ഹോക്കിങ് എന്റെ ഓർമ്മകളിൽ

A black hole is a region of spacetime exhibiting such strong gravitational effects that nothing—not even particles and electromagnetic radiation such as light—can escape from inside it.                                                 –  Wikipedia 

അടുത്ത വെള്ളിയാഴ്ച എഴുതാൻ ഉദ്ദേശിച്ച കുറിപ്പ് ഈ വെള്ളിയാഴ്ചക്കു വേണ്ടി എഴുതിക്കഴിഞ്ഞ കുറിപ്പിനെ ബലപൂർവം തള്ളി മാറ്റി ഇവിടെ കയറുകയാണ്. മരണം ചിലപ്പോൾ പെട്ടെന്ന്, പതിനൊന്നാം മണിക്കൂറിൽ, അങ്ങനെ ചില മാറ്റങ്ങൾ ശഠിക്കുന്നു. മരണം ഇന്ന് (മാർച്ച് പതിന്നാലിന്)  സ്റ്റീവൻ ഹോക്കിങിൻ്റെ മരണമാണ്.

എനിക്കറിയാം, എന്നെ ഉദ്ദേശിച്ചുള്ളൊരു ഫലിതം പോലെയാണ് സ്റ്റീവൻ ഹോക്കിങ് ഒരാഴ്ച മുൻപേ മരിച്ചതെന്നു പറഞ്ഞാൽ എൻ്റെ മനസ്സിൽ മാത്രമേ അതിനൊരു അർത്ഥമുണ്ടാകൂ. അപരർക്ക് അതിൻ്റെ വാസ്തവികത അവിശ്വസനീയമാകാം. പക്ഷേ, ഭാഗ്യവശാൽ, പത്രങ്ങളും ഇന്റർനെറ്റും ചില രേഖകൾ, ചില തീയ്യതികൾ, സൂക്ഷിക്കുന്നു. 

മനുഷ്യവംശത്തിൻ്റെ അന്ത്യത്തെക്കുറിച്ചുള്ള ചില പ്രവചനങ്ങൾ, ഹോക്കിങിൻ്റെ   സത്യവാങ്‌മൂലത്തോടെ അടുത്ത വെള്ളിയാഴ്ച തയ്യാറാവേണ്ടതാണെന്ന് എൻ്റെ ഗൂഗ്ൽ ഡോക്സിൽ ഒരു ഓർമ്മപ്പെടുത്തലുണ്ട്.

തസറാക്, മാർച്ച് 23: ജൈവരൂപങ്ങളുടെ വംശനാശത്തിൻ്റെ തുടക്കം,2100 – താപ തരംഗങ്ങൾ – ഹോക്കിങിന്റെ പ്രസ്താവന ഉൾക്കൊള്ളിക്കുക.” 

പോയ നവംബറിൽ, ‘ചില രസാവഹമായ സമയരേഖകൾ’ എന്ന തലക്കെട്ടോടെ, എൻ്റെ സ്നേഹിതയും എഴുത്തുകാരിയുമായ സോണിയ റഫീക്കിന് ഞാനൊരു കുറിപ്പയച്ചിരുന്നു: 

“നവംബർ  2016.
മേതിൽ രാധാകൃഷ്ണൻ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു (ബി. ശ്രീജന് നൽകിയൊരു അഭിമുഖത്തിൽ): അഞ്ഞൂറ് വർഷങ്ങൾക്കകം മനുഷ്യവംശം നശിച്ചു പോകും. (ഇതൊരു എഴുത്തുകാരൻ്റെ വെളിപാട്‌ പുസ്‌തകം പോലെയെന്ന് പത്രം സൂചിപ്പിച്ചു. ഞാൻ പറഞ്ഞ 500 വർഷങ്ങൾ പോലും ഔദാര്യം.)

നവംബർ  2017.
സ്റ്റീവൻ ഹോക്കിങിൻ്റെ താക്കീത്: അറുനൂറിൽ ചുരുക്കം വർഷങ്ങൾക്കകം മനുഷ്യവംശം നശിച്ചു പോകും – നാം അതിനകം താമസയോഗ്യമായ മറ്റൊരു ഗ്രഹം കണ്ടെത്തുകയും അങ്ങോട്ട് കുടിയേറുകയും ചെയ്തില്ലെങ്കിൽ.

