പുതിയ അമ്പുമായി ആഖ്യാതാവ് കല്യാണിയുടെ തുടർച്ചയായി മാറുന്നു. അനുഭവങ്ങൾ തുടരുന്നു. ഏറ്റവും പുതിയ തലമുറയുടെ പ്രതിനിധിയായ ലിസിയിലെത്തുമ്പോഴും അനുഭവങ്ങൾക്ക് പുതുമയില്ല. വിദ്യാഭ്യാസം കൊണ്ടു നഷ്ടപ്പെട്ടു പോകുന്ന തനിമയെ പരിഷ്കാരത്തിന്റെ അത്തർ പൂശി ദുർഗന്ധത്തെ ഒതുക്കുന്നു എന്നേയുള്ളൂ! ജീവിതം എന്നും ഇങ്ങനൊക്കെത്തന്നെയാണ്. പലർക്കായി വീതിക്കപ്പെട്ട അവസ്ഥയിൽ അവ എന്നുമുണ്ടായിരുന്നു. നമ്മിലേക്ക് കേന്ദ്രീകരിക്കുമ്പോഴാണ് അവയുടെ സാന്നിധ്യം നമ്മളറിയുന്നത്. ഇഷ്ടം കൊണ്ടലിയുകയും ഇഷ്ടക്കേട് കൊണ്ട് കല്ലിക്കുകയും ചെയ്യുന്ന ജീവിതത്തിന് മനുഷ്യവംശത്തിന്റെ പഴക്കമുണ്ടെന്ന് നോവൽ ഓർമ്മിപ്പിക്കുന്നു.
അപരലോകത്തിന്റെ താത്വികവിശകലനം
മനുഷ്യനോടൊപ്പമോ അതിലേറെയോ മനുഷ്യഭാവമുള്ള ആടും കോഴിയും പൂച്ചയും അണ്ണാനുമൊക്കെ ബഷീറിന്റെ കൃതികളിൽ നമുക്ക് പരിചിതരാണ്. പക്ഷേ അവരാരും മനുഷ്യജീവിതത്തിൽ നേരിട്ടിടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നവരായിരുന്നില്ല. ദാക്ഷായണിയുടെയും കല്യാണിയുടെയും പശുക്കൾ ഇതിൽ നിന്നും തീർത്തും വ്യത്യസ്തരാണ്.സാമൂഹിക രാഷ്ട്രീയ സ്ഥിതിഗതികളിൽ അവർക്ക് കൃത്യമായ അവബോധമുണ്ട്. വ്യക്തിജീവിതത്തെ പുറത്തുനിന്ന് വിലയിരുത്താനും അതിനെ രാഷ്ട്രശരീരവുമായി ചേർത്തുവച്ച് വിശകലനം ചെയ്യാനും ഈ പശുക്കൾക്ക് കഴിയുന്നുണ്ട്. ചില നിയോഗങ്ങളുടെയും വെളിപാടുകളുടെയും അടിസ്ഥാനത്തിൽ സ്വത്വത്തെ അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കുന്ന എഴുത്തുകാരനെപ്പോലെ അവർ ജീവിതം പറയുന്നു. സ്വന്തം ചെയ്തികൾക്കുള്ള ന്യായീകരണമായി മനുഷ്യമനസ്സുകൾ കണ്ടെത്തുന്ന ദാർശനികവ്യഥകളേക്കാൾ വിമർശനാത്മകമായി ഇതിലെ തിര്യക്കുകൾ ചിന്തിക്കുന്നു.
വളരെക്കാലത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയ കല്യാണിയോട് പറമ്പും കിണറും ആലയും മുളയും വീടും വാതിലും അടുപ്പും വെള്ളവും സംസാരിക്കുന്നുണ്ട്.കൈയേറ്റം നടന്ന ഒരു വയൽ മാത്രമാണ് താനെന്ന തിരിച്ചറിവ് പ്രണയമില്ലാത്ത രതിയിൽ നിന്നുള്ള പെണ്ണിന്റെ ഉയിർത്തെഴുന്നേൽപ്പാണ്. വിണ്ടു കീറിയ പാടം പോലെ കുടുബജീവിതം തന്നെ ഊഷരയാക്കിയെന്ന് ദാക്ഷായണിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുന്നത് ഒരു യക്ഷിയാണ്.
