ഗൾഫനുഭവങ്ങൾ-3 : മരുപ്പാതയിലൂടെ ഒടുങ്ങാത്ത ജീവിതയാത്ര

മണല്‍ക്കൂനകള്‍ക്കപ്പുറം ഒരു തണലിടമോ ഒരു ദാഹനീരുറവയോ കാണുമെന്ന പ്രതീക്ഷയിലാണ് അയാള്‍ യാത്ര തുടര്‍ന്നത്. പൊടിക്കാറ്റ് മറച്ച ചക്രവാളങ്ങള്‍ കാഴ്ചയുടെ പരിധി നിശ്ചയിച്ച വേളയിലാണ് യാത്ര തുടരാനുള്ള തീരുമാനം.

പൊടിക്കാറ്റ് വീശിയടിച്ച് പിക് അപ് വാനിന്റെ വിന്‍ഡ് ഷീല്‍ഡിലാകെ ചൊരിമണലുവാരിയിട്ടപ്പോള്‍ തന്റെ മൂക്കിലുംവായിലും മണല്‍ വന്നു നിറയുന്ന ഒരു ഫീല്‍ സുന്ദറിന് തോന്നി.

നാലു തെങ്ങും ഒരു വലിയ കുഴിയുമുള്ള നാട്ടിലെ തന്റെ പുരയിടത്തിലെ ചോര്‍ന്നൊലിക്കുന്ന നാലുകാലു കൂരയുടെ മേല്‍ മഴവന്ന് കാവടിയാടിയപ്പോള്‍ ഇതുപോലെ വെള്ളത്തൂള്ളികള്‍ തലയിലും തോളത്തും വന്നു പതിച്ചിരുന്നത് അയാള്‍ ഓര്‍ത്തു.

“ചോര്‍ന്നൊലിക്കുന്ന വീട് പൊളിച്ചു കളയുകയോ പുതുക്കി പണിയുകയോ ചെയ്തില്ലെങ്കില്‍ ഗള്‍ഫുകാരനാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.” ഇടയ്ക്ക് സഹപ്രവർത്തകരോടായി അയാൾ ഇങ്ങിനെ പറയുമായിരുന്നു.

വീണ്ടും വലിയൊരു കാറ്റ് വീശി. ചൊരിമണല്‍ നിറഞ്ഞ വലിയ മണ്‍കൂനകള്‍ മണല്‍മഴ പെയ്ത്ത് നടത്തി, പൈപ്പ് ലൈന്‍ ഇടുന്ന കമ്പനിയുടെ സൂപ്പര്‍വൈസറാണ് സുന്ദർ . ഇതുപോലെ കാലാവസ്ഥ മോശമായ സമയത്ത് ഒറ്റയ്ക്ക് ഒരു മരുഭൂമിയില്‍ പെട്ടു പോകുന്നത് ജീവന്‍ പോലും അപകടത്തിലാക്കുന്ന സംഭവമാണ്. ഒമാനിലെ തൻ്റെ അനുഭവങ്ങൾ ഒരിയ്ക്കൽ പങ്കു വെയ്ക്കുന്നതിനിടെയാണ് പ്രേമേട്ടൻ സുന്ദർ എന്ന സഹപ്രവർത്തകനെ കുറിച്ച് പറഞ്ഞത്.

മണൽക്കാറ്റ് ആഞ്ഞു വീശിയ ഒരു പകലും രാത്രിയിലും കമ്പനിയും സഹപ്രവർത്തകരും തീ തിന്ന സംഭവം.

മണൽക്കാട്ടിൽ അകപ്പെട്ട സുന്ദറിൻ്റെ അനുഭവം. സൈറ്റ് എഞ്ചീനിയറെ ഫോണില്‍ വിളിക്കാന്‍ നെറ്റ് വര്‍ക് റേഞ്ച് ഇല്ല. ആരേയും ബോധിപ്പിക്കാനൊന്നുമില്ല. ലക്ഷക്കണക്കിന് തുകയുടെ സാമഗ്രികൾ ഉപേക്ഷിച്ച് ജീവൻ സംരക്ഷിക്കാനുള്ള പ്രയാണം.

