സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് രണ്ടു ലോകങ്ങളിൽ കാല് വെച്ചു കൊണ്ടാണ് എന്നാണ് പറയപ്പെടുന്നത്. ഒന്ന് ഭൂമിയിൽ. മറ്റൊന്ന് സ്വർഗത്തിൽ. അവളുടെ വിധി നിശ്ചയിക്കുന്നത് ആയുസ്സിന്റെ ദൈർഘ്യവും. വൈദ്യമേഖലയുടെയും സാങ്കേതികവിദ്യയുടെയും വളർച്ച ഒരു പരിധി വരെ ആ കടമ്പയെ സുഗമമായിക്കിരിക്കുന്നുവെങ്കിലും, പ്രസവം ഒരു നേരിയ വിള്ളലാണ്, മറു ലോകത്തേക്കുള്ള സമയത്തിന്റെ ബ്രഹ്മരന്ധ്രം.
2011 ജൂലൈ ആറിന് സിസേറിയൻ നടത്താൻ ഡോക്ടർ നിർദേശിച്ചപ്പോൾ, അന്നേക്ക് അച്ഛൻ മരിച്ചിട്ട് നാല്പത്തൊന്നു തികയുന്ന ദിവസമായിരുന്നതിനാൽ, അത് പതിനൊന്നാം തീയതിയിലേക്ക് പറഞ്ഞ് മാറ്റിച്ചു. ആദ്യത്തേത് സങ്കീർണതകൾ കാരണം സിസേറിയൻ ആയത് കൊണ്ട് രണ്ടാമത്തേതിൽ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്നെങ്കിലും സിസേറിയൻ തന്നെ ആക്കേണ്ടി വന്നു. കണ്ടാൽ, ഇരട്ടക്കുട്ടികളാണോ എന്ന് ഡോക്ടർമാർ പോലും ചോദിച്ചിരുന്ന, അത്ര വലിയ വയറിന്റെ അസ്വസ്ഥതകളും ഏറ്റവും വലിയ നഷ്ടത്തിൽ മരവിച്ച മനസ്സുമായാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്.
ആദ്യത്തെ പ്രസവസമയത്ത് പല ആകാംക്ഷകളും ഭയങ്ങളുമുണ്ടായിരുന്നു. പക്ഷെ, ചുറ്റിലും പ്രസരിപ്പുള്ള ഒരുപാട് ആളുകളും, മറ്റു കടമകളുടെ അഭാവവും. രണ്ടാമത്തേത് പരിപൂർണമായ ഒരു നിർവികാരതയിലായിരുന്നു. ഒരേ അവസ്ഥയോട് മനുഷ്യൻ രണ്ടവസരത്തിൽ, അല്ലെങ്കിൽ ഒരേ അവസ്ഥയോട് രണ്ടു മനുഷ്യർ പ്രതികരിക്കുന്ന രീതി വ്യത്യസ്തമാവുന്നത്, ആ പ്രത്യേക നിമിഷത്തെ മാനസികാവസ്ഥ എന്ന ഒരൊറ്റ കാര്യത്തെ മുൻനിർത്തിയാണ്. ബാഹ്യലോകവുമായുള്ള ബന്ധവും പ്രതികരണശേഷിയും ഒന്നിച്ചു നഷ്ടപ്പെട്ട ഒരാളിൽ പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നും സൃഷ്ടിക്കാനുള്ള പ്രാപ്തി ചലിച്ചുകൊണ്ടിരിക്കുന്ന ലോകത്തിനുണ്ടായിക്കൊള്ളണമെന്നില്ല.
രാവിലെ എട്ടുമണിക്ക് നടക്കേണ്ടിയിരുന്ന സിസേറിയൻ ഡോക്ടറുടെ തിരക്ക് കാരണം നീണ്ടു പോയി. പതിനേഴ് മണിക്കൂർ പിന്നിട്ട ഉപവാസവും രണ്ടാളുടെ വിശപ്പും തന്ന തളർച്ച പോലും തലചുറ്റലായി പരിണമിച്ചപ്പോഴാണ് ഞാൻ അറിയുന്നത്.