ഒറ്റയ്ക്കൊരു മത്സരം ജയിക്കാനും ജയിപ്പിക്കാനും കഴിവുള്ള ലക്ഷ്മണൻ ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഓവറിൽത്തന്നെ പരാജയപ്പെടുന്നു. ആ കളിച്ച ദയനീയകളിയാണ് അയാളുടെ മാസ്റ്റർപീസെന്ന് കമല കരുതുന്നു. അവനവന്റെ മുന്നിൽ പോലും മാനം കെടുന്ന ആ ഭീകരാവസ്ഥയെ അത്യാവശ്യസന്ദർഭത്തിൽ ഗാണ്ഡീവം ഉയർത്താൻ കഴിയാതെ പോയ അർജുനന്റെ കഥ പറഞ്ഞ് കല്യാണിയുടെ പശുക്കൾ അപനിർമ്മിക്കുന്നു. സാധാരണ പ്രതിസന്ധികളിൽ പതറി നിൽക്കുന്ന മനുഷ്യരെ പുച്ഛിച്ചുകൊണ്ട് ജീവിതത്തെ ദാർശനികവൽക്കരിക്കുന്ന പശുക്കൾക്ക് ലൗകികജീവിതത്തിനതീതമായി സംസാരിക്കുന്നവരുടെ ഛായയാണുള്ളത്. വീട്, കിണർ, കശുമാവിൻ തോട്ടം തുടങ്ങി അജൈവമെന്ന് കരുതുന്നതിനൊക്കെ ജീവനും ചിന്താശേഷിയും, കലഹിക്കാനും പ്രതിരോധിക്കാനുമുള്ള മനസ്സും നൽകി അപരലോകത്തിന്റെ ജൈവരാഷ്ട്രീയത്തെ നോവൽ ആഘോഷമാക്കുന്നു.
മുഖം മറയ്ക്കാത്ത പെൺകാമനകൾ
പുരുഷകേന്ദ്രിത വ്യവഹാരത്തിന്റെ ഭാഗമായി രൂപം കൊണ്ട ഭാഷയെയും ഭാവുകത്വത്തെയുമാണ് നോവൽ പുനർനിർമ്മിക്കുന്നത്. ” വെറ്റിലേമ്മല് നൂറു തേക്ക്ന്നാ? “എന്നകല്യാണിയുടെ ചോദ്യത്തിന് “എഫ് ബി പോസ്റ്റിടാനാ”എന്ന അഖ്യാതാവിന്റെ മറുപടിയിലാണ് നോവൽ തുടങ്ങുന്നത്. തുടർന്ന് ആണത്തത്തെ ഉടുമുണ്ടില്ലാതെ കലുങ്കിൻമേൽ കയറ്റി നിർത്തി വിസ്തരിക്കുന്നു. സാക്ഷിമൊഴിയും തൊണ്ടിമുതലും ഹാജരാക്കി വാദിച്ച് , ഇരയാക്കപ്പെടുന്ന പെണ്ണത്തത്തിന് ഒപ്പം ചേരുന്നു. സ്വയം ആവിഷ്കരിക്കാൻ ത്രാണിയില്ലാതെപോകുന്ന ( എല്ലാത്തരത്തിലും) ഈ നോവലിലെ പുരുഷന്മാർ പെണ്ണുടലും പെണ്ണുയിരുമായി ചേർത്തുകെട്ടിയാൽ മാത്രം നിവർന്നു നിൽക്കാൻ കഴിയുന്നവരാണ് (ജീവിതത്തിലെന്നപോലെ).
ഒരു നാട്ടുരാജ്യം ആയിരിക്കെത്തന്നെ ഒരു സാമ്രാജ്യത്തെ ഉള്ളടക്കാൻ കഴിയുന്നവളാണ് സ്ത്രീയെന്ന് ആദ്യം പറഞ്ഞു തന്നത് ഉറൂബിന്റെ ഉമ്മാച്ചുവാണ്. ഏതു രാജ്യത്തെ തന്നോട് ചേർക്കേണ്ടി വന്നാലും സ്വന്തം വിസ്തൃതി അല്പവും വർദ്ധിക്കാത്തവണ്ണം ആഴമുള്ള സാമ്രാജ്യമാണ് പെണ്ണ്. ഓരോ മരണത്തിൽ നിന്നും മൂന്നാംനാൾ കാത്തിരിക്കാതെ പുനർജ്ജനിക്കുന്നവൾ. ഒരു ജന്മത്തിൽത്തന്നെ അനേകം ജന്മങ്ങൾ താണ്ടേണ്ടി വരുന്നതുകൊണ്ട് ചിരഞ്ജീവിയാകുന്നവൾ. ഉറൂബിന്റെ ഉമ്മാച്ചുവിന് തുല്യം ആഴമുള്ളവളാണ് ഇതിലെ ചേയിക്കുട്ടി.
പെൺദായക്രമം പിന്തുടർന്ന് വരുന്ന ഈ നോവൽ സാമ്രാജ്യത്തിന്റെ സാമ്രാട്ട് ആദ്യപകുതിയിൽ ചേയിക്കുട്ടിയാണ്. ഇളമുറക്കാരായി ഒപ്പം കൂടിയ കല്യാണിക്കും ദാക്ഷായണിക്കും അവൾ ചെങ്കോലും കിരീടവും കൈമാറുന്നു . കഥാകൃത്തിന് അനുഭവങ്ങൾ നൽകിക്കൊണ്ടാണ് ചേയിക്കുട്ടി വളരുന്നത്. കല്യാണിയെ ഉരച്ചുനോക്കാനുള്ള പ്രതലമായി നോവലിസ്റ്റ് അവരെ പ്രയോജനപ്പെടുത്തുന്നു. ഒറ്റനിമിഷം കൊണ്ട് പൊടിഞ്ഞൊരു മൺകൂനയായിപ്പോയ മരടിലെ ഫ്ലാറ്റ് പോലെ വായനക്കാരന്റെ കെട്ടിയുയർത്തിയ അക്കാദമികബൗദ്ധികജാടകളെ കല്യാണിയും ചേയിക്കുട്ടിയും അവരുടെ ചില മറുപടികളിലൂടെ തവിടുപൊടിയാക്കുന്നു. ലിംഗരാഷ്ട്രീയവും ബോഡിപൊളിറ്റിക്സും അവരുടെ ഇഷ്ടവിഷയങ്ങളാണ്.