ഒടുവിൽ സുന്ദർ തീരുമാനിച്ചു. ഇനി പുറപ്പെടണം. പ്രധാന റോഡിലേക്ക് നാല്‍പ്പതിലധികം കിലോമീറ്റര്‍ ഉണ്ട്. ഇപ്പോള്‍ തന്നെ കണ്ണുകാണാനാകുന്നില്ല. പകലിനെ ഇരുള്‍ ബാധിച്ചിരിക്കുന്നു.

സൈറ്റിലെ പോര്‍ട്ടാകാബിനില്‍ ജനറേറ്റര്‍ നിലച്ചിരുന്നു. ഡീസലിനായി പോയ സഹപ്രവര്‍ത്തകന്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചുകാണും. ഇത്രയും പൊടിക്കാറ്റുള്ളപ്പോള്‍ മരുഭൂമിയിലെ സൈറ്റിലേക്ക് അയാള്‍ വരില്ല.

താൻ ഇനി ചെയ്യേണ്ടത് ഒട്ടും താമസിയാതെ മടങ്ങുന്നതാണ്. വൈദ്യുതി നിലച്ച ഇടത്ത് തങ്ങുന്നതിനേക്കാള്‍ കരണീയം വാഹനത്തിലെ യാത്രയാണ്. ഡബിള്‍ ക്യാമ്പിന്‍ രണ്ടര ടണ്‍ നിസ്സാന്‍ പിക് അപില്‍ ഒരു സാഹസിക യാത്രയാണ്.

സൈറ്റ് ഷട്ട് ഡൗണിലായിരുന്നു. മരുഭൂമിയിലെ സൈറ്റില്‍ രണ്ട് പേരെയുള്ളു ഡ്രൈവര്‍ ബിനുവും സൂപ്പര്‍വൈസര്‍ സുന്ദറും. മിച്ചം വന്ന സാമഗ്രികള്‍ സൂക്ഷിക്കുന്നത് ഇവരാണ്. ഏതെങ്കിലും സ്‌ക്രാപ് ടീമുകള്‍ക്ക് ഇത് കൊടുക്കുന്നതു വരെ അവര്‍ സൈറ്റിലെ പോര്‍ട്ടാ ക്യാബിനില്‍ തുടരും.

ഇരുമ്പിന്റെ ഫ്‌ളാഞ്ചുകളും പൈപ്പുകളും വാല്‍വുകളിലും പൊടിക്കാറ്റടിച്ച് മണ്ണ് നിറയാതിരിക്കാന്‍ ടാര്‍പായ ഇട്ട് മൂടിയിരിക്കുകയാണ്.

ദിവസങ്ങൾക്ക് മുമ്പുവരെ പ്രേമേട്ടൻ സൈറ്റില്‍ ഉണ്ടായിരുന്നു. ഹെഡ് അക്കൗണ്ടന്റാണ്. മരുഭൂമിക്ക് നടുവിലെ പോര്‍ട്ടാ ക്യാബിനുകളിൽ താമസിച്ചതിനെ കുറിച്ച് ഇതിന് മുമ്പും ഒരിയ്ക്കൽ വിവരിച്ചിരുന്നു. ജനറേറ്ററിലെ ഡീസല്‍ തീര്‍ന്നാല്‍ പണിപൂട്ടും. ഏസി വര്‍ക്ക് ചെയ്തില്ലെങ്കില്‍ ചൂടു കൂടി തൊണ്ട മരുഭൂമിയായി വരണ്ട് ഒടുവില്‍ അവിടെ തന്നെ ജീവിതം ഒടുങ്ങും.

നെറ്റ് വര്‍ക് റേഞ്ച് പലപ്പോഴും ലഭ്യമല്ല. ചിലയിടങ്ങളില്‍ ചെന്നു നിന്നാല്‍ മാത്രം മൊബൈലിന് കവറേജ്.

പാലക്കാട്ട്കാരനാണ് സുന്ദര്‍. ഡ്രൈവറായ ബിനു കോട്ടയം സ്വദേശിയും. രണ്ടു പേരും പ്രേമേട്ടനൊപ്പ മായിരുന്നു താമസം.

ഓണ്‍ഷോര്‍ സൈറ്റില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലി കരാര്‍ കമ്പനിക്ക് ലഭിച്ചതോടെയാണ് അവർ മണൽക്കാടിലേക്ക് പോയത്.

