സെക്കന്റ് ഇയർ ബി എ എം എസിനു പഠിക്കുന്ന, അക്കാഡമിക്കിനെക്കാളും നോൺ അക്കാഡമിക് ആക്ടിവിറ്റീസിൽ നിറഞ്ഞു നിന്ന, ഇരുപത് എന്ന കനം കൂടിയ ഇരട്ട അക്കത്തിലേക്ക് പ്രായം കാലെടുത്തു വെച്ച കാലം. രണ്ട് കർണാടകക്കാരികളും രണ്ട് മുംബൈക്കാരികളും ഞാനും അടങ്ങുന്ന ഫൈവ്സ്റ്റാർസ് ടീം ടാലെന്റ്സ് ഡേയ്ക്കുള്ള ഡാൻസ് പ്രാക്ടിസിലാണ്.
ഏതൊക്കെയോ, കേട്ടാൽ കാലോ മനസ്സോ നിലത്ത്നിൽക്കാത്ത നാലഞ്ചു പാട്ടിന്റെ ഫ്യൂഷൻ കൊറിയോഗ്രഫി ഗംഭീരമായി നടന്നു കൊണ്ടിരിക്കുന്ന ഒരു ശനിയാഴ്ച വൈകുന്നേരം. എന്റെ ആദ്യത്തെ സിൽവർ കളർ മോട്ടറോള മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നു.
‘Hi…Is this Dhanya? ‘
നൃത്തച്ചുവടുകൾ സൃഷ്ടിച്ചിരുന്ന മറ്റൊരുലോകത്തിൽ അഡ്രിനാലിൻ റഷും, ഏറിയ ഹൃദയമിടിപ്പും അടങ്ങാത്ത കിതപ്പും നിലനിൽക്കുന്ന ഏതോ ഒരു നിമിഷത്തിലാണ് ഞാൻ മെസ്സേജ് എടുത്ത് അസ്വാഭാവികത ഒട്ടും ഇല്ലാത്ത ആ ചോദ്യം കാണുന്നത്. മൊബൈൽ ഫോൺ വ്യാപകമായിത്തുടങ്ങുക മാത്രം ചെയ്തിരുന്ന അന്ന് പുതിയതായി ഫോൺ എടുത്ത് നമ്പർ അയക്കുന്ന എല്ലാവരും ചോദിക്കുന്ന ആദ്യത്തെ അതേ ചോദ്യം.
‘Yes, Dhanya…Who is dis? ‘ ഞാനും തിരിച്ചു ചോദിച്ചു. പ്രാക്ടിസ് കഴിഞ്ഞു മൊബൈൽ നോക്കി. മെസ്സേജ് വന്നിട്ടുണ്ട്. തുറന്നു നോക്കി. ‘ആരാന്നൊക്കെ വഴിയേ പറയാം. For now consider me a stranger. Tell me how are u?’ ആർക്കും ഉണ്ടാകാവുന്ന ക്യൂരിയോസിറ്റി എനിക്കും. ‘ആരാന്നു പറയാതെ ഞാൻ എന്തിനാ വിശേഷം പറയുന്നത്. I’m not interested in talking to strangers.’ മെസ്സേജ് അയച്ചശേഷം ഫോൺ താഴെ വെച്ചില്ല. മറ്റുള്ളവർ വീണ്ടും പ്രാക്ടീസ് തുടങ്ങി. ‘I will come in five minutes’ എന്ന് പറഞ്ഞു ഫോണും പിടിച്ചു എന്തോ പ്രതീക്ഷിച്ചു കാത്തു നിന്നു. കോളേജിലോ നാട്ടിലോ ഉള്ള ഫ്രണ്ട്‌സ് ആരെങ്കിലും ആവാനാണ് സാധ്യത. വീണ്ടും ഫോണിന്റെ ‘ണിങ്’ ശബ്ദം. ‘Ha…ha…See u later sweetheart… ഇപ്പൊ കുറച്ച് തിരക്കുണ്ട്. Bye for now’. എന്തിനെന്നറിയാതെ കടന്നു വന്ന ഒരല്പം ദേഷ്യത്തോടെ വീണ്ടും ഞാനെന്റെ നൃത്തലോകത്തേക്ക് തിരിച്ചു പോയി. മനസ്സിലെവിടെയോ അതു വരെ അറിയാത്ത അതുവരെ കാണാത്ത നിഗൂഢതകളുടെ അനന്തമായ സാധ്യതകളുടെ ലോകത്തിലേക്കുള്ള വാതിലാണ് തുറന്നിട്ടതെന്നറിയാതെ.
