സമ്പർക്കക്രാന്തി – വി. ഷിനിലാൽ
സുഘടിതമായ കഥയോ പരസ്പരാശ്രിതമായ ഇതിവൃത്തമോ ഇല്ലാതെ, ഏത് നിമിഷം വേണമെങ്കിലും അടർന്നുമാറി മുറിഞ്ഞു പോകാവുന്ന മനുഷ്യവംശത്തിന്റെ ബോഗികളെ കൊളുത്തി വലിച്ച് കാലത്തിന്റെ ട്രാക്കിലൂടെ ഫിക്ഷൻ യാത്ര തുടരുന്നു. മനുഷ്യസംസ്കാരത്തിലെ പ്രത്യേകിച്ച് ഇന്ത്യൻ സംസ്കാരത്തിലെ കാണാത്തതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആയ മൃഗശീലങ്ങളെയും, സാമൂഹികാവസ്ഥകളെയും ചൂളം വിളിച്ചുണർത്തിക്കൊണ്ട് ആ പാളത്തിലൂടെ സമ്പർക്കക്രാന്തി പാഞ്ഞുവന്നത് 2019 ലാണ്. മനുഷ്യനിലെ അടക്കി വച്ചിരിക്കുന്ന അധമഭാവങ്ങളെ, സമകാല ഇന്ത്യയിലെ വർഗ്ഗവർണ്ണരാഷ്ട്രീയവെറികളെ വെറും മൂന്ന് ദിനങ്ങൾ കൊണ്ട് ഷിനിലാൽ സമ്പർക്കക്രാന്തിയിൽ അടയാളപ്പെടുത്തുന്നു.
ഓരോ മനുഷ്യനും ഒരുപാട് കഥകളാണ്. ഓരോ കുടുംബവും ഓരോ വംശമാണ്. ഓരോ ജീവിതപരിസരവും ഓരോ സാമ്രാജ്യമാണ്. ഒരുപാട് കഥകൾ കൊളുത്തിച്ചേർത്തിരിക്കുന്ന തീവണ്ടി ഒരു ഇതിഹാസമാകുന്നതങ്ങനെയാണ്. അതിന്റെ ജീവസ്സുറ്റ ചരിത്രവും വർത്തമാനവുമാണ് ഈ നോവൽ. ഓർമ്മകളിൽ നിന്ന് വർത്തമാനത്തിലേക്കും തിരിച്ചും അത് ഓടിക്കൊണ്ടിരിക്കുന്നു.
തീവണ്ടിയെന്ന രൂപകം
സമകാലയിന്ത്യയുടെ പരിച്ഛേദമാണ് ഈ നോവലിൽ ബയോപ്സിപീസായി അവതരിപ്പിക്കപ്പെടുന്ന തീവണ്ടി .
“പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു-
മെത്രയും ചഞ്ചലമാലയസംഗമം.” എന്ന കവിവാക്യം പോലെ യാത്ര അനിവാര്യമായിത്തീരുകയും യാത്രയ്ക്കിടെ രൂപപ്പെട്ട ഹ്രസ്വകാലസൗഹൃദങ്ങളിൽ അഭിരമിച്ച് ജീവിക്കുന്ന, രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സ്വയം പ്രദർശിപ്പിക്കാനായി അവരവരുടേതായ മാർഗങ്ങൾ തിരഞ്ഞെടുക്കുകയും ഒടുവിൽ ഇറങ്ങിപ്പോവുകയും ചെയ്യുന്ന മനുഷ്യർ. വർത്തമാനവും ചരിത്രവും കുഴഞ്ഞുമറിഞ്ഞ ഈ ദശാസന്ധിയിൽ മാത്രമല്ല കാലത്തിന്റെ ഓരോ വളവിലും ബഹ്വർത്ഥമാനങ്ങളുള്ള ജീവിത യാത്രയുടെ രൂപകം തന്നെയാണ് തീവണ്ടി. അതിനെ സമകാലയിന്ത്യയുടെ രാഷ്ട്രീയസാമൂഹികമാനങ്ങളോട് ചേർത്തു വച്ച് നവഭാവുകത്വ പരിചരണങ്ങളോടെ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് നോവലിന്റെ പ്രസക്തി.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ അനന്തവൈവിധ്യത്തെ അടയാളപ്പെടുത്താൻ തീവണ്ടിയെന്ന രൂപകത്തിന് കഴിയുന്നു. വിവിധ വേഷവും ഭാഷയും സംസ്കാരവും സാമൂഹിക ജീവിതവുമുള്ള കുറെ മനുഷ്യർ. ഒരുമിച്ചു കൂടുന്ന കുറച്ചു മണിക്കൂറുകൾക്കുള്ളിൽ സ്വയം വെളിപ്പെട്ടു പോകുന്ന കുറെ ജീവിതങ്ങൾ. ജീവനുളള കോശങ്ങളുടെ സ്വഭാവസവിശേഷതകൾ സസൂക്ഷ്മം വീക്ഷിച്ച് അതിലെന്തെങ്കിലും അസ്വാഭാവികമായി കാണുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനെയാണ് പൊതുവേ ബയോപ്സിയെന്ന് പറയുന്നത്. ഇന്ത്യൻ ജനതയുടെ സാമൂഹിക സാംസ്കാരിക രാഷ്രീയശരീരത്തിൽ ബാധിച്ചിട്ടുള്ള പല തരം അർബുദങ്ങളെ ഐഡന്റിഫൈ ചെയ്യാൻ 56 മണിക്കൂർ കൊണ്ട് 3420 കി.മീ പിന്നിടുന്ന സമ്പർക്ക ക്രാന്തിയിലെ 22 ബോഗികളിലൂടെ വായനക്കാരന് കഴിയുന്നു. രോഗം തിരിച്ചറിയുന്നതോടെ അതിജീവിക്കാനോ ഈ സാമൂഹ്യപരിസരത്ത് ജീവിച്ചു പോകാനോ ഉള്ള കഠിനമായ പരിശ്രമത്തിലേക്ക് വായനക്കാരൻ എത്തുകയായി.