ആ ദിവസം പകൽ മൂന്നു മണിയോടെ സുന്ദറിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ബിനുവിന്റെ സന്ദേശം വന്നു. പ്രേമേട്ടനും സുന്ദറിന്റെ ഫോണിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു. മാനേജര്‍ പാക്കിസ്ഥാനിയായ അഫ്‌സലിനെ വിവരം അറിയിച്ചു.

ഉടനെ സൈറ്റിലേക്ക് ചെല്ലാന്‍ ബിനുവിനും സന്ദേശം ലഭിച്ചു. പക്ഷേ, മുന്നില്‍ വലിയ തോതില്‍ പൊടിക്കാറ്റാണെന്നും ദൂരക്കാഴ്ച ഇല്ലെന്നും ബിനു മാനേജര്‍ക്ക് മറുപടി അയച്ചു.

പാലക്കാട്ടെ വരണ്ട കാറ്റേറ്റു ശീലിച്ച സുന്ദറിന് മരുഭൂമിയിലെ പൊടിക്കാറ്റ് പുതുമയായിരുന്നില്ല. എന്നാല്‍, സൂര്യന്‍ മറഞ്ഞ പകല്‍ ഇരുളിലേക്ക് പതിയെ കൂപ്പുകുത്തിയതോടെ അയാള്‍ക്ക് ചെറിയ അങ്കലാപ്പ് തോന്നി. ഡീസല്‍ വാങ്ങാന്‍ പോയ ബിനുവിനെ വിളിക്കാനായി മൊബൈല്‍ കവറേജ് കിട്ടുന്ന ഇടങ്ങള്‍ തേടിയലഞ്ഞു.

വാഹനത്തിനുള്ളിലാണെങ്കിലും പൊടിക്കാറ്റ് വിന്‍ഡ്ഷീല്‍ഡിലാകെ വീഴുകയായിരുന്നു. ചൊരിമണൽ മഴപോലെ ചില്ലിലേക്ക് .

തൂതപ്പുഴയുടെ തീരത്തെ തന്റെ കൂരയുടെ മേല്‍വർഷ കാലത്ത് മഴ ആര്‍ത്തലച്ചു വന്നു വീഴുമ്പോളുണ്ടായിരുന്ന ഒരാധി അടിവയറ്റിലൊളിഞ്ഞു കിടന്നിരുന്ന കുറേ കടന്നലുകളെ ഇളക്കിവിട്ടു. അവ നാഭിച്ചുഴിയില്‍ ചുറ്റി ഇടനെഞ്ചിലേക്ക് ഇരച്ചു കയറി ഇടിതുടങ്ങി.

തൂതപ്പുഴയെ തഴുകി വരുന്ന കാറ്റിന് പോലും ഏതൊക്കെയോ ചുരങ്ങള്‍ താണ്ടിയ ചൂട് ഉണ്ടായിരുന്നു. മഴ പെയ്തു തോരുന്നത് വീടിന്റെ മുക്കിലും മൂലയിലുമൊക്കെ മലര്‍ത്തിവെച്ച കലങ്ങളെയും ബക്കറ്റുകളേയും നിറച്ചു കൊണ്ടായിരുന്നു.

വീടിന്റെ മേല്‍ക്കൂര മാത്രമല്ല, ചുമരുകളെയും വെള്ളം വേരുകള്‍ ഇറക്കി വരിഞ്ഞു മുറുക്കിയിരുന്നു. സിമന്റും മണലും ഇളകിയ പലഭാഗങ്ങളും ഇടിഞ്ഞുവീഴരുതേ എന്ന പ്രാര്‍ത്ഥനയിലാണ് അവര്‍ കിടന്നുറങ്ങിയിരുന്നത്.

ഗള്‍ഫിലെ ജീവിതം തുടങ്ങി ആറു വര്‍ഷമായിട്ടും വീടിന്റെ കേടുപാടുകള്‍ തീര്‍ക്കാനോ പുതിയ വീടെന്നെ സ്വപ്‌നം സഫലമാക്കാനോ സുന്ദറിന് കഴിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷത്തിലൊരിക്കലുള്ള നാട്ടിലേക്കുള്ള വരവിലെല്ലാം ഭാര്യയും പ്രായമായ അമ്മയും വീടിന്റെ കാര്യത്തില്‍ ഒരു തീരുമാനം പറയാന്‍ ആവശ്യപ്പെടുമ്പോള്‍ ദീര്‍ഘമായ ഒരു മൗനം മാത്രമായിരുന്നു അയാളുടെ പ്രതികരണം.