ഫോണിൽ മെസ്സേജ് നോക്കൽ അത്ര അത്യാവശ്യമല്ലാതിരുന്ന ഞാൻ ഇടക്കൊന്നു ഇൻബോക്സിലേക്ക് എത്തിനോക്കും. വിചാരങ്ങൾക്കും വികാരങ്ങൾക്കും മങ്ങലേൽപ്പിക്കുന്ന പ്രസരിപ്പുള്ള ആ കാലത്തിന്റെ കുത്തൊഴുക്കിൽ, ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ആ സംഭവം മാഞ്ഞു തുടങ്ങിയെങ്കിലും ഒരു പുകച്ചുരുരുൾ പോലെ അത് എന്നിലവശേഷിച്ചു. വെറുതെ ആരിലും ഒരു ക്യൂരിയോസിറ്റി ജനിപ്പിക്കാനായി മാത്രം ബോധപൂർവം ആരും മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്നു വരില്ലല്ലോ. പ്രാക്ടിസ് മുറുകിയ ഒരു ഞായറാഴ്ച വൈകുന്നേരം. വീണ്ടും അതേ അജ്ഞാതന്റെ സന്ദേശം.
‘ Hello Dhanya…Stranger here. മറന്നോ? ‘ മറന്നിട്ടുണ്ടാവില്ല എന്ന് എനിക്കറിയുംപോലെ അയാൾക്കും അറിയാം.
‘മറന്നു. ആരാന്നു പറഞ്ഞിട്ട് ബാക്കി സംസാരിച്ചാൽ മതി.’ ഇതൊരു തീരുമാനം ആക്കീട്ട് തന്നെ കാര്യം. എന്നിക്ക് ചില ശാഠ്യങ്ങളുണ്ട്, അത് നിലനിർത്താൻ ഞാൻ പരമാവധി ശ്രമിക്കാറുമുണ്ട്.
‘എന്താ ധൃതി? ‘മറുപടി പറയുന്നതിന് മുൻപ് രണ്ടാമത്തെ മെസ്സേജ്. ‘How is Sanoop? ‘ ചില ചോദ്യങ്ങൾ പെട്ടന്ന് വിധികളും മുൻവിധികളും തിരുത്തും. ‘അപ്പൊ എനിക്കൊരു ബോയ്‌ഫ്രണ്ട് ഉണ്ടെന്നു അറിയുന്ന ആളാണ്. സന്തോഷം. പിന്നെന്താ പറഞ്ഞാൽ? ‘ എന്റെ സർകാസ്റ്റിക് ചോദ്യം. ‘നിന്റെ ബോയ്‌ഫ്രണ്ടിനു മാത്രം അല്ല ചേച്ചി ദിവ്യ, കസിൻസ് അശ്വിൻ അനു പിന്നെ സ്കൂൾ ഫ്രണ്ട്‌സ് മുതൽക്കുള്ള എല്ലാർക്കും സുഖമല്ലേ എന്ന് അന്വേഷിക്കാൻ തുടങ്ങുകയായിരുന്നു.’ ഞാൻ ഉടനടി മറുപടി കൊടുത്തു. ‘എല്ലാരേം അറിയാലോ. എന്നാപ്പിന്നെ നേരിട്ടങ്ങു ചോദിച്ചാൽ പോരെ? ‘
