പോലീസ് ഡയറി -17 : ബ്ലൈൻഡ് സ്പോട്ട്

കാടുകളുടെ സൗന്ദര്യത്തിനും വളവുകളുടെ സാങ്കേതികതയ്ക്കും തമ്മിൽ ഒരടുത്ത ബന്ധമുണ്ടെന്ന് തോന്നാറുണ്ട്. പ്രത്യേകിച്ചും വനാന്തരങ്ങളിൽ ഞെളിപിരി കൊള്ളുന്ന സ്പൈറൽ വളവുകളിൽ അത്യാഹിതങ്ങൾ ഒരൊറ്റയാനെപ്പോലെ നിങ്ങളെ കാത്തു നിൽക്കുമ്പോൾ ! ഇതിന്റെ നേരറിയണമെങ്കിൽ ബ്രിട്ടീഷ് എഞ്ചിനീയർ ഡിസൈൻ ചെയ്ത വയനാടൻ ചുരത്തിലൂടെ ഒരു തവണ വണ്ടിയോടിച്ചാൽ മതി.

സംഭവം നടക്കുന്നത് ക്ലിയർ ഫെല്ലിംഗ് കഴിഞ്ഞ ചെതലയം റെയിഞ്ചിൽ ആയതിനാൽ ആലോചിക്കാൻ നേരം കിട്ടിയില്ല. ഞങ്ങളുടെ തൊട്ടു മുമ്പേ പോയ എല്ലാ വണ്ടികളേയും ഒരു കൊടുംവളവിൽ വെച്ച് പിന്നോക്കം ഓടിച്ചു കൊണ്ട് അതാ വരുന്നു ഒത്ത നടുവിലൂടെ ഒരൊറ്റയാൻ! ചെളിവാരിത്തേച്ച മസ്തകം. കൊമ്പും മുഖവും മറച്ചുകൊണ്ട് ഒരു വള്ളിപ്പടർപ്പ് മുഴുവനോടെ തൂങ്ങിക്കിടപ്പുണ്ട്. വലിച്ചു കീറിയ ഒരു പച്ചമുള നിലത്തടിച്ചു കൊണ്ടാണ് വരവ്. ആലോചിക്കാൻ നില്ക്കാതെ ഞങ്ങളും പിന്നോക്കം പോകുന്നവരുടെ കൂടെ ചേർന്നു. ഭാഗ്യത്തിന് സമയം തെറ്റി വന്ന ഒരു പ്രൈവറ്റ് ബസ്സ് ഇടതുഭാഗത്തു കൂടി ഇരപ്പിച്ചു കേറി അവന്റെ ചെവിക്കുറ്റിയിലേക്ക് സൈറൻ ഹോൺ നീട്ടിയടിച്ചപ്പോൾ ഒറ്റയാൻ പിൻ വാങ്ങി. നീലഗിരി മുതൽ കുടക് വരെ വ്യാപിച്ചുകിടക്കുന്ന നാഷണൽ എലിഫന്റ് കൊറിഡോറിൽ നിലയുറപ്പിച്ചു കൊണ്ട് അവൻ നിങ്ങളെ വെല്ലുവിളിക്കുന്നു. നിലനില്പിനു വേണ്ടി ഏതറ്റം വരേയും പോകാൻ അവന് മടിയില്ല.
ഈ സംഭവത്തെ എന്റെ ഓർമ്മയിലെ ബ്ലൈൻഡ് സ്പോട്ടായി സൂക്ഷിക്കാനാണ് എനിക്കിഷ്ടം !