സ്ത്രീപുരുഷവൈകാരികതലങ്ങളിലെ അധികാരഅസന്തുലിതാവസ്ഥയെ അവർ തിരിച്ചറിയുന്നുണ്ട്. സ്റ്റോക്ക്ഹോം സിൻഡ്രത്തിൽ നിന്ന് രക്ഷപെടാൻ വിദ്യാഭ്യാസം ഒരാവശ്യമേയല്ലെന്ന് ഇവർ തെളിയിക്കുന്നു. ആണഹന്തകളുടെ ഊതിവീർപ്പിച്ച അലങ്കാരങ്ങൾ ഉമ്മറത്തു തൂക്കിയിട്ടിരിക്കുന്ന സമകാല സാഹചര്യത്തിലും പല രാജ്യങ്ങളും അന്യാധീനപ്പെട്ടുപോകാതെ മുന്നോട്ടുകൊണ്ടുപോകുന്നത് കിരീടമില്ലാത്ത ചേയിക്കുട്ടിമാരാണെന്ന് നോവൽ ഓർമിപ്പിക്കുന്നു. “ചിന്തയുടെ സ്വാതന്ത്ര്യമാണ് ആത്മാവിന്റെ ജീവൻ”എന്ന വോൾടയറിന്റെ അഭിപ്രായം അടിസ്ഥാനമാക്കിയാൽ മരണമില്ലാത്ത സ്ത്രീ കഥാപാത്രങ്ങളാണ് നോവലിലുടനീളമുള്ളത്.
കുടുംബത്തിനകത്ത് താഴെവീണ് നിലത്തുകിടന്ന് വലിയുന്ന പെണ്ണിന്റെ ഇന്റഗ്രിറ്റിയും ക്രെഡിബിലിറ്റിയും എത്ര സർക്കാസ്റ്റിക്കായിട്ടാണ് കഥാകാരി പറഞ്ഞുവയ്ക്കുന്നത്. “പ്രബലനായ ശത്രുവിനെ കാത്ത് അന്തരീക്ഷത്തിൽ ഒരു നിമിഷം തങ്ങിനിന്നിട്ട് സ്വയം അപ്രത്യക്ഷമാവുന്ന രാമായണം സീരിയലിലെ അമ്പുപോലെ” പെണ്ണിന്റെ ആഗ്രഹങ്ങളും തീരുമാനങ്ങളും വാനിഷ് ചെയ്തുപോകുന്ന കുടുംബപശ്ചാത്തലത്തെ റിയലിസത്തിന്റെ നുള്ളുംനോവും കൃത്യമായറിയുന്ന വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
നോവലിൽ ഒരിടത്തും അമ്മത്തത്തെ പെണ്ണത്തത്തെക്കാൾ മഹത്വവൽക്കരിക്കുന്നില്ലയെന്നത് ഒരാശ്വാസമാണ്. പ്രസവത്തെ ഒരു ശാപമോക്ഷമായി അവതരിപ്പിക്കാനുള്ള ചങ്കൂറ്റവും നോവലിസ്റ്റിനുണ്ട്. സ്ത്രീപുരുഷ ലൈംഗികതയെ കുടുംബമെന്ന വ്യവസ്ഥാപിതസ്ഥാപനത്തിനകത്തുവച്ച് മെരുക്കിയെടുക്കാൻ ശ്രമിക്കുകയും ചിലപ്പോഴൊക്കെ ഇറച്ചിവിലയ്ക്ക് തൂക്കി വിൽക്കുകയും ചെയ്യുന്നു.