സ്പൈനൽ അനസ്തേഷ്യ തരാനായി ഓപ്പറേഷൻ ടേബിളിൽ ഒതുങ്ങാത്ത വയറു കൊള്ളിക്കാൻ വേറെ വെഡ്ജ് ഫിറ്റ് ചെയ്തു തന്നു. ആ സമയത്ത് ശരീരത്തിന്റെ നഗ്നത മറയ്ക്കാൻ ഒരു പേരിനു മാത്രം ധരിച്ചിരുന്ന ഗൗണോ, ചുറ്റും നിന്നിരുന്ന, ശബ്ദം കൊണ്ടു മാത്രം സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയുന്ന നീല ഗൗണിട്ട ആളുകളോ, മൂത്രം പോകാനായി കത്തീറ്റർ ഇട്ട നൈപുണ്യമില്ലാത്ത കൈകൾ സമ്മാനിച്ച വേദനയോ, ഓപ്പറേഷൻ തീയേറ്ററിലെ മരണത്തെ അനുസ്മരിപ്പിക്കുന്ന എസിയുടെ തണുപ്പോ ഒന്നുമായിരുന്നില്ല എന്നെ അലട്ടിയത്. പുറത്ത് പുത്തനുടുപ്പൊക്കെയിട്ട് കുഞ്ഞുവാവയെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന എന്റെ മൂത്ത കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. അവൻ ഒരു ദിവസം പോലും എന്നെ പിരിഞ്ഞിരുന്നിട്ടില്ല. സിസേറിയൻ കഴിഞ്ഞാൽ ഇരുപത്തിനാലു മണിക്കൂർ എന്നത് ഐ.സി.യുവിൽ കിടക്കേണ്ട കുറഞ്ഞ സമയം ആണ്.
പരമാവധി അവിടെ നടക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കാതെ യാന്ത്രികമായി പറയുന്നതനുസരിച്ചു കൊണ്ടിരുന്നു. ആകെ കേട്ടു എന്ന് പറയാൻ ഓർക്കുന്നത് ഇടക്കെപ്പോഴോ പരിശോധനയ്ക്കിടയ്ക്ക് ആ മുറിയിൽ മുഴങ്ങിക്കേട്ട കുഞ്ഞിന്റെ വേഗമേറിയ ഹൃദയമിടിപ്പ് മാത്രം. ഏതു മരവിപ്പിനിടയിലും അതൊരു പ്രത്യാശയാണ്. വലതു ഭാഗം ചെരിഞ്ഞു തലയും കാലും പരമാവധി കൂട്ടിപ്പിടിച്ചു ഒരു ‘C’ എഴുതിയത് പോലെ കിടത്തിയാണ് സ്പൈനൽ അനസ്തേഷ്യ തരുന്നത്. അനുഭവത്തിന്റെ വെളിച്ചം കണ്ണിറുക്കിയടയ്ക്കാനും പല്ല് കടിച്ചു പിടിക്കാനും പ്രേരിപ്പിച്ചു. സൂചി നട്ടെല്ലിനുള്ളിലേക്ക് തുളഞ്ഞിറങ്ങുന്നത് തീർച്ചയായും മറക്കാവുന്ന ഒരനുഭവമല്ല. പെട്ടന്ന് വലത്തേ കാൽ പുറത്തേക്കു തെറിച്ചു. ഞാൻ ടേബിളിൽ നിന്നും വീഴാൻ തുടങ്ങിയപ്പോഴേക്കും ചുറ്റിലും ഉള്ള എല്ലാ കൈകളും ചേർന്ന് എന്നെ പിടിച്ചു നിർത്തി. എന്തുപറ്റിയെന്ന ചോദ്യവും, ‘ഷോക്കടിച്ചത് പോലെ’ എന്ന ഉത്തരവും ഒരുമിച്ചായിരുന്നു.