വയനാട് ജില്ലയ്ക്ക് ഒരു വയസ്സാവുന്നതേയുള്ളു. ജില്ലാ സായുധസേനയ്ക്ക് സ്വന്തമായി കെട്ടിടങ്ങളോ ഓഫീസ്സോ ഒന്നുമില്ല. ഹെഡ്ക്വാർട്ടേഴ്സിൽ ലാവണങ്ങൾ സ്ഥാപിക്കേണ്ട പോലീസ് ക്യാമ്പ് തിരുനെല്ലി സ്റ്റേഷനിൽ അരിഷ്ടിച്ച് കഴിയുകയാണ്. എഴുപത് കി.മീ. അകലെ വനമദ്ധ്യത്തിൽ! ഞാനാകട്ടെ കാക്കിയുടെ പ്യൂപ്പൽ ദശ കടക്കുന്നതേയുള്ളു. ഒരുച്ച തിരിഞ്ഞ് ജില്ലാ ചീഫിന്റെ സ്റ്റിക്ക് ഓർഡർലി എന്നെത്തേടി വന്നു..

എസ്.പി അദ്വേം വിളിക്കുന്നുണ്ട്.

ഒരു ഫയറിംഗ് റെയിഞ്ചിന് സ്ഥലമന്വേഷിക്കുന്ന കാര്യം എന്നെ ഏല്പിച്ചിട്ട് രണ്ടു മൂന്നാഴ്ചയായി. സർക്കാർ ഭൂമി തന്നെ കിട്ടണം. അതിന് വില്ലേജ് ആപ്പീസ് മുതൽ കളക്ട്രേറ്റ് വരെ കയറിയിറങ്ങണം. ഇതു വരെ സാധിച്ചിട്ടില്ല. ഇന്ന് സോഡ ഉറപ്പാണ്.

ക്യാബിൻ ഡോറിൽ പച്ച ബൾബാണ് .അകത്ത് വേറാരുമില്ല.

യൂണിഫോമില്ലേ , ഫയലിൽ നിന്ന് മുഖം ഉയർത്താതെ ആദ്യത്തെ ചോദ്യം

ഉണ്ട് സർ , ഇപ്പോ ഇട്ടിട്ടു വരാം.

ഇപ്പോ ഇടണ്ട. റെഡിയാക്കി വെച്ചിരുന്നാൽ മതി.

ഒന്നും മനസ്സിലാവുന്നില്ലല്ലോ കർത്താവേ!

നാളെ പരേഡ് ഇൻസ്പെക്ഷന് ഞാൻ വരുന്നുണ്ട്. തന്നെ അവിടെ കണ്ടേയ്ക്കണം. അതു പറയാനാ വിളിച്ചത്. ആനുവൽ മൊബിലിസേഷൻ നടത്താത്തതിന് ഡി.ഐ.ജിയുടെ മെമ്മോവന്നിട്ടുണ്ട് , അദ്ദേഹം പറഞ്ഞു. നല്ല തമാശ! വണ്ടി റെയിലിൽ കേറുന്നതേയുള്ളു.
അദ്ദേഹം ചിരിക്കാൻ തുടങ്ങി.

പിന്നെ, നമ്മുടെ വണ്ടികളുടെ കണക്കൊക്കെ ഒന്ന് കിട്ടണം. വണ്ടിയില്ലാത്ത പോലീസ് സ്റ്റേഷൻ, ഡ്രൈവർമാരുടെ ഷോർട്ടേജ്, വേക്കൻസി പൊസിഷൻ എല്ലാം വേണം. ആ വയലർലസ്സിൽ നിന്ന് ആരെയെങ്കിലും ഒന്ന് വിളിക്ക്. ആദ്യത്തെ മെസ്സേജ് ഇപ്പോൾത്തന്നെ പോകട്ടെ. പരാതികൾ കെട്ടു കണക്കിനുണ്ട്.

ക്വാർട്ടേഴ്സില്ല
ആവശ്യത്തിന് പോലീസുകാരില്ല.
ജീപ്പില്ല.
ഫർണിച്ചറില്ല.
ടെലിഫോണില്ല.
അക്കൗട്രിമെന്റ് സില്ല
ജൂണിയർ – സീനിയർ പ്രശ്നങ്ങൾ ……..

നാളെ ഞാനും വരണ്ടേ സർ , ക്യാമ്പ് ക്ലാർക്ക് ചോദിച്ചു.