കൃഷിയും അണ്ടിക്കച്ചവടവും നടത്തിയതും കുറിക്കുകൊടുത്തു കിട്ടിയതും ‘ഇൻകം ഫ്രം അദർ സോഴ്സസും’ മൊത്തമായി സമർപ്പിക്കുന്നതാണ് ദാക്ഷായണിക്ക് മാസത്തിലെ ആദ്യ ശനിയാഴ്ച രാത്രികൾ. കലാപരിപാടി കഴിഞ്ഞാണ് പ്രഭാഷണത്തിനു ശേഷമുള്ള ഫോം സിക്സ്റ്റീൻ സബ്മിഷൻ. സ്വന്തമായി അധ്വാനിച്ച് വരുമാനം കണ്ടെത്തുന്ന പെണ്ണ് ഭർത്താവിനാൽ അതിവിദഗ്ധമായി കൊള്ളയടിക്കപ്പെടുന്ന അവസ്ഥയാണത്. ഇത്തരം കുടുംബജീവിതങ്ങളിലും രതി സംഭവിച്ചു പോകുന്നു. ആശയഭിന്നതൾക്കിടയിലും തിരഞ്ഞെടുപ്പ് സമയത്ത് പൊട്ടിമുളക്കുന്ന സഖ്യങ്ങൾ പോലെയാണ് രതിക്ക് തൊട്ടുമുൻപ് ദാമ്പത്യത്തിലുണ്ടാകുന്ന ലയനം. പിളർപ്പും സഖ്യകക്ഷിയുടെ പിടിപ്പുകേടിന് നേരെയുള്ള ആരോപണങ്ങളും തുടർന്നുണ്ടാകുന്നു. പങ്കാളികൾക്കിടയിലുണ്ടാകുന്ന ആശയവൈരുധ്യങ്ങൾ രതിയെ എത്രത്തോളം വിരസവും വികൃതവുമാക്കുന്നുവെന്നത് ഇതിലേറെ സർക്കാസ്റ്റിക്കായി എങ്ങനെ അവതരിപ്പിക്കാനാണ്. തന്റെ ലക്ഷ്യം നേടിയെടുത്ത് സംതൃപ്തനാവുന്ന പുരുഷനേയും മനസ്സിനെ ശരീരത്തിനും കിടക്കയ്ക്കും പുറത്തേക്ക് ഊരിയിട്ട് മുന്നണിബന്ധം നിലനിൽക്കാനായി വിട്ടുവീഴ്ച ചെയ്യുന്ന പെണ്ണിനേയും അവതരിപ്പിച്ച് കോമാളിയാക്കപ്പെടുന്ന ഉടലിന്റെ രാഷ്ട്രീയം കൃത്യമായി പറഞ്ഞു വയ്ക്കുന്നു.
“ബാങ്കിങ് അവേഴ്സ് കഴിഞ്ഞാൽ കണക്കെടുപ്പ് നടത്തുന്ന ഒരു ധനകാര്യ സ്ഥാപനമാണ് തന്റെ മേൽ കിടക്കുന്നതെന്ന്” പലപ്പോഴും ദാക്ഷായണിക്ക് തോന്നി. ആ തോന്നലിൽ സ്വയം ചൂളിപ്പോകുന്ന എത്ര ദാക്ഷായണിമാരുടെ നാടാണ് കേരളം! “നിസായതയാ…? എന്തെന്നാ… ത്? അതേടിയാണ് ള്ളത്? പെണ്ണിന്റെ ചന്തിക്കാ? എന്ന് കല്യാണി ചോദിക്കുന്നു. പുരുഷവികാരങ്ങളുടെ തുഞ്ചത്ത് പൂത്തുലയാനോ പൂക്കുന്നതായി അഭിനയിക്കാനോ മാത്രമുള്ളതല്ല, അവശ്യസന്ദർഭങ്ങളിൽ പിടഞ്ഞുണരാൻ കൂടി ഉള്ളതാണ് പെണ്ണത്തമെന്ന് നോവൽ ഓർമിപ്പിക്കുന്നു.
തങ്ങളെ ഉണര്ത്താനും തങ്ങൾക്ക് അംഗീകരിക്കാനും കഴിയാത്ത ആണുങ്ങളെ പടം പോലെ പൊഴിച്ചു കളഞ്ഞ് സ്വതന്ത്രരാവാനുള്ള ചങ്കൂറ്റം ഇതിലെ പെണ്ണുങ്ങൾക്കുണ്ട്. കല്യാണി നാരായണനെ ഉപേക്ഷിച്ച് ലക്ഷ്മണനെയും, ദാക്ഷായണി ആണിക്കാരനെ ഉപേക്ഷിച്ച് രാമചന്ദ്രനെയും, കുഞ്ഞിപ്പെണ്ണ് പട്ടാളക്കാരനെ ഉപേക്ഷിച്ച് ചിത്രസേനനെയും സ്വീകരിക്കുന്നത് അതുകൊണ്ടാണ്.
കുഞ്ഞിപ്പെണ്ണിന്റെ ഉടലിൽ തന്നെത്തന്നെ തിരയുന്ന ചിത്രസേനനെയും ആ അനുഭൂതിയിൽ ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്ന കുഞ്ഞിപ്പെണ്ണിനേയും രാഗസുരഭിലമായ ഒരു സിംഫണിയുടെ ക്രമമായ താളലയങ്ങളിൽ ഒരുപോലെ അലിച്ചുചേർത്ത് രത്യാനന്ദത്തിന്റെ പാരമ്യതയെ നോവലിസ്റ്റ് അനുഭവവേദ്യമാക്കുന്നു. “ആ അരിവാളെവിടെപ്പോയെടി മരതങ്കോടിപ്പൊന്നമ്മേ..”എന്ന് പതിഞ്ഞ താളത്തിൽ ഉണർത്തി, ക്രമമായ അരോഹണങ്ങളിലൂടെ ഉച്ചസ്ഥായിയിലെത്തി സ്വയം മറന്നൊന്നാവുന്ന ഉടലിന്റെയും ഉയിരിന്റെയും അനുഭൂതി വായനക്കാരനറിയുന്നു.