ആദ്യത്തെ പരാജയപ്പെട്ട ശ്രമത്തിനു ശേഷം വീണ്ടും ശരീരമാകെ തണുപ്പോടുന്ന രീതിയിൽ പല്ലിറുക്കിയ്ക്കുന്ന അതേ പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ കണ്ണിൽ വെള്ളം നിറഞ്ഞു, പുറത്തേക്കൊഴുകാതെ അതിനെ തടഞ്ഞു നിർത്തി. ഹൃദയത്തിന് ഒരു ഭാരക്കുറവ്. കാലിലേക്ക് എന്തോ അരിച്ചുകേറുന്നത് പോലെ. പിന്നെ മരവിപ്പാണ്. മലർത്തിക്കിടത്തുന്നു, താഴേക്കു വലിക്കുന്നു, അറിയുന്നുണ്ടോ എന്ന് ചോദിക്കുന്നു…. അങ്ങനെ എന്തൊക്കെയോ. പകുതി ശരീരം ടേബിളിലും പകുതി വായുവിലും നിൽക്കുന്നത് പോലെ. സംവേദനക്ഷമതയില്ലാത്ത പാതി ശരീരത്തോട് മറുപാതിക്ക് അസൂയ തോന്നും, കുറച്ചു നേരത്തേക്കെങ്കിലും. ഒരു തിരശീലയിട്ട് മൂടിയ ആ പകുതിയിൽ നടക്കുന്ന മാമാങ്കം അറിയാൻ കഴിയാത്തത് കൊണ്ടാവും. പക്ഷേ മരവിപ്പ് മാറിയാൽ വേദന തുല്യമായി പങ്കിട്ടെടുത്തേ മതിയാവൂ.
‘സക്ഷൻ’ ചെയുന്ന പരിചിതമായ ശബ്ദം മുഴങ്ങി, പെട്ടന്ന് കുഞ്ഞിന്റെ കരച്ചിലും. ‘രണ്ടാമത്തേതും ആൺകുട്ടിയാണ്. പ്രസവം നിർത്തണോ? ‘.ആ ചോദ്യത്തിന് വളരെ വലിയ പ്രസക്തിയാണ്. കാരണം ആ കിടപ്പിന്റെ നിസ്സഹായാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. പക്ഷേ, ഞാൻ ഉത്തരം പറഞ്ഞു. ഒരമ്മയ്ക്ക് പറയാൻ പറ്റുന്ന ഉത്തരം. ‘വേണ്ട, എനിക്ക് ഒരു കുഞ്ഞു കൂടെ വേണം. ‘ പിന്നെ കണ്ണുകൾ അടഞ്ഞു പോയി. കുഞ്ഞിനെ അപ്പോൾ തന്നെ കാണിക്കുന്നതാണ്. പക്ഷേ എനിക്ക് കണ്ട ഓർമ്മയില്ല. തണുപ്പും ഇരുട്ടും മാത്രം. അങ്ങനെ എത്ര നേരം കഴിഞ്ഞെന്ന് ഓർമ്മയില്ല. എപ്പോഴോ മനസ്സ് ഉണർന്നു. പക്ഷേ ശരീരം ഉണരാൻ കൂട്ടാക്കുന്നില്ല. ശരീരവും മനസ്സും രണ്ടാണെന്ന തിരിച്ചറിവ് ആ കിടപ്പിലാണ് ഉണ്ടായത്. ശരീരത്തിന്റെ അനുമതിയില്ലാതെ മനസ്സിന് സഞ്ചരിക്കാനാവും, മനസ്സ് നിർബന്ധിച്ചാലും ശരീരം ചിലപ്പോൾ അനുസരണക്കേട് കാണിക്കും.