എന്താ സംശയം? ഞാൻ ആറു മണിക്ക് വിടും. ഇയാളൊരു കാര്യം ചെയ്യ്.ഇന്ന് പോകണ്ട. ഇവിടെ കൂടിക്കോ. തുടർന്ന് എന്നോട് പറഞ്ഞു: ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് വിളിച്ചിരുന്നു. പോലീസ് ബാരക്കിനുള്ള സെമി പെർമനന്റ് ഷെഡ്ഡിന്റെ ഏ എസ്സ് കിട്ടിയിട്ടുണ്ട്. താൻ തിരുവനന്തപുരം വരെ പോകേണ്ടി വരും , ഫിനാൻഷ്യൽ സാൻക്ഷൻ കയ്യോടെ മേടിക്കണം.

തിരുനെല്ലീന്ന് നമ്മുടെ ആൾക്കാരെ ഇങ്ങോട്ടു കൊണ്ടുവരണ്ടേ.

ഒരു കാര്യം ചെയ്യ്. മറ്റന്നാൾ പൊയ്ക്കോ.

ബറ്റാലിയനിൽ നിന്ന് റീ അലോട്ട് ചെയ്ത ഒരിടി വണ്ടി അവിടെ കെടപ്പുണ്ട്. ചീഫ് സ്റ്റോറിൽ നിന്ന് കുറേ സാധനങ്ങൾ കൊണ്ടുവരാനുമുണ്ട്. നമ്മുടെ സ്റ്റോർ കീപ്പർ തന്ന ഇൻഡെന്റ് ഇതാ:

ഫോർ ടെൻ മസ്ക്കറ്റ്.
ത്രീ നോട്ട് ത്രീ റൈഫിൾ
ലാത്തി
ബൂട്ട് ലെതർ
പട്ടീസ്
കാക്കി ഡ്രിൽ
കാക്കി സെല്ലുലർ.
കൊതുവല
വൂളൻ ജേഴ്സി
റെയിൻകോട്ട്
കിറ്റ് ബോക്സ്.
റാന്തൽ
ഷോവൽ
പിക്ക് ആക്സ്
അണ്ഡാവ്
ചെരുവം

എന്തിനാടോ ഈ ഡാങ്ക്റി? ഇപ്പോൾ ലോങ്ങ് പാന്റ്സും ഷൂവുമല്ലേ? പിന്നെന്തിനാ പട്ടീസ്’.

പട്ടീസുകൾ കൂട്ടിയടിച്ച് ബ്ലാങ്കറ്റ് ആക്കാം സർ. വയനാടിനും ഇടുക്കിക്കും മാത്രമേ അത് ഇഷ്യു ചെയ്യുന്നുള്ളു. അദ്ദേഹം വാച്ചിൽ നോക്കി. സമയം കളയണ്ട. സ്റ്റെയിറ്റ്മെന്റ് എല്ലാം ശരിയാക്കി വെച്ച് തിരുനെല്ലിക്ക് വിട്ടോ.

പുറത്തിറങ്ങിയപ്പോൾ ഞാൻ തളർന്നു പോയിരുന്നു.
പോകുന്നത് തിരുനെല്ലിക്കാട്ടിലേയ്ക്കാണ് !
ആനകളുടെ ഇടനാഴിയിലേയ്ക്ക്.
റൈട്ടർ ഗോപാലൻ നായർ മാത്രമാണ് എന്നെ ആശ്വസിപ്പിക്കുന്ന ഒരു സത്യം പറഞ്ഞത്.
സേർ, ഞാൻ എത്രയോ ദിവസം രാത്രി അപ്പപ്പാറ വരെ നടന്നിട്ടുണ്ട്. ഇതു വരെ ആനേന്റെ മുമ്പില് പെട്ടിട്ടില്ല .