ചേയിക്കുട്ടിയുടെ വാക്കുകളിലൂടെ, കല്യാണിയുടെ അനുഭവങ്ങളിലൂടെ, നോവൽ ശരീരത്തിലാകമാനം മറഞ്ഞിരുന്നു തിളച്ചുപൊന്തുന്ന മിത്തായി ചോന്നമ്മയെ അവതരിപ്പിക്കുന്നു. അനുവാദമില്ലാതെ സ്വന്തം മണ്ണിൽ തൊടാൻ ആരെയും അനുവദിക്കാത്ത പെണ്ണത്തമാണത് . അതിക്രമിച്ചു കടക്കുന്നവരുടെ ഉടലാകെ തീപ്പൊരി വിതറുന്നവൾ. ജീവിതത്തിൽ സ്വയംവിശകലനം അനിവാര്യമാകുന്ന സന്ദർഭത്തിൽ തന്നിൽ നിന്നകന്നു മാറി നിന്ന് തന്നെത്തന്നെ വിലയിരുത്തുന്നവൾ. ഓരോ പെണ്ണിലും ഒളിച്ചുപാർക്കുന്ന വൈകാരിക സ്വത്വത്തിന്റെ ചുവന്നു തുടുത്ത മുഖമാണ് ചോന്നമ്മ.
ഇരുതലമൂർച്ചയുള്ള ഹാസ്യം
കുടുംബജീവിതത്തിന്റെ ഇളകിത്തുടങ്ങിയ അലകും പിടിയും ഉറപ്പിക്കാനായി കൈത്തഴക്കമുള്ള മൂത്താശാരിയെ തിരക്കി ആഖ്യാതാവും കുടുംബവും ഇറങ്ങുന്നിടത്താണ് നോവലിന്റെ ആരംഭം . ആട്ടമെവിടെയാണെന്ന്, ആടിത്തുടങ്ങിയത് എപ്പോഴാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ ആഖ്യാതാവ് മനസ്സുതുറക്കുന്നു. സ്വന്തം കഥയെക്കാൾ മറ്റുള്ളവരുടെ കഥകൾ പറയുന്നതിനുള്ള മനുഷ്യസഹജമായ താൽപ്പര്യം കൊണ്ടാവാം ഇളകിയാടുന്ന മറ്റു ജീവിതങ്ങളെക്കുറിച്ച് ആഖ്യാതാവ് പറയുന്നത്.
മനഃശാസ്ത്രജ്ഞന് മുന്നിൽ തന്നെ മറനീക്കി കാണിക്കാനുള്ള ടൂളായാണ് കഥ പറഞ്ഞു തുടങ്ങുന്നതെങ്കിലും അവരുടെ കഥ പറച്ചിലിന്റെ മൂലകാരണം ഉള്ളിലുള്ള നർമ്മബോധമാണ്. ഏതെങ്കിലുമൊരു പ്രത്യേക അവസരത്തിൽ കുറച്ചു ചിരിപ്പിക്കാനായി പറയുന്നതല്ല . അത് ആദ്യന്തം നോവൽ ശരീരത്തിൽ ലയിച്ചു ചേർന്നിരിക്കുന്നു.
ഒന്നാം അധ്യായത്തിൽ സ്ത്രീകളെ മാനിക്കുന്ന പുരുഷൻമാരുണ്ടെന്ന് പറയുന്ന അഖ്യാതാവിനോട് “അയിറ്റാലൊന്നിനെ അട്ത്ത ജന്മത്തിലെങ്കും അനക്ക് കിട്ടിനെങ്കില്. പണീം അറീല്ല പണിക്കോലുല്ലങ്കിലും ഞാൻ സയിച്ചിനേനും” എന്ന് കല്യാണി പറയുന്നുണ്ട്. പണിയും പണിക്കോലും വച്ച് ആണത്തത്തിന് നേരേ കഥാകാരി വീശിത്തുടങ്ങുന്ന ഹാസ്യത്തിന്റെ കത്തി നോവലിലുടനീളം അതിന്റെ വായ്ത്തലയ്ക്ക് മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്നു. ജീവിതത്തെ (സ്വന്തമായാലും അന്യന്റെതായാലും ) ഇത്തിരി അകന്നുനിന്നു വിലയിരുത്താനായാൽ ആവർത്തിച്ചു കടയുമ്പോൾ ഉരഞ്ഞു കത്തുന്ന തീ പോലെ വേദനകൾക്കിടയിലും നർമ്മം തെളിയും.