തണുപ്പ് കൂടി വരുന്ന ഏതോ ഒരു നിമിഷത്തിൽ കണ്ണു തുറന്നു. പുതച്ചേ പറ്റൂ. തൊണ്ട വരണ്ടിരിക്കുന്നു. ശബ്ദം പൊന്തുന്നില്ല. പക്ഷേ, ഉറ്റുനോക്കിക്കൊണ്ടിരുന്നത് പോലെ ഒരു നേഴ്സ് പ്രത്യക്ഷപ്പെട്ടു. ഉള്ള ശബ്ദത്തിൽ പറഞ്ഞൊപ്പിച്ചു. ‘ തണുക്കുന്നു. എനിക്ക്. വല്ലാതെ വിറയ്ക്കുന്നുണ്ട്.’ സിസ്റ്റർ ഒരു കമ്പിളിപ്പുതപ്പ് പുതച്ചു തന്നു. തണുപ്പ് മാറുന്നില്ല. വീണ്ടും മയങ്ങി എഴുന്നേറ്റ പാതിമയക്കത്തിൽ തണുക്കുന്നു എന്ന് പറഞ്ഞ ഓർമ്മയുണ്ട്. നാല് പുതപ്പ് പുതച്ചിട്ടുണ്ടെന്നു സിസ്റ്റർ മറുപടി തന്നതും. ‘ഉണർന്നോ, കുഞ്ഞിന് പാല് കൊടുക്കേണ്ടേ ‘ എന്ന ചോദ്യം. പക്ഷേ എന്റെ ശരീരം എന്നെ അനുസരിക്കുന്നില്ല. ഇടക്ക് മനസ്സു മാത്രം ഉണരുന്നുണ്ട്. ശരീരം ഗാഢമായ നിദ്രയിലും. ‘എഴുന്നേറ്റോ.? ‘… ‘ഇല്ല, മാഡം. നല്ല പനിയുണ്ട്. 105 ഡിഗ്രി ഉണ്ട്. ‘ ഡോക്ടർ വന്നിട്ടുണ്ട്. കണ്ണുതുറന്നു നോക്കാനുള്ള ശ്രമം നിഷ്ഫലമായി. ‘ശ്രദ്ധിക്കണം, കുറച്ച് ബ്ലഡ്ലോസും ഉണ്ട്.’
ഞാനൊരു ഡോക്ടറായിരുന്നില്ലെങ്കിൽ, കേട്ടുകൊണ്ടിരിക്കുന്ന സംഭാഷണങ്ങൾക്കെന്നല്ല, എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നതിനൊക്കെ മറ്റൊരു രൂപമോ ഭാവമോ ആയിരുന്നിരിക്കാം. ‘Ignorance is bliss’ എന്ന വാചകം പരമാർത്ഥത്തിൽ സത്യമാകുന്നത് ഇങ്ങനെയുള്ള അവസരങ്ങളിലാണ്. എന്റെ അവസ്ഥകൾ പരിമിതമായെങ്കിലും, ഞാൻ അറിയുന്നുണ്ട്. അതിന്റെയൊക്കെ പരിണതഫലങ്ങൾ മറിച്ചും തിരിച്ചും എനിക്ക് കൂട്ടിക്കിഴിക്കാം. പക്ഷേ ഞാൻ അറിയുന്നതൊന്നും പുറമെ ആരും അറിയുന്നില്ല. ചില നേരങ്ങളിൽ ഒരു മരുന്ന് കയ്യിലൂടെ അസഹനീയമായ കടച്ചിലുണ്ടാക്കി കടന്നു പോകുന്നുണ്ട്. എനിക്ക് ഇതൊന്നും അറിയിക്കാനാവുന്നില്ല. എന്തിന്, ഒരു ചെറുവിരൽ പോലും അനക്കാനുള്ള ശേഷി എനിക്ക് അപ്പോഴില്ല. ഞാൻ ഉണർന്നിരിക്കുകയാണ്, പക്ഷേ ഉറങ്ങുകയും. ഇടയ്ക്കെപ്പോഴോ മനസ്സിലേക്ക് അച്ഛന്റെ മരണം കടന്നു വന്നു. രണ്ടു ദിവസം ‘കോമ’ സ്റ്റേജിൽ കിടന്നിട്ടാണ് അച്ഛൻ മരിച്ചത്. അതും ഇതുപോലെയുള്ള അനുഭവം തന്നെയായിരുന്നിരിക്കണം. ‘മേരാ നമ്പർ കബ് ആയേഗാ?’ എന്ന പരസ്യവാചകം അസ്ഥാനത്ത് മനസ്സിലേക്ക് ഓടിവന്നു, എനിക്ക് ചിരിയും. ശരീരത്തിന്റെ ചലനശേഷി നഷ്ടമായാലും മനസ്സിന്റെ നർമ്മബോധം നഷ്ടിപ്പെടില്ല.