വർത്തമാനത്തിൽ നിന്ന് അപ്രത്യക്ഷനായി, ആൾക്കൂട്ടത്തിൽ അലിഞ്ഞില്ലാതാകുന്ന യാത്രികനാണ് കരംചന്ദ്. അപ്പൂപ്പന്റെ ഗാന്ധി സ്നേഹത്തിന്റെ ബാക്കിപത്രമാണ് ആ പേര്. കരംചന്ദിന്റെ യാത്രാനുഭവങ്ങളിലൂടെ, അയാളുടെ ഓർമ്മകളിലൂടെ വർത്തമാനങ്ങളിലൂടെ സമ്പർക്കക്രാന്തി സഞ്ചരിക്കുന്നു. കാർവാലോ, എൽവിൻ ദാസ്, രാം കേഷ്മീണ എന്നിങ്ങനെ മൂന്ന് ടി.ടി.ഇ മാരെ അവതരിപ്പിക്കുന്നുണ്ട്. നരേന്ദ്രധാ ബോൽക്കർ മാംഗ്ലൂരിൽ നിന്ന് ട്രെയിനിൽ കയറുന്നു. മരിക്കാൻ അനേകം മാർഗ്ഗങ്ങൾ ഉണ്ടെന്നിരിക്കെ മറ്റൊരാളെ സാക്ഷിയാക്കുന്ന ഒരേയൊരു ആത്മഹത്യാവിദ്യയുടെ ദൃക്സാക്ഷിയാവേണ്ടി വരുന്നയാളാണ് ദേവദാസ് എന്ന ലോക്കോപൈലറ്റ്.
നെയ്യാർഡാമിലെ യോഗപരിശീലന കേന്ദ്രത്തിൽ ഒരു മാസത്തെ കോഴ്സ് പകുതിയിലുപേക്ഷിച്ച് മടങ്ങുന്ന സമീറ ഫാത്തിമ. പൻവേൽസ്റ്റേഷനിൽ ഇറങ്ങുന്നതിനു മുൻപ് കരംചന്ദിനോട് അവൾ തുറന്നു പറയുന്ന രഹസ്യം. ഏത് നേരവും ലോൺലി പ്ലാനറ്റിന്റെ ഇന്ത്യ എന്ന പുസ്തകത്തിൽ തന്നെ തിരയുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജോൺ, ആഫ്രിക്കൻ വന്യതയുടെ ആൺരൂപമായ കരിമൻ അങ്ങിനെ സമ്പർക്ക ക്രാന്തിയിലെ ബോഗികൾ പലതാണ്. സമ്പർക്കക്രാന്തി എന്നാൽ സമ്പർക്കത്തിലൂടെയുള്ള വിപ്ലവം എന്നാണർത്ഥം. അത് ജീവിതം തന്നെയാണ്. മൂന്ന് ദിവസത്തെ ജീവീതം പോലെ തന്നെയാണ് മുന്നൂറ് ദിവസത്തേയും മൂന്ന് പതിറ്റാണ്ടിലേയും ജീവിതം.
ജീവിച്ചിരിക്കുന്നതിന്റെ തെളിവ്
കരംചന്ദിന്റെ തൽസമയ എഫ്ബി പോസ്റ്റുകളിലൂടെയാണ് സംഭവവിവരണമായി നോവൽ മുന്നോട്ടു നീങ്ങുന്നത്. അടുത്തടുത്തിരിക്കാത്ത ജാതിവ്യവസ്ഥയിലെ രണ്ടുപേർ റെയിൽവേ റിസർവേഷൻ ചാർട്ടിൽ ഒന്നിച്ചിരിക്കുന്നത് കണ്ടുള്ള ചിരിയിലൂടെ വായനക്കാരൻ കരംചന്ദിന്റെ സഹയാത്രികനാവുന്നു.
കൃശഗാത്രനായ അയാളുടെ ശിരസ്സ് പ്രശ്നസങ്കീർണമാണ്. അതിൽ ജനനവും മരണവും ജീവിതവും നിരന്തരമായി പുനർജനിച്ചു കൊണ്ടിരിക്കുന്നു. ‘I think.. so I exist ‘എന്ന ദക്കാർത്തേയുടെ വാക്കുകളെ അന്വർത്ഥമാക്കും വിധം അയാൾ താൻ ജീവിക്കുന്നുണ്ടെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു .
വംശത്തിന്റെയും ജാതിയുടെയും പാരമ്പര്യത്തിന്റെയും പൂർവ്വ ഭാരമില്ലാതെ മനുഷ്യവംശത്തോളം പഴക്കമുള്ള അസ്വസ്ഥതകളുമായാണ് അയാൾ കഴിയുന്നത്. അയാളുടെ കാഴ്ചകൾ സമ്പർക്ക ക്രാന്തിയുടെ ട്രാക്കിൽ നിന്നും പറങ്കിക്കപ്പിത്താനായ ഡി. അൽമേഡയിലേക്കും 1857 ലെ ശിപായിലഹളയിലേക്കും ആദ്യത്തെ കരി എഞ്ചിനിലേയ്ക്കും മാറി മാറി സഞ്ചരിക്കുന്നു. എറണാകുളം സ്റ്റേഷനിൽ നിന്നും S1 കോച്ചിൽ കയറിയ വിദ്യാർത്ഥികളുടെ വിരൽത്തുമ്പിൽ ലോകം തെളിയുന്ന ചില്ലുപകരണത്തിലെ ലിങ്കിൽ നിന്നും പറങ്കിക്കപ്പലിന്റെ അമരത്ത് കുന്തമുനയിൽ കുത്തിനിർത്തിയ ശവത്തിന്റെ തുറിച്ച കണ്ണുകളിലേക്ക് കാഴ്ച മാറുന്നത് വളരെ പെട്ടെന്നാണ്. സിനിമാ സ്ക്രീനിൽ പ്രത്യക്ഷമാവുന്ന വിവിധ രംഗങ്ങൾ ആസ്വാദകനിൽ ഉണർത്തുന്ന വൈകാരികാനുഭവം പകർന്നു നൽകാൻ ഇവിടെ അക്ഷരങ്ങൾക്ക് കഴിയുന്നു. ഈ നോവലിന്റെ ആഖ്യാനത്തിലെ വ്യത്യസ്തതയും അതുതന്നെയാണ്.