ഉടക്കിയാൽ വംശപരമ്പരകളോടടക്കം ഒരു കാര്യവുമില്ലാതെ മത്സരിച്ചു കളയുന്ന ചിലരെക്കുറിച്ച് “അയിറ്റങ്ങൾ പാവങ്ങളാ,കഴിഞ്ഞ ജന്മത്തില് മാമാങ്കത്തിന് പോയി മരിച്ചോരാ ഓര് “എന്ന് കല്യാണി പറയുന്നുണ്ട്. ഐബ്രോ പെൻസിലിന്റെ സ്വത്വാവിഷ്കാരമായി അണിഞ്ഞൊരുങ്ങലിനെയും ഔട്ട് വിളിച്ചു കഴിഞ്ഞശേഷവും ബാറ്റും തൂക്കി ക്രീസിൽ തള്ളിനിൽക്കുന്ന ബാറ്റ്സ്മാനായി ആണിക്കാരനെയും അവതരിപ്പിക്കുന്ന അവസരങ്ങളിൽ സഹൃദയനായ വായനക്കാരന്റെ ഭാവനയ്ക്ക് മുന്നിലാണ് നോവലിസ്റ്റ് ഗോളടിക്കുന്നത്.
കസേരയേറുക’ എന്നത് ഏതൊരു പെണ്ണിന്റെയും അമർത്തിവെച്ച ആഗ്രഹങ്ങളുടെ കിരീടധാരണമാണ്. നിഷേധിക്കപ്പെട്ട ഉള്ളിളക്കങ്ങളുടെ സാക്ഷാത്ക്കാരമാണ്. അവിടെ അവൾ തന്നെത്തന്നെ കണ്ടെത്തുകയാണ്. രണ്ടു കാലും കസേരയുടെ രണ്ട് നീളൻ കൈകളിൽ വിരിച്ചുവെച്ച് അന്തരാളം വരെ പ്രദർശിപ്പിച്ചിരിക്കുന്ന ആണിക്കാരൻ . ആ ചാരുകസേര ഏത് സമയത്തും ഒരു തോന്നലിന് മേലേറി ദാക്ഷായണി സ്വന്തമാക്കുന്നു. കരുതൽത്തടങ്കൽ എന്ന വാക്ക് ആ കസേരയിൽ മലർന്നു കിടന്ന് അവൾ ഉരുവിടുന്നു . തന്നോട് മേടിച്ച പൈസയ്ക്ക് പണിയെടുക്കാനറിയാത്ത ആണിക്കാരനെ പുല്ലാഞ്ഞി പോലും തൊടാത്തതിൽ അവൾക്ക് പുച്ഛമുണ്ട് .
കൊടുക്കൽ വാങ്ങലും ഓഡിറ്റിങ്ങും കൃത്യമായി നടക്കുന്ന ഒരു ധനകാര്യ സ്ഥാപനമായി ദാമ്പത്യത്തെ അവതരിപ്പിക്കുന്നു. ഒരു രാജ്യത്തിനുമേൽ മറ്റൊരു രാജ്യത്തിന്റെ അധിനിവേശമാണത്. മത്സരിച്ചു ഗോളടിക്കുന്ന എതിരാളിയുടെ വിഭവശേഷിയോടും ഗെയിംപ്ലാനിങ്ങിനോടുമൊപ്പം ഗാലറിയെയും അവിടെ പ്രതിരോധിക്കേണ്ടി വരുന്നു. ഒരേ സമയം പ്രതിയും വക്കീലുമായി,സ്വയം പഠിച്ച് വാദിച്ചു ജയിക്കേണ്ട കേസായി,ഒക്കെ ദാമ്പത്യത്തെ അവതരിപ്പിക്കുമ്പോൾ അരിച്ചു മാറ്റാനാവാതെ ലയിച്ചുചേർന്ന ഹാസ്യം നുണഞ്ഞിറക്കി നാവിൽ ഒരു തരിപ്പ് അനുഭവപ്പെടാനിടയുണ്ട്.
തുണിയില്ലാത്ത സത്യങ്ങൾ
ഒരു നൂലിഴയുടെ മറവു പോലുമില്ലാതെ പിറന്നപടി നിൽക്കുന്ന സത്യങ്ങൾ നോവലിലിടയ്ക്കിടെ വായനക്കാരനുമായി കൂട്ടിമുട്ടും. അപ്പോൾ ചിറി കോട്ടുകയോ കണ്ണു പൊത്തുകയോ വേറെ ആരെങ്കിലും കാണുന്നുണ്ടാവുമോ എന്നോർത്ത് അങ്കലാപ്പിലാവുകയോ ചെയ്യേണ്ട കാര്യമില്ല. പൊതിഞ്ഞു വയ്ക്കുന്നതുകൊണ്ട് മാത്രമാണല്ലോ നഗ്നത ഇത്ര വിലപിടിച്ചതാവുന്നത്. മുന്നേറുന്ന വഴികളിൽ ഇടയ്ക്കിടയ്ക്ക് നഗ്നതയെ കൂട്ടിമുട്ടാൻ തുടങ്ങിയാൽ അതൊരു ശീലമായിത്തീരുകയും സ്വയം ഉടുപ്പായി മാറുകയും ചെയ്യും. അങ്ങനെ ഒരവസ്ഥ നോവലിലൂടെ കടന്നുപോകുന്ന വായനക്കാരന് അനുഭവിക്കാനാവുന്നു. അയാൾ സ്വന്തം നഗ്നത ഓർത്തു ചിരിക്കുകയും അതൊന്നും അത്ര മൂടി വയ്ക്കേണ്ട കാര്യമല്ലെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
“ഒന്നു നീക്കി നിർത്തിയാൽ പൊട്ടിപ്പോകാവുന്നതേയുള്ളൂ ഏതടുപ്പത്തിന്റെ വള്ളിയും. അതെ വള്ളിയിലാണ് അത്രകാലം തൂങ്ങി സഞ്ചരിച്ചതെന്നോർത്ത് നാം തന്നെ പിന്നീട് അത്ഭുതപ്പെടും. “ഇത്തരം എത്ര വള്ളികളിൽ തൂങ്ങിയാടുകയും പൊട്ടിപ്പോവുകയും ഏച്ചു കെട്ടുകയും കൂട്ടിക്കെട്ടാൻ നീളം കിട്ടാതെ ഉപേക്ഷിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടാവും ഓരോരുത്തരും!