ഏകദേശം നാല്പത്തെട്ട് മണിക്കൂറത്തെ ഐസിയു വാസം കഴിഞ്ഞു റൂമിലെത്തി ഒരു ദിവസം കഴിഞ്ഞിട്ടും, ശക്തികുറഞ്ഞെങ്കിലും മയക്കവും പനിയും വന്നും പോയും ഇരുന്നു. രക്തംവാർന്നു പോയതിന്റെ വിളർച്ചയും നീരും ശരീരത്തിൽ, നഖങ്ങളിൽ നീല നിറവും. പിന്നെ ഓരോ അനക്കത്തിലും അനുഭവിക്കുന്ന വയറിനു കുറുകെയുള്ള ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള കീറലിന്റെ ശരീരം പിളർക്കുന്ന വേദന. ആ നിമിഷത്തിൽ ശരീരത്തിന്റെ മൊത്തം ചലനവും വയറ്റിലെ പേശികളെ മാത്രം കേന്ദ്രീകരിച്ചാണെന്ന് തോന്നിപ്പോകും. ഇതുകൊണ്ടൊക്കെ തീരും എന്ന് സമാധാനിച്ചിരുന്ന എന്റെ കണക്കുകൂട്ടലുകൾ തെറ്റിയത് നാലാം നാൾ കത്തീറ്റർ ഒഴിവാക്കി ബാത്റൂമിൽ പോകാൻ അരമണിക്കൂറത്തെ പ്രയത്നത്തിന് ശേഷം എഴുന്നേറ്റിരുന്നപ്പോഴാണ്. ബാക്കി ശരീരം അനുസരണ പഠിച്ചപ്പോഴും എന്റെ വലതുകാൽ ഇടഞ്ഞിരിക്കുകയാണ്.
കാര്യം പറഞ്ഞു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കാര്യമില്ല, അവർക്ക് മനസ്സിലാവില്ല. ശരീരം മുഴുവനോ ഒരു ഭാഗമോ ഒരു അവയവമോ ഒക്കെ തളർന്നുപോയ ഒരുപാട് രോഗികളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അവരനുഭവിക്കുന്ന അനുസരണനയില്ലാത്ത ശരീരത്തെ കൊണ്ടുനടക്കുന്നവന്റെ മനോവേദന ഞാൻ അനുഭവിച്ചറിഞ്ഞു, വീണ്ടും പരിശ്രമിക്കാനുള്ള നിർബന്ധങ്ങളും. ഇടത്തേകാലിൽ ശക്തികൊടുത്ത് എണീറ്റു നിന്നു. ഇല്ല. എന്റെ വലത്തേകാലിന്റെ സാന്നിധ്യം പോലും ഞാൻ അറിയുന്നില്ല. ‘ഈശ്വരാ. ഈ കുട്ടീടെ കാല് ബലമില്ലാതെ തൂങ്ങികിടക്കുകയാണല്ലോ’. അമ്മയുടെ ഉറക്കെയുള്ള വികാരപ്രകടനം ആ റൂമിൽ നിന്നിരുന്ന എല്ലാവരെയും തളർത്തി.
