വിഖ്യാത അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ് വേയെ വായിക്കുമ്പോൾ കഥാപാത്രങ്ങളെ തന്നിലേക്ക് വിളിച്ച് വരുത്തുന്ന പോലെ മരണത്തെയും വിളിച്ച് വരുത്തിയവരിൽ ഒരാൾ എന്ന് തോന്നിയിട്ടുണ്ട്..
ഇന്നലെ (ഒക്ടോബർ 21 ) പോലീസ് സ്മൃതി ദിനം ആയിരുന്നു. കൃത്യനിർവ്വഹണത്തിനിടയിൽ ജീവൻ ബലിയർപ്പിക്കപ്പെട്ട സേനാംഗങ്ങൾക്ക് ആദരവ് അർപ്പിക്കുന്ന ദിനം. വയനാട് ജില്ലാ പോലീസ് ആസ്ഥാനത്തെ പ്രസ്തുത ചടങ്ങ് കഴിഞ്ഞ് ഞങ്ങൾ സംസാരിച്ച് കൊണ്ടിരിക്കവേ ബത്തേരി ഡി വൈ എസ് പി ശരീഫ് സാറിന് ഒരു ഫോൺ കോൾ. ബത്തേരി സ്റ്റേഷൻ പരിധിയിൽ ഒരു ഇരട്ടക്കൊലപാതകം നടന്നിരിക്കുന്നു. വിവരം കിട്ടിയ ഉടൻ ഏത് സ്റ്റേഷൻ പരിധിയാണെന്നൊന്നും ശ്രദ്ധിക്കാതെ ഞാനും സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെ എത്തുന്നതിന് മുമ്പേ ബത്തേരി സി ഐ ശ്രീ സന്തോഷ് ചെറിയ വിവരണം തന്നു.
ബത്തേരിയിലെ ചെതലയത്തിനടുത്ത് ആറാം മൈൽ എന്ന സ്ഥലത്തെ പുത്തൻ പുരയിൽ വീട്ടിൽ ഷാജു 54 വയസ്സ് എന്ന കുടുംബനാഥൻ തൻ്റെ പ്രിയതമ ബിന്ദു 46 വയസ്സ് , മകൻ ബേസിൽ 26 വയസ്സ് എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ശേഷം ഷാജു ആത്മഹത്യ ചെയ്തു.
സ്ഥലത്ത് എത്തുമ്പോഴേക്കും വൻ ജനാവലിക്ക് ഇടയിൽ കൃത്യമായി സീൻ ഗാർഡ് ചെയ്ത വീട്ടിലെ മുറികളിൽ സഹപ്രവർത്തകരായ പോലീസുകാരുടെ കൂടെ വിശദമായി, തെളിവുകളൊന്നും നഷ്ടപ്പെടാതെ പരിശോധിച്ചു.
രക്തം തളം കെട്ടി നിൽക്കുന്ന ഹാളിൽ മേലാസകലം വെട്ട് കൊണ്ട് മകനും ബെഡ് റൂമിൽ അമ്മ ബിന്ദുവും കൊല്ലപ്പെട്ട് കിടക്കുന്നു. രക്തക്കറ കത്തികളിൽ നിന്നും കൈകളിൽ നിന്നും കഴുകിക്കളഞ്ഞ് ആയുധങ്ങൾ എടുത്ത് വെച്ച് മുകളിലത്തെ നിലയിൽ ഷാജു വിഷം കഴിച്ച് ആത്മഹത്യ ചെയ്ത് ഒരു ദുരന്ത നാടക കഥപോലെ കാണുന്നു.
സാധാരണ കേസന്വേഷിക്കുന്ന ഒരു പോലീസുദ്യോഗസ്ഥന് കൊലപാതക സീനിൽ എത്തുമ്പോഴുള്ളതിനേക്കാൾ ഒരു വിഷാദ ചിന്ത ഇവിടെ ഉണ്ടാവും. ഒരു വീട്ടിൽ ഒരേ സമയം മൂന്ന്മൃതശരീരങ്ങൾ. മൂന്ന് മരണങ്ങളുടെയും രീതിയും അവരുടെ ബന്ധവും ആണതിന് കാരണം.