അധികാരത്തിന്റെ പുതുമേടകൾ
നൂറ്റാണ്ടുകളിലൂടെ ആർജിച്ചെടുത്ത സഹിഷ്ണുതയുടെ സംസ്കാരത്തിന് ഇന്ന് സംഭവിക്കുന്ന ശൈഥില്യം നോവൽ വരച്ചുകാട്ടുന്നു. സൂക്ഷ്മവും തീക്ഷ്ണവുമായ രാഷ്ട്രീയ ബോധ്യങ്ങളെ തികഞ്ഞ നര്മഭാവനയോടെ അവതരിപ്പിക്കുന്നു. തന്റെ സാമ്രാജ്യത്തിലെ അതിരടയാളങ്ങൾക്കുള്ളിൽ സ്വയം സൃഷ്ടിക്കുന്ന ലോകത്താണ് ഓരോ മനുഷ്യനുമെന്ന് നോവൽ ഓർമ്മിപ്പിക്കുന്നു. ടെറിറ്റോറിയൽ ആനിമൽ, സംഘമൃഗം, വിധ്വംസഹജീവി എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്ന നോവലിന്റെ അടിസ്ഥാനം മനുഷ്യനിലെ മൃഗശീലത്തിന്റെ നഗ്നത തന്നെയാണ് .
കൊച്ചുവേളി മുതൽ ചണ്ഡീഗഢ് വരെയാണ് സമ്പർക്കക്രാന്തിയുടെ പാത. വായനക്കാരന് ഡൽഹിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നെങ്കിലും സമ്പർക്കക്രാന്തി അതിന്റെ യാത്ര തുടരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായി പോകുന്ന വാണ്ടറർ എന്ന ആവിയന്ത്രത്തിനൊപ്പമാണ് യാത്ര തുടങ്ങുന്നത്. തുടർന്ന് ഓർമ്മയിലൂടെ ആദ്യം പിന്നിടുന്നത് മനുഷ്യജീവിത ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. പരിണാമ വഴിയിൽ നടന്ന് ഇരുകാലിയായവൻ കാടും മേടും കടന്ന് സംഘമായതും അഗ്നിയുടെ കാര്യത്തിൽ ലോകം വെട്ടിപ്പിടിച്ചതും നമ്മൾകാണുന്നു .
സമകാല ജീവിതം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പല സാമൂഹിക പ്രശ്നങ്ങളേയും നോവൽ അഭിസംബോധന ചെയ്യുന്നുണ്ട്. കൂളോം സ്റ്റേഷനിലും ഗോവയിലും സമ്പർക്കക്രാന്തിയിലാകെയും അനുഭവപ്പെടുന്ന ജലദൗർലഭ്യം അതിനുദാഹരണമാണ്. നിലനിൽക്കുന്ന അധികാരവ്യവസ്ഥിതിയുടെ അമരത്ത് അവരോധിക്കപ്പെട്ട നേതാവും ഒരു മഴപെയ്താൽ പൊട്ടിമുളക്കുന്ന കൂണുപോലെ പ്രത്യക്ഷപ്പെടുന്ന അനുചരന്മാരും.
ട്രെയിനിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അവർ നടത്തുന്ന യാത്ര തീവണ്ടിയെ ‘സ്വച്ഛതീവണ്ടി’ യാക്കി മാറ്റാനാണ്. സ്വച്ഛ തീവണ്ടിയെന്ന പദം പോലും ‘സ്വച്ഛഭാരത് ‘ നെ ഓർമ്മപ്പെടുത്തുന്നു. യാത്രക്കാർക്കിടയിൽ നുണ വിതച്ച് ഭീതി കൊയ്ത് മുന്നേറുന്ന സംഘം സത്യാനന്തര കാലത്തിന്റെ നേർപ്പകർപ്പാണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവസരം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന ചിന്ത അധികാരം ആഗ്രഹിക്കുന്ന ഓരോ രാഷ്ട്രീയനേതാവിന്റെയും ഉള്ളിലുണ്ട്. ഗാന്ധി ഇന്നും മഹാനായിരിക്കുന്നത് ഭരണാധികാരിയുടെ വേഷം കെട്ടാത്തതുകൊണ്ടാണെന്ന് അവിടെ വായനക്കാരൻ തിരിച്ചറിയുന്നു. ഗുജറാത്തിലെ പട്ടേൽമാരുടെ സംവരണ പ്രക്ഷോഭത്തെക്കുറിച്ചും രാജസ്ഥാനിലെ ഗുജ്റകളും മീണകളും തമ്മിലുള്ള ആഭ്യന്തര കലാപത്തെക്കുറിച്ചും നോവലിൽ സൂചനയുണ്ട്. ഇത്തരത്തിലുള്ള ആഭ്യന്തരകലാപങ്ങൾ വന്യദേശീയതയിൽ സ്വയം നഷ്ടപ്പെട്ട ഇരു വിഭാഗക്കാരുടെ കലഹമല്ലെന്നും അതിന്റെ പിന്നിൽ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ കറുത്ത കൈകളുണ്ടെന്നും നമ്മൾ തിരിച്ചറിയുന്നു.