‘സിട്ട് ബന്താ? ‘ എന്ന തിരിച്ചുള്ള ചോദ്യം കേട്ട് ഞാൻ അന്ധാളിച്ചു പോയി എന്ന് പറയുകയാവും നല്ലത്. ഉഡുപ്പിയിൽ ചെന്നിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും കന്നഡ ബാലികേറാമലയായിത്തുടരുകയാണ്. അത്യാവശ്യം, നിമ്മ ഹെസറു ഏനു – നിന്റെ പേരെന്താ?, ഹേഗെ ഇദിയേ – എങ്ങനെയിരിക്കുന്നു, ഊട്ട ആയിത്താ- ചോറുണ്ടോ?, ബേക്കൂ – വേണം, ബേടാ – വേണ്ട, സാകു – മതി, ഏതൊരു ഭാഷ പഠിക്കുമ്പോഴും നമ്മൾ ആദ്യം അറിയാൻ ശ്രമിക്കുന്ന ആ വാചകം, നാനു നിന്നെ പ്രീതിസുത്തേനെ…. പിന്നെ കുറച്ച് അല്ലറ ചില്ലറ വാക്കുകൾ എണ്ണിപ്പെറുക്കിയാൽ കഴിഞ്ഞു, ഒരു കടൽപോലെയുള്ള ഭാഷയിലുള്ള പരിജ്ഞാനം. ‘ബന്താ’ എന്ന് വെച്ചാൽ വന്നോ. അത് മാത്രം മനസ്സിലായി. ഞാൻ ആലോചിച്ചു സംസ്‌കൃതമായ പല വാക്കുകളെയും അസംസ്കൃതമാക്കി മാറ്റിയിട്ടുണ്ട്. കന്നടയിൽ ആ പരീക്ഷണം വേണ്ട. എന്നേക്കാൾ കന്നഡ വശമുള്ള ആളാണ് അപ്പുറത്ത്. ‘എന്ത്?’ എന്ന ചോദ്യത്തിന് വൈവക്ക് ടീച്ചേർസ് തരുന്നതുപോലെ ഒരു മറുപടി ‘രണ്ട് വർഷായിട്ട് നീ കന്നഡ പഠിച്ചില്ലേ? പോയി അത് കണ്ടു പിടിക്ക് ആദ്യം. എന്നിട്ട് ഞാനാരാണെന്ന് കണ്ടുപിടിക്കാം’.
അതിന്റെ അർത്ഥം കണ്ടുപിടിച്ചു. പക്ഷേ പറഞ്ഞത് അതല്ല. ‘എനിക്കതല്ലേ പണി.’
ഇത്തവണ മറുപടി കുറച്ച് കനത്തു. ‘ഇത്ര നേരം സംസാരിച്ചിട്ട് നിന്നോട് ഞാൻ ഇൻഡീസന്റ് ആയിട്ട് എന്തെങ്കിലും പറഞ്ഞോ? പിന്നെന്തിനാ വെറുതെ ഈ ദേഷ്യം? ‘ ന്യായമായ അല്പം ദേഷ്യം കലർന്ന ആ ചോദ്യം എന്നിൽ ജാള്യതയും മെരുക്കവും സൃഷ്ടിച്ചു. അറിഞ്ഞാൽ സ്വീകാര്യമാവുന്ന പലതിനെയും ഒരു നോക്ക് കാണാതെ തള്ളിക്കളയൽ ആണല്ലോ ശീലം. ‘ഇല്ല. ‘ ഞാൻ സൗമ്യമായി ഒറ്റവാക്കിൽ മറുപടി പറഞ്ഞു. ‘പേടിക്കേണ്ട കാര്യം ഒന്നും ഇല്ല. എനിക്ക് ഒരു ദുരുദ്ദേശവും ഇല്ല. നമ്മൾ ഒരേ സ്ഥാപനത്തിൽ പഠിച്ചവരാണ്. അത്രെയേ ഇപ്പൊ പറയുന്നുള്ളൂ. ഒരു ഹലോ പറഞ്ഞു പരിചയം പുതുക്കാനാ വിചാരിച്ചത്. പക്ഷെ നിന്റെ ഈ പ്രതികരണം തരുന്ന ത്രില്ല് അത്രപെട്ടെന്ന് ഞാൻ കളയില്ല.’