സുഖമായി ഉറങ്ങാൻ മൃതിയുടെ വിത്ത് ഈ വീട്ടിൽ ആരോ പാകിയ പോലെ. ഈ വീട്ടിലെ സന്തോഷങ്ങൾ എവിടെയാണ് കളഞ്ഞുപോയത്. ഈ വീട്ടിൽ വാക്കുകളില്ലാത്ത വിഷാദത്തിൻ്റെ പാട്ട് പാടിയതാരാണ്. ആത്മാവിനെ മേയാൻ വിട്ടിട്ട് ആകാശത്തേക്ക് ഇവർ എന്തിനാണ് പറന്നുയർന്നത്.
പിതാവ് എന്ന ചിറകുകളും ആകാശങ്ങളും ഉള്ള മഹാകാവ്യം എപ്പോഴാണ് ബേസിലിൻ്റെ ഘാതകൻ ആയത്. ഉമ്മറപ്പടിയിൽ അച്ഛൻ്റെ വരവും കാത്ത് പുഞ്ചിരി തൂകി എത്ര ദിവസം അവൻ നിന്നിട്ടുണ്ടാവും. പ്രഭാതത്തിൽ കാണിച്ച വികൃതിക്ക് മകനെ തല്ലിയിട്ട് വൈകുന്നേരം മധുര മിഠായിയുമായി വരുന്ന അച്ഛനെ കാണുമ്പോൾ അടി നൽകിയതിൽ വേദനിച്ചത് മകനായിരുന്നില്ല എന്ന് അവനും ഓർത്തിരുന്നില്ലെ. കുടുംബവും ജോലിയും പ്രണയവും സംഗീതവും അടങ്ങിയ അവൻ്റെ സ്വപ്നങ്ങളെ അടക്കം ചെയ്ത താളിൽ രാക്കറുപ്പ് നിറം നൽകിയതാരാണ്. കുഞ്ഞ് നാളിൽ അവൻ മറിഞ്ഞ് പോയ കടലാസ് തോണി സ്വപ്നം കണ്ടിരുന്നോ. അവൻ്റെ അമ്മയുടെ ചിരി ചിതലെടുത്തതെപ്പോഴാണ്. ആ അമ്മയുടെ രാവിന് മരണത്തിൻ്റെ നിറം നൽകിയതെന്തിനാണ്.
മദ്യത്തിൻ്റെ ലഹരിയിൽ മുങ്ങിയ കുടുംബനാഥൻ മരണത്തിൻ്റെ നെറുകയിലെ ഇരുട്ടായത് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
എൻ്റെ മുറിവേറ്റ ചിന്തകൾ അവൻ്റെ ജാലകക്കാഴ്ചകളിൽ തറച്ചു. നിശ്ചലമായ കാറ്റും പൊളിഞ്ഞ് വീണ ആകാശവും ഉദയാസ്തമയങ്ങളെ ചോപ്പിച്ച രക്തവും അവൻ്റെ ജാലകങ്ങളിലെ നിത്യ കാഴ്ചകൾ ആയിട്ടുണ്ടാവും. ഇൻക്വസ്റ്റ് വേളയിൽ അവൻ്റെ പാതിയടഞ്ഞ കണ്ണ് തുറന്ന് തന്നെ ഇരിക്കട്ടെ എന്ന് ഞാൻ അഗ്രഹിച്ചു.
ലോകത്തിൻ്റെ സുന്ദരരൂപം അവൻ കണ്ട് തീർന്നിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജൻ അറിഞ്ഞിട്ടുണ്ടാവുമോ. ഇത് കുറിക്കുമ്പോൾ അവനും അമ്മയും മണ്ണിലേക്ക് ചേർന്നിരിക്കുന്നു.
പ്രാർത്ഥിക്കുന്നു.
ദൈവത്തിൻ്റെ കരങ്ങളിൽ ഉറങ്ങി അവനും അവൻ്റെ അമ്മയും ഉണരട്ടെ..
ചോര പുതച്ച് നീ കിടന്ന മുറിയിലെ ചുമരിലെ എഴുത്ത്.
Every family has a story
Welcome to ours….
കണ്ണിലുടക്കിയ ഈ വാക്കുകളിലെ കറുത്ത ഫലിതം മറക്കാൻ എൻ്റെ നിഴലുകളിൽ തട്ടിത്തടഞ്ഞ് എത്ര തവണ ഞാൻ വീഴേണ്ടി വരും…