ഹോക്കിങ് എൻ്റെ ദിവസം സൃഷ്ടിച്ചിരിക്കുന്നു :)”

സോണിയയുടെ നർമ്മ പ്രതികരണം: “500 വർഷങ്ങൾക്ക് ശേഷം ദൈവങ്ങൾ അനാഥരാകുമല്ലോ!” ഇന്ന് ഞാൻ ഉണരും മുൻപ് നിമിഷങ്ങളോളമെങ്കിലും ദൈവങ്ങൾ അനാഥത്വം അറിഞ്ഞിരിക്കണം. ഓർക്കുക: സ്വയം (സാമാന്യമായി) നാസ്തികരെകിലും, ഹോക്കിങിനെപ്പോലുള്ള ശാസ്ത്രജ്ഞന്മാരാണ് ദൈവാശ്ചര്യങ്ങളുടെ ഏറ്റവുമരികിൽ, ഏറ്റവും അറിവോടെ, ബോധപൂർവ്വമല്ലാതെ, ആത്യന്തികങ്ങളിൽ അവയെ തൊട്ടുരുമ്മി നിൽക്കുന്നത്. പ്രപഞ്ചം സ്വേശ്വരമാണെങ്കിൽ അതേക്കുറിച്ചുള്ള ഏതന്വേഷണവും സ്വയം ഒരു പ്രാർത്ഥനയാണ്, ഏതു കണ്ടെത്തലും സ്വയം ഒരു ആഘോഷമാണ്. 

പോയ വർഷങ്ങളിൽ എൻ്റെ എഴുത്തും വായനയും എത്ര പ്രാവശ്യം സ്റ്റീവൻ ഹോക്കിങിൻ്റെ ജീവിതത്തെയും സിദ്ധാന്തങ്ങളെയും സമീപിച്ചിട്ടുണ്ട്? എന്റ്റെ ലാപ്ടോപ്പിൽ ചില രേഖകളുണ്ട്. ഇന്ത്യൻ എക്സ്പ്രസിൻ്റെ ഞായറാഴ്ച്ചപ്പതിപ്പിൽ ‘സീബ്രാ ക്രോസിങ്’ എന്ന പംക്തിക്കു വേണ്ടി ഞാൻ എഴുതിയ കുറിപ്പുകളുടെ പകർപ്പുകൾ. ഹോക്കിങിൻ്റെ ഓർമ്മക്ക്, നിങ്ങളുമായി ഈ കുറിപ്പുകൾ ഷെയർ ചെയ്യാൻ എന്നെ അനുവദിക്കുക. 

ആഴക്കാഴ്ചകൾ പ്രതീക്ഷിക്കരുത്. സാന്ദർഭികമായി മാത്രം പല വ്യത്യസ്ത വിഷയങ്ങളിൽ നിന്ന് ഹോക്കിങിനു നേർക്ക് നീണ്ട ചില സ്പർശരേഖകൾ മാത്രമാണ് ഈ കുറിപ്പുകൾ.