വൈകുന്നേരംപുറപ്പെട്ടു.
ഡ്രൈവർ കത്തിച്ചു വിടുകയാണ്.
ആനയുടെ മുമ്പിലേയ്ക്ക് എത്താൻ ഇയാൾക്ക് എന്തൊരു തിടുക്കമാണ്, എനിക്ക് ദേഷ്യം വന്നു..
നമ്മുടെ ജീപ്പിന്റെ കണ്ടീഷനൊക്കെ എങ്ങനെ ഏഡൻഷ്യളേ ?
പകൽ ഒറ്റയടിക്ക് കിട്ടും സേർ ,പക്ഷെ രാത്രീല് തള്ളണ്ടിവരും. ലൈറ്റിട്ട് ഓടുന്നതുകൊണ്ടാ.
സെക്കന്റ് ഗിയർ സ്ലിപ്പാണല്ലെ ?
കയറ്റത്തില് പ്രശ്നമില്ല. എറക്കത്തിലും ലെവലിലും സ്ലിപ്പുണ്ട് സേർ.
സ്റ്റീയറിങ്ങിന് നല്ല ഫ്രീ പ്ലേയുണ്ടല്ലേ?
അതിനയാൾ മറുപടി പറഞ്ഞില്ല.
അല്ലഏൺഷ്യളേ ,നിങ്ങളിതൊന്നും നോക്കാറില്ലെ?
എന്തിന് നോക്കണം സർ, നമ്മൾ ഓട്ടമത്സരത്തിനൊന്നും പോണില്ലല്ലോ.
അടുത്ത വളവു തിരിഞ്ഞപ്പോൾ അയാൾ ചോദിച്ചു:
എന്തേ സേർ ഇങ്ങനെയൊക്കെ ചോദിക്കാൻ?
അഞ്ചു കുന്നിൽ അടിഞ്ഞുകൂടിയ മൂവന്തിക്കറുപ്പിലേയ്ക്ക് നോക്കി ഞാനൊരു ഭ്രാന്തനെപ്പോലെ ചിരിച്ചു.

ഔതക്കുട്ടിയുടെ വീടും കാട്ടിക്കുളത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റും പിന്നിട്ടാൽ വൃദ്ധനായ ആ ഇംഗ്ലീഷുകാരന്റെ കാപ്പിത്തോട്ടവും അതിലെ അത്തിമരങ്ങളും റോഡരികിലേയ്ക്ക് ഓടി വരും.
പന വല്ലിയിലെ ഓറഞ്ചുതോട്ടങ്ങൾ, വിജനമായ തേക്കിൻ കാടുകൾ, ഇല്ലിക്കൂട്ടങ്ങൾക്ക് കീഴിൽ പൂത്ത കടമ്പ മരങ്ങൾ , മുളയരി കൊത്തിപ്പെറുക്കുന്ന കാട്ടു കോഴികൾ.
പുള്ളി മാനുകൾ
എല്ലാം സുന്ദരം തന്നെ..
പക്ഷെ ഈ സുന്ദരദൃശ്യങ്ങളുടെ പിന്നിൽ ആ ഒറ്റയാൻ വിതയ്ക്കുന്ന ഭീകരത മുഴുവനുമുണ്ട്.
പിഴുതെടുത്ത മരക്കുറ്റികൾ
ഒടിച്ചിട്ട ചെറു മരങ്ങൾ ……..
വിട്ടുമാറാത്ത ആനച്ചൂര് !

സന്ധ്യയ്ക്ക് മാനന്തവാടിയിലെ ഒണ്ടയങ്ങാടി എത്തിയപ്പോൾ വണ്ടി നിന്നു. ഡ്രൈവർ പുറത്തിറങ്ങി എന്റെ അരികിൽ വന്ന് ഒരു വാടിയ സല്യുട്ട് തന്നു .
സേർ, കുട്ടിക്ക് തീരെ സുഖമില്ല സേർ. അക്കാണുന്നതാണ് എന്റെ വീട്’. ഒരു നൈറ്റ് പെർമിഷൻ തരണം സേർ. എന്തുവന്നാലും പരേഡിനു മുമ്പ് ഞാൻ എത്തിക്കോളാം.
ഒരു സല്യൂട്ട് കൂടി .

ഞാൻ ജീവശ്ശവം കണക്കെ ആ ദുഷ്ടനെ നോക്കി.