രണ്ടു മാസത്തെ അവധിക്ക് വീണ്ടും നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സുന്ദർ. ഇക്കുറിയെങ്കിലും വീട് പുതുക്കി പണിയണം. അതിനുള്ള തയ്യാറെടുപ്പുകള്‍ സുന്ദര്‍ നടത്തിയിരുന്നു. ഓഫീസിലെ ജീവനക്കാരില്‍ ചിലര്‍ ചേര്‍ന്നു നടത്തുന്ന ചിട്ടിയാണ് ഇതിനു അവസരം ഒരുക്കിയത്.

നാട്ടിലെ നാലു ലക്ഷം രൂപയോളം കിട്ടുന്ന കുറിയില്‍ സര്‍വ്വ പ്രതീക്ഷയും അര്‍പ്പിച്ചുള്ള കാത്തിരിപ്പായിരുന്നു.

ചുട്ടുപഴുത്ത മണല്‍കൂനകള്‍ കാറ്റിനൊപ്പം പറന്ന് അന്തരീക്ഷമാകെ നിറയുമ്പോള്‍ നാട്ടിലേക്കും വീട്ടിലേക്കും സുന്ദറിൻ്റെ മനസ്സ് പാഞ്ഞു, വാഹനത്തില്‍ ഫുള്‍ടാങ്ക് പെട്രോള്‍ ഉണ്ടായിരുന്നതിനാൽ ഭയമുണ്ടായിരുന്നില്ല. പൊടിക്കാറ്റ് അടങ്ങും വരെ എഞ്ചിന്‍ ഓഫാക്കാതെ എസി പ്രവര്‍ത്തിച്ച് കഴിയാനാകുമെന്ന് അയാള്‍ക്ക് പ്രതീക്ഷയും കണ്ടായിരുന്നു.

ഇരുള്‍ പരന്നത് അറിയാനാകാതെ മുന്നില്‍ മണല്‍മാരി മാത്രം. വാച്ചില്‍ ഏഴ്, എട്ട്, ഒമ്പതു … സൂചികള്‍ പലവട്ടം കറങ്ങിവന്നു.

ഇടയ്ക്ക് എപ്പോഴോ മയങ്ങിപ്പോയ സുന്ദറിന് പൊടുന്നനെ വാഹനത്തെ എന്തോ വന്നോ ഇടിച്ചതായി തോന്നി, വഴിതെറ്റി അലഞ്ഞുവന്ന ഒട്ടകങ്ങളിലൊന്നായിരുന്നു ആ ഇടി സമ്മാനിച്ചതെന്ന് അയാള്‍ മനസ്സിലാക്കി. ചില്ലുകള്‍ പൊട്ടാതിരുന്നത് ഭാഗ്യമെന്ന് അയാള്‍ സമാധാനിച്ചു.

രാവു വെളുത്തത് പോലും അയാള്‍ അറിഞ്ഞില്ല. നേരിയ വെട്ടം പുറത്തു കണ്ടപ്പോഴാണ് വാച്ചില്‍ നോക്കിയത് ഏഴു മണിയായിട്ടുണ്ട്. പെട്രോള്‍ പാതിയില്‍ താഴ്ന്നു കഴിഞ്ഞിരുന്നു. എസി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ധന ഉപയോഗം വര്‍ദ്ധിക്കും.

ഇനിയും വൈകിയാല്‍ ഒരു പക്ഷേ, അബദ്ധമാകുമെന്ന് അയാള്‍ക്ക് തോന്നി. വാഹനം ഏതു ദിശയിലേക്കാണോ എന്നറിയാതെ മുന്നോട്ട് എടുക്കാനുമാകില്ല.