നവംബർ 14, 2005:
ഈ ശാസ്ത്രജ്ഞനെ ഓർത്താൽ നിങ്ങൾ അമേരിക്കയുടെ പ്രിയപ്പെട്ട വിനോദമായ ബേസ്ബോളിൽ ഒരു വൻ  താരമായിരുന്നു ലൂയി ഗെഹ്‌റിഗിനെ ഓർക്കും. പിൽക്കാലത്ത് ‘ലൂയി ഗെഹ്‌റിഗിൻ്റെ രോഗം’ എന്നറിയപ്പെട്ട അതേ രോഗമാണ് 1963ൽ വൈദ്യശാസ്ത്രം ഹോക്കിങിൽ (അദ്ദേഹത്തിൻ്റെ ഇരുപത്തൊന്നാം വയസ്സിൽ) തിരിച്ചറിഞ്ഞത്. (ഇതിന് ആകസ്മികമായൊരു ബേസ്ബോൾ ബന്ധമുണ്ട്. ഒരിക്കൽ, ജോൺ പ്രെസ്‌കിലുമായുള്ള പന്തയത്തിൽ, അതും തനിക്കേറ്റവും അറിവും അഭിനിവേശവുമുള്ള ബ്ളാക്ക് ഹോളുകളെച്ചൊല്ലിയുണ്ടായ പന്തയത്തിൽ, ഹോക്കിങ് തോറ്റു. പന്തയത്തിലെ നിബന്ധനയനുസരിച്ച് പ്രെസ്‌കിലിന് ഒരു ബേസ്ബോൾ വിജ്ഞാനകോശം സമ്മാനിച്ചതിലൂടെയാണ്‌ ഹോക്കിങ് തൻ്റെ തോൽവി സമ്മതിച്ചത്. തോൽവിയല്ല ഹോക്കിങിനെ നിരാശനാക്കിയത്; മറിച്ച്, തൻ്റെ സിദ്ധാന്തത്തോളം ആവേശകരമല്ല  പ്രെസ്‌കിലിൻ്റെ എതിർസിദ്ധാന്തം എന്ന വിശ്വാസമാണ്. അക്ഷരാർത്ഥത്തിൽത്തന്നെ അത് വിവരത്തിന്റെ ചാരമാണ്. ഹോക്കിങിൻ്റെ വാദം: വിവരം (information) മുഴുവൻ ഒരു കരിന്തുളയിൽ നഷ്ടപ്പെടുന്നു. പ്രെസ്‌കിൽ പറഞ്ഞു, ഇല്ല. പക്ഷേ, അതല്ല അതിൻ്റെ മുഴുവൻ ശരി. നിങ്ങളൊരു കരിന്തുളയിലേക്ക് ചാടുകയാണെങ്കിൽ, നിങ്ങളുടെ പിണ്ഡോർജ്ജം നമ്മുടെ പ്രപഞ്ചത്തിലേക്ക് തിരിച്ചുവരും. അതു, പക്ഷേ,  തിരിച്ചറിയാനാവാത്ത വിധം, നിങ്ങൾ എന്തായിരുന്നുവെന്നതിൻ്റെ  ഛിന്നഭിന്നമായൊരു രൂപത്തിലായിരിക്കും. ശരിക്കും വിവരത്തിൻ്റെ ചാരം! ആകയാൽ, താൻ പ്രെസ്‌കിലിന് നൽകേണ്ടിയിരുന്നത് ഒരു വിജ്ഞാനകോശമല്ല, അത് കത്തിച്ചുണ്ടാക്കിയ ചാരമാണെന്നു ഹോക്കിങ് പറഞ്ഞു. വിവരമറിയാത്ത നമുക്ക് അമ്പരക്കാനേ കഴിയൂ.)

മാർച്ച് 26, 2007:
എൻറിക്കോ ഫേമി ഒരിക്കൽ അമ്പരപ്പോടെ ചോദിച്ചു: “എല്ലാവരും എവിടെ?” അന്യഗ്രഹങ്ങളിൽ, അന്യപ്രപഞ്ചങ്ങളിൽ, ജീവികൾ ഉണ്ടാകാനുള്ള വലിയ സാധ്യതയും  അവയുമായി  നാം ബന്ധപ്പെട്ടതിനുള്ള തെളിവിന്റെ അഭാവവും എവിടെയാണ് നാം പൊരുത്തപ്പെടുത്തേണ്ടത്‌? ഫേമി പാരഡോക്സ് എന്നറിയപ്പെടുന്ന ഈ വൈരുദ്ധ്യത്തിന്  സ്റ്റീവൻ ഹോക്കിങ് “കാലത്തിലൂടെയുള്ള തിരിച്ചുപോക്ക്‌” എന്ന ആശയത്തിൽ ഒരു സമാന്തരമുണ്ടാക്കി. ഹോക്കിങ് ചോദിച്ചു: ഭാവിയിൽനിന്ന് ഇവിടെ എത്തേണ്ട സഞ്ചാരികളെല്ലാം എവിടെ! 

ഡിസംബർ 24, 2007:
‘സ്റ്റാർ ട്രെക്ക്: അടുത്ത തലമുറ’ (1993). ഇതിൽ, ഒരു ‘പോക്കർ’ കളിയിൽ  ഹോക്കിങായിത്തന്നെ പ്രത്യക്ഷപ്പെട്ട ഹോക്കിങ് ഭൂതത്തിലെ പല ഭൗതികശാസ്ത്ര പ്രതിഭകളെ നേരിടുന്നു. കൂട്ടത്തിൽ ഐൻസ്റ്റീൻ പറയുന്നു: “അനിശ്ചിതത്വ സിദ്ധാന്തം ഇപ്പോൾ നിങ്ങളെ സഹായിക്കില്ല, സ്‌റ്റീവൻ. പ്രപഞ്ചത്തിലെ ക്വാൻടം ആന്ദോളനങ്ങൾ മുഴുവൻ ചേർന്നാലും നിങ്ങളുടെ കയ്യിലെ ചീട്ടുകൾ മാറ്റാനാവില്ല.” പരിഹാസത്തിൻ്റെ മുന ഇവിടെ ഹോക്കിങിനു നേർക്കാണ്. (കൂറ്റൻ വേദികൾ, കൂറ്റൻ പ്രകടനങ്ങൾ, കൂലം കുത്തുന്ന വെളിച്ചങ്ങൾ, ഇവയ്ക്കിടയിലെ വിനോദത്തിന്റെ ഹരം. ജ്ഞാന പ്രോക്തമായൊരു ജീവിതത്തിൽ കോമാളിത്തത്തിൻ്റെ സുഖം. ഹോക്കിങ് ഇവയെല്ലാം ഇഷ്ടപ്പെട്ടിരുന്നു. കെൻ ലോറൻസ് എന്ന ഹിപ്ഹോപ് സംഗീതജ്ഞൻ അദ്ദേഹത്തെ വിനോദ വ്യവസായത്തിലാക്കി: “ഈ = എംസി ഹോക്കിങ്”, യൂ റ്റൂബിൽ ലഭ്യം.)