പരോക്ഷമായി അധികാരം ജനമനസ്സുകളിൽ ഉറപ്പിച്ചെടുക്കാനും യാത്രക്കാർക്കിടയിൽ നിർദ്ദിഷ്ട താത്പര്യം ശക്തിപ്പെടുത്തുന്നതിനും വ്യവസ്ഥിതിയോടുള്ള കൂറ് പ്രദർശിപ്പിക്കുന്നതിനും വേണ്ടി ഒരു മണിക്കൂർ ഇടവിട്ട് കോച്ചുകൾക്കുള്ളിൽ നേതാവും അണികളും വിസിൽ മുഴക്കുന്നുണ്ട്. ഇത് വിസിൽ കാഹളം എന്ന പേരിൽ അറിയപ്പെടുന്നു. ശബ്ദത്തിന്റെ കമ്പനം മനുഷ്യ മസ്തിഷ്കങ്ങളിൽ ഉളവാക്കുന്ന തരംഗങ്ങൾ പോസിറ്റീവ് എനർജി സൃഷ്ടിക്കും എന്നുപറഞ്ഞ് സമകാലഭാരതത്തിൽ കോവിഡ് വൈറസിനെ തുരത്താൻ പാട്ടകൊട്ടിയ അനുഭവമാണ് വിസിൽ കാഹളത്തിൽ മുഴങ്ങുന്നത് .
“ജാത്യാധികാരത്തിന്റെ ഗർവ്വം പോലെ” ശിരസ്സിൽ കുടുമയേന്തിയ ന്യായാധിപന്റെ മുൻപാകെ കാഹളനിയമത്തെ ബഹുമാനിക്കാത്തവരെ ഹാജരാക്കുന്നു.” മനുവിൽ നിന്നാരംഭിച്ച് തന്നിൽ വന്നു നിൽക്കുന്ന അധികാരക്കുടുമയുടെ ഗർവ്വം” എന്നുള്ള പരാമർശം ലക്ഷ്യ വേധിയാണ്. മനുഷ്യവംശത്തിൽ ദുർമേദസ്സ് നിറഞ്ഞ് അശുദ്ധമാകുമ്പോൾ ഹിറ്റ്ലർമാർ ജനിച്ചു കൊണ്ടേയിരിക്കുമെന്ന് നോവലിസ്റ്റതിനെ സാധാരണീകരിക്കുന്നുണ്ടെങ്കിലും എരിഞ്ഞു തീരുന്നത് ദുർമേദസ്സല്ല മജ്ജതന്നെയാണെന്ന് തിരുത്താതിരിക്കാൻ കഴിയില്ല.
അറിവില്ലായ്മയാണ് അണികളായിരിക്കാനുള്ള ഏറ്റവും വലിയ യോഗ്യതയെന്ന് പറഞ്ഞ് അന്ധമായ പ്രത്യയ ശാസ്ത്ര വിധേയത്വത്തെ ആക്ഷേപിക്കുന്നുണ്ട് .മികച്ച സ്വപ്ന വ്യാപാരികളായ നേതാക്കൾ സ്വപ്നം വിതച്ചു കൊണ്ടേയിരിക്കുന്നു. ഒരുമിച്ചു കൂടാൻ അനുവദിക്കാതെ ജനങ്ങളെ വർണ്ണത്തിന്റെയും വർഗത്തിന്റെയും പേര് പറഞ്ഞ് കള്ളികളിലാക്കി തിരിക്കുന്നു. ഭരണകൂടങ്ങൾ തന്ത്രപൂർവ്വം കശാപ്പ് ചെയ്യുന്ന പൗരാവകാശങ്ങളെ നോവൽ തുറന്ന് കാട്ടുന്നു.
ദ്വി എന്ന തലക്കെട്ടോടെ വന്ന വാട്സ്ആപ്പ് സന്ദേശത്തിലാണ് സമ്പർക്കക്രാന്തിയിലെ അവസാന ദിനം ആരംഭിക്കുന്നത്. ഗാന്ധി രൂപത്തിലേക്ക് നിറയൊഴിക്കുന്ന ഗോഡ്സെയ്ക്ക് ജയ് വിളിക്കുന്ന ആ വീഡിയോയുടെ താഴെ ഇത് ഗാന്ധിജിയുടെ ഇന്ത്യയല്ല എന്ന് കരംചന്ദ് കുറിക്കുന്നു.
ഗുജറാത്തിലെ പട്ടേൽമാരുടെ സംവരണ പ്രക്ഷോഭത്തിൽ അക്രമാസക്തരായ ജനങ്ങൾ റയിൽ പാളം ഇളക്കി മാറ്റിയതിനാൽ വഴി തിരിച്ചു വിട്ട സമ്പർക്കക്രാന്തിയിൽ ജീവിതങ്ങൾ അങ്കലാപ്പിലാകുന്നു. ദ്വി ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ വിഭിന്നമായ വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവർ തമ്മിൽ സംഘർഷമുണ്ടാകാതിരിക്കാൻ ഓരോ കോച്ചും ഓരോ മതവിഭാഗത്തിന് സംവരണം ചെയ്യുന്നു. ഉത്തമരായ സന്താനങ്ങളെ പ്രസവിച്ച് രാഷ്ട്രത്തിനു മുതൽക്കൂട്ടാകേണ്ട വരാണെന്ന് പറഞ്ഞ് സ്ത്രീകൾക്കായി പ്രത്യേകം അറകൾ നിർമ്മിക്കുന്നു .
സ്വന്തം അറകളിലെ കപട സ്വാസ്ഥ്യത്തിന്റെ തടവറകളിലേക്ക് ഓരോരുത്തരും ഉൾവലിയുന്നു. എറണാകുളത്തുനിന്ന് സമ്പർക്കക്രാന്തിയിൽ കയറിയ അമാനുഷ എന്ന ട്രാൻസ്ജെൻഡറിനെ അവതരിപ്പിച്ചുകൊണ്ട് മൂന്നാംലിംഗജീവിതവും നോവലിസ്റ്റ് ചേർത്തുവയ്ക്കുന്നു. ഐക്യത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ ഭാഷയുടെ പേരിലും ആചാരങ്ങളുടെ പേരിലും കലാപങ്ങൾ ആരംഭിക്കുന്നു. അവരെ ബന്ധിച്ചിരുന്ന ഏകാധിപത്യത്തിന്റെ നൂൽബന്ധം മുറിഞ്ഞതോടുകൂടി ആർക്കും നിയന്ത്രിക്കാനാകാത്ത ഒരാൾക്കൂട്ടം കൈയിൽ കിട്ടിയതെല്ലാം ആയുധമാക്കി പരസ്പരം പൊരുതുന്നു. പ്രാകൃതമായ ഗോത്രചോദനകൾ രക്തത്തിനായി പോർവിളി മുഴക്കുന്നു. പ്രയോഗത്തിലൂടെ മാത്രം പ്രകടമാകുന്ന അധികാരത്തിന്റെ സത്ത സർവ്വ ആസുരതയോടും കൂടി ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹൈന്ദവതാലിബാനിസത്തിന്റെ വരുംകാലചിത്രം സമ്പർക്ക ക്രാന്തിയിലെ മൂന്നാം ദിനം അടയാളപ്പെടുത്തുന്നു.