പതിനഞ്ചു വർഷം പിന്നിലേക്ക് നോക്കിയാൽ ഞാൻ എന്ന വ്യക്തി എനിക്ക് തന്നെ അപരിചിതയാവും. രണ്ട് വരിയിൽ ഒരു സൗഹൃദത്തിന്റെ വെള്ളരിപ്രാവുകളെ ഉണർത്താൻ അന്ന് എങ്ങനെ അയാൾക്ക് കഴിഞ്ഞു എന്നറിയില്ല. ഉള്ളിലെ ചില്ലുകൂട്ടിലെ ത്രില്ല് ഭൂതം പുറത്ത് ചാടി. സംശയങ്ങൾ നിലനിന്നാലും ഭയമകന്നാൽ, നിഗൂഡത ഒരു ത്രിൽ ആണ്. ”വേണ്ട. പറയണ്ട. ത്രില്ല് കളയണ്ട. ഇനി ഞാൻ ചോദിക്കില്ല. സ്വയം തോന്നി പറയാൻ തോന്നുന്ന അന്ന് അറിഞ്ഞാൽ മതി.’ അറിയാത്തത് അറിയാനുള്ള ത്രില്ല്, അറിയുന്നത് അറിയാതിരിക്കാനായി.
‘പക്ഷെ, തന്നെ ഞാനെന്തു വിളിക്കും? ‘
‘CB…എന്റെ ഫ്രണ്ട്‌സ് എന്നെ അങ്ങനെയാണ് വിളിക്കുന്നത്. നീ അങ്ങനെ വിളിച്ചാൽ മതി ‘
അങ്ങനെ ഞാനും CB യും തമ്മിൽ മനസ്സ് കൊണ്ട് അറിഞ്ഞ, അതിർവരമ്പുകൾ ലംഘിക്കാതെ ഒരു സൗഹൃദം വളർന്നു. ഒറ്റ ‘hi’ യിൽ അടങ്ങിയ അയാളുടെ ഭാവഭേദങ്ങൾ പോലും വായിച്ചെടുക്കാൻ കഴിയുമായിരുന്ന അടുപ്പം. അതിന് കാരണം ആ വാക്കുകളിലെ, തെറ്റില്ല എന്ന് എനിക്കുറപ്പുള്ള, ഞാൻ മനസ്സുകൊണ്ട് തൊട്ടറിഞ്ഞ ആത്മാർത്ഥതയും സത്യസന്ധതയും ആവാം. ഒരജ്ഞാതനോടുള്ള സംസാരം ഇത്ര സ്വതന്ത്രമാവും എന്ന് ഞാൻ അറിഞ്ഞതന്നാണ്. അറിയാത്ത വഴികൾ, വളർന്ന മനുഷ്യനിൽ ഉണർത്തുന്ന കൗതുകവും ഞാൻ അറിഞ്ഞു തുടങ്ങിയത് അന്നാവാം. ലോകം മുഴുവൻ കാണാൻ ആഗ്രഹിക്കുന്നവർ കാണാത്ത വഴികളെ സ്നേഹിക്കുന്നത് സ്വാഭാവികം.
ഏറ്റവും അടുപ്പമുള്ള കൂടെ നടക്കുന്ന എന്റെ സുഹൃത്തുക്കളോട് പ്രകടിപ്പിക്കാത്ത ദേഷ്യവും വാശിയും പിണക്കവും ഒക്കെ കാണിക്കാൻ എന്നെ പ്രേരിപ്പിച്ചതും, അയാളുടെ ഇണക്കത്തേയും പിണക്കത്തേയും ചിലനേരത്തെ അടക്കാനാവാത്ത ദേഷ്യത്തെ പോലും സ്വീകരിച്ചതും അയാളൊരു സങ്കൽപം ആയത് കൊണ്ടാവാം. ആരെന്നറിഞ്ഞാൽ സങ്കൽപ്പങ്ങൾ ഉടഞ്ഞു പോകുമെന്ന എന്റെ ഭീതിയെ ദൂരീകരിക്കാൻ വേണ്ടിയാവും ആളെ അറിയണ്ട എന്ന് മനസ്സ് തീരുമാനിച്ചത്.
‘ഞാനാരാണെന്നു പറയട്ടെ. ‘ ഒരു ദിവസം അപ്രതീക്ഷിതമായി ഉള്ള ചോദ്യം എന്നെ ഞെട്ടിച്ചതെന്തു കൊണ്ടാണെന്ന് അറിയില്ല.