ഡിസംബർ 8, 2008:
കരിന്തുള (ബ്ളാക്ക് ഹോൾ). അതിനുള്ളിൽ പെടാൻ മാത്രം ആരും അതിന്നടുത്തെത്താൻ പോകുന്നില്ല. എങ്കിലും, അതു പോലൊരു ഹതഭാഗ്യ അവസ്ഥയിൽ എത്തുന്നൊരു ബഹിരാകാശ സഞ്ചാരിയ്ക്ക് എന്ത് പറ്റും? ഹോക്കിങ് പറഞ്ഞു: ആ ആൾ ഇറ്റാലിയന്‍ പലഹാരമായ സ്പഗെറ്റി പോലെ വലിഞ്ഞു മുറുകും — “സ്പഗെറ്റിഫിക്കേഷൻ”. (ഹോക്കിങ് തൻ്റെ കയ്യിലെ മുള്ളിലോ കരണ്ടിയിലോ ചുരുട്ടിയെടുത്ത ഇത്തിരി സ്പഗെറ്റി അനായാസമായി തിന്നത് എന്നാണ്? തൊണ്ടയിലെത്തിയ ആഹാരം വിഴുങ്ങാനുള്ള കഴിവ് പോലും മിക്കവാറും അദ്ദേഹത്തിന്  എന്നോ നഷ്ടപ്പെട്ടിരുന്നു.)

ജൂൺ 8, 2009:
ശക്തമായൊരു ജ്വരബാധയാണ് ഹോക്കിങിനെ ചക്രക്കസാലയിലാക്കിയത് (1985). പുതിയ ഇരിപ്പിടത്തിലെ അവസ്ഥയെ അദ്ദേഹം “ആത്യന്തിക ഇരുത്തം” (എക്സ്ട്രീം സിറ്റിങ്‌) എന്നാണ് പിൽക്കാലത്ത് നിസ്സംഗമായി വിശേഷിപ്പിച്ചത്. തുടർന്ന്, ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം, സംസാരിക്കാനുള്ള കഴിവ് ഹോക്കിങിന്  നഷ്ടപ്പെട്ടു. ഡേവിഡ് മേസൺ ആ ചക്രക്കസാലയിൽ ഒരു സംസാരയന്ത്രവും ചെറിയൊരു കംപ്യൂട്ടറും ഘടിപ്പിച്ചു. ഫലം: ഇംഗ്ലീഷുകാരനായ ഹോക്കിങിൻ്റെ ആംഗലം അമേരിക്കക്കാരുടെ രീതിയിലായി (2014 ൽ ബ്രിറ്റൻ്റെ റാണി, എലിസബത്ത് രണ്ടാമി, ഹോക്കിങിനോട് ചോദിച്ചു: “നിങ്ങളുടേത് ഇപ്പോളും ആ അമേരിക്കൻ ഒച്ചയാണോ?” / “അതെ,” ഹോക്കിങ് പറഞ്ഞു, “സത്യത്തിൽ ഇത് കോപ്പി റൈറ്റഡാണ്.”)

(ഞാൻ ‘സീബ്രാ ക്രോസിങ്’ എന്ന പംക്തിയെഴുതാൻ തുടങ്ങിയിട്ട് പതിനാറ് വർഷങ്ങൾ കഴിഞ്ഞു. ഇടയിലെ നാല് വർഷങ്ങളുടെ ദ്രവ്യമേ ഇവിടെ കൈമാറാൻ കഴിഞ്ഞുള്ളൂ. ഇനിയും എന്തെല്ലാം ഞാൻ എഴുതിയിരിക്കണം, എഴുതുമായിരുന്നു!)