പെണ്ണിനെ പെറാനുള്ള യന്ത്രം മാത്രമാക്കി മാറ്റാൻ അമ്മയും ദേവിയുമാക്കി മഹത്വവൽക്കരിക്കുകയാണല്ലോ ഏറ്റവും ലളിതമായ മാർഗ്ഗം. പരസ്പരം പോരടിക്കുന്ന മുട്ടനാടുകളുടെ ഇടയിൽ ചോര നക്കിക്കുടിക്കുന്ന ചെന്നായായി ഭരണകൂടം വിലസുന്നു.
പ്രകൃതിയെ വേലി കെട്ടിത്തിരിച്ച് വരുതിയിലാക്കിയതു പോലെ തന്നെ മനുഷ്യരെ അടിമയും തടവുകാരനും മതാനുയായിയുമാക്കുന്നു. പുതിയ യാഥാർഥ്യങ്ങൾക്കനുസൃതമായി യഥാർത്ഥജീവിത പശ്ചാത്തലങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന നോവൽ നവറിയലിസത്തിന്റെ ആവിഷ്കാരമാകുന്നു. നോവലിസ്റ്റിന്റെ ബഹുവിഷയബന്ധവും സമകാലജീവിതത്തോട് നേരിട്ടുള്ള ഇടപെടലും ഇവിടെ പ്രകടമാണ്. ഒരു പുതുഭരണ സാരഥ്യത്തിലേക്ക് തീവണ്ടിയെ നയിക്കുന്നതിന് പ്രധാന കാരണം ജലയുദ്ധമാണ്. കാസർകോഡ് ജില്ലയിൽ കൂടി കടന്നുപോകുന്ന സമ്പർക്കക്രാന്തിയിലിരുന്ന് എൻഡോസൾഫാൻ റദ്ദാക്കിയ ജീവിതങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. ഇവിടെ നോവൽ പാരിസ്ഥിതികറിയലിസത്തിന്റെ ഭൂമികയിലാവുന്നു.
ദേശീയതയിലെ ബ്ലാക് മാജിക്
യാത്രയുടെ ആദ്യന്തം ഇന്ത്യ എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ് ജോൺ, വായിക്കാത്ത സമയത്ത് അതിനെ നെഞ്ചോട് ചേർത്തുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ പുസ്തകവും വായനയും പ്രതീകാത്മകമാണ്. തുടക്കത്തിൽ റെയിൽവേട്രാക്കിലെ മല വിസർജ്യത്തിൽ നിന്നാണ് ഇന്ത്യയെന്ന പുസ്തകത്തെ അയാൾ തുടച്ചെടുക്കുന്നത്. വായിച്ചുതീരാത്ത ആ പുസ്തകം ഒടുവിൽ കരംചന്ദിന് കൈമാറുന്നു. ഇവിടെ അവർ തുടർച്ചയുടെ അടയാളപ്പെടുത്തലാവുന്നു .
S2 കോച്ചിൽ 65 നമ്പർ ബർത്തിൽ റീഡിങ്ലാമ്പിന്റെ വെളിച്ചത്തിൽ അക്ഷരങ്ങളെ സ്നേഹിച്ചു കൊണ്ടിരുന്നയാളാണ് നരേന്ദ്ര ധാബോൽക്കർ. ജനങ്ങൾക്ക് വെള്ളം കൊടുക്കുക എന്ന കടമയിൽ നിന്നും പിൻവാങ്ങിയ സ്റ്റേറ്റ് അത് കുപ്പിയിലടച്ച കമോഡിറ്റിയാക്കുകയും ഒരു തുള്ളി വെള്ളം എടുത്തതിന് ഒരുവനെ ജയിലിലടയ്ക്കുകയും ചെയ്യുന്നു. ഈ വ്യവസ്ഥിതിക്കെതിരെ ശബ്ദമുയർത്തിയതിന് നരേന്ദ്ര ധബോൽക്കർ ദ്വിയുടെ കോടതിയിൽ വിചാരണയ്ക്ക് വിധിക്കപ്പെടുന്നു. ചലനമാണ് മനുഷ്യ സ്വത്വം. ആ ചലനത്തെ ഒരു വട്ടത്തിൽ ഒതുക്കുന്നതാണ് ദേശം. ദേശീയതയിൽ അഭിരമിക്കുന്നവർ ഒരു തുറന്ന ജയിലിലാണ്. നഗരത്തിലെ മാലിന്യകേന്ദ്രത്തിൽ ഓരോ അഴുക്കുകൂനയ്ക്കും അധിപതിയായി ഒരു നായ ഉണ്ടാവും. മറ്റൊരു നായ അവിടെയ്ക്ക് ആക്രമിച്ചു കടക്കുമ്പോൾ കടിപിടിയാവും. ഇതുപോലെ തന്നെയാണ് മനുഷ്യന്റെ കാര്യവും .