പേടിക്കാനൊന്നുമില്ല സേർ, വണ്ടികളൊന്നും വരാത്ത വീതിയുള്ള വഴിയാണ് സേർ, കഴിഞ്ഞാഴ്ച സേർ ഫുൾ സീറ്റിലിരുന്ന് ഓടിച്ചതല്ലേ , ഇനി ശല്യമില്ലാതെ പത്തു മുപ്പത് കിലോമീറ്റർ ഓടിക്കുമ്പഴേയ്ക്കും സ്റ്റെഡിയായ്ക്കോളും, അയാൾ പറഞ്ഞു.

ഏഡൻഷ്യൾ എന്താ ഇപ്പറയുന്നത്? ഞാൻ ചോദിച്ചു..

ഒരു പ്രശ്നോമുണ്ടാവില്ല സേർ, .ഞാൻ പറഞ്ഞതുപോലെ ഓടിച്ചാ മതി .

ഇന്റെ കുട്ടിക്ക് തീരെ വയ്യാഞ്ഞിട്ടാണ് സേർ. ഒരു സല്യൂട്ടും കൂടി തന്ന് അയാൾ പിൻവാങ്ങി..

എന്റെ ശരീരത്തിലൂടെ ഒരു വിറയൽ ഓടിനടന്നു.

അയാൾ എന്നെ ഏല്പിച്ച ഈ പുരാവസ്തു ഒരു പ്രത്യേക ഇനത്തിൽ പെട്ടതാണ്. അതോർത്തപ്പോൾ എന്റെ ഉള്ള് കാളിപ്പോയി.

അങ്ങനെ എന്റെ ഏകാന്തയാത്ര തുടങ്ങി. ഒറ്റയാന്റെ മുമ്പിൽ പെട്ടാൽ എന്തു ചെയ്യും എന്ന് ചോദിക്കാൻ വിട്ടു പോയി ! വഴിയോരത്തു കണ്ട ഓരോ പഥികനോടും എനിക്ക് അസൂയ തോന്നി.. അവരെല്ലാവരും വീടുകളിലേയ്ക്ക് മടങ്ങുകയാണ്. ഭാര്യ , മക്കൾ, കുടുംബ സൗഖ്യം ….. എനിക്ക് ഓർക്കാൻ കഴിയുന്നില്ല ! ഞാൻ അവരെ ആർത്തിയോടെ നോക്കി.

കല്പറ്റ യുടെ വയലേലകളേ , വെള്ളാരം കുന്നിന്റെ കൊടുംവളവുകളേ , എന്റെ വളർത്തമ്മേ , ഒറ്റയാൻ മേയുന്ന കമ്പ മലയുടെ ജനിതക രഹസ്യങ്ങളിലേക്ക് ഞാൻ യാത്രയാവുകയാണ്.

അവസാനത്തെ കച്ചവടക്കാരനും പീടിക പൂട്ടിപ്പോയിരുന്നു.. ചെക്ക് പോസ്റ്റിലാകട്ടെ ഒരു മനുഷ്യൻ പോലുമില്ല. ജ്വലിക്കൂന്ന കണ്ണുകളുമായി മാനുകൾ റോഡരികിൽ കാത്തു നിന്നു. അവർക്കു പിന്നിൽ വെളുത്ത സോക്സിട്ട കാട്ടുപോത്തുകളെ കണ്ടു. തെറ്റ് റോഡിൽ ഇന്നു രാത്രി എനിക്കായി ഒരുക്കിയിരിക്കുന്ന വിചാരണക്കോടതിയിൽ എത്തേണ്ടതുണ്ട്. സമയം ഒട്ടുമില്ല. നിശ്ശബ്ദ പ്രണയങ്ങളേ വിട ……. ഞാൻ ആർത്തുവിളിച്ചു .