മരുഭൂമികളിലെ പാതകള്‍ക്ക് വാഹനങ്ങള്‍ ഓടി ഓടി മണലിന് ഇരുത്തം വന്ന സ്വഭാവമാണുള്ളത്. പൊടിക്കാറ്റുമൂലം ദൂരകാഴ്ച ഇല്ലാത്തതും മണല്‍ക്കൂനകള്‍ പറന്ന് വന്നിറങ്ങിയതിനാലും വഴിത്താരകള്‍ മനസ്സിലാകാന്‍ വയ്യാത്ത നിലയിലുമായിരുന്നു.

മൊബൈല്‍ ഫോണിലെ ഇൻ്റർനെറ്റ് ഇല്ലാതെയും ചിലപ്പോഴെല്ലാം ജിപിഎസ് പ്രവര്‍ത്തിക്കുമെന്ന് സുന്ദറിന് അറിയാമായിരുന്നു. ആ വഴിക്കും ശ്രമം നടത്തിയെങ്കിലും ജിപിഎസ് സിഗ്നല്‍ ലോസ്റ്റ് എന്നാണ് എഴുതിക്കാണിച്ചിരുന്നത്. മൊബൈല്‍ കവറേജ് ഉള്ളപ്പോള്‍ മാത്രമേ നെറ്റ് ഡാറ്റ ഇല്ലാതെ റേഡീയോ ഫ്രീക്വൻസി വഴിയുള്ള ഈ സൗകര്യം ലഭിക്കുകയുള്ളുവെന്ന് അപ്പോഴാണ് അയാൾ തിരിച്ചറിഞ്ഞത്.

മരുഭൂമിയില്‍ വഴിതെറ്റി അലയുന്ന സുന്ദറിനെ റെസ്‌ക്യൂ ചെയ്യാന്‍ കമ്പനി അധികൃതർ രാത്രിയില്‍ തന്നെ ശ്രമം ആരംഭിച്ചിരുന്നു. പോലീസിനെ വിവരം അറിയിക്കുകയായിരുന്നു ആദ്യം ചെയ്തത്.

എന്നാല്‍ ഹെലികോപ്റ്റര്‍ പറത്താനാകാത്ത നിലയിലായിരുന്നുവെന്ന് കണ്‍ട്രോള്‍ റൂം അറിയിച്ചു. കമ്പനിയുടെ മറ്റു മേലധികാരികളും ഉന്നതങ്ങളില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് പൊടിക്കാറ്റിലും നിരീക്ഷണ ശേഷിയുള്ള ഒരു ഡ്രോണ്‍ പറന്നുയര്‍ന്നു.

പൊടിപടലം മൂടിയ ഇരുളിനെ കീറിമുറിച്ചുകൊണ്ട് തെര്‍മല്‍ ഇമേജറിയുടെ സാങ്കേതിക വിദ്യ പ്രവര്‍ത്തിച്ചായിരുന്നു തിരച്ചില്‍. എന്നാല്‍ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ മനുഷ്യന്റെ ശരീരോഷ്മാവ് തേടിയുള്ള സാങ്കേതിക വിദ്യ പരാജയപ്പെടുന്ന അനുഭവമാണ് ഉണ്ടായത്.

കല്ലടിക്കോട്ട് മലയിലെ വനദേവതയെ വിളിച്ച് സുന്ദര്‍ വണ്ടി ഓടിക്കാന്‍ ആരംഭിച്ചു. ഏതോ ദിശയില്‍ എങ്ങോട്ടോ രണ്ടും കല്‍പ്പിച്ചുള്ള യാത്ര.

കമ്പനിയുടെ സൈറ്റിനു പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണ്‍ ക്യാമറ കണ്‍തുറന്നു തന്നെ പിടിച്ചിരുന്നു.

പൊടിക്കാറ്റ് വഴിമാറിയ ഏതോ ഒരു ഇടത്ത് ഡ്രോണില്‍ നിന്നുള്ള സിഗ്നൽ സംവിധാനവും സുന്ദറിന്റെ വണ്ടിയും തമ്മില്‍ ബന്ധം സ്ഥാപിച്ചു. താമസിയാതെ ആ ഭാഗത്തുവെച്ചു സുന്ദറിന്റെ ഫോണും ശബ്ദിച്ചു.

പ്രേമേട്ടന്റെ ശബ്ദം അവിടെ മുഴങ്ങി.
“സുന്ദര്‍ .. നീ സെയ്ഫല്ലേ.. ?”