അപ്ഡേറ്റ്:
അഭൗമികരും, അറ്റത്തെ അന്ധകാരവും 

എൻറിക്കോ ഫേമി സൂചിപ്പിച്ച വിരോധാഭാസത്തിനൊരു സമാന്തരം മാത്രമല്ല ഇതിവൃത്തത്തിൽ ഹോക്കിങിൻ്റെ സംഭാവന. അദ്ദേഹം “എല്ലാവരും എവിടെ?” എന്ന ആകാംക്ഷ പിളർന്ന്, കാൾ സേഗൻ ശൈലിയിലുള്ള “കോൺടാക്റ്റ്” കാമനകൾ (ആദരണീയം, കാവ്യാത്മകം) ബഹിഷ്കരിച്ച്, സുരക്ഷിതത്വം എന്ന ഘടകത്തിലേക്ക് സ്വപ്നാടകരുടെ ശ്രദ്ധ തിരിച്ചു. 

ഭൂമിയിൽ നിന്ന് ബഹിരാകാശത്തിന്റെ ആഴത്തിലേക്കെമ്പാടും ചിഹ്നങ്ങൾ പ്രക്ഷേപിക്കുമ്പോൾ നാം നമ്മുടെ ഇടം വളരെ ആപൽക്കരമായി അന്യ നാഗരികതകൾക്ക് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അഭൗമികർ നമ്മെ സന്ദർശിക്കയാണെകിൽ, അതിൻ്റെ ഭവിഷ്യത്ത് കൊളംബസ് അമേരിക്കയിൽ കരയേറിയതിനു തുല്യമായിരിക്കും. തദ്ദേശീയരായ അമേരിക്കക്കാർക്ക് ലഭിച്ചത് വിന മാത്രം. ഈ ഭൗമിക രാഷ്‌ടീയത്തിൽ, ഹോക്കിങ് മിക്കവാറും മറ്റു ബഹിരാകാശ നിരീക്ഷകർക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്നു.

അന്ത്യത്തിൽ എത്തുമ്പോൾ, അന്ത്യത്തെക്കുറിച്ചുള്ള  ഹോക്കിങ് വചനമാണ് എൻ്റെ ഓർമ്മകളിൽ ഏറ്റവും സാക്ഷാത്തായി തെളിഞ്ഞു നിൽക്കുന്നത്. “ഘടകങ്ങൾ പരാജയപ്പെട്ടാൽ പ്രവർത്തനം നിലക്കുന്നൊരു കംപ്യുട്ടറായിട്ടാണ് ഞാൻ മസ്തിഷ്കത്തെ പരിഗണിക്കുന്നത്. പ്രവർത്തനം നിലച്ചൊരു കംപ്യുട്ടറിന് സ്വർഗ്ഗവുമില്ല, അനന്തര ജീവിതവുമില്ല. ഇരുട്ടിനെ പേടിക്കുന്നവർക്കുള്ളൊരു യക്ഷിക്കഥയാണത്.”

മരണം ഒരു കരിന്തുളയാണ്. അതിലൂടെ കടന്നു പോകുന്ന ഒരൊറ്റ ജീവിയും അപ്പുറത്തെത്തുന്നില്ല; സ്റ്റീവൻ ഹോക്കിങ് പോലും! പക്ഷേ, ആ പഴയ പന്തയത്തിൽ ഹോക്കിങിനെ  തോൽപ്പിച്ചതിന് നാം പ്രെസ്‌കിലിന് നന്ദി പറയുക. പ്രെസ്‌കിൽ പറഞ്ഞു, ഇല്ല, എല്ലാ വിവരവും ബ്ളാക്ക് ഹോളിൽ തിരോഭവിക്കില്ല. 

ഹോക്കിങിനെക്കുറിച്ചുള്ള അപാരമായ വിവരം മുഴുവൻ ഈ പ്രപഞ്ചത്തിലെ രേഖകളിലുണ്ട്. മാനുഷികത അത് സംരക്ഷിക്കും, ഭാഗ്യമുണ്ടെങ്കിൽ അഞ്ഞൂറ് വർഷങ്ങളോളമെങ്കിലും .   

സൂര്യവംശം, ഭൂമിയെയും മരണത്തേയും കുറിച്ച്, പെൻഗ്വിൻ, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, കഥകളുടെയും കവിതകളിടേയും സമാഹാരം എന്നിങ്ങനെ നിരവധി പുസ്തകങ്ങളും ജന്തുസ്വഭാവ ശാസ്ത്ര സംബന്ധിയായ രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തസറാക് ന് വേണ്ടിയെഴുതുന്ന പംക്തി: പതിനൊന്നാം മണിക്കൂറില്‍