ഒരു തേക്കിൻകൂപ്പിനെ വലം വെച്ചു കേറി കുടക് റോഡിലേക്ക് ഫോർക്ക് ചെയ്യുന്ന ഒരു കവലയുണ്ട്. അതാണ് വണ്ടിക്കാരുടെ ഉറക്കം കെടുത്തുന്ന സ്ഥലം ! സന്ധ്യയായാൽ ചെങ്കോലും കിരീടവുമായി ഒറ്റയാൻ പെർഫോം ചെയ്യുന്ന കൂട്ടുകവല. ആ ടാർ റോഡിൽ ഉണങ്ങിപ്പിടിച്ച ചോരപ്പാടുകളിലേക്കു നോക്കി നീല പെയിൻറടിച്ച ഒരു ജീപ്പിൽ ഇന്ത്യൻ പീനൽ കോഡിന്റെ ബലത്തിൽ ഇതാ ഞാനിരിക്കുന്നു. ജീപ്പിന്റെ ശക്തി കുറഞ്ഞ ഹെഡ് ലൈറ്റുകൾ നടുറോഡിൽ ഘനീഭവിച്ചു നിൽക്കുന്ന ഒരു വിപൽ ദൃശ്യത്തെ എന്റെ കണ്ണിലേയ്ക്ക് കോരിയിട്ടു . ഒരില്ലിക്കുണ്ടയെ പുരസ്കരിച്ച് ചെവിയനക്കാതെ നിൽക്കുകയാണവൻ ! ഒറ്റച്ചവിട്ടിന് വണ്ടി നിർത്തി ആ രാത്രിയുടെ ന്യായാധിപനെ വിൻഡ് സ്ക്രീനിലൂടെ ഞാൻ ഉറ്റുനോക്കി.

തുമ്പിക്കൈയ് ഒരു മെഗഫോൺ പോലെ ഉയർത്തി മണം പിടിക്കുകയാണ് അവൻ. യുദ്ധതന്ത്രങ്ങൾക്ക് വിരുദ്ധമായ എന്തെങ്കിലും ചലനം എന്റെ ഭാഗത്തുനിന്നുണ്ടാവാൻ കാത്തു നിൽക്കുകയാണ്. അവന് പിൻബലമായി ദക്ഷിണകാശിയുടെ കാലാതിവർത്തിയായ ജൈവ മേഖല മുഴുവനുമുണ്ട്.

പെട്ടെന്ന് ചെവികൾ മുറം പോലെ വിടർന്നു. തുമ്പിക്കൈയ് ചുരുട്ടിപ്പിടിച്ചു. ഇനി എന്താണ് സംഭവിക്കുക എന്ന് എനിക്കറിയാം. ഞാൻ ഗിയർ ലിവർ റിവേഴ്സിലേക്ക് തട്ടിയിട്ട് ആക്സിലേറ്ററിൽ കാൽ അമർത്തി. ഒരു പത്തിരുപതടി ജീപ്പ് പിന്നോക്കം പോയിക്കാണണം. പിന്നെ പിൻ ടയറുകൾ ടാർ റോഡ് വിട്ട് മണ്ണിലേക്ക് ഇറങ്ങുന്നത് ഞാനറിഞ്ഞു. അല്പം കൂടി പോയാൽ അവ പുല്ലിലേക്ക് കയറും. പിന്നെ റോഡിന്റെ ബൗണ്ടറിയും കേറി മറിഞ്ഞ്ചാലിൽ കുടുങ്ങും!

അതോടെ എല്ലാം അവസാനിക്കും. ജീപ്പിന്റെ ടെയ്ൽ ലാമ്പിലെ ചുവന്ന വെളിച്ചമല്ലാതെ ഒന്നും കാണാനില്ല. ഈ ലോകത്തിൽ എല്ലാ മനുഷ്യരും വാഹനമോടിക്കുന്നത് വസ്തുക്കളെ നേരിൽ കണ്ടു കൊണ്ടല്ല , അവരുടെ അനുഭവങ്ങളുടെയും മന:ശാസ്ത്രപരമായ കണക്കുകൂട്ടലുകളുടേയും ഫലമായ നിഗമനങ്ങളിലൂടെയാണ്.

ആ നിഗമനങ്ങളിലൂടെ അവൻ മുന്നേറുന്നു. എനിക്കാ സത്യം ഇപ്പോഴാണ് മനസ്സിലായത്.