ഏറെക്കുറെ കൃത്യമായ അനുപാതത്തിൽ കൊണ്ടുപോയാൽ ഒരിക്കലും സന്തുലനാവസ്ഥ നഷ്ടപ്പെടാത്ത ഒരു കെമിസ്ട്രി ദൈവവും മനുഷ്യനും തമ്മിലുണ്ട്. മനുഷ്യനെക്കാൾ വികാരജീവിയായ, ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ദൈവത്തെ നിർത്തേണ്ടിടത്ത് നിർത്തുന്നവരാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. കാണാതാകുമ്പോൾ പയിങ്കുറ്റി നേരുകയും കണ്ടുകിട്ടിയാൽ പൈസ പിന്നെത്തരാമെന്ന് പറയുകയും ചെയ്യാവുന്ന വിധത്തിൽ ദൈവവുമായി ഒരടുപ്പം സ്ഥാപിച്ചവർ. അവരവർ വീണുകിടക്കുന്ന കുഴികളിൽ നിന്ന് തന്നത്താൻ വലിഞ്ഞു കയറാൻ ശ്രമിക്കുന്ന കൂട്ടത്തിൽ ദൈവത്തിന് നേരെയും ഒരു കൈ നീട്ടുകമാത്രം ചെയ്യുന്നവർ. പരിഷ്കാരത്തിന്റെ മഞ്ഞളിപ്പ് കൂടുന്തോറുമാണല്ലോ നേരേ നിൽക്കാനുള്ള ത്രാണി നഷ്ടപ്പെടുന്നത്!
തെക്കു ചെല്ലുമ്പോൾ വടക്കരെന്നും വടക്കു ചെല്ലുമ്പോൾ തെക്കരെന്നും മുദ്രകുത്തപ്പെടുന്ന തെക്കരും വടക്കരുമല്ലാത്തവർ, സ്വന്തം വീട്ടിൽ അന്യയാവുകയും അന്യവീട്ടിൽ സ്വന്തമാകാതിരിക്കുകയും ചെയ്യുന്ന, ഭർത്തൃഗൃഹത്തിലേക്ക് പറിച്ചുനടപ്പെട്ട സാധാരണമലയാളിപ്പെണ്ണിന്റെ ആധികൾ, രണ്ടു പ്രാദേശികതകളെയും രണ്ട് സംസ്കാരങ്ങളെയും സ്വന്തമെന്ന് കരുതേണ്ടി വരുമ്പോഴുണ്ടാകുന്ന സംഘർഷങ്ങൾ, പെട്ടുപോകുന്ന കടും കെട്ടുകൾക്കുള്ളിൽ ശ്വാസംമുട്ടി പിടയുന്ന ജീവിതത്തെ കുരുങ്ങിച്ചത്തുപോകാതെ അഴിച്ചെടുക്കാനും കൂടുതൽ മുറുകാതെ ഇടയ്ക്കൊരു കോല് വെയ്ക്കാനും കാണിക്കുന്ന തന്ത്രം. തന്നെ പകുത്തെടുക്കുന്ന ഒരാളിൽനിന്ന് കാതങ്ങൾ പിന്നോട്ട് ഓടേണ്ടി വരുന്ന ദാരുണാവസ്ഥ, അങ്ങനെ ഒരു മണൽത്തരിക്ക് പോലും ഓളമായി മാറ്റാൻ കഴിയുന്ന ജീവിതക്കടലിനെ കടലാസുതാളിലേക്ക് നോവലിസ്റ്റ് പകർത്തിവയ്ക്കുന്നു.