ടെറിട്ടോറിയൽ ആനിമലായ അവൻ തന്റേതെന്ന് കരുതുന്ന അഴുക്കുകൂനകൾ അലങ്കരിക്കുന്നു. അതിനായി യുദ്ധം ചെയ്യുന്നു. അതിനെക്കുറിച്ച് കവിതയെഴുതുന്നു. നായ്ക്കൾക്ക് ഇല്ലാത്ത ഈ നിലനിൽപ്പ് ശാസ്ത്രമാണ് ദേശീയത. മുഖംമിനുക്കിയ ഏകാധിപത്യമാണ് ജനാധിപത്യം. അന്ധവിശ്വാസവും അവിശ്വാസവും പോലെ ഏകാധിപത്യവും ജനാധിപത്യവും നേർരേഖയിലാണ്. ഇത്തരത്തിലുള്ള ആശയങ്ങൾ നരേന്ദ്രധബോൽക്കർ കരംചന്ദിന് പകർന്നു നൽകുന്നു. അധികാരിവർഗ്ഗം ഏറ്റവും ഭയപ്പെടുന്നത് അക്ഷരങ്ങളെയാണ്. അന്ധവിശ്വാസവിരുദ്ധ പ്രവാചകനും യുക്തിവാദിയുമായ നരേന്ദ്രധാബോൽക്കർ കൊല്ലപ്പെടുന്നു .
നരേന്ദ്ര ധബോൽക്കറുടെ കൊലപാതകകാലത്ത് എഴുതിത്തുടങ്ങിയ ഈ നോവൽ അവസാനിച്ചപ്പോഴേക്കും ഇവിടെ ഗൗരി ലങ്കേഷും കൊല്ലപ്പെട്ടു. ഗോവിന്ദ് പൻസാരെ, കൽബുർഗി തുടങ്ങിയ ജ്ഞാനവൃദ്ധരുടെ കൊലപാതകപരമ്പരകൾ ഇന്ത്യയിൽ അത്ഭുതമല്ലാതായി. ഈ കൊലപാതകങ്ങളെ നിത്യസംഭവമായി കാണാൻ കഴിയുന്ന വിധത്തിൽ ഇന്ത്യൻ മനസ് പരിവർത്തനപ്പെട്ടു. മരണം കണ്ടുള്ള ആദ്യ ഞെട്ടലിൽ നിന്നും തീർത്തും ഞെട്ടിക്കാത്ത മരണത്തിലേക്കുള്ള സംക്രമണമായി ജീവിതം മാറുന്നു. വന്യമായ ദേശീയതയുടെ അതിരടയാളങ്ങളിൽ ജനങ്ങളെ കൊല്ലാക്കൊലയ്ക്കിരയാക്കുന്ന നാടായി ഇന്ത്യ മാറിയിരിക്കുമ്പോൾ സമ്പർക്ക ക്രാന്തിയിലെ കറുത്ത ഫലിതത്തിന്റെ ചൂളം വിളി മുഴങ്ങുന്നത് ഇന്ത്യയൊട്ടാകെയാണ്.
ഗാന്ധിവധം നടന്ന കാലത്ത് അതിനെ ന്യായീകരിച്ചവർ ന്യൂനപക്ഷമായിരുന്നു.ഗാന്ധിവധത്തോടുകൂടി അവർ അടങ്ങുകയും ചെയ്തു. എന്നാലിന്ന് നടക്കുന്ന ജ്ഞാനവൃദ്ധരുടെ കൊലപാതകങ്ങൾ ആവശ്യമെന്ന് വരുത്താൻ പ്രാപ്തമായ രീതിയിൽ ഭ്രാന്തമായ ചിന്തകൾ ഇന്ത്യയിൽ വളർന്നുകഴിഞ്ഞു . സമ്പർക്കക്രാന്തിയുടെ വരുംകാല റിസർവേഷൻ ചാർട്ടുകളിൽ കൊല്ലപ്പെടാൻ പോകുന്നവരുടെ പേര് കരംചന്ദ് അടിവരയിടുന്നുണ്ട്.
ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ്, കൽബുർഗി തുടങ്ങി സുനിൽ പി ഇളയിടം, പെരുമാൾ മുരുകൻ എന്നിവരിലൂടെ അമർത്യാസെന്നിലെത്തി ആ ലിസ്റ്റ് തുടരുകയാണ് ചെയ്യുന്നത്. അക്ഷരങ്ങളെ ഭയക്കുന്ന ഫാസിസ്റ്റ് ഭരണകൂടം നടപ്പാക്കാൻ പോകുന്ന കൊലപാതകപരമ്പരകളെ ഇവിടെ നോവൽ തുറന്നുകാട്ടുന്നു.
കഥാപാത്ര പരിചരണത്തിലെ സൂക്ഷ്മത
തീവണ്ടിയിൽ നടന്ന ജലയുദ്ധത്തിനിടെയാണ് ദ്വി എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഗോവ ചീഫ് സെക്രട്ടറിയോട് ഗാംഭീര്യമുള്ള സ്വരത്തിൽ ഫോണിലൂടെ ഉച്ചത്തിൽ സംസാരിച്ച് ഉറച്ച കാൽ വെയ്പ്പുകളോടെ പ്ലാറ്റ്ഫോമിൽ നടന്ന അയാൾ വളരെ പെട്ടെന്ന് നേതാവായി. ആറടി ഉയരവും അതിനൊത്ത ശരീരവുമുള്ള കരുത്തനെന്ന് നോവലിസ്റ്റ് അയാളെ വിശേഷിപ്പിക്കുന്നു .വളരെ പെട്ടെന്ന് അനുചരൻമാരുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേർക്ക് ചുവന്ന റിബൺ കെട്ടി അനുചരൻമാരുടെ സ്ഥാനാരോഹണം നടത്തി. രക്തരഹിതവിപ്ലവത്തിലൂടെ അയാൾ തീവണ്ടിയുടെ സാരഥ്യം ഏറ്റെടുത്തു. അവസരം മുതലാക്കാൻ കാത്തിരിക്കുന്ന നേതാക്കൻമാരുടെ പ്രതിനിധിയാണയാൾ. വൈൽഡ് ലൈഫ് ചാനൽ എപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന അയാൾക്ക് ഇരതേടുകയും ഇണചേരുകയും ചെയ്യുന്ന മൃഗജീവിത കാഴ്ചകൾ ഒരു ഹരമാണ്. കഴുത്തിൽ സിംഹ ദംഷ്ട്രകൾ ആഴ്ന്നിറങ്ങുമ്പോൾ തുറിച്ചു തള്ളുന്ന പേടമാനിന്റെ കണ്ണുകൾ അയാൾ ആസ്വദിക്കുന്നുണ്ട്. മരണവേദന സംഗീതം പോലെ ആസ്വദിക്കുന്ന ആ കഥാപാത്രം സാധാരണ ജനത്തിന്റെ ചോര ഊറ്റിക്കുടിക്കുന്ന അധികാര വർഗ്ഗത്തിന്റെ പ്രതീകമാണ് .