“അതേ, പക്ഷേ, ഇനി അധികം പിടിച്ചു നില്‍ക്കാനാവില്ല. വെള്ളം തീര്‍ന്നു ഡീ ഹൈഡ്രേഷന്‍ പോലെ തോന്നുന്നുണ്ട്. വണ്ടിയിലെ ഇന്ധനവും എത്ര നേരത്തേക്കെന്ന് അറിയില്ല. “

പ്രേമേട്ടന്‍ അയാളെ ആശ്വസിപ്പിച്ചു.

“നിന്നെ ലൊക്കേറ്റ് ചെയ്തു കഴിഞ്ഞു. താമസിയാതെ റെസ്‌ക്യൂ ഫോഴ്‌സ് എത്തും. പേടിക്കരുത്. “

മണലാരണ്യത്തില്‍ അകപ്പെട്ടുപോയ സൈറ്റ് സൂപ്പര്‍വൈസറെ റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തിയ വാര്‍ത്ത പിറ്റേന്നത്തെ പത്രങ്ങളില്‍ നിറഞ്ഞിരുന്നു.

ശാരീരികമായും മാനസികമായും തളർന്നു പോയ സുന്ദറിന് ആ ഷോക്കില്‍ നിന്ന് ഒരു മോചനമാകട്ടെയെന്ന് കരുതി കമ്പനി വാർഷികാവധി നേരത്തേ അനുവദിച്ചു. . രണ്ട് മാസത്തെ ശമ്പളം അഡ്വാന്‍സ് നല്‍കി. സഹപ്രവർത്തകർ നടത്തുന്ന ചിട്ടിയുടെ പണവും ചേര്‍ത്ത് അഞ്ചു ലക്ഷം രൂപയോളം ലഭിച്ചു.

ആ അവധിക്കാലത്ത് തൂതപ്പുഴ ജലസമൃദ്ധമായി പരന്നൊഴുകിയിരുന്നു. മേഘവിസ്‌ഫോടനം നടന്ന ചില മലഞ്ചെരുവകളിലൂടെ മണ്ണും കല്ലും പാഞ്ഞെത്തിയപ്പോള്‍ നദിയും കരകവിഞ്ഞു. ആ പ്രളയകാലത്ത് സുന്ദറിന്റെ വീട്ടിലുമെത്തി മണ്ണും കല്ലും ആവോളം. ഇടിഞ്ഞു വീഴാറായ ചുമരിലെ വെള്ളത്തിന്റെ വേരിനൊപ്പം അവ ചേര്‍ന്നു നിന്നു. മുകളിലെ മേല്‍ക്കൂര താഴത്തെ വെള്ളത്തെ പുല്‍കി.

നാലഞ്ചു വര്‍ഷമായി മനസ്സില്‍ കൊതിയോടെ കൊണ്ടു നടന്നിരുന്ന ഒരു സ്വപ്‌നമാണ് വെള്ളത്തിലായത്. മണല്‍ക്കാട്ടിനുള്ളില്‍ അകപ്പെട്ടതിനേക്കാള്‍ വലിയ സങ്കടമായിരുന്നു തൂതപ്പുഴയിലെ പ്രളയജലം അയാള്‍ക്ക് നല്‍കിയത്.

രണ്ട് മാസത്തെ അവധി കഴിഞ്ഞ് കൈയ്യില്‍ കരുതിയിരുന്ന പണവും തീര്‍ന്ന് അയാള്‍ വീണ്ടും സ്വപ്‌ന ഭൂമിയിലേക്ക് വിമാനമേറി. മറ്റൊരു മണല്‍ക്കാട്ടിലേക്കുള്ള അസൈമെന്റ് അയാളെക്കാത്തിരിപ്പുണ്ടായിരുന്നു. പ്രേമേട്ടന്‍ ആ ദുരവസ്ഥ വിവരിച്ചു കഴിഞ്ഞപ്പോൾ കേട്ടിരുന്ന എന്റെ മനസ്സിലാകെ വീശിയടിച്ചെത്തിയ പൊടിക്കാറ്റില്‍ മഴ പോലെ പെയ്യുന്ന ചൊരിമണലിന്റെ പേടിപ്പെടുത്തുന്ന ഒരാരവമുയര്‍ന്നു.