തെറിയുടെ സാമൂഹികപാഠം
പടിപ്പുര പണിഞ്ഞ് നാലുകെട്ടിന്റെ രൂപഭാവങ്ങളോടെ നിർമ്മിച്ചെടുക്കുന്ന പുതിയവീടിന്റെ ഉമ്മറത്ത് റാന്തൽവിളക്ക് തൂക്കി പഴമയും ആഢ്യത്വവും തോന്നിപ്പിക്കുന്നപോലെ “കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത”എന്ന ശീർഷകം മലയാളിയുടെ ആദ്യ നോവലായ കുന്ദലതയ്ക്കും പിന്നിലുള്ള ഒരു കാലത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. ഭാർഗവീനിലയത്തിന്റെ മുന്നിൽ എന്താവും സംഭവിക്കാൻ പോകുന്നതെന്ന് തുറിച്ചുനോക്കിയിരുന്നപോലെ പൊതിഞ്ഞുവെച്ച കഥയുടെ ചുരുളുകൾക്കകത്ത് പതുങ്ങിയിരിക്കുന്നതെന്തെന്നറിയാനുള്ള ആകാംഷയോടെയാണ് പേജുകൾ മറിച്ചു തുടങ്ങുന്നത്. വളരെ ബോധപൂർവം നിർമ്മിക്കുന്ന ഈ പ്രഹേളികാസ്വഭാവത്തിന് നോവലിലെ ഭാഷ ഒരു ഘടകമാണ്.
കുടുംബത്തിനുള്ളിലെ ലിംഗഭേദത്തിന്റെ രാഷ്ട്രീയം സൃഷ്ടിക്കുന്ന പൊതുബോധത്തെയും വൈകാരികസത്യസന്ധത തൊട്ടുതീണ്ടാതെ പുരുഷാധികാരയുക്തിക്കനുസരിച്ച് മാത്രം വക്രീകരിച്ചുപോകുന്ന രതിയെയും മറയില്ലാതെ വിളമ്പാൻവേണ്ടി അഭിജാതഗൗരവസംസ്കാരത്തെ നോവൽ ഉപേക്ഷിക്കുന്നു. പകരം തെറിയെ മാധ്യമമാക്കുന്നു. അനിവാര്യസന്ദർഭങ്ങളിൽ സ്വയം ആവിഷ്കരിക്കാൻ ഏറ്റവും അനുയോജ്യമായ പുളിച്ച തെറിയെ ചുരുളിയിൽ ലിജോ ജോസ് പല്ലിശ്ശേരി കാട്ടിത്തന്നത് നോവലിസ്റ്റും പിന്തുടരുന്നു. യാതൊരു മടിയുമില്ലാതെ തെറി പറയുന്ന പെണ്ണുങ്ങളെ അവതരിപ്പിച്ച് തെറിയ്ക്ക് മേലുള്ള ആണിന്റെ കൈവശാവകാശത്തെ ചോദ്യം ചെയ്യുന്നു. ഓരോ തെറിയിലൂടെയും അവർ സ്വയം ആവിഷ്കരിക്കുന്നു.
അയല്പക്കവഴക്കുകളിൽ ഇതൾവിരിഞ്ഞു വരുന്ന കുടുംബചരിത്രങ്ങൾ ഇടയ്ക്കിടെ വിളിച്ചുപറയുന്ന നാട്ടുമ്പുറങ്ങൾ ഇന്നും കേരളത്തിന്റെഗ്രാമങ്ങളിലുണ്ട് . അത്തരത്തിൽ മറഞ്ഞിരുന്നു കേട്ട ഭരണിപ്പാട്ടിന്റെ ആവേശത്തിൽ സ്വയം മറന്നുപോകുന്ന കഥാകൃത്താണ് വരികൾക്ക് പിന്നിലുള്ളത്.
മാനകമലയാളത്തിൽ അഭിരമിച്ചു മുന്നേറുന്ന മലയാളി വായനയ്ക്ക് നേരെ കണ്ണൂരിന്റെ നാട്ടുഭാഷയിലെ വാക്കുകളുടെയും പ്രയോഗങ്ങളുടെയും കൂർത്തമുനകൾ ഉരച്ചുമിനുസപ്പെടുത്താതെ രാജശ്രീ പെറുക്കിയെറിയുന്നു. ആണിക്കാരന്റെ നാടും വീടും പരാമർശിക്കുന്നയിടങ്ങളിൽ തെക്കിന്റെ ഭാഷയും സമർത്ഥമായി ഉപയോഗിക്കുന്നു. തെക്കും വടക്കും തമ്മിലുള്ള സാംസ്കാരിക അന്തരത്തെ ഭാഷയും ജീവിതവും ഉപയോഗിച്ച് കഥാകാരി അടയാളപ്പെടുത്തുന്നു.ആദ്യമൊക്കെ തനിക്കുനേരെ പാഞ്ഞുവരുന്ന ഭാഷാച്ചീളുകളിൽ നിന്ന് ഒഴിഞ്ഞു മാറാൻ വായനക്കാരൻ ശ്രമിക്കുമെങ്കിലും അഖ്യാതാവിന്റെ ഇടപെടലിലൂടെ ക്രമേണ അവ പിടിച്ചെടുക്കാൻ തുടങ്ങുന്നു . ചില ഏറുകളിൽ മാമ്പഴം ചറപറപൊഴിഞ്ഞെന്നും മറ്റു ചിലതിൽ കാട്ടുകടന്നൽ ഒന്നാകെ ഇളകിയാർത്തെന്നും വരാം.