നോവലിലെ ചരിത്രമില്ലാത്ത കുട്ടി ജീവനുള്ള ഒരു മനുഷ്യനല്ല .അവൻ ഒരു സ്വപ്നമാണ്. റെയിൽവേ ക്ലോസെറ്റിൽ വീണ മറുപിള്ളയുടെ മുന്നോടിയായി റെയിൽവേ ട്രാക്കിൽ വീണ മുഴു പിള്ളയാണ് ചരിത്രമില്ലാത്ത കുട്ടിയായി വളരുന്നത്. ചിന്തിക്കുന്ന മനുഷ്യന്റെ തലച്ചോറിൽ കയറിയിരുന്ന് അവൻ ആയുധം രാകിക്കൊണ്ടിരിക്കുന്നു. നോവലിന്റെ ഒന്നാം ഭാഗത്തിൽ ജനിച്ചുവളർന്ന് രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ വിധിക്കപ്പെട്ട അവൻ ചരിത്രത്തിലിടപെടാൻ കഴിയാത്ത സാധാരണ മനുഷ്യന്റെ അസ്വസ്ഥതയാണ്.
മനുഷ്യനും അതിമനുഷ്യനുമായി അവതരിപ്പിക്കപ്പെടുന്ന കഥാപാത്രമാണ് കരിമൻ. കടൽക്കരയിൽ മുക്കുവന് കളഞ്ഞുകിട്ടിയവൻ. ഉറച്ച ദേഹവും ഉയരവും കണ്ട് രണ്ടു ചക്രം നൽകി മുക്കുവനിൽ നിന്ന് ജന്മി വിലയ്ക്കുവാങ്ങിയവൻ. ഉടലിനെക്കാൾ വേഗത്തിൽ ലിംഗം വളർന്നവൻ. കരയിൽ വിരിഞ്ഞ കടലാമക്കുഞ്ഞിനെപ്പോലെ കടലിലേക്ക് നടന്നവൻ. അടിമപ്പുലയനിൽ നിന്ന് രക്ഷ നേടി അറബിക്കപ്പലിലെ ചുമട്ടുകാരൻ കഴുതയായവൻ. മാപ്പിളമാരുടെ ഉപരോധത്തിൽ നിന്ന് തലശ്ശേരിക്കോട്ട തിരികെ പിടിക്കാൻ പോയ പറങ്കിക്കപ്പിത്താൻ തന്റെ അടിമയാക്കിയവൻ. അടിമകൾക്ക് ആകെയുള്ള ലിംഗ പ്രദർശനമെന്ന ആനന്ദത്തിൽ ഒന്നാമതെത്തിയവൻ. ആഫ്രിക്കൻ വന്യതയുടെ ആൾരൂപമായ കരിമൻ കടൽക്കാഴ്ചകളിലെ ഉലയാത്ത മനുഷരൂപമാണ്.
ബ്രിട്ടീഷ് സർക്കാരിനു വേണ്ടി ഇന്ത്യൻ കാഴ്ചകൾ ക്യാമറയിൽ പകർത്തുക എന്നതായിരുന്നു ജോണിന്റെ മുത്തച്ഛന്റെ ചുമതല. ജനിതകത്തിലടിഞ്ഞ് തലമുറകളിൽ പടർന്ന ആ വാസനയാണ് ഇന്ത്യൻ ടൈഗേഴ്സിനോടുള്ള ജോണിന്റെ വന്യമായ ഭ്രമത്തിന് കാരണം. ഓരോ സ്റ്റേഷനിലും തീവണ്ടിയെത്തുമ്പോൾ ആ ദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്കാരികമായ സവിശേഷതകളും പുസ്തകത്തിലന്വേഷിക്കുന്ന ജോൺ കൂടുതൽ വിവരങ്ങൾക്കായി ഇൻറർനെറ്റിൽ പരതുന്നു. അമേധ്യത്തിൽ പതിച്ചു കിടക്കുന്ന ഇന്ത്യ, അതിനെ ഉയർത്തിയെടുക്കുന്ന തൊഴിലാളി, അതിന് പ്രതിഫലം കൊടുക്കുന്ന, എന്തിലും ഏതിലും രാഷ്രീയം കാണാനാവുന്ന പാതയിലൂടെയാണ് സമ്പർക്ക ക്രാന്തി ഉരുളുന്നത്. നോവലിലെ സർഗ്ഗാത്മകതയുടെ സൗന്ദര്യതലം വളരെ തീക്ഷ്ണമായതുകൊണ്ട് ഫലിത പരിഹാസങ്ങൾ കലർന്ന അതിന്റെ വിമർശനാത്മകതലം വായനയെ കൂടുതൽ സമകാലികമാക്കുന്നു.
വർത്തകക്കപ്പലിലെ കുരിശടയാളം
റയിൽപ്പാതയ്ക്ക് സമാന്തരമായ ഒരു കടൽപ്പാത ഈ നോവലിലുണ്ട്. കരം ചന്ദിന്റെ കാഴ്ചകളിലൂടെയും ഓർമകളിലൂടെയും ആണ് വായനക്കാരൻ ആ കാഴ്ചകളിലേക്കെത്തുന്നത്. ചരിത്ര സംഘർഷങ്ങളുടെ പാതയാണത്. കചവടത്തിനെത്തിയ പോർട്ടുഗീസുകാരൻ അവർക്കു മുന്നേയെത്തി ഇവിടുത്തെ പണ്ടകശാലകളുടെ അധിപതികളായി മാറിയിരുന്ന അറബികളോട് ഏറ്റുമുട്ടുന്നതിന്റെ ഭീകരവും ദാരുണവുമായ ദൃശ്യങ്ങളാണത്.
ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട ക്രൂരതയുടെ ആൾ രൂപങ്ങളിൽ ഒരാളാണ് പറങ്കിക്കപ്പിത്താൻ ഫ്രാൻസിസ്കോ ഡി അൽമേഡ. പ്രാണരക്ഷാർത്ഥം മാപ്പിളമാരുടെ കപ്പൽത്തട്ടിൽ നിന്നും കടലിലേക്ക് ചാടിയ ഒരുവളെ സ്രാവുകൾക്ക് തിന്നാൻ വിട്ടുകൊടുക്കാതെ കുന്തത്തിൽ കോർത്ത് അൽമേഡയ്ക്ക് മുന്നിലെത്തിച്ചത് കരിമനാണ്. അയാളുടെ വാൾ ആ നിറ ഗർഭിണിയുടെ വയർ പിളർന്ന് പുറത്തെത്തുന്നു .അള്ളാ…. എന്ന അവളുടെ നിലവിളി അപൂർവരാഗമായി ആസ്വദിച്ചുകൊണ്ട് ആ വാൾ അയാൾ സാവധാനം ഊരിയെടുക്കുന്നു. നിലവിളിയുടെ ആ രാഗത്തിൽ ഉന്മാദത്തോടെ ലയിച്ചുചേർന്നു കൊണ്ട് പീരങ്കിയുടെ പിച്ചള മേലാപ്പിൽ താളം പിടിക്കുന്നു. അവളെ വിവസ്ത്രയാക്കി കപ്പലിൽ അണിയിച്ച് തൂക്കുന്നു. ഇതിനേക്കാൾ ഭീകരമായി ഒരു വ്യക്തിയിലെ കാടത്തത്തെ എങ്ങനെ അനുഭവവേദ്യമാക്കാൻ കഴിയും ? ദാരുണമായ ഒരന്ത്യത്തെ എങ്ങനെ അവതരിപ്പിക്കാൻ കഴിയും ? ഇവിടെ അക്ഷരങ്ങൾക്ക് ചോര ചീറ്റാനുള്ള കഴിവുണ്ടാകുന്നു.
നൂറ്റാണ്ടുകൾക്കു മുൻപ് നമ്മളനുഭവിച്ച ക്രൂരതയുടെ ഇത്തരത്തിലുള്ള ഭീകരമുഖങ്ങൾ കരംചന്ദിന്റെ ഓർമ്മകളിലൂടെ സമ്പർക്കക്രാന്തിയുടെ ബോഗികളിലെത്തുന്നു.
സമതലത്തിൽ തൂറാനിരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും, തീട്ടപ്പറമ്പുകളിലെ സ്വകാര്യ ഇടങ്ങൾ, വിഗ്രഹരൂപം പ്രാപിച്ച വിസർജ്യം, ചുമരുകളിൽ പാൻപരാഗ് ചവച്ചുതുപ്പിയ ചിത്ര ശേഖരങ്ങളുള്ള ജനറൽ കോച്ച്, രണ്ടു സമുദ്രങ്ങളുടെ സാന്ദ്രതാ വ്യത്യാസമുള്ള ജലം പോലെ വേർതിരിച്ചറിയാവുന്ന ത്രീ ടയർ, ടു ടയർ, എ സി, തുടങ്ങി ഇന്ത്യയെന്ന സാമൂഹ്യപാഠപുസ്തകത്തിലെ നിരവധിചിത്രങ്ങളും കഥാപാത്രങ്ങളാകുന്നു.
കൊടിമരത്തിൽ തൂക്കിയിട്ടിരുന്ന പെൺശവത്തിന്റെ ഉണക്ക മുല അറുത്തു തിന്നു വിശപ്പടക്കിയ കരിമൻ. ഉദ്ധാരണത്തിന്റെ സ്വർഗീയനിമിഷങ്ങളിൽ കൂമ്പിയടഞ്ഞ കണ്ണുകളോടെ പുറത്തേക്കു സ്രവിപ്പിക്കാൻ വെമ്പിനിന്ന കരിമന്റെ ലിംഗത്തെ ഒറ്റവെട്ടിന് കപ്പൽത്തട്ടിലറുത്തിട്ട അൽമേഡ എന്ന കപ്പിത്താൻ, പാതി ഉയിരു പോയ അൽമേഡയുടെ അറുത്തെടുത്ത പിടയ്ക്കുന്ന ലിംഗം കാട്ടിലയിൽ പൊതിഞ്ഞു തീയിലിട്ടു വാട്ടി രുചിയോടെ ഭക്ഷിക്കുന്ന കരിമൻ, മനുഷ്യചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയെ തുണ്ടം തുണ്ടമാക്കി വെള്ളത്തിൽ തിളപ്പിച്ച് ലായനിയാക്കി പാനം ചെയ്യുന്ന കാപ്പിരികൾ. വിഷയം ഭീകരമാകുമ്പോൾ ഭാഷയ്ക്ക് കരിങ്കല്ലിന്റെ ഭാരവും മുള്ളിലവിന്റെ മൂർച്ചയും ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.
അശാന്തനായ ഒരു കാട്ടു മൃഗത്തിന്റെ മുരളൽ പോലെ പല സ്ഥായികളിൽ ഉയർന്നുതാഴുന്ന കാർവാലോയുടെ കൂർക്കംവലി “കർട്ടന്റെ വിടവിൽ കൂടി ഓടിവന്നു ചുരിദാറിന്റെ തണുപ്പിൽ വീഴുന്ന വെയിൽത്തുണ്ടം” ഇങ്ങനെ കാഴ്ചയുടേയും കേൾവിയുടേയും തത്സമയാനുഭവങ്ങൾ ചാരുത പകരുന്ന ഭാഷാരീതിയും നോവലിലുണ്ട്.
ചുരുക്കത്തിൽ ഭാഷയുടേയും കാഴ്ചയുടേയും കുതിപ്പുകളും കിതപ്പുകളുമായി ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലൂടെ ഭാവിയിലേക്ക് സമ്പർക്കക്രാന്തി ഓടിക്കൊണ്ടിരിക്കുന്നു.