ഒരു റോഡ് റോളർ ഡ്രൈവറെ പോലെ നൂറ് വട്ടം സ്റ്റിയറിംഗ് തിരിച്ചും മറിച്ചും ഒടിച്ച് ജീപ്പിനെ ടാർ റോഡിലേക്ക് തന്നെ തിരിച്ചു കയറ്റി. ആന എന്താണ് ചെയ്യുന്നതെന്നു നോക്കാൻ നേരമില്ല. ചുരുട്ടിക്കെട്ടിയ റെക്സിൻ കർട്ടനടിയിലൂടെ ഒരാകാശക്കീറും കുറേ നക്ഷത്രങ്ങളും ഒരവസരത്തിൽ കണ്ടു. കഷ്ടപ്പെട്ട് സ്വായത്തമാക്കിയ നിഗമനങ്ങളുടെ ബൗണ്ടറികളിലൂടെ നൂല് പിടിച്ച് ചക്രങ്ങൾ പിന്നോക്കം ഉരുണ്ടുകൊണ്ടിരുന്നു. ഒരു തവണ , ഒരേയൊരു തവണ ഞാൻ തല തിരിച്ച് മുമ്പിലേക്ക് നോക്കിയപ്പോൾ ചലിക്കുന്ന ഒരു കറുത്ത പ്രതലത്തിൽ തട്ടി വണ്ടിയുടെ ഹെഡ് ലൈറ്റുകൾ അവസാനിച്ചതു പോലെ തോന്നി.

ഗെയിം പ്ലാനിലെ മാറ്റം കണ്ടിട്ടായിരിക്കണം ആന പെട്ടെന്ന് വാൽ വളച്ചു പിടിച്ച് ഒരു പന്തുപോലെ ചുരുണ്ടു. ദൈവമേ!

ആ കാഴ്ച കാണാനുള്ള കരളുറപ്പില്ലാതെ ഞാൻ വീണ്ടും പിന്നിലെ ചുവന്ന വെട്ടത്തിലേയ്ക്ക് തുറിച്ചു നോക്കി. ജീപ്പ് വളഞ്ഞു പുളഞ്ഞു റോഡിലും മണ്ണിലും പുല്ലിലും കയറിയിറങ്ങി ഇടിക്കാതെ മറിയാതെ വീതിയുള്ള ഒരു റോഡിൽ ചെന്നു കേറി !

അത് കുടകിലേക്കുള്ള റോഡായിരുന്നു. ശ്വാസം നേരെ വീണു!

ഇനി വേണമെങ്കിൽ കുടകിലേക്ക് പോകാം.

അല്ലെങ്കിൽ തിരികെ മാനന്തവാടിയിലേക്ക് പോകാം. ആന സമ്മതിച്ചാൽ തിരുനെല്ലിയിലേക്കും പോകാം.

അവൻ വിരിച്ച വലയിൽ നിന്ന് ഞാൻ രക്ഷപ്പെട്ടല്ലോ!

ഹല്ലേലുയ്യ !

കുറച്ചു കൂടി വീര്യമുള്ള മറ്റെന്തെങ്കിലും കളി പരീക്ഷിക്കാൻ അവൻ ഇരുളിലേയ്ക്ക് ഊളിയിട്ടു പോയി ……

ഞാനാകട്ടെ ദക്ഷിണകാശിയുടെ കുളിരടിച്ചു തുടങ്ങിയ കമ്പ മലയുടെ സുഗന്ധം പേറുന്ന ചതുപ്പു കാടുകളിലൂടെ വണ്ടിയുടെ നുറുങ്ങ് വെട്ടത്തിൽ യാത്ര തുടർന്നു.

വയനാട് സ്വദേശി. കോഴിക്കോട് താമസം . കേരള പോലീസിൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയി റിട്ടയർ ചെയ്തു. കാണാതായ കഥകൾ , ഭൂമദ്ധ്യരേഖയിലെ വീട്, ഐരാവതിയിലെ കല്ലുകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ എല്ലാ ആനുകാലികങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . നവമാധ്യമങ്ങളിലും സജ്ജീവം.