‘വേണ്ട, എനിക്ക് അറിയണ്ട.’ ആ ഉത്തരം അയാളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും.
‘ഒരിക്കലും….?’ അനിശ്ചിതമായ ഒരു കാര്യത്തിൽ എന്തഭിപ്രായം പറയണം എന്നറിയില്ലായിരുന്നു. ‘നമ്മൾ എന്നെങ്കിലും കണ്ടു മുട്ടും വരെ. ‘ കണ്ടു മുട്ടും എന്ന ഒരു ആഗ്രഹം മനസ്സിലെവിടെയോ ഒളിഞ്ഞു കിടന്നിരുന്നോ എന്നറിയില്ല. ‘കണ്ടുമുട്ടിയാൽ തന്നെ നീയെങ്ങനെയാ എന്നെ തിരിച്ചറിയാൻ പോകുന്നത്?. പിന്നെ അതിനിടയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീയെങ്ങനെ അറിയും?’ CBക്ക് എന്നെ അറിയാം. വളരെ വിശദമായി. ഞാനൊരു റിസർച്ച് ടോപ്പിക്ക് ആയിരുന്നു അയാൾക്ക് എന്ന് എനിക്ക് വ്യക്തമായി അറിവുള്ളതാണ്. നേരിട്ട് ഞാൻ പറഞ്ഞറിഞ്ഞ കാര്യങ്ങളല്ല. കാരണം എന്റെ മനസ്സിന്റെ ആഴങ്ങളിൽ ഒളിപ്പിച്ചതൊന്നും അയാൾക്കറിയില്ല. പക്ഷെ CB ആരാണെന്ന് ഒരു മുടിനാരിഴതൂക്കത്തിന്റെ പോലും ഊഹമില്ല എനിക്ക്. എന്നാലും അന്ന് മനസ്സിൽ തോന്നിയത് പറഞ്ഞു. ‘ഓർത്തെടുക്കാൻ ഒരു മുഖമില്ലെങ്കിലും, കേട്ടറിഞ്ഞ ഒരു ശബ്ദമില്ലെങ്കിലും ഏതാൾക്കൂട്ടത്തിലും, തന്നെ എന്റെ മനസ്സ് തിരിച്ചറിയും. പിന്നെ തനിക്കെന്തെങ്കിലും സംഭവിച്ചാൽ, അത് ഞാൻ അറിയില്ലല്ലോ. അതറിയാതിരിക്കുന്നതല്ലേ നല്ലത്?. ‘
ചില സംഭാഷണങ്ങൾ നടക്കാനിരിക്കുന്ന കാര്യങ്ങളുടെ പ്രവചനം പോലെയാണ്. ഭാവിയിലെ ചോദ്യങ്ങൾക്കുള്ള ഭൂതകാലത്തെ ഉത്തരങ്ങൾ. പെട്ടന്ന് മെസ്സേജുകൾ വരാതെയായി. എന്റെ മെസ്സേജുകൾക്കുള്ള റിപ്ലൈകളും. മനസ്സിൽ നൂറു ചോദ്യങ്ങളും പതിനായിരം ഉത്തരങ്ങളും കടന്നു പോയി. കാത്തിരിപ്പ് രണ്ടര വർഷം നീണ്ടു. അതിനിടയിൽ എന്റെ ഫൈനൽ ഇയർ പരീക്ഷയും കല്യാണവും കഴിഞ്ഞു. ഇന്റേൺഷിപ് തീരാൻ രണ്ടുമാസം ബാക്കിയുള്ളപ്പോൾ ‘Hi…മറന്നോ… ‘.