റൂമിൽ അസ്തപ്രജ്ഞരായി നിൽക്കുന്ന ഒരു പറ്റം മനുഷ്യരെ കണ്ട് പുറത്തുകൂടെ പോയ സ്വീപ്പർ എത്തിനോക്കി വിവരമന്വേഷിച്ചു. റൂമിൽ നിന്നും ഇറങ്ങിപ്പോയ അവർ ഒരു വീൽചെയറുമായി തിരിച്ചു വന്നു. ബാക്കി ജീവിതം അതിൽ ആവുമോ എന്ന ചോദ്യത്തിന്റെ വിത്തിട്ടുകൊണ്ട് എന്റെ ഹൃദയത്തിൽ ഇടിത്തീ വീണത് വീൽചെയർ കണ്ടപ്പോഴാണ്. സർജറിക്ക് ശേഷം അരയ്ക്ക് കീഴ്പോട്ട് തളർന്നുപോയവരുടെയും കഴുത്തിനു കീഴ്പോട്ട് തളർന്നു പോയവരുടെയും ഒക്കെ ഓർമ്മകൾ ഓടിയെത്തി. ‘വേണ്ട, അവള് നടന്നോളും. അത് കൊണ്ടുപോയ്ക്കോളൂ. ‘ എനിക്ക് പറയാൻ വാക്കുകൾ കിട്ടാതിരുന്ന ആ വാചകത്തിനുള്ള നന്ദി അമ്മയോടാണ് പറയേണ്ടത്. ഭർത്താവ് തോളിൽ താങ്ങിയും തളർന്നകാല് തട്ടിയും വലിച്ചും ബാത്റൂമിൽ എന്നെ ഇരുത്തി പുറത്ത് നിന്നും വാതിൽപൂട്ടി. പുറംലോകത്തെ കാണിക്കാതെ തടഞ്ഞുവെച്ച കണ്ണീരത്രെയും മത്സരിച്ചു പുറത്ത് ചാടി.
ഈശ്വരൻ എന്തായാലും അങ്ങനെ ഒരു പരീക്ഷണം കൂടി എനിക്ക് തന്നില്ല. നിഷ്ക്കരുണമെന്ന് തോന്നിപ്പിക്കുന്ന പരീക്ഷണങ്ങളുടെ കാഠിന്യം അതിന് മുൻപും ശേഷവും അറിഞ്ഞിട്ടുണ്ട്. പക്ഷേ, ഈശ്വരന് വ്യക്തമായ ഉദ്ദേശങ്ങളുണ്ട്.
എന്റെ അനുഭവങ്ങളെ ഞാൻ വെറുക്കുന്നോ അകറ്റിനിർത്തുന്നോ ഇല്ല. കാരണം അത് എനിക്ക് വേണ്ടി മാത്രം തയ്യാറാക്കപ്പെട്ടവയാണ്. വന്നു നിൽക്കുന്ന ഈ ഒരു നിമിഷത്തിലേക്കാണ് എല്ലാ അനുഭവങ്ങളും എന്നെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഞാൻ വായിച്ച യഥാർത്ഥ പുസ്തകങ്ങളൊന്നും കടലാസു താളുകളിൽ എഴുതിയതല്ല. എനിക്കെഴുതാൻ അറിവു പകരുന്നത്, ചിന്തകളെയുണർത്തുന്നത്, അവബോധത്തെ വ്യാപ്തമാക്കുന്നത്, ഞാൻ കണ്ട , ആഴത്തിൽ കുത്തിക്കുറിച്ചിട്ട ആത്മാവിന്റെ പുസ്തകങ്ങളാണ്. ഓരോ പരീക്ഷണങ്ങളിലും ഉരുവിടാൻ ഒരു മന്ത്രം മനസ്സിനെ കാലം പഠിപ്പിച്ചു. ‘ഈ സമയവും കടന്നു പോകും ‘. അടുത്ത നിമിഷമെന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷ.
P. S – Life is just a game, where each instant you survive, takes you to the next level of experiences.