സൗഹൃദങ്ങൾ വന്നും പോയും ഇരുന്നു. അജ്ഞാതസന്ദേശങ്ങളും. പക്ഷെ മറ്റൊരജ്ഞാതസന്ദേശവും ഞാൻ കൈക്കൊണ്ടിട്ടില്ല. നിഗൂഢതയ്‌ക്ക് ഒരിക്കൽ കാണുന്നത് വരെയേ ആയുസ്സുള്ളൂ. ‘CB….?’ ഒറ്റ ‘hi’ എങ്ങനെ അയാളെ തിരിച്ചറിയിച്ചു എന്നറിയില്ല. അതേ അത്ഭുതം മറുഭാഗത്തും. ‘നീ എങ്ങനെയാ അത് ചോദിച്ചത്? After all this time.’ മനസ്സിൽ നിറഞ്ഞ നൂറു വികാരങ്ങളെ ഒറ്റ ഓർമ്മപ്പെടുത്തലിൽ ഒതുക്കി. ‘പറഞ്ഞിട്ടില്ലേ എന്റെ മനസ്സ് തന്നെ തിരിച്ചറിയും. എത്ര കാലം കഴിഞ്ഞാലും. പിന്നെ മറന്നോ എന്ന ചോദ്യത്തിന് എനിക്ക് ഒന്നേ പറയാനുള്ളൂ. തന്റെ മെസ്സേജസ് കാണാൻ വേണ്ടി മാത്രം, ഞാൻ ഈ രണ്ട് വർഷത്തിനിടെ ഫോൺ മാറ്റിട്ടില്ല CB. ‘ ഒരു നീണ്ട ഒരു നിമിഷം. ‘U got my eyes wet. Sorry…. എനിക്കൊരു ആക്‌സിഡന്റ് പറ്റി. ബെഡ് റിഡൻ ആയിരുന്നു. രണ്ടു വർഷത്തോളം . ഫോണൊക്കെ ചിതറിപ്പോയി. തിരിച്ചു വന്ന് സാധനങ്ങളുടെ ഇടയിൽ തപ്പിയപ്പോ ഭാഗ്യത്തിന് സിം ഒരു ഫ്രണ്ട് സൂക്ഷിച്ചിരുന്നു. അതുകൊണ്ടാ ഇത്രേം വൈകിയത്. നിന്നെക്കുറിച്ച് ഇടയ്ക്ക് ഓർക്കും. നീയെന്നെ മറന്നിട്ടുണ്ടാവും എന്നാ ഞാൻ വിചാരിച്ചത്. കല്യാണം ഒക്കെ കഴിഞ്ഞില്ലേ? . ‘
‘കഴിഞ്ഞു…’
അയാളുടെ ലാഗ് ആയ കോഴ്സിന്റെ പരീക്ഷത്തിരക്കുകളുടെ ഇടയിൽ എന്റെ ഇന്റേൺഷിപ് കഴിഞ്ഞു നാട്ടിലെത്തി. അയാളുടെ നമ്പർ മാറി. കർണാടക സിം ഞാൻ പിന്നെയും ഒരു മാസം സൂക്ഷിച്ചു. പക്ഷെ കാലത്തിനു അതും സമ്മതമായി തോന്നിയിരിക്കില്ല. എന്റെ ഫോൺ പോയി. ആ സിംകാർഡും. പുതിയ ഫോൺ വാങ്ങി. നമ്പറും. എനിക്ക് അയാളെ തിരയാൻ കഴിയുമായിരുന്നില്ല, അയാൾക്ക് കഴിയുമായിരുന്നു. അയാൾ അത് ചെയ്യാത്തതിന് അയാളുടേതായ കാരണങ്ങൾ ഉണ്ടാകും. അതിനുള്ള സ്വാതന്ത്ര്യം ഞാൻ അയാൾക്ക് പൂർണമായും വിട്ടുകൊടുത്തു. പത്തു പന്ത്രണ്ടു വർഷത്തിനിപ്പുറം അയാളെ തിരിച്ചറിയുമോ എന്ന് ചോദിച്ചാൽ, ഓർമ്മകൾ അവശേഷിച്ചെങ്കിലും ആ മനസ്സിനെ തിരിച്ചറിയാൻ എന്റെ മനസ്സിന് ഇന്ന് പ്രാപ്തിയുണ്ടോ എന്ന് അറിയില്ല. ആ ഒരജ്ഞാതൻ മാത്രം വിളിക്കുന്ന, ഒരു വിളിപ്പേര് തന്നെയാണ് തിരിച്ചറിയാനുള്ള പാസ്കോഡ്.
P. S – Subjects of curiosity, like everything else is subject to change.